അന്ധമായ വിശ്വാസങ്ങൾക്ക് അടിപ്പെട്ടില്ലായിരുന്നെങ്കിൽ ലോകത്തെ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞനാകുമായിരുന്നു പാസ്ക്കൽ എന്നാണ് ചരിത്രകാരന്മാർ പറഞ്ഞിട്ടുള്ളത്. ഐസക് ന്യൂട്ടെൻറ മുൻഗാമിയും ദെക്കാർത്തെ, ഫെർമ എന്നിവരുടെ സമകാലികനുമായിരുന്നിട്ടും ചെറുപ്പത്തിലേ ഗണിതത്തിൽ അസാമാന്യ പ്രതിഭ തെളിയിച്ച പാസ്ക്കലിന് അവർക്കൊപ്പം എത്താനായില്ല. ഒരാൾ എന്താകുമായിരുന്നു എന്നതിലുപരി എന്തു ചെയ്തു എന്ന് വിലയിരുത്തുന്നതാവും നല്ലത്. പാസ്ക്കലിെൻറ വിചിത്ര സ്വഭാവം പഠിച്ചിട്ടുള്ളവർ പറയുന്നത് വരണ്ട നിലത്തു മുളച്ച വിത്തുപോലെയായിരുന്നു അദ്ദേഹത്തിെൻറ ജീവിതമെന്നാണ്. മഹത്തായ ആശയങ്ങൾ പിറന്നുവീണത് തെറ്റായ ഇടത്തായിരുന്നു. സ്വയം നശിച്ച പ്രതിഭ എന്നാണ് വേറെ ചിലരുടെ വിലയിരുത്തൽ.
ബ്ലെയ്സി പാസ്ക്കൽ (Blaise Pascal 1623-1662) 1623 ജനുവരി 19ന് ഫ്രാൻസിലെ ക്ലാർമോണ്ടിൽ ജനിച്ചു. പിതാവ് അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്നു. പാസ്ക്കലിന് നാലുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഗിൽബർട്ട്, ജാക്വിലിൻ എന്നിങ്ങനെ രണ്ട് സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. പാസ്ക്കലിന് ഏഴു വയസ്സുള്ളപ്പോൾ കുടുംബം പാരിസിലേക്ക് താമസം മാറ്റി. അന്നത്തെ വിദ്യാഭ്യാസ രീതിയിൽ ഭാഷക്കും വ്യാകരണത്തിനുമായിരുന്നു മുൻതൂക്കം. അതുകൊണ്ട് മകെൻറ ശ്രദ്ധ ഗണിതത്തിലേക്കുതിരിയാൻ പിതാവ് അനുവദിച്ചിരുന്നില്ല. എന്നാൽ, നിയന്ത്രണം ഏറുംതോറും പാസ്ക്കലിന് ഗണിതത്തോടുള്ള താൽപര്യം വർധിച്ചുകൊണ്ടിരുന്നു. ഒരു ത്രികോണത്തിലെ മൂന്നു കോണുകളുടെ അളവുകളുടെ തുക 1800 ആയിരിക്കും എന്ന സിദ്ധാന്തത്തിെൻറ തെളിവുമായി ഒരു ദിവസം പാസ്ക്കൽ പിതാവിന് മുന്നിലെത്തി. അന്ന് കുട്ടിക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം. പിതാവ് അമ്പരന്നുപോയി. സന്തോഷം കൊണ്ട് അദ്ദേഹം കണ്ണീരുപൊഴിച്ചു. മകന് യൂക്ലിഡിെൻറ എലിമെൻറ്സ് (Elements) എന്ന പുസ്തകം അദ്ദേഹം സമ്മാനമായി നൽകി.
അക്കാലത്ത് പാരിസിൽ ഒരു ചർച്ചാവേദിയുണ്ടായിരുന്നു. അവർ ആഴ്ചയിലൊരിക്കൽ ഒത്തുകൂടി ശാസ്ത്രവും ഗണിതവും ചർച്ച ചെയ്തുപോന്നു. പുരോഹിതനും ഗണിതശാസ്ത്രജ്ഞനുമായ മെഴ്സെന്നെ ആയിരുന്നു ചർച്ചാവേദിയുടെ സംഘാടകൻ. പാസ്ക്കലിെൻറ കഴിവ് കണ്ടെത്തിയ അദ്ദേഹം 14ാം വയസ്സിൽ തന്നെ അയാൾക്ക് സംഘടനയിൽ അംഗത്വം നൽകി. ഇതൊരു ചരിത്ര സംഭവമാണ്. ഇത്രയും കുറഞ്ഞ പ്രായത്തിൽ ആരെങ്കിലും സംഘടനയിൽ അംഗമായിരുന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഈ സംഘമാണ് പിന്നീട് ഫ്രഞ്ച് അക്കാദമിയായി വളർന്നത്.
പാസ്ക്കലിന് ഇപ്പോൾ 17 വയസ്സ് പ്രായം. ഈ ഘട്ടത്തിൽ ചില പ്രധാന കാര്യങ്ങളുണ്ടായി. ഒന്ന്, അദ്ദേഹം 'എസ്സേ ഓൺ കോണിക്സ്' (Essay on Conics) എന്ന ഗ്രന്ഥം രചിച്ച് പ്രശസ്തി നേടി. മറ്റൊന്ന് ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രത്തിെൻറ കണ്ടുപിടിത്തമാണ്. കമ്പ്യൂട്ടർ യുഗം പിറന്നത് അതോടെയാണ്. കാൽക്കുലേറ്ററിെൻറയും പിന്നീട് കമ്പ്യൂട്ടറിെൻറയും പിറവിക്ക് കാരണമായത് ഈ കണ്ടുപിടിത്തമാണ്. പിന്നീടുണ്ടായ സംഭവം ഒട്ടും സന്തോഷകരമായ ഒന്നല്ല. രോഗങ്ങൾ ഏൽപിച്ച പീഡനങ്ങൾക്കൊപ്പം പാസ്ക്കൽ അന്ധവിശ്വാസങ്ങളിൽ ആണ്ടുപോവുകയും മാനസിക രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയും ചെയ്തു.
ഇക്കാലത്താണ് ദെക്കാർത്തെ പാസ്ക്കൽ കുടുംബം സന്ദർശിക്കുന്നത്. എന്നാൽ, അത് സന്തോഷകരമായ ഒരു കൂടിക്കാഴ്ച ആയിരുന്നില്ല. അവർ ഏറെനേരം ഗണിത സിദ്ധാന്തങ്ങൾ ചർച്ച ചെയ്തെങ്കിലും പാസ്ക്കലിെൻറ Essay on Conicsെൻറ പിതൃത്വത്തിൽ ദെക്കാർത്തെ സംശയം പ്രകടിപ്പിച്ചു. താൻ കണ്ടുപിടിച്ച സിദ്ധാന്തങ്ങളിൽ ചിലത് മെഴ്സെന്നെയുടെ നേതൃത്വത്തിലുള്ള ചർച്ചാവേദി വഴി പാസ്ക്കലിന് ലഭിച്ചിട്ടുണ്ടാകാമെന്നും ദെക്കാർത്തെ സംശയിച്ചു. ഏതായാലും ഇരുവരും സന്തോഷത്തോടെയല്ല പിരിഞ്ഞത്.
സഹോദരി ജാക്വിലിൻ 23ാം വയസ്സിൽ കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത് പാസ്ക്കലിനെ ഞെട്ടിച്ചുകളഞ്ഞു. കാരണം, രോഗിയായ പാസ്ക്കലിന് അവളുടെ പരിചരണം അത്യാവശ്യമായിരുന്നു. പോകരുതെന്ന് പാസ്ക്കൽ ഉപദേശിച്ചുനോക്കിയെങ്കിലും ജാക്വിലിൻ വഴങ്ങിയില്ല. ഇത് അവർ തമ്മിലുള്ള പിണക്കത്തിൽ കലാശിച്ചു. കന്യാസ്ത്രീ മഠത്തിലേക്ക് പുറപ്പെടുേമ്പാൾ യാത്രപറയാൻ കാത്തുനിന്ന സഹോദരിയെ കാണാൻ കൂട്ടാക്കാതെ പാസ്ക്കൽ മുറിയിൽ കയറി കതകടച്ചു എന്നാണ് ചരിത്രം.
അടുത്ത വർഷം പാസ്ക്കലിെൻറ പിതാവ് മരിച്ചു. അക്കാലത്ത് ഒരു സംഭവമുണ്ടായി. പാസ്ക്കൽ യാത്ര ചെയ്തുകൊണ്ടിരുന്ന കുതിരവണ്ടി ഒരു പാലത്തിൽനിന്ന് തലകുത്തി താഴേക്കു മറിഞ്ഞു. കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗണിത ഗവേഷണമെന്ന തെൻറ പാപത്തിന് ദൈവം തന്ന ശിക്ഷയാണിതെന്ന് പാസ്ക്കൽ വിശ്വസിച്ചു. അദ്ദേഹത്തിെൻറ മനസ്സ് ധ്യാനജപങ്ങളിൽ മുഴുകി. പാസ്ക്കൽ ഒരു മാനസിക രോഗിയായി മാറുകയായിരുന്നു. വിട്ടുമാറാത്ത തലവേദനയും ഉറക്കമില്ലായ്മയും മൂലം ക്ലേശിച്ച പാസ്ക്കൽ 1662 ആഗസ്റ്റ് 19ന് ഈ ലോകത്തോട് വിടപറഞ്ഞു. മരണശേഷം അദ്ദേഹത്തിെൻറ ജീവിതത്തെ ആസ്പദമാക്കി സിനിമയും നിരവധി ഡോക്യുമെൻററികളും നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.