ആകാശനീലിമ... എന്തു​കൊണ്ടാണ് ആകാശത്തിന് നീല നിറം?

സൂര്യപ്രകാശം വായുമണ്ഡലത്തിലൂടെ കടന്നുവരുമ്പോൾ അത്​ വിസരണം (Scattering) എന്ന പ്രതിഭാസത്തിന് വിധേയമാകുന്നതാണ്​ ആകാശനീലിമക്ക് കാരണം. വായു തന്മാത്രകളും പൊടിപടലങ്ങളും പ്രകാശത്തെ ചിതറിക്കുന്ന പ്രതിഭാസമാണ്​ വിസരണം. ടിൻറൽ, റെയ്​ലി എന്നീ ശാസ്​ത്രജ്ഞന്മാരാണ് ആകാശത്തി​െൻറ നീല നിറത്തി​െൻറ കാരണം വിശദീകരിക്കാൻ ആദ്യമായി ശ്രമിച്ചവർ. എന്നാൽ, ഐൻസ്​​ൈറ്റ​െൻറ ഗവേഷണങ്ങളാണ്​ ഇതിന് കൃത്യമായ വിശദീകരണം നൽകിയത്. ഇതുപ്രകാരം അന്തരീക്ഷത്തിലെ നൈട്രജനും ഓക്സിജനുമാണ്​ സൂര്യപ്രകാശത്തിന് കാര്യമായ വിസരണം സൃഷ്​ടിക്കുന്നത്.

വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്​ എന്നിങ്ങനെ ഏഴു വർണങ്ങൾ ചേർന്നതാണ്​ സൂര്യപ്രകാശം. അന്തരീക്ഷത്തിൽവെച്ച് ഈ വർണങ്ങൾക്കെല്ലാം ഒരേ അളവിലല്ല വിസരണം. തരംഗദൈർഘ്യംകുറഞ്ഞ നിറങ്ങളാണ്​ കൂടുതലായി ചിതറുന്നത്. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്ന ക്രമത്തിലാണ്​ തരംഗദൈർഘ്യം കൂടിവരുന്നത്. അതിനാൽ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുക വയലറ്റ്, ഇൻഡിഗോ, നീല എന്നീ നിറങ്ങൾക്കാണ്. ഈ വർണങ്ങളുടെ വലിയ ഒരളവ് അന്തരീക്ഷത്തിൽ ചിതറി നഷ്​ടപ്പെടും. അപ്പോഴും വിസരണത്തിനു കാര്യമായി വിധേയമാകാത്ത പച്ച മുതൽ ചുവപ്പ്​ വരെയുള്ള വർണങ്ങളും ഒപ്പം അൽപം വയലറ്റ്, ഇൻഡിഗോ, നീലവർണങ്ങളും ഒന്നിച്ചുചേർന്ന്​ വെളുപ്പായി നമ്മുടെ കണ്ണിലെത്തും. അതിനാൽ സൂര്യപ്രകാശം നാം വെളുത്തുതന്നെ കാണുന്നു. എന്നാൽ, അന്തരീക്ഷത്തിൽവെച്ച് നീല കൂടുതലായി ചിതറുന്നതിനാൽ ആകാശം നീല നിറത്തിലും കാണുന്നു.

തരംഗദൈർഘ്യം ഏറ്റവും കുറവ്​ വയലറ്റിനായതിനാൽ അതിനല്ലേ കൂടുതൽ വിസരണം സംഭവിക്കുക എന്ന സംശയം സ്വാഭാവികമാണ്. സൂര്യപ്രകാശത്തിൽ വയലറ്റ്, ഇൻഡിഗോ എന്നീ വർണങ്ങളുടെ അളവ് നീലയെ അപേക്ഷിച്ച്​ വളരെ കുറവാണെന്നതാണ് ഒരു കാരണം. ഈ നിറങ്ങൾ കാണാനുള്ള നമ്മുടെ കണ്ണി​െൻറ കഴിവ് നീലയെ അപേക്ഷിച്ച്​ വളരെ കുറവാണ് എന്നതാണ് രണ്ടാമത്തെ കാരണം. ഒരു ആകാശഗോളത്തിെൻറ അന്തരീക്ഷത്തിലുള്ള ഘടകങ്ങളുടെ വൈവിധ്യം സൃഷ്​ടിക്കുന്ന പ്രകാശത്തി​െൻറ വിസരണം, ആഗിരണം, പ്രതിപതനം തുടങ്ങിയ പ്രതിഭാസങ്ങളാണ്​ അവയുടെ ആകാശത്തി​െൻറ നിറം നിർണയിക്കുന്നത്.

Tags:    
News Summary - Why is the Sky Blue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT