ഒരിക്കലെങ്കിലും കടൽ കാണാത്ത ആരെങ്കിലുമുണ്ടോ? കടൽത്തീരത്തെ പഞ്ചാരമണലിൽ സ്വന്തം പേരെഴുതി തിരമാലകളെക്കൊണ്ട് മായ്പ്പിക്കുക, സദാസമയവും വീശുന്നകാറ്റിൽ പട്ടം പറത്തുക എന്നിവ കടൽത്തീരത്തെത്തുന്ന കുട്ടികളുടെ ഇഷ്ട വിനോദമാണ്. സന്ധ്യാസമയത്ത് കടൽത്തീരത്തിരുന്ന് കാറ്റുകൊള്ളാൻ മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്നു. എന്താണ് കടൽത്തീരത്ത് സദാസമയവും കാറ്റ് വീശാൻ കാരണം?
1. കടൽത്തീരത്ത് സദാ വീശുന്ന കാറ്റിെൻറ കാരണം കണ്ടെത്താനായി ഒരു പരീക്ഷണം ചെയ്യാം. ഒരേ പോലുള്ള രണ്ട് പരന്ന പാത്രങ്ങളിൽ ഒന്നിൽ അൽപം വെള്ളവും മറ്റേതിൽ അൽപം മണലും എടുക്കുക. രണ്ടും ഉച്ചക്ക് 12 മണി മുതൽ രണ്ട് മണി വരെ നന്നായി വെയിലേൽക്കുന്ന ഒരു സ്ഥലത്ത് വെക്കുക. ശേഷം നിങ്ങളുടെ ചൂണ്ടുവിരൽ അവ രണ്ടിലും താഴ്ത്തി നോക്കി വെള്ളമാണോ മണലാണോ കൂടുതൽ ചൂടു പിടിച്ചത് എന്ന് കണ്ടെത്തുക. തെർമോമീറ്റർ ലഭ്യമാണെങ്കിൽ താപവ്യത്യാസം കൃത്യമായി അറിയാം. പിന്നീട് ഈ പാത്രങ്ങൾ റൂമിനുള്ളിലേക്ക് മാറ്റി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് മണലിെൻറയും വെള്ളത്തിെൻറയും താപനില വിരൽതുമ്പ് മുക്കിയോ തെർമോമീറ്റർ ഉപയോഗിച്ചോ വീണ്ടും പരിശോധിക്കുക. നേടിയ താപം കൂടുതൽ നിലനിർത്തുന്നത് ഏതാണെന്ന് കണ്ടെത്തുക. വെയിലത്തു വെച്ചപ്പോൾ വേഗത്തിൽ ചൂടായ മണൽ തണലത്ത് വെച്ചപ്പോൾ പെട്ടെന്ന് തണുത്തത് കാണാം. എന്നാൽ വെള്ളത്തിന് വെയിലിൽ നിന്നും ലഭിച്ച താപത്തിൽ നല്ലൊരു പങ്ക് അത് അപ്പോഴും നിലനിർത്തുന്നു എന്നും കാണാം.
മുകളിൽ വിശദീകരിച്ച പരീക്ഷണത്തിലെ വെള്ളത്തെ നമുക്ക് കടലായും മണലിനെ കരയായും സങ്കൽപ്പിക്കാം. വെയിലത്തു വെച്ചപ്പോൾ മണൽ വേഗം ചൂടു പിടിച്ചതും വെയിലത്തു നിന്നും മാറ്റിയപ്പോൾ പെട്ടെന്നു തണുത്തതും നാം കണ്ടല്ലോ. ഇതുപോലെ പകൽസമയത്ത് സൂര്യെൻറ ചൂടേറ്റ് കര വേഗം ചൂടാകുന്നു. സൂര്യാസ്തമയത്തോടെ തണുക്കുകയും ചെയ്യും. കടലും ചൂടാകുന്നുണ്ട്, സാവധാനത്തിൽ. നാം പരീക്ഷണത്തിൽ കണ്ട പോലെ കടൽ തണുക്കുന്നതും സാവധാനത്തിലാണ്. കടലും കരയും ചൂടാകുന്നതിലും തണുക്കുന്നതിലുമുള്ള ഈ വ്യത്യാസമാണ് കടൽത്തീരത്ത് എപ്പോഴും കാറ്റ് സൃഷ്ടിക്കുന്നത്.
2. സാമാന്യം വലുപ്പമുള്ള ഒരു ചില്ലു കുപ്പിയും ഒരു ബലൂണും എടുക്കുക. പലതവണ ഊതി വീർപ്പിച്ച് അയവു വരുത്തിയ ശേഷം ബലൂൺ കുപ്പിയുടെ വായ്ഭാഗത്ത് മുറുക്കി കെട്ടുക. ഈ കുപ്പി ഒരു പാത്രത്തിലെ ചൂടു വെള്ളത്തിൽ അൽപ്പനേരം ഇറക്കി വെച്ച് നിരീക്ഷിക്കൂ. ബലൂൺ ചെറുതായി വീർക്കുന്നതു കാണാം. ചൂടുവെള്ളത്തിൽ ഇറക്കി വെക്കുമ്പോൾ കുപ്പിക്കുള്ളിലെ വായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്കുയരുന്നതാണ് ബലൂൺ വീർക്കാൻ കാരണം.
പകൽ സമയത്ത് സൂര്യെൻറ ചൂട് കരക്കും കടലിനും ഒരു പോലെ ലഭിക്കുന്നു. എന്നാൽ നാം ആദ്യ പരീക്ഷണത്തിൽ കണ്ട പോലെ കര, കടലിനെക്കാൾ വേഗം ചൂടുപിടിക്കുന്നു. അതിനാൽ കരക്ക് മുകളിലുള്ള വായുവിെൻറയും ചൂട് കൂടുന്നു. ഇങ്ങനെ ചൂടുപിടിച്ച വായു, നാം രണ്ടാം പരീക്ഷണത്തിൽ കണ്ട പോലെ വികസിച്ച് മുകളിലേക്കുയരുന്നു. അങ്ങനെ കരയുടെ മുകളിലെ അന്തരീക്ഷമർദം കുറയുന്നു. അപ്പോൾ, താരതമ്യേന മർദം കൂടിയ കടലിനു മുകളിലെ ചൂട് കുറഞ്ഞ വായു കരയിലേക്ക് പ്രവഹിക്കുന്നു. ഇതാണ് കടൽക്കാറ്റ്. പുതുതായി കടലിനു മുകളിൽ നിന്നും കരയിലേക്ക് ഒഴുകിയെത്തുന്ന വായുവും ഇതേരീതിയിൽ ചൂടു പിടിച്ച് വികസിച്ച് മുകളിലേക്കുയരുമല്ലോ. അതിനാൽ പകൽസമയത്ത് കടൽക്കാറ്റ് തുടർച്ചയായി സംഭവിക്കുന്നു.
വേഗം ചൂടുപിടിക്കുന്നതു പോലെ, സൂര്യൻ അസ്തമിക്കുന്നതോടെ കര വേഗം തണുക്കുകയും ചെയ്യും. (ആദ്യ പരീക്ഷണം ഓർക്കുക). അതു കൊണ്ടാണ് വൈകുന്നേരങ്ങളിൽ കടൽത്തീരത്തെ മണൽത്തിട്ടയിലിരുന്ന് കാറ്റു കൊള്ളാൻ നമുക്ക് സാധിക്കുന്നത്. എന്നാൽ കടൽജലം ചൂടു പിടിക്കുന്നതും തണുക്കുന്നതും നാം പരീക്ഷണത്തിൽ കണ്ട പോലെ വളരെ സാവധാനത്തിലാണ്. പകൽ മുഴുവൻ വെയിലേറ്റ് വൈകുന്നേരമാകുമ്പോഴേക്കാണ് കടൽ പരമാവധി താപം ആർജിക്കുന്നത്. സാവധാനം മാത്രം തണുക്കുന്നതിനാൽ, ആർജിച്ച താപത്തിെൻറ ഒരു പങ്ക്അത് രാത്രി മുഴുവൻ നില നിർത്തുകയും ചെയ്യും. അതിനാൽ, രാത്രി സമയം കടലിനു മുകളിലുള്ള വായുവിന് കരയുടെ മുകളിലുള്ള വായുവിനെക്കാൾ ചൂട് കൂടുതലായിരിക്കും. അപ്പോൾ, രാത്രി കടലിനു മുകളിലുള്ള വായുവാകും വികസിച്ചിരിക്കുക. തൽഫലമായി രാത്രിസമയത്ത് കടലിനു മുകളിലുള്ള വായുവിെൻറ മർദം, കരക്ക് മുകളിലുള്ള വായുവിനെ അപേക്ഷിച്ച് കുറവായിരിക്കും. അതിനാൽ കരയിൽ നിന്ന് കടലിലേക്ക് കാറ്റ് വീശുന്നു. ഇതാണ് കരക്കാറ്റ്. ഇങ്ങനെ കടലിനു മുകളിൽ ഒഴുകിയെത്തുന്ന കരയിലെ വായു, കടലിനു മുകളിലുള്ള വായുമായി കലരുമ്പോൾ അതിെൻറയും താപനില ഉയരുന്നു. അത് വികസിച്ച് മുകളിലേക്കുയരുമ്പോൾ വീണ്ടും കരയിലെ വായു കടലിനു മുകളിലേക്ക് പ്രവഹിക്കുന്നു. ഈ പ്രക്രിയ നിരന്തരമായി തുടരുന്നതിനാൽ രാത്രി മുഴുവൻ കരക്കാറ്റ് തുടരുന്നു.
വായുവിെൻറ താപീയവികാസം സൃഷ്ടിക്കുന്ന മർദവ്യത്യാസവും അതുവഴിയുണ്ടാകുന്ന വായുവിെൻറസംവഹന പ്രവാഹവുമാണ് കടൽത്തീരത്ത് നിരന്തരമായി കാറ്റ് സൃഷ്ടിക്കുന്നത്. കടൽക്കാറ്റ് പകലും കരക്കാറ്റ് രാത്രിയുമാണ് ഉണ്ടാകുന്നത് എന്നു മാത്രം. വലിയ പാടശേഖരങ്ങൾ, അണക്കെട്ടുകളുടെ മുകൾപരപ്പ്, കുന്നിൻ ചരിവുകൾ എന്നിവിടങ്ങളിൽ നിൽക്കുമ്പോൾ അനുഭവപ്പെടുന്ന തുടർച്ചയായ കാറ്റും സൃഷ്ടിക്കുന്നത് വായുവിെൻറ താപീയവികാസം സൃഷ്ടിക്കുന്ന സംവഹന പ്രവാഹം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.