മലയാളികളുടെ ഭാവനാലോകത്തെയും കാവ്യാനുശീലനത്തെയും മാത്രമല്ല ജീവിതത്തെ ആസകലം തന്നെ അനുഭൂതിപരമായി ഉരുക്കിപ്പണിത രചനയാണ് ചങ്ങമ്പുഴയുടെ രമണൻ. എന്നാൽ, തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഈ അനശ്വര പ്രണയഗീതകം പക്ഷേ ലക്ഷണം കെട്ടതെന്ന ശാപംപറഞ്ഞ് അന്നത്തെ പ്രസാധകരാരും ഏറ്റെടുത്തിരുന്നില്ല. കാരണം അതുവരെ നാം മലയാളികൾ ശീലിച്ച കാവ്യപാഠത്തിന് വിരുദ്ധമായിരുന്നു രമണിലെ ഭാവുകത്വം. കവി പലയിടവും കയറിയിറങ്ങി. ഒരാളും തിരിഞ്ഞു നോക്കിയതേയില്ല.
രണ്ട് കാര്യങ്ങളാണ് അവർ കവിതയെ പ്രതി നിരീക്ഷിച്ചത്. രമണൻ വിറ്റുപോവില്ലായെന്ന ഒരു പ്രത്യക്ഷ കാരണം. വിലക്ഷണ കൃതിയാണെന്ന പരോക്ഷ കാരണവും. അങ്ങനെ നിരാശനും നിസ്സഹായനുമായ കവി തന്റെ വേവലാതികൾ കാതരമായി പങ്കുവെച്ചത്, ആയിടെ മാത്രം ആത്മസൗഹൃദമായ മറ്റൊരു കവിയോട്. അദ്ദേഹം ആലിങ്കാപറമ്പിൽ എ.കെ. ഹമീദ്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെ അപ്സര സായാഹ്നങ്ങളിൽ ചങ്ങമ്പുഴയും കവി രാഘവൻപിള്ളയും ഇടപ്പള്ളിയിലെ ഒരു ‘വാര്യത്തി’രുന്ന് ഹമീദുമായി നിരന്തരം സാഹിത്യലോചനകളിൽ മുഴുകാറുണ്ടായിരുന്നു. അവിടെവെച്ചാണ് ഹമീദിനോട് രമണന്റെ ‘പ്രസാധക വിഘ്നം’ ചങ്ങമ്പുഴ അവതരിപ്പിക്കുന്നത്.
മികച്ച കവിയാണ് ഹമീദ്. അദ്ദേഹത്തിന് രമണനിലെ അനുഭൂതി സാധ്യതകൾ എളുപ്പം അഴിഞ്ഞുകിട്ടി. ഹമീദ് പറഞ്ഞു “താങ്കളുടെ രമണൻ ഞാൻ പ്രസിദ്ധീകരിക്കും. ഉറപ്പ്’’. ഹമീദിന്റെ വശമന്ന് പണമൊന്നുമില്ല. പക്ഷേ, വേണ്ടത്ര ആത്മവിശ്വാസമുണ്ടായിരുന്നു. കവിയായ ഹമീദ് വാക്കുപാലിച്ചു. എറണാകുളത്തെ പ്രകാശ് പ്രിന്റിങ് വർക്കിൽനിന്ന് തന്റെ മാത്രം സാമ്പത്തിക ഉത്തരവാദിത്തത്തിൽ രമണൻ അച്ചടിമഷി കണ്ടു . ഇത് 1936 ഒക്ടോബറിൽ. ഒരു രൂപ മാത്രം വിലയിട്ടിരുന്ന ആ പുസ്തകം പിന്നീട് കേരളം ഏറ്റെടുത്തത് എങ്ങനെയായിരുന്നു എന്നത് ചരിത്രം. അതോടെ ചങ്ങമ്പുഴ വിശ്രുതനായി. സ്നേഹ ഗന്ധർവ ഗായകനായി. മലയാള ഭാവുകത്വത്തിന്റെ ചക്രവർത്തിയായി. പിന്നീട് നാമിത്രയും കാലം പുല്ലാങ്കുഴലുകൊണ്ട് കവി നേടിയ ആ അനുരാഗ സാമ്രാജ്യത്തിന് കപ്പംകൊടുത്തു ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ ഹമീദിനെ ആരും അറിഞ്ഞതേയില്ല. രമണനിലെ കാവ്യരസം മലയാളിക്ക് എത്തിച്ചുതന്ന ഹമീദ് അപ്പോഴും കവിത എഴുതുകയായിരുന്നു. മനോഹരമായ കവിത. ‘ഇടപ്പള്ളി’ രാശിയിൽ തന്നെ. ദീർഘമായ കാൽ നൂറ്റാണ്ടിലേക്ക് ആ സർഗജീവിതം വിടർന്നുനിന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊക്കെയും അക്കാലത്ത് ഹമീദ് നിരന്തരം ഭാവഗീതങ്ങൾ എഴുതി. കനകച്ചിലങ്ക കെട്ടിയ ആർദ്രഗീതകങ്ങൾ. അക്കാലത്തെ ഏത് കവികളെയുംപോലെ താള വിന്യാസം, അലങ്കാര പരിചരണം, പ്രമേയഘടന, പ്രാസനിഷ്ഠ എന്നിവയിലൊക്കെയും വളരെ മുന്നിൽ തന്നെയായിരുന്നു ഹമീദ്. എന്നിട്ടും മലയാള കവിതയുടെ ദർബാറുകളിൽ ഹമീദ് പുരസ്കരിക്കപ്പെട്ടില്ല. ഈ കവി പ്രതിഭയെ മലയാള കാവ്യചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് നമ്മൾ നിർദയം തുരത്തി ഓടിച്ചുകളഞ്ഞു. ആരോരുമറിയാതെ.
ഒരുകാലത്ത് മലയാള ഭാവുകത്വത്തെ നിർമിച്ചെടുത്തവരിൽനിന്ന് വിശ്രുത കവി ഹമീദ് എങ്ങനെ അദൃശ്യനായി?. എന്നാൽ, ഈ അദൃശ്യപ്പെടുത്തലിന് വിരാമമാക്കിക്കൊണ്ട് ഇപ്പോൾ ഹമീദ് എന്ന കവിയുടെ കവിതാ സമാഹാരം പുറത്തുവന്നിരിക്കുന്നു. മുന്നൂറിനടുത്ത് താളുകളിലേക്ക് പടരുന്ന കാവ്യസമാഹാരം വായിക്കുമ്പോൾ ഹമീദിയൻ കാവ്യസൗന്ദര്യംകണ്ട് നാം വിസ്മയിച്ചുപോകും. 1912ൽ ജനിച്ച് എൺപത്തി എട്ടിൽ മരിച്ചുപോയ ആലിങ്കപറമ്പിൽ ഹമീദ് തന്റെ മുക്കാൽ നൂറ്റാണ്ട് നീണ്ട ചൈതന്യ ധന്യമായ ജീവിതത്തിൽ ഏറ്റവും പുഷ്കലതയാർന്ന് ജീവിച്ചത് കവിത നിലാവുപെയ്ത കാൽനൂറ്റാണ്ട് കാലമാണ്.
ഹമീദിന്റെ കവിതകളിൽ തുളുമ്പിനിൽക്കുന്ന സവിശേഷമായ ഭംഗികളിലൊന്ന് ഗതാനുഗതിത്വം നിരാകരിച്ചുകൊണ്ട് കവിതകളിൽ പ്രമേയപരമായ പുതുമയും വ്യത്യസ്തതകളും കൊണ്ടുവന്നു എന്നതാണ്. ഇതിൽ ഏറ്റവും പ്രധാനം ഇസ്ലാമിന്റെ ദാർശനികമായ കാവ്യഭംഗികളെ മലയാള കവിതയുടെ അങ്കണതുറവിയിലേക്ക് അഭിമാനത്തോടെ ആനയിച്ചു എന്നതും. ഈയൊരു മേഖല അക്കാലത്ത് അറബി മലയാള രചനകളിൽ മാത്രം വിശ്രമിക്കുകയായിരുന്നു. അതിനെ മാനക മലയാള കവിതയിലേക്ക് ആവിഷ്കരിക്കാൻ ആദ്യത്തിൽ ഉത്സാഹിച്ച കവി ഹമീദാവും. ഇതിലൊന്നാണ് ‘സർഗ മേഖല’. സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ കുംഭാരന്റെ ശിൽപചാതുരിയോട് ദർശനപരമായി ആശ്ലേഷിച്ചും സമീകരിച്ചും കയറിയിറങ്ങുന്ന ഒരു സൗന്ദര്യ മണ്ഡലം പണിയാൻ ഇതിൽ കവിക്കാവുന്നു.
‘പിടി മണ്ണ്’ എന്ന കവിതയിൽ കവി മനുഷ്യജീവിതത്തെ മറ്റൊരു ഉദാത്ത ഭാവത്തിലേക്കാണ് വളർത്തിക്കൊണ്ടുവരുന്നത്. മൃതദേഹം മണ്ണുകോരി മൂടുമ്പോൾ മൂന്നുപിടി മണ്ണെടുത്ത് കുഴിമാടത്തിലേക്ക് നേദിച്ച് സഹോദരനെ ആചാരവിധി പ്രകാരം യാത്രയാക്കുന്ന ഒരു ചടങ്ങുണ്ട്. ആ ചടങ്ങനുഷ്ഠിക്കവേ കവി മനസ്സിലൂടെ കടന്നു പോകുന്ന ആലോചനകളുടെ അത്യന്തം ഭാവസാന്ദ്രമായ ഒരു ആവിഷ്കാരമാണിത്.
ജീവിതത്തോടുള്ള അദമ്യമായ കാമനകൾ നിലനിൽക്കുമ്പോഴും മരണമെന്ന നിത്യ യാഥാർഥ്യത്തെ അടുത്തനുഭവിക്കുന്ന കവിത. സത്യത്തിൽ മരണത്തിന്റെയും ജീവിതാസക്തിയുടെയും ഇടയിലുള്ള അത്യന്തം പേലവത്വമാർന്ന നിമിഷാർധത്തെയാണ് കവി ഇവിടെ ‘ഇടപ്പള്ളി’ രൂപകങ്ങളും പദകിലുക്കങ്ങൾ കൊണ്ടും ആവിഷ്കരിക്കുന്നത്.
അറബിയിലെ ആദ്യക്ഷരമായ അലിഫിനെ ഇതിവൃത്തമാക്കിക്കൊണ്ട് ഒരു കവിതയുണ്ടീ സമാഹാരത്തിൽ. ഇസ്ലാമിന്റെ ഏക മാത്രമായ ദൈവസങ്കൽപ സൗന്ദര്യത്തെയും ഭൗതിക, ആത്മീയ ജീവിത ദ്വന്ദ്വങ്ങളുടെ മനോഹരമായ ഏകതാനതയെയും ഈ കവിത ഒരേസമയം ലാവണ്യപൂർവം സമീപിക്കുന്നു.
ലോകഭാഷകളിൽ ഇന്നോളം വിരചിതമായ പ്രവാചക കീർത്തന കാവ്യങ്ങളിൽ ഏറ്റവും ഉജ്ജ്വലമായത് ഇമാം ബൂസീരിയുടെ ഖസീദത്തുൽ ബുർദയാണ്. ഇതിന് മലയാളത്തിൽ വന്ന കാവ്യ പരിഭാഷകളിൽ ഏറ്റവും മികച്ചതും കാവ്യാത്മകവുമായത് ഹമീദിന്റെ പരിഭാഷാരചനയാണ്. നൂറുകണക്കിന് കവിതകൾ എഴുതിമറഞ്ഞ ഈ കവിയുടെ പ്രസിദ്ധീകരിച്ച ഏകകൃതി ബുർദ പരിഭാഷ മാത്രമാണ്. അതാകട്ടെ എന്നോ കമ്പോളത്തിൽ അപ്രത്യക്ഷവും.
മുക്കാൽ നൂറ്റാണ്ടിനപ്പുറത്തെ, മങ്ങിദ്രവിച്ച ആനുകാലികങ്ങൾ പരതി അതിൽവന്ന ഹമീദിയൻ കവിതകൾ പാടുപെട്ട് സമാഹരിച്ചത് മുസ്ലിം സാംസ്കാരിക ഗവേഷകനും എഴുത്തുകാരനുമായ അബ്ദുറഹ്മാൻ മാങ്ങാടാണ്. എഴുത്തുകാരനും വിമർശകനുമായ ജമീൽ അഹമ്മദിന്റെ സമഗ്രമായ ഒരു കാവ്യപഠനവും ഹമീദിന്റെ പുത്രനെഴുതിയ അനുസ്മരണവും എം.കെ. സാനു മാഷിന്റെ അവതാരികയും പുസ്തകത്തിന്റെ തിലകമാണ്. വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള അക്കാലത്തെ മഹാന്മാർ ഹമീദിന് എഴുതിയ കത്തുകളും പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട്.
കോഴിക്കോട് സർവകലാശാലയിലെ സി.എച്ച് ചെയറും ഗ്രേസ് എജുക്കേഷൻ അസോസിയേഷനുമാണ് സമാഹാരം പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാലോചനകളിൽ ഇനിമുതൽ എ.കെ. ഹമീദ് എന്ന വിശ്രുത കവിയുണ്ടാവും. തിരസ്കാരത്തിന്റെ തമോഘട്ടം അവസാനിക്കുകയും പുരസ്കാരത്തിന്റെയും പരിചരണത്തിന്റെയും മറ്റൊരു പുഷ്കലഘട്ടം ഇനിമുതൽ സമാരംഭിക്കുകയും ചെയ്യും. മലയാള കാവ്യ സംവാദങ്ങളിൽ ഇനിയെന്നും എ.കെ. ഹമീദെന്ന ‘ഇടപ്പള്ളി’ പ്രസ്ഥാനക്കാരനും വേദിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.