സമ്പന്നമായ സാംസ്കാരിക പൈതൃകം, പ്രകൃതിചാരുത, ജീവിതസന്തോഷം, പുരോഗമനപരമായ കാഴ്ചപ്പാട് എന്നിവക്ക് പേരുകേട്ട കേരളം മറ്റൊരു പിറന്നാൾ ആഘോഷിക്കുകയാണ്. ജീവിത-സാമൂഹിക കാഴ്ചപ്പാടുകളിൽ നവീകരണം ആവശ്യപ്പെടുന്ന വിധത്തിൽ പാരിസ്ഥിതിക വെല്ലുവിളികൾ അടയാളപ്പെടുത്തിയവയാണ് നമ്മുടെ സമീപവർഷങ്ങൾ. പ്രളയം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ വിപത്തുകളിൽനിന്ന് ഉയിർത്തെണീക്കാനുള്ള കേരളത്തിന്റെ ശേഷികൂടി നാം കാണുകയാണ് ഈ കേരളപ്പിറവി ദിനത്തിൽ. വിവിധ ഭരണനിർവഹണ മേഖലകളിൽ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ, വെല്ലുവിളികളെ മുറിച്ചു കടക്കാൻ വേണ്ട ആസൂത്രണങ്ങളോടെ മുന്നോട്ടു പോകാൻ കഴിയുന്നത് അഭിമാനകരമാണ്.
സമകാലിക വിഷയങ്ങളും വളർന്നുവരുന്ന സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കൽ, വിദ്യാർഥികൾക്ക് ഇന്നത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കഴിവുകൾ ഉണ്ടെന്ന് ഉറപ്പാക്കൽ എന്നിവ ഇന്നത്തെ അതിവേഗലോകത്ത് കേരളീയരാകെ ആഗ്രഹിക്കുന്നതാണ്. അത് സാക്ഷാത്കരിക്കാനുള്ള സമഗ്രമായ സംരംഭങ്ങൾ ഓരോ വിദ്യാർഥിക്കും പ്രാപ്യമാകുന്ന വിധത്തിൽ കലാലയങ്ങളിലും സർവകലാശാലകളിലും ഉയർന്നു വരുന്നത് ഈ കേരളപ്പിറവി ദിനത്തിൽ കേരളം അർപ്പിക്കുന്ന ദീപപ്രഭയാണ്. സാമൂഹ്യശീലം കാത്തുസൂക്ഷിച്ച്, വെർച്വൽ ക്ലാസ് മുറികളിലൂടെയും ഓൺലൈൻ വിഭവങ്ങളിലൂടെയും എല്ലാമായി ലോകസാങ്കേതികവിദ്യ തുറന്നിട്ടുതന്ന സാധ്യതകളൊക്കെയും പഠന മേശയിലെത്തിക്കാനും പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകാനും പോയ വർഷങ്ങളിൽ കഴിഞ്ഞു.
എന്റെ കേരളം ആഘോഷിക്കാം മലയാള നാടിന്റെ പിറവി
കേരളീയ സാമൂഹികജീവിതം യുഗപരിവർത്തനത്തിലേക്ക് ചുവടുവെച്ചു കഴിഞ്ഞ കാലത്താണ് നവതലമുറയുടെ ജീവിതചക്രവാളങ്ങൾ ഇങ്ങനെ ആഗോളമാനങ്ങളോടെ വികസിതമാകുന്നത്. വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് സംയോജിത പഠനം സുഗമമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അടക്കമുള്ള ഈ വളർച്ച സംഭവിക്കുന്നത് വിഴിഞ്ഞം തുറമുഖം പോലെ നമുക്കും ലോകത്തിനുമിടക്ക് പൂർവ്വകാല വാണിജ്യ/സാമ്പത്തിക ബന്ധങ്ങൾ നവീനകാലാനുസാരിയായി തുറന്നുവരുന്ന കാലത്താണെന്നുമോർക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തം പരിപോഷിപ്പിച്ചുകൊണ്ട് ലോകതൊഴിൽവിപണിയുടെ അടിയന്തരാവശ്യങ്ങൾക്കിണങ്ങുന്ന ഇന്റേൺഷിപ്പും നൈപുണ്യ പരിശീലനവും സുഗമമാക്കിയത് ലോകസാഹചര്യങ്ങളിലേക്ക് കൈരളിയുടെ യുവലോകത്തെ ഉയർത്തി നിർത്തിയിട്ടുണ്ട്.
ബൗദ്ധിക സമൃദ്ധിയുടെയും നൂതനാശയങ്ങളുടെയും കേന്ദ്രബിന്ദുവാണ് ചരിത്രകാലം തൊട്ട് കേരളം. സുസ്ഥിര കൃഷി, പൊതുജനാരോഗ്യം, ദുരന്ത നിവാരണം തുടങ്ങിയ പ്രാദേശിക-സാർവ്വദേശീയ വ്യാപ്തിയുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഗവേഷണ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാണ് നവകേരളസൃഷ്ടിയിലേക്കുള്ള ചുവടുകളിൽ ആ പാരമ്പര്യത്തെ നമ്മൾ സമാനയിക്കുന്നത്. അക്കാദമിക് ഗവേഷകരും കമ്മ്യൂണിറ്റി പങ്കാളികളും തമ്മിലുള്ള വിജ്ഞാന കൈമാറ്റം സുഗമമാക്കുന്ന ഈ ഉന്നതവിദ്യാഭ്യാസ കാഴ്ചപ്പാട് സംസ്ഥാനവും ജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കാൻ ഗവേഷണ കണ്ടെത്തലുകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ഉറപ്പോടെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പരമ്പരാഗതവും സാമൂഹികവുമായ അറിവുകൾക്കു കൂടി പങ്കാളിത്തം നൽകുന്ന ഈ സമീപനം അത്യന്താപേക്ഷിതവുമാണ്.
അങ്ങനെ വിശ്വസമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകാൻ വിദ്യാർത്ഥികളെയും ഗവേഷകരെയും സജ്ജമാക്കുമ്പോഴും നമ്മുടെ കൊളോണിയൽ ഗതകാലങ്ങളെ നമുക്ക് വിസ്മരിച്ചുകൂടാ. അതിനാലാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കരിക്കുന്നതിലെ കാതൽ സാമൂഹ്യനീതി തത്വമാണെന്ന് നമ്മൾ ഉറപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാണെന്ന് ഉറപ്പുവരുത്തൽ തന്നെയാണ് ഇതിൽ ഏറ്റവും പ്രാധാന്യത്തോടെ നിറവേറ്റുന്നത്. സാമൂഹികവും സാമ്പത്തികവും വ്യവസ്ഥാപരവുമായ അസമത്വങ്ങളെ അഭിസംബോധന ചെയ്യുകയും അക്കാദമിക് സ്ഥാപനങ്ങളിൽ വൈവിധ്യമാർന്ന പ്രാതിനിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ നെഞ്ചിലെ വെളിച്ചമാണ് സാമൂഹ്യനീതി സങ്കൽപ്പമെന്ന തെളിച്ചത്തോടെയാണ്.
'നൂർ' ആയും അന്തര്യാമിയായ വെളിച്ചമായും പുതുലോകസ്വപ്നത്തിന് പ്രേരണാശക്തിയായും നിലകൊള്ളുന്നത് ജ്ഞാനമാണ്. ജ്ഞാനകേരളവും ക്ഷേമ കേരളവും സമന്വയിക്കുന്നത് ആ ജ്ഞാനവും സഹജീവികളോടുള്ള അനുകമ്പാർദ്രമായ സ്നേഹവും രഞ്ജിപ്പാർന്ന് നിൽക്കുമ്പോഴാണ്. ലോകമെങ്ങുമുള്ള മാനവർക്കെന്നോണം നമുക്കും മുതൽക്കൂട്ട് അറിവും ജീവിതവും തമ്മിലെ ആ സമന്വയമാണ്. അതിന്റെഏറ്റവും പ്രബുദ്ധവും അതുല്യവുമായ മാതൃകയൊരുക്കാൻ കഴിഞ്ഞതാണ് കേരളമെന്ന മഹാവികാരമായി നമ്മെ ചേർത്തുനിർത്തുന്നത്. അതേ വികാരവായ്പോടെ നമ്മുടെ ഭാഷയ്ക്കും സംസ്കൃതിയ്ക്കും സന്തുലിതജീവിതത്തിനും ഈടുവെപ്പാകാൻ എന്റെയും വായനക്കാരേവരുടെയും സമകാലത്തിന് കഴിയട്ടെ. സ്നേഹാദരങ്ങളോടെ കേരളപ്പിറവി ആശംസകൾ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.