ടൂറിസം പോർട്ടലും ആപ്പും വരുന്നു; പൊതുജനങ്ങൾക്കും പങ്കാളിത്തം, വലിയ മുന്നേറ്റമാകുമെന്ന് മന്ത്രി

കോഴിക്കോട്: കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയെയാകെ കോർത്തിണിക്ക് വെബ് പോർട്ടലും മൊബൈൽ ആപ്പും വരുന്നു. പൊതുജനങ്ങൾക്കും പങ്കാളികളാകാവുന്ന രീതിയിലാണ് ഇവ യാഥാർഥ്യമാക്കുകയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിന്‍റെ ടൂറിസം മേഖലകളെയാകെ കോര്‍ത്തിണക്കി ഒരു ആപ്പ് രൂപീകരിക്കണമെന്ന ആലോചനയിലായിരുന്നു. അതിന്‍റെ തയ്യാറെടുപ്പുകള്‍ക്കിടയിലാണ് സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയും ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. സന്ദര്‍ശകരാണ് ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന അദ്ദേഹത്തിന്‍റെ ആശയം ആപ്പ് രൂപീകരണത്തെ കുറച്ചുകൂടി സമഗ്രമാക്കി. ടൂറിസം വകുപ്പിന്‍റെ സമഗ്രമായ ഒരു പോര്‍ട്ടലും തുടര്‍ന്ന് ആപ്പും രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ് -മന്ത്രി പറഞ്ഞു.

ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും അത്യാവശ്യമാണ്. ടൂറിസം മേഖലയെ സംബന്ധിച്ച ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തലും എത്തിക്കലും ഏറെ പ്രധാനമാണ്.

ഇവിടെയാണ് ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടല്‍ വകുപ്പിനാവശ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതില്‍ ഭൂരിഭാഗവും. ഫോട്ടോകള്‍, വീഡിയോകള്‍, എഴുത്തുകള്‍ എന്നിങ്ങനെ അവര്‍ കാഴ്ചയുടെ കണ്ടന്‍റ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടന്‍റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

കേരളത്തിന്‍റെ സംസ്കാരവും ചരിത്രവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു പോര്‍ട്ടലാണ് വിഭാവനം ചെയ്യുന്നത്. സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ പോലെ ഈ സംരഭത്തില്‍ ഉള്‍ച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ഇത് മാറും. ഒപ്പം ഈ കണ്ടന്‍റുകളെ ഉത്പാദിപ്പിച്ച വ്യക്തികളുടെ സംഭാവനകളെ കണക്കിലെടുത്ത് എണ്ണവും ഗുണവും മാനദണ്ഡമാക്കി അവരുടെ സംഭാവനകളെ ആദരിക്കുവാനും, മികച്ച കണ്ടന്‍റ് നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുവാനും ഉദ്ദേശിക്കുന്നു.

ലളിതമായ ഒരു രജിസ്ട്രേഷന്‍ പ്രക്രിയക്ക് ശേഷം ആര്‍ക്കും കണ്ടന്‍റ് അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്പ് രൂപീകരിക്കുന്നത്. അപ് ലോഡ് ചെയ്ത കണ്ടന്‍റ്, എഡിറ്റര്‍മാര്‍ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാല്‍ പോര്‍ട്ടലിലേക്ക് പ്രത്യേക കാറ്റഗറി തിരിച്ച് എല്ലാവര്‍ക്കും ലഭ്യമാകും. സമ്മാനങ്ങള്‍, മത്സരങ്ങള്‍, യാത്രകള്‍ എന്നിവയൊക്കെ ഇതിനു തുടര്‍ച്ചയായിട്ടുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

Tags:    
News Summary - tourism app and portal announced by pa muhammed riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.