മൃഗശാല

പിന്നോട്ടു പിന്നോട്ടേക്കു

തെന്നുമ്പോൾ പേടിപ്പൂ ഞാൻ

എന്നിലെ മൃഗത്തെയി-

ന്നെവിടെയൊളിപ്പിക്കും?!

പുറമേ മൃദുഭാവ-

ചാരുവായ് ചരിക്കുവാൻ

പലനാൾ ശ്രമിച്ചാലും

പിന്നെയും ക്രൗര്യാവേശാൽ

മുന്നിൽ നീളുന്നുണ്ടതിൻ

ദംഷ്ട്രകൾ, നഖങ്ങളും

കണ്ണിലിറ്റുവാൻ രക്ത-

ച്ചോപ്പുമായവൻ നിൽപ്പൂ!

മുരണ്ടും തിരഞ്ഞുമൊ-

ട്ടിഴഞ്ഞും മുറിഞ്ഞുമാ

വികൃതസ്വരൂപമെ-

ന്നാഴത്തിലെഴുന്നേൽപ്പൂ.

ഹിംസയാണതിൻ വേദം

മാംസമാണതിൻ ലക്ഷ്യം

സൃഷ്ടിയല്ലത്, സംഹാ-

രത്തിന്റെ തേജോരൂപം!

ഇടയ്ക്ക് പ്രത്യക്ഷമായ്

വരുന്നു; പലകുറി,

അതിന്റെയാക്രോശങ്ങൾ

പുറത്തേക്കമറുന്നു

ഇടയ്ക്ക് വാലാട്ടുന്നൂ,

നായയായ്, യജമാന-

ഹൃദയത്തിലേക്കൊരു

നന്ദിപോൽ നിന്ദാരൂപൻ

അടുക്കളപ്പാൽപ്പാത്രം

ലക്ഷ്യമായ് വെള്ളക്കണ്ണാൽ

പതുക്കെ, പൂച്ചപ്പാദം

വയ്ക്കയാം ധർമാത്മാവായ്!

ഒക്കെയുമൊരു ഞൊടി

മാത്രമാം ക്ഷണം; മുന്നിൽ

നിർത്താതെയകത്താർക്കും

രോഷമേ നിവർത്തുന്നു.

പറക്കും ചിലനേരം

ഭാവനാ പതംഗങ്ങൾ

നിവൃത്തിയില്ലാതെയാ

ചിറകു മടക്കുന്നു

കുയിൽനാദമായ്ത്തീരാൻ

വാക്കുകൾ തൊണ്ടയ്ക്കകം

പിടഞ്ഞു തീരുന്നുള്ളി-

ന്നാഴത്തിലാത്മാലാപം.

പകയായെങ്ങും പട-

കൂട്ടുന്നു സിംഹം, പുലി,

കടുവ, ക്രൗര്യത്തിന്റെ

രൂപമാർന്നുള്ളിന്നുള്ളിൽ

അധികാരമായ് വന്നു

ചെങ്കോലു ചുഴറ്റുന്നു

അതിവേഗത്തിൻ സൈറൺ

ചുറ്റിലും മുഴക്കുന്നു!

നിത്യവും പിറകോട്ട്

നയിക്കും പരിണാമ-

സത്യമൊന്നോരാതെയാ

ഹിംസബന്ധിതാവേഗം

ചത്ത കാലത്തിൻ ജാത-

കക്കുറി നിവർത്തിയെൻ

പത്തി താഴ്ത്തിപ്പൂ, കനൽ-

ക്കാലത്തിൻ കലിയാട്ടം!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.