ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിമായ ‘ആട്ടം’ കാണുന്നു. സിനിമാരംഗത്ത് സ്ഥാനമുറപ്പിക്കുന്ന നാടക കലാകാരന്മാരുടെ ഒരു വിജയംകൂടിയാണ് ‘ആട്ടം’ എന്ന സിനിമയും എന്ന് ലേഖിക.‘‘All the world's stage, and all the men and women merely players.’’ ഷേക്സ്പിയറിന്റെ വളരെ പ്രസിദ്ധമായ ഈ വാചകം ‘നാടകമേയുലകം’എന്ന് ഒറ്റവാക്കിൽ ചുരുക്കി മനസ്സിലുറപ്പിച്ചിട്ട് കാലങ്ങളേറെയായി. ലോകംതന്നെ ഒരു അരങ്ങായി സങ്കൽപിച്ച ആ വിശ്രുത...
ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിമായ ‘ആട്ടം’ കാണുന്നു. സിനിമാരംഗത്ത് സ്ഥാനമുറപ്പിക്കുന്ന നാടക കലാകാരന്മാരുടെ ഒരു വിജയംകൂടിയാണ് ‘ആട്ടം’ എന്ന സിനിമയും എന്ന് ലേഖിക.
‘‘All the world's stage, and all the men and women merely players.’’
ഷേക്സ്പിയറിന്റെ വളരെ പ്രസിദ്ധമായ ഈ വാചകം ‘നാടകമേയുലകം’എന്ന് ഒറ്റവാക്കിൽ ചുരുക്കി മനസ്സിലുറപ്പിച്ചിട്ട് കാലങ്ങളേറെയായി. ലോകംതന്നെ ഒരു അരങ്ങായി സങ്കൽപിച്ച ആ വിശ്രുത നാടകകൃത്ത് മനുഷ്യരുടെ ജീവിതവും അഭിനയവും രണ്ടല്ല ഒന്നാണെന്ന് ചിന്തിച്ച ആളായിരുന്നു. ജീവൻ തുടിക്കുന്ന ഒട്ടനേകം കഥാപാത്രങ്ങൾ ആ വിരൽത്തുമ്പിലൂടെ ഒഴുകിയെത്തിയത് ഈ സങ്കൽപത്തെ മനസ്സിലേറ്റിയതുകൊണ്ടാണ്. കുഴഞ്ഞുമറിഞ്ഞ പല ജീവിതസന്ദർഭങ്ങളിലൂടെയും കടന്നുപോകുമ്പോൾ, പിന്തിരിഞ്ഞുനിന്ന് നമ്മളൊന്ന് ചിന്തിച്ചുപോകും, യഥാർഥത്തിൽ കഴിഞ്ഞുപോയത് ജീവിതമായിരുന്നോ നാടകമായിരുന്നോ എന്ന്.
ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിം ആയ ‘ആട്ടം’ അരങ്ങിന്റെ കഥയിലൂടെ ജീവിതംതന്നെ അരങ്ങാക്കുന്നവരുടെ കഥപറയുകയാണ്. കെ.ജി. ജോർജിന്റെ മാസ്റ്റർപീസുകളിലൊന്നായ ‘യവനിക’യിലാണ് നാടകട്രൂപ്പിന്റെ ജീവിതവും നാടകനടിയുടെ ദുരനുഭവങ്ങളും സസ്പെൻസ് ത്രില്ലറായി മലയാളികൾക്ക് മുന്നിൽ ആദ്യമായി അനാവരണം ചെയ്യപ്പെട്ടത്. ‘റാംജിറാവ് സ്പീക്കിങ്ങ്’ എന്ന മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിദ്ദിഖ്- ലാൽ സിനിമയിലെ ഉർവശി തിയറ്റേഴ്സിന്റെ ഉടമ മാന്നാർ മത്തായിയുടെ അവസ്ഥയിലല്ല അരങ്ങ് തിയറ്ററിന്റെ കോഓഡിനേറ്റർ മദനും ഡയറക്ടർ സാറും. നാടകങ്ങൾ അത്യാവശ്യം അരങ്ങു കാണുന്നുണ്ട്.
നാടകസംഘത്തിലുള്ളവരാകട്ടെ ചില്ലറ പണികൾ ചെയ്ത് നാടകത്തിൽ അഭിനയിക്കാനുള്ള വരുമാനംകൂടി കണ്ടെത്തുന്നവരാണ്. കൂടാതെ, വലിയ താരമൂല്യം ഒന്നുമില്ലെങ്കിലും ധാരാളം കണക്ഷൻസ് ഉള്ള ഒരു സിനിമാനടൻ കൂടി അവരുടെ കൂടെയുണ്ട്. നാടകം സിനിമയിലേക്കുള്ള ഒരു ചവിട്ടുപടി ആണെങ്കിൽ ഇവിടെ തന്റെ സിനിമാതാരപദവി നാടകത്തിന് മുതൽക്കൂട്ടാക്കുകയാണ് ഹരി എന്ന കലാഭവൻ ഷാജോണിന്റെ കഥാപാത്രം. മിക്കവാറും നാടകസംഘങ്ങളിൽ കാണുന്നതുപോലെ ലീഡിങ് റോൾ ചെയ്യുന്നവർ തമ്മിൽ ഉണ്ടാകാറുള്ള മത്സരവും അസൂയയും ഹരിയും വിനയിയും തമ്മിൽ നിലനിൽക്കുന്നുണ്ട് എന്നതും പുതുമയല്ലാത്ത ഒരു കാര്യംതന്നെയാണ്. എന്നാൽ, വ്യത്യസ്തമായ ഒരു കഥയിലേക്കാണ് ‘ആട്ടം’ മിഴിതുറക്കുന്നത്.
ദേവദത്തൻ എന്ന പുരാണ കഥാപാത്രത്തിന്റെ കഥ പറയുന്ന നാടകാവതരണം രണ്ടു വിദേശികൾക്ക് ഏറെ ഇഷ്ടമാകുന്നതും നാടക ട്രൂപ്പിലെ അംഗങ്ങൾക്ക് ഒരു റിസോർട്ടിൽ ഒരു രാത്രി ചെലവഴിക്കാനുള്ള അവസരം കൊടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ത്രെഡ്. 13 അംഗങ്ങളുള്ള നാടകട്രൂപ്പിൽ ഒരു വനിത മാത്രമേ നടിയായുള്ളൂ എന്നത് കുറച്ച് അസ്വാഭാവികമായി തോന്നുമെങ്കിലും സിനിമ പറയുന്ന വിഷയത്തിനുവേണ്ടി അതങ്ങനെ ആകാനേ തരമുള്ളൂ.
കുന്തിക്ക് പറ്റിയ ഒരു ധാരണപ്പിശകിന്റെ പേരിൽ പാണ്ഡവന്മാർ അഞ്ചുപേരുടെയും ഭാര്യയായിരിക്കാൻ വിധിക്കപ്പെട്ട ദ്രൗപദിയാണ് ശക്തയെന്നു തോന്നിപ്പിക്കുമ്പോൾപോലും മഹാഭാരതത്തിലെ ഏറ്റവും അനുകമ്പ അർഹിക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണ്. താൻ വിവാഹം കഴിച്ച അർജുനനെ മനസ്സിൽ പ്രണയിക്കുകയും എന്നാൽ ഊഴമിട്ട് കാത്തിരിക്കേണ്ടി വരുകയും ചെയ്യുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അരങ്ങിലെ പ്രധാന നടൻമാരിൽ ഒരാളായ വിനയിയെ പ്രണയിക്കുകയും അത് മറച്ചുവെച്ച് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കേണ്ടിവരുകയും ചെയ്യുന്നുണ്ട് അഞ്ജലിക്ക്.
പുരുഷന്മാർ മാത്രമുള്ള ഒരു ട്രൂപ്പിനൊപ്പം രാവും പകലും എവിടെയും ഭയമില്ലാതെ യാത്രചെയ്യുന്നവളാണ് അവൾ. അവരോടൊപ്പം മദ്യപിക്കാനും നൃത്തംചെയ്യാനും താനൊരു സ്ത്രീയാണെന്ന ചാഞ്ചല്യം ഒട്ടുമില്ലാതെ മുന്നിട്ടിറങ്ങുന്നവൾ. പക്ഷേ, സമൂഹത്തിന്റെ കപടമുഖം മറനീക്കിയാലെന്നതുപോലെ സഹോദരന്മാർ എന്ന് നടിക്കുന്നവർപോലും രാത്രിയുടെ മറപറ്റി നരവേട്ടക്ക് ഇറങ്ങുമെന്നതിന് ഒരൊറ്റ രാത്രിമാത്രം മതിയായിരുന്നു. ‘മദ്യപിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യമില്ല’ എന്ന പുരുഷന്റെ കപട ന്യായീകരണം വലിയ വ്യത്യാസമില്ലാതെ ഈ സിനിമയിലും പലപ്രാവശ്യം ആവർത്തിക്കുന്നുണ്ട്.
ന്യായാന്യായങ്ങൾക്കുവേണ്ടി വാദിക്കുന്നവർ സമൂഹത്തിന്റെ സുഘടിതമായ നിലനിൽപ്പിന് മനസ്സിലെപ്പോഴും ജീവിതത്തെ കുറിച്ചുള്ള ചിട്ടവട്ടങ്ങളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കും. അവർക്ക് മദ്യപിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ അമ്മയെക്കുറിച്ചോ പെൺമക്കളെക്കുറിച്ചോ ഉള്ള ഓർമകൾ ഇല്ലാതായിപ്പോകുകയില്ല. മദ്യപിച്ചതുകൊണ്ട് തെറ്റ് ചെയ്തുപോയി എന്ന് വാദിക്കുന്നവർ തങ്ങളുടെ മനസ്സിൽ ഒളിപ്പിച്ചുവെച്ച അഭിനിവേശങ്ങൾക്ക് മദ്യംകൊണ്ട് കുടപിടിക്കുകയാണ് ചെയ്യുന്നത്. മദ്യപിച്ചുകൊണ്ടു ചെയ്യുന്ന തെറ്റിന് സാധാരണ ചെയ്യുന്നതിനേക്കാൾ കൂടുതൽ ശിക്ഷ കൊടുക്കേണ്ടത് അതുകൊണ്ടാണ്.
അഞ്ജലി അനുഭവിക്കുന്ന മനോവ്യഥ കുറച്ചെങ്കിലും അനുഭവിക്കാത്ത സ്ത്രീകൾ വിരളമായിരിക്കും. ബസിലും റോഡിലും മാർക്കറ്റിലും ഉത്സവപ്പറമ്പുകളിലും എന്തിനേറെ വീടുകളിൽപോലും സ്വന്തം ശരീരം ഒരു ഭാരമായി ശരീരത്തെ വെറുക്കുന്നവരായി ത്തീരുന്നവരാണ് സ്ത്രീകളിൽ പലരും. ജീവിതത്തിന്റെ ഔന്നത്യം ഏറ്റവും കൂടുതൽ വെളിപ്പെടുത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന ഒന്നാണ് കല. നാടകമായാലും സിനിമയായാലും സ്ത്രീ പുരുഷന്മാർ രാപ്പകലന്യേ ഇടപഴകി കഴിയേണ്ടവരാണ്. അരങ്ങിൽ കാമുകീ കാമുകന്മാരായവർ ജീവിതത്തിൽ അങ്ങനെയാവണമെന്നില്ല. അരങ്ങിലെ നായകനും വില്ലനും ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും ആയിരിക്കും.
പക്ഷേ, കലയുടെ സ്പിരിറ്റ് മനസ്സിൽ നിറയാത്ത കലാകാരന്മാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും എന്നതും സമീപകാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. മലയാള സിനിമയിൽ ഡബ്ല്യു.സി.സി പോലെയുള്ള ഒരു സ്ത്രീ സംഘടന രൂപംകൊണ്ടതും സ്ത്രീകൾക്കെതിരെയുള്ള കലാരംഗത്തെ അതിക്രമങ്ങളെക്കുറിച്ച് പലപ്രാവശ്യം അവർക്ക് സംസാരിക്കേണ്ടിവന്നതും കലാകാരന്മാർ പൊതുജീവിതത്തിൽനിന്നും ഒട്ടുംതന്നെ വിഭിന്നരായിട്ടില്ല എന്ന് തെളിയിക്കുന്നതാണ്. ജാതിബോധംകൊണ്ടാണ് പി.കെ. റോസി എന്ന മലയാളത്തിലെ ആദ്യ നായികയെ അന്നത്തെ സവർണ ജാതി സമൂഹം നാട്ടിൽനിന്ന് ആട്ടിപ്പായിച്ചതെങ്കിൽ അവർ ഒരു സ്ത്രീയായിരുന്നു എന്നതാണ് പ്രഥമ കാരണമെന്നത് ഓർമിക്കേണ്ടതുമാണ്.
പൊതുസമൂഹം ഒരു ശരീരത്തിന് അപ്പുറത്തേക്ക് സ്ത്രീയെ കാണാനും ഉൾക്കൊള്ളാനും പൂർണമായും തയാറാകുന്നില്ല എന്ന തിക്തയാഥാർഥ്യം വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് ‘ആട്ടം’ എന്ന ചലച്ചിത്രം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോൾതന്നെ സ്ത്രീ സംരക്ഷണ നിയമങ്ങളും പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, താൻ നേരിട്ട ഒരു പീഡനശ്രമത്തെക്കുറിച്ച് ഏതെങ്കിലും സ്ത്രീ പരാതിപ്പെട്ടാൽ പൊതുസമൂഹവും മാധ്യമങ്ങളും എന്തിന് നീതിന്യായ കോടതികൾവരെ തിരിച്ചും മറിച്ചും ചോദ്യംചെയ്ത് വാദിയെ പ്രതിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും. ‘ആട്ടം’ എന്നതും പൊതുസമൂഹത്തിന്റെ ഈ മുഖംമൂടി കഥകൾകൂടിയാണ്. ഈ സിനിമയുടെ അന്ത്യത്തിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്: ‘‘എന്നാലും നമ്മളൊക്കെ ഇത്ര ചെറ്റകൾ ആയിപ്പോയല്ലോ’’ എന്ന്.
പൊതുസമൂഹത്തിന്റെ നേർക്കുള്ള ആഞ്ഞൊരു പ്രഹരമാണ് ഈ വാചകം. സംരക്ഷകരെന്ന് പകൽവെളിച്ചത്തിൽ നടിക്കുകയും രാത്രിയുടെ ഇരുട്ടിൽ തിരിച്ചടിക്കാൻ കെൽപില്ലാത്ത ഒരുവളുടെ മടിക്കുത്തഴിക്കാൻ ഒരു മടിയുമില്ലാതെ ഒരുമ്പെടുകയുംചെയ്യുന്ന മീശപിരിക്കലുകാരുടെ ലോകം. അവരുടെ ചെയ്തികൾക്ക് ഒരു സാക്ഷിയും ഉണ്ടാവുകയില്ല, സാക്ഷി പറയാൻ ആരും ധൈര്യപ്പെടുകയുമില്ല.
കേരളത്തിൽ ഏറ്റവുമധികം വിവാദ വിഷയങ്ങളായിട്ടുള്ള ധാരാളം വാർത്തകളും കേസുകളും ഈ സിനിമ കാണുമ്പോൾ അറിയാതെയാണെങ്കിലും ഓരോ പ്രേക്ഷകനും ഓർത്തുപോകും. ‘അങ്ങനെയൊന്ന് നടന്നിട്ടില്ല’ എന്ന് കരുതാനാണ് എനിക്കിഷ്ടമെന്ന് സിനിമയിലെ നായികയായ അഞ്ജലി പലവട്ടം ആവർത്തിക്കുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തിന്റെ ‘കരുതലെന്ന’ ഭാവത്തിലുള്ള പുറംപൂച്ചുകൾ ഒന്നൊഴിയാതെ അവൾ വലിച്ചുകീറി പുറത്തിടുന്നുണ്ട്.
സ്ത്രീകളോടുള്ള കാമാർത്തിമൂലം ശാപം ഏറ്റുവാങ്ങുന്ന മനുഷ്യരുടെ മാത്രമല്ല ദേവന്മാരുടെ കഥകളും ധാരാളം നാം കേട്ടിരിക്കുന്നു. ഇന്ദ്രനും ചന്ദ്രനും മറ്റനേകം ദേവന്മാരും മഹർഷിമാരും രാജാക്കന്മാരും മുതൽ ബലം പ്രയോഗിച്ചും മായാവിദ്യകൾ ഉപയോഗിച്ചും സ്ത്രീകളെ വശത്താക്കാനും ബലാൽക്കാരംചെയ്യാനും ശ്രമിച്ചിട്ടുള്ളവരാണ്. ‘ആട്ട’ത്തിലെ അരങ്ങ് ഉണർത്തുന്ന ദേവദത്തന്റെ കഥയും ഇതിൽനിന്നും വിഭിന്നമല്ല. സിനിമയിലേക്കുള്ള ഒരു തുറസ്സാണ് സിനിമയുടെ തുടക്കത്തിലുള്ള നാടകം. 2022ൽ സാമ്പത്തികവിജയം നേടിയ ‘പുഴു’ എന്ന സിനിമയിലെ കർട്ടൻ റെയ്സറും ഒരു പുരാണ നാടകം തന്നെയായിരുന്നു. സിനിമാരംഗത്ത് സ്ഥാനം ഉറപ്പിക്കുന്ന നാടക കലാകാരന്മാരുടെ ഒരു വിജയംകൂടിയാണ് ‘പുഴു’വിനെപ്പോലെ തന്നെ ‘ആട്ടം’ എന്ന സിനിമയും.
സിനിമയിലെ നായികാനായകന്മാരായ വിനയ് ഫോർട്ടും സെറീൻ ഷിഹാബുമൊഴികെ ബാക്കിയെല്ലാവരും നാടകരംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്. ഡോ. ചന്ദ്രദാസൻ നയിക്കുന്ന ലോകധർമി എന്ന നാടകട്രൂപ്പിലെ അംഗങ്ങളാണ് എല്ലാവരും. അവർക്കുവേണ്ടി ഒരു സിനിമാക്കഥയൊരുക്കേണ്ട ചുമതല മാത്രമേ ആനന്ദ് ഏകർഷിക്ക് വേണ്ടിവന്നുള്ളൂ. സിനിമക്കു വേണ്ടിയുള്ള മുപ്പത്തഞ്ചു ദിവസത്തെ പരിശീലനം ‘ആട്ട’ത്തിലെ അഭിനേതാക്കൾക്ക് ഏറെ ഗുണംചെയ്തിട്ടുണ്ട്.
ഒരു ചെറിയ ത്രെഡിൽനിന്നും തികച്ചും സ്വാഭാവികമായി വികസിച്ചുവരുന്ന കഥ സംഘാംഗങ്ങൾ ഓരോരുത്തരുടെയും സംഭാഷണങ്ങളിലൂടെ, സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ വികാരവിചാരങ്ങൾ വെളിപ്പെടുത്തുകയും പ്രേക്ഷകരെ ഓരോരുത്തരെയും സിനിമയുടെ യഥാർഥ മൂഡിലേക്ക് അനായാസമായി കൊണ്ടെത്തിക്കുകയുംചെയ്യുന്നുണ്ട്. ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരാണ് അഭിനേതാക്കളിൽ ഭൂരിഭാഗവും. നാടകത്തിൽ ഏറെ വർഷങ്ങളുടെ പഴക്കമുള്ളവരായതുകൊണ്ട് അഭിനയത്തിൽ വരാൻ ഇടയുള്ള കൃത്രിമത്വം ഒന്നുംതന്നെ സിനിമയിൽ കല്ലുകടി ആയിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്.
എന്നാൽ, സംഭാഷണങ്ങളുടെ ആധിക്യംമൂലം സിനിമാറ്റിക് എന്നതിനേക്കാളേറെ ഡ്രമാറ്റിക് എന്ന വിശേഷണമാണ് ‘ആട്ട’ത്തിന് ചേരുക. IFFI ഗോവ നവംബറിൽ നടന്നപ്പോൾ ഒന്നാമത്തെ പ്രദർശനചിത്രമായിരുന്നു ‘ആട്ടം’.
IFFK 2023ൽ പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രം ഇവിടെ മത്സരവിഭാഗത്തിലല്ല ഉൾപ്പെടുത്തിയത് എന്നത് ഒരൽപം നിരാശജനകമാണ്. ജനുവരിയിൽ റിലീസിങ്ങിന് ഒരുങ്ങുന്ന ‘ആട്ടം’ തിയറ്ററുകളിൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.