ശ്രീകണ്ഠപുരം: സ്വപ്നക്കാഴ്ചകളുടെ സുന്ദര നിമിഷങ്ങൾ സ്വന്തമാക്കാൻ സഞ്ചാരികളെത്തുമ്പോഴും ടൂറിസം വികസനം കൊതിച്ച് മതിലേരിത്തട്ട് മാമല. പയ്യാവൂർ പഞ്ചായത്തിലെ മലയോര പ്രദേശമായ മതിലേരിത്തട്ടാണ് സഞ്ചാരികളുടെ പറുദീസയാവാനൊരുങ്ങുന്നത്.
കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ നിന്ന് കുറച്ച് ദൂരം മുകളിലോട്ട് കയറിയാൽ മതിലേരിത്തട്ടിലെത്താം. എല്ലാ സമയവും കൊടും തണുപ്പും കോടമഞ്ഞും കാടും മലനിരയും ആസ്വദിക്കേണ്ടവർക്ക് മതിലേരിത്തട്ടിലെത്താം.പിന്നെ ദൃശ്യ ചാരുതയിൽ സഞ്ചാരികളെ വിസ്മയിപ്പിക്കും.
സമുദ്രനിരപ്പിൽ നിന്ന് 4200 അടി ഉയരത്തിലാണ് ഈ പ്രദേശം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പരന്ന സ്ഥലമായതുകൊണ്ട് മറ്റ് അപകട സാധ്യതകളും ഇവിടെയില്ല. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഇതുവരെ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വർഷത്തിൽ എല്ലാ ദിവസവും സുഖകരമായ തണുപ്പുണ്ടിവിടെ.
ചൂട് ഒരിക്കലും 25 ഡിഗ്രി സെന്റിഗ്രേഡിനു മുകളിൽ പോകാറില്ല. പ്രളയ സമയത്തെ അതി തീവ്ര മഴയിൽ പോലും ഒരപകടവും ഇവിടെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മതിലേരിത്തട്ടിനെ രൂപപ്പെടുത്താനാകും. മതിലേരിത്തട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആടാം പാറയും, തെക്കു വശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്.
വടക്കും, കിഴക്കും ഭാഗങ്ങളിൽ കർണാടകയിൽ പെടുന്ന ബ്രഹ്മഗിരി റിസേർവ് വനങ്ങളാണ്. പല തവണ അധികൃതർ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും സഞ്ചാരികൾ വർധിച്ചതല്ലാതെ ടൂറിസം വികസന പദ്ധതികളൊന്നും ഇവിടേക്ക് എത്തിയില്ലെന്നത് വലിയ നിരാശയുണ്ടാക്കുന്നു.
ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും സൗകര്യവും ഇവിടെയുണ്ട്. മതിലേരിത്തട്ടിലേക്ക് ആടാം പാറയിൽ നിന്ന് മൂന്നു കിലോമീറ്ററും, കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ നിന്ന് നാല് കിലോമീറ്ററും ദൂരമേയുള്ളൂ.
ഈ സ്ഥലങ്ങളിൽ നിന്ന് മതിലേരിത്തട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ റോഡുകൾ നവീകരിച്ച് ടാറിങ് നടത്തിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ജില്ല പഞ്ചായത്തിന്റെയും, ഡി.ടി.പി.സിയുടെയും ശ്രദ്ധ ഇവിടെ കൂടുതൽ പതിഞ്ഞാൽ, മലബാറിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായി മതിലേരിത്തട്ടിനെ വികസിപ്പിക്കാം.
മതിലേരിത്തട്ടിൽ നിലവിൽ ജനവാസമില്ലാത്തതുകൊണ്ട് വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുണ്ടാകളും ഉണ്ടാവില്ല. വഞ്ചിയം, ആടാംപാറ, ഏലപ്പാറ പ്രദേശങ്ങൾ ഹോംസ്റ്റേ സംരംഭങ്ങൾക്കും യോജിച്ചതാണ്. കഴിഞ്ഞ വർഷം സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹോംസ്റ്റേ സംരംഭകർക്കായി പരിശീലന പരിപാടി നടത്തിയിരുന്നു. മതിലേരിത്തട്ട് നിരന്ന പ്രദേശമായതുകൊണ്ട് ക്യാമ്പിങ്ങിനും മറ്റും വളരെ അനുയോജ്യമാണ്.
മതിലേരിത്തട്ടിന് സമീപത്തുതന്നെയുള്ള കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ, കന്മദപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ വർഷങ്ങളായി വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലങ്ങളാണ്. വഞ്ചിയം-മതിലേരിത്തട്ട്-കാഞ്ഞിരക്കൊല്ലി മേഖലകൾ കൂട്ടിച്ചേർത്ത് ടൂറിസ്റ്റ് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പരന്ന പ്രദേശമായതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ക്യാമ്പിങ്ങിനും യോജിച്ച സ്ഥലമാണ്.
കഴിഞ്ഞ വർഷം മതിലേരിത്തട്ട് വികസന സമിതിയും കേരള ഫ്ലാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷനും ചേർന്ന് മതിലേരിത്തട്ടിലേക്ക് സാഹസിക ജീപ്പ് റാലി നടത്തിയിരുന്നു. 15 ഫോർവീൽ ഡ്രൈവ് ജീപ്പുകൾ റാലിയിൽ പങ്കെടുത്തു.
മതിലേരിത്തട്ടിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജീപ്പ് റാലി നടത്തിയത്. മതിലേരിത്തട്ട് അടക്കമുള്ള മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ സജീവ് ജോസഫ് എം.എൽ.എ. നൽകിയ സബ്മിഷന് മറുപടിയായി പറഞ്ഞിട്ടുണ്ട്.
ഇത് സഞ്ചാരികളുടെയും സമീപ പ്രദേശവാസികളുടെയും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. പൈതൽ മല, കാഞ്ഞിരക്കൊല്ലി, പാലക്കയം തട്ട് എന്നിവയോടൊപ്പം മതിലേരിത്തട്ടു കൂടി വികസിക്കുന്നതോടെ ഇരിക്കൂർ മണ്ഡലത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കൂടുതൽ നിറം കൈവരും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം കൂടുതൽ സഞ്ചാരികളെ ഇവിടങ്ങളിലേക്ക് ആകർഷിക്കാനും കഴിയും. മുഴുപ്പിലങ്ങാടും പയ്യാമ്പലവും കോട്ടകളും പാർക്കുകളും കണ്ണൂരിൽ നഗരകേന്ദ്രീകൃതമാണ്. അവ കണ്ടശേഷം മലയോരത്തെ കാഴ്ച്ചകൾ കാണാനെത്താം. പറശ്ശിനി, വളപട്ടണം പുഴകളിലെ ബോട്ട് സർവിസുകൾ കൂടിയുള്ളതിനാൽ ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് വിനോദയാത്ര ഏറെ ആസ്വാദ്യകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.