മറക്കാനാവാത്ത ഒരു പറമ്പിക്കുളം യാത്ര

ഒരു പാട് മോഹിപ്പിച്ച ഒരു സ്ഥലം. പലപ്പോഴും മാറ്റി വച്ച യാത്ര. ഒടുവില്‍ സാഹചര്യം ഒത്തുവന്നു. സെപ്തംബര്‍ 30ന്  കോരിച്ചൊരിയുന്ന മഴയില്‍ ഞങ്ങള്‍ മൂവര്‍ സംഘം വൈകുന്നേരം കാറില്‍ യാത്ര  തുടങ്ങി. പാലക്കാട് ടൗണ്‍ ആണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. രാത്രി രണ്ട് മണിയോടെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട്ട്് വഴി പാലക്കാട് ടൗണിലത്തെി. അവിടെ ടൗണില്‍ നല്ല റൂം തരപ്പെടുത്തി സുഖമായി ഉറങ്ങി. രാവിലെ തന്നെ റെഡി ആയി. 11 മണി ആകുമ്പോഴേക്കും പറമ്പിക്കുളം എത്തണം. പാക്കേജ് ആരംഭിക്കുന്നത് 11.30 നു ആണ്. പാലക്കാട് നിന്നും 100കിലോ മീറ്റര്‍ ഉണ്ട് പറമ്പിക്കുളത്തേക്ക്.പൊള്ളാച്ചി  ആമ്ബ്രം വളയം വഴി സുന്ദരമായ ഗ്രാമക്കാഴ്ചകളും പ്രഭാതക്കാഴ്ചകളും കണ്ട്  ഞങ്ങള്‍  തമിഴ് നാടിന്‍റെ ഭാഗമായ സത്തേുമടൈ ചെക്പോസ്റ്റില്‍ എത്തി. വണ്ടിയുടെ ചെക്കിംഗ് കഴിഞ്ഞു. എന്‍ട്രി ഫീ അടച്ചു. പോകാന്‍ നേരം ഞങ്ങളുടെ കൂടെയുള്ള ഒരു വിരുതന്‍ ആനമലൈ ടൈഗര്‍ റിസര്‍വ്വ് എന്നതിനെ അണ്ണാമലൈ ടൈഗര്‍ റിസര്‍വ്വ്  എന്ന് ഉറക്കെ വായിച്ചപ്പോള്‍ അവിടെയുള്ള പോലീസുകാരന്‍ അണ്ണാമലൈ അല്ലടേ ആനമലൈ എന്ന്  തിരുത്തിയപ്പോള്‍ തൊട്ടടുത്തെ നെല്ലിക്ക വില്‍ക്കുന്ന സ്ത്രീയുടെ വക പൊട്ടിച്ചിരി. ചമ്മിപ്പോയ ഞങ്ങള്‍  പെട്ടെന്ന് സ്ഥലം വിട്ടു.
അവിടം മുതല്‍ പിന്നെ കാട്ടു  പാതയാണ്. വഴി നീളെയുള്ള ആന പിണ്ടങ്ങള്‍ ഞങ്ങളില്‍ ചെറിയ ഭീതി പരത്തി. പ്രകൃതി സുന്ദരമായ  കാനന കാഴ്ചകള്‍  കണ്ടുകൊണ്ട്  ഞങ്ങള്‍  കേരളത്തിന്‍്റെ ചെക്ക് പോസ്റ്റിലത്തെി. നേരത്തെ ബുക്ക് ചെയ്തവരാണ് എന്ന്  പറഞ്ഞപ്പോള്‍ വണ്ടി ചെക്ക് ചെയ്തു പെട്ടെന്നു കടത്തി വിട്ടു. രണ്ട് കിലോ മീറ്റര്‍ അപ്പുറമുള്ള ഡി.എഫ്.ഒ ഓഫീസില്‍ നിന്നും  പാക്കേജിനുള്ള പണമടച്ചു. 3 പേര്‍ക്ക് 3850 രൂപ. അതില്‍ മരത്തിനു മുകളിലുള്ള ഏറുമാടത്തില്‍ താമസം,ഭക്ഷണം,ട്രെക്കിംഗ്,പറമ്പിക്കുളം  ഡാമില്‍  ബോട്ടിംഗ്, നമ്മുടെ കാറില്‍ ജംഗിള്‍ സഫാരി(24 മണിക്കൂറിലെക്ക് ഒരു ഗൈഡ് കൂടെയുണ്ടാകും), പിന്നെ വൈകുന്നേരം ആദിവാസി പാരമ്പര്യ നൃത്തം. ഇതാണ് 24 മണിക്കൂര്‍ പാക്കേജില്‍ ഉള്ളത്. (വേറെയും പല റേറ്റിലുള്ള പാക്കേജുകള്‍ ഉണ്ട്). വനം വകുപ്പിന്‍റെ  പാക്കേജില്‍ പോകാത്തവര്‍ക്ക്. ആകെയുള്ളത് സഫാരിയാണ്. ആത് കിട്ടിയാല്‍ കിട്ടി. 

ഞങ്ങളുടെ  കൂടെ ജോര്‍ലി എന്നു പേരുള്ള ഒരു ഗൈഡിനെയും അയച്ചു. ഇനി ജോര്‍ലിച്ചായന്‍ പറയും പോലെയാണ് ഞങ്ങളുടെ  നീക്കങ്ങള്‍. 15 വര്‍ഷമായി ജോര്‍ലിച്ചായന്‍ പറമ്പിക്കുളത്ത് ഗൈഡ് ആയി ജോലി ചെയ്യുന്നു. ഇനി ഞങ്ങള്‍ പോകുന്നത് 20 കിലോ മീറ്റര്‍ ദൂരമുള്ള കൊടുംവനത്തിനകത്തുള്ള മരത്തിനു മുകളിലുള്ള താമസ സ്ഥലത്തേക്കാണ്. കുറച്ചു മുമ്പോട്ട് പോയതേ ഉള്ളൂ ഒന്നു രണ്ട് വണ്ടികള്‍, സൈഡില്‍ നിര്‍ത്തിയിരിക്കുന്നു. ആന എവിടെ ആന എവിടെ എന്നു  ചോദിച്ചു കൊണ്ടിരുന്ന മുഹമ്മദിനെപ്പോലും നിശബ്ദമാക്കിക്കൊണ്ട് ഒരു എമണ്ടന്‍ ആന!! ആള്‍ നിരുപദ്രവകാരി ആണ്. റോഡിനോട് തോട്ടപ്പുറത്ത് നില്‍ക്കുന്നതാണെങ്കിലും  വണ്ടികള്‍ എടുത്ത് മുന്നോട്ട് പോയി. കൂട്ടത്തില്‍ അല്‍പം പേടിയോടെ ആണെങ്കിലും ഞങ്ങളും മുന്നോട്ട് നീങ്ങി. വഴിയിലുടനീളം മാന്‍ കൂട്ടങ്ങളും കാട്ടു പന്നികളും. മൃഗങ്ങളെ കാണുമ്പോള്‍ ജോര്‍ലിച്ചായന്‍  വാചാലനാകും. കാടിന്‍്റെ കാഴ്ചകളും ജോര്‍ലിച്ചായന്‍്റെ വിശദീകരണവും കേട്ട് ഞങ്ങള്‍  താമസ സ്ഥലത്തത്തെി. മരത്തിനു  മുകളിലുള്ള മുറി. പ്രതീക്ഷിക്കിച്ചതിലും അപ്പുറത്തായിരുന്നു അതിന്‍്റെ ഭംഗി. ചവിട്ട് പടികള്‍ കയറി മുകളിലത്തെിയപ്പോള്‍ ഞങ്ങളെ വരവേറ്റത് വാര്‍ണിഷ് ചെയ്തു മിനുക്കിയ തടി കൊണ്ടുണ്ടാക്കിയതായിരുന്നു ആ മുറി. അറ്റാച്ച്ഡ് ബാത്ത് റൂം. ഞങ്ങള്‍  ഫ്രഷ്  ആയി. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ഹാളിലേക്ക് പോകണം. വിവിധ പേക്കേജില്‍ ഉള്ള എല്ലാവര്‍ക്കും അവിടെയാണ് ഭക്ഷണം. ബുഫെ സിസ്റ്റം ആണ്. അടുത്തുള്ള ഒരു ആദി വാസി യുവാവ് ആണ് ഭക്ഷണം തയ്യാറാക്കുന്നത്. വെജും ഉണ്ട് നോണ്‍ വെജും ഉണ്ട്. രുചികരമായ, കലര്‍പ്പില്ലാത്ത, കാടിന്‍്റെ മക്കള്‍ തയ്യറാക്കിയ ഭക്ഷണം. എല്ലവരുടേയും മുഖം നോക്കിയാലറിയാം വയറും നിറഞ്ഞു മനസ്സും നിറഞ്ഞു എന്ന്. ഭക്ഷണം  കഴിച്ചു  അരമണിക്കൂര്‍ വിശ്രമിച്ചതിനു ശേഷം ജോര്‍ലിച്ചായന്‍  ഞങ്ങളെയും കൂട്ടി  ഞങ്ങളുടെ  വണ്ടിയില്‍ തന്നെ സഫാരിക്കിറങ്ങി.
 ഇടതൂര്‍ന്ന് നില്‍ക്കുന്ന കാടുകളെ പിന്നിലാക്കി ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങി. സുന്ദരമായ കാട്ടുപാതകളും കാട്ടുസസ്യങ്ങളുടെ ഗന്ധവും അരുവികളും വിവിധ തരം പക്ഷികളെയും കേഴ മാന്‍ മ്ളാവ്, പുള്ളിമാന്‍, കാട്ടുപോത്തിന്‍ കൂട്ടം, മലയണ്ണാന്‍ ഇതിനെയൊക്കെ പോകുന്ന വഴിയില്‍ കണ്ടു.

പറമ്പിക്കുളം  ടൈഗര്‍ റിസര്‍വില്‍ 78പുലികളും 26 കടുവകളും ഉണ്ടത്രെ!! അതില്‍ ഒരു കടുവ കാട്ടു പോത്തിന്‍റെ കുട്ടിയെ പിടിക്കുമ്പോള്‍ കാട്ടു പൊത്തിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടുവത്രെ!  പ്രകൃതിയാല്‍ വളര്‍ന്ന് ലോകത്തിലെ ഏറ്റവും  വലിയ തേക്കുകളില്‍ ഒന്നായ കന്നിമര തേക്കിനടുത്തേക്കാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. പണ്ട് ബ്രിട്ടീഷ്കാര്‍ മൂന്ന് ഭീമന്‍ തേക്ക് മരങ്ങളെ മുറിക്കാന്‍ കല്‍പിക്കുകയും രണ്ടെണ്ണം മുറിക്കുകയും  ചെയ്തു. കന്നിമരത്തെ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും രക്തം വന്നുവത്രെ! അത് കണ്ട ആദിവാസികള്‍ മുറിക്കുന്നത് നിര്‍ത്തി  ഇതിന് കന്നിമരം എന്നു പേര് നല്‍കി യെന്നുമാണ് പറയപ്പെടുന്നത്. കന്നി മരത്തിനടുത്ത് വച്ച്  നാല് വര്‍ഷം മുമ്പ് കരടിയുടെ ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ ഒരു ഗൈഡിനെ ജോര്‍ലിച്ചായന്‍  പരിചയപ്പെടുത്തി. കാട്ടില്‍ ഏറ്റവും  പേടിക്കേണ്ടത് കരടിയെ ആണെന്നും ഓര്‍മിപ്പിച്ചു. സഫാരി അവസാനിച്ചു. താമസ സ്ഥലത്തേക്ക് മടങ്ങി.

വൈകുന്നേരം 6.30ന് ഒരുമണിക്കൂര്‍ നേരത്തേക്ക് ആദിവാസി പാരമ്പര്യ നൃത്തം. പരാതിയും പരിഭവങ്ങളുമില്ലാതെ നാടന്‍ സംഗീതോപരണങ്ങളോടൊപ്പം നാടന്‍ പാട്ടും പാടി ചുവടു വെക്കുന്ന കാടിന്‍റെ മക്കളില്‍ പ്രായമായ ഒന്നു രണ്ട് സ്ത്രീകളും ഉണ്ട്. ഒരു പ്രത്രേക നവ്യാനുഭവമായി ആ നൃത്തം. ഒരു മണിക്കൂര്‍  കലാപരിപാടിക്ക് ഒരാള്‍ക്ക്  120 രൂപ കൊടുക്കുമത്രെ. രാത്രിഭക്ഷണം  കഴിഞ്ഞു  നടക്കാനിറങ്ങി. വന്യ ജീവി വാരാഘോഷം ആയതിനാല്‍ ഒരാഴ്ചത്തെ ആഘോഷ പരിപാടികള്‍ ആയിരുന്നു പറമ്പിക്കുളത്ത്. പ്രൊജക്ടര്‍ വച്ചുള്ള സിനിമാ പ്രദര്‍ശനവും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും  ആയിരുന്നു അന്നത്തെ പരിപാടി.

ചാറ്റല്‍ മഴയും തണുപ്പും അസഹ്യമായപ്പോള്‍ താമസ സ്ഥലത്തേക്ക് തിരിച്ചു. മുറിയില്‍ കുളിച്ച് ഫ്രഷ് ആയി  ഉണ്ടായിരുന്ന ചൂരല്‍ കസേരകള്‍ പുറത്തിട്ട് വെറും തോര്‍ത്ത് മുണ്ട്  ഉടുത്ത് ഒരു ഇരിപ്പ് ഇരുന്നു. കാട്ടിനുള്ളില്‍ മഴ ആസ്വദിക്കുക എന്നുള്ളത് പണ്ട് മുതല്‍ക്കെ  ഉള്ള ഒരു സ്വപ്നമായിരുന്നു.
നല്ല  തണുപ്പും  പെരും തുള്ളിയാല്‍ പെയ്യുന്ന മഴയും.  വാക്കുകള്‍ തോറ്റു പോവുന്ന അനുഭവം. റൂമിലെ ലൈറ്റ് ഓഫ് ചെയ്തു ആ ഇരുട്ടില്‍ ഞങ്ങള്‍  ഒന്നു കൂടി പ്രകൃതിയിലേക്ക് അലിഞ്ഞു.
ഭൂമിയുടെ ശ്വാസ കോശങ്ങളാണ് വനങ്ങള്‍ എന്ന്  പറയുന്നത് എത്ര അര്‍ത്ഥവത്താണ്..ഒരു സംഗീതം പോലെ അവള്‍ പെയ്ത് കൊണ്ടേയിരിക്കുകയാണ്. കൂടെയുള്ളവര്‍ പോയി  കിടന്നു. അതിരാവിലെ 8 കിലോ മീറ്റര്‍ ട്രക്കിംഗ് ഉള്ളതാണ്. ഞാന്‍ കുറച്ച് നേരം കൂടി  ഇരിക്കാമെന്നു കരുതി. മഴ ശമിച്ചു. മഴത്തുള്ളികള്‍ വൃക്ഷങ്ങളില്‍ തട്ടി താളം പൊഴിക്കുന്നു. മൃഗങ്ങളുടെ പേടിപ്പടുത്തുന്ന അപശബ്ദങ്ങള്‍. ടോര്‍ച്ച്  ഒന്നടിച്ച് നോക്കിയപ്പോള്‍ അവിടെയിവിടെയായി തിളങ്ങുന്ന കണ്ണുകള്‍. കാടിന്‍ വന്യ ശരിക്കും പേടിപ്പടുത്തുന്നു എങ്കിലും വല്ലാത്ത ഒരു അനുഭവമായിരുന്നു. ഞാന്‍ മുറിയിലേക്ക് പോയി കിടന്നതും സുന്ദരമായ  സ്വപ്നങ്ങളുമായി ഉറക്കത്തിലാണ്ടു.
അതിരാവിലെ  എല്ലാവരും  എണീറ്റു. കട്ടന്‍ ചായ കുടിച്ച് ട്രക്കിംഗിനു ഇറങ്ങി. കോട മഞ്ഞിനാല്‍  മൂടപ്പെട്ട സുന്ദര പ്രഭാതം. കിളികളുടെ കളകളാരവം. കാട്ടു വൃക്ഷങ്ങളെ തലോടി സംഗീതം പൊഴിച്ചു വരുന്ന നനുത്ത കാറ്റ്. കണ്ണിലും മനസ്സിലും കുളിരു പെയ്യിച്ചു. നടത്തം ആരംഭിച്ചു. ജോര്‍ലിച്ചായന്‍  മുന്നിലും ഞങ്ങള്‍ പുറകിലുമായി.

കാനന പാതകളില്‍ ഇറക്കവും കയറ്റവും ഒക്കെ താണ്ടി മുമ്പോട്ട് പോയി. വഴിയില്‍ ഉടനീളം മാന്‍ കൂട്ടങ്ങളും കാട്ടുപോത്തിന്‍ കൂട്ടങ്ങളും മയിലുകളും വിവിധതരം പക്ഷികളും. ഒരു പുലിയെ കണ്ടു കണ്ടില്ലന്നെ മട്ടില്‍ ഓടി മറഞ്ഞു. അട്ടകടി നല്ല വണ്ണം കിട്ടി. അതൊന്നും കൂസാതെ പ്രകൃതിയില്‍ അലിഞ്ഞ് നടന്നു. 8 കിലോ മീറ്റര്‍ ദൂരം നടന്നത് അറിഞ്ഞില്ല. പുലര്‍ കാഴ്ചകള്‍ കണ്ട് കാട്ടിലൂടെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഒരു പോലെയുള്ള വ്യായാമമായി.


പറമ്പിക്കുളം ഡാമിലേക്കാണ് അടുത്ത യാത്ര. ഒരു ഇടവഴിയിലൂടെ ഞങ്ങള്‍ ഡാമിന്‍ കരയിലത്തെി. ഇത് വരെ കണ്ടതല്ല കാഴ്ച, ഇതാണ് കാഴ്ച എന്ന മട്ടിലാണ് പറമ്പിക്കുളം ഡാമും പരിസരവും. കിലോ മീറ്റര്‍ കണക്കിനു പരന്നു കിടക്കുന്ന ജല സംഭരണി. ചുറ്റും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. അക്കരെ അങ്ങകലെയായി കാട്ടാനക്കൂട്ടം വെള്ളം കുടിക്കുന്ന കാഴ്ച മനോഹരമായിരുന്നു. മുള കൊണ്ടുള്ള  ഒരു ചങ്ങാടം പോലെയുള്ള ബോട്ട്. രണ്ട്  ആദിവാസി  ജീവനക്കാരാണ് തുഴയുന്നത്. ഞങ്ങള്‍  ഇരുന്നും നിന്നും കിടന്നും ഒക്കെ ഫോട്ടോകള്‍ പകര്‍ത്തി.  ചങ്ങാടം മുങ്ങുകയും മറിയുകയും ഇല്ല എന്ന് ജീവനക്കാര്‍ പറഞ്ഞത് ധൈര്യം  ഏറ്റി. ചങ്ങാടത്തില്‍ നിന്നും വെള്ളത്തിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് രണ്ട് മൂന്ന് തലകള്‍ കണ്ടത്. അത് ചീങ്കണ്ണികള്‍ ആയിരുന്നു. അതിനടുത്തേക്ക് തുഴയുമ്പോള്‍ ഞങ്ങള്‍  പറഞ്ഞു  വേണ്ടെന്ന്. ആവര്‍ പറഞ്ഞു ഇവിടെയുള്ള ചീങ്കണ്ണികള്‍ നിരുപദ്രവകാരികള്‍ എന്നും ഇത് വരെ മനുഷ്യനെ ആക്രമിച്ചിട്ടില്ളെന്നും.
അടുത്തേക്ക് എത്തുമ്പോഴേക്ക് അവ മുങ്ങി. ഞങ്ങള്‍ നെയ്യാര്‍ ഡാമിലെ ആക്രമണകാരിയായ മുതലയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ പറഞ്ഞത്. നെയ്യാര്‍ ഡാമിലെ ആക്രമണ കാരിയായ മുതലയെ പറമ്പിക്കുളം ഡാമില്‍  കൊണ്ട്  വിട്ടുവെന്നും രണ്ട് ദിവസം അതിനെ കണ്ടുവെന്നും ശേഷം അതിനെ ഇവിടുത്തെ ചീങ്കണ്ണികള്‍ കടിച്ചു കൊന്നുവെന്നും. അപ്പോഴാണ് അറിയുന്നത് മുതലകളും ചീങ്കണ്ണികളും വേറെ ആണെന്നത്.
ബോട്ടിംഗ്  കഴിഞ്ഞതോട് കൂടി ഞങ്ങള്‍  കാറില്‍  കയറി തിരിച്ച് മടങ്ങി. ജോര്‍ലിച്ചായനെ ഓഫീസില്‍ കൊണ്ട്  വിട്ടു. പറമ്പിക്കുളത്തോട് യാത്ര  പറഞ്ഞു. ഇനിയും ഒരിക്കല്‍ വരും എന്ന  വാക്കിനാല്‍. അത് കേട്ട്  സന്തോഷിച്ചെന്നവണ്ണം ശക്തിയായ ഒരു മഴ ഞങ്ങളെ യാത്രയയച്ചു. യാത്രകള്‍  അവസാനിക്കുന്നില്ല....മഴയും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.