സിനിമയോളം ആകര്‍ഷണീയതയും സ്വാധീനശക്തിയുമുള്ള മറ്റൊരു കലാരൂപം വേറെയില്ല. കലാരൂപം എന്നതിൽ കവിഞ്ഞ് കോടികള്‍ ഒഴുകുന്ന വന്‍ വ്യവസായരംഗം തന്നെയായിക്കഴിഞ്ഞു സിനിമ. അതുകൊണ്ടുതന്നെ, വന്‍ തൊഴില്‍ സാധ്യതകളാണ് സിനിമയുമായി ബന്ധപ്പെട്ടുള്ളത്. സർഗശേഷിയും മികച്ച ഭാവനയും നവീന ആശയങ്ങളുമാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നവര്ക്കുവേണ്ട അടിസ്ഥാന യോഗ്യത.
പണ്ടൊരു കുട്ടിക്ക് സിനിമയോട് ഏറെ കമ്പം തോന്നി. കണ്ട സിനിമകളൊക്കെ കണ്ടു നടന്നു. വീട്ടുകാരും നാട്ടുകാരും കളിയാക്കിച്ചിരിച്ചു. ഒരു നാള് നാട്ടുകാരോടും വീട്ടുകാരോടും പറയാതെ കള്ളവണ്ടി കയറി അവന് കോടമ്പാക്കത്തേക്ക് പോയി. അവിടെ സംവിധായകരായ സംവിധായകരുടെയും നിര്‍മാതാക്കളായ നിര്‍മാതാക്കളുടെയും ഗേറ്റിനു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. ഇന്നൊരു കുട്ടിക്ക് സിനിമയോട് ഏറെ കമ്പം തോന്നി. കണ്ട സിനിമകളൊക്കെ കണ്ടു നടന്നു. ഇവന് വലുതായാലൊരു സിനിമാക്കാരനാകുമെന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എന്തു പഠിക്കണമെന്ന് വീട്ടുകാര്‍ ചോദിച്ചു. സിനിമ പഠിക്കണമെന്ന് അവന് പറഞ്ഞു. അവന് ഇൻറര്‍നെറ്റില്‍ തിരഞ്ഞ്, കോഴ്സ് കണ്ടെത്തി, പരീക്ഷയെഴുതി പുണെക്കോ കൊല്‍ക്കത്തക്കോ വണ്ടികയറി.പ്രത്യേകിച്ച് പഠനമൊന്നും ആവശ്യമില്ലാത്ത മേഖലയാണ് സിനിമയെന്ന ഒരു പൊതു ധാരണ മുമ്പുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അത് മാറിയിരിക്കുന്നു. സിനിമയുടെ ഏത് മേഖലയാണെങ്കിലും അത് പഠിച്ചു വരുന്നവര്ക്കുതന്നെയാണ് മുന്‍തൂക്കം. പഠനവും പ്രവൃത്തിപരിചയവും പരിശീലനവും ഒക്കെ സിനിമ രംഗത്തേക്ക് കടക്കുന്നവര്‍ക്ക് ആവശ്യമാണ്.
അഭിരുചിയാണ് സിനിമ പഠനത്തിനുള്ള അടിസ്ഥാന യോഗ്യത. അതിയായ താല്പര്യവും അഭിനിവേശവും മാത്രമേ ഒരാളെ സിനിമ പഠിക്കുന്നതില്‍ മുന്നോട്ടുകൊണ്ടുപോകൂ. അഭിനയവും സംവിധാനവും മാത്രമല്ല സിനിമയില്‍ പഠിക്കാനുള്ളത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമ മേഖലയിലും നവീനമായ നിരവധി തൊഴിലവസരമാണ് തുറന്നത്. അഭിനയം, സംവിധാനം, തിരക്കഥരചന, ഛായാഗ്രഹണം, മേക്കപ്, ശബ്ദമിശ്രണം, എഡിറ്റിങ്, സംഗീത സംവിധാനം, വസ്ത്രാലങ്കാരം, കാമറ, ഇങ്ങനെ അനവധി മേഖലകളുണ്ട് സിനിമയില്‍.
സിനിമയും അനുബന്ധ കോഴ്സുകളും പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും സിനിമ-സാങ്കേതിക കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്ന്നുവരുകയാണിന്ന്. എന്നാല്‍, ഇവയില്‍ അംഗീകാരമുള്ളതും മികച്ച പരിശീലനം നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍തന്നെ പ്രവേശനം നേടാനാണ് ശ്രമിക്കേണ്ടത്.
ചില ശ്രദ്ധേയ സിനിമ പഠന സ്ഥാപനങ്ങൾ
പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) www.ftii.ac.in
കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് http://srfti.ac.in/
അഹ്മദാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ www.nid.edu
ഒഡിഷയിലെ ബിജു പട്നായിക് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്
ബംഗളൂരുവിലെ ഗവ. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്
ചെന്നൈയിലെയും തിരുവനന്തപുരെത്തയും എല്‍.വി പ്രസാദ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് www.prasadacademy.com
നോയിഡയിലെ എഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ www.aaft.com
ചെന്നൈയിലെ അഡയാര്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
ഹൈദരാബാദിലെ അന്നപൂര്‍ണ ഇൻറര്‍നാഷനല്‍ സ്കൂള്‍ ഓഫ് ഫിലിം ആന്‍ഡ് മീഡിയ www.aisfm.edu.in
അസമിലെ ജ്യോതി ചിത്രബാന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് www.jyotichitraban.assam.gov.in
ഹൈദരാബാദിലെ റാമോജി അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ www.raft.ramojifilmcity.com
ജാദവ്പുര്‍ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഫിലിം സ്റ്റഡീസ് http://www.jaduniv.edu.in/
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ
സിനിമ പഠനത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്.
സംവിധാനം, തിരക്കഥ രചന, ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍, കലാസംവിധാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, സ്ക്രീന്‍ ആക്ടിങ് തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ കോഴ്സുകള്‍ ഇവിടെ നടത്തുന്നുണ്ട്.
മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സാണിത്. 10 സീറ്റുകളാണുള്ളത്. അഖിലേന്ത്യതലത്തിലുള്ള ജോയൻറ് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും തുടര്‍ന്ന് ഇൻറര്‍വ്യൂവും നടത്തിയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുക.
യോഗ്യത ഏതെങ്കിലുമൊരു വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സാണ് ഛായാഗ്രഹണത്തിെൻറത്. ഇതിലും സീറ്റുകളുടെ എണ്ണം 10 ആണ്. എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രവേശനം നല്‍കുക. യോഗ്യത ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഇൗ കോഴ്സുകൾ മൂന്നു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതാണ്. സൗണ്ട് റെക്കോഡിങ് കോഴ്സിന് പ്ലസ് ടുവില്‍ ഫിസിക്സ് ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. യോഗ്യത: ആർട്ട് ഡയറക്ഷന്‍ കോഴ്സിന് അപ്ലൈഡ് ആര്‍ട്സ്, ആർക്കിടെക്ചര്‍, പെയിൻറിങ്, ശില്പനിര്മാണം, ഇൻറീരിയര്‍ ഡിസൈന്‍ തുടങ്ങിയ ഫൈന്‍ ആര്‍ട്സ് കോഴ്സുകളിലെ ബിരുദമോ തതുല്യമായ ഡിപ്ലോമയോ ആണ് യോഗ്യത.
സ്ക്രീന്‍ ആക്ടിങ്, സ്ക്രീന്‍ റൈറ്റിങ് കോഴ്സുകള്‍
രണ്ടുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സുകളാണ് ഇവ. എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇവകൂടാതെ ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഹ്രസ്വകോഴ്സുകളും ഇവിടെ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് www.ftii.ac.in
കേന്ദ്ര ഗവൺമെൻറിനു കീഴിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമ പഠന സ്ഥാപനമാണ് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ആര്.എഫ്.ടി.ഐ). മൂന്നുവര്‍ഷത്തെ സിനിമ പഠന കോഴ്സുകളും രണ്ടുവര്‍ഷ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ കോഴ്സുകളുമാണ് ഇവിടെ നല്‍കുന്നത്.
പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം അന്‍ഡ് ടെലിവിഷന്‍, സംവിധാനവും തിരക്കഥാ രചനയും, ഛായാഗ്രാഹണം, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍, എഡിറ്റിങ്, അനിമേഷന്‍ സിനിമ എന്നിവയാണ് സിനിമ കോഴ്സുകളിലെ സ്പെഷലൈസേഷനുകള്. ഓരോ വിഭാഗത്തിലും 12 വീതം ആകെ 72 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ കോഴ്സിന് അപേക്ഷിക്കാന്‍ പ്ലസ് ടുവില്‍ ഫിസിക്സ് പഠിച്ചിരിക്കണം. ദേശീയതലത്തിലുള്ള ജോയൻറ് എന്‍ട്രന്‍സ് പരീക്ഷയുടെയും ഇൻറര്വ്യൂവിെൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം. www.srfti.ac.in
സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നീ ഫുള്‍ടൈം കോഴ്സുകളാണ് എല്‍.വി പ്രസാദ് ഫിലിം ആന്‍ഡ് ടി.വി അക്കാദമി നല്‍കുന്നത്. ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ അക്കാദമിക്ക് കാമ്പസുകളുണ്ട്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് കോഴ്സുകള്‍ ആരംഭിക്കുക.
സിനിമ സംവിധാനം പഠിപ്പിക്കുന്ന രണ്ടു വര്‍ഷ പി.ജി ഡിപ്ലോമ കോഴ്സ് ചെന്നൈ കാമ്പസിലാണ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ വര്‍ഷവും 4,67,500 രൂപ വീതമാണ് ഫീസ്.
രണ്ടുവര്‍ഷത്തെ ഛായാഗ്രഹണം പി.ജി ഡിപ്ലോമ കോഴ്സിനും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ചെന്നൈ കാമ്പസിലാണ് ഈ കോഴ്സും. ഓരോ വര്‍ഷവും 4,67,500 രൂപ വീതമാണ് ഫീസ്.
ചെന്നൈ കാമ്പസിലെ എഡിറ്റിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ് ഡിപ്ലോമ കോഴ്സ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. പ്ലസ് ടുവാണ് ഈ കോഴ്സിനുള്ള യോഗ്യത. 4,12,500 രൂപയാണ് കോഴ്സ് ഫീസ്.
അക്കാദമിയുടെ തിരുവനന്തപുരം, ബംഗളൂരു കാമ്പസുകളില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങിലെ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സാണ് നല്‍കുന്നത്. പ്ലസ് ടുവാണ് യോഗ്യത. 3,75,000 രൂപയാണ് കോഴ്സ് ഫീസ്.
ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു കാമ്പസുകളിലായി വിവിധ ഷോര്‍ട്ട് ടേം കോഴ്സുകള്‍ നല്‍കുന്നുണ്ട്. ആക്ടിങ് ഫോര്‍ സിനിമ, ഡിജിറ്റല്‍ സിനിമാട്ടോഗ്രഫി, ഡിജിറ്റല്‍ എഡിറ്റിങ്-കളര്‍ ഗ്രേഡിങ്, ഡയറക്ഷന്‍ ഫോര്‍ ഫിലിം ആന്‍ഡ് ടി.വി, ഡിജിറ്റല്‍ ഫിലിം മേക്കിങ് തുടങ്ങിയവയിലാണ് ഷോര്‍ട്ട് ടേം കോഴ്സുകള്‍ നല്‍കുന്നത്. www.prasadacademy.com
അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ ഡിസൈനിങ് സ്ഥാപനമാണ് അഹ്മദാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. സിനിമയുമായി ബന്ധപ്പെട്ട് ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍, ആനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നീ കോഴ്സുകള്‍ സ്ഥാപനം നല്‍കുന്നുണ്ട്. ദേശീയതലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഇൻറര്വ്യൂവിെൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ഒക്ടോബറില്‍ പരീക്ഷ നോട്ടിഫിക്കേഷന്‍ വന്ന് ജൂണിലാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുക.
അഹ്മദാബാദിലെ മെയിന്‍ കാമ്പസില്‍ നടത്തുന്ന ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍ കോഴ്സിന് 10 സീറ്റുകളാണ് ഉള്ളത്. നാലു വര്‍ഷമാണ് കോഴ്സ് കാലാവധി. രണ്ടരവര്‍ഷത്തെ മാസ്റ്റര്‍ കോഴ്സുമുണ്ട്.
ആനിമേഷന്‍ ഫിലിം ഡിസൈന്‍ കോഴ്സിന് 15 സീറ്റാണുള്ളത്. നാലു വര്‍ഷമാണ് ദൈര്‍ഘ്യം. രണ്ടരവര്‍ഷത്തെ മാസ്റ്റര്‍ കോഴ്സുമുണ്ട്.
ബാച്ചിലര്‍ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത. മാസ്റ്റര്‍ കോഴ്സിന് ബിരുദമോ നാലുവര്‍ഷത്തെ ഫൈന്‍ ആര്‍ട്സ് ഡിപ്ലോമയോ ആണ് യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.