അറബിക്കടലിനോട് ചേർന്ന് തമിഴ്നാടും കർണാടകയും അതിർത്തി പങ്കിടുന്ന മലയാള നാട്, കേരളം. 1956 നവംബർ ഒന്നിന് പിറവികൊണ്ട കേരളത്തിന് 68 വയസാകുന്നു. പ്രകൃതിയൊരുക്കിയ വിസ്മയത്തിനൊപ്പം മലയാളികളുടെ ഒത്തൊരുമയും സംസ്കാരവുമെല്ലാം കേരളത്തിന്റെ യശ്ശസുയർത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ കേരളം എന്നും ഒന്നാമതായിരുന്നു. മഹാമാരിയും പ്രളയവുമെല്ലാം കേരളത്തെ തളർത്താൻ ശ്രമിച്ചെങ്കിലും തലയെടുപ്പോടെ ഒന്നാമതായി കേരളം ഉയിർത്തെഴുന്നേറ്റു. കേരളത്തിന്റെ മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിയാം.
ഉയർന്ന സാക്ഷരത നിരക്ക്. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം. 1991 ഏപ്രിൽ 18ന് കേരളം സമ്പൂർണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടക്കുമ്പോൾ 90.80 ശതമാനമാണ് കേരളത്തിലെ സാക്ഷരത നിരക്ക്. 2011ലെ കണക്കനുസരിച്ച് 93.91 ശതമാനമാണ് കേരളത്തിലെ സാക്ഷരത നിരക്ക്. പത്തനംതിട്ട (96.33 ശതമാനം) ആണ് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല. തൊട്ടുപിന്നിൽ കോട്ടയവും ആലപ്പുഴയും. പാലക്കാടാണ് ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള (88.49 ശതമാനം) ജില്ല.
എന്റെ കേരളം ആഘോഷിക്കാം മലയാള നാടിന്റെ പിറവി
ദേശീയ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക്, ജനസംഖ്യയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം, ഉയർന്ന ആയുർദൈർഘ്യം എന്നിവയുടെ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടർന്നുപോരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലിംഗസമത്വം കേരളം ഉറപ്പുനൽകിപ്പോരുന്നു. ട്രാൻസ്ജെൻഡർ നയം അവതരിപ്പിച്ച ആദ്യ സംസ്ഥാനവും കേരളംതന്നെ.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രകൃതിയൊരുക്കുന്ന വിസ്മയവും കേരളത്തെ വ്യത്യസ്തമാക്കുന്നു. ഇന്ത്യയിൽനിന്നു മാത്രമല്ല, ആഗോളതലത്തിൽനിന്ന് കേരളം സന്ദർശിക്കാനും ആസ്വദിക്കാനുമെത്തുന്നവർ ഏറെയാണ്. മലകൾ, കായലുകൾ, കടലോരങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും അമൂല്യമായ ജൈവവൈവിധ്യങ്ങളുടെ സാന്നിധ്യവും കേരളത്തിന്റെ പ്രധാന കാഴ്ചകളാണ്. കൂടാതെ, പൈതൃക സാംസ്കാരികകേന്ദ്രങ്ങളും കേരളത്തിന്റെ മുതൽക്കൂട്ടാണ്.
പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കരകൗശലം, കൈത്തറി തുടങ്ങിയവക്കൊപ്പം ആധുനിക വ്യവസായങ്ങളും കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥക്ക് കരുത്തുപകരുന്നു. ചെറുകിട കുടിൽ വ്യവസായങ്ങൾ, വൻകിട സംരംഭങ്ങൾ, കൃഷി, സേവനം, ടൂറിസം തുടങ്ങിയവയുടെ സമന്വയമാണ് കേരള സമ്പദ്‍വ്യവസ്ഥ.
ഉത്സവങ്ങൾ, കല, സംഗീതം, നൃത്തം, ആയുർവേദം, മതപരമായ വൈവിധ്യം, സൗഹൃദം എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രശസ്തമാണ്. സാംസ്കാരിക-സാമൂഹിക മേഖലകളിൽ പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ കലയും സാംസ്കാരികവും വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.