കുമളി: വിനോദസഞ്ചാര മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിന് ശേഷം തിരിച്ചുവരവിന് തയാറെടുക്കുകയാണ് ജില്ലയിലെ വിവിധ വിനോദകേന്ദ്രങ്ങൾ.
മൂന്നാർ, തേക്കടി തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങളോടൊപ്പം, സഞ്ചാരികളെ ആകർഷിച്ചിരുന്ന ചെറുതും വലുതുമായ നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ട്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ എട്ടുമാസത്തിലധികമായി ഈ സ്ഥലങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ അധികൃതർ നിരോധിച്ചിരുന്നു. ഇപ്പോൾ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തത്ത്വത്തിൽ തീരുമാനമെടുത്തതോടെ ഈ രംഗത്ത് തൊഴിലെടുത്തിരുന്നവർക്ക് പ്രതീക്ഷയായി.
സ്വകാര്യ മേഖലയിൽ മാത്രം ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടം ജില്ലയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കോവിഡ് കാലത്ത് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു. പൊതുമേഖലയിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ സാമ്പത്തിക നഷ്ടം ഇരട്ടിയായി മാറും. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഇവരിൽ ഭൂരിഭാഗവും പുതിയ മേഖലയിലേക്ക് വഴിമാറാൻ നിർബന്ധിതരായി. വൻകിട റിസോർട്ടുകൾ മുതൽ സാധാരണ ഹോം സ്റ്റേകളും ഹോട്ടലുകളും പ്രവർത്തനം നിലച്ചതോടെ ഇത്തരം കെട്ടിടങ്ങൾ സംരക്ഷിക്കാനാകാതെ നശിക്കാൻ തുടങ്ങി. ടാക്സി മേഖലയും പരിപൂർണ സ്തംഭനാവസ്ഥയിലായിരുന്നു.
എന്നാൽ, ഭാവിയിൽ കോവിഡിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിവരുമെന്ന തിരിച്ചറിവ് അധികൃതരെയും പൊതു സമുഹത്തെയും പഴയ തൊഴിലിടങ്ങളിലേക്ക് മടങ്ങിവരാൻ നിർബന്ധിതരാക്കി. നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ പെരിയാർ വന്യജീവി സങ്കേതവും മൂന്നാർ, മറയൂർ, ഇടുക്കി, വാഗമൺ, ചെല്ലാർ കോവിൽ, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളിലേക്കും വരും ദിവസങ്ങളിൽ തദ്ദേശീയരായ സഞ്ചാരികൾ എത്തിത്തുടങ്ങും.
റെയിൽ ഗതാഗതം സാധാരണ നിലയിലായാൽ ഉത്തരേന്ത്യൻ യാത്രികരും എത്തിയേക്കാം. എന്നാൽ, ദേശീയ-രാജ്യാന്തര വിമാന സർവിസുകൾ സജീവമാകുകയും വിദേശ രാജ്യങ്ങളുടെ വിനോദസഞ്ചാര നയത്തിൽ ഇളവുകൾ ഉണ്ടാകുകയും ചെയ്താൽ മാത്രമേ കേരളത്തിലെ വിനോദമേഖലയിലെ പ്രധാന വരുമാനദായകരായ യൂറോപ്യൻ, ഗൾഫ് നാടുകളിലെ സഞ്ചാരികൾ ഇവിടേക്ക് യാത്ര ആരംഭിക്കുകയുള്ളു.
എന്നാൽ, മാത്രമേ മുൻ കാലങ്ങളിലേതുപോലെ ഇടുക്കിയിലെ ടൂറിസത്തിന് പുതുജീവൻ ഉണ്ടാവുകയുള്ളു. അതിന് കോവിഡ് രോഗബാധയുടെ ഭീതികൂടാതെ സ്വതന്ത്ര സഞ്ചാരത്തിന് സമയമായെന്ന് ഓരോ സഞ്ചാരിക്കും ബോധ്യമാകുന്ന കാലം വരെ കാത്തിരിക്കേണ്ടിവരും. എങ്കിലും അഭ്യന്തര വിനോദസഞ്ചാരികൾ ദീപാവലി അവധി വേളയിൽ ഇടുക്കിയിലേക്ക് എത്താൻ സാധ്യതയേറിയതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖല ഉണർവിെൻറ പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.