ഉച്ച ഭക്ഷണത്തിന് പ്രസിദ്ധമായ പുലാവ് റെസ്റ്റോറന്റിലേക്കാണ് പോയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ടി.വി ടവറിന് സമീപമുള്ള പുലാവ് റെസ്റ്റോറന്റിലേക്ക് കാലെടുത്തു വെക്കുന്നത് തന്നെ വിശാലമായ അടുക്കളയിലേക്കാണ്. അതിഥികളുടെ മുമ്പിൽ വെച്ചാണ് വിഭവങ്ങൾ ഒരുക്കുന്നത്. തുടർന്ന് ചരിത്ര പ്രസിദ്ധമായ ഇമാം കോപ്ലക്സിലേക്ക് പോയി. മൂന്നാം ഖലീഫ ഉസ്മാൻ രൂപകൽപന ചെയ്ത വിശുദ്ധ ഖുർആന്റെ ആദ്യ പതിപ്പ് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. യുനെസ്കോ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രവാസി കൂട്ടായ്മയായ ‘റൈസ് അബൂദബി’ നടത്തിയ ഉസ്ബെക്കിസ്താൻ യാത്രയിലെ അനുഭവം പങ്കുവെക്കുകയാണ് ലേഖകൻ
മുൻകാലത്ത് ചൈനക്കും യൂറോപ്പിനുമിടയിൽ ചരക്കുകളുടെയും, സംസ്കാരങ്ങളുടെയും വിനിമയം നടന്നിരുന്ന സുപ്രധാന പാതയായിരുന്നു സിൽക്ക് റോഡ്. 6,400 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന സിൽക്ക് റോഡിന്റെ പ്രസിദ്ധമായ പ്രധാന ഇടത്താവളങ്ങൾ ഉൾകൊള്ളുന്ന രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്താൻ ഗോർബച്ചോവിന്റെ ‘പെരിസ്ട്രോയിക്ക’ക്ക് ശേഷം 1991-ലാണ് സ്വതന്ത്ര രാജ്യമായത്.
ലോകത്ത് ആകെയുള്ള രണ്ട് ഡബിൾ ലാൻറ് ലോക്ക്ഡ് രാജ്യങ്ങളിൽ ഒന്നാണ് ഉസ്ബെക്കിസ്താൻ. സ്വന്തമായി കടൽ തീരം ഇല്ലാത്ത കര അതിർത്തികൾ മാത്രമുള്ള രാജ്യങ്ങളെയാണ് ‘ലാൻറ് ലോക്ക്ഡ് രാജ്യങ്ങൾ’ എന്നാണ് വിളിക്കുന്നത്. ഇത്തരം ലാൻറ് ലോക്ക്ഡ് രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട രാജ്യങ്ങളെയാണ് ‘ഡബിൾ ലാൻറ് ലോക്ക്ഡ് രാജ്യങ്ങൾ’ എന്ന് വിളിക്കുന്നത്.
ഖസാക്കിസ്താൻ, താജിക്കിസ്താൻ, കിർഗിസ്താൻ, തുർക്ക്മെനിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ അതിരിടുന്ന ഉസ്ബെക്കിസ്താനിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് സമർഖന്ദ്. സംസ്കാരങ്ങളുടെ സംഗമ ഭൂമി എന്നറിയപ്പെടുന്ന സമർഖന്ദ് നഗരം യുനെസ്കൊയുടെ പൈതൃക നഗരങ്ങളിൽ ഉൾപ്പെട്ടതാണ്. നിരവധി ചരിത്ര സ്മാരകങ്ങളും, മനോഹരമായ പൗരാണിക നിർമിതികളും, സവിശേഷമായ സാംസ്കാരിക പൈതൃകങ്ങളും കൊണ്ട് സമ്പന്നമാണിവിടം.
അബൂദാബിയിൽ നിന്നും ‘വിസ് എയറി’ൽ സമർഖന്ദിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. കൃത്യ സമയത്ത് പറന്നുയർന്ന വിമാനം നീണ്ട മൂന്നര മണിക്കൂർ പറക്കലിനൊടുവിൽ ചരിത്ര ഭൂമിയിൽ നിലം തൊട്ടു. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 51 പേരാണ് യാത്രാംഗങ്ങൾ.
യു.എ.ഇ റസിഡൻറ് വിസയുള്ള ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനാനുമതിയുള്ളതിനാൽ എല്ലാവരുടെയും എമിഗ്രേഷൻ നടപടികൾ പെട്ടന്ന് തന്നെ പൂർത്തിയായി. പാസ്പോർട്ടിന്റെ കവർ പേജ് അടർന്നു പോന്നതിനാൽ എന്റെ എമിഗ്രേഷൻ നടപടി മാത്രം മുടങ്ങി. നീണ്ട സംഭാഷണങ്ങൾക്കും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കുമൊടുവിലാണ് പ്രവേശനാനുമതി ലഭിച്ചത്. സമർഖന്ദ് വിമാനത്താവളത്തിന്റെ എക്സ്റ്റീരിയർ ഡിസൈൻ ആകർഷകമാണ്.
പുറത്ത് റോഡിൽ യാത്രക്കാരെ സ്വാഗതം ചെയ്തു കൊണ്ട് ‘സമർഖന്ദ്: വേൾഡ് കൾച്ചറൽ ടൂറിസം കാപിറ്റൽ’ എന്ന ബോർഡ് കാണാം. വൃത്തിയുള്ള തെരുവുകളും, മനോഹരമായി സംവിധാനിച്ച വഴിയോരങ്ങളും, വെടിപ്പുള്ള കെട്ടിടങ്ങളുമുള്ള സമർഖന്ദ് ഒരു യൂറോപ്യൻ നഗരത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷന് സമീപത്തെ ‘റയ്യാൻ’ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
തലേന്ന് രാത്രി നേരത്തെ ഭക്ഷണം കഴിച്ച് പുറപ്പെട്ടവരാണ് പലരും. എല്ലാവർക്കും നല്ല വിശപ്പുണ്ട്. ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും സമന്വയിപ്പിച്ച് ‘ബ്രഞ്ച്’ അറേഞ്ച് ചെയ്തിട്ടുണ്ട്. വെള്ളിയഴ്ചയായതിനാൽ ജുമുഅക്ക് പോകാനൊരുങ്ങിയെങ്കിലും, സമീപത്തെ പള്ളികളിലൊന്നും ജുമുഅ നിസ്കാരമില്ല എന്നറിഞ്ഞത് ഞങ്ങളെ നിരാശപ്പെടുത്തി.
അമീർ തിമൂറിന്റെ ഖബറിടത്തിൽ
രണ്ടു ദിവസം മാത്രമാണ് ഉസ്ബെക്കിലെ സഞ്ചാരം. അതിനനുസരിച്ചാണ് സന്ദർശനം ക്രമപ്പെടുത്തിയത്. ഉസ്ബക്കികൾക്ക് ഇംഗ്ലീഷ് തീരെ വഷമില്ലാത്തത് പലപ്പോഴും ആശയ വിനിമയത്തിന് തടസ്സം തന്നെയായിരുന്നു. കൂടെയുണ്ടായിരുന്ന ഗൈഡിന് അല്പം മാത്രമാണ് ഇംഗ്ലീഷ് വശമുള്ളത്.
പലപ്പോഴും ആംഗ്യ ഭാഷയാണ് രക്ഷക്കെത്തിയത്. ഇവിടുത്തെ കറൻസിക്ക് മൂല്യം വളരെ കുറവാണ്. 100 ഡോളർ മാറ്റിയ എനിക്ക് ലഭിച്ചത് 12,35,000.00 ഉസ്ബെക് സോം ആണ്. ഒരു ലക്ഷത്തിന്റ കറൻസിയൊക്കെ ആദ്യമായി ഇവിടെ നിന്ന് കൈ കൊണ്ട് തൊട്ടു.
ഉസ്ബെക്കിലെ ആദ്യ സന്ദർശന ലക്ഷ്യം ലോകം വിറപ്പിച്ച അമീർ തിമൂറിന്റെ അന്ത്യവിശ്ര സ്ഥലം കാണുക എന്നതായിരുന്നു. സമർഖന്ദ് ആസ്ഥാനമാക്കി ഭരണം നടത്തുകയും ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കീഴടക്കുകയും ചെയ്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ ഭരണാധികാരിയായിരുന്നു അമീർ തിമൂർ(ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം തിമൂറി സാമ്രാജ്യം എന്നറിയപ്പെട്ടു.
വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. മധ്യേഷ്യൻ വാസ്തുവിദ്യയുടെ എല്ലാ ചാരുതയോടും കൂടിയ ഒരു മനോഹര കെട്ടിടമാണ് തിമൂറിന്റെ ശവകുടീരമായ ഗുറെ അമീർ. പതിനാലാം നൂറ്റാണ്ടിലെ ചക്രവർത്തിയായ മുഹമ്മത് സുൽത്താന്റെ നിർദേശ പ്രകാരമാണ് ഗുറെ അമീർ പണിതത്.
അഫ്ഗാനിസ്ഥാനിലെ ഗാർഡൻസ് ഓഫ് ബാബറും, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരവും, താജ്മഹലുമൊക്കെ നിർമിച്ചത് ഗുറെ അമീറിന്റെ സ്വാധീനത്തിലാണെന്ന് പറയപ്പെടുന്നു. അമീർ തിമൂറിന്റെ ശവക്കല്ലറയുടെ അടുത്തായി അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളായ ഷാരൂഖിന്റേയും മിർസ ജലാലുദീന്റെയും, തിമൂറിന്റെ പേരകുട്ടിയും ജ്യോതിശാസ്ത്രജ്ഞനും ഭരണാധികാരിയുമായ ഉലൂഗ് ബേഗിന്റെയും ശവക്കല്ലറകളും കാണാം.
തിമൂറിന്റെ മുഖത്തോട് മുഖം ചേർന്ന് കിടക്കുന്നത് സുഹൃത്തും ഗുരുവുമായിരുന്ന സയ്യിദ് ബറകയാണ്. ഈ ശവക്കല്ലറക്ക് രസാവഹകവും എന്നാൽ അതിശയോക്തിയുളവാക്കുന്നതുമായ ഒരു കഥപറയാനുണ്ട്. 1941 ജൂണില്‍ സോവിയറ്റ് ഗവേഷകര്‍ അമീര്‍ തൈമൂറിന്റെ കല്ലറ തുറക്കാനും ബൗദ്ധിക അവശിഷ്ടം പുറത്തെടുക്കാനും വേണ്ടി സമര്ഖന്ദിലെത്തി.
വിവരമറിഞ്ഞ പ്രദേശവാസികള്‍ കല്ലറ തുറക്കുന്നത് അപകടമാണെന്നും അമീര്‍ തൈമൂറിന്റെ ശാപം ഉണ്ടാവുമെന്ന് താക്കീത് ചെയ്തെങ്കിലും അതൊന്നും വകവയ്ക്കാതെ ജൂണ്‍ 19ന് സോവിയറ്റ് ഗവേഷകര്‍ കല്ലറ തുറന്നു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.
‘ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ലോകം കിടുകിടാ വിറക്കും. ആരാണോ എന്റെ ശവക്കല്ലറ തുറക്കുന്നത് അവര്‍ എന്നേക്കാള്‍ വലിയ ആക്രമണകാരിയെ നേരിടേണ്ടി വരും.’ സ്വാഭാവികമായും ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് ഗവേഷകര്‍ അമീര്‍ തൈമൂറിന്റെ ബൗദ്ധികാവശിഷ്ടം പുറത്തെടുക്കുകയും പഠനത്തിനായി മോസ്കോയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍ കൃത്യം രണ്ട് ദിവസത്തിന് ശേഷം ലോകത്തെ ഞെട്ടിച്ച് ഹിറ്റ്ലറും ജര്‍മനിയും സോവിയറ്റ് യൂനിയനെ ആക്രമിച്ചു. മുന്നേറിയ ജര്‍മന്‍ സൈന്യം മോസ്കോയുടെ അടുത്തുവരെ എത്തുകയുണ്ടായി. എന്നാല്‍ കാലാവസ്ഥ മോശമായതോടെ ജര്‍മനിക്കു മുന്നേറാന്‍ കഴിയാതെ വരികയും സോവിയറ്റ് സൈന്യം തിരിച്ചടിച്ച്, നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുകയും ചെയ്തു. മൂന്ന് കോടിയോളം ആളുകളെയാണ് ഈ യുദ്ധത്തില്‍ റഷ്യക്ക് നഷ്ടപ്പെട്ടത്.
യുദ്ധം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം സ്റ്റാലിന്റെ ഉത്തരവ് പ്രകാരം അമീര്‍ തൈമൂറിന്റെ ഭൗതികാവശിഷ്ടം സമര്‍ഖന്ദിലേക്ക് തന്നെ തിരിച്ചുകൊണ്ടു പോയി. അങ്ങനെ 1942 ഡിസംബര്‍ 20ന് ഗുറെ അമീറില്‍ തന്നെ വീണ്ടും അമീര്‍ തൈമൂറിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സ്റ്റാലിന് ഗ്രാഡില്‍ നടന്ന ഘോര യുദ്ധത്തില്‍ സോവിയറ്റ് സൈന്യം വിജയിക്കുകയും റഷ്യന്‍ മണ്ണില്‍ ജര്‍മന്‍ സൈന്യത്തിന്റെ തോല്‍വി പൂര്ണമായതും മറ്റൊരു ചരിത്രം.
അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും തിമൂറിയൻ സാമ്രാജ്യം വടക്കേ ഇന്ത്യ മുതൽ തുർക്കി വരെ വിസ്തൃതമായിരുന്നു. ചെങ്കിസ് ഖാന്റെ പാരമ്പര്യം നിലനിര്‍ത്തി ആക്രമിച്ച പ്രദേശങ്ങളില്‍ തലയോട്ടികള്‍ കൊണ്ടുള്ള ടവറുകള്‍ തീര്‍ത്തിട്ടുണ്ട് അമീര്‍ തൈമൂറിന്റെ സൈന്യം.
പക്ഷേ, അപ്പോഴും അവിടങ്ങളിലുള്ള വൈദഗ്ധ്യമുള്ള ആളുകളെ കൊന്നുകളയാതെ തന്റെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അമീര്‍ തൈമൂര്‍ ശ്രദ്ധിച്ചിരുന്നു. അതുപോലെ പ്രതിരോധിക്കാന്‍ മുതിരാതെ കീഴടങ്ങുന്നവര്ക്കെതിരേ അക്രമണം അഴിച്ചുവിട്ടിരുന്നില്ല. എന്തിരുന്നാലും അമീര്‍ തൈമൂര്‍ ഇന്ന് ഉസ്ബെക്കിസ്താന്റെ നാഷനല്‍ ഹീറോയാണ്.
തിമൂറിന്റെ മരണത്തിന് ആറു നൂറ്റാണ്ടുകൾക്കുശേഷവും അദ്ദേഹം ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന ഉസ്ബെകിസ്താൻ ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് ലെനിന്റെ പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.
സമർഖന്ദിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നായ ബീബി ഖാനിം മസ്ജിദിലേക്കാണ് പിന്നീടുള്ള യാത്ര. മരത്തടികളിൽ തീർത്ത ഉയരമുള്ള വലിയ തൂണുകളും, തടി കൊണ്ട് പാകി വിവിധ വർണങ്ങൾ തേച്ച മച്ചുമുള്ള പഴയ ഒരു പള്ളിയായിരുന്നു അത്.
പുറത്ത് ഷീറ്റിട്ട മുറ്റത്തും വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനക്ക് വിശ്വാസികൾ നിറഞ്ഞിരുന്നു. കൂടുതൽ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി മുറ്റത്ത് വിരിച്ച കാർപ്പെറ്റുകൾ കുറച്ച് യുവാക്കൾ ചുരുട്ടി വെക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികളെ കണ്ട് മസ്ജിദിന്റെ ഇമാമും, നാട്ടുകാരിൽ ചിലരും കുശലം പറയാനും, സന്തോഷപൂർവ്വം ഫോട്ടോക്ക് പോസ് ചെയ്യാനും മുന്നോട്ട് വന്നു.
പിന്നീട് പോയത് ബീബി ഖാനിം മസ്ജിദിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപത്തുള്ള സിയാബ് ബസാർലേക്കാണ്. 14-15 നൂറ്റാണ്ടുകളിൽ തിമൂർ സാമ്രാജ്യത്തിന്റെയും, 1924 മുതൽ 1930 വരെ ഉസ്ബെക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് സോവിയറ്റ് യൂനിയന്റെയും തലസ്ഥാനമായിരുന്ന സമർഖന്ദിലെ ഏറ്റവും വലുതും, പുരാതനവുമായ പരമ്പരാഗത മാർക്കറ്റാണ് സിയാബ് ബസാർ.
താഷ്കന്റിലെ ചോർസു ബസാറും, സമർഖന്ദിലെ സിയാബ് ബസാറും പുരാതന കാലം മുതൽ മധ്യേഷ്യയിൽ അറിയപ്പെടുന്ന രണ്ട് മാർക്കറ്റുകളായിരുന്നു. ഫാം ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും, മാംസം, നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്, വിവിധയിനം റൊട്ടികൾ എന്നിവയെല്ലാം വാങ്ങാൻ പറ്റിയ ഇടമാണിത്.
കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപനക്ക് എത്തിക്കുന്നതിനാൽ താരതമ്യേന വില വളരെ കുറവാണ് ഇവിടെ. ഉൽപന്നങ്ങൾ രുചിച്ച് നോക്കിയും വിലപേശിയും വാങ്ങാൻ ഇവിടെ അവസരമുണ്ട്. ഭക്ഷ്യ വസ്തുക്കൾ മാത്രമല്ല, വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും, സുഗന്ധ ദ്രവ്യങ്ങളും, ഉസ്ബെക് കലാകാരൻമാർ തൽസമയം ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളും, ശിൽപങ്ങളും, പെയിന്റിംഗുകളും, വിവിധതരം സുവനീറുകളും, വീട്ടുപകരണങ്ങളും ഉൾപ്പെടെ അവശ്യ സാധനങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
തദ്ദേശീയരും, വിദേശികളുമായ സഞ്ചാരികളെല്ലാം സന്ദർശന ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ഇടമായതിനാൽ ഈ മാർക്കറ്റിൽ നിത്യവും നല്ല തിരക്കായിരിക്കും. ഓപ്പൺ സ്റ്റാളുകളിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും, പച്ചക്കറികളും വിൽപനക്ക് നിരത്തിയിരിക്കുന്നത് വർണശബളമായ കാഴ്ചയാണ്. ഡ്രൈ ഫ്രൂട്ട് സ്റ്റാളുകളിൽ വിൽപനക്ക് വെച്ചിട്ടുള്ള ഉസ്ബെക്കിസ്താനിലെ തദ്ദേശീയ ഉൽപന്നങ്ങളായ ബദാമും, വാൾനട്ടും, ഉണക്ക മുന്തിരിയും, ആപ്രിക്കോട്ടുമെല്ലാം മികച്ച ഗുണ നിലവാരമുള്ളവയാണ്.
മാർക്കറ്റിൽ കച്ചവടക്കാരായി കണ്ടവരിൽ സ്ത്രീകളുടെ വർദ്ധിച്ച പ്രാതിനിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഉസ്ബെക്കിസ്താനിൽ പൊതുവെ ആളുകൾ ജോലി ചെയ്യാതെ വെറുതെ ഇരിക്കുന്ന ഒരു ഏർപ്പാട് ഇല്ല എന്ന് തോന്നുന്നു. ജോലി ചെയ്യുന്നവരിൽ ഒരു പ്രായ പരിധി എവിടെയും ദൃശ്യമായില്ല. പ്രായം ചെന്ന വൃദ്ധരായ സ്ത്രീ പുരുഷൻമാർ പോലും പലയിടങ്ങളിലും സജീവമായി കച്ചവടത്തിലും, മറ്റ് ജോലികളിലും ഏർപ്പെട്ടിരിക്കുന്നത് കണ്ടു.
നിരവധി ഭക്ഷണ ശാലകളും സിയാബ് ബസാറിലുണ്ട്. ബീഫോ, മട്ടനോ ചേർത്ത് ഉണ്ടാക്കുന്ന പുലാവ് (പ്ലോവ്) ആണ് മുഖ്യവിഭവം. ഉസ്ബെക്കിസ്താന്റെ ദേശീയ വിഭവം എന്ന് വിശേഷിപ്പിക്കാവുന്ന സംസ ഉണ്ടാക്കി വിൽക്കുന്ന കടകളും ധാരാളമുണ്ട്. ഇന്ത്യക്കാരുടെ സമൂസയുടെ മറ്റൊരു വക ഭേദമാണ് സംസ.
സമൂസയുടെ ഉൽഭവം ഇവിടെ നിന്നാണെന്ന് പറയപ്പെടുന്നുണ്ട്. സമൂസ എണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ ഉസ്ബെക്കുകാരുടെ സംസ തന്തൂർ അടുപ്പിൽ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. അതിനാൽ ചൂടുള്ള സംസ നമ്മുടെ നാട്ടിലെ പഫ്സ് പോലെ നന്നായി 'ക്രിസ്പി' ആയിരിക്കും.
വൈകുന്നേരം ഉസ്ബക് തലസ്ഥാനമായ താഷ്കന്റിലേക്ക് പുറപ്പെടാനുള്ളതിനാൽ എല്ലാ സന്ദർശനങ്ങളും വളരെ വേഗത്തിലായിരുന്നു. അതിനാൽ പൈതൃക സിറ്റിയിൽ ഇനിയും കാണാത്ത ശേഷിപ്പുകൾ പലതും ബാക്കി വെച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൃത്യസമയത്തു തന്നെ ട്രെയിൻ നീങ്ങി തുടങ്ങിത്തുടങ്ങി.
ഞങ്ങളുടെ സംഘത്തിലെ കൂടുതൽ പേരും ഒരേ ബോഗിയിൽ തന്നെയായിരുന്നതിനാൽ കൂടെയുണ്ടായിരുന്ന ലത്തീഫിന്റെ കലാപ്രകടനങ്ങൾക്ക് തുടക്കമായി. ചെറിയ ഒരു ശതമാനം മറ്റ് രാജ്യക്കാരും ബോഗിയിൽ ഉണ്ടായിരുന്നു. കലാപ്രകടനങ്ങളിൽ അവർക്ക് മുഷിപ്പ് വരുമോ എന്ന് ശങ്കിച്ചെങ്കിലും അവരും കൂടി ഞങ്ങളുടെ കൂടെ കൂടിയതോടെ രംഗം കൂടുതെൽ താളമയമായി. രണ്ടര മണിക്കൂർ നീണ്ട യാത്ര തീർന്നത് പോലും അറിഞ്ഞില്ല.
ട്രെയിനിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യം ശരിക്കും അറിഞ്ഞത്. ബസ് കാത്തുകിടപ്പുണ്ടായിരുന്നു. മാജിക്കൽ സിറ്റിയിലേക്കായിരുന്നു നേരെ പോയത്. ജനനിബിഢമായിരുന്നു മാജിക്കൽ സിറ്റി. ടീമംഗങ്ങൾ തെരുവ് നൃത്തം ആരംഭിച്ചപ്പോൾ ഉസ്ബക്ക്കാരായ ചെറുപ്പക്കാർ കൂടെ കൂടിയപ്പോൾ രംഗം കൂടുതൽ സജീവമായി.
നാട്ടിലെ ഉത്സവ പറമ്പിനെപോലും വെല്ലുന്ന രീതിയിലുള്ള ഉസ്ബക് -മലയാളി ഐറ്റം ഡാന്‍സായിരുന്നു അവിടെ അരങ്ങേറിയത്. ഡാൻസ് അവസാനിച്ചതോടെ വീണ്ടും തണുപ്പ് പിടി മുറുക്കിയതിനാൽ പെട്ടന്ന് തന്നെ ഹോട്ടലിലേക്ക് മടങ്ങി. ഡിന്നർ കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോഴും ഭാഷ തന്നെയായിരുന്നു വില്ലൻ. മെനു പോലും ഉസ്ബെക് ഭാഷയിലായിരുന്നു. കുതിര വിഭവങ്ങളായിരുന്നു പ്രധാന ആകർഷണം.
പലരും ഒന്ന് രുചിച്ചു നോക്കുകയും ചെയ്തു. പിറ്റേന്ന് അതി രാവിലെ തന്നെ എല്ലാവരും ഒരുങ്ങി. താഷ്കന്റിലെ ഗംഭീര പ്രാതലും കഴിഞ്ഞു ശൈത്യ കാലത്തെ തണുത്തുറഞ്ഞ മഞ്ഞു മലകളെ നേരിട്ട് കാണാനും ആസ്വദിക്കാനുമായി അമീർ സോയ ലക്ഷ്യമാക്കി നീങ്ങി. പക്ഷെ കടുത്ത മഞ്ഞു വീഴ്ചയെ തുടർന്ന് അങ്ങോട്ടുള്ള യാത്ര വഴിയിൽ വെച്ച് പൊലീസ് തടഞ്ഞു. അതിനാൽ താരതമ്യേന മഞ്ഞു വീഴ്ച കുറഞ്ഞ ചിറ്റഗോങിലേക്ക് വാഹനം തിരിച്ചു വിടേണ്ടി വന്നു.
ഒരു നല്ല ടൂറിസം ഡെസ്റ്റിനേഷൻ തന്നെയായിരുന്നു ചിറ്റഗോങ്. കേബിൾ കാറിൽ പർവ്വത നിരയിലേക്കുള്ള മനോഹരമായ റൈഡ് ആയിരുന്നു പ്രധാന ആകർഷണം. മലകളെയും തടാകങ്ങളെയും താണ്ടി കൊണ്ടുള്ള മനോരഹമായ റൈഡ്. കേബിൾ കാറിൽ നിന്നും പുറത്തിറങ്ങിയതോടെ അമീർ സോയ് നഷ്ടപ്പെട്ട നിരാശ എല്ലാവര്ക്കും മാറിത്തുടങ്ങി. പ്രതീക്ഷിച്ച ഹിമ പാളികൾ ചുറ്റുപാടും.
കുറച്ചു കൂടു മുകളിലേക്ക് പോയപ്പോൾ അനന്ദമായി ഉറഞ്ഞു കിടക്കുന്ന ഹിമ പാടം. അര ദിവസം അവിടെ ചെലവഴിച്ചാണ് ഞങ്ങൾ മടങ്ങിയത്. നിരവദി ഗ്രാമ പ്രദേശങ്ങൾ താണ്ടിയായിരുന്നു ഇങ്ങോട്ടുള്ള യാത്ര. ഷീറ്റ് കൊണ്ട് മേൽക്കൂര തീർത്ത പരമ്പരാഗത രീതിയിലുള്ള ഉസ്ബെക് വീടുകളായിരുന്നു ഗ്രാമങ്ങളിൽ എവിടെയും. ശിശിര കാല മായതിനാൽ ഇല പൊഴിഞ്ഞ മരങ്ങളും എങ്ങും കാണാമായിരുന്നു.
ഉച്ച ഭക്ഷണത്തിന് പ്രസിദ്ധമായ പുലാവ് റെസ്റ്റോറന്റിലേക്കാണ് പിന്നീട് പോയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ടി.വി ടവറിന് സമീപമുള്ള പുലാവ് റെസ്റ്റോറന്റിൽ കയറുമ്പോൾ കാലെടുത്തു വെക്കുന്നത് തന്നെ വിശാലമായ അടുക്കളയിലേക്കാണ്. അതിഥികളുടെ മുമ്പിൽ വെച്ചാണ് വിഭവങ്ങൾ ഒരുക്കുന്നത്. നല്ല തിരക്കായിരുന്നു. തുടർന്ന് ചരിത്ര പ്രസിദ്ധമായ ഇമാം കോപ്ലക്സിലേക്ക് പോയി.
മൂന്നാം ഖലീഫ ഉസ്മാൻ രൂപകല്പന ചെയ്ത വിശുദ്ധ ഖുർആന്റെ ആദ്യ പതിപ്പ് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. യുനെസ്കോ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. റഷ്യയുടെ കൈവശമായിരുന്ന ഇത് ഒരു യുദ്ധത്തിൽ തിമൂർ വീണ്ടെടുത്ത് ഇവിടെ എത്തിച്ചതാണ് എന്നാണ് പറയപ്പെടുന്നത്.
ശാസ്ത്രി പാർക്കിലേക്കാണ് അടുത്ത യാത്ര. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരിൽ ഉസ്ബെക്കിൽ ഒരു പാർക്കും അദ്ധേഹത്തിന്റെ ഒരു പ്രതിമയും സ്ഥാപിച്ചത് കണ്ടപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ വലിയ അഭിമാനം തോന്നി.
ഗാന്ധിയുടെ പേരിൽ ഒരു റോഡും ഇവിടെയുണ്ട്. ലാൽ ബഹദൂർ ശാസ്ത്രിയും ഈ നാടുമായുള്ള ബന്ധവും പ്രസിദ്ധമായ താഷ്കന്റ് കരാറുമായി ബന്ധപ്പെട്ട ചരിത്രങ്ങളെല്ലാം യാത്രയിലുണ്ടായിരുന്നു രാജേന്ദ്രൻ വിശദീകരിച്ചു.
തിരികെ യാത്രക്ക് താഷ്ക്കന്റിൽ നിന്നും സമർഖന്ദിലേക്ക് കൃത്യ സമയത്ത് തന്നെ ബുള്ളറ്റ് ട്രെയിനെത്തി. തലേ ദിവസത്തെ പോലെ തന്നെ ബോഗി നാടൻ പാട്ടുകളാൽ സമൃദ്ധമായി. തണുത്ത ഉസ്ബെക്കിന്റെ ഗന്ധം ആസ്വദിച്ച് സുന്ദരമായ അന്തിയുറക്കം. മനസ് നിറഞ്ഞ യാത്രക്ക് ശേഷം ആവേശകരമായ മടക്കം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.