ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമന്റെ (ചന്ദ്രശേഖര വെങ്കട രാമൻ) വിശ്വപ്രസിദ്ധ കണ്ടുപിടിത്തം ‘രാമൻ ഇഫക്ടി’ന്റെ ഓർമക്കായാണ് ഇന്ത്യയിൽ ശാസ്ത്രദിനം ആചരിക്കുന്നത്. ശാസ്ത്രനേട്ടങ്ങൾ ആഘോഷിക്കുന്നതിനും ഭാവി തലമുറക്ക് ശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്തുന്നതിനും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം ഒരു സുപ്രധാന അവസരമാകുന്നു. ലോകത്തിന്റെ വളർച്ചയുടെ അടിസ്ഥാനം ശാസ്ത്രമാണ്. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രമേഖലകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ശാസ്ത്ര സാങ്കേതിക വിദ്യയെ മാറ്റിനിർത്തി ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ശാസ്ത്രദിനത്തെക്കുറിച്ച് കൂടുതലായി അറിയാം.
സി.വി. രാമൻ 1928ൽ പ്രസിദ്ധമായ ‘രാമൻ ഇഫക്ട്’ കണ്ടുപിടിത്തം നടത്തിയതിന്റെയും അദ്ദേഹത്തിന് 1930ലെ നൊബേൽ പുരസ്കാരം ലഭിച്ചതിന്റെയും ഓർമക്കായാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. 1986ൽ നാഷനൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ കേന്ദ്രസർക്കാറിനോട് ആ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കാൻ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് ആ വർഷം മുതൽ ഫെബ്രുവരി 28ന് ശാസ്ത്രദിനം ആചരിക്കാൻ തുടങ്ങി.
ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഒരേയൊരു ഇന്ത്യക്കാരൻ, ശാസ്ത്ര നൊബേൽ ലഭിക്കുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെയാൾ, ഏഷ്യയിൽനിന്നുള്ള ആദ്യ ശാസ്ത്ര നൊബേൽ ജേതാവ് തുടങ്ങിയ വിശേഷണങ്ങൾക്ക് ഉടമയാണ് സി.വി. രാമൻ. 1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുവാണൈകോവിലിലാണ് സി.വി. രാമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിശാഖപട്ടണത്തെ സെന്റ് അലോഷ്യസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ചേർന്നു. സ്കോളർഷിപ്പോടെ ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ കോഴ്സ് അദ്ദേഹം 13ാം വയസ്സിൽ പൂർത്തിയാക്കി. 14ാം വയസ്സിൽ മദ്രാസ് പ്രസിഡൻസി കോളജിൽ ബിരുദ പഠനത്തിനായി ചേരുകയും 1904ൽ സ്വർണ മെഡലോടെ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം ബിരുദാനന്തര ബിരുദം നേടി. 1917ൽ കൽക്കത്ത സർവകലാശാലയിൽ ഫിസിക്സ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. ആ വർഷംതന്നെ ലോകസുന്ദരി അമ്മാളിനെ വിവാഹം കഴിച്ചു. രണ്ടു മക്കൾ ചന്ദ്രശേഖറും രാധാകൃഷ്ണനും. അറിയപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞനാണ് രാധാകൃഷ്ണൻ.
ഫിസിക്സ് പ്രഫസറായി നിയമിതനായതോടെ കൊൽക്കത്തയിലെ തന്നെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസസ് (ഐ.സി.എ.എസ്) എന്ന സ്ഥാപനത്തിൽ ഗവേഷണങ്ങൾക്കും അദ്ദേഹം തുടക്കംകുറിച്ചു. ഐ.സി.എ.എസിന്റെ സെക്രട്ടറികൂടിയായിരുന്നു അദ്ദേഹം. പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട ‘രാമൻ പ്രഭാവം’ എന്ന സിദ്ധാന്തത്തിന് രൂപം നൽകുന്നതും അതുസംബന്ധിച്ച പരീക്ഷണം നടത്തുന്നതും ഇവിടെവെച്ചായിരുന്നു. പദാർഥങ്ങളുടെ ഘടന മനസ്സിലാക്കുന്നതിന് സഹായകമായ ഈ സിദ്ധാന്തം പല ശാസ്ത്രവേദികളിലും അദ്ദേഹം അവതരിപ്പിച്ചു. ‘രാമൻ പ്രഭാവ’ത്തിന് 1929ലെ നൊബേൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. തൊട്ടടുത്ത വർഷം 1930ൽ ശാസ്ത്ര നൊബേൽ അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ ഫ്രാങ്ക്ലിൻ മെഡലും ലെനിൻ പീസ് പ്രൈസുമെല്ലാം അദ്ദേഹം നേടി. 1954ൽ ഭാരത് രത്ന നൽകി രാജ്യം ആദരിച്ചു.
ബംഗളൂരുവിൽ അദ്ദേഹം സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം ഭാഗികമായി ഭേദമായതോടെ തന്റെ അന്ത്യം ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചാകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇതോടെ അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ഇവിടെയുള്ള ജേണലുകളൊന്നും നശിപ്പിക്കരുതെന്നും നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയുടെ അടയാളമാണ് അതെന്നും തന്റെ ശിഷ്യൻമാരെ അദ്ദേഹം ഓർമിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു ഭാരവാഹികളെ വിളിച്ചുവരുത്തി സ്ഥാപനത്തിന്റെ ഭാവികാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ പിറ്റേന്ന്, 1970 നവംബർ 21ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
ശാസ്ത്രീയമായ അടിത്തറയാണ് ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം. അതിനാൽതന്നെ ശാസ്ത്രബോധവും ശാസ്ത്രചിന്തയും വളർത്തിയെടുക്കാൻ ശ്രമിക്കണം. വെറും മാർക്കിന് മാത്രമല്ലാതെ, നല്ല ഭാവിക്കായി വിദ്യാർഥികൾ ശാസ്ത്രാവബോധം വളർത്തണം. ശാസ്ത്ര നേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സമൂഹവും മനുഷ്യരുമാണെന്ന് മനസിലാക്കണം. ജീവനും ജീവിതത്തിനും വികസനത്തിനും പ്രകൃതിക്കുമെല്ലാം നല്ലത് കൊണ്ടുവരാൻ ശാസ്ത്രത്തിന് കഴിയും. ചുറ്റുംകാണുന്ന എല്ലാത്തിലും ശാസ്ത്രമുണ്ടെന്ന് മനസ്സിലാക്കി മുന്നോട്ടുപോകണം.
മനുഷ്യൻ നടത്തിയ ചാന്ദ്രയാത്രകളെക്കുറിച്ച് അറിയാം. നാസയുടെ അപ്പോളോ 11ലാണ് ആദ്യമായി ചന്ദ്രനിലിറങ്ങിയ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും യാത്ര തിരിച്ചത്. ഇങ്ങനെ ആറ് യാത്രകളിലായി 12 പേർ ചന്ദ്രനിലിറങ്ങി നടന്നു. എന്നാൽ യഥാർഥത്തിൽ, ഈ യാത്രകളിലെല്ലാം മൂന്നു പേർ വീതമുണ്ടായിരുന്നു. രണ്ടുപേർ ചന്ദ്രനിലിറങ്ങുേമ്പാൾ വാഹനം നിയന്ത്രിക്കുന്നതിനായി മൂന്നാമൻ അവിടെതന്നെ ഇരിക്കും. കമാൻഡ് മൊഡ്യൂളിെൻറ ചുമതലക്കാരനാണ് ഈ മൂന്നാമൻ. ചന്ദ്രോപരിതലത്തിന്റെ അടുത്തെത്തിയിട്ടും (ഏകദേശം 60 മൈൽ) അവിടെ ഇറങ്ങാൻ കഴിയാത്ത ഭാഗ്യദോഷികൾ. ആംസ്ട്രോങ്ങും ആൽഡ്രിനും ഭൂമിയിൽ മടങ്ങിയെത്തി ഏറെ ആഘോഷിക്കപ്പെട്ടു. എന്നാൽ, മൂന്നാമനായ മൈക്കിൾ കോളിൻസിനെ ആരും തിരഞ്ഞില്ല.
റേഡിയോ, ടി.വി, വിമാനം... കണ്ടുപിടിത്തങ്ങളുടെ പട്ടികക്കൊപ്പം അത് കണ്ടുപിടിച്ച വ്യക്തിയുടെ പേരുമുണ്ടാകും. എന്നാൽ, ബഹിരാകാശ ഗവേഷണ രംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന റോക്കറ്റ് കണ്ടുപിടിച്ചത് ആരാണെന്നറിയാമോ? റോക്കറ്റ് എന്ന ആശയം എന്നുണ്ടായി എന്നതിന് കൃത്യമായ തെളിവുകളില്ല. കണ്ടുപിടിച്ചതാവട്ടെ, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുമല്ല. ഒട്ടേറെ വ്യക്തികളുടെ ഭാവനകളിലൂടെയും ഗഹനചിന്തകളിലൂടെയും പരീക്ഷണങ്ങളിലൂടെയും വളർന്നു വികസിച്ചുവന്നതാണ് റോക്കറ്റ്. എ.ഡി ഒമ്പതാം നൂറ്റാണ്ട് മുതൽ ചൈനയിൽ കരിമരുന്ന് ഉപയോഗം ആരംഭിച്ചിരുന്നു. കരിമരുന്ന് നിറച്ച മുളങ്കുറ്റികൾ സ്ഫോടന സമയത്ത് എതിർദിശയിലേക്ക് ചലിക്കുന്നത് കണ്ട ചൈനക്കാർ, തീയമ്പിനെ ലക്ഷ്യസ്ഥാനത്തേക്ക് പായിക്കാൻ ഈ വിദ്യ ഉപയോഗപ്പെടുത്തി. 1232ൽ നടന്ന കോയി-കൊങ് യുദ്ധത്തിൽ ചൈനക്കാർ മംഗോളിയർക്കെതിരെ ഇത്തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ശിൽപിയും ചിത്രകാരനുമായിരുന്ന ലിയണാഡോ ഡാവിഞ്ചിയാണ് (1452-1519) പറക്കുന്ന യന്ത്രങ്ങളെക്കുറിച്ച് ആദ്യമായി ചിന്തിച്ചതും ഡിസൈനുകൾ വരച്ചതും. നാലു നൂറ്റാണ്ടുകൾ കഴിഞ്ഞ് 1903 ലാണ് റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തുന്നത്.
ബോംബുകൾ വിക്ഷേപിക്കാനുള്ള റോക്കറ്റ് നിർമിക്കാനുള്ള ഹിറ്റ്ലറുടെ നിർദേശപ്രകാരം 1942ൽ നിർമിക്കപ്പെട്ട വി-2 റോക്കറ്റാണ് ലോകത്തെ ആദ്യത്തെ ശരിയായ റോക്കറ്റ്. ജർമൻ എൻജിനീയർ ആയ വെർണെർ വോൺ ബ്രൗൺ ആയിരുന്നു ഇതിെൻറ മുഖ്യ ശിൽപി. 1941ൽ ജർമനിയിലെത്തിച്ചേർന്ന ഹെർമൻ ഒബെർത്തും വി-2 റോക്കറ്റ് നിർമാണത്തിൽ പ്രധാന പങ്കു വഹിച്ചു.
1957 ഒക്ടോബർ 4ന് സ്പുട്നിക്-1 എന്ന ആദ്യ കൃത്രിമോപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച റോക്കറ്റ് ആണ് ആദ്യത്തെ ബഹിരാകാശ റോക്കറ്റ്. ഇതിെൻറ പേരും ‘സ്പുട്നിക്’ എന്നു തന്നെ. സോവിയറ്റ് യൂനിയെൻറ ഈ റോക്കറ്റ് രൂപകൽപന ചെയ്തത് സെർജിപാവ് ലോവിച്ച് കോറൊലേവ് എന്ന എൻജിനീയർ ആയിരുന്നു. അദ്ദേഹം ‘ചീഫ് ഡിസൈനർ’ എന്ന പേരിൽ അറിയപ്പെടുന്നു.
നിലാവോ കാർമേഘമോ ഇല്ലാത്ത തെളിഞ്ഞ ആകാശമാണ് നിരീക്ഷണത്തിനുത്തമം. നിരീക്ഷണസ്ഥലത്ത് വൈദ്യുതിവിളക്കുകളൊന്നുമുണ്ടാകരുത്. നാലു ദിക്കിലും ചക്രവാളം വരെ കാണാവുന്ന വയലുകൾ, കുന്നുകൾ, ടെറസുകൾ തുടങ്ങിയ സ്ഥലങ്ങൾ വേണം നിരീക്ഷണത്തിന് തെരഞ്ഞെടുക്കാൻ. തറയിൽ തുണി വിരിച്ച് മലർന്ന് കിടന്ന് നിരീക്ഷിക്കുന്നതാണ് കൂടുതൽ ഉചിതം. രാത്രി 7.30നും 9.30നും ഇടയിലുള്ള സമയത്ത് നിരീക്ഷണം നടത്താം.
ഭാവനാപൂർവം നിരീക്ഷിച്ചാൽ ആകാശത്ത് ഓരോ ഭാഗത്തുമുള്ള നക്ഷത്രങ്ങളെ ചേർത്ത് ചില രൂപങ്ങൾ സങ്കൽപിക്കാൻ കഴിയും. സിംഹം, തേൾ, പാമ്പ്, മനുഷ്യൻ തുടങ്ങിയ ജീവികൾ, കൊടുവാൾ, കലപ്പ, കുരിശ്, അമ്മി തുടങ്ങിയ ഉപകരണങ്ങൾ എല്ലാം ഇപ്രകാരം വരക്കാം. സമീപ നക്ഷത്രങ്ങളെ ചേർത്തു വരച്ചാൽ ലഭിക്കുന്ന ഇത്തരം രൂപങ്ങളാണ് നക്ഷത്രഗണങ്ങൾ (Constellations). ഇങ്ങനെ ഗണങ്ങളാക്കി തിരിച്ചാണ് പണ്ടേക്കു പണ്ടേ മനുഷ്യൻ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞിരുന്നത്. ആകാശത്തെ നക്ഷത്രങ്ങളെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ 88 ഗണങ്ങളായി തിരിച്ചിട്ടുണ്ട്.
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാം. ഗ്രഹങ്ങൾ നക്ഷത്രങ്ങളെപ്പോലെ മിന്നില്ല എന്നതും പൊതുവെ കൂടിയ ശോഭയിൽ കാണുന്നു എന്നതും അവയെ തിരിച്ചറിയാൻ സഹായിക്കും.
ഒറ്റവാക്കിൽ പറഞ്ഞാൽ സൂര്യൻ ഭ്രമണം ചെയ്യുന്നത് നമുക്ക് ഭൂമിയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ, മറ്റു ചില രീതികളിൽ സൂര്യെൻറ ഭ്രമണം തിരിച്ചറിയാൻ സാധിക്കും. സൂര്യനെ നിരീക്ഷിക്കുമ്പോൾ അതിെൻറ ഉപരിതലത്തിൽ ചില വേളകളിൽ ചില കറുത്ത പുള്ളികൾ കാണാറുണ്ട്. ഈ കറുത്ത പുള്ളികളാണ് സൗരകളങ്കങ്ങൾ (Sun spots). ഇവയുടെ നിരീക്ഷണത്തിലൂടെയാണ് സൂര്യെൻറ ഭ്രമണം തിരിച്ചറിയാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.