വായിച്ചുവായിച്ച് യാത്രപോകാം

കാണാത്ത, കേട്ടുപരിചയിച്ച സ്ഥലങ്ങളിലൂടെയുള്ള ഒരു യാത്ര. അതാണ് ഓരോ യാത്രവിവരണവും. ഒാരോ യാത്രയും സമ്മാനിക്കുന്നത് പുത്തൻ അനുഭവങ്ങളും അനുഭൂതികളുമാണ്. ഈ യാത്രാനുഭവങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതാണ് യാത്രാവിവരണങ്ങളുടെ ദൗത്യം. ഒരു പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾക്കൊപ്പം അവിടത്തെ ജനങ്ങളുടെ ജീവിതവും യാ​ത്രാവിവരണങ്ങളിൽ അടയാളപ്പെടുത്തും.

യാത്രാവിവരണങ്ങൾ

സഞ്ചാരിയുടെ അനുഭവക്കുറിപ്പുകളാണ് യാത്ര വിവരണങ്ങൾ. യാത്രാനുഭവങ്ങൾ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നതിലൂടെ വായനക്കാർക്ക് പരിചിതവും അപരിചിതവുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്നു.

സഞ്ചാരസാഹിത്യത്തിന്റെ ചരിത്രത്തിൽ 'ഗിൽഗമേഷ്' എന്ന പുസ്തകത്തെയാണ് ആദ്യത്തെ യാത്രാവിവരണ പുസ്തകമായി പരിഗണിക്കുന്നത്. മെഗസ്തനീസ്, ഫാഹിയാൻ, ഹുയാങ് സാങ്, അൽബറൂണി, ഇബ്നു ബത്തൂത്ത എന്നിവരുടെ യാത്രക്കുറിപ്പുകൾക്കും മാർക്കോപോളോയുടെ 'ദ ബുക്ക് ഓഫ് മാർക്കോ പോളോ' പുസ്തകത്തിനും യാത്രാവിവരണത്തിന്റെ ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്.

പാറേമ്മാക്കൽ തോമാ കത്തനാരുടെ റോമ യാത്രയാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം. എ.ഡി 1790-1799നും ഇടയിലാണ് ഈ യാത്രാവിവരണം എഴുതിയതെന്ന് കണക്കാക്കപ്പെടുന്നു. മാർപാപ്പയെ കാണാൻ റോമിലേക്കുപോയ അനുഭവങ്ങളാണ് പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. തായാട്ട് ഗോവിന്ദ മേനോന്റെ കാശിയാത്ര റിപ്പോർട്ട്, ജി.പി. പിള്ളയുടെ ലണ്ടനും പാരിസും, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മദിരാശി യാത്ര എന്നിവ മലയാളത്തിലെ ആദ്യകാല യാത്രാവിവരണ കൃതികളാണ്.

പൊ​െറ്റക്കാട്ടിന്റെ യാത്രകൾ

മലയാളത്തിൽ സഞ്ചാരസാഹിത്യത്തിന് പുതിയ മാനങ്ങൾ നൽകിയത് എസ്.കെ. പൊ​െറ്റക്കാട്ടാണ്. വാർത്തവിനിമയ സംവിധാനങ്ങൾ പോലുമില്ലാതിരുന്ന കാലത്ത് അദ്ദേഹം ലോകത്തിലെ വിവിധ ഭാഗങ്ങൾ സഞ്ചരിക്കുകയും യാത്രാവിവരണത്തിലൂടെ മലയാളിയെ പരിചയപ്പെടുത്തുകയും ചെയ്തു. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ ലളിത ഭാഷയിലാണ് എസ്.കെ യാത്രാവിവരണങ്ങൾ എഴുതിയത്. അതുകൊണ്ടുതന്നെയാണ് എസ്.കെയുടെ യാത്രാവിവരണങ്ങൾ മറ്റുള്ളവയിൽനിന്നും വേറിട്ടുനിൽക്കുന്നതും.

1940കളിലാണ് എസ്.കെ തന്റെ യാത്രകളാരംഭിക്കുന്നത്. യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും മാത്രമല്ല, പ്രദേശത്തെ സംസ്കാരം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ചരിത്രപരമായ പ്രാധാന്യം, രാഷ്ട്രീയം തുടങ്ങി നിരവധി കാര്യങ്ങളും ജനങ്ങളുടെ ജീവിതവും അദ്ദേഹം തന്റെ യാത്രാവിവരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.കെയുടെ പ്രധാന 60 കൃതികൾ 18 എണ്ണം യാത്രാവിവരണങ്ങളാണ്. കാപ്പിരികളുടെ നാട്ടിൽ, യൂറോപ്പിലൂടെ, ലണ്ടൻ നോട്ട്ബുക്ക്, ബാലിദ്വീപ്, പാതിരാസൂര്യന്റെ നാട്ടിൽ, നൈൽ ഡയറി തുടങ്ങിയവയാണ് പ്രധാന യാത്രാവിവരണ കൃതികൾ. 1947ൽ പുറത്തിറങ്ങിയ കശ്മീർ ആണ് ആദ്യത്തെ യാത്രാവിവരണ കൃതി.

യാത്രാവിവരണം എങ്ങനെ തയാറാക്കാം

  • യാത്രാനുഭവങ്ങളെ ഭാവന കലർത്താതെ സത്യസന്ധമായി അവതരിപ്പിക്കുക
  • സഞ്ചാരാനുഭവങ്ങൾക്കൊപ്പം യാത്രചെയ്യുന്ന പ്രദേശത്തിന്റെ സംസ്കാരം, ചരിത്രം, ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ തുടങ്ങിയവയും ഉൾപ്പെടുത്താൻ ശ്രമിക്കുക
  • വായനക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ലളിതമായ ഭാഷ ഉപയോഗിക്കണം
  • വായനക്കാരിൽ മടുപ്പ് ഉണ്ടാക്കാത്ത തരത്തിലുള്ള രചന ശൈലി പിന്തുടരണം
  • യാത്രാവിവരണം എഴുതുന്നതിന് മുമ്പ് മികച്ച യാത്രാവിവരണ കൃതികൾ വായിക്കുന്നതും നല്ലതാണ്

ന്യൂജെൻ യാത്രകൾ

ദൃശ്യത്തിന്റെ അകമ്പടിയോടെയാണ് പുതുതലമുറ സഞ്ചാരാനുഭവങ്ങളെ അവതരിപ്പിക്കുന്നത്. യാത്രയിൽ കാണുന്ന കാഴ്ചകളെ കാമറയിലൂടെ സഞ്ചാരികൾ ഒപ്പിയെടുക്കുകയും ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം സഞ്ചാരികളും യാത്രാനുഭവങ്ങൾ നവമാധ്യമങ്ങളിലൂടെയാണ് പങ്കുവെക്കുന്നത്. യാത്രാനുഭവങ്ങൾ തൽസമയമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവരുമുണ്ട്. ട്രാവൽ വ്ലോഗുകൾക്കും പ്രിയമേറിവരുകയാണ്. സഞ്ചരിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിഡിയോകളിലൂടെ വ്ലോഗർമാർ നൽകുന്നു. കാലാനുസൃതമായി യാത്രാനുഭവങ്ങളുടെ അവതരണരീതിയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും യാത്രാവിവരണങ്ങൾ എന്നും നിലനിൽക്കുന്ന ഒരു സാഹിത്യശാഖയാണ്.

Tags:    
News Summary - Travel literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.