ലോകജനതയുടെ ഐക്യം സ്വപ്നം കണ്ട മനുഷ്യൻ, മാർട്ടിൻ ലൂഥർ കിങ്. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്നിരുന്ന വർണവിവേചനത്തിനെതിരെ ആയിരുന്നു കിങ്ങിന്റെ പ്രവർത്തനം. കറുത്തവർഗക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായിരുന്നു പോരാട്ടം. ഒടുവിൽ വർഗവിദ്വേഷികളുടെ തോക്കിനും ഇരയായി. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജീവിതത്തിലൂടെ...
അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്നിരുന്ന വർണ വിവേചനത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂഥർ കിങ്. 1929 ജനുവരി 15ന് ജോർജിയയിലെ അറ്റ്ലാന്റയിലാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജനനം. അമേരിക്കയിലെ കറുത്ത വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ധീര നേതാവായിരുന്നു അദ്ദേഹം. അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഫ്രിക്കൻ അമേരിക്കൻ പൗരന്മാർക്കിടയിൽ നിലനിന്നിരുന്ന വേർതിരിവ് അവസാനിപ്പിക്കാനും അതിലൂടെ മനുഷ്യാവകാശ സംരക്ഷണത്തിന് കൂടുതൽ ഊർജ്ജം പകരാനും അദ്ദേഹത്തിന് സാധിച്ചു.
അമേരിക്കയിൽ കടുത്ത വർണ വിവേചനം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ബസുകളിലടക്കം കറുത്ത വംശജർക്ക് വിവേചനം നേരിടേണ്ടി വന്നു. 1955ൽ കറുത്ത വർഗക്കാരിയായ റോസ പാർക്സ് ബസിൽ ഒരു വെള്ളക്കാരനായി സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി. ഇതിനെ തുടർന്ന് മോണ്ട്ഗോമറിയിലെ എൻ.എ.എ.സി.പി തലവനായിരുന്ന ഇ.ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണ സമരം നയിച്ചത് മാർട്ടിൻ ലൂഥർ കിങ്ങായിരുന്നു. സമരം 385 ദിവസം നീണ്ടു. ഇതോടെ കിങ് അറസ്റ്റിലാകുകയും അദ്ദേഹത്തിന്റെ വീടിനു നേരെ ബോംബേറുണ്ടാകുകയും ചെയ്തു. ഇതിനുപിന്നാലെ അലബാമയിലെ യു.എസ് കോടതി പ്രക്ഷോഭകർക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. മോണ്ട്ഗോമറിയിലെ ബസുകളിൽ വെള്ളക്കാർക്കായി പ്രത്യേകം നീക്കിവെച്ച സീറ്റുകൾ നിർത്തലാക്കുകയും ചെയ്തു.
മഹാത്മാഗാന്ധിയുടെ അഹിംസ തത്ത്വശാസ്ത്രത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരുന്നു ഇതിനെതിരെ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രവർത്തനങ്ങൾ. 1959ൽ ഒരുമാസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അദ്ദേഹം പൗരാവകാശങ്ങൾക്കുവേണ്ടി സമാധാനപൂർണമായ സമരങ്ങൾക്ക് നേതൃത്വം നൽകി. ഒടുവിൽ 1964ൽ സമാധാനത്തിനുള്ള നൊേബൽ നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാൾ എന്നതിലുപരി ഒരു പ്രസംഗകൻ കൂടിയായിരുന്നു മാർട്ടിൻ ലൂഥർ കിങ്. ആഫ്രിക്കൻ അമേരിക്കൻ ജനങ്ങളുടെ ജീവിതാവസ്ഥ തന്റെ പ്രസംഗങ്ങളിലൂടെ അദ്ദേഹം ലോകത്തിനു മുന്നിലേക്ക് തുറന്നുകാട്ടി. അതിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 1965ൽ വാഷിങ്ടണിൽ നടത്തിയ 'എനിക്കൊരു സ്വപ്നമുണ്ട്' എന്ന പ്രസംഗം. അന്ന് അദ്ദേഹത്തിന് 34 മാത്രമാണ് പ്രായം. അമേരിക്കയെ ഒന്നാകെ വിറപ്പിച്ച ഈ പ്രസംഗത്തിലൂടെ വിവേചനം ഇല്ലാത്ത അമേരിക്കയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.
1968 ഏപ്രിൽ നാലിന് മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെട്ടു. ലോറൻ മോട്ടിലെ തന്റെ മുറിക്ക് പുറത്തുള്ള ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ജെയിംസ് എന്ന വെളുത്ത വംശക്കാരനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.