മറയുന്ന നാലുകെട്ടുകൾ

മലയാള സിനിമയിൽ എങ്ങനെയാണ്​ നാലുകെട്ടുകൾ ഇടംപിടിക്കുന്നത്​? സിനിമകളിൽ എങ്ങനെയൊക്കെയാണ്​ നാലുകെട്ടുകൾ ആവിഷ്​കരിക്കപ്പെട്ടത്​? ആ ​നാലുകെട്ടുകൾ പിന്നീട്​ എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനം.ഏതു സിനിമയും അതു രൂപപ്പെടുന്ന ചരിത്രസന്ദർഭങ്ങളുടെ പലതരത്തിലുള്ള താൽപര്യങ്ങൾ പ്രേക്ഷകസമൂഹത്തിലേക്ക് വിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ സാംസ്കാരികമോ സാമ്പത്തികമോ കലാപരമോ ആയ ഈ താൽപര്യങ്ങൾ ഉള്ളടക്കത്തിലും ആഖ്യാനത്തിലും ദൃശ്യഭാഷയിലുമൊക്കെ അതിസൂക്ഷ്മമായെങ്കിലും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില താൽപര്യങ്ങൾ വാണിജ്യവിജയത്തിനുള്ള ഉപാധിയായിരിക്കെത്തന്നെ മാധ്യമം...

മലയാള സിനിമയിൽ എങ്ങനെയാണ്​ നാലുകെട്ടുകൾ ഇടംപിടിക്കുന്നത്​? സിനിമകളിൽ എങ്ങനെയൊക്കെയാണ്​ നാലുകെട്ടുകൾ ആവിഷ്​കരിക്കപ്പെട്ടത്​? ആ ​നാലുകെട്ടുകൾ പിന്നീട്​ എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനം.

ഏതു സിനിമയും അതു രൂപപ്പെടുന്ന ചരിത്രസന്ദർഭങ്ങളുടെ പലതരത്തിലുള്ള താൽപര്യങ്ങൾ പ്രേക്ഷകസമൂഹത്തിലേക്ക് വിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ സാംസ്കാരികമോ സാമ്പത്തികമോ കലാപരമോ ആയ ഈ താൽപര്യങ്ങൾ ഉള്ളടക്കത്തിലും ആഖ്യാനത്തിലും ദൃശ്യഭാഷയിലുമൊക്കെ അതിസൂക്ഷ്മമായെങ്കിലും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില താൽപര്യങ്ങൾ വാണിജ്യവിജയത്തിനുള്ള ഉപാധിയായിരിക്കെത്തന്നെ മാധ്യമം എന്ന നിലയിൽ പൊതുസമൂഹത്തിൽ സർഗാത്മകമോ പ്രതിലോമകരമോ ആയ പല സ്വാധീനങ്ങളും സൃഷ്ടിക്കുന്നവയായിരിക്കും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ എടുത്തു കാണിക്കാൻ കഴിയുന്ന ഒരു വിഷയമാണ് നാലുകെട്ടുകളും അതുമായി ബന്ധപ്പെട്ട ജീവിതസംസ്കാരവും.

നാലുകെട്ടു ഭാവുകത്വം എന്ന് പറയാവുന്ന സവിശേഷമായ ഒരു സൗന്ദര്യസമീപന പദ്ധതി തന്നെ അത് മലയാള സിനിമയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ജനപ്രിയത രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്ത പല ഘടകങ്ങളിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ് നാലുകെട്ടുകളുടെ പശ്ചാത്തലം. ഒരു ചലച്ചിത്ര ജനുസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഉള്ളടക്കത്തിലും ആഖ്യാനത്തിലും പശ്ചാത്തലത്തിലും നാലുകെട്ടുകൾ സ്ഥാനം നേടിയിട്ടുള്ള സിനിമകളുടെ വലിയൊരു സംഘാതംതന്നെ ഒരു പ്രത്യേക കാലഘട്ടത്തിലെ മലയാള സിനിമാചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ജീവിതത്തിലെ നേർയാഥാർഥ്യങ്ങൾ അവതരിപ്പിക്കാനും അതേസമയംതന്നെ മോഹനമായ കാൽപനിക ലോകങ്ങൾ സൃഷ്ടിക്കാനും നാലുകെട്ടുകൾ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്.

വാണിജ്യവിജയത്തിനുള്ള ഒരു ഫോർമുലയായി നാലുകെട്ടുകൾ സിനിമയിൽ തുടർച്ചയായി ഉപയോഗിക്കപ്പെട്ടു. 1970കൾ മുതൽ 90കൾ വരെയുള്ള 30 വർഷക്കാലത്ത് വമ്പിച്ച വാണിജ്യവിജയം നേടിയ സിനിമകൾ പരിശോധിച്ചാൽ അവയിൽ ഭൂരിഭാഗവും നാലുകെട്ടുകളെയും അതുൾക്കൊള്ളുന്ന തറവാടിത്തം എന്ന ബൃഹദാഖ്യാനത്തെയും പിൻപറ്റുന്നതായി കാണാം. കേരളത്തിന്റെ മനോഘടനയിൽതന്നെ ആഴത്തിൽ പ്രവർത്തിക്കുന്നതും പ്രത്യയശാസ്ത്രപരമായ സാംഗത്യമുള്ളതുമായ ഒന്നാണ് നാലുകെട്ടുകളിലുള്ള ഈ താൽപര്യം. വരേണ്യവും സവർണവുമായ അനുഭവലോകങ്ങളെ ആദർശവത്കരിക്കാനുള്ള താൽപര്യം കേരളീയ പൊതുബോധത്തിന് പൊതുവേ ഉള്ളതാണ്. അതി​ന്റെ ഉൽപന്നങ്ങളാണ് സിനിമയിലെ ഈ നാലുകെട്ടുകൾ. സിനിമയിൽ ഈ നാലുകെട്ടുകൾ എങ്ങനെ സ്ഥാനം നേടിയെന്നും സിനിമാ സംസ്കാരത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും നിർണയിക്കുകയുംചെയ്തു എന്നുമുള്ള ഒരു പരിശോധനയാണ് ഈ ലേഖനത്തിൽ നടത്തുന്നത്.

പ്രാഥമികമായി നാലുകെട്ട് ഒരു വാസ്തുനിർമിതിയാണ്. ഒരുതരം ഭവനം. എന്നാൽ ജാതിശ്രേണിയുടെ അടിസ്ഥാനത്തിൽ വാസഗൃഹങ്ങൾ നിർണയിക്കപ്പെട്ടിരുന്ന കേരളത്തിൽ ജാതിപരമായി ഉയർന്ന നിലയിൽപെടുന്നവർക്ക് മാത്രമേ അതിൽ വസിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ എന്നത് അതിനെ പ്രത്യയശാസ്ത്രപരമായ ഒരു വ്യവസ്ഥയാക്കി മാറ്റുന്നു. കേരളത്തിൽ രാജാക്കന്മാർക്കും നമ്പൂതിരിമാർമുതൽ സ്ഥാനികളായ നായന്മാർ വരെയുള്ള ജാതിയിൽ‌പെട്ടവർക്കുമാണ് നാലുകെട്ട് നിർമിക്കാനും അതിൽ വസിക്കാനും അവസരമുണ്ടായിരുന്നത് (പി. ഭാസ്കരനുണ്ണി, 2012:77). നൂറ്റാണ്ടുകൾ മുമ്പേതന്നെ ഈ വാസ്തുസമ്പ്രദായം കേരളത്തിൽ സ്ഥാനം നേടിയിരുന്നു. ഇത്തരം ഗൃഹങ്ങളിൽ വസിക്കുന്നവരാണ് സാമൂഹിക പദവിയുടെയും സമ്പൽസമൃദ്ധിയുടെയും അധികാരത്തിന്റെയും അവകാശികളായിരുന്നത്. സുദീർഘമായ ഒരു ചരിത്രഘട്ടത്തിൽ രാഷ്ട്രീയ-സാമൂഹിക-അധികാരവ്യവസ്ഥകൾ ചലിച്ചിരുന്നത് മുഖ്യമായും ഇത്തരം നാലുകെട്ടുകളെ കേന്ദ്രീകരിച്ചായിരുന്നു.

ഈ അധികാരസ്ഥാനത്തോടുള്ള ബഹുജനങ്ങളുടെ ആരാധനയും ഭയവും വിധേയത്വവും ഒക്കെ കേന്ദ്രീകരിച്ചിരുന്നത് ഈ നാലുകെട്ടുകളിൽ ആയിരുന്നു. അതുകൊണ്ടുതന്നെ സവർണജാതിശ്രേണിക്ക് പുറത്തുനിൽക്കുന്നവരെ സംബന്ധിച്ച് ഇത്തരം വസതികളിൽ വസിക്കുന്നവരും അതിന്റെ അവകാശികളും വീരപരിവേഷമുള്ളവരോ ആദർശാത്മകവ്യക്തികളോ ആരാധ്യപുരുഷന്മാരോ ആയിരുന്നു. കോളനിരാജ്യത്തിലെ പ്രജകൾക്ക് കോളനി യജമാനന്മാരോടു തോന്നിയിരുന്നതുപോലുള്ള ആരാധനയാണ് നാലുകെട്ടുകളിലെ പ്രഭുക്കളോട് സാധാരണക്കാർക്ക് ഉണ്ടായിരുന്നത്. അധികാരസ്ഥാനങ്ങളോടുള്ള ഭയവും വിധേയത്വവും ഇതോടൊപ്പം ഉണ്ടായിരുന്നിരിക്കണം.

അവർണജനതയിൽ രൂഢമൂലമായിരുന്ന ഈ ആരാധന സാവകാശം കേരളീയ പൊതുബോധത്തിന്റെ തന്നെ ഒരു അവിഭാജ്യഘടകമായി സ്ഥാനം നേടുകയായിരുന്നു. അങ്ങനെ കഥകളിലെ വീരനായകരായി ആദർശ വ്യക്തിത്വങ്ങളായി നാലുകെട്ടിലെ അന്തേവാസികൾക്ക് സ്വീകാര്യത ഉണ്ടാവുകയും ചെയ്തു. ആദർശനായകന്മാർക്ക് പിന്നാലെ പോവുക എന്നത് ഏതു നാട്ടിലെയും സാംസ്കാരിക സാഹിത്യ വ്യവഹാരങ്ങളുടെ ഒരു രീതിയാണ്. കേരളത്തെ സംബന്ധിച്ച് നാലുകെട്ടിൽനിന്നുള്ളവർക്കാണ് ഈ രീതിയിലുള്ള നായകപരിവേഷമോ ആദർശപരിവേഷമോ ലഭിച്ചു പോന്നിട്ടുള്ളത്. നാലുകെട്ട് ഒരു വാസ്തുനിർമിതി എന്ന നിലക്കപ്പുറം കേരളീയ സംസ്കാരത്തിലും പൊതുജീവിതത്തിലും പ്രവർത്തിച്ചിട്ടുള്ളത് ഈ രീതിയിൽകൂടിയാണ്

മലയാള സാഹിത്യത്തിൽ ‘ഇന്ദുലേഖ’യിൽ (1889) നിന്നുതന്നെ നാലുകെട്ടിന്റെ പശ്ചാത്തലവും അതിന്റെ സാമൂഹികപദവിയുടെ സാഹിതീയ രേഖീകരണവും ആരംഭിക്കുന്നുണ്ട്. പൂവരങ്ങ് എന്ന നാലുകെട്ടു മാളിക തറവാടിത്തത്തിന്റെയും സമ്പന്നതയുടെയും ഒരു മാതൃകാസ്ഥാനമായാണ് ‘ഇന്ദുലേഖ’യിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സമ്പന്നത പലതരം സാമൂഹികസമ്മർദങ്ങളാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ദുർബലപ്പെടുന്നു. നാലുകെട്ടുകൾക്കും അതു പ്രതിനിധാനം ചെയ്ത തറവാടിത്തത്തിനും വന്നു ഭവിച്ച ഈ ബലക്ഷയത്തിന്റെ ചിത്രീകരണമാണ് പിൽക്കാലത്ത് എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ എന്ന നോവലിൽ നമ്മൾ വായിച്ചത്. നാലുകെട്ട് എന്ന ആദർശാത്മക സാമൂഹിക സ്ഥാപനത്തെ സാഹിതീയമായ വലിയൊരു സാധ്യതയായി തിരിച്ചറിഞ്ഞ് കഥകളിലും തിരക്കഥകളിലും ആവിഷ്കരിക്കുകയായിരുന്നു എം.ടി. വാസുദേവൻ നായർ.

കേരളീയ മനസ്സുകളിൽ ഗൂഢമായി പ്രവർത്തിക്കുന്ന നാലുകെട്ടുകളോടുള്ള ആരാധനാമനോഭാവത്തെ മൂർത്തമായ അനുഭവമാക്കി മാറ്റി അതിനെ എഴുത്തിന്റെയും വായനയുടെയും പ്രധാന ആകർഷണമാക്കി സ്ഥാനപ്പെടുത്തിയത് എം.ടിയുടെ രചനകളാണ്. സ്വന്തം ജീവിതാനുഭവങ്ങളിലും ജീവിതസംസ്കാരത്തിലും പ്രാദേശികസ്വത്വത്തിലും നിലയുറപ്പിച്ചുകൊണ്ടാണ് എം.ടിയുടെ കഥകൾ നാലുകെട്ടുകളെ പശ്ചാത്തലമാക്കിയത്. എന്നാൽ, ആ നാലുകെട്ടുകൾ സംവദിച്ചത് നാലുകെട്ടുകളോട് സഹജാഭിമുഖ്യമുള്ള കേരളീയ പൊതുബോധത്തോടാണ്.

നാലുകെട്ട് എന്ന വാസ്തുനിർമിതി കൂട്ടുകുടുംബവ്യവസ്ഥയുടെ ഭാഗമായാണ് ഉണ്ടായതും നിലനിന്നതും. ഒപ്പം മരുമക്കത്തായ പാരമ്പര്യത്തിന്റെയും ഉൽപന്നമായിരുന്നു അത്. മൂത്ത അമ്മാവൻ കുടുംബനാഥനായുള്ള ഒരു ബൃഹത് കുടുംബം. അയാളുടെ മാതാപിതാക്കൾ, സഹോദരിമാരും സംബന്ധക്കാരും സന്തതികളും, സഹോദരന്മാർ, അവരുടെ മക്കൾ, പരിചാരകർ ഇങ്ങനെ നിരവധി അംഗങ്ങൾ ഒരു ആവാസവ്യവസ്ഥയിലെന്നപോലെ ഒന്നിച്ചുപാർക്കുന്ന വാസസ്ഥലമാണ് നാലുകെട്ട്. ഒരു നടുമുറ്റമാണ് നാലുകെട്ടുനിർമിതിയുടെ കേന്ദ്രസ്ഥാനം. അതിനു നാലു വശത്തുമായി വടക്കിനി പടിഞ്ഞാറ്റിനി തുടങ്ങിയ പേരുകളോടുകൂടിയ നാല് ബ്ലോക്കുകൾ. എല്ലാറ്റിനും അകത്തും പുറത്തും വരാന്തകൾ.

ഓരോന്നിനും നാലുകെട്ടുജീവിതത്തിൽ തനതായ ആവശ്യങ്ങളുണ്ടായിരുന്നു. ജാതിപദവി അനുസരിച്ച് ഓരോ വിഭാഗത്തിന്റെയും നാലുകെട്ടുകളിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന ഗ്രന്ഥത്തിൽ പി. ഭാസ്കരനുണ്ണി വിശദമാക്കിയിട്ടുണ്ട്. (2012: 78) സാമ്പത്തികസ്ഥിതി അനുസരിച്ച് രണ്ട് നടുമുറ്റങ്ങൾ ഉള്ള എട്ടുകെട്ടോ മൂന്നു നടുമുറ്റങ്ങൾ ഉള്ള പന്ത്രണ്ടുകെട്ടോ ഉണ്ടാവാം. ജാതിപദവിയും സാമ്പത്തികശേഷിയുമനുസരിച്ച് നാലുകെട്ടിന്റെ വലുപ്പവും കൂടുന്നു. അന്നത്തെ സാമൂഹികഘടനയുടെയും കുടുംബഘടനയുടെയും സ്വഭാവങ്ങളെല്ലാം പ്രതിഫലിക്കുന്ന ഒന്നാണ് നാലുകെട്ട് എന്ന ഭവനം.

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിലുണ്ടായ സാമൂഹികമാറ്റത്തിന്റെ സംഘർഷങ്ങൾ ഏറ്റവുമധികം പ്രതിഫലിച്ച ഇടങ്ങളിൽ ഒന്നാണ് നാലുകെട്ടുകൾ. ഈ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് കൂട്ടുകുടുംബവ്യവസ്ഥയും മരുമക്കത്തായവ്യവസ്ഥയും ശിഥിലമാകുന്നതോടെ നാലുകെട്ടും അതിലെ ജീവിതവും വലിയ സംഘർഷങ്ങൾക്ക് വിധേയമാകുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലുമായി ശക്തിപ്പെട്ടുവന്ന പുതിയ ലോകബോധവും ജീവിതബോധവും നാലുകെട്ടുജീവിതങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. വിദ്യാഭ്യാസം നേടി ഒരു തലമുറ പുതിയ തൊഴിലുകളിലേക്കും സ്ഥലങ്ങളിലേക്കും കടന്നുപോയതോടെ കൂട്ടുകുടുംബ വ്യവസ്ഥക്കായി രൂപപ്പെടുത്തിയ നാലുകെട്ടുകൾ അതിലെ അന്തേവാസികൾക്കും അവകാശികൾക്കും തന്നെ ബാധ്യതയായി മാറി.

എം.ടി. വാസുദേവൻ നായർ,‘നാലുകെട്ട്​’ -പുറംചട്ട

പുതിയ ജീവിതബോധത്തിന്റെ ഫലമായും സാമ്പത്തിക പ്രശ്നങ്ങളാലും കൂട്ടുകുടുംബങ്ങൾക്കിടയിൽ അന്തശ്ഛിദ്രങ്ങൾ ഉണ്ടാവുകയും നാലുകെട്ടുകൾ നിരന്തരമായ സംഘട്ടനങ്ങളുടെയും അശാന്തികളുടെയും കേന്ദ്രങ്ങളായി പരിണമിക്കുകയുംചെയ്തു. ഒരുഭാഗത്ത് സമ്പന്നതയുടെ പ്രതീകമായി നാലുകെട്ടുകൾ നിലനിൽക്കുമ്പോൾതന്നെ മറുഭാഗത്ത് പലതരം അശാന്തികളുടെയും വറുതികളുടെയും ഇടമായി നാലുകെട്ടുകൾ മാറുകയുംചെയ്തു. ഇതിൽ രണ്ടാമത് പറഞ്ഞ രീതിയിലുള്ള നാലുകെട്ടുകളെയാണ് എം.ടി തന്റെ രചനകളിൽ ആവിഷ്കരിച്ചത്.

എം.ടി ‘നാലുകെട്ട്’ എന്ന നോവൽ എഴുതുന്നത് 1958ലാണ്. മുൻപറഞ്ഞപോലെ മാറിയ സാമൂഹിക സാഹചര്യങ്ങളിൽ സാമ്പത്തികമായും സാംസ്കാരികമായും നിലനിൽക്കാൻ പ്രയാസപ്പെടുന്ന ഒരു നാലുകെട്ടാണ് എം.ടി ആ നോവലിൽ അവതരിപ്പിച്ചത്. പല കാരണങ്ങളാൽ ശിഥിലമായിക്കൊണ്ടിരുന്ന മനുഷ്യബന്ധങ്ങളും കുടുംബസംവിധാനങ്ങളും ഗാർഹിക സംഘർഷങ്ങളുമാണ് ആ നോവലിൽ നമ്മൾ വായിച്ചത്. പലനിലകളിൽ വായനക്കാരെ ആകർഷിക്കാൻ കെൽപ്പുണ്ടായിരുന്ന നോവലാണ് ‘നാലുകെട്ട്’. നാലുകെട്ടു ജീവിതങ്ങളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുമ്പോഴും അതിവൈകാരിക വിഷയങ്ങളും സമീപനങ്ങളും വഴി ഒരു ജനപ്രിയ ഫോർമുല തന്നെ സൃഷ്ടിക്കാൻ എം.ടിക്ക് കഴിഞ്ഞു.

നായകവിജയം, പുതിയ വ്യവസ്ഥിതിക്കു വേണ്ടിയുള്ള ആഹ്വാനം, പ്രണയം, പക, പ്രതികാരബുദ്ധി, വാശി തുടങ്ങിയ വിഷയങ്ങളുടെ വിദഗ്ധമായ സമ്മേളനം ‘നാലുകെട്ട്’ എന്ന നോവലിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെയെല്ലാം ‘നാലുകെട്ട്’ എന്ന ഒരു വ്യവസ്ഥക്കുള്ളിൽ നിർത്തി പറയാൻ കഴിഞ്ഞതുകൊണ്ട് കഥാപരമായ കൈയൊതുക്കവും ചരിത്രപരമായ പ്രാധാന്യവും ഈ രചനക്ക് കൈവന്നു.

‘നാലുകെട്ട്’ പ്രധാനമായും രണ്ടു തരത്തിലാണ് കലാപരമായ ആകർഷണം നേടുന്നത്. ഒന്ന് നാലുകെട്ടിനെക്കുറിച്ചുള്ള പൊതുബോധം നിലനിർത്തിപ്പോരുന്ന താൽപര്യം. രണ്ട് അതിനകത്തെ മനുഷ്യബന്ധങ്ങളുടെയും തൽഫലമായ വൈകാരിക വിനിമയങ്ങളുടെയും വിവിധ സാധ്യതകൾ. ‘മുറപ്പെണ്ണ്’ എന്ന സ്ത്രൈണസത്ത സൃഷ്ടിക്കുന്ന വൈകാരിക പ്രലോഭനം, ഇരുട്ടും വെളിച്ചവുംകൊണ്ട് അകത്തളങ്ങൾ സൃഷ്ടിക്കുന്ന മാസ്മരികമായ അന്തരീക്ഷം, ഇങ്ങനെ നിരവധി ഘടകങ്ങൾ നാലുകെട്ട് എന്ന നോവലിൽതന്നെ വായനക്കാരന് കാണാനും അനുഭവിക്കാനും കഴിയുന്നുണ്ട്.

നാലുകെട്ടിന്റെ ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും മലയാള സാഹിത്യത്തിലും സിനിമയിലും എന്നും വലിയ വൈകാരികമൂല്യം ലഭിച്ചു പോന്നിട്ടുണ്ട്. അവർണരുടെയോ കൂലിപ്പണിക്കാരുടെയോ ദാരിദ്ര്യത്തിന് ഇല്ലാത്ത വൈകാരികക്ഷമത സവർണരുടെ അല്ലെങ്കിൽ തറവാടികളുടെ ദാരിദ്ര്യത്തിന് കിട്ടുന്നു. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾക്ക് സാഹിത്യത്തിലും സിനിമയിലും എക്കാലത്തും വലിയ മാർക്കറ്റും ലഭിച്ചു പോന്നിട്ടുണ്ട്. ഈ അവസ്ഥക്ക് കൃത്യമായ ഒരു രീതിശാസ്ത്രം ഉണ്ടാക്കിക്കൊടുത്ത രചനയാണ് എം.ടിയുടെ ‘നാലുകെട്ട്’ എന്ന നോവൽ.

‘നാലുകെട്ട്’ എന്ന നോവലിന്റെ അവസാന ഭാഗത്ത് കഥാപാത്രമായ അപ്പുണ്ണി നടത്തുന്ന പുരോഗമനപരമായ ഒരു പ്രസ്താവനയുണ്ട്. “ഈ നാലുകെട്ടു പൊളിക്കാൻ ഏർപ്പാടാക്കണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ മതി”. കേരളത്തിന്റെ സാമൂഹിക ഭൗതിക സാഹചര്യങ്ങളിൽ പ്രസക്തിയുള്ള, പിൽക്കാലത്ത് വലിയ അളവിൽ പിന്തുടരപ്പെട്ട ഒരു ആശയം തന്നെയാണ് ഇത്. എന്നാൽ, നാലുകെട്ട് പൊളിക്കണം എന്ന ഒരു സാമൂഹികപ്രശ്നം എന്നനിലയിൽ ആഹ്വാനം ചെയ്ത എം.ടി എഴുത്തിന്റെ ലോകത്ത് പിന്നീട് എത്രയോ കാലം ആ നാലുകെട്ടിൽ തന്നെയാണ് നിലയുറപ്പിച്ചത്.

കഥകളിലും നോവലിലും സിനിമകളിലും ആ നാലുകെട്ടിന്റെ വക്താവായിത്തന്നെ തുടരുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതാനുഭവങ്ങളോടും അടിസ്ഥാനങ്ങളോടും ഉള്ള സത്യസന്ധത എന്നനിലയിൽ അത്തരം പ്രമേയങ്ങളും ആഖ്യാനങ്ങളും തികച്ചും സ്വാഭാവികവുമാണ്. എം.ടിയുടെ ഒട്ടേറെ കഥകൾക്കും സിനിമകൾക്കും ലഭിച്ച സ്വീകാര്യതയിൽ ഈ നാലുകെട്ടു സംസ്കാരത്തിന്റെ പങ്ക് വളരെ വലുതാണ്. സിനിമയിലേക്ക് എത്തിയപ്പോൾ ഈ സ്വീകാര്യത സാർവത്രികസ്വഭാവംതന്നെ നേടിയെടുത്തു. മലയാളിയുടെ പൊതുബോധത്തിൽ സ്ഥാനംപിടിച്ചിരുന്ന നാലുകെട്ടുകളോടുള്ള അഭിനിവേശം വലിയതോതിൽ മുതലെടുക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ ബോക്സ് ഓഫിസ് വിജയങ്ങളിലേക്ക് എത്തിയ പല മലയാള സിനിമകളും ഇത് തെളിയിക്കുന്നു.

അംബ്രിഷ് സക്സേന എഡിറ്റ് ചെയ്ത ഇന്ത്യൻ സിനിമ സൊസൈറ്റി ആൻഡ് കൾചർ എന്ന ചലച്ചിത്ര പഠനഗ്രന്ഥത്തിലെ മിക്ക ലേഖനങ്ങളും ഇന്ത്യയിൽ സിനിമ എങ്ങനെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നു വിശകലനം ചെയ്യുന്നവയാണ്. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ മികച്ച ജീവിതമാതൃകയെക്കുറിച്ചുള്ള ധാരണ ജനങ്ങളിൽ രൂപപ്പെടുത്തുന്നതിലും ഉറപ്പിക്കുന്നതിലും സിനിമ വഹിക്കുന്ന പങ്ക് സക്സേന ചൂണ്ടിക്കാണിക്കുന്നുണ്ട്. (2014: ix) ഇതാണ് മികച്ചത് എന്ന വ്യാജബോധം പ്രേക്ഷകനിൽ സൃഷ്ടിക്കാൻ സിനിമ ശ്രമിക്കുന്നു. മലയാളത്തിലെ നാലുകെട്ടു സിനിമകൾ കേരളീയ പൊതുബോധത്തിൽ രൂപപ്പെടുത്തിയതും ഉയർന്നതരം ജീവിതത്തെക്കുറിച്ചുള്ള ഇത്തരമൊരു സങ്കൽപമാണ്. നാലുകെട്ടുകളോടുള്ള മലയാളികളുടെ അഭിനിവേശവും താൽപര്യവും വളർത്തുന്നതിൽ ഇത്തരം സിനിമകൾതന്നെ ഒരു പങ്കുവഹിച്ചിട്ടുണ്ട്.

എം.ടിയുടെ ‘നാലുകെട്ട്’ എന്ന നോവൽ ഇറങ്ങുന്നതിനും മുമ്പേതന്നെ നാലുകെട്ടുകൾ സിനിമയുടെ പശ്ചാത്തലവും ആഖ്യാനഘടകവുമായി സ്ഥാനം നേടിയിട്ടുണ്ട്. 1951ൽ പുറത്തിറങ്ങിയ ‘ജീവിതനൗക’ അതിനൊരു ഉദാഹരണമാണ്. സ്റ്റുഡിയോയിൽ തയാറാക്കിയ സെറ്റാണ് ലൊക്കേഷനെങ്കിലും ആ സിനിമയുടെ ഗാർഹിക പശ്ചാത്തലം ഒരു നാലുകെട്ടാണെന്ന് മനസ്സിലാക്കാം. എന്നാലും നാലുകെട്ടിന്റെ സൗന്ദര്യാത്മക സാധ്യതകളും വാണിജ്യസാധ്യതകളും മലയാള സിനിമ യഥാവിധി തിരിച്ചറിയുന്നതും ഉപയോഗപ്പെടുത്തുന്നതും എം.ടി തിരക്കഥ എഴുതിയ സിനിമകളിലൂടെയാണ്.

കഥകളിൽ താൻ ആവിഷ്കരിച്ച നാലുകെട്ടുകളെയും അതിന്റെ അന്തരീക്ഷത്തെയും അതേക്കാൾ യാഥാർഥ്യബോധത്തോടെ എന്നാൽ, അതിവൈകാരികതയുടെ അകമ്പടിയോടെ സിനിമയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു എം.ടി. വാസുദേവൻ നായർ. മെലോഡ്രാമ റിയലിസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പീറ്റർ ബ്രൂക്കിനെ മുൻനിർത്തി ചലച്ചിത്രപഠിതാവായ രവി എസ്. വാസുദേവൻ വിശദീകരിക്കുന്നുണ്ട് (മേക്കിങ് മീനിങ് ഇൻ ഇന്ത്യൻ സിനിമ, 2000: 114). എം.ടിയുടെ പല സിനിമകൾക്കും ബാധകമായ നിരീക്ഷണമാണിത്. റിയലിസത്തിന്റെ അടിത്തറയിലാണ് ആ സിനിമകൾ നിൽക്കുന്നത്. എന്നാൽ, അതു സഞ്ചരിക്കുന്നത് അതിഭാവുകത്വം നിറഞ്ഞതും അതിവൈകാരികവുമായ ഇടങ്ങളിലേക്കാണ്. ‘നാലുകെട്ട്’ എന്ന നോവലിൽത്തന്നെ ഈ രീതി കാണാം. സിനിമകളിലും അത് ആവർത്തിക്കുന്നു.

‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി രചിച്ച ‘മുറപ്പെണ്ണ്’ (1965) എന്ന തിരക്കഥയോടെയാണ് എം.ടിയുടെ സിനിമാബന്ധം ആരംഭിക്കുന്നത്. മലയാളത്തിൽ നാലുകെട്ടിന്റെ യഥാർഥ ചലച്ചിത്രജീവിതവും അവിടെ തുടങ്ങുന്നു. പിന്നീട് അദ്ദേഹം രചിച്ച സിനിമകൾ പലതിലും ഒരു ബാധപോലെ നാലുകെട്ടുകളും ഉണ്ടായിരുന്നു. ‘അസുരവിത്ത്’, ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുട്ട്യേടത്തി’, ‘നിർമാല്യം’, ‘ബന്ധനം’, ‘ഓപ്പോൾ’, ‘പഞ്ചാഗ്നി’ തുടങ്ങി ആദ്യത്തെ രണ്ട് ദശകത്തിനിടയിൽ ഇറങ്ങിയ പല ചിത്രങ്ങളും ‘നാലുകെട്ടി’ന്റെ അനുഭവങ്ങളെ ആവിഷ്കരിക്കുന്നവയായിരുന്നു.

തൊണ്ണൂറുകളിലെത്തുമ്പോൾ മലയാള സിനിമയിലെ ഏറ്റവും വിലപ്പെട്ട വാണിജ്യ ഫോർമുലകളിൽ ഒന്നായി നാലുകെട്ടുകൾ സ്ഥാനം നേടുന്നുണ്ട്. ഈ പ്രവണതക്ക് അപ്പോഴും നേതൃത്വം നൽകിക്കൊണ്ടിരുന്നത് എം.ടി തന്നെയായിരുന്നു. ‘സുകൃതം’, ‘ആൾക്കൂട്ടത്തിൽ തനിയെ’, ‘നീലത്താമര’, ‘എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്’, ‘ഋതുഭേദം’, ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’, ‘പഴശ്ശിരാജ’ തുടങ്ങി എം.ടിയുടെ നിരവധി സിനിമകളിൽ നാലുകെട്ടുകളോ എട്ടുകെട്ടുകളോ സമാനമായ ഗാർഹിക സമ്പ്രദായമോ നമുക്ക് കാണാനാവുന്നുണ്ട്. ഇതിവൃത്തം വ്യത്യസ്തമാവുമ്പോഴും പ്രമേയം സമാനമാകുന്ന സന്ദർഭങ്ങൾ ഇക്കൂട്ടത്തിൽ പലതിനും ഉണ്ട്.

 

വരിക്കാശ്ശേരി മന

എം.ടിയുടെ നാലുകെട്ടു സിനിമകളിലെല്ലാം ഒരു സമ്പന്ന ഭൂതകാലത്തിന്റെ സ്മരണകളുണ്ട്. സമ്പന്ന ഭൂതകാലം അവതരിപ്പിക്കേണ്ടിവന്ന സന്ദർഭത്തിൽ നാലുകെട്ടുകളെ ആ നിലയിലുള്ള വർണപ്പൊലിമയോടെ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ‘വടക്കൻ വീരഗാഥ’യും ‘പഴശ്ശിരാജ’യും അതിനുള്ള തെളിവുകളാണ്. ആ ഭൂതകാലം മാഞ്ഞുപോവുകയും ഇല്ലായ്മകളുടെ (ദാരിദ്ര്യമോ അപമാനമോ പദവിശോഷണമോ ഒക്കെ ആവാം) അഗാധതയിൽ വീണുപോവുകയും അംഗബലം ശോഷിക്കുകയും ചെയ്തുകഴിഞ്ഞ നാലുകെട്ടുകളാണ് അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ കാണാനാവുക.

അങ്ങനെ സമ്പന്ന ഭൂതകാലം ഏൽപിച്ച ചില ഭാരങ്ങളും പേറി സമകാലിക ദുരിതങ്ങളെയും വ്യക്തിബന്ധങ്ങളിലെ പിളർച്ചകളെയും അഭിമുഖീകരിക്കേണ്ടി വരുന്നതിന്റെ സംഘർഷമാണ് എം.ടിയുടെ പല നാലുകെട്ടു സിനിമകളുടെയും വിഷയം. ചുരുക്കിപ്പറഞ്ഞാൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന, ശിഥിലമായിക്കഴിഞ്ഞ നാലുകെട്ടു ജീവിതത്തിന്റെ പ്രതിനിധികളാണ് എം.ടിയുടെ സിനിമകളിലെ കഥാപാത്രങ്ങൾ. ‘നിർമാല്യം’ തന്നെയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.

ദൃശ്യഭാഷയിലൂടെ സംവദിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ സിനിമയിൽ നാലുകെട്ടുകൾക്ക് വിപുലമായ സാധ്യതകൾ ഉണ്ട്. സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന ഇടങ്ങൾക്ക് സാംസ്കാരികവും ചരിത്രപരവും പാരിസ്ഥിതികവുമായ വ്യത്യസ്തമായ ദൃശ്യസൗന്ദര്യശാസ്ത്രം ഉണ്ടായിരിക്കുമെന്ന് സിനിമാസ് ഓഫ് ദ ഗ്ലോബൽ സൗത്ത് എന്ന ഗ്രന്ഥത്തിൽ ദിലീപ് മേനോനും അമിർ താഹയും നിരീക്ഷിക്കുന്നുണ്ട് (2024:1). ഓരോ ജനുസ്സും ഓരോ പ്രവണതയും സൗന്ദര്യശാസ്ത്രപരമായും സാമൂഹികമായും എങ്ങനെ രൂപംകൊള്ളുന്നു എന്നതിനെ മുൻനിർത്തിയുള്ള പഠനമാണ് ഈ കാഴ്ചപ്പാടിലേക്ക് അവരെ നയിക്കുന്നത്. ഹോളിവുഡ് സിനിമകളിൽനിന്ന് ഏഷ്യൻ സിനിമകളുടെ വ്യത്യാസം ഇടങ്ങളുടെ വ്യത്യാസമായി അവർ കാണുന്നു. വാസ്തവത്തിൽ ഒരേ ദേശത്തിലെത്തന്നെ സിനിമകളിലും ഈ വ്യത്യാസമുണ്ട്.

മലയാളത്തെ സംബന്ധിച്ച് നാലുകെട്ടുകൾ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഇടവും സൗന്ദര്യസമീപനവും സിനിമയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഉള്ളടക്കത്തിൽ മാത്രമല്ല രൂപത്തിലും ആഖ്യാനത്തിലുമൊക്കെ ഇതു പ്രതിഫലിക്കും. പ്രമേയത്തിലെ അഥവാ ഉള്ളടക്കത്തിലെ തനിമ മുമ്പേ പറഞ്ഞുകഴിഞ്ഞു. അത്തരം പ്രമേയങ്ങളുടെ ഭാഗമായ ജീവിതസാഹചര്യങ്ങൾ സാംസ്കാരിക അനുഭവങ്ങളുടെയും സാംസ്കാരിക ചിഹ്നങ്ങളുടെയും വലിയ ഇടംതന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നുണ്ട്. സവർണമെന്നും വരേണ്യമെന്നും വിശേഷിപ്പിക്കാവുന്ന ഗാർഹിക കുടുംബസംവിധാനമാണ് നാലുകെട്ട്. അതുകൊണ്ട് തന്നെ ആ നിലയിലുള്ള ജീവിതമാണ് നാലുകെട്ടുകളിൽനിന്ന് പ്രതീക്ഷിക്കാവുന്നത്.

നാലുകെട്ട് പശ്ചാത്തലമാവുന്ന സിനിമകളിലും പ്രത്യക്ഷപ്പെടുന്നത് സവർണമോ വരേണ്യമോ ആയ ജീവിതങ്ങളും ജീവിത പശ്ചാത്തലങ്ങളും ചിഹ്നങ്ങളുമാണ്. അവയെല്ലാം തന്നെ സിനിമയുടെ ദൃശ്യാത്മകതയെ വലിയ അളവിൽ പൊലിപ്പിക്കുന്നതായിരിക്കും. സവർണ ജീവിതത്തിന്റെ അത്തരം ചിഹ്നങ്ങൾതന്നെ എം.ടിയുടെ സിനിമകളിൽ എങ്ങനെയെല്ലാം പ്രത്യക്ഷപ്പെടുന്നു എന്ന് സാമാന്യമായി പരിശോധിക്കാം.

(1) നാലുകെട്ട് എന്ന വാസ്തുഘടന ദൃശ്യാത്മകതയുടെ നിരവധി സാധ്യതകൾ തുറന്നുവെക്കുന്നുണ്ട്. മുകളിലേക്കു കൂർത്തു നിൽക്കുന്ന മേൽക്കൂരകൾ, നടുമുറ്റം, അതിനു ചുറ്റിലുമുള്ള നാല് ബ്ലോക്കുകൾ, വീടിന് അകത്തും പുറത്തുമുള്ള വരാന്തകൾ, അവയോട് ചേർന്നു നിൽക്കുന്ന തൂണുകൾ, പൂമുഖങ്ങൾ, ചാരുപടികൾ, ജാലകങ്ങൾ, പൂജാമുറി, കറകറശബ്ദത്തോടെ തുറക്കുകയും അടക്കുകയും ചെയ്യുന്ന വാതായനങ്ങൾ, ഇടനാഴികൾ, തുളസിത്തറ, പടിപ്പുരകൾ, കുളം, കുളപ്പുരകൾ, അടുക്കളക്കിണർ, മരക്കോവണികൾ ഇങ്ങനെ പ്രാഥമികമായി തന്നെ കാഴ്ചകളുടെ നൈരന്തര്യം സൃഷ്ടിക്കാൻ നാലുകെട്ടുകൾക്ക് കഴിയും. നിഴലും വെളിച്ചവും കെട്ടിമറിയുന്ന അകത്തളങ്ങൾ സിനിമയിലെ പ്രകാശസംവിധാനത്തിന്റെ സാധ്യതകൾ വിപുലീകരിക്കുകയുംചെയ്യുന്നു.

(2) സാധാരണ കുടുംബങ്ങളിൽ കാണാനാവാത്ത ഒട്ടേറെ ഗാർഹിക വസ്തുക്കളും ഉപകരണങ്ങളും സ്വാഭാവികമായിത്തന്നെ നാലുകെട്ടുകളിൽ കാണാനാവും. സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ഇപ്പോഴത്തെ അവശിഷ്ടങ്ങളോ ഇപ്പോഴത്തെ സമൃദ്ധിയുടെ സൂചകങ്ങളോ ആവാം അവ. മരംകൊണ്ടുള്ള അനേകം ഉപകരണങ്ങൾ (കട്ടിൽ, മേശ, കസേര, ഊഞ്ഞാൽക്കട്ടിൽ, പീഠം, ഇരിപ്പലക) ചുമരിലെ കലാവസ്തുക്കൾ, കിണ്ടി, ഓട്ടുവിളക്കുകൾ, ഓട്ടുപാത്രങ്ങൾ ഇങ്ങനെ നിരവധി ഗാർഹിക വസ്തുക്കൾ നാലുകെട്ടുകളുടെ ഭാഗമാണ്. ഇന്റീരിയർ ഷോട്ടുകളുടെ ദൃശ്യാത്മകത വർധിപ്പിക്കാൻ ഇവക്കു കഴിയും.

(3) കൂട്ടുകുടുംബ സംവിധാനത്തിന്റെ ഉൽപന്നമായ നാലുകെട്ടുകൾ അംഗബലംകൊണ്ടും സജീവമായിരിക്കും. ഇന്നത്തെ ന്യൂക്ലിയർ ഫാമിലികളിൽ മൂന്നോ നാലോ കഥാപാത്രങ്ങൾക്ക് മാത്രമേ അവസരമുള്ളൂ എങ്കിൽ നാലുകെട്ടിലാകട്ടെ പലതരം കഥാപാത്രങ്ങൾക്കും മനുഷ്യബന്ധങ്ങൾക്കും ഇടമുണ്ട്. മുത്തശ്ശി, അമ്മാവൻമാർ, അമ്മായിമാർ, വലിയമ്മമാർ, അവരുടെ മക്കൾ, പരിചാരകർ ഇങ്ങനെ പല ബന്ധങ്ങളിലൂടെ രൂപപ്പെടുന്ന കഥാപാത്രസഞ്ചയം തന്നെ നാലുകെട്ടുകളുടെ ഭാഗമായി ഉണ്ടാവാം. നൂറും നൂറ്റി ഇരുപതും അംഗങ്ങളുള്ള നാലുകെട്ടുകൾ ഒരുകാലത്ത് സാധാരണമായിരുന്നു. നാലുകെട്ടുകളുടെ ശൈഥില്യംതന്നെ സിനിമയിൽ പ്രത്യക്ഷവത്കരിക്കപ്പെടുന്നത് അംഗസംഖ്യയിലെ കുറവായാണ്. അനേകം ആളുകൾക്ക് ഇടമുള്ള ഒരു സംവിധാനത്തിൽ മൂന്നാല് പേർ മാത്രം അവശേഷിക്കുമ്പോൾ അതുതന്നെ ഒരു അടഞ്ഞ സംവിധാനമായി അനുഭവപ്പെടുക സ്വാഭാവികമാണ്.

(4) ഹിന്ദു സവർണ കുടുംബങ്ങളുടെ വാസസ്ഥാനമായാണ് കേരള സാഹചര്യത്തിൽ നാലുകെട്ട് രൂപപ്പെട്ടതും നിലനിന്നതും. ആചാരബദ്ധവും അനുഷ്ഠാനനിർഭരവുമായ ഒരു മത-സാംസ്കാരിക ജീവിതം അതിനുള്ളിൽ നിലനിന്നിരുന്നു. നിത്യവും വിളക്ക് വെക്കുന്ന തുളസിത്തറ, പൂജകൾ, കാവുകൾ തുടങ്ങിയ നിത്യജീവിതാചാരങ്ങൾ, പുള്ളുവൻപാട്ട്, തുമ്പിതുള്ളൽ, വെളിച്ചപ്പാട് തുടങ്ങിയ അനുഷ്ഠാനങ്ങൾ, തിരുവാതിര, ഓണക്കളികൾ തുടങ്ങിയ പലതരം ഫോക് കലാരൂപങ്ങൾ ഇവ കൂടാതെ ക്ഷേത്രജീവിതവുമായി ബന്ധപ്പെട്ട അനേകം പ്രവൃത്തികളും ദൃശ്യങ്ങളും –ഇവക്കെല്ലാം നാലുകെട്ടുകൾ അവസരം ഒരുക്കുന്നുണ്ട്. ഇങ്ങനെ സിനിമയുടെ ദൃശ്യാത്മകതയെ സമൃദ്ധമാക്കാൻ കഴിവുള്ള നിരവധി വസ്തുക്കൾ നാലുകെട്ടുകളുടെ പരിസരങ്ങളിൽ ഉണ്ടാവും. കൂടാതെ അവയുടെ അനുബന്ധംപോലെ നിലനിൽക്കുന്ന ക്ഷേത്രങ്ങൾ, പടിപ്പുരകൾ, ആൽത്തറകൾ, ക്ഷേത്രക്കുളങ്ങൾ, ക്ഷേത്രത്തിലെ ഉത്സവങ്ങൾ ഇങ്ങനെ നിരവധി ഘടകങ്ങൾ സിനിമയുടെ ദൃശ്യാത്മകത കൂട്ടുവാൻ ഉപകരിക്കുന്നവയാണ്.

(5) സമ്പന്നതയുടെയോ സമ്പന്ന ഭൂതകാലത്തിന്റെയോ ചിഹ്നങ്ങൾ നാലുകെട്ടുകളിൽ നിരവധി ഉണ്ടാവും. അതിൽ നാലുകെട്ടുകളിലെ ഭക്ഷണശീലങ്ങളുംപെടുന്നു. ഒരു സാധാരണ ഗാർഹിക സാഹചര്യത്തിലെ ഭക്ഷണമാവണമെന്നില്ല സമ്പന്ന തറവാടുകളിലെ ഭക്ഷണശീലം. ഇലയിട്ട് പലവിധ കറികൾ കൂട്ടിയുള്ള സദ്യകൾക്ക് സ്കോപ്പുള്ളതിനാൽ അതും സിനിമകളുടെ കോമ്പോസിഷനുകളെ വിഭവസമൃദ്ധമാക്കുവാൻ ഉപയോഗിക്കാനാവും.

(6) നാലുകെട്ടുകൾക്ക് നൽകാൻ കഴിയുന്ന ദൃശ്യബിംബങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ജീവിതാഖ്യാനത്തിന്റെ തലത്തിലും നാലുകെട്ടുകൾ അനേകം സാധ്യതകൾ തുറന്നുതരുന്നുണ്ട്. സാഹിതീയതലത്തിൽ ഒരു ബൃഹദാഖ്യാനത്തിന്റെ സ്വഭാവമാണ് നാലുകെട്ടുകൾക്കുള്ളത് എന്ന് പറഞ്ഞു. അതുകൊണ്ടുതന്നെ സുഘടിതമായ ഒരു ഇതിവൃത്തം നാലുകെട്ടുകൾ പശ്ചാത്തലമാക്കി രൂപപ്പെടുത്തുക എളുപ്പമാണ് (പഴയ രാജകീയ കഥകളുടെ ചെറുപതിപ്പുകൾപോലെ). അമ്മാവൻ എന്ന ഉഗ്രപ്രതാപിയായ കേന്ദ്രകഥാപാത്രം പഴയ നാടോടിക്കഥകളിലെ നാട്ടുരാജാവിന്റെ പ്രതിരൂപമാണ്. ആ അധികാരത്തിന് കീഴിൽ നിലകൊള്ളുന്ന പ്രവിശ്യയാണ് നാലുകെട്ട്.

നാലുകെട്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തികവും കാർഷികവും മറ്റുമായ ചുമതലകൾ നിർവഹിക്കുന്ന കാര്യസ്ഥന്മാർ മന്ത്രിമാരുടെ സ്ഥാനത്തായി ഉണ്ട്. നാലുകെട്ടിലെ സ്ത്രീകളും ഇളമുറക്കാരും ഒക്കെ രാജ്യത്തിലെ പ്രജകൾ. ഈ അധികാരഘടനയെ വെല്ലുവിളിക്കാൻ കെൽപുള്ള ഒരു മരുമകൻ അല്ലെങ്കിൽ ഇളമുറക്കാരൻ. അയാളാണ് ഈ നാലുകെട്ടു കഥയിലെ വീരനായകനായ യുവരാജാവ് (കാരണവരെ വെല്ലുവിളിക്കുന്ന ‘ഇന്ദുലേഖ’യിലെ മാധവനെ പോലെ). അമ്മാവന്റെ മകളാണ് ഈ കഥയിലെ രാജകുമാരി. ഇങ്ങനെ നായകൻ-നായിക-വില്ലൻ (രാജകുമാരൻ-രാജകുമാരി-രാക്ഷസൻ) സങ്കൽപത്തിന്റെ പല രൂപങ്ങൾ നാലുകെട്ടു കഥകളിൽ മൂർത്തമായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

അമ്മാവന്റെ സ്ഥാനത്ത് വില്ലൻ പരിവേഷത്തിൽ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളോ പുതിയ ലോകാവസ്ഥയോ കടന്നുവരാറുണ്ട്. മിക്ക ജനപ്രിയ സിനിമകളിലും ഈ ഫോർമുല പ്രവർത്തിക്കുന്നുണ്ടെങ്കിലും നാലുകെട്ട് എന്ന വ്യവസ്ഥക്കുള്ളിൽ ഈ ഫോർമുലകൾ കൂടുതൽ മൂർത്തത കൈവരിക്കുന്നത് കാണാം.

നാലുകെട്ടു സിനിമകളിൽ പൊതുവെ കാണാനാകുന്ന ലിംഗപരവും സാമൂഹികവുമായ രണ്ടു പ്രശ്നങ്ങൾ കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതായുണ്ട്. പൊതുവെ ഗ്രാമീണമായ സ്ഥലപശ്ചാത്തലമാണ് നാലുകെട്ടുകൾക്കുള്ളത്. സാമൂഹികമായ ശ്രേണീബദ്ധതയും ആചാരങ്ങളും സാമുദായികവിഭജനങ്ങളും ഏറ്റവും ശക്തിയോടെ പ്രവർത്തിക്കുന്ന ഇടമാണ് ഗ്രാമം. നാലുകെട്ടുജീവിതങ്ങളിൽ ഇവ മൂർത്തമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാഭാവികമായും ഈ പ്രമേയം ആവിഷ്കരിക്കുന്ന സിനിമകളിലും അതു പ്രതിഫലിക്കുന്നു. സവർണ ജീവിതപരിസരങ്ങളിൽ ചുറ്റിത്തിരിയുന്ന നാലുകെട്ടു സിനിമകൾ പലപ്പോഴും അവർണജീവിതങ്ങളെ കാണാമറയത്തു നിർത്തുകയോ അപരവത്കരിക്കുകയോ ചെയ്യുന്നുണ്ട്.

“അയിത്തജാതിക്കാരിൽനിന്ന് അകന്നുനിൽക്കാൻ കഴിയുന്ന രീതിയിലാണ് നാലുപുരയുടെ നിർമാണം” എന്നാണ് നാലുകെട്ടുകളുടെ ഘടനയെപ്പറ്റി പി. ഭാസ്കരനുണ്ണി പറയുന്നത് (2012: 81). നാലുകെട്ടുകളിൽ അയിത്തജാതിക്കാർക്ക് പ്രവേശനമില്ലാതിരിക്കെ അതു വിഷയമാവുന്ന സിനിമകളിലും അവർക്ക് പ്രവേശനം കിട്ടുക എളുപ്പമല്ലല്ലോ. ഇതുപോലെ ലിംഗപരമായ വിവേചനത്തിന്റെയും ഇടങ്ങളാണ് നാലുകെട്ടുകൾ. ജാതീയമായ വരേണ്യത മാത്രമല്ല ലിംഗപരമായ ‘വരേണ്യത’യും സംഗമിക്കുന്ന സ്ഥലങ്ങളാണ് നാലുകെട്ടുകൾ. സ്ത്രീകൾ അബലകളാണെന്നും ഭരിക്കപ്പെടാനുള്ളവരാണെന്നുമുള്ള ധാരണ ഉറപ്പിക്കാൻ ഇത്തരം സിനിമകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. തൊണ്ണൂറുകളിലെ നാലുകെട്ടു സിനിമകളിലെ ആണത്തഘോഷണങ്ങളും സ്ത്രീവിരുദ്ധസംഭാഷണങ്ങളും ഇതിന്റെ പ്രത്യക്ഷങ്ങളായിരുന്നു. പുരുഷാധിപത്യപരമായ ആസ്വാദനശീലങ്ങൾ പിന്തുടരുന്ന പ്രേക്ഷകരെ രസിപ്പിക്കാൻ ഇത്തരം സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഇവയുടെയെല്ലാം മാതൃകകൾ മലയാളസിനിമയിൽ സ്ഥാപിച്ചെടുത്തത് എം.ടി തിരക്കഥ എഴുതിയ സിനിമകളാണ്. സംവിധാനം ചെയ്യുന്നത് ആരുമാവട്ടെ, സിനിമയിൽ ആദ്യന്തം നിറഞ്ഞുനിൽക്കുക എം.ടിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും ആയിരിക്കും. എം.ടി തിരക്കഥയെഴുതിയ സിനിമകൾ മിക്കപ്പോഴും സംവിധായകന്റെ പേരിലല്ല എം.ടിയുടെ തന്നെ പേരിലാണ് അറിയപ്പെടുക. അവക്കെല്ലാം ഒരു ഏകതാനത ഉണ്ടായിരിക്കുകയും ചെയ്യും. ഈ സിനിമകളിലെ നാലുകെട്ടു ജീവിതങ്ങൾക്കും ഉണ്ട് ഈ ഏകതാനത. ‘നഖക്ഷതങ്ങൾ’ (സംവിധാനം ഹരിഹരൻ), ‘ഋതുഭേദം’ (സംവിധാനം പ്രതാപ് പോത്തൻ) എന്നീ രണ്ടു സിനിമകൾ ചേർത്തുവെച്ചാൽ രണ്ടും ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ തോന്നും. രണ്ടും രണ്ടു സംവിധായകരുടേതാണെങ്കിലും രണ്ടിലും നിറഞ്ഞുനിൽക്കുന്നത് എം.ടി കാണുന്ന ഒരേ ജീവിതദൃശ്യങ്ങൾ തന്നെയാണ്.

 

‘മുറപ്പെണ്ണ്​’ -ഒരു രംഗം

നാലുകെട്ട് എന്ന വാസ്തുരൂപത്തിന്റെ കാഴ്ചഭംഗികൾ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽത്തന്നെ ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുള്ളത്. ‘മുറപ്പെണ്ണ്’, ‘അസുരവിത്ത്’, ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുട്ട്യേടത്തി’ തുടങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള സിനിമകളിൽ നാലുകെട്ടിനകത്തെ ഇരുട്ടും ജാലകപ്പാളികളിലൂടെ അരിച്ചുവീഴുന്ന വെളിച്ചങ്ങളും ഇവക്കിടയിലെ പലതരം നിഴലുകളും ആഴമുള്ള കാഴ്ചാനുഭവങ്ങളായിരുന്നു.

കൂടാതെ, നാലുകെട്ടിന്റെ നടുമുറ്റവും മരക്കോവണികളും കോലായകളും മറ്റും. എം.ടി തിരക്കഥ എഴുതിയ മിക്ക സിനിമകളിലും സമാനരീതിയിൽ ഇവ ആവർത്തിക്കപ്പെടുന്നുണ്ട്. ആദ്യ തിരക്കഥയായ ‘മുറപ്പെണ്ണ്’ എന്ന സിനിമയിൽ ആദ്യ ദൃശ്യങ്ങളിൽതന്നെ നാലുകെട്ട് അതിന്റെ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. ചാരുപടികളും വലിയ തൂണുകളുമുള്ള പൂമുഖം, ഊഞ്ഞാൽക്കട്ടിൽ, പഴയ രീതിയിലുള്ള കസേരകളും മേശകളും ഇവയൊക്കെ സംവിധായകൻ വളരെ ശ്രദ്ധയോടെ ദൃശ്യത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. എം.ടിയുടെ പിൽക്കാലത്തെ തിരക്കഥകളായ ‘ആൾക്കൂട്ടത്തിൽ തനിയെ’, ‘നഖക്ഷതങ്ങൾ’, ‘പഞ്ചാഗ്നി’, ‘എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്’, ‘സുകൃതം’, ‘പരിണയം’ തുടങ്ങിയ ചിത്രങ്ങളിലും ഈ പൂമുഖങ്ങൾ ആവർത്തിക്കപ്പെടുന്നു. നാലുകെട്ടുകളോട് ചേർന്നുള്ള വിശാലമായ കുളവും കുളിക്കടവും കുളപ്പുരയും മറ്റും എം.ടിയുടെ സിനിമകളിൽനിന്നുതന്നെ ആരംഭിക്കുന്നുണ്ട്. ‘പഞ്ചാഗ്നി’, ‘ഋതുഭേദം’, ‘സ്വന്തം ജാനകിക്കുട്ടിക്ക്’, ‘പരിണയം’, ‘നീലത്താമര’ തുടങ്ങിയ ചിത്രങ്ങളിൽ കുലമഹിമയുടെയും പൂർവകാല സമ്പന്നതയുടെയും ബാക്കിപത്രങ്ങൾ എന്നനിലയിൽ ഇതേ കുളപ്പുരകൾ നമ്മൾ കാണുന്നുണ്ട്.

നാലുകെട്ടുകൾ അത് സമ്പന്നതയുടെയോ ശൈഥില്യത്തിന്റെയോ ഇടങ്ങളാകട്ടെ അവ ആചാരങ്ങളാലും അനുഷ്ഠാനങ്ങളാലും സമ്പന്നങ്ങളാണ്. സിനിമയുടെ ദൃശ്യശ്രാവ്യതലങ്ങളെ സമ്പന്നമാക്കാൻ കെൽപുള്ളവയാണ് ഇത്തരം സന്ദർഭങ്ങൾ. ഇപ്രകാരം നാലുകെട്ടിനെയും നാലുകെട്ടു ജീവിതത്തെയും സജീവമായ കാഴ്ചാനുഭവമാക്കി സ്ഥാപിച്ചെടുക്കുകയാണ് എം.ടിയുടെ സിനിമകൾ ചെയ്തത്. ‘മുറപ്പെണ്ണ്’ എന്ന സിനിമ തന്നെ നോക്കുക. ആദ്യത്തെ നാലഞ്ച് സീനുകൾ കഴിയുമ്പോഴേക്കും കടന്നുവരുന്നു പുള്ളുവൻപാട്ടും തുമ്പിതുള്ളലും അടക്കമുള്ള ചില അനുഷ്ഠാനങ്ങൾ.

തന്നെ പാമ്പുകടിച്ചു എന്ന യുവതിയുടെ കള്ളക്കഥയുടെ ചുവടുപിടിച്ചാണ് ഈ അനുഷ്ഠാനദൃശ്യങ്ങൾക്ക് സിനിമയിൽ അവസരം ഉണ്ടാകുന്നത്. പിന്നാലെ വരുന്നു തിരുവാതിര നൃത്തവും ഊഞ്ഞാലാട്ടവും. കാർഷിക ജീവിതം ചിത്രീകരിക്കുന്ന സന്ദർഭത്തിൽ കാളപൂട്ട്, കാളയോട്ടം തുടങ്ങിയ ആഘോഷങ്ങളും കടന്നുവരുന്നു. നാലഞ്ചു വർഷങ്ങൾക്കു ശേഷം എം.ടിയുടെ തിരക്കഥയിൽ തയാറാക്കിയ ‘കുട്ട്യേടത്തി’യിലും ഉണ്ട് തിരുവാതിരയും പഞ്ചവാദ്യവും പാവകളിയും താലപ്പൊലിയുമൊക്കെ. ‘ഋതുഭേദം’ എന്ന സിനിമയിലെ ആരംഭദൃശ്യങ്ങളിൽ ഒന്ന് ക്ഷേത്രത്തിലെ ഉത്സവമാണ്. ചെണ്ടമേളവും താലപ്പൊലിയും ഒക്കെ അതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്നു. സവർണ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യതയായ ഇത്തരം അനുഷ്ഠാനങ്ങളോ ആചാരങ്ങളോ ആഘോഷങ്ങളോ എം.ടിയുടെ നാലുകെട്ടു സിനിമകളിൽ എവിടെയെങ്കിലുമൊക്കെയായി കടന്നുവരുന്നുണ്ട്.

നാലുകെട്ടിന്റേതായ പരിസരങ്ങളിൽ എം.ടി ആവിഷ്കരിച്ച പ്രമേയങ്ങൾ പലതും സാഹിത്യത്തിൽ അദ്ദേഹം ആവിഷ്കരിച്ചതിന്റെ തുടർച്ചയായിരുന്നു. പ്രണയങ്ങൾ, പക, വാശി, പ്രതികാരബുദ്ധി, കൗമാരപ്രണയം, കൗമാര രതി, കുടുംബ സംഘർഷങ്ങൾ, (അമ്മാവൻ-മരുമകൻ) അനാഥത്വം, അന്യതാത്വം, വിഷാദാത്മക യൗവനം, അന്യവത്കരണം, അപകർഷതാബോധം, മനുഷ്യബന്ധങ്ങളിലെ കാപട്യങ്ങൾ, വഞ്ചനകൾ, ഇല്ലായ്മകൾ, മിഥ്യാഭിമാനം തുടങ്ങിയ ചില സ്ഥിരം വിഷയങ്ങൾ എം.ടിയുടെ സിനിമകൾക്കുണ്ട്. സമ്പന്നമായ തറവാടുകളെ ആശ്രയിച്ചു ജീവിക്കുന്ന ഗതികെട്ട മനുഷ്യർ എം.ടിയുടെ പല സിനിമകളിലും വിഷയമാണ് (‘നാലുകെട്ട്’ എന്ന നോവലിലെ അപ്പുണ്ണിയുടെ അമ്മ പാറുക്കുട്ടി മനയ്ക്കലെ അടിച്ചുതളിക്കാരിയായിരുന്നല്ലോ). വീട്ടുജോലിക്കാരുടെ മക്കളോ ദരിദ്രകുടുംബത്തിലെ അംഗങ്ങളോ ആശ്രിതരായെത്തുന്ന സന്ദർഭങ്ങൾ ‘ഋതുഭേദം’, ‘നഖക്ഷതങ്ങൾ’, ‘ഇരുട്ടിന്റെ ആത്മാവ്’, ‘നീലത്താമര’ തുടങ്ങി പല ചിത്രങ്ങളിലും കാണാം.

അമ്മാവൻ-മരുമകൻ സംഘർഷം ‘മുറപ്പെണ്ണി’ൽതന്നെ ആരംഭിക്കുന്നു. വിഷാദയൗവനത്തിന്റെ പ്രമേയങ്ങൾ ‘അസുരവിത്തി’ലും ‘നിർമാല്യ’ത്തിലും കാണുമ്പോൾ ‘ബന്ധന’ത്തിലും ‘കുട്ട്യേടത്തി’യിലും ‘സുകൃത’ത്തിലും അന്യവത്കരണവും ‘മുറപ്പെണ്ണി’ലും ‘നീലത്താമര’യിലും വഞ്ചനയും പ്രമേയമാകുന്നു. മനുഷ്യബന്ധങ്ങളിലെ കാപട്യങ്ങൾക്കും ഹൃദയശൂന്യതക്കും ഉദാഹരണങ്ങളാണ് ‘ഇരുട്ടിന്റെ ആത്മാവും’ ‘പരിണയ’വും ‘ഋതുഭേദ’വും ‘പഞ്ചാഗ്നി’യും ‘സുകൃത’വും. അനാഥത്വം പേറുന്ന കഥാപാത്രങ്ങൾക്ക് ഉദാഹരണങ്ങളാണ് ‘ആരണ്യക’ത്തിലെയും ‘നീലത്താമര’യിലെയും പെൺകുട്ടികൾ.

അമ്മാവനോട് ഏറ്റുമുട്ടുന്ന മരുമകൻ ‘നാലുകെട്ട്’ എന്ന നോവലിൽതന്നെ നമ്മൾ പരിചയപ്പെട്ടിട്ടുള്ളതാണ്. പലരൂപങ്ങളിൽ പല രീതികളിൽ ഈ മരുമകൻ എം.ടിയുടെ സിനിമകളിൽ പലപ്പോഴും സഞ്ചരിക്കുന്നു. ഈ ഏറ്റുമുട്ടലിൽ മരുമകൻ അഥവാ നായക കഥാപാത്രം പരാജയപ്പെടുന്നതായാണ് എം.ടിയുടെ പല സിനിമകളിലും കാണാനാവുക. ചിലപ്പോൾ അമ്മാവന്റെ സ്ഥാനത്ത് കുടുംബവ്യവസ്ഥയോ കുടുംബാധികാരിയോ ആവാം നിൽക്കുന്നത്.

ഇത്തരത്തിൽ പരാജയപ്പെട്ടുപോകുന്നവരുടെ കഥയാണ് ‘മുറപ്പെണ്ണി’ലും ‘ഇരുട്ടിന്റെ ആത്മാവി’ലും ‘ഋതുഭേദ’ത്തിലും ‘വടക്കൻ വീരഗാഥ’യിലുമൊക്കെ നമ്മൾ കണ്ടത്. ഇത്തരം അധികാരബന്ധങ്ങൾ സ്വാഭാവികമായതുകൊണ്ടുതന്നെ നാലുകെട്ടുകളുടെ പശ്ചാത്തലത്തിൽ അത്തരം പ്രമേയങ്ങളും സ്വാഭാവികമായി അനുഭവപ്പെടും. അഥവാ നാലുകെട്ടുകളുടെ ഘടനക്കുള്ളിൽ അനായാസം സാധ്യമാകുന്ന പ്രമേയങ്ങൾ എന്ന നിലയിലാണ് ഇത്തരം മനുഷ്യബന്ധങ്ങളും സംഘർഷങ്ങളും എം.ടിയുടെ സിനിമകളിൽ സ്ഥാനംപിടിക്കുന്നത്.

 

എം.ടിയുടെ നാലുകെട്ടു സിനിമകളിൽ വളരെ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയങ്ങളാണ് കൗമാരപ്രണയവും കൗമാരരതിയും. ‘നാലുകെട്ട്’ എന്ന നോവലിൽതന്നെ ഇതിന്റെ ആദിമരൂപം തെളിയുന്നുണ്ട്. അപ്പുണ്ണിക്ക് വലിയമ്മാമയുടെ (അമ്മമ്മയുടെ സഹോദരൻ) മകളായ അമ്മിണിക്കുട്ടിയോട് തോന്നുന്ന ആഭിമുഖ്യവും (ബന്ധമനുസരിച്ച് അപ്പുണ്ണിയുടെ മാതൃസഹോദരിയാണ് അമ്മിണിക്കുട്ടി. അതിനാൽ ഈ ബന്ധം അഗമ്യഗമനത്തിന്റെ പരിധിയിൽ വരും) അവർ തമ്മിലുള്ള ബന്ധവും കൗമാര പ്രണയത്തിന്റെ, കൗമാര രതിയുടെ ഒരു മാതൃകയാണ്. ഈ കൗമാരപ്രണയം എം.ടിയുടെ സിനിമകളിൽ വളരെ സാധാരണമെന്നനിലയിൽതന്നെ ആവർത്തിക്കപ്പെടുന്നുണ്ട്.

18 വയസ്സിൽ എത്തിയാലേ പെൺകുട്ടികൾ പ്രായപൂർത്തിയാവൂ എന്നാണ് നിയമം. എന്നാൽ, ഈ നിയമത്തിന്റെ വഴിയെയല്ല മനുഷ്യവികാരങ്ങൾ സഞ്ചരിക്കുക എന്ന് എം.ടിയുടെ പല സിനിമകളും പറയുന്നുണ്ട്. ‘ആരണ്യക’ത്തിലെ 16 വയസ്സു മാത്രമുള്ള പെൺകുട്ടിയോടാണ് യൗവനാരംഭത്തിൽ എത്തുക മാത്രം ചെയ്ത കഥാപാത്രം വിവാഹാഭ്യർഥന നടത്തുന്നത്. ‘നഖക്ഷതങ്ങളി’ലും ‘ഋതുഭേദ’ത്തിലും ആൺകുട്ടിയും പെൺകുട്ടിയും കൗമാരപ്രായക്കാരാണ്. കൗമാരപ്രണയത്തെ ഉത്തേജിപ്പിക്കുന്ന അന്തരീക്ഷം നാലുകെട്ടുകൾക്കും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥക്കും ഉണ്ടെന്നു തോന്നിപ്പിക്കുന്നു എം.ടിയുടെ പല രചനകളും.

നാലുകെട്ടുകളുടെ പശ്ചാത്തലത്തിൽ എം.ടി തയാറാക്കിയ സിനിമകൾക്ക് അതത് കാലങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പല സിനിമകളും വലിയ വാണിജ്യവിജയം നേടിയവയും ആണ്. ഇങ്ങനെ സ്വീകാര്യത ലഭിക്കുന്നതിൽ നാലുകെട്ടുകളെ കേന്ദ്രീകരിച്ച് കേരളീയമനസ്സ് പണ്ടേ സ്വരൂപിച്ചു​െവച്ചിട്ടുള്ള താൽപര്യങ്ങളും നാലുകെട്ടുകൾക്ക് പൊതുവേയുള്ള ആദർശ പരിവേഷവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

(തുടരും)

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.