6
അച്ചമ്മയുടെ ശരിക്കുള്ള പേര് ശന്താളെന്നായിരുന്നു. കുഞ്ഞാപ്പി വിളിക്കുന്നതു കേട്ടാണ് നാട്ടുകാരും അച്ചമ്മേന്ന് വിളിച്ചുതുടങ്ങിയത്. ചെറിയ കൂനും ഇടംകാലിനൊരു ശോഷിപ്പുമുണ്ട്. മുടന്തുണ്ടെങ്കിലും അടങ്ങിയിരിക്കാത്ത പ്രകൃതം. ചെടി നനച്ചും കോഴികളെ തീറ്റിയും പൊളിഞ്ഞ വേലി വരിഞ്ഞും അന്തിവരെ അവർക്ക് ജോലികളുണ്ടാവും. ഇരുട്ടുവീഴുമ്പോൾ അതിരിലെ ആത്തയിൽ കോഴികളെല്ലാം ചേക്കേറിയോന്ന് നോക്കാൻ വിളക്കുമായി ചെല്ലും. മുടന്തുള്ള നിഴലിനെ പേടിച്ച് അന്തിക്കിളികൾ കലപില കൂട്ടും.
കുഞ്ഞാപ്പീടമ്മയുടെ ആണ്ടുദിവസം അച്ചമ്മ അവനെയുംകൂട്ടി മാലിപ്പുറത്തേക്ക് വണ്ടി കയറി. പള്ളിയിൽ ഉടുക്കാനുള്ള അവന്റെ പുത്തനുടുപ്പ് തുണിക്കടയിലെ കടലാസുകൂടിൽ അവർ ചേർത്തുപിടിച്ചിരുന്നു. അവിടെ ചെല്ലുമ്പോൾ കുട്ടികളുമായി വഴക്കിനൊന്നും പോകരുതെന്ന് അച്ചമ്മ വീണ്ടും ഓർമപ്പെടുത്തി. അവൻ അതൊന്നും കേൾക്കാതെ പുറംകാഴ്ചകളിലേക്ക് നോക്കിയിരുന്നു.
മാലിപ്പുറത്ത് ഇറങ്ങിയപ്പോൾ അച്ചമ്മ അവന് പഴംപൊരി വാങ്ങിക്കൊടുത്തു. പൂത്തുലഞ്ഞ വേലിക്കൊന്നകളുടെ തണലിലൂടെ വറവലും തിന്ന് അവൻ അവരുടെ പിന്നാലെ നടന്നു. അമ്മവീട് അടുക്കാറായപ്പോഴേക്കും ഒടിച്ചുകുത്തിത്തിര മുറിയുന്ന ഒച്ച. കുഞ്ഞാപ്പി മുന്നേ ഓടി. തൈത്തെങ്ങിൽ തൂക്കിയ മീൻവലകൾ കടലിന്റെ ആഴം തൊട്ട ഓർമകളുമായി കാറ്റേറ്റു കിടന്നു. വെയിലു കായുന്ന വഞ്ചികളുടെ പക്കിൽ ചാളനെയ്യ് തിളങ്ങി. അരേലുറക്കാത്ത നിക്കറു കേറ്റിയിട്ട്, ചൊരിമണ്ണും പറത്തിയുള്ള അവന്റെ വരവു കണ്ട് മീനുണക്കിക്കൊണ്ടിരുന്ന പെണ്ണുങ്ങളിലൊരുത്തി തൊള്ളയിട്ടു.
തിരയ്ക്കുമീതെ ചിലയ്ക്കുന്ന പറവകളെയും മാഞ്ചുവാനൂലിൽ പറക്കുന്ന മാച്ചാൻ പട്ടങ്ങളെയും നോക്കി അവൻ പെണ്ണുങ്ങളുടെ പള്ളു പേടിച്ച് മൺതിട്ടയിലിരുന്നു. അച്ചമ്മ അടുത്തേക്ക് എത്തിയതും വീണ്ടും ഓടി.
അമ്മവീട്ടിലെത്തിയതോടെ അവനു പിന്നേം എന്തെങ്കിലും തിന്നാൻ കിട്ടിയാൽ കൊള്ളാമെന്നു തോന്നി. ഉറക്കം വരുന്നതുവരെ അത്താഴമൂട്ടിന് എത്തിയ കുട്ടികൾക്കൊപ്പം കൊത്താൻ കല്ലും ഈർക്കിലിപ്പിരിയും കളിച്ചു. പിറ്റേന്ന് ആണ്ടു കുർബാനയുടെ ഇലയിട്ടൂണ് കഴിഞ്ഞു പടുത അഴിച്ചു തുടങ്ങിയതും കുഞ്ഞാപ്പിയെയും കൂട്ടി അച്ചമ്മ മൺവഴിയിലേക്കിറങ്ങി. വാടകക്കെടുത്ത വട്ടേം ഉരുളിയും കൊടുത്തിട്ട് തിരിച്ചെത്തിയ അമ്മയുടെ മൂത്താങ്ങള സെബാട്ടി തടസ്സം പറഞ്ഞു.
''ഇതെന്നാ പോക്കാ അച്ചമ്മത്തള്ളേ. അവൻ ഞങ്ങട രക്തമല്ലേ. അവനിവിടെ നിക്കട്ടെ രണ്ടൂസം.''
കെട്ടിയോളെ കൊന്നവനാണെന്നൊരു പേരുള്ളതിനാൽ സെബാട്ടിയെ അച്ചമ്മക്കത്ര പിടുത്തമില്ലായിരുന്നു. ലോഡുസൈക്കിളിന്റെ പിന്നിലിരുത്തി ചെക്കനെ അയാൾ കൊണ്ടുപോകുമ്പോൾ എതിരു പറയാനാവാതെ അവർ തിരിച്ചുകയറി.
പോകുന്ന പോക്കിൽ ഉണക്കമീൻ വിൽക്കുന്ന റോമിലിയുടെ കടയിൽനിന്നു സെബാട്ടി തെറുപ്പു ബീഡി വാങ്ങി. വാവട്ടമുള്ള ചില്ലുകുപ്പിയുടെ മൂടി തുറന്ന് അവർ അവനൊരു നാൺകട്ടായി എടുത്തുകൊടുത്തു. റോമിലിയോടു പറഞ്ഞതിന്റെ ബാക്കി വഷളുചിരി പെഡൽ ചവിട്ടി കുന്തിക്കേറുന്ന അയാളുടെ കിറിയിലുണ്ടായിരുന്നു. പൊഴിയെത്തിയതോടെ ചൊരിമണ്ണിൽ വീലുപാളി. മൺതിട്ടയിലെ ഒറ്റപ്പെട്ട വീടുവരെ സൈക്കിളുന്തിയ സെബാട്ടിയങ്കയുടെ പിന്നാലെ അവൻ നടന്നു. ക്ഷീണിച്ച് അകത്തേക്ക് കയറിയ കുഞ്ഞാപ്പി ജനാല തുറന്നു. വീടിനുള്ളിലെ കെട്ടവാട, നീരൊഴുക്കിന്റെ തണുപ്പുമായി എത്തിയ പൊഴിക്കാറ്റിനെ മലിനപ്പെടുത്തി.
അന്തിവെട്ടം മുറിക്കുള്ളിലേക്ക് എത്തിയതോടെ പളുങ്കുപാത്രത്തിലെ സ്വർണമീനുകളുടെ തിളക്കം കൂടി. മുട്ടിയുരുമ്മിയുള്ള നീന്തലും നോക്കിനിൽക്കുമ്പോഴാണ് സെബാട്ടി പിന്നിൽവന്ന് നെറ്റിയിലേക്ക് വീണ അവന്റെ മുടി മാടിയൊതുക്കിയത്. നാൺകട്ടയുടെ വെളുത്തതരി നിറഞ്ഞ അവന്റെ ചുണ്ട് തുഴ പിടിക്കുന്ന തഴമ്പൻ കൈകൊണ്ടു അയാൾ അമർത്തി തുടച്ചു.
"നീയിപ്പ എത്രേലായി."
"ഏഴില്."
''നെനക്ക് ഏതു മീനാ വേണ്ടേ.''
വിറച്ചങ്ങനെ നിൽക്കുമ്പോൾ അയാളുടെ പതിഞ്ഞ ഒച്ച.
''ഇതു പെടക്കണ കണ്ടാ.''
7
പിറ്റേന്ന് വെളുപ്പിന് സെബാട്ടിയങ്ക തിരികെ കൊണ്ടുവന്ന് ആക്കുമ്പോൾ അവനു പനിക്കുന്നുണ്ടായിരുന്നു. അച്ചമ്മ അവനെ മാലിപ്പുറത്തെ താലൂക്കാശുപത്രിയിൽ കാണിച്ചു. രണ്ടുദിവസം കഴിഞ്ഞതോടെ നീർക്കെട്ടും പഴുപ്പും വന്ന് കുഞ്ഞാപ്പിക്ക് നടക്കാൻപോലും പറ്റാണ്ടായി. അമർത്തിമുള്ളിയാൽ ചോര വരും. മുള്ളിയില്ലേ നാവി കഴക്കും. ഉയർത്തിക്കെട്ടിയ വെളുത്ത മുണ്ടിനടിയിൽ മൂന്നാലു ദിവസം കുഞ്ഞാപ്പി പിറന്നപടി കിടന്നു. പേരു വെട്ടി വന്ന ദിവസം ഓലക്കുട്ടയിൽ പാൽചൊറകുമായി വന്ന സെബാട്ടിയങ്കയും അച്ചമ്മയും തമ്മിൽ പൊരിഞ്ഞ വഴക്ക്. കാര്യമൊന്നും അറിയാതെ കരക്കാർ മുറ്റത്തു കൂടി. ആളുകളെ തള്ളിമാറ്റിയുള്ള പോക്കിൽ സെബാട്ടിയുടെ ചവിട്ടേറ്റു അമ്മവീട്ടിലെ കല്ലുമ്മേക്കാ പുഴുങ്ങുന്ന കലം ചളുങ്ങി.
അന്തിക്ക് കുഞ്ഞാപ്പിയുടെ അരക്കെട്ടിൽ കുന്തിരിക്കപ്പുക കൊള്ളിക്കുമ്പോൾ അച്ചമ്മ കരഞ്ഞു.
''അച്ചമ്മേട മോൻ ഇനി ആരുവിളിച്ചാലും തനിച്ചെങ്ങടും പോവണ്ടാട്ടാ.''
മുറിവു കരിഞ്ഞതിന്റെ പിറ്റേന്നു കുഞ്ഞാപ്പിയും അച്ചമ്മയും ഞാറക്കടവിലേക്ക് മടങ്ങി. സ്കൂൾപ്പടിയിൽ വണ്ടിയിറങ്ങുമ്പോൾ നല്ല കാറ്റും പെശറും. മഴ നനഞ്ഞ് കോളനിയിലെത്തിയ രണ്ടാളെയും കാത്ത് ചളിവെള്ളത്തിൽ ചാഞ്ഞ വീട്. മോന്തായം ചരിഞ്ഞ് നിലംപറ്റാറായ കൂരയെക്കുറിച്ച് ആധിയൊന്നുമില്ലാതെ അച്ചമ്മയുടെ കോഴികൾ അപ്പോഴും ചിക്കി ചികഞ്ഞു മുറ്റത്തുണ്ട്.
കിടപ്പാടം ചരിഞ്ഞതോടെ അച്ചമ്മയുടെ കൂന് കൂടിയതുപോലെ. സന്ധ്യയാകുമ്പോൾ അയലത്തെ മോനിച്ചേടുത്തി വന്ന് അവരെ വിളിച്ചോണ്ടുപോകും.
''അവൻ ആങ്കുട്ടിയല്ലേ. നീയെന്തിനാ പേടിക്കുന്നേ...''
ചരിഞ്ഞ വീട്ടിൽ കുഞ്ഞാപ്പി തനിച്ച് കിടന്നോളുമെന്ന് മോനിച്ചേടുത്തി ധൈര്യപ്പെടുത്തി. അവനെ കൂടെ കൊണ്ടുപോകാനാവാത്തതിന്റെ കണ്ണീരോടെ അവർ ഇറങ്ങുന്നതും നോക്കി കുഞ്ഞാപ്പി ഇറേത്തിരിക്കും. മൺവഴിയുടെ അറ്റത്ത് രണ്ടാളും മറയുമ്പോൾ അവനെഴുന്നേറ്റ് ഞാറക്കടവിലെ നിറംകെട്ട ഇരുട്ടുവഴിയിലേക്ക് ഇറങ്ങും.
പകലൊന്നുമില്ലാത്ത ഒരു ശാന്തതയാണ് ഞാറക്കടവിന്റെ രാത്രിക്ക്. പതിഞ്ഞ സ്വരത്തിലാണ് ഇരുളൊച്ചകൾ മുളച്ചുവരുന്നത്. ചീവീടിന്റെ, പുള്ളിന്റെ, മരത്തവളയുടെ. നിലാവുള്ള രാത്രികളിൽ കടവിലെ വഞ്ചിയഴിച്ച് കൈത്തോട്ടിലൂടെ തുഴയും. പാടത്തിനപ്പുറത്തെ ഇരുട്ടിലാണ് മിന്നാമിന്നികളുടെ പൊടിവെട്ടങ്ങൾ. നോക്കിയിരിക്കെ വരാൽവാർപ്പുപോലെ അവ പെരുകും.
രായനാണ് പ്രകൃതിപാഠങ്ങളുടെ ആശാൻ. അനക്കമറ്റ വഴികളിൽ പിണഞ്ഞുകിടക്കുന്നവയെ വേർപെടുത്തിയും, ആവശ്യമില്ലാത്തിടത്ത് എത്തിനോക്കിയും അവൻ അതെല്ലാം കൂടെയുള്ളവർക്ക് പൊലിപ്പിച്ചു കൊടുക്കും. കുന്നേപ്പറമ്പിൽനിന്നും മോഷ്ടിക്കുന്നവ വിറ്റ് ചാരായം വാങ്ങും. രായനും കൂട്ടരുമായുള്ള രാത്രിസഞ്ചാരങ്ങളിൽ, തനിച്ചായതിന്റെ സങ്കടമൊക്കെ കുഞ്ഞാപ്പി മറക്കും.
മൂന്നാലുമാസം കഴിഞ്ഞതോടെ പകലിനേക്കാൾ തെളിവോടെ കുഞ്ഞാപ്പിക്ക് രാത്രി നടക്കാമെന്നായി. ഇരുട്ടിലാണ് കാഴ്ച കൂടുതലെന്ന് അവനു തോന്നി. അന്തിയാകുമ്പോൾ ഞാറച്ചില്ലയിലേക്ക് കയറി പറവയെ പിടിക്കാനുള്ള ഊറ്റത്താൽ അവന്റെ കാൽഞരമ്പുകളിൽ രക്തയോട്ടം കൂടും. കൂടെയുള്ളവരോട് അതെല്ലാം പറഞ്ഞപ്പോൾ തന്തക്കാലിനെ ഓർമപ്പെടുത്തി അവനു മറ്റൊരു വിളിപ്പേരുകൂടി വീണു.
''അന്തിപ്പറവ.''
8
കോളനിയിലെ ആദ്യത്തെ വീട് രായന്റേതാണ്. കോലായിലെ ചെറ്റമറ നിറയെ ദൈവത്തിന്റെ പടങ്ങൾ. മനുഷ്യർ മാത്രമല്ല പാമ്പും മൃഗങ്ങളും കാറ്റും സൂര്യനും മരിച്ചുപോയവരും രായന്റമ്മയുടെ ദൈവങ്ങളായിരുന്നു. ചെത്തിയും ചെമ്പകവും വാഴനാരിൽ കെട്ടി അവർ പടങ്ങളിൽ ചാർത്തും. വീടിനു മുന്നിൽ എത്തുമ്പോഴേ ചെമ്പകപ്പൂമണം മൂക്കിലെത്തും. രായന്റമ്മയുടെ മുറ്റത്തുകൂടി മാത്രമേ മറ്റുള്ളവർക്ക് പൊതുവഴിയിലേക്ക് ഇറങ്ങാനാവൂ. പിന്നെയുള്ളത് വെളിയിടം ചുറ്റിയുള്ള വഴിയാണ്. ഗുളികനെ പേടിച്ച് അതിലെ ആരും പോവാറില്ല.
ഉത്സവസീസണിൽ സാക്രീൻ കലക്കിയ വെള്ളത്തിൽ കളറ് ചേർത്ത് രായന്റച്ഛൻ കോളയുണ്ടാക്കും. ഓറഞ്ചുനിറമുള്ള കോളക്ക് മധുരനാരങ്ങയുടെ രുചിയാണ്. സോഡാക്കച്ചവടത്തിന് പറോട്ടിയിൽ പോകാറുണ്ടായിരുന്ന രായന്റച്ഛനെ അവിടെയുള്ളവർ കെട്ടിയിട്ടാണ് മംഗലത്തിനു സമ്മതിപ്പിച്ചത്. പറോട്ടിക്കാരിയായ പുതുപ്പെണ്ണ് കല്യാണത്തിന് നിറഗർഭിണിയായിരുന്നു.
മെലിഞ്ഞ അയാൾക്കൊപ്പം പട്ടുസാരിയുടുത്ത തടിച്ചിപ്പെണ്ണ് മണ്ഡപത്തിലേക്ക് കയറി. വീർത്തുന്തിയ അവരുടെ വയറിലായിരുന്നു കെട്ടിനെത്തിയവരുടെ കണ്ണ്. ആളുകളുടെ കണ്ണേറു കാരണം അവരുടെ കടിഞ്ഞൂൽ പേറിലെ ഇരട്ടക്കുട്ടികൾ രണ്ടും അക്കാരം വന്ന് ചത്തുപോയി. പിന്നീടുണ്ടായ മൂന്നു മക്കളിൽ ഇളയവനായിരുന്നു രായൻ. വലുതായിട്ടും ഒക്കത്തിരിക്കുന്ന കൈക്കുഞ്ഞിനെപ്പോലെ ലാളിച്ചാണ് രായന്റമ്മ അവനെ വളർത്തിയത്.
മുതിർന്നവരെപ്പോലെ മുണ്ടും കേറ്റിക്കുത്തി രായൻ സ്കൂളിലേക്ക് എത്തും. എതിരെ വരുന്ന പിള്ളേരെ ഒരു കാരണവുമില്ലാതെ തല്ലും. ആരെങ്കിലും പരാതി പറഞ്ഞാൽ അവന്റമ്മ വെറുതേ ചിരിച്ചോണ്ടു നിൽക്കും. പള്ളിക്കൂടം വിട്ട് രായൻ വീട്ടിലെത്തുമ്പോൾ ഉറിയിലൊളിപ്പിച്ചു വെച്ച ബോളിയോ അരിതരമോ മൂത്ത ആൺമക്കൾ കാണാതെ അമ്മ അവനെടുത്തു കൊടുക്കും. പഠിക്കാതെ ഉഴപ്പുന്നതിനു സ്നേഹത്തോടെ വഴക്കു പറയും. രായനപ്പോൾ അവരെ ചീത്തവിളിക്കും.
രാത്രി തെണ്ടിത്തിരിഞ്ഞ് നടന്നെങ്കിലും അക്കൊല്ലം അച്ചമ്മയുടെ പ്രാർഥന കുഞ്ഞാപ്പിയെ ജയിപ്പിച്ചു. ജയിക്കില്ലെന്നു കരുതിയെങ്കിലും കരിക്കച്ചിറ സ്കൂളിലെ മുതിർന്ന ക്ലാസിലേക്ക് കളിക്കൂട്ടുകാരൻ മാടമ്പിച്ചിക്കും കേറ്റം കിട്ടി. തോറ്റുകിടന്ന രായന്റെ ക്ലാസിലെത്തിയതിനാൽ രണ്ടു പേർക്കും വലിയ സന്തോഷമൊന്നും തോന്നിയില്ല. ക്ലാസിനുള്ളിലും രായന്റെ മാടമ്പിത്തണലിൽ ഒതുങ്ങേണ്ട സങ്കടം കൊല്ലപ്പെടുന്ന ദിവസം വരെ മാടമ്പിച്ചിയുടെ മുഖത്തുണ്ടായിരുന്നു.
9
രാത്രി സഞ്ചാരം കഴിഞ്ഞെത്തുന്ന കുഞ്ഞാപ്പി സോഡാക്കടയുടെ പലകത്തട്ടിൽ ചാക്കു വിരിച്ച് കിടക്കും. ഞാറച്ചുവടിനടുത്താണ് രായന്റച്ഛന്റെ സോഡാക്കട. കടക്കു മുന്നിൽ മുള്ളിയതിനു വഴക്കുപറഞ്ഞെങ്കിലും അവനവിടെ കിടക്കുന്നതിനോട് അയാൾക്ക് എതിർപ്പൊന്നുമില്ലായിരുന്നു. രായന്റച്ഛന്റെ വഴക്ക് കേട്ടതിൽ പിന്നെ മരിച്ചുപോയ അപ്പൻ ചെയ്യാറുള്ളതുപോലെ, മുള്ളാൻമുട്ടിയാൽ തോട്ടിലേക്ക് ചാഞ്ഞ ചില്ലയിൽ കയറി അവനത് സാധിക്കും. കിളിക്കൂടു തുറന്നുള്ള അവന്റെ ഉപ്പുവെള്ളം ഞാറക്കമ്പിന്റെ കവരകളിൽ വീണുചിതറും. ഒച്ച കേട്ടുണരുന്ന പറവകൾ കണ്ണുതുറന്ന് നോക്കുമെങ്കിലും തല പിന്നെയും ചിറകിലൊളിപ്പിച്ചു ഉറക്കം തുടരും.
കടയുടെ പിന്നിലെ കാട്ടുചേമ്പും കറുകയും നിറഞ്ഞ തോട്ടിൻകരയിലൂടെ ആളില്ലാ ചതുപ്പിലെത്താം. പൊക്കപ്പുല്ല് വകഞ്ഞു ഉള്ളിലേക്ക് ചെന്നാൽ കാട്ടിൽ അകപ്പെട്ടതുപോലെ തോന്നും. ചതുപ്പ് നിറഞ്ഞ സ്ഥലമൊക്കെ അച്ചമ്മയുടെ ചെറുപ്പത്തിൽ ചീങ്കണ്ണികൾ ഇറങ്ങുന്ന വെള്ളക്കെട്ടുകളായിരുന്നു. കെട്ടിന് അരികിലെ വരമ്പിലൂടെ കുറച്ചുദൂരം ചെന്നാൽ ചെങ്കല്ലടർന്ന ഒരു കോവിലുണ്ട്. ഞാന്നു കിടക്കുന്ന ഓട്ടുമണിയിൽ തലമുട്ടാതെ കയറി ഒരാൾക്ക് ചമ്രംപടിഞ്ഞിരിക്കാം. പണ്ടെങ്ങോ കാടിറങ്ങി ഞാറക്കടവിലെത്തിയ മലയരയൻ പണിത കോവിലാണെന്ന് രായന്റമ്മ പറയും. അയാൾക്ക് വെച്ചുപൂജയും മൃഗബലിയുമൊക്കെ ഉണ്ടായിരുന്നു. തോട്ടിൻകരയിലെ പുല്ലുചെത്തുമ്പോൾ മാറുമറയ്ക്കാത്തൊരു പെൺകൊച്ച് തിരുവാഭരണവുമണിഞ്ഞ് കോവിലിന്റെ പടിയിറങ്ങുന്നത് രായന്റമ്മ കാണാറുണ്ട്.
മാസമുറ വരുമ്പോഴെല്ലാം രായന്റമ്മ ഓരോന്നങ്ങനെ കാണും. അപ്പോഴൊക്കെ തോട്ടിൻകരയിലേക്ക് ഓടിച്ചെന്നു അന്തിവരെ കല്ലുപോലെ ഒറ്റനിൽപാ. കരിക്കലാകുമ്പോൾ വീണ്ടുമൊരു മരണപ്പാച്ചിൽ. പൊളിഞ്ഞ കോവിലിലേക്ക് ഓടിയണച്ചു കയറും. കൽവിളക്കിൽ തിരിതെളിക്കും. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ മലയിറങ്ങി വന്ന മലയരയനാണെന്ന ഭാവത്തിൽ വെറ്റിലേം മലരുംപോലെ കാട്ടുപൂക്കൾ ജപിച്ചു കൊടുക്കും.
ഒരുദിവസം പാട്ടിപ്പറമ്പിലെ ഞാറമണ്ടയിലേക്ക് കയറുമ്പോഴാണ് കുഞ്ഞാപ്പിയത് കാണുന്നത്. സന്ധ്യയായതേയുള്ളൂ. മങ്ങിയ വെട്ടത്തിൽ രായന്റമ്മ പാച്ചിയൊക്കെ പുറത്തുകാട്ടി, ചുവന്ന പട്ടും അരയിൽ ചുറ്റി മലയരയന്റെ കോവിലിലേക്ക് പോകുന്നു. കാറ്റിനെപ്പോലും പേടിപ്പിച്ച് അവരുടെ കാൽച്ചിലങ്കയുടെ ഒച്ച. ചില്ലേന്ന് കാലു തെറ്റിയെങ്കിലും കുഞ്ഞാപ്പി ഞാറക്കമ്പിൽ പിടിച്ചുനിന്നു. കമ്പുലയുന്ന സ്വരം കേട്ട് മുകളിലേക്ക് നോക്കിയ അവരുടെ കണ്ണിൽ തീപ്പന്തങ്ങൾ. മരച്ചില്ലയിലേക്ക് വലിഞ്ഞു കയറുന്നവനെ നോക്കി കാട്ടുപൂക്കൾ ചുരുട്ടിപ്പിടിച്ച അവരുടെ വലംകൈ ഉയർന്നു. മൂന്നാവർത്തി ഉഴിഞ്ഞിട്ട് അവരത് മുകളിലേക്ക് എറിഞ്ഞു. കടന്നൽകൂടിളകിയതുപോലെ കാട്ടുപൂക്കൾ പറന്നെത്തി തന്റെ തലക്കു ചുറ്റും വട്ടമിടുന്നപോലെ കുഞ്ഞാപ്പിക്ക് തോന്നി. കണ്ണിലേക്ക് ഇരുട്ടു കയറി. ഉറക്കത്തിലെന്നപോലെ ചില്ലയിൽനിന്നൂർന്നിറങ്ങി അവൻ അവരുടെ പിന്നാലെ ചെന്നു. കോവിലിൽ എത്തിയതും കൽവിളക്കിൽ രായന്റമ്മ തിരിയിട്ടു. ഓട്ടുമണി മുഴക്കി അകത്തേക്ക് കയറിയ അവർ അഴിച്ചിട്ട ചുവപ്പു പട്ടിന്റെ മേലെ ഇരുന്നു. തുടകൾ ചേരുന്നിടത്തെ അഴുക്കുചോര അടിയുടുപ്പിലേക്ക് പടർന്നുകൊണ്ടിരുന്നു. വിളറി നിന്ന അവന്റെ നേരെ അവർ പൂവും മലരും ഉഴിഞ്ഞെറിഞ്ഞു.
ഒരു തണുത്ത കാറ്റ് താണിറങ്ങി കൽവിളക്കിലെ തിരിയുലച്ചു, പള്ളിമണി മുഴങ്ങി. കുഞ്ഞാപ്പിയേ എന്നുള്ള അച്ചമ്മയുടെ നീട്ടിവിളി. സ്ഥലകാലം വീണ്ടെടുത്തതോടെ അവൻ പുണ്യാളനെയും വിളിച്ച് തിരിഞ്ഞോടി. കയ്യാല ചാടി അവന്റെ മേലാസകലം മുറിഞ്ഞിരുന്നു. മൂന്നു ദിവസം പൊള്ളിക്കിടന്നവന് പുത്തൻവെള്ളം വാഴ്വിട്ടു കൊടുത്തപ്പോഴാണ് പനി വിട്ടത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.