സ​മ​രം, പ്ര​കൃ​തി, ജീ​വി​തം

ആദ്യ പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക് 35 വ​യ​സ്സ്​ തികഞ്ഞു. ആ യാത്രക്കും പരിസ്ഥിതി മുന്നേറ്റത്തിനും നേതൃത്വം നൽകിയ എ. മോഹൻകുമാർ പത്തു വ​ർ​ഷ​​ത്തി​ലേ​റെ​യാ​യി കു​ട​ജാ​ദ്രി​യു​ടെ താ​ഴ്​​വാ​ര​ത്തി​ലെ വ​ന​ത്തി​ൽ ഏ​കാ​ന്തവാ​സ​ത്തി​ലാ​ണ്. എന്നാൽ, പ്രകൃതിസംരക്ഷണത്തി​ന്റെയും മാനവികതയുടെയും വലിയ പാഠങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നു. കുടജാദ്രിയിലെത്തി മോഹൻ കുമാറുമായി ‘മാധ്യമം’ പത്രാധിപ സമിതി അംഗം നടത്തിയ സംഭാഷണിത്.പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക് 35 വ​യ​സ്സ് തി​ക​ഞ്ഞി​രി​ക്കു​ന്നു. ഭൂ​മി, വെ​ള്ളം, വാ​യു എന്നീ മൂ​ന്നു​മാ​ണ്​ ജീ​വന്റെ നി​ല​നി​ൽ​പി​ന് ആ​ധാ​രമെന്നും...

ആദ്യ പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക് 35 വ​യ​സ്സ്​ തികഞ്ഞു. ആ യാത്രക്കും പരിസ്ഥിതി  മുന്നേറ്റത്തിനും നേതൃത്വം നൽകിയ എ. മോഹൻകുമാർ പത്തു വ​ർ​ഷ​​ത്തി​ലേ​റെ​യാ​യി കു​ട​ജാ​ദ്രി​യു​ടെ താ​ഴ്​​വാ​ര​ത്തി​ലെ വ​ന​ത്തി​ൽ ഏ​കാ​ന്തവാ​സ​ത്തി​ലാ​ണ്. എന്നാൽ, പ്രകൃതിസംരക്ഷണത്തി​ന്റെയും മാനവികതയുടെയും വലിയ പാഠങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നു. കുടജാദ്രിയിലെത്തി മോഹൻ കുമാറുമായി ‘മാധ്യമം’ പത്രാധിപ സമിതി അംഗം നടത്തിയ സംഭാഷണിത്.

പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക് 35 വ​യ​സ്സ് തി​ക​ഞ്ഞി​രി​ക്കു​ന്നു. ഭൂ​മി, വെ​ള്ളം, വാ​യു എന്നീ മൂ​ന്നു​മാ​ണ്​ ജീ​വന്റെ നി​ല​നി​ൽ​പി​ന് ആ​ധാ​രമെന്നും അവ സംരക്ഷിക്കപ്പെടണമെന്നുമുള്ള മുദ്രാവാക്യം പലരീതിയിൽ ആ യാത്രയിൽ ഉന്നയിക്കപ്പെട്ടു. അന്നത്തെ യാത്രയുടെ നേതാവായിരുന്നു അ​ച്യു​ത​ന്‍ മോ​ഹ​ന്‍കു​മാ​ര്‍ എ​ന്ന എ. ​മോ​ഹ​ന്‍കു​മാ​ർ. പിന്നീട്​ കേരളത്തിൽ നടന്ന പരിസ്ഥിതി സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു അദ്ദേഹം. ചെ​റു​പ്പം മു​ത​ൽ സ​മ​ര​വ​ഴി​ക​ളി​ലാ​യി​രു​ന്നു മോ​ഹ​ൻകു​മാ​ർ. ഒ​രു ഹ​രി​താ​ന്വേ​ഷി​യാ​യി, മ​നു​ഷ്യാ​വ​കാ​ശ പോ​രാ​ളി​യാ​യി ന​മ്മു​ടെ സ​മ​ര​വേ​ദി​ക​ളി​ൽ ഉ​ജ്ജ്വ​ല സാ​ന്നി​ധ്യ​മാ​യി നി​ല​നി​ന്നു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടി. എ​ന്‍ഡോ​സ​ൾ​ഫാ​ൻ ദു​രി​തബാ​ധി​ത​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 22 ദി​വ​സം നീ​ണ്ട നി​രാ​ഹാ​ര​സ​മ​ര​ത്തി​ലൂ​ടെ ച​രി​ത്ര​മാ​യി.

എന്നാൽ, ക​ഴി​ഞ്ഞ പത്തു വ​ർ​ഷ​​ത്തി​ലേ​റെ​യാ​യി കു​ട​ജാ​ദ്രി​യു​ടെ താ​ഴ്​​വാ​ര​ത്തി​ലെ വ​ന​ത്തി​ൽ ഏ​കാ​ന്തവാ​സ​ത്തി​ലാ​ണ് എ. മോഹൻകുമാർ. സ്വാ​മി ശി​വാ​ന​ന്ദ പ​ര​മ​ഹം​സ​രു​ടെ സി​ദ്ധ​സ​മാ​ജ വി​ശ്വാ​സി​യാ​യി തു​ട​രു​ക​യാ​ണി​പ്പോ​ൾ.

പ​റ​യാ​നേ​റെ​യു​ണ്ട്​ എ. മോഹൻകുമാറിന്​ ത​ന്റെ സ​മ​ര​വ​ഴി​ക​ളെ കു​റി​ച്ച്, മ​ല​യാ​ളി​യു​ടെ പ്ര​ബു​ദ്ധ​ത​യെ കു​റി​ച്ച്, ആ​ഗോ​ള താ​പ​ന​ത്തെ കു​റി​ച്ച്. അദ്ദേഹത്തി​ന്റെ താമസസ്ഥലത്തുെവച്ച്​ നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ.

പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക് 35 വ​യ​സ്സ് തി​ക​ഞ്ഞി​രി​ക്കുക​യാ​ണ്. അ​ന്ന​ത്തെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു?

പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​യു​ടെ 35ാം വാ​ർ​ഷി​കം ന​വം​ബ​ർ ഒ​ന്നി​നാണ്​. യാ​ത്ര ആ​രം​ഭി​ക്കു​േ​മ്പാ​ൾ പ​ശ്ചി​മ​ഘ​ട്ട​ത്തെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ഒ​രു ചി​ത്രം ന​മ്മു​ടെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ശ്ചി​മ​ഘ​ട്ട​മെ​ന്ന്​ പ​റ​യു​ന്ന​ത്, ദ​ക്ഷി​ണേ​ന്ത്യ​യു​ടെ പ്ര​ത്യേ​കി​ച്ച്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ത​ബ​തി മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്റെ ന​​ട്ടെ​ല്ലാ​ണ്. അ​തി​ലെ അ​രു​വി​ക​ളും പു​ഴ​ക​ളും ന​മ്മു​ടെ മ​ണ്ണി​ന്റെ, ഭൂ​മി​യു​ടെ നാ​ഡി ​ഞ​ര​മ്പു​ക​ളാ​ണ്. ന​മു​ക്ക് ജീ​വ​സ​ന്ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള വാ​യു​വും വെ​ള്ള​വും ആ​ഹാ​ര​വും, ന​മ്മു​ടെ നി​ല​നി​ൽ​പി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ അ​ടി​സ്ഥാ​ന വി​ഭ​വ​ങ്ങ​ളും ന​ൽ​കു​ന്ന പ​ശ്ചി​മ​ഘ​ട്ടം അ​ത്യ​ധി​കം വി​നാ​ശ​ങ്ങ​ളെ നേ​രി​ടാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. ആ ​കാ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ക, മ​ല​ക​ളെ സം​ര​ക്ഷി​ക്കു​ക, താ​ഴ്വാ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, പു​ഴ​ക​ളെ സം​ര​ക്ഷി​ക്കു​ക ഇ​ങ്ങ​നെ​യു​ള്ള ല​ക്ഷ്യ​ത്തോ​ടുകൂ​ടി​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്​.

ന​മ്മു​ടെ പ്രാ​ണസ്രോ​ത​സ്സു​ക​ളെ നി​ല​നി​ർ​ത്താ​ൻ എ​ന്തു​ചെ​യ്യാ​ൻ പ​റ്റു​മെ​ന്നും അ​ന്ന​ത്തെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന്​ സ്വ​യം ബോ​ധ്യ​പ്പെ​ടു​ക​യും ബോ​ധ്യ​​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ യാ​ത്ര​യി​ലൂ​ടെ സ്വ​പ്​​നം ക​ണ്ട​ത്. ക​ന്യാ​കു​മാ​രി​യി​ൽനി​ന്ന് സി.​പി. ഇ​ള​ങ്കോ എ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി യാ​ത്ര ഉ​ദ്ഘാ​ട​നംചെ​യ്തു. ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ത്തു​നി​ന്നു​മുള്ള ആ​ളു​ക​ൾ പ്ര​ത്യേ​കി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യി​ൽനി​ന്ന് ശാ​സ്​​ത്ര​ജ്​​ഞ​ർ, ആ​ക്​​ടി​വി​സ്റ്റു​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, കൃ​ഷി​ക്കാ​ർ, അ​ധ്യാ​പ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​പ്പ​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ അ​ങ്ങ​നെ എ​ല്ലാ വി​ഭാ​ഗ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള നൂ​റു​ ദി​വ​സം നീ​ണ്ടു​നി​ന്ന യാ​ത്ര. ആ ​യാ​ത്ര കേ​ര​ള​ത്തി​ൽ ക​ട​ക്കു​ന്ന​ത്​ 1987 ന​വം​ബ​ർ ഏ​ഴി​നാ​ണ്. അ​ച്ച​ൻകോ​വി​​ലി​ലേ​ക്ക്​ ക​ട​ക്കു​േ​മ്പാ​​ഴേ​ക്കും ഏ​ഴി​ട​ത്ത്​ പ്ര​ള​യം നേ​രി​ടേ​ണ്ടി​വ​ന്നു.

 

പശ്ചിമഘട്ട രക്ഷായാത്ര

​പ്രളയമുണ്ടായ​േപ്പാൾ എന്തുചെയ്​തു?

ആ ​യാ​ത്ര​യു​ടെ ജീ​വ​ൻ പൊ​ലി​യാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​യി. വെ​ളി​ച്ചംപോ​ലു​മി​ല്ലാ​ത്ത, ചോ​ർ​ന്നൊ​ലി​ക്കു​ന്ന, സ​ർ​ക്കാ​ർ വെ​ൽ​ഫെ​യ​ർ സ്കൂ​ളി​ലാ​ണ് ഒരു രാ​ത്രി ത​ങ്ങാ​ൻ സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ സം​ഘാ​ട​ക​രി​ൽ ആ​രും അ​വി​ടെ ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് ആ​ദ്യ​ത്തെ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വം. ര​ണ്ട്​ കോ​ഓഡി​നേ​റ്റ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ലാ​ത​ല​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നി​തേ​പോ​ലെ, ക​മ്യൂ​ണി​ക്കേ​ഷ​ൻ സാ​ധ്യ​ത​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ല. ഫോ​ണു​ക​ൾത​ന്നെ ഇ​ല്ല. ഉ​ണ്ടെ​ങ്കി​ൽത​ന്നെ ആ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യി​ല്ല. ആ ​അ​വ​സ്ഥ​യി​ൽ രാ​ത്രി സ്​​കൂ​ളി​ലെ​ത്തു​േ​മ്പാ​ൾ, നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ മ​ര​ച്ചീ​നി​യും അ​രി​യും ​ഒ​ക്കെ കൊ​ണ്ടു​വ​ന്ന്​ അ​വി​ടെ​യു​ള്ള പാ​ത്ര​ങ്ങ​ളി​ൽ അ​വ വേ​വി​ച്ചു. അ​പ്പോ​ഴേ​ക്കും മി​ക്ക​വാ​റും ആ​ളു​ക​ൾ ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ളോ​ടു​കൂ​ടി ത​ന്നെ കി​ട​ന്നു മ​യ​ങ്ങിപ്പോ​യി​രു​ന്നു. അ​വ​രെ വി​ളി​ച്ചു​ണ​ർ​ത്തി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ ഭ​ക്ഷ​ണം ന​ൽ​കി.

ആ​ദ്യ​ത്തെ വ​ലി​യൊ​രു അ​നു​ഭ​വ​മാ​യതു മാ​റി. ഇ​നി വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഈ ​കാ​ട്ടി​ലൂ​ടെ​യും മ​ല​യി​ലൂ​ടെ​യും ന​ട​ക്കു​മ്പോ​ൾ എ​ങ്ങ​നെ ആ​യി​രി​ക്കും എ​ന്നു​ള്ള​തി​നെ കു​റി​ച്ച് ഒ​രു സാ​മാ​ന്യ​ബോ​ധം വ​രാ​നി​ത്​ സ​ഹാ​യി​ച്ചു.​ കേ​ര​ള​ത്തി​േ​ല​ക്ക്​ ക​ട​ക്കു​േ​മ്പാ​ൾ, അ​തി​ർ​ത്തി​യി​ൽ സ്വീ​ക​രി​ച്ച്​ വേ​ണ്ടു​ന്ന സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തുകൊ​ടു​ക്കു​മെ​ന്നാ​ണ്​ മ​റ്റു​ള്ള​വ​ർ ധ​രി​ച്ചി​രു​ന്ന​ത്.

പ​ക്ഷേ, കേ​ര​ള​​ത്തി​ൽ അ​ങ്ങ​നെ​യു​ള്ള ആ​തി​ഥ്യ​മ​ര്യാ​ദ ഒ​ക്കെ വ​ള​രെ കു​റ​വാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും കാ​ണാ​റു​ള്ള​ത്. യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ച്ച​ത്​ തു​ണികൊ​ണ്ടു​ള്ള ബാ​ഗു​ക​ളാ​ണ്. വെ​ള്ള​ത്തി​നാ​യി ബോ​ട്ടി​ലു​ക​ൾ ക​രു​തി. അ​ന്ന്, ഗ്ലാ​സ് ബോ​ട്ടി​ലാ​ണ്​ ഏ​റെ​യും. കു​പ്പിവെ​ള്ളം വി​ൽ​പ​ന​യൊ​ക്കെ തു​ട​ങ്ങി​യി​​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് നീ​രു​റ​വ​ക​ൾ, പു​ഴ​ക​ൾ, കി​ണ​റു​ക​ൾ എ​ന്നി​വ​യി​ൽനി​ന്നൊ​ക്കെ വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

1984ൽ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭ​യ​ങ്ക​ര​മാ​യ വ​ര​ൾ​ച്ച​യു​ണ്ടാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ അ​ങ്ങ​നെത​ന്നെ ക​രി​ഞ്ഞു​ണ​ങ്ങി​യി​രു​ന്നു. ’87ലും ​അ​ത് വെ​ട്ടിമാ​റ്റാ​തെ നി​ൽ​ക്കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ത​മി​ഴ്​​നാ​ട്ടി​ലെ പ്ര​സി​ദ്ധ​മാ​യ താ​മ്ര​വ​ർ​ണി ന​ദി കാ​ണു​മ്പോ​ൾ ന​ദി​യി​ലെ വെ​ള്ളം ക​റു​പ്പ് നി​റ​ത്തി​ലാ​ണ് ഒ​ഴു​കി​യി​രു​ന്ന​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ൾ ശി​വ​ന്തി ആ​ദി​ത്യ​ൻ എ​ന്നു​ പ​റ​യു​ന്ന വ​ലി​യ മു​ത​ലാ​ളി​യു​ടെ സ​ൺ പേ​പ്പ​ർമി​ല്ലി​ൽനി​ന്നും വേ​​സ്റ്റ്​ ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ അ​റി​ഞ്ഞ​ത്. ഈ ​വെ​ള്ളംത​ന്നെ​യാ​ണ്​ അ​വ​ർ പേ​പ്പ​ർ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്.

ക​ന്നു​കാ​ലി​ക​ളും നാ​ട്ടു​കാ​രും ഒ​ക്കെ കൃ​ഷി​ക്കും മ​റ്റും ഇ​തേ വെ​ള്ളംത​ന്നെ​യാ​ണ്​​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ന്ന്, ന​മ്മ​ൾ ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യം ‘‘കാ​പ്പോം കാ​പ്പോം സം​ര​ക്ഷി​ക്കൂ സം​ര​ക്ഷി​ക്കൂ... പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്കൂ. ബ​ച്ചാ​വോ ബ​ച്ചാ​വോ പ​ശ്ചി​മ​ഘ​ട്ട്​ ബ​ച്ചാ​വോ, ഉ​ളി​സീ, ഉ​ളി​സീ സ​ഹ്യാ​ദ്രീ ഉ​ളി​സീ, ബെ​ള​സീ ബ​ള​സീ നാ​ടി​ന്നു ബ​ള​സീ’’ (ഇ​ങ്ങ​നെ​യു​ള്ള കാ​ട്​ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ നാ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്താം. കാ​ടു​ണ്ടെ​ങ്കി​ലേ നാ​ട്​ ര​ക്ഷ​പ്പെ​ടൂ). ഇ​ങ്ങ​നെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾകൊ​ണ്ടു​ള്ള ഒ​രു പ​ഠ​നയാ​ത്ര. നി​രീ​ക്ഷ​ണയാ​ത്ര. ബോ​ധ​വ​ത്​ക​ര​ണ​ യാ​ത്ര ഇ​തെ​ല്ലാം ചേ​ർ​ന്നു​ള്ള പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്.

 

പി. ല​ങ്കേഷ്

യാത്രയിലേക്ക്​ എത്തിയത്​ എങ്ങനെയാണ്​? എന്തായിരുന്നു യാത്രയുടെ സ്വഭാവം?

ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട്, കേ​ര​ളം, ഗോ​വ എ​ന്നീ നാ​ല് സം​സ്ഥാ​ന​ങ്ങ​ളു​ടെ കോ​ഓഡി​നേ​റ്റ​ർ എ​ന്നു​ള്ള ചു​മ​ത​ല​യാ​യി​രു​ന്നു എ​നി​ക്ക്. മു​ൻപ​രി​ച​യ​മി​ല്ലാ​ത്ത ഒ​രാ​ളാ​യി​രു​ന്നു ഞാ​ൻ. എ​ന്റെ ആ​ഗ്ര​ഹം കൂ​ടു​ത​ല​റി​യു​ക എ​ന്ന​താ​ണ്. മു​മ്പ്​ ന​ട​ത്തി​യി​ട്ടു​ള്ള യാ​ത്ര​യി​ൽനി​ന്നാ​ണ്​ ഇ​ത്, ഇ​ത്ര ഭീ​ക​ര​മാ​യ ഒ​രു അ​വ​സ്ഥ​യാ​ണെ​ന്നും കേ​ര​ള​ത്തി​ന്റെ ജീ​വ​നാ​ഡി​കളെ ത​ള​ർ​ത്തു​ക​യാ​ണെ​ന്നും​ മ​ന​സ്സി​ലാ​യ​ത്. കേ​ര​ള​ത്തി​​നെ മാ​ത്ര​മ​ല്ല, ദ​ക്ഷി​ണേ​ന്ത്യ​യെ മു​ഴു​വ​ൻ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്​ ആ ​യാ​ത്ര​യി​ലൂ​ടെ​യാ​ണ്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് ബോ​ർ​ഡ​റി​ൽനി​ന്നാ​ണ്​ ഒ​രു യാ​ത്ര ആ​രം​ഭി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ യാ​ത്ര ക​ന്യാ​കു​മാ​രി​യി​ൽനി​ന്നും. ഇ​രു യാ​ത്ര​ക​ളും ഗോ​വ​യി​ലാ​ണ്​ സ​മാ​പി​ച്ച​ത്.

അ​ങ്ങ​നെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​ലൂ​ടെ പ​ശ്ചി​മ​ഘ​ട്ട​ത്തെ പ​രി​ച​യ​പ്പെ​ടാ​ൻ വ​രുക​യും കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ജീ​വി​ത​ത്തി​ൽ വേ​ണ്ടു​ന്ന മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നു​മാ​ണ്​​ ക​രു​തി​യ​ത്. അ​ന്ന്​ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ തോ​ട്ട​വ​ത്ക​ര​ണ​വും ക്വാ​റി​ക​ളും ആ​രം​ഭി​ച്ചി​േ​ട്ട ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മണ്ണുമാന്തിയ​ന്ത്ര​ങ്ങൾ കാ​ട്ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന​യെ ഉ​​പ​യോ​ഗി​ച്ചാ​ണ് മ​രം​ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. പ​വ​ർ​സോ എ​ന്ന വാ​ളു​ണ്ടാ​യി​രു​ന്നി​ല്ല. മ​ഴു​വും ഈ​ർ​ച്ച​വാ​ളു​ക​ളുംകൊ​ണ്ടാ​ണ്​ വ​ൻമ​ര​ങ്ങ​ൾ മു​റി​ച്ച്​ നീ​ക്കി​യ​ത്.

പി​ന്നീ​ട്​ മ​ര​ങ്ങ​ൾ പോ​യി​ട​ത്ത്, പാ​റ​ക​ൾ തെ​ളി​ഞ്ഞെ​ങ്കി​ലും അ​​തൊ​ക്കെ ക്വാ​റി​ക​ളാ​യി. പ​ക്ഷേ, ക്ര​ഷ​റു​ക​ൾ വ​ന്നി​രു​ന്നി​ല്ല. ഇ​ന്ന് ജാ​ക്ക്​​ഹാ​മ​റു​ക​ളും രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് ഭൂ​ഗ​ർ​ഭം വ​രെ ഉ​ട​ച്ചെ​ടു​ക്കു​ന്ന നി​ല​യി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. അ​ന്നും ഇ​ന്നും കാ​ടി​നോ​ടു​ള്ള സ​മീ​പ​നം മാ​റി​യി​ട്ടി​ല്ല. കാ​ട്ടി​ലെ ത​ടി തേ​വ​രു​ടെ ആ​ന എ​ന്ന ശൈ​ലിത​ന്നെ​യാ​ണു​ള്ള​ത്. നി​യ​മ​ങ്ങ​ളെ​ാ​ക്കെ ഫ​ല​പ്ര​ദ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്.

കാ​ടി​ന്റെ വ​ലി​യൊ​രു​ ഭാ​ഗം വി​ക​സ​ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്ത​ന്നെ ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. അ​ക്കാ​ല​ത്ത്​ കേ​ര​ള​ത്തി​ലെ പ​ൾ​​പ്പ്​ ​വ്യ​വ​സാ​യ​ത്തി​നു വേ​ണ്ടി​യു​ള്ള യൂ​ക്കാ​ലി​പ്​​സും അ​ക്കേ​ഷ്യ​യും വെ​ച്ചുപി​ടി​പ്പി​ക്കാ​ൻ വേ​ണ്ടി ​കാ​ടു​ക​ൾ വെ​ട്ടി​വെ​ളു​പ്പി​ച്ച്, ഒ​ന്നാ​ന്ത​രം മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി, അ​ത്​ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യി​രു​ന്നു. അ​തി​നു​ മു​മ്പു​ത​ന്നെ തേ​ക്കുതോ​ട്ട​ങ്ങ​ൾ​ വെ​ച്ചുപി​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ആ​ളു​ക​ൾ​ക്ക്​ യ​ഥേ​ഷ്​​ടം കൈയേറാ​നും അ​വി​ടെ നാ​ണ്യ​വി​ള​ക​ൾ കൃ​ഷി​ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യം ല​ഭി​ച്ചു. സ​ത്യ​ത്തി​ൽ എ​ട്ടു ശ​ത​മാ​ന​ത്തി​ൽ മാ​ത്ര​മാ​ണി​ന്ന്​ വ​നം ഉ​ണ്ടാ​വു​ക. വ​നം വ​കു​പ്പിന്റെ കൈ​വ​ശം കു​റെ ഭൂ​മി​യു​ണ്ടാ​കും പ​ക്ഷേ, വ​ന​മാ​യി​രി​ക്കി​ല്ല. അ​താ​ണി​പ്പോ​ൾ, വ​ന്യ​ജീ​വി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്.

അ​ക്കാ​ല​ത്തെ കൂ​പ്പ്​ കോ​ൺ​ട്രാ​ക്​​ട​ർമാ​ർ ക്ര​മേ​ണ ക്വാ​റി മു​ത​ലാ​ളി​മാ​രും ക്ര​ഷ​ർ മു​ത​ലാ​ളി​മാ​രും ആ​യിത്തീ​ർ​ന്നു. പാ​റ​ പൊ​ട്ടി​ച്ചി​ട​ത്തുനി​ന്നും അ​ടി​യി​ലെ ഭൂ​ഗ​ർ​ഭ​ജ​ലം ചോ​ർ​ത്തി​യെ​ടു​ത്ത് കു​പ്പിവെ​ള്ള വി​ൽ​പന​ക്കാ​രാ​യ​വ​ർ, പി​ന്നീ​ട് പാ​റ​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾകൊ​ണ്ട്​ വ​യ​ലു​ക​ൾ നി​ക​ത്തി. അ​വി​െ​ട ബം​ഗ്ലാ​വു​ക​ളും ഉ​യ​ർ​ന്നു. നേ​ര​ത്തേ ത​ന്നെ ഞ​ങ്ങ​ൾ പ​റ​യു​മാ​യി​രു​ന്നു, വ​രും നാ​ളു​ക​ളി​ൽ വെ​ള്ളം കു​പ്പി​യി​ൽ നി​റ​ച്ചുവി​ൽ​ക്കും. പാ​ലി​നേ​ക്കാ​ൾ വി​ല വെ​ള്ള​ത്തി​നു​ വേ​ണ്ടി​വ​രു​മെ​ന്ന്. ആ ​സ​മ​യ​ത്ത്​ ഏ​റെ​പ്പേ​രും പ​രി​ഹ​സി​ച്ചു. ഇ​പ്പോ​ൾ കു​ടി​വെ​ള്ളം സ്വ​ന്തം വീ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ കു​പ്പിവെ​ള്ളം വാ​ങ്ങു​ക​യാ​ണ്. അ​താ​ണ് ശു​ദ്ധ​ജ​ലം എ​ന്ന് ധ​രി​ച്ച്​ ന​ട​ക്കു​ക​യാ​ണ്.

അ​ന്ന് വ​ര​ൾ​ച്ച തു​ട​ങ്ങി​യ​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം വ​രു​ന്നു​വെ​ന്ന്​ ഓ​ർ​മി​പ്പി​ച്ചു. അ​ങ്ങ​നെ ഉ​ണ്ടാ​വി​ല്ല സാ​ധാ​ര​ണ പ്ര​തി​ഭാ​സ​മാ​ണ് എ​ന്നു​മാ​ത്ര​മാ​ണ് ഏ​റെ​പ്പേ​രും പ​റ​ഞ്ഞ​ത്. ഞാ​നി​​പ്പോ​ൾ സം​സാ​രി​ക്കു​ന്ന​ത്​ കു​ട​ജാ​ദ്രി​യു​ടെ താ​ഴ്വാ​ര​ത്തി​ൽനി​ന്നാ​ണ്. ഈ ​പു​ല​ർവേ​ള​യി​ൽ പോ​ലും ഉ​ഷ്​​ണി​ക്കു​ന്നു. ഇ​ങ്ങ​നെ ഈ ​​വേ​ള​യി​ൽ ഇ​ത്ത​ര​മൊ​രു ചൂ​ട്​ ചി​ന്തി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​വി​ടെ വ​രു​ന്ന കാ​ല​ത്ത് ഞാ​ൻ ഫാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ട് ഫാ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ൾ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എ​ല്ലാ​യി​ട​ത്തും പ്ര​ക​ട​മാ​യി.

ഇ​ന്ന്, തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ര​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ല്ലാ മ​നു​ഷ്യ​രും പ​ങ്കാ​ളി​ക​ളാ​യിക്കൊണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ ന്യൂ​ക്ലി​യ​ർ ഫാ​മി​ലി​ക്ക്​ പോ​ലും വ​ലി​യ ബം​ഗ്ലാ​വ്​ വേ​ണ്ടി​വ​രു​ന്നു. ഏ​ക​ദേ​ശം 20 വ​ർ​ഷം ആ​യു​സ്സുള്ള വീ​ടി​നു​വേ​ണ്ടി ഇ​ത്ര​യേ​റെ പ്ര​കൃ​തിവി​ഭ​വ​ങ്ങ​ളെ ന​ശി​പ്പി​​ക്കേ​ണ്ട​തു​​ണ്ടോ? ഇ​നി​യും നാം ​ചി​ന്തി​ക്ക​ണം. നി​ർ​​ഭാ​ഗ്യ​വ​ശാ​ൽ പ്ര​കൃ​തിസം​ര​ക്ഷ​ണ ചി​ന്തത​ന്നെ നാം ​മാ​റ്റിനി​ർ​ത്തിക്കഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ ചി​ല ഗ്രാ​മ​ങ്ങ​ളെ​യും ടൗ​ണു​ക​ളെ​പ്പോ​ലും ഗോ​സ്റ്റ് വി​ല്ലേ​ജ്, ഗോ​സ്റ്റ്​ ടൗ​ൺ എ​ന്നി​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചെ​റു​പ്പ​ക്കാ​ർ പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​ടി​യേ​റിക്കഴി​ഞ്ഞു. ഇ​ങ്ങ​നെ പോ​യാ​ൽ പ്രാ​യം​ചെ​ന്ന​വ​ർ മാ​ത്ര​മാ​കും അ​വ​ശേ​ഷി​ക്കു​ക.

യാത്രയോട്​ കേ​ര​ളം മു​ഖംതി​രി​ച്ചോ?

ശ​രി​ക്കും കേ​ര​ള​ത്തെ കു​റി​ച്ച്​ പ​റ​യാ​ൻ പ്ര​യാ​സ​മു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്കാ​ൾ ന​ല്ലനി​ല​യി​ൽ സം​ര​ക്ഷ​ണയാ​ത്ര​യി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​ത്​ ക​ർ​ണാ​ട​ക​ത്തി​ലാ​ണ്. ക​ർ​ണാ​ട​ക​ത്തി​ലെ എ​ഴു​ത്തു​കാ​ർ, ആ​ക്​​ടി​വി​സ്റ്റു​ക​ൾ, ക​ർ​ഷ​ക​ർ എ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു. സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ശി​വ​റാം കാ​റന്ത്, പൂ​ർ​ണ​ച​ന്ദ്ര തേ​ജ​സ്വി, പി. ​​ല​ങ്കേ​ഷ്​ എ​ന്നി​ങ്ങ​നെ പ​ല​രും സ​ഹ​ക​രി​ച്ചു. ഓ​രോ സ്​​ഥ​ല​ത്തും 5000 മു​ത​ൽ 10,000 വ​രെ ആ​ളു​ക​ൾ സം​ഗ​മി​ച്ചു. പ​ല സ്​​ഥ​ല​ത്തു​നി​ന്നും ചെ​റി​യ ചെ​റി​യ പ്ര​ക​ട​ന​മാ​യി വ​ന്ന്​ ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ, യ​ക്ഷ​ഗാ​ന സം​ഘം എ​ല്ലാം സ​ജീ​വ​മാ​യി. കേ​ര​ള​ത്തി​ൽ സു​ഗ​ത​കു​മാ​രി ഒ​ഴി​കെ​യു​ള്ള​വ​ർ മാ​റിനി​ന്ന​താ​യാ​ണ്​ അ​നു​ഭ​വം. പി​ന്നീ​ട്​ ധാ​രാ​ളം ക​വി​ത​ക​ളും മ​റ്റും ഉ​ണ്ടാ​യെ​ങ്കി​ലും അ​ന്ന​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ല്ല. ചി​ല​പ്പോ​ൾ അ​വ​രെ ഇ​തി​ന്റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച പ​റ്റി​യോ എ​ന്ന്​ അ​റി​യി​ല്ല. ക​ർ​ണാ​ട​ക​ത്തി​ൽ ഈ ​യാ​ത്ര​യെ ശ​രി​ക്കും ജ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗോ​വ​യി​ൽ എ​ത്തു​മ്പോ​ഴും വ​ലി​യ സ്വ​ീ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്. ചെ​റി​യ സം​സ്​​ഥാ​ന​മാ​യി​ട്ടുപോ​ലും വ​ലി​യ പ​ങ്കാ​ളി​ത്തം ഗോ​വ​യി​ലു​ണ്ടാ​യി. ബു​ദ്ധി​ജീ​വി​ക​ളും സാ​ഹി​ത്യ​കാ​ര​ന്മാ​രും സാ​ധാ​ര​ണ​ക്കാ​രും അ​വി​ടെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

 

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ​യാ​ത്ര​യു​ടെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ൽ ജ​ന​കീ​യ സാ​ഹി​ത്യ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ ബ​ദ​ൽ ​കെ​ട്ടി​പ്പ​ടു​ക്കാ​നൊ​രു ശ്ര​മം ന​ട​ത്തി​യി​രു​ന്ന​ല്ലോ, അ​ത്ത​രം ശ്ര​മ​ങ്ങ​ൾ വേ​രു​പി​ടി​ക്കാ​തെ പോ​യ​തി​നു പി​ന്നി​ലെ​ന്താ​ണ്​?

പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​ക്ക്​ മു​മ്പു​ ത​ന്നെ ജ​ന​കീ​യ സാം​സ്കാ​രി​ക​വേ​ദി ഇ​ല്ലാ​താ​യിക്ക​ഴി​ഞ്ഞി​രു​ന്നു. പ​രി​സ്​​ഥി​തിരം​ഗ​ത്ത്​ ശക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യാ​ലേ മ​തി​യാ​വൂ​വെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ​ദ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നാ​ലു​ദി​വ​സ​ത്തെ ഒ​രു ഒ​ത്തു​ചേ​ര​ലാ​യ അ​രി​യ​ന്നൂ​ർ ക​ൺ​വെ​ൻ​ഷ​ന് കാ​ര​ണ​മാ​യ​ത്. കാ​ൾ ഫോ​ർ ഗ്രാ​സ്​ റൂ​ട്ട്​ ആ​ക്​​ഷ​ൻ എ​ന്ന ആ ​സം​രം​ഭ​മാ​ണ് പി​ൽ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പ​രി​സ്ഥി​തി, ജ​ന​കീ​യ ആ​രോ​ഗ്യം, ജൈ​വ​കൃ​ഷി, വ​നി​താ​വി​മോ​ച​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ കാ​ര​ണ​മാ​യ​ത്. ഒ​ത്തു​ചേ​ര​ലി​ന് കോ​വി​ല​നാ​യി​രു​ന്നു ര​ക്ഷാ​ധി​കാ​രി.

ഗ്രാ​മ​ത്തി​ലെ പ​ല വേ​ദി​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ സ​മീ​പ​ന​രേ​ഖ ത​യാ​റാ​ക്കി​യ​ത് ഞാ​നും ഡോ. ​കെ. അ​ര​വി​ന്ദാ​ക്ഷ​നും ചേ​ർ​ന്നാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ദ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ത്ത​രം ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യാ​ണ്.

തു​ട​ർ​ന്ന്, ഇ​വാ​ൻ ഇ​ല്ലി​ച്ചി​ന്റെ വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ന്റെ അ​തി​ർവ​ര​മ്പു​ക​ൾ, മ​സ​നോ​ബു ഫു​ക്കു​വോ​ക്ക​യു​ടെ ‘ഒ​റ്റ​ വൈ​ക്കോ​ൽ വി​പ്ല​വം’ തു​ട​ങ്ങി​യ കൃ​തി​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും വ്യാ​പ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക​യും ചെ​യ്​​തു. പ​യ്യ​ന്നൂ​രി​ലെ ജ​നാ​രോ​ഗ്യം, തൃ​ശൂ​രി​ലെ ആ​യു​ർ​വേ​ദ വി​കാ​സ കേ​ന്ദ്രം തു​ട​ങ്ങി പ​ല പ്ര​സ്​​ഥാ​ന​ങ്ങ​ളും ഈ ​അ​വ​സ​ര​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ജൈ​വ​കൃ​ഷി, ബ​ദ​ൽ ജീ​വി​തം തു​ട​ങ്ങി​യവ​യി​ലേ​ക്ക്​ വ​രുക​യു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​െവ​ച്ച് ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി കൂ​ടി​ച്ചേ​ര​ലു​ക​ൾ ന​ട​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി​യി​ൽ ജ​ലം, മ​ണ്ണ്, കാ​ട്​ എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്ന്​ ദി​വ​സ​ത്തെ കൂ​ടി​ച്ചേ​ര​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​യ്യാ​ർ​ ഡാ​മി​ൽ പ​രി​സ്ഥി​തി​യു​ടെ രാ​ഷ്ട്രീ​യം, മു​ത്ത​ങ്ങ​യി​ൽ സാ​മൂ​ഹിക​വി​രു​ദ്ധ വ​ന​വ​ത്ക​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ, ക​ണ്ണൂ​രി​ലെ കോ​റോ​മി​ൽ വി​ക​സ​ന പ​രി​പ്രേ​ക്ഷ്യ​ത്തെ കു​റി​ച്ച്, ഒ​ക്കെ​ കൂ​ടി​ച്ചേ​ര​ൽ ന​ട​ന്നു.

ഇ​ന്ന് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തീ​പ്പൊ​രി ഉ​ണ്ടാ​യ​ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നുകൂ​ടി​യാ​ണെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നു.

 

രാ​ജ്യ​ത്തി​ന്റെ പ​ല​യി​ട​ത്താ​യി പ​ല സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന​ല്ലോ, ഇ​ന്നും മ​ന​സ്സി​ൽ ആ​വേ​ശ​മാ​യി നി​ൽ​ക്കു​ന്ന സ​മ​രാ​നു​ഭ​വ​ങ്ങ​ളു​ണ്ടോ?

ഇ​രു​പ​ത്തി​മൂ​ന്നാം വ​യ​സ്സി​ൽ ദേ​വാ​സി​ലെ ഫാ​ക്ട​റി​യി​ൽ ന​ട​ന്ന സാ​ഹ​സി​ക​മാ​യ ഇ​ട​പെ​ട​ൽ ഇ​ന്നും ഓ​ർ​മ​യി​ൽ നി​ൽ​ക്കു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു അ​ത്. നേ​തൃ​നി​ര​യി​ലു​ള്ള മ​റ്റു​ള്ള​വ​ർ ഇ​ല്ലാ​തി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​യി​രു​ന്നു, തൊ​ഴി​ലാ​ളി​ക​ൾ ഘെ​രാ​വോ ചെ​യ്​​ത സി.​ഇ.​ഒ​യെ പു​തു​താ​യി നി​യ​മി​ത​നാ​യ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജീ​പ്പി​ൽ ക​യ​റ്റി പു​റ​ത്തേ​ക്ക് കൊ​ണ്ടുപോ​കു​ന്ന വി​വ​രം ഫാ​ക്​​ട​റി​ പ​ടി​ക്ക​ലി​ലെ സ​മ​ര​പ്പ​ന്ത​ലി​ലു​ള്ള എ​ന്നെ തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ക്കു​ന്ന​ത്.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. ഒ​രു കു​തി​പ്പി​ന് ഗേ​റ്റി​ന് ഉ​ള്ളി​ൽ സെ​ക്യൂ​രി​റ്റി​ക​ളെ ത​ള്ളി​മാ​റ്റി ക​ട​ന്നു​ക​യ​റി. അ​പ്പോ​ഴേ​ക്കും സി.​ഇ.​ഒ​യു​മാ​യി ജീ​പ്പ്​ പാ​ഞ്ഞ്​ അ​ടു​ത്ത്​ വ​രു​ന്ന​ത്​ കാ​ണു​ന്നു. പി​ന്നെ, ഒ​ന്നും ചി​ന്തി​ച്ചി​ല്ല. ക​ണ്ണു​മ​ട​ച്ച്​ ജീ​പ്പി​നു മു​ന്നി​ൽ വി​ല​ങ്ങ​നെ കി​ട​ന്നു. തൊ​ട്ടു തൊ​ട്ടി​ല്ല എ​ന്ന നി​ല​യി​ൽ എ​സ്.​പി ജീ​പ്പ്​ ച​വി​ട്ടിനി​ർ​ത്തി. ഓ​ടി​ക്കൂ​ടി​യ മ​റ്റു​ തൊ​ഴി​ലാ​ളി​ക​ൾ ജീ​പ്പി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പാ​യി. അ​പ്പോ​ഴേ​ക്കും വി​വ​ര​മ​റി​ഞ്ഞ് പു​റ​ത്തു​നി​ന്നു​ള്ള കാ​ലൂ ദാ​ദ, (ഹ​രിച​ര​ൻ സിങ്​ പ​ഞ്ചാ​ബി) സ്കൂ​ട്ട​റി​ൽ കു​തി​ച്ചെ​ത്തി. പ​ഞ്ചാ​ബി​യാ​യ എ​സ്.​പി​യു​മാ​യി കാ​ലു സ്വ​ന്തം ഭാ​ഷ​യി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചു. അ​ങ്ങ​നെ, എ​സ്.​പി​യു​ടെ മു​ൻ​കൈ​യി​ൽ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴിതു​റ​ന്നു. 23 ആ​വ​ശ്യ​ങ്ങ​ളി​ൽ 22ഉം ​അം​ഗീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്റ്​ നി​ർ​ബ​ന്ധി​ത​രാ​യി. എ​ന്നാ​ൽ, അ​ടു​ത്ത രാ​ത്രി അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പി​ലാ​യി.

അ​തോ​ടെ സ​മ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മേ​ൽ നി​ര​വ​ധി ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി. അ​വ​ർ​ക്ക് പൊ​ലീ​സി​െന്‍റ കൈ​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ഒ​ളി​വി​ൽ പോ​വേ​ണ്ടി വ​ന്നു. എ​ന്റെ പേ​രി​ൽ 26ഓ​ളം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽനി​ന്ന് എ​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യും എ​ന്ന് അ​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ടെനി​ന്ന്​ സ്ഥ​ലംവി​ടു​ക​യാ​ണ് ചെ​യ്ത​ത്. മ​റ്റൊ​രു സ​ന്ദ​ർ​ഭം ഏ​ഴി​മ​ല​യി​ലെ സ​മ​ര​കാ​ല​മാ​ണ്. എ​ട്ട്​ വ​യ​സ്സു​ള്ള കു​ഞ്ഞി​നെ മു​ത​ൽ 80 വ​യ​സ്സു​ള്ള മു​ത്ത​ശ്ശി​യെ വ​രെ അ​റ​സ്റ്റ് ചെ​യ്തു ക​ണ്ണൂ​രി​ലെ ജ​യി​ലു​ക​ളി​ലാ​ക്കി. എ​ല്ലാ​വ​രു​ടെ​യും ജാ​മ്യ​ത്തി​നു​വേ​ണ്ടി ഓ​ടിന​ട​ന്നു. സ​മ​ര​ഭൂ​മി​യി​ൽ ഞാ​നെ​ത്തി​യാ​ൽ നാ​ട്ടു​കാ​ർ എ​ന്നെ പൊ​ലീ​സി​ൽനി​ന്ന് ഒ​ളി​പ്പി​ക്കും.

മാ​ഷ് കൂ​ടി അ​ക​ത്താ​യാ​ൽ ഞ​ങ്ങ​ളെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ആ​രാ എ​ന്ന ക​രു​ത​ലാ​ണ് ഒ​രി​ക്ക​ൽപോ​ലും അ​വി​ടെ അ​റ​സ്റ്റി​ലാ​കാ​ത്ത​തി​ന്​ കാ​ര​ണം. ലോ​ക ബാ​ങ്ക് പ്ര​സി​ഡ​ന്റിന്റെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ർ​മ​ദ പ​ദ്ധ​തി​ക​ൾ​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന​തി​നെ​തി​രെ ന​ർ​മ​ദാ​ത​ട വാ​സി​ക​ളു​മാ​യി ന​ട​ത്തി​യ സ​മ​ര​വും മ​റ​ക്കാ​നാ​വു​ന്ന​ത​ല്ല. ഗാ​ന്ധി സ​മാ​ധി​ക്ക്​ മു​ന്നി​ലും ലോ​ധി റോ​ഡി​ലു​മെ​ല്ലാം പൊ​ലീ​സ് വ​ൻ സ​ന്നാ​ഹ​വു​മാ​യി വ​ന്നു. ആ​ദി​വാ​സി സ്ത്രീ​ക​ളും ഗ്രാ​മീ​ണ ക​ർ​ഷ​ക​രും എ​ല്ലാ​മാ​യ ജ​ന​ങ്ങ​ളു​ടെ​ മേ​ൽ ലാ​ത്തി​വീ​ശ​ലും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വുമെ​ല്ലാ​മാ​യി​ട്ടും ഭീ​ഷ​ണി​ക്ക്​ വ​ഴ​ങ്ങാ​തെ സ്ത്രീ​ക​ളും ചെ​റു​പ്പ​ക്കാ​രും വ​യ​സ്സൻ​മാ​രു​മെ​ല്ലാം ചെ​റു​ത്തുനി​ന്നു.

അ​റ​സ്റ്റ്​ ചെ​യ്​​തു വ​ണ്ടി​യി​ൽ ക​യ​റ്റി ചോ​ർ ബ​സാ​റി​ലേ​ക്ക് ക​ട​ത്തി. കു​ടി​വെ​ള്ള​വും ശു​ചി​മു​റി​യും ഇ​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ പൊ​രി​വെ​യി​ലി​ലും ത​ണു​പ്പി​ലും ​​േക്ല​ശി​ച്ചു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വ​ഴി ത​ട​ഞ്ഞു. അ​പ്പോ​ൾ, ഞ​ങ്ങ​​ളെ കേ​ൾ​ക്കാ​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റ്​ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ത​യാ​റാ​യി. ആ​ദി​വാ​സി സ​ഹോ​ദ​ര​ങ്ങ​ളും ക​ർ​ഷ​ക​രുമ​ട​ങ്ങി​യ ഗ്രാ​മീ​ണ​ർ മേ​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ എ​ത്തു​മ്പോ​ൾ പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച്​ ഇ​ന്ത്യ​ൻ രാ​ഷ്ട്രത്ത​ല​വ​ൻ ഗേ​റ്റി​ലേ​ക്ക് ന​ട​ന്നുവ​ന്ന്​ പ​രാ​തി പ​റ​യാ​ൻ വ​ന്ന​വ​രെ സ്വീ​ക​രി​ച്ചി​രു​ത്തി. അ​വ​രെ കേ​ൾ​ക്കു​ക​യും ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി സ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്​​ത​ത്​ ആ ​വ​ലി​യ മ​നു​ഷ്യ​ന്റെ പൗ​ര​ൻ​മാ​രോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് കാ​ണി​ച്ച​ത്. തു​ട​ർ​ന്ന്, ലോ​ക​ബാ​ങ്ക്​ ഫ​ണ്ട്​ നി​ര​സി​ച്ചു.

മ​ണ്ണ് വി​റ്റ് ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക്കു​വേ​ണ്ടി സ​മ​രം ചെ​യ്യാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ര​ളം വി​ട്ടൊ​രാ​ളാ​ണ് താങ്കൾ, ശ​രി​ക്കു​മെ​ന്താ​ണ്​ താങ്കളെ ​​പ്രേ​രി​പ്പി​ച്ച​ത്​?

കേ​ര​ള​ത്തി​ൽനി​ന്ന് മാ​റിനി​ൽ​ക്കാ​നു​ള്ള കാ​ര​ണം, മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന​ യാ​ഥാ​ർ​ഥ്യ​ത്തി​ൽനി​ന്നു​ണ്ടാ​യ​താ​ണ്. പ​ക്ഷേ, ഇ​തി​നി​ട​യി​ലും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന വ്യ​ക്തി​ക​ളും ചെ​റു ഗ്രൂ​പ്പു​ക​ളു​മു​ണ്ട്. അ​ത്, മ​റ​ച്ചുവെ​ക്കാ​ൻ ക​ഴി​യി​ല്ല. അ​പ്പോ​ഴും ​പൊ​തു​വാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ജാ​ഥ ​കേ​ര​ള​ത്തി​ലെ​ത്തി​യ ദി​വ​സം മു​ത​ൽ മ​ല​യാ​ളി​യു​ടെ സ​മീ​പ​​ന​ത്തെ കു​റി​ച്ച്​ ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ത്, പി​ന്നീ​ട്​ വ​ള​രു​ക​യാ​യി​രു​ന്നു. കാ​ര​ണം, മ​ണ്ണ്​ വി​റ്റ്​ ജീ​വി​ക്കു​ക ​എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക്​ മ​ല​യാ​ളി എ​ത്തു​ന്ന​ത്​ സ​ങ്ക​ൽ​പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​​​​ത്ര​​മേ​ൽ സ്വാ​ർ​ഥ​രാ​യി​ക്കഴി​ഞ്ഞി​രു​ന്നു. വ​രും ത​ല​മു​റ​യെ​ കു​റി​ച്ചോ, ഇ​ത​ര ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നെ കു​റി​ച്ചോ ചി​ന്തി​ക്കാ​തെ​യാ​യി.

22 ദി​വ​സം എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​യ​ത്തി​ൽ ഞാ​ൻ നി​രാ​ഹാ​രം കി​ട​ന്നു. ആ ​വേ​ള​യി​ലൊ​ക്കെ എ​നി​ക്ക്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ നി​ല​പാ​ടു​ക​ളി​ലെ വെ​ള്ളം ചേ​ർ​ക്ക​ലു​ക​ളാ​ണ്. വാ​ക്കും പ്ര​വൃ​ത്തി​യും ഒ​ന്നാ​യിത്തീ​ര​ണം. അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യെ​ങ്കി​ലും വേ​ണം. സ്വാ​ർ​ഥ​ത മാ​ത്രം മു​ഖ​മു​ദ്ര​യാ​ക്കി​യ സ​മൂ​ഹ​ത്തി​ൽനി​ന്ന്​ ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തൊ​രു വ​ല്ലാ​ത്ത ധ​ർ​മസ​ങ്ക​ട​മാ​ണ്. ഈ ​സ​ങ്ക​ടം ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഇ​തോ​ടൊ​പ്പം അ​ൽപം​കൂ​ടി സ്വ​സ്ഥ​ത ല​ഭി​ക്കു​ന്ന ഒ​രു സ്ഥ​ല​ത്ത് താ​മ​സി​ക്ക​ണ​മെ​ന്ന്​ തോ​ന്നി​യ​തുകൊ​ണ്ട്​ കൂ​ടി​യാ​ണ്​​ മാ​റി​യ​ത്. ആ​ത്മീ​യ​ത എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് ഒ​രു വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ആ​ത്മീ​യ​ത തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ഴ്ച​യാ​ണി​ന്നു​ള്ള​ത്.

പു​ല​ർ​ച്ചെത​ന്നെ ന​മ്മു​ടെ ക്ഷേ​ത്ര​ങ്ങ​ളി​ൽനി​ന്നും ച​ല​ച്ചിത്ര ഗാ​ന​ങ്ങ​ൾ, ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ന്നി​വ വ​ലി​യ ഉ​ച്ച​ത്തി​ൽ ശ​രി​യാ​യ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ നി​രോ​ധി​ക്ക​പ്പെ​ട്ട സ്പീ​ക്ക​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ വെ​ക്കും. പ​ള്ളി​ക​ളും ഇ​തി​ൽനി​ന്നും വ്യ​ത്യ​സ്​​ത​മ​ല്ല. ഇ​ത്ത​രം ബ​ഹ​ള​ങ്ങ​ൾ പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക സം​ഗീ​ത​ത്തെ​യും ശാ​ന്ത​ത​യെ​യും ത​ക​ർ​ക്കു​ന്നു. പൂ​ര​വും വെ​ടി​​​ക്കെ​ട്ടും ഉ​ൾ​പ്പെ​ടെ ഈ​വേ​ള​യി​ൽ നാം ​ഓ​ർ​ക്കേ​ണ്ട​താ​ണ്. ആ​ത്മീ​യ​ത പ്ര​ക​ട​നപ​ര​ത​യി​ലേ​ക്ക്​ മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലു​ട​നീ​ളം ഞാ​ൻ ഇ​തി​ൽനി​ന്നു​ മാ​റി​യു​ള്ള സ്​​ഥ​ലം തി​ര​ഞ്ഞു​കൊ​ണ്ടി​രു​ന്നു. എ​ന്റെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന്​ ഭം​ഗം വ​രു​ത്താ​ൻ ഒ​രു ആ​രാ​ധാ​നാ​ല​യ​വും കാ​ര​ണ​മാ​ക​രു​തെ​ന്ന്​ ക​രു​തി​യാ​ണ്​ കു​ട​ജാ​ദ്രി​യു​ടെ താ​ഴ്​​വാ​ര​ത്തി​ലെ​ത്തി​യ​ത്. എ​ല്ലാ​റ്റി​ലു​മുപ​രി പ​ശ്ചി​മ​ഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥ​ല​ത്ത്​ ഇ​നി​യു​ള്ള കാ​ലം താ​മ​സി​ക്ക​ണ​മെ​ന്ന ചി​ന്ത​കൂ​ടി​യു​ണ്ട്​ ഈ ​ഇ​ടം തി​ര​ഞ്ഞെ​ടു​ക്കാ​ൻ.

മ​ല​യാ​ളി ജീ​വി​ത​ത്തെ കു​റി​ച്ചുള്ള വിലയിരുത്തൽ എന്താണ്​?

മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ന്ത്യ​യു​ടെ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളെ അ​പേ​ക്ഷി​ച്ച് മ​ല​യാ​ളി​ക​ൾ കാ​ര്യ​ങ്ങ​ൾ വേഗം മ​ന​സ്സി​ലാ​ക്കും. കോ​മ​ൺ​സെ​ൻ​സ് എ​ന്ന് പ​റ​യു​ന്ന​ത് മ​റ്റു​ള്ള​വ​രേ​ക്കാ​ൾ ഉ​ണ്ട്. മ​ല​യാ​ളി ന​ഴ്സ് ആ​വു​ക​യാ​ണെ​ങ്കി​ൽ ഏ​റ്റ​വും ന​ല്ല ന​ഴ്​​സാ​വും. മ​ല​യാ​ളി ഡ്രൈ​വ​ർ ആ​വു​ക​യാ​ണെ​ങ്കി​ൽ ഏ​റ്റ​വും ന​ല്ല ഡ്രൈ​വ​റാ​കും.

മ​ല​യാ​ളി ഒ​രു കൃ​ഷി​ക്കാ​ര​നാ​യാ​ൽ ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​കും. അ​ങ്ങ​നെ മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് അ​ഭി​മാ​നി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​ഷ്ടം. ഇ​ന്ന്​ ഏ​റെ​പ്പേ​രും പു​റ​ത്ത്​ പോ​വു​ക​യാ​ണ്, കേ​ര​ള​ത്തി​ൽനി​ന്നുകൊ​ണ്ട് ത​ന്നെ അ​വ​ർ​ക്ക് ഒ​രു​പ​ക്ഷേ നാ​ടി​ന്റെയും ത​ന്റെയും വ​ള​ർ​ച്ച​ക്ക്​ ഗു​ണ​ക​ര​മാ​കാം. ഇ​തി​ന്, മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ര​ണം.

കേ​ര​ളീ​യ​ർ രാ​ഷ്ട്രീ​യ​മാ​യി പ്ര​ബു​ദ്ധ​രാ​ണ്. എ​ന്നാ​ൽ, നാ​ടി​ന്റെ നി​ല​നി​ൽ​പി​നുവേ​ണ്ടി ഒ​ന്നി​ച്ചുനി​ൽ​ക്കാ​നു​ള്ള ത്രാ​ണി​യും ഒ​ന്നി​ച്ച് നി​ൽ​ക്കാ​നു​ള്ള വി​ട്ടു​വീ​ഴ്ച മ​നോ​ഭാ​വ​വും ഇ​തി​നാ​യു​ള്ള ബൗ​ദ്ധി​ക ശ​ക്തി​യും ആ​ർ​ജി​ച്ചി​ല്ല എ​ന്നു​ള്ള​താ​ണ് സ​ത്യം. ഏ​തെ​ല്ലാം ത​ര​ത്തി​ൽ ന​മു​ക്ക് ഭി​ന്നി​ക്കാ​നാ​കും എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ. ജാ​തി​യു​ടെ പേ​രി​ൽ, മ​ത​ത്തി​ന്റെ പേ​രി​ൽ, മ​റ്റു വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ലെ​ല്ലാം ഭി​ന്നി​ച്ച്​ നി​ൽ​ക്കു​ന്ന സ​മൂ​ഹ​മാ​യി​ട്ടാ​ണ്​ മ​ല​യാ​ളി​ക​ളു​ള്ള​ത്.

ഈ ​ഭി​ന്ന​ത ഇ​ന്ത്യ​യി​ലും ലോ​ക​ത്തെ​മ്പാ​ടും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​ന്ന്, പ​ശ്ചി​മ​ഘ​ട്ടം മാ​ത്ര​മാ​യി​ട്ട് ന​മു​ക്ക് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ന​മ്മു​ടെ മൊ​ത്ത​ത്തി​ലു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി, കു​റ​ച്ചു ബ​ഹു​മാ​ന​ത്തോ​ടെ, കു​റ​ച്ചു​കൂ​ടി വി​ട്ടു​വീ​ഴ്ച മ​നോ​ഭാ​വ​ത്തോ​ടെ, കു​റ​ച്ചു​കൂ​ടി പ്ര​കൃ​തി​യോ​ടും ഇ​ത​ര ജീ​വ​ജാ​ല​ങ്ങ​ളോ​ടും വി​ന​യ​ത്തോ​ടെ​യും പെ​രു​മാ​റു​ന്ന ഒ​രു സ​മൂ​ഹ​ത്തി​നു മാ​ത്ര​മേ ഒ​രു​പ​ക്ഷേ നി​ല​നി​ൽ​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. കു​റ​ച്ചു​കൂ​ടി സ്നേ​ഹ​മു​ള്ള, കു​റ​ച്ചു​കൂ​ടി പ​ര​സ്പ​രം ആ​ളു​ക​ളെ മ​ന​സ്സി​ലാ​ക്കു​ന്ന, മ​റ്റു​ള്ള​വ​ർ ന​മു​ക്ക്​ വേ​ണ്ട​വ​രാ​ണെ​ന്ന ചി​ന്ത​യു​ള്ള, പ​ര​സ്​​പ​രം ക​രു​ത​ലു​ള്ള ഒ​രു സ​മൂ​ഹമായി കേ​ര​ളം മാ​റു​മ്പോ​ഴാ​ണ് ന​മ്മ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​ബു​ദ്ധ​രാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​ക.

ന​മു​ക്ക്​ ഒ​രാ​ളു​ടെ പേ​ര് കേ​ൾ​ക്കു​മ്പോ​ൾ അ​യാ​ളു​ടെ ജാ​തി​യെ​ക്കു​റി​ച്ചോ, അ​യാ​ളു​ടെ മ​ത​ത്തെ കു​റി​ച്ചോ ഒ​ക്കെ​യാ​ണ് ബോ​ധം വ​രു​ന്ന​തെ​ങ്കി​ൽ ന​മ്മ​ൾ പ്ര​ബു​ദ്ധ​രാ​ണ്​ എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. അ​യാ​ളെ അ​പ​ര​നാ​യി കാ​ണാ​തെ നാംത​ന്നെ​യാ​ണ് അ​യാ​ൾ എ​ന്നു​ം ന​മ്മ​ളി​ലു​ള്ള എ​ല്ലാ ന​ന്മ​ക​ളും അ​യാ​ളി​ലും ഉ​ണ്ടെന്നും മ​ന​സ്സി​ലാ​ക്കി കു​റ​ച്ചുകൂ​ടി ക​രു​ണ​യു​ള്ള ഒ​രു നോ​ട്ട​വും സ്​​നേ​ഹം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പെ​രു​മാ​റ്റ​വും ദ​യ​യു​ള്ള ശ​ബ്​​ദ​വും ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് മ​ല​യാ​ളി​ക​ൾ എ​ന്ന​ല്ല ലോ​ക​ത്തി​ലെ ഏ​തു സ​മൂ​ഹ​വും പ്ര​ബ​ുദ്ധരാ​വു​ക​യു​ള്ളൂ.

മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ൽ ഒ​രി​ക്ക​ൽപോ​ലും പ​രി​സ്ഥി​തി രാ​ഷ്ട്രീ​യം പ്ര​ധാ​ന വി​ഷ​യ​മാ​യി വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ട്?

രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ഒ​ന്നുംത​ന്നെ പ​രി​സ്ഥി​തി​യു​ടെ രാ​ഷ്ട്രീ​യം മു​ഖ്യ​വി​ഷ​യ​മാ​യി​​ട്ടെ​ന്ന​ല്ല അ​വ​രു​ടെ അ​ജ​ണ്ട​യി​ൽ ഒ​രി​ട​ത്തും ഇ​ല്ല. ആ​ദ്യ​കാ​ല​ത്ത്​ സി.​പി.​ഐ ഈ ​വി​ഷ​യം ചേ​ർ​ത്തുപി​ടി​ച്ചി​രു​ന്നു. കെ.​വി. സു​രേ​ന്ദ്ര​നാ​ഥും ഉ​ണ്ണി​രാ​ജ​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത്​ അ​വ​ർ​ക്ക്​ താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന്, അ​വ​രും മ​റ്റ്​ ക​ക്ഷി​ക​ളു​ടെ കൂ​ടെക്കൂടി. ഇ​തി​നി​ട​യി​ലും കു​റ​ച്ചു പേ​ർ പ​രി​സ്​​ഥി​തി ചി​ന്ത​യു​ള്ള​വ​രു​ണ്ട്. ഇ​തി​നി​ട​യി​ലും, കു​റ​ച്ചൊ​ക്കെ മാ​റി ചി​ന്തി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രെ കാ​ണു​ന്നു​ണ്ട് എ​ന്നു​ള്ള​ത് എ​നി​ക്ക് ബോ​ധ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ടു​ത്ത​കാ​ല​ത്ത് രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ ആ​ളു​ക​ൾ ന​മ്മു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​ു​ണ്ട്. വ​ന്നി​ട്ട് കാ​ര്യ​ങ്ങ​ൾ ആ​രാ​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ണ്ട്. പു​തി​യ ത​ല​മു​റ കു​റ​ച്ചു​കൂ​ടി പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. എ​ത്ര​ത്തോ​ളം എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല.

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​യാ​ത്ര​ക്ക് 35 വ​യ​സ്സാ​യെ​ന്ന്​ ഞാ​ൻ ഓ​ർ​ത്തി​രു​ന്നി​ല്ല. അ​പ്പോ​ഴാ​ണ്​ ക​ണ്ണൂ​രി​ലു​ള്ള മാ​മ്പ​ഴ കൂ​ട്ടാ​യ്​​മ​യി​ലെ ഷൈ​ജു എ​ന്നെ വി​ളി​ച്ചി​ട്ട്, ന​മു​ക്ക്​ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​യാ​ത്ര​യി​ൽ ഇ​ന്ന് അ​വ​ശേ​ഷി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളെ എ​ല്ലാംകൂ​ടി ഒ​ന്നി​ച്ചു കാ​ണാ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​മൊ​രു​ക്കി കൂ​ടേ​യെ​ന്ന്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​വ​ർ​ക്ക​തി​ന്​ താ​ൽ​പ​ര്യ​മാ​ണെ​ങ്കി​ൽ എ​ന്തി​ന്​ ഞാ​നൊ​രു ത​ട​സ്സ​മാ​ക​ണ​മെ​ന്ന്​ ചി​ന്തി​ച്ചു. അ​തൊ​രു ന​ല്ല പ്ര​വൃ​ത്തി​യാ​യി​ട്ട്​ എ​നി​ക്ക്​ തോ​ന്നി.

ഇ​ന്ന്, മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്​ പ്ര​കൃ​തി​യു​ടെ ഭാ​വി​യു​മാ​യി ചേ​ർ​ന്നി​രി​ക്കു​ന്നു​വെ​ന്ന്​ ബോ​ധ്യ​മു​ള്ള ചെ​റു​സം​ഘ​ങ്ങ​ളു​ണ്ട്. ന​മ്മു​ടെ മാ​വ്, പ്ലാ​വ്​ സം​ര​ക്ഷ​ണ സ​മി​തി​ക​ളൊ​ക്കെ ഇ​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​യി കാ​ണാം. പ​ക്ഷേ, മു​ഖ്യ​ധാ​രാ പൊ​ളി​റ്റി​ക്ക​ൽ പാ​ർ​ട്ടി​ക​ൾ ഇ​തൊ​ന്നും ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടി​ല്ല. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രെ എ​ങ്ങ​നെ നി​ൽ​ക്കാ​മെ​ന്നും അ​തി​ലൂ​ടെ എ​ന്തെ​ല്ലാം സ​മ്പാ​ദി​ക്കാ​മെ​ന്നു​മു​ള്ള നി​ല​യി​ലേ​ക്ക് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മാ​റിക്ക​ഴി​ഞ്ഞു.

പ്ര​കൃ​തിദു​ര​ന്തം കേ​ര​ള​ത്തി​ലു​മെ​ത്തി. നമുക്ക്​ അത്​ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​നി​പ്പോ​ഴും ക​ഴി​യാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​?

മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പി. ​സാ​യ്​​നാ​ഥ്, ഭ​ര​ത്​​​ ഡോ​ഗ്ര​യെ​പ്പോ​ലു​ള്ള​വ​ർ സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി, ഒ​രു ന​ല്ല വ​ര​ൾ​ച്ച വ​ന്നാ​ലും ന​ല്ല പ്ര​ള​യം വ​ന്നാ​ലും സ​ന്തോ​ഷം ഉ​ണ്ടാ​കു​ന്ന കു​റെ ആ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ടെ​ന്ന്. എ​ങ്ങ​നെ​യാ​യാ​ലും അ​വ​ർ​ക്ക്​ പ​ണം ല​ഭി​ക്കും. രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രും കോ​ൺ​ട്രാ​ക്​​ട​ർ​മാ​രും പ്ര​കൃ​തിദു​ര​ന്ത​ത്തെ അ​വ​സ​ര​മാ​ക്കി മാ​റ്റു​ക​യാ​ണ്. 40 വ​ർ​ഷം മു​മ്പ് ആ​ഗോ​ള​താ​പ​നം എ​ന്ന​ത് കേ​ട്ടുതു​ട​ങ്ങു​ന്ന സ​മ​യ​മാ​ണ്. അ​തേ​ക്കു​റി​ച്ച് അ​ന്ന്, മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​തൊ​ന്നും അ​ത്ര വ​ലി​യ സീ​രി​യ​സ് ആ​യി​ട്ടു​ള്ള കാ​ര്യ​മ​ല്ല, നി​ങ്ങ​ൾ പ്ര​കൃ​തി​സ്നേ​ഹി​ക​ൾ പ​റ​ഞ്ഞു ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു പ​രി​ഹാ​സം.

ഓ​സോ​ൺ പാ​ളി​ക്ക് വി​ള്ള​ലു​ണ്ടാ​യാ​ൽ ബ​ലൂ​ണി​ൽ ഓ​സോ​ൺ നി​റ​ച്ച്​ കൊ​ണ്ടു​പോ​യി അ​വി​ടെ ​എ​ത്തി​ച്ച്​ വി​ള്ള​ല​ട​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ എ​ൻ​ജി​നീ​യ​റിങ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യെ ഞാ​ൻ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണി​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഓ​രോ ഓ​ട്ട​യും ഇ​ങ്ങ​നെ അ​ട​ക്കാ​മെ​ന്ന അ​ഹ​ന്ത​യാ​ണി​ന്ന​ത്തെ ദു​ര​വ​സ്ഥക്ക്​ വ​ഴി​വെ​ച്ച​ത്. ആ​സ​മ​യ​ത്ത് ഞാ​ൻ​ ഓ​ർ​ക്കു​ന്ന​ത് വി​നി​ൻ പെ​രേ​ര എ​ന്ന ​സ​യന്‍റി​സ്റ്റി​നെ​യാ​ണ്. അ​ദ്ദേ​ഹം ​േഹാ​മി​ ജെ ഭാ​ഭ​യു​ടെ കൂ​ടെ ഇ​ന്ത്യ​യു​ടെ ആ​റ്റ​മി​ക് എ​ന​ർ​ജി​ റി​സ​ർ​ച്ചി​ലെ തു​ട​ക്ക​ക്കാ​ര​നാ​യി​രു​ന്നു.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ​ക്ക്​ തോ​ന്നി, ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തോ, എ​ത്ര പേ​രെ ച​ന്ദ്ര​നി​ലേ​ക്കോ, ചൊ​വ്വ​യി​ലേ​ക്കോ അ​യ​ച്ചു​​വെ​ന്ന​തോ അ​ല്ല മ​ഹ​ത്ത്വം. ഈ ​ഭൂ​മി​യി​ൽ ​​എ​ത്ര​പേ​ർ​ക്ക്​ സ്വൈ​രമാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ ഞാ​ൻ നോ​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ത​ന്റെ ജോ​ലി രാ​ജി​​വെ​ച്ച്​ പി​ന്നീ​ടു​ള്ള ജീ​വി​തം മ​നു​ഷ്യ​ർ​ക്കാ​യി ഉ​ഴി​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. വി​നി​ൻ പെ​രേ​ര​യു​ടെ ‘ആ​സ്​​കി​ങ്​ ദി ​എ​ർ​ത്ത്’, ‘ടെ​ൻ​ഡിങ്​ ദി ​എ​ർ​ത്ത്​’ എ​ന്നീ പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യന്റെ ജീ​വി​തരീ​തി​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ മി​ക​ച്ച ജീ​വി​തം ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം പു​സ്​​ത​ക​ത്തി​ലൂ​ടെ പ​റ​ഞ്ഞു​വെ​ക്കു​ന്ന​ത്. ഇ​തി​നൊ​ന്നും ആ​രും ചെ​വി​കൊ​ടു​ത്തി​ല്ല.

ആ​ഗോ​ളതാ​പ​ന​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി വ​ര​ൾ​ച്ച​യോ, പ്ര​ള​യ​മോ മാ​ത്ര​മാണോ?

​ആ​ഗോ​ള​താ​പ​നം സൃ​ഷ്​​ടി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്. ആ​ഗോ​ളതാ​പ​ന​ത്തിന്റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി വ​ര​ൾ​ച്ച​യോ, പ്ര​ള​യ​മോ മാ​ത്ര​മ​ല്ല. ഒ​രുപ​ക്ഷേ, ന​മു​ക്കി​ന്നും ചി​ന്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​ത്താ​ണ​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ശ​രാ​ശ​രി താ​പ​നി​ല ഒ​രു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധി​ക്കു​േ​മ്പാ​ൾ 10 ശ​ത​മാ​നം സൂ​ക്ഷ്മ​ജീ​വി​ക​ൾ ഇ​ല്ലാ​താ​കും. അ​ത് പോ​യാ​ൽ ന​മു​ക്ക് എ​ന്താ​ണ് എ​ന്നാ​യി​രി​ക്കും ചി​ന്ത.

ന​മ്മ​ൾ പ​രി​ണാ​മ​ശ്രേ​ണി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​ഥാ​ന​​ത്ത്​ നി​ല​കൊ​ള്ളു​ന്ന, വ​ള​രെ ശ​ക്തി​യു​ള്ള, എ​ല്ലാ​ത്തി​നെ​യും അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​ളു​ക​ളാ​ണ​ല്ലോ? എ​ന്നാ​ൽ, ഈ ​സൂ​ക്ഷ്​​മ ജീ​വി​ക​ളി​ൽ ഒ​രു ​ചെ​റി​യ അം​ശ​മെ​ങ്കി​ലും പ​രി​വ​ർ​ത്ത​ന​ത്തി​ന്​ വി​ധേ​യ​മാ​യി പ്ര​തി​രോ​ധശേ​ഷി ആ​ർ​ജി​ക്കു​ന്നു. സൂ​ക്ഷ്​​മജീ​വി​ക​ളു​ടെ വ​ള​ർ​ച്ചനി​ര​ക്ക്​ ന​മു​ക്ക്​ സ​ങ്ക​ൽ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​ത്താ​ണ്. ഇ​വ, മ​നു​ഷ്യ​നും ഇ​ത​ര ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ വ​ലി​യ ഭീ​ഷ​ണി​യാ​കും. പു​തി​യ സൂ​ക്ഷ്​​മ ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച​യെ ത​ടു​ക്കാ​ൻ ആ​ധു​നി​ക ​ശാ​സ്​​ത്ര​ത്തി​ന്​ ക​ഴി​യി​ല്ല. കോ​വി​ഡ്​ കാ​ലം ഇ​തി​നു വ​ലി​യ ഉ​ദാ​ഹ​ര​ണമാ​ണ്.

കോ​വി​ഡ്​ വൈ​റ​സി​നുത​ന്നെ ആ​യി​ര​ക്കണ​ക്കി​ന്​ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക്​ പ​ല​പ്പോ​ഴാ​യി തോ​ന്നി​യി​ട്ടു​ണ്ട്​ ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ഏ​റ​ക്കു​റെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യും. എ​ത്ര ചെ​ല​വാ​ക്കി എ​ന്ന് ഉ​ള്ള​തി​നേ​ക്കാ​ൾ എ​ത്ര കു​റ​ച്ച് ന​മ്മ​ൾ ചെ​ല​വാ​ക്കു​ന്നു. എ​ത്ര വേ​ഗ​ത​യി​ൽ ന​മ്മ​ൾ പോ​യി എ​ന്ന​തിനേ​ക്കാ​ൾ എ​ത്ര മെ​ല്ലെ ന​മു​ക്ക് പോ​കാ​നാവു​ന്നു. എ​ത്ര വ​ലു​ത് ന​മ്മ​ൾ ഉ​ണ്ടാ​ക്കി​യെ​ന്ന​തി​നേ​ക്കാ​ൾ എ​ത്ര ചെ​റു​തുകൊ​ണ്ട് ന​മ്മ​ൾ തൃ​പ്ത​നാ​കു​ന്നു എ​ന്നു​ള്ള നി​ല​യി​ലേ​ക്ക് നാം ​മാ​റ​ണം. ന​മ്മു​ടെ കാ​ർ​ബ​ൺ ഫ​ു​ട്​പ്രി​ന്റ് എ​ത്രമാ​ത്രം കു​റ​ച്ചു​വെ​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ ക്രെ​ഡി​റ്റ്. അ​താ​യി​രി​ക്ക​ണം ന​മ്മു​ടെ ബാ​ങ്ക് ബാ​ല​ൻ​സ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏ​റെ വെ​ല്ലു​വി​ളി തീ​ർ​ക്കു​ക​യാ​ണ്​ കേ​ര​ള​ത്തി​ലും. പ്ര​ള​യമ​ഴ ല​ഭി​ക്കു​ന്ന ഇ​വി​ടെ കൊ​ടും വ​ര​ൾ​ച്ച​യാ​ണ്. ഒ​രുപ​ക്ഷേ, ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട അ​ങ്ങ​യെ​പ്പോ​ലു​ള്ള​വ​ർ ഈ ​നാ​ടി​നെ എ​ങ്ങ​നെ നോ​ക്കിക്കാ​ണു​ന്നു?

ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്​ എ​ന്ന വി​ശേ​ഷ​ണം സ​ത്യ​ത്തി​ൽ, ന​മ്മു​ടെ ക​ച്ച​വ​ട ക​ണ്ണു​കൊ​ണ്ടു​ള്ള വി​ശേ​ഷ​ണ​മാ​ണ്. യ​ഥാ​ർ​ഥത്തി​ൽ ദൈ​വ​ങ്ങ​ൾ​ക്ക് ഒ​രു പ​ഞ്ഞ​വു​മി​ല്ലാ​ത്ത ഒ​രു നാ​ടാ​ണ്​ കേ​ര​ള​മെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ലെ ദൈ​വ​ങ്ങ​ളെ കൊ​ണ്ട് തൃ​പ്​​ത​ര​ല്ലെ​ന്ന്​ ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​ത്യേ​കി​ച്ച് മൂ​കാം​ബി​ക​യി​ൽനി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ താ​മ​സി​ക്കു​മ്പോ​ൾ എ​നി​ക്ക്​ പ​റ​യാ​ൻ ക​ഴി​യും, എ​ല്ലാ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​ണ് ഈ ​ക​ർ​ണാ​ട​ക​ത്തി​ലെ ദൈ​വ​ങ്ങ​ളെ തേ​ടിവ​രു​ന്ന​ത്.

ഞാ​ൻ പ​ല​പ്പോ​ഴും അ​പൂ​ർ​വ​മാ​യി എ​ന്റെ അ​ടു​ത്ത്​ വ​രു​ന്ന​വ​രോ​ട്​ ചോ​ദി​ക്കാ​റു​​ണ്ട്, എ​ന്തേ, കേ​ര​ള​ത്തി​ലെ ഭ​ഗ​വ​തി​മാ​ർ​ക്കും ഭ​ഗ​വാ​ൻ​മാ​ർ​ക്കും ശ​ക്തി ക്ഷ​യി​ച്ചുപോ​യോ​യെ​ന്ന്. ഇ​വി​ടത്തെ ദൈ​വ​ങ്ങ​ളു​ടെ ശ​ക്തി​ ക്ഷ​യി​പ്പി​ക്കാ​നാ​ണോ ഇ​ങ്ങോ​ട്ട് വ​രു​ന്ന​തെ​ന്ന്​ ഗൗ​ര​വ​മാ​യിത്ത​ന്നെ ചോ​ദി​ക്കാ​റു​ണ്ട്.

ദൈ​വം എ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​കാ​ത്ത​വ​ർ അ​വി​ടത്തെ പു​രോ​ഹി​ത​െ​ന്‍റ​ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ 1000ത്തി​ന്റെ​യും 2000ത്തി​ന്റെ​യു​ം നോ​ട്ടു​ക​ൾ ഇ​ടു​മ്പോ​ൾ ആ ​ദൈ​വ​ങ്ങ​ൾ ഇ​തു വ​ല്ല​തും കാ​ണു​ക​യോ കേ​ൾ​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് പോ​ലും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല. ഒ​രു ദൈ​വ​ത്തി​ന്റെ അ​ടു​ത്ത്​ പോ​കു​േ​മ്പാ​ൾ തൊ​ട്ട​ടു​ത്ത ദൈ​വ​മാ​ണി​തി​​നേ​ക്കാ​ൾ ശ​ക്ത​നെ​ന്ന്​ ചി​ന്തി​ക്കു​ന്ന​വ​രാ​ണ്​ ഏ​റെ​യും. ​ഇ​പ്പോ​ൾ, ക​ബീ​ർ​ദാ​സ്​ പ​റ​ഞ്ഞ വ​രി​ക​ളാ​ണെ​നി​ക്ക്​ ഓ​ർ​മ വ​രു​ന്ന​ത്.

നീ ​ആ​രെ തേ​ടി​യാ​ണ് ഇ​ങ്ങ​നെ അ​ല​യു​ന്ന​ത്, ഞാ​ൻ നി​ന്റെ അ​ടു​ത്ത് ത​ന്നെ ഉ​ണ്ട​ല്ലോ​യെ​ന്ന്. ഇ​തി​ന്റെ പൊ​രു​ൾ മ​ന​സ്സി​ലാ​ക്കി​യാ​ൽ ആ​ളു​ക​ൾ​ക്ക്​ എ​വി​ടെ​യാ​ണോ ഇ​രി​ക്കു​ന്ന​ത്​ അ​വി​ടെ ഇ​രു​ന്ന്, അ​വ​ര​വ​രു​ടെ ആ​ത്മീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യും. ഉ​ള്ളി​ലെ ദൈ​വ​ത്തെ കാ​ണാ​ൻ ക​ഴി​യാ​തെ ദൈ​വ​ത്തി​ന്റെ ഭൂ​മി​യാ​ണ് ദേ​വ​ലോ​കം എ​ന്നൊ​ക്കെ ന​മ്മ​ൾ ധ​രി​ച്ച്​ വ​ശാ​കു​ന്നു​ണ്ടെ​ങ്കി​ൽ ക​ബീ​ർ​ദാ​സ് പ​റ​ഞ്ഞ​തു​പോ​ലെ ബാ​ക്കി ലോ​ക​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ചെ​കു​ത്താ​ന്റെ ഭൂ​മി​യാ​ണോ​?

ബാ​ക്കി​യെ​ല്ലാം ചെ​കു​ത്താന്റെ ഭൂ​മി​യാ​ക്കി മാ​റ്റു​ന്ന​ത് ന​മ്മ​ൾത​ന്നെ​യാ​ണ്. ഇ​പ്പോ​ളി​ത് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ചി​ല​രെ​ങ്കി​ലും ഇ​​​സ്രാ​യേ​ൽ ഫ​ല​സ്​​തീ​നി​ൽ ബോം​ബി​ടു​ന്ന​ത്​ ക​ളി​കാ​ണു​ന്ന​തുപോ​ലെ നോ​ക്കിനി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ, ന​മ്മു​ടെത​ന്നെ മ​നു​ഷ്യ​ത്വ​മാ​ണ് മ​രി​ച്ചുവീ​ഴു​ന്ന​ത്.

ദീ​ർ​ഘ​കാ​ല​ത്തെ എ​ഴു​ത്തും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലും പീ​റ്റ​ർ ഷ​ു​മ​ൻ അ​പ്പം ചു​ടു​ന്ന​ത്​ എ​ന്തി​ന്​ (ഒ​രു ഹ​രി​താ​ന്വേ​ഷി​യു​ടെ തി​രി​ച്ച​റി​വു​ക​ൾ) എ​ന്ന പു​സ്​​ത​ക​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യാ​ണ​ല്ലോ. ഈ ​പു​സ്​​ത​കം തേ​ടു​ന്ന വാ​യ​ന​​ക്കാ​ര​നെ കു​റി​ച്ച്​ അ​ങ്ങ​യു​െ​ട പ്ര​തീ​ക്ഷ പ​റ​യാ​മോ?

എ​​ന്റെ കൈയിലെ അ​വ​സാ​ന​ത്തെ അ​ഞ്ച് പൈ​സ​യും തീ​ർ​ന്നുപോ​യി​രു​ന്നു. അ​ന്ന്, ഞാ​ൻപോ​ലും ക​രു​തി​യ​ത​ല്ല പാ​ലി​നേ​ക്കാ​ൾ വി​ല​കൊ​ടു​ത്ത് കു​പ്പി​വെ​ള്ളം ക​ച്ച​വ​ട​ത്തി​ന്​ വെ​ക്കു​മെ​ന്ന വ​സ്തു​ത. വ​ള​രെ പ​ണ്ട് ഞാ​ൻ ഇ​ത് പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​ച്ച​വ​രി​ലൊ​രാ​ൾ, ഈ​യി​ടെ എ​ന്നെ വി​ളി​ച്ച്​ സം​സാ​രി​ച്ച​പ്പോ​ൾ അ​ന്ന്, മോ​ഹ​ൻ പ​റ​ഞ്ഞ​ത് ഇ​ത്രവേ​ഗം അ​നു​ഭ​വ​ത്തി​ൽ വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. കോ​ട്ട​ക്ക​ൽ വെ​ച്ചു​ള്ള ച​ട​ങ്ങി​ലാ​യി​രു​ന്നു ഞാ​നി​ത്​ പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹം അ​ത് മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ന​മ്മു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഉ​ത്​​ക​ണ്​​ഠ​യു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ടെ വ​ഴി​ക​ൾ തേ​ടു​ന്ന ചി​ല​ർ​ക്കെ​ങ്കി​ലും വ​ഴി​കാ​ട്ടി​യാ​കാ​വു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ഈ ​പു​സ്ത​ക​ത്തി​ലു​ണ്ടാ​വും. അ​വ​രെ​യാ​ണ് ഞാ​ൻ വാ​യ​ന​ക്കാ​രാ​യി കാ​ണു​ന്ന​ത്.

‘കാ​ർ​ഷി​ക സാ​ക്ഷ​ര​ത​യി​ലെ കാ​റ്റു​വീ​ഴ്ച’ എ​ന്ന പ്ര​യോ​ഗംത​ന്നെ മാ​ഷി​ന്റേതാ​യു​ണ്ട​ല്ലോ​​? ആ ​ലേ​ഖ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​ എ​ന്താ​ണ്​?

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നൂറുക​ണ​ക്കി​ന് ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും ശാ​സ്ത്ര​ജ്ഞ​രും കോ​ടി​ക​ളു​ടെ ബ​ജ​റ്റും ഉ​ണ്ടാ​യി​ട്ടും കൃ​ഷി​ഭൂ​മി കു​റ​യു​ക​യും കൃ​ഷി​ക്കാ​ര​ൻ ക​ട​ക്കെ​ണി​യി​ലും ആ​ത്മ​​ഹ​ത്യ​യി​ൽ ഒ​ടു​ങ്ങു​ക​യും ചെ​യ്യു​ന്ന വി​രോ​ധാ​ഭാ​സ​മാ​ണു​ള്ള​ത്. കേ​ര​ളം അ​റി​യ​പ്പെ​ടു​ന്ന​ത്​ തെ​ങ്ങു​ക​ളു​ടെ നാ​ടെ​ന്നാ​ണ്. തെ​ങ്ങു​ക​ൾ​ക്കു​ണ്ടാ​യ കാ​റ്റു​വീ​ഴ്ച എ​ന്ന രോ​ഗം ത​ട​യാ​നോ പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നോ ക​ഴി​യാ​തി​രു​ന്ന കാ​ല​ത്താ​ണ് ക​വി അ​യ്യ​പ്പപ്പ​ണി​ക്ക​ർ ‘‘കാ​ർ​ഷി​ക ഗ​വേ​ഷ​ണ ക​ശ​പി​ശ​യി​ൽ വാ​ടാ​ത്ത കാ​റ്റു വീ​ഴാ കേ​ര​വൃ​ക്ഷ​മെ​വി​ടെ​ന്റെ മ​ക്ക​ളെ​’’ എ​ന്ന്​ വി​ല​പി​ച്ച​ത്.

ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യി​ലും മ​റ്റും ഇ​രി​ക്കു​ന്ന​വ​ർ പ​ട​ച്ചു​വി​ടു​ന്ന സാ​ഹി​ത്യ​ങ്ങ​ൾ പ​ല​തും ക​ർ​ഷ​ക​രെ​ന്നാ​ൽ ഒ​രു സാ​മാ​ന്യ​ബു​ദ്ധി​യും ഇ​ല്ലാ​ത്ത നി​ര​ക്ഷ​ര​രും മ​റ്റു​മാ​ണെ​ന്ന​ ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണ്. അ​വ​ർ, ശിപാ​ർ​ശ ചെ​യ്യു​ന്ന​ത് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ക​മ്പ​നി​ക​ളു​ടെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളു​മാ​ണ്. ഇ​ത് ഉ​​പ​യോ​ഗി​ക്കാ​ൻ,​ കൃ​ഷി​ക്കാ​രെ പ്രേ​രി​പ്പി​ക്കാ​ൻവേ​ണ്ടി ചെ​യ്യു​ന്ന സാ​ഹി​ത്യം അ​വ​രെത​ന്നെ നോ​ക്കി കൊ​ഞ്ഞ​നംകാ​ട്ടു​ന്ന​ത് അ​വ​ർ അ​റി​യു​ന്നി​ല്ല.

‘പ്ര​കൃ​തിസ്​​നേ​ഹി​ക​ൾ ഒ​റ്റു​കാ​രു​ടെ​ റോ​ളി​ൽ’ എ​ന്ന ലേ​ഖ​നം എ​ഴു​താ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കാ​മോ?

പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​ന്ന്​ ഞെ​ളി​യു​ന്ന പ​ല​ർ​ക്കും ആ​ദി​വാ​സി എ​ന്ന് കേ​ട്ടാ​ൽ ക​ലി​വ​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ത​ല​മു​റ​ക​ളാ​യി കാ​ട്ടി​ൽ കൃ​ഷി​യും വേ​ട്ട​യാ​ട​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന, കാ​ടി​ന്റെ കാ​വ​ലാ​ളു​ക​ളാ​യി​രു​ന്ന ആ​ദി​വാ​സി​ക​ളെ കാ​ട്ടി​ൽനി​ന്നി​റ​ക്കിവി​ട്ട​ത്​ പ​ല​​ത​രം വ​നം കൈയേറ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കു​ടി​യേ​റ്റ​ക്കാ​ർ, വ​നം​ വ​കു​പ്പു​കാ​ർ, വ​ൻ​കി​ട തോ​ട്ട​മു​ട​മ​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം ഇ​തി​ൽ പ​ങ്കു​ണ്ട്. മ​റ്റെ​ല്ലാ​യി​ട​ത്തും എ​ന്ന​തു​പോ​ലെ വ​യ​നാ​ട്ടി​ലെ​യും മ​ഴ​ക്കാ​ടു​ക​ൾ കൂ​പ്പ്​ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ വെ​ട്ടി ചു​ര​മി​റ​ക്കി ക​ട​ത്തി​യ ഇ​ടം സ​ഹ​സ്രാ​ബ്ദ​ങ്ങ​ളാ​യി ആ​ദി​വാ​സി​ക​ൾ നെ​ല്ലും മ​റ്റു ഭ​ക്ഷ്യവി​ള​ക​ളും കൃ​ഷിചെ​യ്ത് ഉ​പ​ജീ​വ​നം ക​ഴി​ച്ചി​രു​ന്ന ഭൂ​മി​യാ​ണ്. അ​വി​ടെ യൂ​ക്കാ​ലി തോ​ട്ട​ങ്ങ​ൾ ​െവ​ച്ചു​പി​ടി​പ്പി​ച്ച​ത് മാ​വൂ​രി​ൽ ബി​ർ​ള​യു​ടെ ക​മ്പ​നി​ക്കു​വേ​ണ്ടി​യാ​ണ്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട യ​ന്ത്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്​ വ​ൻ ലാ​ഭം കീ​ശ​യി​ലാ​ക്കി ബി​ർ​ള പോ​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച വ​ര​ണ്ട മു​ൾ​​ക്കാ​ട്ടി​ൽ കു​ടി​ൽ​കെ​ട്ടി ജീ​വി​ക്കാൻ പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ അ​ത് കാ​ട്​ കൈയേ​റ്റ​മാ​യി വ്യാ​ഖ്യാ​നി​ച്ച്​ അ​വ​രെ ഇ​റ​ക്കി​വി​ടാ​നും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വെ​ടി​വെ​പ്പി​നും മ​റ്റും കാ​ര​ണ​ക്കാ​രാ​യ​ത്​​ വ​യ​നാ​ട്ടി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ഉ​ണ്ടാ​യി​രു​ന്ന ചി​ല പ്ര​കൃ​തിസം​ര​ക്ഷ​ണ വാ​ദി​ക​ളു​ടെ ഇ​ട​പെ​ട​ലാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ളെ ഭീ​ക​ര​മാ​യി മ​ർ​ദി​ക്കു​േ​മ്പാ​ഴും വെ​ടിവെ​ക്കു​മ്പോ​ഴും ക​ണ്ടും​കേ​ട്ടും ര​സി​ച്ച​വ​രെ പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​ന്ന് പ​റ​യാൻ ക​ഴി​യി​ല്ല. കാ​ര​ണം, ആ​ദി​വാ​സി​ക​ൾ ഒ​ഴി​വാ​യ വ​നം ​വ​​ന​മേ​യ​ല്ല.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ഹിം​സാത്മ​ക​മാ​യ സ​മ​രം ന​ട​ത്തി, ആ ​​സ​മ​ര​ത്തെ​യും പ​തി​വു​പോ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​ള്ള​യാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി കെ​ടു​ത്തി​ക്ക​ള​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തെ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തി​യ ഒ​രാ​ള​ാണ​ല്ലോ, ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യ സ​മ​ര​മാ​യി​രു​ന്നോ അ​ത്​?

ക​ർ​ഷ​കസ​മ​ര​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ വ്യാ​പ​ക​മാ​യി ച​ർ​ച്ചചെ​യ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. ഗാ​ട്ട് ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ് മൂ​ന്നാംലോ​ക​ കൃ​ഷി​ക്കാ​രു​ടെ ന​​ട്ടെ​ല്ല്​ ഒ​ടി​ച്ച​ത്. അ​ന്ന​ത്തെ ക​രാ​റു​ക​ൾ നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം കൃ​ഷി​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​റ്റ്​ ശ​ക്തി​ക​ൾ കാ​ർ​ഷി​കമേ​ഖ​ല ആ​ഗോ​ള​ത​ല​ത്തി​ൽത​ന്നെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലേ​ക്ക് ഗാ​ട്ട്​ ക​രാ​റി​ലൂ​ടെ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ സ​മ്പ​ന്ന കൃ​ഷി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം മ​റ്റി​ട​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ​യാ​ർ​ജി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പാ​തി​വെ​ന്ത നി​ല​പാ​ടു​ക​ൾ സ​മ​ര​ത്തെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ന്റെ ഭ​ര​ണ​കാ​ല​ത്താ​ണ് ഗാ​ട്ട് ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. അ​ന്ന്, അ​തി​നെ​തി​രെ ക​ർ​ഷ​ക​ർ ബോ​ധ​വാ​ന്മാ​രായി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഈ ​സ​മ​രം വേ​ണ്ടിവ​രി​ല്ലാ​യി​രു​ന്നു. അ​ടി​മു​ടി കോ​ർ​പ​റേ​റ്റ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു സ​ർ​ക്കാ​റി​ൽ​നി​ന്നും ക​ർ​ഷ​ക​രി​ലെ ഒ​രു​വി​ഭാ​ഗം മാ​ത്രം ന​ട​ത്തി​യ സ​മ​ര​ത്തി​ന് കാ​ര്യ​മാ​യ നേ​ട്ടം ഒ​ന്നു​മു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നുത​ന്നെ​യാ​യി​രു​ന്നു എ​ന്റെ വി​ശ്വാ​സം.

വാ​ക്കും പ്ര​വൃ​ത്തി​യും ചേ​ർ​ന്നു പോ​ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ചൊ​രാ​ളാ​ണ് താങ്കൾ. സ്വ​ന്തം ജീ​വി​ത​ത്തി​ൽ ഇ​തി​നാ​യി ഏ​റെ ത്യ​ജി​ക്കേ​ണ്ടിവ​ന്നൊ​രാ​ളു​മാ​ണ്, ജീ​വി​ത​ത്തെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

വാ​ക്കും പ്ര​വ​ൃ​ത്തി​യും പൊ​രു​ത്ത​പ്പെ​ട്ടു കൊ​ണ്ടു​പോ​വു​ക എ​ന്നു പ​റ​യു​ന്ന​താ​ണ് ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​വൃ​ത്തി. പ്ര​ത്യേ​കി​ച്ച് ഒ​രാ​ൾ കു​ടും​ബ​ത്തിന്റെ ഭാ​ഗ​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണെ​ങ്കി​ൽ, സ്വ​ന്ത​മാ​യി സ്വ​ത്ത് നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ, ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നു വി​ധേ​യ​നാ​യി​ട്ടാ​ണ് ക​ഴി​യു​ന്ന​തെ​ങ്കി​ൽ അ​തി​ക​ഠി​ന​മാ​യി​ട്ടു​ള്ള ഒ​രു നൂ​ൽ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യി​രി​ക്കും. സ്വ​യം എ​ത്ര ആ​ദ​ർ​ശ​വാ​നാ​യാ​ലും കു​ടും​ബ​ത്തി​നു​വേ​ണ്ടി ചി​ല​പ്പോ​ൾ, അ​യാ​ളു​ടെ വി​ശ്വാ​സ​ത്തി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ടിവ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​വും. ഇ​തൊ​രു വ​ലി​യ പ്ര​ശ്ന​മാ​ണ്. കു​ടും​ബ​വും സ്വ​ത്തും സ​മ്പാ​ദ്യ​വും ഒ​ക്കെ ഇ​ല്ലാ​താ​വു​മ്പോ​ൾ ന​മ്മ​ൾ കു​റ​ച്ചൂ​ടെ ധീ​ര​രാ​വു​ക​യാ​ണ്​ ചെ​യ്യു​ക.

മ​സ​നോ​ബു ഫു​ക്കു​വോ​ക്ക​

ന​മു​ക്ക്​ ന​ഷ്ട​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. ന​മ്മ​ൾ​ക്ക്​ ക​ള്ള​ത്ത​ര​ങ്ങ​ൾ കാ​ണി​ക്കേ​ണ്ടിവ​രു​ന്നി​ല്ല. ആ​ദ​ർ​ശ​ ശു​ദ്ധി​​യോ​ടെ പോ​കു​ന്ന ആ​ളു​ക​ൾ​ക്ക്​​ എ​ന്തെ​ങ്കി​ലും ചെ​റി​യ ക​ള​വ്​ കാ​ണി​ക്കേ​ണ്ടിവ​ന്നാ​ൽ അ​തേ കു​റി​ച്ചു​ള്ള കു​റ്റ​ബോ​ധ​ത്തി​ലാ​യി​രി​ക്കും ശേ​ഷ​കാ​ലം ക​ഴി​യേ​ണ്ടി​വ​രുക. അ​പ്പോ​ൾ വാ​ക്കും പ്ര​വ​ൃത്തി​യും ഒ​ന്നി​ച്ചുകൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ അ​താ​ണ് ഏ​റ്റ​വും ക​ഠി​ന​മാ​യ ഒ​രു അ​വ​സ്ഥ.

അ​ത്, ക​ഴി​യു​മ്പോ​ൾ മാ​ത്ര​മേ ന​മു​ക്ക്​ സു​ഖം ല​ഭി​ക്കു​ക​യു​ള്ളൂ. ധീ​ര​രാ​കാ​ൻ പ​റ്റു​ക​യു​ള്ളൂ. ഗാ​ന്ധി​ജി അ​ടി​മു​ടി സ​ത്യ​സ​ന്ധ​ത പാ​ലി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ത​ന്റെ നി​ല​പാ​ടു​ക​ളി​ൽ ധൈ​ര്യ​പൂ​ർ​വം നി​ലനി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. സ​ത്യ​സ​ന്ധ​ത എ​ന്നു പ​റ​യു​ന്ന​ത് ത​ന്നെ​യാ​ണ് വാ​ക്കും പ്ര​വൃ​ത്തി​യും പൊ​രു​ത്ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട​ു​ പോ​വു​ക എ​ന്നാ​ൽ. സ്വ​ന്തം മ​നഃ​സാ​ക്ഷി പ​ണ​യ​പ്പെ​ടു​ത്താ​തെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ​?

ഒ​രു​പാ​ട് ഇ​ട​പാ​ടു​ക​ളി​ല്ലാ​തെ ഒ​തു​ങ്ങിക്ക​ഴി​യു​മ്പോ​ൾ കു​റ​ച്ചു​കൂ​ടി ലാ​ഘ​വ​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. അ​ത് എ​ന്തെ​ങ്കി​ലും ത്യജി​ക്ക​ല​ല്ല. അ​ങ്ങ​നെ ജീ​വി​ക്ക​ണം എ​ന്ന നി​ല​പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ്​ ന​മ്മ​ൾ ആ ​ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന​ത്.

ഇപ്പോഴത്തെ ഏ​കാ​ന്ത ജീ​വി​ത​ത്തെക്കു​റി​ച്ച് എന്താണ്​ പറയുക?

പ​ത്തു വ​ർ​ഷ​ക്കാ​ല​മാ​യി​ ഏ​റ​ക്കു​റെ ഏ​കാ​ന്ത​മാ​യ ഒ​ര​വ​സ്ഥയി​ലാ​ണ്​ ഞാ​ൻ. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ഞാ​ൻ എ​ന്നോ​ടുത​​ന്നെ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ല​ത്തെ​ക്കാ​ൾ കു​റ​ച്ചു​കൂ​ടി പ​ക്വ​ത​യു​ള്ള, ഇ​ന്ന​ത്തേ​തി​നേ​ക്കാ​ൾ കു​റ​ച്ചു​കൂ​ടെ വ​യ​ല​ൻ​സ് കു​റ​വു​ള്ള, ഇ​ന്ന​ല​ത്തേ​തി​നേ​ക്കാ​ൾ അ​ഹിം​സാ​ത്മക​മാ​യ എ​ന്നെ എ​ങ്ങ​നെ സൃ​ഷ്ടി​ക്കാം, എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രീ​ക്ഷ​ണ​മാ​ണ് ഞാ​ൻ ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. വേ​റെ ഒ​ന്നും ആ​യി​രു​ന്നി​ല്ല. ആ ​കാ​ര്യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി പ​ക്വ​മാ​കു​ന്നു​ണ്ട്​ എ​ന്നാ​ണ്​ എ​ന്റെ വി​ല​യി​രു​ത്ത​ൽ.

എ​ന്റെ ദു​ശ്ശാ​ഠ്യ​ത്തി​ൽനി​ന്ന്, കോ​പ​ത്തി​ൽനി​ന്ന്, താ​പ​ത്തി​ൽനി​ന്ന്, ധൈ​ര്യ​മി​ല്ലാ​യ്മ​യി​ൽനി​ന്ന് ഒ​ക്കെ ഒ​രു പ​രി​ധി​വ​രെ മോ​ച​നം കി​ട്ടു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​ഏ​കാ​ന്ത​ത​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ, ഒ​രു പ്ര​ശ്​​നം ഈ ​ചു​റ്റു​പാ​ടി​നെ എ​ല്ലാം വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണം. ഇ​വി​ടെ​യു​ള്ള രാ​ജ​വെ​മ്പാ​ല​യെ, ക​ടു​വ​യെ, പു​ലി​യെ, മ​നു​ഷ്യ​രെയൊ​ക്കെ വി​ശ്വ​സി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ എ​നി​ക്കി​വി​ടെ വ​സി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​ല്ലാ​തെ ഒ​റ്റ​ക്ക് എ​നി​ക്കി​വി​ടെ ക​ഴി​യാ​ൻ പ​റ്റി​ല്ല​ല്ലോ. അ​ങ്ങ​നെ നോ​ക്കു​േ​മ്പാ​ൾ, ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ണ്. ഞാ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ വ​ലി​യ യു​ദ്ധ​ത്തെ​യാ​ണ്​ ജ​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തെ വി​ല​യി​രു​ത്തു​േ​മ്പാ​ൾ ഞാ​ൻ വ​ലി​യ ആ​ർ​ഭാ​ട​​മോ സ്വ​ത്തോ വാ​ഹ​ന​ങ്ങ​ളോ പേ​രോ, പ്ര​ശ​സ്​​തി​യോ ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും എ​ന്നെ ത​ന്നെ മാ​റ്റി​ത്തീ​ർ​ക്കു​ന്ന യു​ദ്ധ​ത്തി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന്​ എ​നി​ക്ക്​ ഉ​റ​പ്പു​ണ്ട്. എ​നി​ക്ക​തി​ൽ സം​തൃ​പ്​​തി​യു​ണ്ട്. നി​രാ​ശ​ക​ളൊ​ന്നു​മി​ല്ല. എ​നി​ക്ക്​ എ​ന്നോ​ട്​ ത​ന്നെ അ​ഭി​മാ​നം തോ​ന്നു​ന്നു​ണ്ട്. ഇ​ന്നും ഇ​ന്ന​ല​ത്തെ​ക്കാ​ളും കു​റ​ച്ചു​കൂ​ടി ന​ന്മ​യു​ടെ വ​ഴി​ക​ൾ തെ​ളി​ഞ്ഞുവ​ര​ട്ടെ.

(ചിത്രങ്ങൾ: അ​നീ​ഷ്​ തോ​ട​ന്നൂ​ർ)

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.