റോക്കറ്റ് എന്ന ആശയം എന്നുണ്ടായി എന്നതിന് കൃത്യമായ തെളിവുകളില്ല. അതു കണ്ടുപിടിച്ചതാവട്ടെ, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുമല്ല. ഒട്ടേറെ വ്യക്തികളുടെ ഭാവനകളിലൂടെയും ഗഹനചിന്തകളിലൂടെയും പരീക്ഷണങ്ങളിലൂടെയും വളർന്നു വികസിച്ചുവന്നതാണ് റോക്കറ്റ്.എ.ഡി ഒമ്പതാം നൂറ്റാണ്ട് മുതൽ ചൈനയിൽ കരിമരുന്ന് ഉപയോഗം ആരംഭിച്ചിരുന്നു. കരിമരുന്ന് നിറച്ച മുളങ്കുറ്റികൾ സ്ഫോടന സമയത്ത് എതിർദിശയിലേക്ക് ചലിക്കുന്നത് കണ്ട ചൈനക്കാർ, തീയമ്പിനെ ലക്ഷ്യസ്ഥാനത്തേക്ക് പായിക്കാൻ ഈ വിദ്യ ഉപയോഗപ്പെടുത്തി. 1232ൽ നടന്ന കോയി-കൊങ് യുദ്ധത്തിൽ ചൈനക്കാർ മംഗോളിയർക്കെതിരെ ഇത്തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.

പറക്കൽ സ്വപനംകണ്ട ചിത്രകാരൻ

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ശിൽപിയും ചിത്രകാരനുമായിരുന്ന ലിയണാഡോ ഡാവിഞ്ചിയാണ് (1452-1519) പറക്കുന്ന യന്ത്രങ്ങളെക്കുറിച്ച് ആദ്യമായി ചിന്തിച്ചതും ഡിസൈനുകൾ വരച്ചതും. നാലു നൂറ്റാണ്ടുകൾ കഴിഞ്ഞ് 1903 ലാണ് റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തുന്നത്. ആദ്യ റോക്കറ്റ് പറന്നുയരാൻ പിന്നീട് മൂന്നു പതിറ്റാണ്ടുകൾ മാത്രമേ വേണ്ടി വന്നുള്ളൂ.

ഊർജ്ജം നൽകിയ കാൽപനിക കഥകൾ

19ാം നൂറ്റാണ്ടിൽ ഇറങ്ങിയ ചില ശാസ്ത്രകാൽപനിക കഥകൾ റോക്കറ്റുകളുടെ കണ്ടുപിടിത്തത്തിന് ഏറെ ഊർജ്ജം നൽകിയിട്ടുണ്ട്. 'ശാസ്ത്രകാൽപനികതയുടെ പിതാവ്' എന്നറിയപ്പെടുന്ന ജൂൾസ് വെർണെയുടെ (Jule Verne, 1828-1905) ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് (From earth to the moon) എന്ന പുസ്തകം ഇതിൽ പ്രധാനപ്പെട്ടതാണ്. മൂന്നുമനുഷ്യർ കയറിയ ഒരു കാപ്സ്യൂളിനെ ഒരു ഭീമൻ പീരങ്കി ഉപയോഗിച്ച് ചന്ദ്രനിലേക്ക് തൊടുത്തുവിടുന്നതാണ് കഥ. എച്ച്.ജി. വെൽസി​ന്‍റെ 'ചന്ദ്രനിലെത്തിയ ആദ്യത്തെ മനുഷ്യൻ' (The first man on the moon) എന്ന നോവൽ, പ്രശസ്ത ആസ്ട്രിയൻ സിനിമാ നിർമാതാവായിരുന്ന ഫ്രിറ്റ്സ് ലാങ് 1929ൽ നിർമിച്ച 'വുമൺ ഇൻ ദ മൂൺ' എന്ന സിനിമ എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു.

വലിയ സ്വപ്​നങ്ങളുമായി ഒരധ്യാപകൻ

റഷ്യയിലെ ഗണിതാധ്യാപകനായിരുന്ന കോൺസ്​റ്റാൻറിൻ സിയോൾസ്​കോവ്സ്കിയാണ് (1857-1935) ബഹിരാകാശ ഗവേഷണങ്ങൾക്ക് റോക്കറ്റുകൾ ഉപയോഗിക്കാം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. എരിയുന്ന റോക്കറ്റിൽ നിന്നും പുറത്തേക്ക് വമിക്കുന്ന വാതകങ്ങളുടെ വേഗതയാണ് റോക്കറ്റി​െൻറ വേഗതയെ നിർണയിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ഖര ഇന്ധനങ്ങൾക്കുപകരം ദ്രവ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൾട്ടി സ്​റ്റേജ് റോക്കറ്റുകൾക്ക് കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാനാകുമെന്നും, അവക്കേ ഭൂമിയുടെ ഗുരുത്വാകർഷണത്തെ ഭേദിക്കാനാവൂ എന്നും അദ്ദേഹം സമർഥിച്ചു. ശൂന്യാകാശത്തിലൂടെയും റോക്കറ്റിന് പോകാനാകുമെന്ന് അദ്ദേഹം സ്ഥാപിച്ചു. 1903ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തി​െൻറ 'ബഹിരാകാശ യാത്രകളിലേക്ക് ഒരന്വേഷണം' എന്ന പ്രബന്ധമാണ് റോക്കറ്റ് സിദ്ധാന്തത്തിന് മൗലികമായ അടിത്തറ പാകിയത്. സിയോൾസ്​കോവ്സ്കി 'ബഹിരാകാശ യാത്രയുടെ പിതാവ്' എന്നറിയപ്പെടുന്നു.


ഇച്ഛാശക്തിയുള്ള റോബർട്ട് ഗോർഡഡ്

ദ്രവ ഇന്ധന റോക്കറ്റുകൾ ആദ്യമായി നിർമിച്ചതും വിക്ഷേപിച്ചതും അമേരിക്കയിലെ റോബർട്ട് ഗോർഡഡ് ആയിരുന്നു. അദ്ദേഹവും ഒരു അധ്യാപകനായിരുന്നു - അമേരിക്കയിലെ ക്ലാർക്ക് യൂനിവേഴ്സിറ്റിയിൽ. 1926ൽ അദ്ദേഹം ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിർമിച്ചതോടെ സിയോൾസ്​കോവ്സ്കിയുടെ നിഗമനങ്ങൾ ശരിയാണെന്നു തെളിഞ്ഞു. ഈ റോക്കറ്റിൽ ചില പരീക്ഷണ ഉപകരണങ്ങൾ കൂടി അദ്ദേഹം ഘടിപ്പിച്ചിരുന്നു. 'ആധുനിക റോക്കറ്റ് തന്ത്രത്തി​ന്‍റെ പിതാവ്' എന്ന പേരിൽ റോബർട്ട് ഗോർഡഡ് അറിയപ്പെടുന്നു.

ഗോർഡഡി​ന്‍റെ ആദ്യകാല റോക്കറ്റുകൾ പരാജയമായിരുന്നു. ഗോർഡഡി​െൻറ ഒരു റോക്കറ്റ് അര കിലോമീറ്റർ മാത്രം പറന്നപ്പോൾ ഒരു പത്രം ഇങ്ങനെ പരിഹസിച്ചെഴുതി: 'ചാന്ദ്രറോക്കറ്റ് ലക്ഷ്യത്തിന് 2,38,799.5 നാഴിക അടുത്തെത്തി.' എന്നാൽ, 1935 ആയപ്പോഴേക്കും അദ്ദേഹത്തിന് ഏറെ ദൂരം പറക്കുന്ന റോക്കറ്റുകൾ നിർമിക്കാനായി. അവക്ക് മണിക്കൂറിൽ ആയിരം കിലോമീറ്റർ വേഗതയിൽ 2300 വരെ മീറ്റർ ഉയരത്തിൽ പറക്കാനായി.


ആദ്യത്തെ ശരിയായ റോക്കറ്റ്

ബോംബുകൾ വിക്ഷേപിക്കാനുള്ള റോക്കറ്റ് നിർമിക്കാനുള്ള ഹിറ്റ്​ലറുടെ നിർദേശപ്രകാരം 1942ൽ നിർമിക്കപ്പെട്ട വി-2 റോക്കറ്റാണ് ലോകത്തെ ആദ്യത്തെ ശരിയായ റോക്കറ്റ്. ജർമൻ എൻജിനീയർ ആയ വെർണെർ വോൺ ബ്രൗൺ ആയിരുന്നു ഇതി​െൻറ മുഖ്യ ശിൽപി. 1941ൽ ജർമനിയിലെത്തിച്ചേർന്ന ഹെർമൻ ഒബെർത്തും വി-2 റോക്കറ്റ് നിർമാണത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ആദ്യത്തെ ബഹിരാകാശ റോക്കറ്റ്

1957 ഒക്ടോബർ 4ന് സ്പുട്നിക്​-1 എന്ന ആദ്യ കൃത്രിമോപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച റോക്കറ്റ് ആണ് ആദ്യത്തെ ബഹിരാകാശ റോക്കറ്റ്. ഇതി​െൻറ പേരും 'സ്പുട്നിക്​' എന്നു തന്നെ. സോവിയറ്റ് യൂനിയ​െൻറ ഈ റോക്കറ്റ് രൂപകൽപന ചെയ്തത് സെർജിപാവ് ലോവിച്ച് കോറൊലേവ് എന്ന എൻജിനീയർ ആയിരുന്നു. അദ്ദേഹം 'ചീഫ് ഡിസൈനർ' എന്ന പേരിൽ അറിയപ്പെടുന്നു.

Tags:    
News Summary - who invented rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-10 10:03 GMT