പ്രേംചന്ദിന്റെ ‘ജോൺ’ സിനിമയുടെ കാഴ്ചാനുഭവം. ആരായിരുന്നു ജോൺ എന്ന അന്വേഷണം നടത്തുന്നത് ഈ സിനിമയിൽ യഥാർഥത്തിൽ ജോൺതന്നെയാണെന്നു കാണാമെന്നും എഴുതുന്നു.
ജോൺ എബ്രഹാമിനുള്ള സവിശേഷമായ ആദരവാണ് പ്രേംചന്ദിന്റെ ‘ജോൺ’. തികച്ചും വ്യക്തിപരമായ ഒരു ചലച്ചിത്രാഞ്ജലി. സിനിമയുടെ തുടക്കത്തിൽ അർഥശങ്കക്കിടയില്ലാത്ത വിധം പ്രേംചന്ദ് ഇക്കാര്യം എഴുതിക്കാട്ടുന്നുണ്ട്. ‘‘ജോൺ എബ്രഹാം എന്ന വികാരം പങ്കുവെക്കുന്ന മലയാളിക്ക് പലതാണ് ജോൺ. അതിൽ എനിക്ക് അവകാശപ്പെട്ട ഒരു ജോണുമുണ്ടായിരുന്നു എന്ന് ജീവിച്ച കാലത്തോട് പറയാനുള്ള ഒരു എളിയ ശ്രമമാണിത്’’ എന്നാണത്. ജോണിന്റെ ശബ്ദമായി, ഏറ്റുപറച്ചിലുകളായി, ഓർമകളും വിലയിരുത്തലുകളും വിചാരങ്ങളുമായി നാം കേൾക്കുന്നത് സംവിധായകന്റെ തന്നെ ശബ്ദമാണെന്നതും ഇതോടു കൂട്ടിവായിക്കാവുന്നതാണ്.
എന്നാൽ, ജോണിന്റെ ജീവിതത്തിലെ മുഴുവൻ ഏടുകളിലേക്കും കാമറ തിരിച്ചു വെച്ചുകൊണ്ടല്ല അദ്ദേഹമത് സാക്ഷാത്കരിക്കുന്നത്. ജോണിന്റെ അവസാനത്തെ മൂന്നു കോഴിക്കോടൻ ദിവസങ്ങളിൽ അദ്ദേഹം അടുത്ത കൂട്ടുകാരോടു പങ്കുവെച്ച സാക്ഷാത്കരിക്കാനാകാത്ത ചില ചലച്ചിത്രസ്വപ്നങ്ങളെ അവലംബിച്ചാണ് ‘ജോൺ’ എന്ന സിനിമ പ്രേംചന്ദ് കൊരുത്തെടുക്കുന്നത്. അതും ദൃശ്യങ്ങൾക്കൊപ്പമോ അതിലുമേറെയോ ശബ്ദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയും. പാതിരാത്രിയിൽ കോഴിക്കോടിന്റെ സൗഹൃദങ്ങളുടെ വാതായനങ്ങളിൽ ആഞ്ഞിടിക്കുന്ന ശബ്ദം, ‘‘ജോണേ...’’ എന്ന ഇടയില്‍ മുഴങ്ങുന്ന ആർത്തനാദം, ജോണിനുകൂടി പ്രിയപ്പെട്ട പാട്ടുകൾ, അവതരണങ്ങൾ... ഇവ കൂടിയാണ് ഈ ജോണനുഭവത്തിലുള്ളത്.
ജോൺ എബ്രഹാമിന്റെ സിനിമകളിൽനിന്നുള്ള ചില സീനുകൾ ‘ജോണി’ലേക്ക് എത്തിച്ചേരാൻ ടൈറ്റിൽ കാർഡുകൾ കാണിക്കുമ്പോൾ ഉപയോഗിക്കുന്നുണ്ട്. ‘അഗ്രഹാരത്തിൽ കഴുത’യിലെ കഴുത, പേടിച്ച് തെങ്ങിന്റെ മറയിൽ ഒളിക്കുന്ന ചെറിയാച്ചൻ, ‘അമ്മ അറിയാനി’ലെ മൊകേരിയുടെ നാടകസീൻ, കരിഞ്ചന്തക്കാലത്ത് ധാന്യങ്ങൾ വാങ്ങിക്കാനായി ക്യൂ നിൽക്കുന്ന ജനങ്ങൾ, കടൽത്തീരത്തിരുന്ന് തബല വായിക്കുന്ന ഹരി, വലിക്കുന്ന മോർച്ചറി ട്രേയിൽ മരിച്ചുകിടക്കുന്ന ഹരി തുടങ്ങിയ ദൃശ്യങ്ങൾ... ഇവയെല്ലാം സിനിമയുടെ തുടർന്നുള്ള ഭാഗങ്ങളിൽ പുതിയ രീതിയിൽ സിനിമയിൽ ആവിഷ്കരിക്കുന്നുണ്ട് എന്നത് കൗതുകകരമാണ്. ഇന്നും പ്രസക്തമാകുന്ന ജോൺ സിനിമകളെ അവ ഓർമിപ്പിക്കും, സിനിമയിൽനിന്ന് അന്യംനിന്നുപോയ സാമൂഹിക ചരിത്രത്തെയും അത് അടയാളപ്പെടുത്തും.
സിനിമകളെക്കാളും ഓർമകളെ അവശേഷിപ്പിച്ചാണ് ജോൺ ലോകം വിട്ടുപോയത്. ഓർമിക്കുന്ന വ്യക്തികൾക്കനുസരിച്ച് ജോൺ പലതായി ഉയിർത്തെഴുന്നേൽക്കും. ‘‘കുരിശിലേറ്റപ്പെട്ടവനായതുകൊണ്ട് ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ ആവില്ലല്ലോ’’ എന്ന് ജോൺ സിനിമയിൽ അപ്പനോട് പറയുന്നുണ്ട്. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നതിനെക്കാളും വിസ്മയം, ഓർമകളിൽ ബാക്കിയാവുന്ന എത്രമാത്രം ജോൺ എബ്രഹാമുണ്ട് എന്നതാണ്. പരസ്പരവിരുദ്ധമായ ഓർമകൾ അതുകൊണ്ടുതന്നെ ഈ സിനിമയിലുണ്ട്, അത് സ്വാഭാവികമാണ്.
അവധൂതനെപ്പോലെ രാത്രികളില്‍ അസമയത്ത് പ്രത്യക്ഷപ്പെടുകയും പലപ്പോഴും ശല്യമാവുകപോലും ചെയ്യുന്ന ജോണിനെ ഓർക്കുന്നവരോട് വിയോജിച്ചുകൊണ്ട്, സർഗാത്മക വ്യാപാരങ്ങളിൽ വ്യാപൃതനാവുന്ന മദ്യപിക്കാത്ത, ചിട്ടയോടെ ജീവിക്കുന്ന ഒരു ജോണിനെ അനുഭവിച്ചവരും ഇതിലുണ്ട്. അതുകൊണ്ട്, ജോണനുഭവം ഉള്ളവര്‍, തങ്ങളുടെ ഓർമകളാൽ പ്രിയത്തോടെ വളർത്തിയെടുത്ത ജോൺ ബിംബത്തോട് പൊരുത്തപ്പെടാത്തതാവാം ഈ സിനിമയിലെ ജോൺ ഓർമകൾ. എന്നാൽ ജോണിനോട് ഏറ്റവും ചേർന്നുനിന്നിരുന്ന, അയാൾക്ക് തണലായും ആശ്വാസമായും വർത്തിച്ച മനുഷ്യരിലൂടെ ‘ജോണി’ന് ജീവനേകാൻ പ്രേംചന്ദിന് കഴിഞ്ഞിട്ടുണ്ട്.
ഇനി മറ്റൊരാൾക്ക് സാധിക്കാത്ത നിലയിൽ! അവരിൽ ചിലരെങ്കിലും പെട്ടെന്ന് പിരിഞ്ഞതിന്റെ പ്രയാസം ഇതു കാണുമ്പോൾ നമ്മിലുണരും. ആ അർഥത്തിൽ മധു മാസ്റ്റർക്കും ഹരിനാരായണനും രാമചന്ദ്രൻ മൊകേരിക്കും ശോഭീന്ദ്രൻ മാഷിനും ചെലവൂർ വേണുവിനും നന്ദകുമാറിനുംകൂടിയുള്ള ആദരവാണ് ജോൺ. അവരുടെ ജോൺ ഓർമകളുടെ, അനുഭവങ്ങളുടെ മൂല്യം അവരുടെ ഇന്നത്തെ അസാന്നിധ്യം ഇരട്ടിപ്പിക്കുന്നുണ്ട്. കൂടാതെ, ഒഡേസ സത്യന്റെ അനുസ്മരണം സിനിമയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നുമുണ്ട്. ഈ സിനിമയുടെ ഓരോ ഷെഡ്യൂൾ വീതം ഷൂട്ട് ചെയ്തത് ഛായാഗ്രാഹകർ ജോണിന്റെ സഹപാഠികൂടിയായ കെ. രാമചന്ദ്രബാബുവും എം.ജെ. രാധാകൃഷ്ണനുമാണ്. അവർക്ക് കൂടിയുള്ള ഓർമച്ചിത്രമാണ് ‘ജോണ്‍’.
ആരായിരുന്നു ജോൺ എന്ന അന്വേഷണം നടത്തുന്നത് ഈ സിനിമയിൽ യഥാർഥത്തിൽ ജോൺ തന്നെയാണെന്നുകാണാം. ജോണിന് പകരം നിൽക്കുന്നത് കാമറയാണ്. കാമറയാണ് ഉറ്റവരുടെയും ബന്ധുക്കളുടെയും വാതിലുകളിൽ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുട്ടിവിളിക്കുന്നത്. കാമറയെയാണ് ഹരിനാരായണനും മധു മാസ്റ്ററും ശാന്തേച്ചിയും മൊകേരിയും സ്വീകരിക്കുന്നത്. അവർ സംസാരിക്കുന്നത് ജോണായിത്തീർന്ന കാമറയോടോ കാമറയായിത്തീർന്ന ജോണിനോടോ ആണ്. അതുകൊണ്ടുതന്നെ കാമറയിലൂടെ ഈ സിനിമയിൽ നമ്മൾ ജോണിനെ കാണുകയല്ല, ജോൺ നമ്മളെ കാണുകയാണ്.
നമ്മൾ ജീവിക്കുന്ന ജീവിതത്തിന്റെ പരിഹാസ്യത നമ്മളെത്തന്നെ ബോധിപ്പിക്കുകയാണ്. കാപട്യവും ഒത്തുതീർപ്പുകളും സുഖഭോഗങ്ങളും വരിഞ്ഞുമുറുക്കിയ നമ്മുടെ ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ കണ്ട് അയാൾ ചിരിക്കുകയാണ്. ആ ദയനീയതയിൽ നമ്മളാണ് നിലവിളിക്കുന്നത്. ‘‘ജോണേ...’’ എന്ന ആർത്തനാദം നമ്മുടെ നിസ്സഹായതയുടേതാണ്. അത് സത്യത്തിൽ ജോണിനെക്കുറിച്ചോർത്തല്ല നമ്മെക്കുറിച്ചോർത്താണ്.
ജോണിനത് കാണാതിരിക്കാനാവില്ല. അകലെ നിന്നല്ല അയാൾ ഒന്നിനെയും കണ്ടിരുന്നത്. അടുത്തുനിന്നുള്ള കാഴ്ചകളാണ് ജോണിനെ എപ്പോഴും സത്യം ബോധിപ്പിച്ചത്. അതിനയാളെ സഹായിച്ചതും കാമറയാണ്. കാമറയിലൂടെ അടുത്തുനിന്ന് കയ്യൂർ കണ്ടതിന്റെ അനുഭവം സിനിമ അനാവരണം ചെയ്യുന്നുണ്ട്. ചരിത്രം പൊലിപ്പിച്ചു നിർത്തിയ വീരസ്യങ്ങളല്ല ലെൻസിലൂടെ കണ്ടത് എന്നും ക്ലോസപ്പിലൂടെ അടുത്തുനിന്നു നോക്കിയപ്പോള്‍ ചരിത്രം തലകീഴായി മറിയുന്നു എന്നും ജോൺ പറയുന്നതായി സിനിമ കേൾപ്പിക്കുന്നുണ്ട്. എല്ലാ പരിവേഷങ്ങളും ആ കാഴ്ചയിൽ നിഷ്പ്രഭമാകുന്നു. ചകിതരായ, തീവ്രവേദന തിന്നുന്നവരായ, സംഭ്രാന്തരായ, കരയുന്ന മനുഷ്യരായിരുന്നു ആ വിപ്ലവകാരികൾ. സാധാരണ മനുഷ്യർ. ആ കാഴ്ച തുടരാൻ അതുകൊണ്ടുതന്നെ ജോണിന് കഴിയുമായിരുന്നില്ല.
ആത്മീയവും ഭൗതികവുമായ ഒരു തലമുണ്ട് ഈ അന്വേഷണത്തിന്. ‘‘തന്നെ അപ്പന്റെ കുഴിമാടത്തിൽ അടക്കണം’’ എന്ന് മരണം മുന്നിൽ കണ്ടെന്നപോലെ പറയുകയും അങ്ങനെതന്നെ ചെയ്യേണ്ടിവരുകയും ചെയ്ത സങ്കടം ജോണിന്റെ ചേച്ചി ശാന്ത പറയുന്നുണ്ട്. അടക്കപ്പെട്ട കുഴിമാടത്തിൽ അപ്പനെ അഭിസംബോധന ചെയ്യുന്ന ജോണിനെയാണ് പ്രേംചന്ദ് ഈ ചിത്രത്തിൽ വിഭാവനം ചെയ്യുന്നത്. ജീവിച്ചിരിക്കുമ്പോൾ അമ്മയെയും സഹോദരിമാരെയും നിരന്തരം ജോൺ ഓർമിച്ചിരുന്നു. മുതിർന്നതിനുശേഷം അപ്പനെ കേൾക്കാൻ കഴിയാത്ത ജോൺ, പരിധിയില്ലാത്ത സമയത്തിന്റെ അപരലോകത്ത് അപ്പനുമായി സംസാരിച്ചുകൊണ്ടേയിരിക്കയാണ്. തന്റെ സന്ദേഹങ്ങൾ, സ്വപ്നങ്ങൾ, തനിക്ക് ചുറ്റുമുള്ള മനുഷ്യർ...
അവരെ കുറിച്ചെല്ലാം അയാൾ അപ്പനെ വിളിച്ച് കരയുന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കുന്നു. അതിൽ അയാളുടെ ജീവിതാദർശങ്ങൾ ഇഴചേർന്നിരിപ്പുണ്ട്, ഭൂമിയിലെ പതികരായ മനുഷ്യർക്കുവേണ്ടി സ്വയം ബലിയായിത്തീർന്ന കാതരമായ ഒരു മനസ്സിന്റെ വിലാപത്തിന്റെ ഈണമുണ്ട് ആ പറച്ചിലുകൾക്ക്. ആ ഭാവനയാണ് ‘ജോണ്‍’ സിനിമയുടെ കാതല്‍. ‘ജോണി’ന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയ ദീദി ദാമോദരന്‍ അത്രമേല്‍ സൂക്ഷ്മമായി ജോണ്‍ എബ്രഹാം എന്ന യാഥാർഥ്യത്തെയും ജോണനുഭവങ്ങളിലൂടെ എത്തിച്ചേരാവുന്ന ഭാവനാലോകത്തെയും വിളക്കിച്ചേര്‍ത്തിട്ടുണ്ട്.
ഒരു മേഘത്തെപ്പോലെ ഭാരരഹിതനായി അലഞ്ഞ ജോൺ പക്ഷേ, ദൈവികവും പവിത്രവുമായ ലോകങ്ങളിലല്ല ഒഴുകിപ്പരന്നത്. ഭൂമിയിൽ, മണ്ണിൽ, തെരുവിൽ, മനുഷ്യരിൽ ആണ് അയാൾ തന്റെ കാഴ്ചകളും വേരുകളും ആഴ്ത്തിയത്. ജോണിനെ ഓർക്കുമ്പോൾ കലാപങ്ങളും സമരങ്ങളും ദുരന്തങ്ങളും കലുഷിതമാക്കിയ, ജോണില്ലാതിരുന്ന ഒരു കാലത്തെയും ഓർക്കാതിരിക്കാനാവില്ല. പ്ലാച്ചിമടയും മുത്തങ്ങയുമടക്കം വെള്ളത്തിനും മണ്ണിനും ആത്മാഭിമാനത്തിനുമായി സാധാരണ മനുഷ്യര്‍ നടത്തിയ സമരങ്ങളെ ഈ സിനിമ കാട്ടിത്തരുന്നുണ്ട്. ‘അമ്മ അറിയാനി’ൽ ജോൺ കേരളം കണ്ട സമുജ്ജ്വലമായ സമരങ്ങൾ സവിശേഷരീതിയിൽ അടയാളപ്പെടുത്തിയതുപോലെ.
ഇന്നും മലയാളത്തിന് ലോകസിനിമയുമായി ചേർത്തുവെച്ചഭിമാനിക്കാവുന്ന സിനിമകൾ സ്വയം ഉരുകിത്തീർന്ന് നിർമിച്ച ‘ജോണി’നെ എന്നാൽ നമ്മളെങ്ങനെയാണ് കണ്ടത്. നമ്മുടെ കാഴ്ചയുടെ കുറവുകളെ അയാളുടെ മേൽ ചാരിവെച്ച് ആലസ്യങ്ങളിൽ മയങ്ങിയ മലയാളിയുടെ സാംസ്കാരികബോധത്തെയാണ് ഈ സിനിമയിലൂടെ പ്രേംചന്ദ് ഓർമിപ്പിക്കുന്നത്. ജോണിന്റെ മൃതശരീരം മോർച്ചറിയിൽ തണുത്തുറയുമ്പോൾ തൊട്ടപ്പുറത്ത് താരനിശ നടത്തുന്ന ഒരു ‘പുരോഗമന’ കേരളത്തെ പ്രേംചന്ദ് തൊട്ടുകാട്ടുന്നുണ്ട്. ജോണിന്റെ മൃതശരീരം അതുകൊണ്ടു തന്നെ ജോണിനൊപ്പം ഈ സിനിമയിൽ പ്രധാനമാണ്. മധ്യവർഗപ്പുളപ്പുകളിൽ മനംകെട്ട മലയാളിയുടെ തീന്‍മേശയിലേക്കുള്ള വിഭവമായി ജോണിന്റെ മൃതദേഹവുമായി അലയുന്ന കലാകാരൻ സിനിമയിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
ജോണിനെ ആരാധനയോടെയും വാത്സല്യത്തോടെയും സൗഹൃദത്തോടെയും പരിഭവത്തോടെയും ഓർക്കുന്നവർ ഈ സിനിമയിലുണ്ട്. സ്വപ്നത്തിലും ജാഗ്രത്തിലും ഉയിർത്തെഴുന്നേറ്റ ജോണിനെ കണ്ടവരുണ്ട്. ജോണിന്റെ സാന്നിധ്യം അറിയുന്നവരുണ്ട്. ചെറിയാച്ചനും കഴുതയും ഇതിലെ ഓർമകൾക്കിടയിൽ കടന്നുവരുന്നുണ്ട്. ‘അമ്മ അറിയാനി’ലെ കഥാപാത്രങ്ങളുണ്ട്. ഇവയെല്ലാം ജോണിന്റെ സിനിമകളെയല്ല ഓർമയിൽ കൊണ്ടുവരുക. ആ സിനിമകളും കഥാപാത്രങ്ങളും പുതിയ കാലത്തിന്റെ ദാർശനിക സമസ്യകളാണ് നമ്മിൽ ഉണർത്തുക. ഓർമകളെ ഭൂതകാലക്കുളിരായല്ല, വർത്തമാന യാഥാർഥ്യങ്ങളുമായാണ് പ്രേംചന്ദ് കണ്ണിചേർക്കുന്നത്. കാമറ അഥവാ ജോൺ രാമചന്ദ്രൻ മൊകേരിയെ തിരക്കിച്ചെല്ലുമ്പോൾ അദ്ദേഹം ‘അമ്മ അറിയാനി’ൽ അന്നെന്നപോലെ ഇന്നും അഭിനേതാക്കളെ ‘‘ഫ്രീ ഫ്രീ നെൽസൺ മണ്ടേല’’ എന്ന വിമോചക മുദ്രാവാക്യം പരിശീലിപ്പിക്കുകയാണ്.
നടന്മാരിലൊരാൾ ചോദിക്കും, ‘‘മണ്ടേലയൊക്കെ മോചിതനായിട്ട് കാലം കുറച്ചായല്ലോ, ഇനിയും എന്തിനാണിത്’’ എന്ന്. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും തടവിലടക്കപ്പെട്ട മനുഷ്യചേതനയാണ് മണ്ടേല. ‘‘അഴികൾക്കുള്ളിൽ കഴിയുന്ന മുഴുവൻ തടവുകാർക്കും വേണ്ടിയുള്ളതാണ് ഈ വിടുതൽ ഗാനം.’’ മൊകേരി പറയും. അധീശത്വം തുടരുന്നതുവരെ ഇതു തുടരുകതന്നെ വേണമെന്നും ഒരു തടവറ തകരുമ്പോൾ മറ്റൊരു തടവറ ഉയരുമെന്നും അതാണ് ചരിത്രമെന്നും അദ്ദേഹം തനിക്കു ചുറ്റുമുള്ള കുട്ടികളോട് വിശദീകരിക്കും. സാർവകാലികമായ ആ വിമോചകഗാനം അദ്ദേഹം ശരീരവും മനസ്സും ഇഴചേർത്ത് ആവിഷ്കരിക്കും.
ജോൺ എബ്രഹാം എന്ന പ്രതിഭയെ മിത്തുവത്കരിക്കുകയോ കൾട്ടാക്കി ഉയർത്തിനിർത്തുകയോ വാഴ്ത്തുപാട്ടുകളാൽ സ്തുതിക്കുകയോ അല്ല, പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ മുക്ത നിർമിച്ച ‘ജോണി’ന്റെ ലക്ഷ്യം. മറിച്ച് ആ വഴികളിൽനിന്നും ബോധപൂർവം സിനിമ മാറിനിൽക്കുന്നു. സവിശേഷമായ ഒരു കാലത്തെയും ആ കാലത്തെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ, അതിന്റെ വ്യഥകളെ ദാർശനികമായി ഏറ്റെടുത്ത, സമൂഹത്തിന്റെ മുഖ്യധാരയോട് നിരന്തരം കലഹിച്ച മനുഷ്യരെയും പരിവേഷങ്ങളില്ലാതെ അടയാളപ്പെടുത്തുകയാണ് ‘ജോൺ’ ചെയ്യുന്നത്.
അവരുടെ ജീവിതത്തിന്റെ ആഴങ്ങളെ മുഴക്കമില്ലാതെയാണ് സിനിമ ആലേഖനംചെയ്തിട്ടുള്ളത്. ആ അർഥത്തിൽ ‘ജോൺ’ ഒരു കാലത്തിന്റെ ഡോക്യുമെന്റേഷനാണ്. എന്നാൽ ആഖ്യാനംകൊണ്ട് ‘ജോൺ’ ഒരു ഫീച്ചർ സിനിമയെക്കാൾ വൈകാരികവും ദൃശ്യസമ്പന്നവുമാണ്. യാഥാർഥ്യവും ഭാവനയുമിടചേർന്നാണല്ലോ ജോണിന്റെ സുവിശേഷങ്ങളും ഇന്നുവരെ അടയാളപ്പെടുത്തപ്പെട്ടത്.
(‘ജോണ്‍’ സിനിമ ഇപ്പോള്‍ സര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ കാണാം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.