ഒഴിവുകാലത്ത് വിദ്യാർഥികൾക്ക് ചെയ്യാൻ വേണ്ടി ഒരു ഡസൻ കാര്യങ്ങളിതാ... കൃത്യമായ ലക്ഷ്യബോധത്തോടെ ആത്മവിശ്വാസത്തോടെജീവിതത്തിൽ പകർക്കാൻ ശ്രമിക്കുമല്ലോ?
ഒരു പുതിയ ഭാഷ പഠിക്കുക എന്നു പറഞ്ഞാൽ വലിയ ആനക്കാര്യമായെടുക്കല്ലേ. പ്രത്യേകിച്ച് വിദ്യാർഥികൾക്ക് ഒന്ന് മനസ്സിരുത്തിയാൽ ഭാഷകൾ പഠിച്ച് വളരാം. ലോകത്തിെൻറ ഏത് കോണിൽ പോയാലും പിടിച്ച് നിൽക്കാനൊരു പിടിവള്ളിയാണ് ഭാഷകൾ. മാതൃഭാഷക്കും ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മറ്റേതെങ്കിലും ഇന്ത്യൻ അല്ലെങ്കിൽ വിദേശ ഭാഷകൾ പഠിക്കാം. ഇതിനായി നിരവധി ഓൺലൈൻ കോഴ്സുകളും യൂട്യൂബ് വീഡിയോകളും ലഭ്യമാണ്. മറ്റു ഭാഷകൾ സംസാരിക്കുന്ന വീട്ടിലെ മുതിർന്നവരിൽ നിന്നും പഠിക്കാം. അതോടൊപ്പം മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കാൻ മറക്കരുത്.
കലയെയും സംഗീതത്തെയും ഇഷ്ടപ്പെടാത്തവർ ആരുണ്ട്? മനസ്സിൽ കുളിർമഴ പെയ്യിക്കുന്ന സംഗീതാലാപനം എല്ലാവർക്കും വഴങ്ങില്ലെങ്കിലും സംഗീത ഉപകരണം കൈകാര്യം ചെയ്യൽ പഠനത്തിലൂടെ നേടിയെടുക്കാവുന്നതേയുള്ളൂ. കീബോർഡ്, വയലിൻ, ഗിറ്റാർ, തബല, ഫ്ലൂട്ട് തുടങ്ങിയ ഉപകരണങ്ങൾ ഗുരുമുഖത്തുനിന്ന് പഠിക്കുന്നതുപോലെ പഠിക്കാൻ ഇന്ന് ഓൺലൈൻ നിരവധി ക്ലാസുകളും യൂട്യൂബ് ട്യൂട്ടോറിയലുകളുമുണ്ട്. ഏതു മേഖലയിൽ എത്തിയാലും നമുക്ക് തിളങ്ങാനുള്ള ഒരു അവസരമാണ് ഉപകരണ സംഗീത ജ്ഞാനം. അതോടൊപ്പം ആൺ പെൺ വ്യത്യാസമില്ലാതെ നൃത്തവും പഠിക്കാം.
എവിടെയെങ്കിലും ഒരു അവസരം കിട്ടിയാൽ കരസ്ഥമാക്കണം നീന്തൽ അറിവ്. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന പ്രദേശങ്ങളിൽ നീന്തൽ അവശ്യ ഘടകമാണ്. അതോടൊപ്പം നീന്തൽ നല്ലൊരു വ്യായാമവുമാണ്. വീടുകളിൽ തന്നെ ചെറിയ കുളം കുത്തി ടാർപോളിനിട്ട് കൊറോണ കാലത്ത് നീന്തൽ പഠിച്ച മിടുക്കരുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ ഉടൻ വീടിനു തൊട്ടടുത്ത കുളത്തിലോ പുഴയിലോ സ്വിമ്മിംഗ് പൂളിലോ മുതിർന്നവരുടെ സഹായത്തോടെ മാത്രം നമുക്ക് നീന്തൽ പഠിക്കാം.
ഈ ഐടി യുഗത്തിൽ എന്തിനാണ് കൈയെഴുത്ത് എന്നാവും കരുതുന്നത് അല്ലേ? അതും സംസാരിക്കുന്നതുപോലും കേട്ടെഴുതുന്ന മൊബൈൽ സോഫ്റ്റ്‌വെയർ ഉള്ളപ്പോൾ?
മോശം കൈയ്യക്ഷരം അപൂർണമായ വിദ്യാഭ്യാസം ആണെന്നാണ് ഗാന്ധിജി പറഞ്ഞത്. നല്ല കൈയക്ഷരം ഉള്ള കൂട്ടുകാരോട് നിങ്ങൾക്ക് അസൂയ തോന്നാറില്ലേ? വൃത്തിയും ഭംഗിയുമുള്ള കൈയെഴുത്ത് ഒരു മനുഷ്യെൻറ അനുഗ്രഹം തന്നെയാണ്. അക്ഷരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ പരിശീലനം നൽകുന്ന നിരവധി കോഴ്സുകൾ ഉണ്ട്. ആറു വയസ്സു മുതൽ എത്ര വയസ്സുവരെയുള്ളവർക്കും ശ്രമിക്കാം. ഒരു ദിവസം അരമണിക്കൂർ ചിലവഴിച്ചാൽ തന്നെ ഈ ലക്ഷ്യം നമുക്ക് എളുപ്പത്തിൽ നേടാം.
വായന മനസ്സിെൻറ ഭക്ഷണമാണെന്ന് പറയാറുണ്ട്. ടി.വി കാണുന്ന കുട്ടികളേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. മാതാപിതാക്കൾ മക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ശീലം വായനാശീലം ആണെന്ന് വിശ്വസിക്കുന്നവരുണ്ട്. ജീവിതത്തിൽ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന തോന്നൽ പലപ്പോഴും വായനയിൽ നിന്നാണ് ഉണ്ടാവുന്നത്. ജീവിതത്തിെൻറ കഷ്ട സമയത്തും വായനാശീലം ഏറെ സഹായിക്കും. നമ്മുടെ ലക്ഷ്യം നേടാൻ സഹായിക്കുന്നതായാലും താൽപര്യത്തിനനുസരിച്ച് ആയാലും വായിക്കാൻ നിരവധി പുസ്തകങ്ങളുണ്ടിന്ന്. നോവലുകളോ കഥകളോ കുറിപ്പുകളോ ഏതും വായിച്ചു തുടങ്ങാം. വർഷത്തിൽ എത്ര പുസ്തകങ്ങൾ വായിക്കും എന്ന് പ്രതിജ്ഞയെടുക്കുക. ജീവിതത്തിലെവിടെയെത്തിയാലും വായന കൂടെയുണ്ടാകും ഒരു കൂട്ടുകാരനെ പോലെ.
ഓൺലൈൻ കോഴ്സുകൾ മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കും അനുയോജ്യമായത് ഏറെയുണ്ട്. തികച്ചും സൗജന്യമായും സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ മാത്രം പണം നൽകിയും പഠിക്കാം. നിങ്ങൾക്ക് താൽപ്പര്യമുള്ള ഏത് വിഷയവും പഠിക്കാം. വിദ്യാഭ്യാസം, മനശാസ്ത്രം, ഗെയിമിംഗ്, കോഡിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന കോഴ്‌സുകൾ നൽകുന്ന നിരവധി സൈറ്റുകളുണ്ട്. വിജ്ഞാന സമ്പാദനത്തിനും സ്കിൽ ഡെവലപ്മെൻറ് ഏറ്റവും ഉചിതമായ മാർഗ്ഗം ആണിത്. അതിരൂക്ഷമായ മത്സരങ്ങളുടെ ലോകത്ത് കുട്ടികൾ നേടുന്ന ഓരോ അറിവും നൈപുണ്യവും എവിടെയൊക്കെ നമുക്ക് ഉപകാരപ്പെടും എന്ന് പറയാൻ കഴിയില്ല. ഒരാഴ്ച മുതൽ മൂന്നോ നാലോ മാസങ്ങൾ വരെ ദൈർഘ്യമുള്ള ഓപ്പൺ കോഴ്സുകൾ നിരവധിയുണ്ട്.
ഡയറിഎഴുത്തു മുതൽ ബ്ലോഗെഴുത്ത് വരെ എഴുത്തിെൻറ ലോകം സ്വന്തമാക്കാം. നിരന്തര വായന നൽകുന്ന ഭാവനയും ചിന്തയും നമ്മുടെ ജീവിതാനുഭവങ്ങളും എഴുതി എഴുതി എഴുത്തിെൻറ ലോകത്തേക്ക് പതിയെ കടക്കാം. പഴയകാലത്ത് ഞാനെഴുതിയത് വായിക്കാൻ ആരുണ്ട് എന്നാണെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ അത് വായിക്കാൻ ആയിരങ്ങൾ ഉണ്ടാവും. എന്തിനെക്കുറിച്ചും ആരെക്കുറിച്ചും സരസവും ലളിതവും ഹൃദ്യവുമായി എഴുതാൻ കഴിയും എങ്കിൽ നിങ്ങൾക്ക് നല്ലൊരു എഴുത്തുകാരനാവാം. ആരറിഞ്ഞു ഭാവിയിൽ നാം ഒരു വലിയ എഴുത്തുകാരൻ ആവില്ലെന്ന്?
എല്ലാവരുടേയും കൈകളിൽ സ്മാർട്ട് ഫോൺ ഉള്ള കാലമാണിതെങ്കിലും അതിനെ ക്രിയാത്മകമായി ഉപയോഗിക്കുന്നവർ എത്രയുണ്ട്. അതോടൊപ്പം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അറിവും നേടണം. ഫോട്ടോഷോപ്പ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ നിത്യജീവിതത്തിൽ നിരന്തരം ആവശ്യമായ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാൻ പഠിക്കണം. യൂട്യൂബ് ചാനൽ തുടങ്ങാനും വാട്സപ്പ് സ്റ്റാറ്റസിടാനും സ്വന്തമായി വീഡിയോകൾ ഉണ്ടാക്കാം. ഇത് നമുക്ക് ടെക്നോളജിയോടുള്ള ഇഷ്ടം വർദ്ധിപ്പിക്കും.
കളികൾ വെറും കളിയല്ല. അത് വളർച്ചയിൽ ബുദ്ധി ഉണർത്താനും ശാരീരിക വളർച്ച ഉണ്ടാവാനും അനിവാര്യമാണ്. മൊബൈൽ ഗെയിമുകൾ അരങ്ങ് വാഴുന്ന ഈ കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഴയകാല കളികൾ പഠിക്കാം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തൊട്ടടുത്ത ഗ്രൗണ്ടിലും ടർഫിലും നിശ്ചിത സമയം ചെലവിടാം. ചെറുകൂട്ടായ്മകൾ ഉണ്ടാക്കി കളികളിൽ ഏർപ്പെടുന്നത് നൽകുന്ന ഊർജ്ജം വളരെ വലുതാണ്.
അടുക്കള ജോലി മൊത്തം ഏറ്റെടുക്കേണ്ട. എന്നാൽ എതെങ്കിലും സമയങ്ങളിൽ എന്തെങ്കിലും വിഭവം നിങ്ങൾക്കും പരീക്ഷിച്ചുകൂടേ? ഇടക്ക് അടുക്കളയിൽ സഹായിയുമാവാം. സ്വന്തമായി ഉണ്ടാക്കിയ ഭക്ഷണത്തിെൻറ രുചി ഒന്ന് വേറെ തന്നെയാണേ. അതോടൊപ്പം ഭാവിയിൽ ഒറ്റക്ക് താമസിച്ച് പഠിക്കുന്ന സാഹചര്യമൊക്കെ വന്നാൽ പാചക അറിവ് ഒരു അനുഗ്രഹവുമാകുമല്ലോ?
സ്വന്തം മുറി ഇതുവരെ വൃത്തിയാക്കാത്ത കൂട്ടുകാരുണ്ടോ നിങ്ങൾക്ക്? നമ്മളങ്ങിനെയല്ലെന്നുറപ്പല്ലേ. ആഴ്ചയിലൊരു ദിവസമെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ച് വീടും പരിസരവും വൃത്തിയാക്കാം. തുടങ്ങട്ടെ ശുചിത്വ ബോധം സ്വന്തം വീട്ടിൽ നിന്ന് തന്നെ.
ഒരു തൈ നട്ട് അതിന് വെള്ളവും വളവും നൽകി അതിൽ പൂവോ കായോ വിരിഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന സുഖമില്ലേ? അതനുഭവിച്ചിട്ടുണ്ടോ? ഇന്ന് തന്നെ തുടങ്ങാം വീട്ടിൽ ഒരു കൊച്ചു പൂന്തോട്ട മോ പച്ചക്കറിത്തോട്ടമോ ഒരുക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.