കാട്ടാക്കട (തിരുവനന്തപുരം): ലയണ്‍ സഫാരി പാര്‍ക്ക് എന്ന് ഗൂഗിളില്‍ പരിശോധിച്ചാല്‍ നെയ്യാര്‍ഡാം ലയൺ സഫാരി പാര്‍ക്കില്‍ ശാന്തരായി കിടക്കുന്നതും ഗര്‍ജ്ജിക്കുന്നതുമായ നിരവധി സിംഹങ്ങളുടെ ചിത്രങ്ങള്‍ കാണം. ഏതൊരു സഞ്ചാരിയെയും മാടിവിളിക്കുന്ന സുന്ദരമായ ചിത്രങ്ങളാകും ഇവ. ഈ ചിത്രങ്ങളൊക്കെ കണ്ട് നെയ്യാർ ഡാമിലെത്തിയാല്‍ സിംഹങ്ങളില്ലാത്തതും ആളും ആരവും ഒഴിഞ്ഞ് അടഞ്ഞുകിടക്കുന്ന ലയണ്‍ സഫാരി പാര്‍ക്ക് കണ്ട് മടങ്ങാം.
ലയൺ സഫാരി പാര്‍ക്കിലേക്ക് സഞ്ചാരികളെ എത്തിച്ചിരുന്ന ഇരുമ്പഴികളാല്‍ നിർമിതമായ വാഹനങ്ങളില്‍ തൊട്ട് സ്മരണകള്‍ അയവിറക്കിയും സിംഹങ്ങളുണ്ടായിരുന്ന പ്രതാകാലത്തെ കുറിച്ചുള്ള നാട്ടുകാരുടെയും വനപാലകരുടെയും വിവരണങ്ങള്‍ കേട്ടുമാണ് ഇവിടെ എത്തുന്നവരിപ്പോള്‍ മടങ്ങുന്നത്.
അവസാനമുണ്ടായിരുന്ന സിംഹം അഞ്ച് മാസം മുമ്പാണ് ചത്തത്. കോഴി ഇറച്ചിയും പാലും മാത്രം കഴിച്ചാണ് നെയ്യാറിലെ പാര്‍ക്കില്‍ അവസാനത്തെ അന്തേവാസി ഗുരുതര രോഗം ബാധിച്ച് കഴിച്ചുകൂട്ടിയത്.
1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ ദ്വീപിൽ തുടങ്ങിയ സഫാരി പാർക്കില്‍ 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപ കാലമുണ്ട്. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തുമുള്ള കാഴ്ച കാണാനായി ദ്വീപുപോലുള്ള അഞ്ച് ഹെക്ടർ വിസ്തൃതിയുള്ള പാർക്കിലെ കാട്ടിനുള്ളിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. പിന്നീട് വന്ധ്യംകരണം നടത്തി തുടങ്ങിയതോടെയാണ് പാര്‍ക്കിന് ശനിദശ തുടങ്ങിയത്.
സിംഹങ്ങൾ ഓരോന്നായി ചത്തു തുടങ്ങി. അവസാനം സിന്ധു എന്ന പെണ്‍ സിംഹം മാത്രമായി. ഇതോടെ പാര്‍ക്ക് പൂട്ടുമെന്ന അവസ്ഥയായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ ഗുജറാത്തില്‍നിന്ന് സിംഹങ്ങളെ എത്തിക്കാനുള്ള നടപടികള്‍ക്ക് ജീവന്‍വെച്ചു.
എന്നാൽ, പുതിയ സിംഹങ്ങളെ കൊണ്ടുവന്ന അന്നു മുതൽ പെൺ സിംഹം ഇരയെടുക്കാതായി. ഇതോടെ സിംഹങ്ങളെ പാർക്കിലേക്ക് മാറ്റുന്നതും അനിശ്ചിതത്വത്തിലായി. ഇതിനിടെ ആദ്യം പെണ്‍ സിംഹവും പിന്നാലെ ശേഷിച്ചതും ചത്തു. സിംഹങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് കൂടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നവീകരിക്കുന്ന ജോലികൾക്കായി പാർക്ക് അടച്ചിട്ടു.
സഞ്ചാരികളുടെ ആവശ്യം പരിഗണിച്ച്, പാർക്കിൽ അവശേഷിച്ചിരുന്ന പ്രായംചെന്ന സിന്ധു എന്ന ഒരു സിംഹവുമായി 2020ലെ ഓണക്കാലത്ത് ഏഴ് ദിവസം പാർക്ക് തുറന്നിരുന്നു. അന്ന് സഫാരി പാർക്ക് കാണാൻ ആയിരങ്ങളാണ് നെയ്യാർ ഡാമിലെത്തിയത്.
ഓരോ വര്‍ഷവും സഫാരി പാർക്ക് കാണാൻ വിദേശികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികൾ നെയ്യാർ ഡാമിലെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി സഫാരി പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി.
ഇതിനിടെ പാര്‍ക്കില്‍ ചികിത്സക്കായി പുലികളെയും കടുവകളെയും എത്തിച്ചതോടെ സിംഹ സഫാരി പാര്‍ക്കിന്‍റെ അടച്ചുപൂട്ടലിന്‍റെ വേഗത കൂട്ടി. രോഗം ബാധിച്ച പുലിയുടെ കാഷ്ഠവും മൂത്രവും ഒഴുകിക്കിടക്കുന്നത് കാരണം രോഗം വായുവിലൂടെ പകരുമെന്നും ഇത് ആപത്താണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, ഇതൊന്നും അധികൃതര്‍ കാര്യമായെടുത്തില്ല. ഗുരുതരരോഗം ബാധിച്ച പുലിയെ പാര്‍പ്പിച്ച സഫാരി പാര്‍ക്കില്‍ അപ്പോള്‍ രണ്ട് സിംഹങ്ങൾ ഉണ്ടായിരുന്നു. ലയൺ സഫാരി പാര്‍ക്കില്‍ മറ്റ് മൃഗങ്ങളെ പാര്‍പ്പിക്കാന്‍ പാടില്ലെന്ന നിർദേശം നിലനില്‍ക്കെയാണ് പുലിയെ ഇവിടെ പാര്‍പ്പിച്ചത്. ഇതുസംബന്ധിച്ചും അന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതെല്ലാം പാര്‍ക്കിന്‍റെ അകാല ചരമത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.