തിരുവനന്തപുരം: കോടമഞ്ഞിൻ കുളിരുമായി പൊന്മുടി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. വനം വകുപ്പിൻെറ നിയന്ത്രണത്തിലുള്ള പൊൻമുടി അപ്പർ സാനിറ്റോറിയം ഡിസംബർ 20ന് തുറക്കും. ദീർഘനാളത്തെ സഞ്ചാരികളുടെ ആവശ്യത്തെത്തുടർന്നാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ 12ന് സഞ്ചാരികൾക്കായി തുറന്നെങ്കിലും പൊൻമുടിയിൽ പ്രവേശനമില്ലായിരുന്നു. ആദിവാസികൾ നേതൃത്വം നൽകുന്ന വനസംരക്ഷണ സമിതിക്കാണ് പ്രദേശത്തിൻെറ നിയന്ത്രണം. ഇവരുടെ തീരുമാനം ലഭിക്കാതിരുന്നതാണ് തടസ്സമായിരുന്നത്. കമ്മിറ്റിയുടെ ഉറപ്പ് ലഭിച്ചതോടെ വനം വകുപ്പ് സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കുക. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം.
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടി. തലസ്ഥാന നഗരിയിൽനിന്ന് 60 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. അറബിക്കടലിന് സമാന്തരമായി പശ്ചിമഘട്ടത്തിൻെറ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും തണുപ്പും മൂടൽമഞ്ഞും നിറഞ്ഞതാണ്. 22 ഹെയർപിൻ വളവുകൾ താണ്ടിയുള്ള യാത്രയും ഏറെ മനോഹരമാണ്.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന വിതുര ഗോൾഡൻ വാലിയും സഞ്ചാരികളെ ആകർഷിക്കുന്നു. വിതുര കല്ലാർ നദിയിലേക്കുള്ള കവാടവുമാണ് പൊന്മുടി. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻമുട്ടി വെള്ളച്ചാട്ടം, പൊന്മുടി കൊടുമുടിയുടെ സമീപത്തെ എക്കോ പോയിൻറ് എന്നിവയെല്ലാം സഞ്ചാരികളുടെ മനം മയക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.