വിവാഹ വസ്ത്രം വാങ്ങാൻ നിവൃത്തിയില്ലേ, വരൂ ഇതു വഴി

കൊച്ചി: വിവാഹിതയാവുന്ന ഏതൊരു പെണ്ണിൻറെയും സ്വപ്നമായിരിക്കും ആ ദിനം സുന്ദരമായ ഉടയാടകളണിഞ്ഞ് മനോഹരിയായി ഒരുങ്ങിനിൽക്കുകയെന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് ആ സ്വപ്നം, സ്വപ്നമായി തന്നെ അവശേഷിച്ച് മംഗല്യ പന്തലിലെത്തിയ ഒരുപാട് പെൺകുട്ടികൾ നമുക്കു ചുറ്റുമുണ്ട്. അത്തരക്കാർക്കായി മംഗല്യ പട്ടുപോൽ തിളങ്ങുന്നൊരു സുന്ദര സംരംഭവുമായി മട്ടാഞ്ചേരിക്കാരി ഷബീന അബ്സർ. ഇവരുടെ വീട്ടിലെ ഒരു മുറി നിറയെ പാവപ്പെട്ട പെൺകുട്ടികൾക്ക് കല്യാണദിവസം അണിയാനുള്ള ലഹങ്ക, ലാച്ച, ഗൗൺ, സാരി, പാവാടസാരി തുടങ്ങിയവയെല്ലാം നിരത്തിവെച്ചിരിക്കുകയാണ്. അർഹരായവർക്ക് ഇഷ്ടപ്പെട്ട ഉടയാടസൗജന്യമായി സമ്മാനിക്കും. ഒപ്പം, കല്യാണത്തിനായി ആയിരങ്ങൾ െചലവഴിച്ച് വാങ്ങുകയും ഒറ്റ നാളത്തെ ഉപയോഗ ശേഷം അലമാരയിലെന്നെന്നും മടക്കിവെക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ ഷബീനയുടെ 'ഫ്രീ ബ്രൈഡൽ വെയർ' ശേഖരത്തിലേക്ക് നൽകാൻ താൽപര്യമുള്ളവർക്ക് അങ്ങനെയുമാവാം.

തുടങ്ങി ആഴ്ചകൾക്കകം 20ഓളം നിർധന യുവതികളുടെ മംഗല്യ സ്വപ്നത്തിന് ചന്തമേറും നൂലിഴകളിലൂടെ നിറം പകരാൻ ഷബീനക്കായി. ഇതുകൂടാതെ പാവപ്പെട്ടവർക്ക് സൗജന്യമായി മെഹന്തി, മേക്കപ്പ് എന്നിവ ചെയ്തുകൊടുക്കാനും ആളുണ്ട്. വസ്ത്രം മാത്രമല്ല, ഇമിറ്റേഷൻ ആഭരണങ്ങളും ചെരിപ്പുമെല്ലാം ശേഖരിച്ച് വേണ്ടവർക്ക് നൽകുന്നുണ്ട്. കുറേപേർ കേട്ടറിഞ്ഞ് തങ്ങളുടെ വിലയേറിയ കല്യാണ വസ്ത്രങ്ങൾ നേരിട്ടും കൊറിയറായും എല്ലാം എത്തിക്കുന്നു. ഇവരുടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള പെട്രോൾ പമ്പിനു എതിർവശത്തെ പീടിയേക്കൽ വീട്ടിലാണ് വസ്ത്രശേഖരമുള്ളത്.

ഷബീന

കൊണ്ടുപോവുന്നവർ 'വീണ്ടും വീണ്ടും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒ.കെ, ഇല്ലെങ്കിൽ ഡ്രൈ ക്ലീൻ ചെയ്ത് തിരിച്ചു തരണം' എന്നാണ് ഷബീനയുടെ അഭ്യർഥന. പലരും തങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങളാണ് നൽകുന്നത്, അത് മറ്റൊരലമാരയിൽ ഉപയോഗശൂന്യമായി ഇരിക്കുന്നതിൽ അർഥമില്ലെന്ന് ഈ യുവതി ചൂണ്ടിക്കാട്ടുന്നു. ഒന്നു രണ്ടു തവണ അനർഹർ കൊണ്ടുപോവാൻ ശ്രമിച്ചതിനാൽ ഈ വസ്ത്രം വാങ്ങാൻ അർഹയാണ് പെൺകുട്ടിയെന്ന മഹല്ല് കമ്മിറ്റിയുടെ കത്തുമായി വന്നാലേ നൽകൂ എന്ന് നിബന്ധനയുമുണ്ട്.

മട്ടാഞ്ചേരിയിൽ ബിരിയാണികട നടത്തുന്ന ഭർത്താവ് അബ്സറും പൂർണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. അലീഷ, ആയി‍ഷ, അലിഷ്ബ എന്നിവരാണ് മക്കൾ. എറണാകുളം ജില്ലയിലുള്ള കല്യാണ വസ്ത്രം വാങ്ങാനും നൽകാനും താൽപര്യമുള്ളവർക്ക് 9995331198 എന്ന നമ്പറിൽ വിളിക്കാം.

മുമ്പേ നടന്ന് കണ്ണൂരിലെ സബിത

കണ്ണൂരിൽ 'റെയിൻബോ ദി വുമൺ ഔട്ട്ഫിറ്റ്' എന്നപേരിൽ ബൊട്ടീക് നടത്തുന്ന സബിത നാസറാണ് ഷബീനയുടെ വഴികാട്ടി. കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്ത് അഞ്ചാംപീടികയിൽ ഷോപ് നടത്തുന്ന സബിത വർഷങ്ങൾക്കു മുമ്പ് സ്വന്തം നിലക്ക് ഈ ആശയം നടപ്പാക്കിയിരുന്നു. കോവിഡ് കാലത്ത് വസ്ത്രാലയങ്ങൾ തുറക്കാത്തതുമൂലം, വിവാഹിതരാവുന്ന നിർധന യുവതികൾക്ക് നല്ല വസ്ത്രങ്ങളൊന്നും കിട്ടാതെ വിഷമിക്കുന്ന സ്ഥിതിയുണ്ടെന്നറിഞ്ഞാണ് തൻറെ സംരംഭം സബിത കുറേക്കൂടി വിപുലീകരിക്കുന്നത്.

ഇതു സംബന്ധിച്ച് തൻറെ ഗ്രൂപ്പിൽ ഉപയോഗിച്ച നല്ല കല്യാണവസ്ത്രങ്ങളുണ്ടെങ്കിൽ നൽകാനാവശ്യപ്പെട്ട് സബിതയിട്ട പോസ്റ്റിന് വലിയ പ്രതികരണം ലഭിച്ചു. പലരും പതിനായിരങ്ങൾ വില വരുന്ന പുത്തൻ പുടവകൾ എത്തിച്ചുനൽകി. അതിനായി വീട്ടിലെ ഒരു മുറിയിൽ തന്നെ വസ്ത്രങ്ങളുടെ ശേഖരം തുടങ്ങി. കൂടുതൽ വസ്ത്രങ്ങളെത്താൻ തുടങ്ങിയതോടെ കേരളത്തിൽ പലയിടത്തും ഇത് തുടങ്ങിയാലോ എന്നായി ചിന്ത. ഇതിനായി താൽപര്യമുള്ളവരെ ക്ഷണിച്ചപ്പോൾ ഷബീനയുൾപ്പടെ മുന്നോട്ടുവരികയായിരുന്നു. മട്ടാഞ്ചേരിയിലെ ഷബീനയുടെ വീട്ടിലേക്ക് നിറയെ ഉടുപ്പുകളുമായി സബിത തന്നെ നേരിട്ടെത്തി എല്ലാ സഹായവും ചെയ്തുകൊടുത്തു.


സബിത

ഇതു കൂടാതെ കാസർകോട്, കോഴിക്കോട്, മലപ്പുറം, കൊല്ലം, പട്ടാമ്പി എന്നിവിടങ്ങളിലും റെയിൻബോയുടെ കീ‍ഴിൽ തന്നെ വനിതകൾ ഫ്രീ ബ്രൈഡൽ ശേഖരം തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിൽ അടുത്തുതന്നെ തുടങ്ങും. മംഗലാപുരം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഉടൻ തുടങ്ങാനാണ് സബിത പദ്ധതിയിടുന്നത്. പാവപ്പെട്ട പെൺകുട്ടികൾ സ്വന്തം കല്യാണ പുടവക്കായി മറ്റാരുടെയും മുന്നിൽ കൈ നീട്ടരുതെന്നാണ് സബിതയുടെ ആഗ്രഹം. വയനാട്ടിൽ നിന്നുവരെ ഇവരുടെ ബൊട്ടീക്കിൽ എല്ലാ ദിവസവും ആൾക്കാരെത്തും. വാങ്ങുന്നവരുടെയോ കൊടുക്കുന്നവരുടെയോ വ്യക്തിത്വം വെളിപ്പെടുത്തരുതെന്നും ആത്മാഭിമാനം മുറിപെടുത്തരുതെന്നും നിർബന്ധമുണ്ടെന്ന് സബിത പറയുന്നു. കണ്ണൂരിലും വയനാട്ടിലും മറ്റുമുള്ളവർക്ക് സബിതയെ ബന്ധപ്പെടാൻ 97467 79965 എന്ന നമ്പറിലും വിളിക്കാം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.