അഴിമതിക്കാരായ സർക്കാർ പണിക്കാർക്ക് ശിക്ഷയായി സ്ഥലംമാറ്റം നൽകി നാടുകടത്തുന്ന വിദൂര ഭീകരദേശമാണ് മലയാളികളെ സംബന്ധിച്ചിടത്തോളം വടക്കൻ മലബാർ. കാസർകോട് ജില്ലയിലെ ഏറ്റവും വടക്കുള്ള ബേവിഞ്ച എന്ന പ്രദേശത്തെ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തിയത് ഇബ്രാഹിം ബേവിഞ്ച എന്ന നിരൂപകനാണ്. എഴുതിത്തുടങ്ങുന്ന കാലത്തേ ഈ ദേശപ്പേര് ഇബ്രാഹിം കൊണ്ടുനടന്നിരുന്നു. അപ്രശസ്തമായ സ്വന്തം ഗ്രാമത്തിന്റെ പേര് തൂലികാനാമത്തോടൊപ്പം ചേർക്കുന്ന ഒരാൾ, പൊതുചരിത്രത്തിലേക്ക് ജന്മനാടിനെ പുരസ്കരിക്കാനുള്ള ശ്രമത്തിലാണ്. ബേവിഞ്ചപോലെ അജ്ഞാതവും അപരവത്കരിക്കപ്പെട്ടതുമായ ജന്മസ്ഥലത്തെ സ്വന്തം പേരിനോടൊപ്പം ചേർക്കാൻ ഇബ്രാഹിം...
അഴിമതിക്കാരായ സർക്കാർ പണിക്കാർക്ക് ശിക്ഷയായി സ്ഥലംമാറ്റം നൽകി നാടുകടത്തുന്ന വിദൂര ഭീകരദേശമാണ് മലയാളികളെ സംബന്ധിച്ചിടത്തോളം വടക്കൻ മലബാർ. കാസർകോട് ജില്ലയിലെ ഏറ്റവും വടക്കുള്ള ബേവിഞ്ച എന്ന പ്രദേശത്തെ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തിയത് ഇബ്രാഹിം ബേവിഞ്ച എന്ന നിരൂപകനാണ്. എഴുതിത്തുടങ്ങുന്ന കാലത്തേ ഈ ദേശപ്പേര് ഇബ്രാഹിം കൊണ്ടുനടന്നിരുന്നു. അപ്രശസ്തമായ സ്വന്തം ഗ്രാമത്തിന്റെ പേര് തൂലികാനാമത്തോടൊപ്പം ചേർക്കുന്ന ഒരാൾ, പൊതുചരിത്രത്തിലേക്ക് ജന്മനാടിനെ പുരസ്കരിക്കാനുള്ള ശ്രമത്തിലാണ്. ബേവിഞ്ചപോലെ അജ്ഞാതവും അപരവത്കരിക്കപ്പെട്ടതുമായ ജന്മസ്ഥലത്തെ സ്വന്തം പേരിനോടൊപ്പം ചേർക്കാൻ ഇബ്രാഹിം എന്ന കൗമാരക്കാരൻ തീരുമാനിച്ച ആ നിമിഷം തൊട്ടേ, അന്യമാക്കപ്പെട്ടതിനെ മുഖ്യധാരയോടു ചേർക്കുക എന്ന തന്റെ ജീവിതലക്ഷ്യത്തിലേക്ക് അയാൾ ആദ്യ ചുവടു വെച്ചുകഴിഞ്ഞു. ഇബ്രാഹിം ബേവിഞ്ച എന്ന, മലയാള നിരൂപകപ്രതിഭയുടെ എഴുത്തുജീവിതത്തിന്റെ ആകത്തുക ആ പേരിലുണ്ട് എന്നർഥം.
ഇത് വെറുമൊരു നിരീക്ഷണമല്ല. ഇബ്രാഹിം ബേവിഞ്ചയുടെ പിൽക്കാല നിരൂപണകലയുടെ അടിത്തറയായിത്തന്നെ പേരു സ്വീകരണത്തിലുള്ള ഈ വ്യത്യസ്തത ശ്രദ്ധേയമാണ്. 1980കളിൽ കാസർകോട് ഗവ. കോളജിൽ ഇംഗ്ലീഷ് സാഹിത്യം ബി.എ വിദ്യാർഥിയായിരുന്ന കാലത്ത് ഇബ്രാഹിം തയാറാക്കിയ കൈയെഴുത്തു മാസികയുടെ പേര് ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ എന്നായിരുന്നു. കെ.പി. അപ്പന്റെ അതിപ്രശസ്തമായ ആ പുസ്തകം അതിനകം പുറത്തുവന്നിരുന്നു. ആധുനികതയുടെയും അസ്തിത്വവാദത്തിന്റെയും ആശയങ്ങൾക്ക് അടിത്തറ പണിതുകൊടുത്ത് മലയാള സാഹിത്യത്തിൽ കൊടുങ്കാറ്റുണ്ടാക്കിയ ഒരു നിരൂപണഗ്രന്ഥത്തിന്റെ പേര് സ്വന്തം മാസികയുടെ പേരായി ഇബ്രാഹിം ബേവിഞ്ച സ്വീകരിക്കുന്നതിലുള്ള സന്ദേശം വ്യക്തമാണ്. കാമ്പസിൽ അന്തർമുഖനായ ഒരു വിദ്യാർഥിയുടെ വായനാലോകത്തിന്റെ വിസ്തൃതിയും സമകാലികതയും സംഘർഷവും ആ പേരു സ്വീകരണത്തിലുണ്ട്. പിന്നീട് തന്റെ പുസ്തകങ്ങൾക്ക് ‘ഇസ്‍ലാമിക സാഹിത്യം മലയാളത്തിൽ’ (1995), ‘ബഷീർ ദ മുസ്‍ലിം’ (2009), ‘ഖുർആനും ബഷീറും’ (2012), ‘മതിലുകൾ ഇനിയും ഇടിയാനുണ്ട്’ (2012) തുടങ്ങിയ തലക്കെട്ടുകൾ നൽകുമ്പോഴും, ചില തുറന്ന പ്രഖ്യാപനങ്ങൾ ഇതിനു പിന്നിലുെണ്ടന്ന ധൈര്യം ഈ നിരൂപകൻ പ്രദർശിപ്പിച്ചിരുന്നു.
ഇബ്രാഹിം ബേവിഞ്ചയുടെ ആദ്യ കൃതിയായ ‘പ്രസക്തി’, ‘ചന്ദ്രിക’ വാരാന്ത്യത്തിൽ അതേ പേരിൽ 17 വർഷക്കാലം തുടർന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരമാണ്. എഴുനൂറിലധികം ലേഖനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 40 രചനകളാണ് പുസ്തകത്തിൽ ചേർത്തത്. ഈ ലേഖനങ്ങളുടെയും തലക്കെട്ടുകളുടെ സൂക്ഷ്മസ്വരങ്ങളാണ് എഴുത്തുകാരനെന്ന നിലയിൽ ഇബ്രാഹിം ബേവിഞ്ചയുടെ അടയാളങ്ങളായി വർത്തിക്കുന്നത്. യുജിനോവ്, മിലൻ കുന്ദേര, വില്യം ഗോൾഡിങ് മുതൽപേർ മാത്രമല്ല, എം.ടി, മുകുന്ദൻ, ബഷീർ വരെ ഈ ലേഖനങ്ങളിലുണ്ട്. അതോടൊപ്പം, അതേ നിരയിലേക്ക് എ.കെ. ഹമീദിനെപ്പോലെ, പി.എ. മുഹമ്മദ് കോയയെപ്പോലെ, ടി. ഉബൈദിനെപ്പോലെ ധാരാളമായി എഴുതിയിട്ടും മലയാള സാഹിത്യചരിത്രത്തിന്റെ രജിസ്റ്ററിൽ പേര് ചേർക്കപ്പെടാതെ പോയ പ്രതിഭകളെക്കുറിച്ചും ‘പ്രസക്തി’ എഴുതി. പി.കെ. ബാലകൃഷ്ണൻ എന്ന ചരിത്രകാരനെ മലയാളം അത്തരത്തിൽ ഒരിക്കലും പരാമർശിക്കാതിരിക്കുന്നത് അദ്ദേഹം ടിപ്പു സുൽത്താനെക്കുറിച്ചെഴുതിയ യഥാർഥ ചരിത്രം കാരണമാണെന്ന് ഇബ്രാഹിം ബേവിഞ്ച തുറന്നടിച്ചു. ‘‘ഒരു മുസ്‍ലിം രാജാവ് നല്ലവനായി ചരിത്രത്തിൽ രേഖപ്പെടുത്തണമെങ്കിൽ ഒന്നുകിൽ അയാൾ ഇസ്‍ലാമിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കണം. അല്ലെങ്കിൽ ഹിന്ദുക്കളിൽനിന്നും മുസ്‍ലിംകളിൽനിന്നുമുള്ള സ്ത്രീകളെ ഇഷ്ടംപോലെ വിവാഹംകഴിച്ച് വിവാഹ സോഷ്യലിസ്റ്റെങ്കിലുമാകണം. എങ്കിൽ അയാൾ മഹാനാകും.’’ (പ്രസക്തി, പേജ് 82) ഇത്രയും മൂർച്ചയുള്ള വാക്യങ്ങൾ പല ലേഖനങ്ങളിലും കാണാം. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ ‘പ്രസക്തി’യിൽ ഇബ്രാഹിം ബേവിഞ്ച എഴുതിയ ലേഖനത്തിന് ഇതായിരുന്നു തലക്കെട്ട്: ‘വെളിച്ചം വെളിച്ചമാണുണ്ണീ, തമസ്സല്ലോ ദുഃഖപ്രദം’. ആർ.എസ്.എസിന്റെ സാംസ്കാരികസംഘടനയായ തപസ്യയുടെ മുഖ്യ ഉപദേശകനായിരുന്നു അന്ന് അക്കിത്തം.
ഒരു അഭിമുഖത്തിൽ ബേവിഞ്ച ഇങ്ങനെ പറഞ്ഞു: ‘‘മാതൃമതത്തെ നിഷേധാത്മകമായി സമീപിക്കാൻ എനിക്കാവുന്നില്ല. യാഥാസ്ഥിതികപക്ഷത്തിന്റെ ഒപ്പം നിൽക്കാനും കഴിയുന്നില്ല. പുരോഗമനത്തിന്റെ എല്ലാ എഴുന്നള്ളിപ്പു വേഷങ്ങളോടും എനിക്ക് പരമപുച്ഛമാണ്. എഴുത്തുകാരുടെ കൂട്ടായ്മയിലും ചേരാനാവുന്നില്ല. സ്വന്തം സംസ്കൃതിയുടെ വളക്കൂറുള്ള മണ്ണിൽ വേരുകളാഴ്ത്തി തിളങ്ങുന്ന മനസ്സുമായി ജീവിക്കുന്ന വേറിട്ട വ്യക്തിത്വങ്ങളോട് മനസ്സിന് ഐക്യപ്പെടുവാൻ കഴിയുന്നുണ്ട്. എതിർക്കുമ്പോൾതന്നെ ഒപ്പം നിൽക്കാനും ഒപ്പം നിൽക്കുമ്പോൾതന്നെ എതിർക്കാനുമാണെനിക്കിഷ്ടം. ഇതുമൂലം എല്ലാ കൂട്ടങ്ങളിൽനിന്നും ഞാൻ അകറ്റിനിർത്തപ്പെട്ടു. ഇത് വല്ലാതെ വേദനിപ്പിച്ച അനുഭവസത്യമാണ്.’’ ഈ അനുഭവസത്യത്തിന്റെ പ്രതലത്തിൽനിന്നാണ് ഇബ്രാഹിം ബേവിഞ്ച എന്ന നിരൂപകനെ കണ്ടെത്തേണ്ടത്. മലയാളത്തിന്റെ സാഹിത്യ ചരിത്രത്തെ പൊതുവായും വിമർശന സാഹിത്യ ചരിത്രത്തെ സവിശേഷമായും കുഴിച്ചുചെല്ലാതെ ആ കണ്ടെടുക്കൽ സാധ്യമാവുകയില്ല എന്നത് ഒരു പ്രശ്നമാണ്. പലവട്ടം പറഞ്ഞ് ചെടിച്ചുപോയ വസ്തുതകളാണ് അവയെങ്കിലും പ്രസക്തമായ ചില വശങ്ങൾ ഇപ്പോഴും വെളിച്ചത്തിലേക്ക് വന്നിട്ടില്ല. ഇബ്രാഹിം ബേവിഞ്ചയുടെ നിരൂപണജീവിതത്തെ വിശകലനംചെയ്യുന്ന ഈ ഘട്ടത്തിൽ അതിൽ ചിലത് ഓർമിപ്പിക്കേണ്ടത് അനിവാര്യമാണുതാനും.
ആധുനിക മലയാള സാഹിത്യത്തിലെ ചില തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് അതിലൊന്ന്. അറബിമലയാളത്തിനും മാപ്പിളപ്പാട്ടിനും പുറത്തുള്ള മുസ്‍ലിം കാവ്യരചനകളെ എത്രത്തോളമാണ് നമ്മുടെ നിരൂപകലോകം പരിഗണിച്ചത് എന്ന പ്രശ്നം വളരെ വലുതാണ്. പ്രഖ്യാപിത കൃഷ്ണഭക്തനായ യൂസുഫലി കേച്ചേരി അന്നിലയ്ക്കുതന്നെ പ്രസിദ്ധനായി. ചില മാപ്പിളപ്പാട്ടെഴുത്തുകാരെ പ്രാതിനിധ്യത്തിന്റെ പേരിൽ പരാമർശിച്ചിട്ടുണ്ട്. പി.കെ. രാജശേഖരൻ എഡിറ്റ് ചെയ്ത ‘നൂറുവർഷം നൂറു കവിത’കളിൽ (പ്രസാധനം - ഡി.സി ബുക്സ്) യൂസുഫലിയും പുലിക്കോട്ടിൽ ഹൈദരും മാത്രമാണുള്ളത്. ഉത്തര മലബാറിൽനിന്ന് മലയാള കവിതയുടെ പൊതുമണ്ഡലത്തിലേക്ക് പ്രവേശിച്ച ടി. ഉബൈദ് അതിലില്ല. എ.കെ. ഹമീദ്, പൊൻകുന്നം സെയ്ദ് മുഹമ്മദ്, മെഹർ, പി.ടി. അബ്ദുറഹിമാൻ തുടങ്ങിയവരുടെ പേരുകൾ മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ല. മലയാളത്തിൽ നിരൂപണരംഗത്ത് പ്രവർത്തിക്കാനുറച്ച് എൺപതുകളിലേ എഴുത്താരംഭിച്ച ഇബ്രാഹിം ബേവിഞ്ചക്ക് ഈ അസാന്നിധ്യം പെട്ടെന്ന് ബോധ്യമാവും. പൊൻകുന്നം സൈദ് മുഹമ്മദിന്റെ ‘മാഹമ്മദം’ മഹാകാവ്യത്തിന്റെ പുതിയ പതിപ്പിന് അദ്ദേഹം എഴുതിയ പഠനത്തിൽ ഇത് വ്യക്തമാക്കുന്നതിങ്ങനെയാണ്: ‘‘ഈ കൃതി പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനുശേഷം മലയാള കവിതാ സാഹിത്യചരിത്രങ്ങൾ രണ്ടെണ്ണമെങ്കിലും പുറത്തുവന്നിട്ടുണ്ട്. അവ രണ്ടിലും ഈ കവിക്ക് നല്ലൊരു സ്ഥാനം നൽകിക്കാണുന്നില്ല. ഡോ. എം. ലീലാവതിയുടെ മലയാള കവിതാസാഹിത്യ ചരിത്രത്തിൽ അപ്രധാനരായ പല കവികളെക്കുറിച്ചും വിസ്തരിച്ച് രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. ‘മാഹമ്മദം’ എഴുതിയ സെയ്ദ് മുഹമ്മദിനെക്കുറിച്ച് പറയാൻ അവർ ഏഴ് വാചകങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ’’ (‘മാഹമ്മദം’ സാഹിത്യ അക്കാദമി പതിപ്പ് -പേജ് 9).
മലയാള കവിതാ നിരൂപണരംഗത്തുള്ള ബേവിഞ്ചയുടെ ഇടപെടൽ രണ്ടു ധാരകളിലായാണ് വികസിച്ചത്. വിലപ്പെട്ട ചില കാവ്യകൃതികൾക്ക് അവതാരികയും പഠനവും നിർവഹിക്കാൻ അദ്ദേഹം കാണിച്ച ഔത്സുക്യമാണ് അതിലൊന്ന്. ടി. ഉബൈദിനെപ്പോലുള്ള മികച്ച കവികളെ മലയാളത്തിന്റെ മുഖ്യധാരയോട് ചേർക്കാനും പി.ടി. അബ്ദുറഹിമാനെപ്പോലുള്ള കവികളുടെ കാവ്യസൗന്ദര്യത്തെ ഇസ്‍ലാമിക സൗന്ദര്യദർശനത്തിന്റെയും ഭാരതീയ കാവ്യസിദ്ധാന്തങ്ങളുടെയും വെളിച്ചത്തിൽ നിരൂപണം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാള കാവ്യസിദ്ധാന്ത പഠനമേഖലയിൽ ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ലാത്ത വിജ്ഞാനമേഖലയാണ് അറേബ്യൻ കാവ്യമീമാംസ. അതിന്റെ പ്രയോഗസാധ്യത മാപ്പിളകൃതികളിലും മലയാള കവിതകളിലും പ്രയോഗിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നതാണ് രണ്ടാമത്തേത്. ‘അക്ബർ സദഖ പക്ഷിപ്പാട്ട്’ എന്ന മാപ്പിളകാവ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഈ അർഥത്തിൽ മലയാളവിമർശന സാഹിത്യചരിത്രത്തിലെ നാഴികക്കല്ലാണ്.
ഇബ്രാഹിം ബേവിഞ്ചയുടെ, പുസ്തകരൂപത്തിലുള്ള ആദ്യകൃതിയുടെ തലക്കെട്ട് ‘ഇസ്‍ലാമിക സാഹിത്യം മലയാളത്തിൽ’ എന്നാണ്. ആ നാമകരണത്തെ പലരും എതിർത്തു. ഹൈന്ദവസാഹിത്യവും ക്രൈസ്തവ സാഹിത്യവും ഇല്ല എന്നിരിക്കെ ഇസ്‍ലാമിക സാഹിത്യം എന്നുപറയുന്നതിൽ എന്തു പ്രസക്തിയെന്ന് അവർ വാദിച്ചു. ഹൈന്ദവ പുരാണേതിഹാസങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന മലയാള കാവ്യസമ്പത്തിൽ ഇത്തരമൊരു തലക്കെട്ട് ഉണ്ടാക്കുന്ന അസ്വാരസ്യം അന്ന് സ്വാഭാവികമാണ്. പൊതുമണ്ഡലത്തെക്കുറിച്ചുള്ള വിമർശനാത്മകമായ സംവാദങ്ങൾ ഏറെ വികസിച്ച ഇക്കാലത്ത് ആ അലോസരത്തിന്റെ പിന്നിലുള്ള മനോഭാവം വേഗത്തിൽ മനസ്സിലാക്കാനാകും എന്ന സൗകര്യമുണ്ട്. പുസ്തക തലക്കെട്ടിൽ സൂചിപ്പിച്ച വിഷയത്തിലുള്ള സമഗ്രമായ ഒരു പഠനമല്ല ഈ പുസ്തകം എന്ന പ്രശ്നം ഒരു വിമർശനമായി ഉന്നയിക്കാം. പക്ഷേ, അതിലേക്കുള്ള പല സൂചനകളും പുസ്തകത്തിലെ ചില ലേഖനങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇബ്രാഹിം ബേവിഞ്ച എന്ന സാഹിത്യനിരൂപകൻ മലയാള സാഹിത്യത്തിൽ ഉൾച്ചേർത്ത പുതുമകളിലൊന്ന് അതാണ്. സാഹിത്യനിരൂപണത്തിന്റെയും സാംസ്കാരിക വിമർശനത്തിന്റെയും രീതിശാസ്ത്രത്തിൽ ഇസ്‍ലാമിക സൗന്ദര്യദർശനത്തിന്റെ സാധ്യതകൾ അദ്ദേഹം ആരാഞ്ഞു. മുസ്‍ലിം സാമൂഹികജീവിതത്തെ സുന്ദരമായി ആവിഷ്കരിച്ച എം.ടിയുടെയും ഉറൂബിന്റെയും ബഷീറിന്റെയും കഥകളും വള്ളത്തോളിന്റെയും ഉബൈദിന്റെയും സെയ്ദ് മുഹമ്മദിന്റെയും കവിതകളും വായിക്കാൻ അത്തരമൊരു ദാർശനിക ഉപകരണം ആവശ്യമാണെന്ന് ബേവിഞ്ച സമർഥിച്ചു.
കാസർകോട് കേരളത്തിന്റെ അപരദേശങ്ങളിലൊന്നാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ. സാമുദായികമായ അത്തരം പൊതുബോധത്തിന് ഇരയായവരാണ് മാപ്പിളമാർ. താൻ വായിച്ച ആദ്യകാല കഥകളിലെല്ലാം വില്ലൻമാരും ദുഷ്ടൻമാരും മുസ്‍ലിംകളായിരുന്നുവെന്ന് ബഷീർ പറഞ്ഞിട്ടുള്ളത് പ്രശസ്തമാണ്. അതേ ബഷീറിനെത്തന്നെ മലയാള സാഹിത്യത്തിലെ കുയ്യാനയാക്കാൻ പലരും ശ്രമിച്ചു. എം.ടിയുടെയും ഉറൂബിന്റെയും കഥകളിലെ മുസ്‍ലിം കഥാപാത്രങ്ങൾ പലരും നല്ലവരും മനുഷ്യത്വമുള്ളവരുമായിരുന്നു. അതുപക്ഷേ മലയാള വിമർശനത്തറവാട്ടിലെ പല കാരണവർമാർക്കും ഇഷ്ടപ്പെട്ടില്ല. ഇബ്രാഹിം ബേവിഞ്ച ‘മുസ്‍ലിം സാമൂഹികജീവിതം മലയാളത്തിൽ’ എന്ന ഗവേഷണപഠനത്തിൽ ഇക്കാര്യം തുറന്നുകാട്ടുന്നുണ്ട്. ‘‘കേരളത്തിന്റെ മുസ്‍ലിം ജീവിതത്തിന്റെ ചേതോഹരങ്ങളായ മുഖങ്ങൾ എം.ടിയുടെ ‘പാതിരാവും പകൽവെളിച്ചവും’, ‘നാലുകെട്ട്’, ‘അസുരവിത്ത്’ തുടങ്ങിയ നോവലുകളിൽ ആവിഷ്കൃതമായിട്ടുണ്ട്. കരുത്തിന്റെയും ധീരതയുടെയും സ്നേഹവായ്പിന്റെയും മുഖങ്ങളാണവർക്ക്. അതുകൊണ്ടുതന്നെയാവാം സി.എൻ. ശ്രീകണ്ഠൻ നായർ എം.ടിയെ മുസ്‍ലിം പക്ഷപാതിയായ എഴുത്തുകാരനാക്കി വിമർശിച്ചത്. ചുവന്ന വട്ടക്കണ്ണുള്ളവരാണെങ്കിലും സെയ്താലിക്കുട്ടിയെയും കുഞ്ഞരക്കാരെയും പോലുള്ള കഥാപാത്രങ്ങളെ മാനവമഹത്ത്വത്തിന്റെ മൂർത്തിമദ്ഭാവങ്ങളാക്കി എം.ടി അവതരിപ്പിച്ചുവെന്നാണ് സി.എൻ അഭിപ്രായപ്പെടുന്നത്’’ (പുറം 12). ‘സ്നീക്കിങ് അഡ്മിറേഷൻ’ (ഗൂഢാഭിനിവേശം) എന്ന് എം.ടിയുടെയും ഉറൂബിന്റെയും മുസ്‍ലിം പക്ഷപാതിത്വത്തെ ശ്രീകണ്ഠൻ നായർ പരിഹസിച്ചു. ഇതിനു കാരണം, മതഭ്രാന്തരായ മാപ്പിളമാരോടുള്ള ഭയവും അതിസുന്ദരികളായ മുസ്‍ലിം സ്ത്രീകളോടുള്ള ലൈംഗികമോഹവുമാണെന്ന് ഒട്ടും നാണമില്ലാതെ ആരോപിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് നല്ലവരായ മുസ്‍ലിം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഒരാൾ മുസ്‍ലിം പക്ഷപാതിയാണെന്ന് മലയാളത്തിലെ തലമുതിർന്ന ഒരു എഴുത്തുകാരന് തോന്നുന്നത് എന്നതിന്റെ സാമൂഹിക കാരണങ്ങൾ തേടിച്ചെല്ലുമ്പോഴാണ് മലയാള വിമർശന സാഹിത്യത്തിലെ ചില രോഗലക്ഷണങ്ങൾ വ്യക്തമാവുക. ബഷീറിനെയും മുസ്‍ലിം പക്ഷപാതിയെന്ന് സമകാലിക നിരൂപകർപോലും ആക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഷീറിന്റെ രചനാലോകത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ ഇബ്രാഹിം ബേവിഞ്ച നിരന്തരം തയാറാക്കി. ‘ബഷീർ ദ മാൻ’ എന്ന പ്രസിദ്ധ തലക്കെട്ടിന്റെ പാസ്റ്റിഷ് അനുകരണംപോലെ ‘ബഷീർ ദ മുസ്‍ലിം’ (2009) എന്ന പുസ്തകം രചിച്ചു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചവണ്ണം, താൻ തിരഞ്ഞെടുക്കുന്ന പേരുകളുടെ രാഷ്ട്രീയശക്തി അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തലക്കെട്ടുകൾ ബേവിഞ്ച സ്വീകരിച്ചത്. സി.എൻ. ശ്രീകണ്ഠൻ നായർ എം.ടിക്കുനേരെ ആരോപിച്ച ഗൂഢാഭിനിവേശത്തിനു കാരണം മാപ്പിളമാരെക്കുറിച്ചുള്ള ഭയമാണെന്നാണല്ലോ അദ്ദേഹം പറഞ്ഞത്. യഥാർഥത്തിൽ, ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ മുസ്‍ലിം സമുദായത്തിന് ലഭിക്കുന്ന ദൃശ്യതയെക്കുറിച്ച് ശ്രീകണ്ഠൻ നായരെപ്പോലെയുള്ളവർക്കാണ് ഭയമുള്ളത്. ആ ഭയത്തിന്റെ ഏറ്റവും കഠിനമായ പ്രദർശനകാലത്താണ് ഇബ്രാഹിം ബേവിഞ്ച മലയാളത്തോട് എന്നെന്നേക്കുമായി യാത്രപറഞ്ഞത്.
തിരസ്കാരത്തിന്റെയും അവഗണനയുടെയും ആഴങ്ങളിലേക്ക് ഇബ്രാഹിം ബേവിഞ്ച എന്ന നിരൂപകപ്രതിഭയും തന്റെ മരണാനന്തരം മറഞ്ഞുപോയേക്കാം. അതു സംഭവിക്കാൻ മാത്രം ശുഭാപ്തിവിശ്വാസം നൽകുന്ന സമകാലാന്തരീക്ഷമല്ല മലയാളത്തിനുള്ളത്. പക്ഷേ, ഈ നിരൂപകൻ സൃഷ്ടിച്ച പുതിയൊരു വിമർശനപദ്ധതിയുണ്ട്. ആ നിലപാടും നിരീക്ഷണപഥവും ശക്തവും വ്യക്തവുമായ അടിത്തറയിൽ വാർത്തെടുത്തതാണ്. മതേതരാനന്തര ചിന്തകളുടെ (പോസ്റ്റ് സെക്കുലർ) കാലത്ത് ഏറെ പ്രസക്തമായ ഒരു രീതിശാസ്ത്രമാണ് അത്. മലയാളത്തിന്റെ പുതിയ തലമുറ അവരുടെ രചനകളിലും സമീപനങ്ങളിലും സത്താപരമായ (ഓൺടോളജിക്കൽ) ആത്മബലത്തോടെ സംസാരിക്കാനുള്ള ഒരു ഭാഷ രൂപപ്പെടുത്തിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പേ അവരുടെ മുന്നിൽ കൊടിയേന്തി നടന്ന എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ച എന്ന ചരിത്രസത്യം ഒരു സാഹിത്യചരിത്രത്തിനും മാറ്റിയെഴുതാനാവില്ലതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.