എഴുത്തുകുത്ത്​

ലോകത്തെ ആര് രക്ഷിക്കും?

‘ഇലോൺ മസ്ക് എന്ന ബിഗ് ബ്ലാസ്റ്റർ’ എന്ന തലക്കെട്ടിൽ സുൽഹഫ് എഴുതിയ ലേഖനം (ലക്കം: 1405) വായിച്ചു. അമേരിക്കയിലെ ഭരണമാറ്റം ഡെമോക്രാറ്റുകളിൽനിന്ന് റിപ്പബ്ലിക്കിലേക്കല്ല എന്നും അണിയറയിൽ കൂടുതൽ ഗൂഢമായ മറ്റു രാഷ്ട്രീയ കളികൾ അരങ്ങേറുന്നുവെന്നും ലേഖനം കൃത്യമായി സമർഥിച്ചു. അക്കൂട്ടത്തിൽ ഏറ്റവും അപകടകരമായ കളിയാണ് ട്രംപ്-മസ്ക് കൂട്ടുകെട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം.

അമേരിക്കൻ രാഷ്ട്രീയത്തിലും അതുവഴി ലോകഭരണക്രമത്തിലും മസ്ക് എന്ന ടെക് ജയന്റ് ഇടപെടുന്നതെങ്ങനെയെന്ന് ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നു. നാസ എന്ന ഗവേഷണ സ്ഥാപനത്തെ കേവലം അമേരിക്കയു​ടേതായി ആരും കണക്കാക്കിയിരുന്നില്ല. അത് ലോകത്തിന്റെ പൊതുസ്വത്ത് എന്ന നിലയിലായിരുന്നു എണ്ണപ്പെട്ടിരുന്നത്. കാരണം, ശാസ്ത്രലോകത്തിന് അത്രമേൽ സംഭാവനകളർപ്പിച്ചിട്ടുണ്ട് ആ സ്ഥാപനം. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചതും ചൊവ്വാപര്യവേക്ഷണം സാധ്യമാക്കിയതും ആകാശത്തൊരു നിലയം സ്ഥാപിച്ചതുമെല്ലാം കേവലം കൗതുകങ്ങളായിരുന്നില്ല; പ്രപഞ്ചവിജ്ഞാനീയത്തെ പ്രപഞ്ചത്തോളം വിശാലമാക്കുന്നതിൽ ആ ദൗത്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല. പുതുയുഗത്തിൽ നാസക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനുള്ള തയാറെടുപ്പുകൾക്ക് അത്രത്തോളം പ്രഗല്ഭരായ ആളുകളുടെ നേതൃത്വം നാസക്ക് ആവശ്യമുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് മസ്ക് ആ മഹത്തായ സ്ഥാപനം പിടിച്ചെടുത്തിരിക്കുന്നത്. എന്തൊരു ദുരന്തമാണിത്? ട്രംപി​ന്റെ രണ്ടാം വരവ് മസ്കിന്റെ രാഷ്ട്രീയ പ്രവേശംകൂടിയാണ്. ഇരുവരുടെയും ആശയധാര ഒന്നുതന്നെ. അതിന്റെ ആധാരശില വംശീയതയാണ്. അതുകൊണ്ടുതന്നെ, വംശീയതയിലധിഷ്ഠിതമായൊരു ലോക​​ക്രമത്തിനായിരിക്കും അവർ ശ്രമിക്കുക. ഭരണത്തിന്റെ ആദ്യനാളുകളിൽത​ന്നെ അതിന്റെ ആദ്യ നടപടികൾക്ക് തുടക്കംകുറിച്ചിരിക്കുന്നു. അഭയാർഥി പ്രവാഹത്തിന്റെ പുതിയ വാർത്തകളാണ് അമേരിക്കയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകത്തെ ആര് രക്ഷിക്കും?

അരുൺകുമാർ എസ്.എച്ച്, തിരുവനന്തപുരം

അങ്കിൾ സാമി​ന്റെ ലോകം

‘ട്രംപിന്‍റെ വരും കാലം, ലോകം’ എന്ന ശീർഷകത്തിൽ കെ.എം. സീതി എഴുതിയ ലേഖനം (ലക്കം: 1405) വിജ്ഞാനപ്രദമായി –അമേരിക്കന്‍ രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഈ ലേഖനം പറഞ്ഞുതരുന്നു. അധികാരത്തിന്‍റെ ഹുങ്കും പണത്തിന്‍റെ ധാര്‍ഷ്ട്യവും നിറഞ്ഞ ഒരു ഭരണാധികാരി അപക്വമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉത്സുകനാകുമ്പോള്‍ സംഭവിച്ചേക്കാവുന്ന അനിശ്ചിതത്വങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. രണ്ടാമൂഴ സ്ഥാനാരോഹണത്തിനു മുമ്പുതന്നെ ഗ്രീന്‍ലൻഡും കാനഡയും അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള അദ്ദേഹത്തി​ന്റെ വ്യഗ്രത കാണുമ്പോൾ ചിരി വരുന്നു. നൂറായിരം പ്രശ്നങ്ങൾക്കിടയിൽ കിടന്ന് ലോകം ഊർധ്വൻ വലിക്കുമ്പോൾ, ഇത്തരം നിരുത്തരവാദപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഭരണം അദ്ദേഹത്തിനൊരു കുട്ടിക്കളിയാണോന്ന് സംശയം തോന്നാം.

കേവലം എട്ടു വയസ്സുള്ളപ്പോൾ ത​ന്റെ പിതാവിനാൽ കോടീശ്വരനാക്കപ്പെട്ട വ്യക്തിയാണദ്ദേഹം. അന്നത്തെ 400ഓളം മില്യൺ വളർന്നിപ്പോള്‍ ഏകദേശം 6.7 ബില്യണ്‍ ഡോളറായി മാറിക്കഴിഞ്ഞു.

(ഒരു ബില്യണ്‍ എന്നാല്‍ 1000 മില്യണും, ഒരു മില്യണ്‍ 10 ലക്ഷവും, ഒരു ഡോളര്‍ ഏകദേശം 80 രൂപയും ആകുമ്പോള്‍ ആ സമ്പത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാം). അങ്ങനെയുള്ള ഒരാള്‍ക്ക് അമേരിക്കന്‍ ഭരണമെന്നല്ല, ഈ ദുനിയാവിലെ എന്തും നിഷ്പ്രയാസം നേടിയെടുക്കാം. അതുകൊണ്ട് ഈ രണ്ടാമൂഴം അ​േമരിക്കയെ ഉയര്‍ത്താനല്ല; തന്‍റെ കുമ്പ വീര്‍പ്പിക്കാനല്ലെന്നു ആരു കണ്ടു? ഈ സമ്പത്തിന് സർക്കാറിലേക്ക് ഒടുക്കേണ്ട നികുതിപ്പണമൊക്കെ വെള്ളത്തിൽ വരച്ച വരപോലെയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട് അമേരിക്കയില്‍. ചിലര്‍ കോടതിയില്‍ പോയെങ്കിലും ഒരു ചുക്കും നടന്നില്ല. പണത്തിന്‍റെ ഹുങ്കിനോടൊപ്പം, കൊമ്പുകുലുക്കുന്ന ധാര്‍ഷ്ട്യംകൂടി ചേർന്നപ്പോഴാണ് ചങ്ങാതി ഗ്രീന്‍ലൻഡും കാനഡയും അമേരിക്കൻ ഐക്യനാടുകളോട് കൂട്ടിച്ചേര്‍ക്കണമെന്ന ത​ന്റെ ആശയം മുന്നോട്ടുവെച്ചത്. ഒരുപക്ഷേ, ലോക സമാധാനത്തിന്‍റെ കടക്കല്‍ കോടാലിവെച്ചുകൊണ്ട് ഈ രണ്ടാമൂഴത്തില്‍ അത് നടക്കില്ലാന്ന് ആരു കണ്ടു? കുടിയേറ്റക്കാരാണ് അമേരിക്കയുടെ ശാപം എന്ന് നാഴികക്ക് നാൽപതുവട്ടം വിളിച്ചുപറയുന്ന ട്രംപ് തന്‍റെ പൂര്‍വികര്‍ ആരാണെന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

ട്രംപിന്റെ ഭരണം അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമ്പോള്‍ ഇസ്രായേലിന് ആശ്വസിക്കാൻ വകനൽകുന്നു. ‘അങ്കിള്‍ സാം’ അവരെ സംരക്ഷിച്ചുകൊള്ളും. ഈ സംഘർഷഭരിതമായ ലോകത്തിരുന്ന് ബോംബുകള്‍ ഉരുട്ടിക്കളിക്കുന്ന ഒരു കുട്ടിയെയാണ് ട്രംപിലൂടെ ഞാന്‍ കാണുന്നത്.

സണ്ണി ജോസഫ്‌, മാള

മാലിന്യവിഷയം ലഘൂകരിക്കരുത്

ഭിന്നശേഷി രാഷ്ട്രീയം സംബന്ധിച്ച് സുഭാഷ് കബീര്‍ വി.കെ ആഴ്ചപ്പതിപ്പില്‍ എഴുതിയ കത്ത് വായിച്ചു. ഭിന്നശേഷിക്കാരുടെ നിസ്സഹായാവസ്ഥ തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. കെട്ടിടങ്ങളും മറ്റും രൂപകല്‍പന ചെയ്യുമ്പോള്‍ ഭിന്നശേഷിക്കാരെ കണക്കിലെടുക്കേണ്ടതാണെന്ന് നിര്‍ദേശങ്ങള്‍ ഉള്ളതാണ്. അത് ലംഘിക്കപ്പെടുമ്പോള്‍ ഭിന്നശേഷി കമീഷനടക്കം അതില്‍ നടപടി സ്വീകരിക്കാവുന്നതാണ്, സ്വീകരിക്കേണ്ടതാണ്.

എന്നാല്‍ ‘‘ഒരു വേസ്റ്റ് കുഴി എടുക്കുന്നതിനുള്ള പ്രാധാന്യംപോലും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ എടുക്കുന്നില്ലെന്ന്’’ അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.

ഭിന്നശേഷിക്കാരുടെ പ്രശ്ന അവതരണമെന്നതിലുപരി മാലിന്യ വിഷയത്തെ അദ്ദേഹം വളരെയേറെ ലഘൂകരിച്ചു കണ്ടു എന്നതാണ് സത്യം. മാലിന്യ നിര്‍മാർജനവും ഒട്ടും പിന്നില്‍ നില്‍ക്കേണ്ട ഒന്നല്ല.

കേരളം ഒന്നല്ല, ഒരായിരം ബ്രഹ്മപുരത്തിന്റെ ഭീഷണിയിലാണ്. ആര്‍ക്കും ഒഴിവാക്കാനാവാത്തതും എന്നാല്‍ എല്ലാവരും കൈയൊഴിയുന്നതും മാലിന്യത്തെയാണ്. മറ്റു കാര്യങ്ങളിലുള്ള പുരോഗമന ചിന്ത മാലിന്യ നിര്‍മാര്‍ജനത്തിലും നമ്മള്‍ കാട്ടിയില്ലെങ്കില്‍ നമ്മുടെ ഗതി എന്താകുമെന്ന് ഊഹിക്കാന്‍പോലും കഴിയില്ല.

ബാബു കെ.ജി, ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല കോഓഡിനേറ്റര്‍, ശുചിത്വ മിഷന്‍, ആലപ്പുഴ

ഒാർമയിലെ ഋതുഭേദങ്ങൾ

അഡ്വ. കാളീശ്വരം രാജ്​ 30 ലക്കങ്ങളിലായി എഴുതിയ ആത്മകഥ ‘ഒാർമയിലെ ഋതുഭേദങ്ങൾ’ ഒന്നൊഴിയാതെ എല്ലാം വായിച്ചു. ഭരണഘടനയോട്​ പ്രതിജ്ഞാബദ്ധമായ, നീതിയിൽ അടിയുറച്ച, സാമൂഹിക ​ക്ഷേമത്തിൽ മുഴുകിയ അഭിഭാഷകനും നിയമജ്ഞനുമാണ്​ അദ്ദേഹം. ഇന്ത്യൻ ജുഡീഷ്യറിയെപ്പറ്റി പല തരം ഉൾക്കാഴ്​ച പകർന്നു നൽകി ആ ജീവിതമെഴുത്ത്​. ‘ഓർമയിലെ ഋതുഭേദങ്ങൾ’ അദ്ദേഹം അവസാനിപ്പിച്ച രീതി കാവ്യാത്മകമായി തോന്നി. ഒരഭിഭാഷക​ന്റെ ആത്മകഥ ആദ്യമായാണ്​ ആഴ്​ചപ്പതിപ്പ്​ പ്രസിദ്ധീകരിക്കുന്നത്​ എന്ന്​ തോന്നുന്നു. സമൂഹത്തി​ന്റെ വ്യത്യസ്​ത വഴികളെ രേഖപ്പെടുത്തുന്ന ഇത്തരം വ്യത്യസ്​തമായ ജീവിതകഥകൾ പ്രസിദ്ധീകരിക്കുന്നത്​ തുടരണമെന്ന്​ അഭ്യർ​ഥിക്കുന്നു.

ഷൈമ വി.എം, തൊടുപുഴ

കവിത കൂടുന്നോ?

മാധ്യമം ആഴ്ചപ്പതിപ്പില്‍ കവിത കൂടുന്നുണ്ടോ എന്ന് സംശയം. മറ്റൊരു മാസികയിലും ഇത്രയും കവിത അച്ചടിച്ചുവരുന്നതായി കാണാറില്ല. മാധ്യമം എപ്പോഴും പുതിയ എഴുത്തുകാര്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് കവിത തിരഞ്ഞെടുക്കുന്നത് എന്നും അറിയാം. പല കവിതകളും വരികളുടെയും പ്രമേയത്തിന്റെയും കരുത്തുകൊണ്ട് ശ്രദ്ധേയമാണ്. എന്നാല്‍, കവിത കൂടുന്നതായി തോന്നുന്നു. ചില ലക്കങ്ങളില്‍ മൊഴിമാറ്റ കവിതകള്‍ കൂടി വരുമ്പോള്‍ ഏകദേശം 10 പേജുകള്‍ വരെ കവിതക്കായി പോകുന്നു. കവിതകളോടുള്ള ഈ കത്ത് എഴുതുന്നയാളുടെ താല്‍പര്യമില്ലായ്മയാകും കവിത കൂടുതലായി തോന്നുന്നതിന് പിന്നില്‍. എന്നാലും എന്റെ സംശയം ചോദിക്കാമെന്നുതന്നെ കരുതി.

പി.വി. രാധാകൃഷ്ണന്‍ നായര്‍, ആലപ്പുഴ

ഗൃഹാതുരതയുണർത്തിയ ‘ഒരു ദിവസം’

ഒരിക്കൽപോലും കണ്ടിട്ടില്ല; ഒരിക്കലും വരില്ലെന്നും അറിയാം. എങ്കിലും വടക്കു ദിക്കിൽനിന്നും ബസ് കയറി കാതങ്ങൾ താണ്ടി തെക്കുദേശത്തേക്കു വരുന്ന കാമുകിയെ കാത്തിരിക്കുകയാണ് കാമുകൻ. ബിജോയ് ചന്ദ്രന്റെ കവിത ‘ഒരു ദിവസം’ (ലക്കം: 1404) പതിവു കവിതപോലെ കവി ‘പ്രണയ’ത്തിൽനിന്നും മോചിതനല്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നുവെങ്കിലും വായനക്കാരിൽ വൈകാരികമായ ഒരടുപ്പം ജനിപ്പിക്കുന്ന ഒന്ന് ആ കവിതയിലുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. അത് മറ്റൊന്നുമല്ല, ഗൃഹാതുരതയോടെ നാം മനസ്സിൽ കൊണ്ടു നടക്കുന്ന കുറെ വളപ്പൊട്ടുകളാണവ. മണ്ണിര കൊരുത്ത് ചൂണ്ടയിട്ട് നാടൻ കുറുവ പിടിക്കുന്നതും പിടിച്ച മീനുകൊണ്ട് പുളിയില അരച്ച് ഇലയിൽ പരത്തി ഓട്ടു കലത്തിൽ ചുട്ടെടുത്ത് അത്താഴത്തിന് കൂട്ടുന്നതും ചായപ്പീടികയിൽ കയറി കട്ടൻചായക്കൊപ്പം പരിപ്പുവട പങ്കിടുന്നതും ആമ്പക്കാടൻ കപ്പ ചെണ്ടമുറിയനായി പുഴുങ്ങി മുളകു ചമ്മന്തികൂട്ടി തിന്നുന്നതും (വായിൽ വെള്ളമൂറുന്നു) എല്ലാം ആ വളപ്പൊട്ടുകളിൽ ചിലതു മാത്രം. വരാത്ത കാമുകിക്കു വേണ്ടി കാമുകൻ തനി നാട്ടിൻപുറത്തെ വിഭവങ്ങൾ ഒരുക്കി മനോരഥമുരുട്ടുമ്പോൾ വായനക്കാരും ആ കാമുകനൊപ്പം അല്ലെങ്കിൽ കവിക്കൊപ്പം അറിയാതെ കൂടെച്ചേരും.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.