അവരുടെ ആദിമാരാമത്തിലെ അന്ത്യനാളുകൾ

1 സ്വർഗത്തി​ന്റെ വിരിപ്പ് കുടഞ്ഞവർ ഭൂമിയിലേക്ക് നോക്കി... പൊന്നിൻ പൊട്ട് പോലൊരു ദൂരാന്തരിത ലോകം. കാനവാഴ നനയ്ക്കുമ്പോൾ അവരുടെ ചിന്തകളിൽ ഫലകാമനകളില്ലാത്ത ഉദ്യാനങ്ങൾ... 2 സ്വർഗവാതിലിൽ നീലച്ചിറകുള്ളൊരു പക്ഷി... മയിലെന്ന് പേരിട്ടാലോ? ആദി പിതാവി​ന്റെ വാക്കുകളിൽ ആടി വിരിഞ്ഞപ്പോൾ അവളുടെ, ചുണ്ടിൽ മയിലി​ന്റെ നീല... ഭൂമിയിലപ്പോൾ തരിശി​ന്റെ മഞ്ഞ... 3 വിശുദ്ധിയുടെ പ്രഭാതം വീഞ്ഞ് പതയുന്ന നദിയിൽ നീന്തിത്തുടിക്കുമ്പോൾ കൈയെത്തും ദൂരത്ത് ഇമ ചിമ്മിയൊരു താരകം. രാത്രിനൃത്തത്തിനൊടുവിൽ. വിലക്കപ്പെട്ട മരത്തിൽനിന്നടർന്നു വീണത്... തെറ്റുകളില്ലാത്ത ലോകത്ത് അനുസരണയുടെ...

1

സ്വർഗത്തി​ന്റെ വിരിപ്പ്

കുടഞ്ഞവർ ഭൂമിയിലേക്ക്

നോക്കി...

പൊന്നിൻ പൊട്ട് പോലൊരു

ദൂരാന്തരിത ലോകം.

കാനവാഴ നനയ്ക്കുമ്പോൾ

അവരുടെ ചിന്തകളിൽ

ഫലകാമനകളില്ലാത്ത

ഉദ്യാനങ്ങൾ...

             

2

സ്വർഗവാതിലിൽ നീലച്ചിറകുള്ളൊരു

പക്ഷി...

മയിലെന്ന് പേരിട്ടാലോ?

ആദി പിതാവി​ന്റെ വാക്കുകളിൽ

ആടി വിരിഞ്ഞപ്പോൾ അവളുടെ,

ചുണ്ടിൽ മയിലി​ന്റെ നീല...

ഭൂമിയിലപ്പോൾ തരിശി​ന്റെ മഞ്ഞ...

3

വിശുദ്ധിയുടെ പ്രഭാതം 

വീഞ്ഞ് പതയുന്ന

നദിയിൽ നീന്തിത്തുടിക്കുമ്പോൾ

കൈയെത്തും ദൂരത്ത്         

ഇമ ചിമ്മിയൊരു താരകം.

രാത്രിനൃത്തത്തിനൊടുവിൽ.

വിലക്കപ്പെട്ട

മരത്തിൽനിന്നടർന്നു വീണത്...

തെറ്റുകളില്ലാത്ത ലോകത്ത്

അനുസരണയുടെ വെട്ടം...

4

മരണത്തി​ന്റെ പാമ്പ്

ചുരുണ്ടു കിടക്കും മരച്ചില്ല.

മടിച്ച് നിൽക്കാതെ അടുത്ത്

വരൂ.

നാണമെന്തന്നറിയുന്നതിനും

മുമ്പ്.

പ്രലോഭനത്തി​ന്റെ ചുരുൾ

നിവർത്തി പാമ്പിൻ നോട്ടം...

5      

കനി ഭക്ഷിച്ചാൽ പാപം ഉറപ്പ്.

ദൈവത്തി​ന്റെ താക്കീതായ്

ഇടിമിന്നൽ,

അവരുടെ ഉടൽ വിറച്ചു.

പതിവില്ലാതന്നാ പുലരിക്ക്

മങ്ങിയ കറുപ്പ്...

6

ജീവൻ മരിക്കുന്ന ലോകം

പാമ്പ് കിനാവ് കണ്ടു.

വിഷം പുരട്ടാൻ

പല്ലിനാകെ തരിപ്പ്.

‘‘എന്തുകൊണ്ട് ഈ കനി മാത്രം

ഇത് ദൈവത്തി​ന്റെ അനീതി’’

മിണ്ടുന്ന പാമ്പിനെ കണ്ട്

അന്തിച്ച് നിൽക്കുമ്പോൾ

മാനത്ത് വിഷ മഴ...

7

കാന്താരകരിമ്പിൻ–

തോട്ടം കടന്നവർ, 

മുന്നോട്ട് നടന്നു...

പരസ്പരം കൈകോർത്ത്

പിടിക്കുമ്പോൾ, കണ്ണുകളിൽ

ആദ്യ നിഷേധത്തിൻ തീപ്പൊരി.

8

കനിയിറുക്കുന്നതിനും മുമ്പ്

അശരീരിയുടെ മിന്നൽ.      

‘‘ഹേയ്, പെണ്ണേ, ആണേ

ആണേ, പെണ്ണേ...’’

പാപത്തിൻ മധുരം ചുണ്ടോട്

ചേർത്തപ്പോൾ,

നഗ്നത അറിഞ്ഞതിൻ നാണം

9

ആദിമാരാമത്തിലപ്പോൾ

അന്തിച്ചുവപ്പ്.

കളിമണ്ണുടഞ്ഞ് കുഴഞ്ഞ

മണ്ണുമായ്, ഭൂമിയിലാകെ

കൃഷിത്തോട്ടങ്ങൾ...

തെമ്മാടിച്ചെടികളുടെ

മുറ്റിയ വളർച്ച...

വരൂ... വരൂ... വരൂ...

ഇരുട്ടിൽ,

നരകത്തി​ന്റെ ക്ലാവ് പിടിച്ച

നിഴലി​ന്റെ ശബ്ദം.

യുക്തിയുടെ സൂര്യപഥങ്ങളിൽ

ദൈവം ജനിച്ച ദിവസമായിരുന്നു

അന്ന്.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.