38
ഇരുട്ടായതോടെ ചത്തുപോയ കുട്ടിത്തേവാങ്കിന്റെ കരച്ചിൽ കുഞ്ഞാപ്പി വീണ്ടും കേട്ടു. ചിലപ്പോഴത് മടിയിലേക്ക് ഊർന്നിറങ്ങുന്നതായി തോന്നി. എഴുന്നേറ്റ് തുരുമ്പുവീപ്പയിലെ ചവറിനു തീയിട്ടു. ഞാറച്ചില്ലകളിലൂടെ നീങ്ങുന്ന ആത്മാക്കളെപ്പോലെ എടുപ്പിലേക്ക് പടരുന്ന പുകച്ചുരുളുകളും നോക്കിയിരിക്കെ, പതിവില്ലാതെയൊരു അലട്ടൽ. അതെന്താണെന്ന് തിരിച്ചറിയാൻ അവന് കഴിഞ്ഞതുമില്ല. പുഴയും ഇരുട്ടും തണുപ്പുമെല്ലാം ചേർന്ന് അതിന്റെ ആക്കംകൂട്ടിക്കൊണ്ടിരുന്നു.
രായൻ വല്ലപ്പോഴുമേ വരാറുള്ളൂ. രാത്രിയവൻ തെക്കേച്ചിറയിലാണ് തങ്ങുന്നത്. എവിടെ ചെന്നാലും അന്തിക്കൂട്ടിനൊരു പെണ്ണ് അവന് പതിവാണ്. കുറച്ചുദിവസം രായനെ കാത്തിരുന്നിട്ട് കുഞ്ഞാപ്പി പണിക്കു പോകാൻ തുടങ്ങി.
ഒരാഴ്ചയോളം വിറകു കീറലായിരുന്നു. വിയർത്തൊലിച്ച് സന്ധ്യയോടെ മടങ്ങും. എന്നാലും അന്തിക്ക് കടവിലിറങ്ങി കുളിക്കാൻ മടിയാണ്. രായനുള്ളപ്പോൾ എടുപ്പിലേക്ക് കയറാൻ പേടിച്ചിരുന്ന പട്ടികൾ അവന്റെ അടുത്തേക്കു വന്നുതുടങ്ങി. വാലാട്ടിയെത്തിയ നായ്ക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് പുഴയിലേക്ക് വെറുതെ നോക്കിയിരുന്നു.
അക്കരക്കടവിൽനിന്ന് കിളവന്റെ പാട്ടു കേട്ടുതുടങ്ങി.
കർമലീന്ന് ഇടക്കിടെ അയാൾ നീട്ടിവിളിക്കുന്നത് കേൾക്കാം.
പള്ളിക്കുശിനിയിലെ പണിക്കാരിയായ പെണ്ണ് അന്തിക്കാണ് വീട്ടിലെത്തുക. അടുക്കളച്ചായ്പിലെ ജോലികഴിയുന്നതോടെ പാട്ടവിളക്കും കത്തിച്ച് അവൾ കടവിലിറങ്ങും. വേർപ്പിലൊട്ടി കിടക്കുന്നതെല്ലാം ഊരിവെച്ച് പെണ്ണ് നീന്തുന്നതും, നീണ്ടമുടി വെള്ളത്തിൽ ഇളകുന്നതുമൊക്കെ അവന്റെ കാഴ്ചകളിൽ നിറയും. അക്കരക്കടവിലേക്ക് നീന്താൻ തോന്നും. എന്നാലും, അതിനുള്ള ധൈര്യമില്ല. മനസ്സൊന്നു മൂളി വരുന്നതോടെ, വിളക്കുമെടുത്ത് അവൾ കയറിപ്പോയിട്ടുണ്ടാവും.
ചന്തക്കടവിലെ പണിയും കഴിഞ്ഞെത്തിയ രാത്രി പേടിച്ചിട്ടാണെങ്കിലും അവൻ അക്കരക്ക് നീന്തി. ഓളത്തിനു മീതെ മുങ്ങാംകുളിയിട്ട് പൊന്തുന്നവനെ കണ്ട് ചെറുവഞ്ചിക്കാർ വഴിമാറി തുഴഞ്ഞു. പായൽക്കൂട്ടങ്ങളുടെ മറപറ്റി അടുത്തേക്ക് ചെന്നതും, പെണ്ണ് കരക്കു കയറി അപ്പനെ വിളിച്ചു.
പിറ്റേന്ന് ഉണർന്നതോടെ കുഞ്ഞാപ്പിക്കൊരു പേടി. മൂന്നാലു ദിവസമത് നീണ്ടുനിന്നു. ഒരു ദിവസം വൈകീട്ട് പതിവില്ലാതെ രായനെത്തി. എടുപ്പിലേക്ക് കയറിയ പട്ടികളെ അവൻ ഓടിച്ചെങ്കിലും കുറച്ചു കഴിഞ്ഞ് അതുങ്ങൾ വീണ്ടും വന്നു. കൂട്ടത്തിൽ ചെറുതിനെ അണച്ചുപിടിച്ച് കുഞ്ഞാപ്പി അക്കരക്കടവിലേക്ക് നോക്കിയിരുന്നു. ഇരുട്ടുവീണു തുടങ്ങിയപ്പോൾ വലിച്ചുകൊണ്ടിരുന്നത് കുത്തിക്കെടുത്തി രായൻ എഴുന്നേറ്റു.
"നീ പണിക്കു പോകാൻ തുടങ്ങിയല്ലേ. ഒരു നൂറിങ്ങെടുക്ക്."
"നമ്മളൊരാവശ്യത്തിനു കരുതിവെച്ചിരിക്കുവല്ലേ രായാ."
"അതൊക്കെ നടന്നോളും."
കാശും വാങ്ങി രായൻ പോകാൻ കാത്തുനിന്നതുപോലെ കുഞ്ഞാപ്പി പുഴയിലേക്കിറങ്ങി. ഇരുട്ടിലൂടെ സാവകാശം അക്കരക്ക് നീന്തി. പാലത്തിനടിയിലെ എടുപ്പിൽനിന്നും കർമലിയുടെ വീട്ടിലേക്കൊരു ആയുസ്സിന്റെ ദൂരമുണ്ടെന്ന് അവനു തോന്നി.
തളർന്നാലും ഞാറമണ്ടയിലേക്ക് ചിറകു വിരിക്കുന്നവനാണ് പറവ. നീ പറവയുടെ മകനാണ്. പതറാതെ മുന്നോട്ടുപോകണം. തണുത്ത കാറ്റിൽ അച്ചമ്മയുടെ സ്വരം കേട്ടു. അവൻ കൈയെടുത്തു തുഴഞ്ഞു. ഇടക്ക് ഒഴുകിയെത്തുന്ന പായൽക്കൂട്ടങ്ങളിലെ പറവകൾ കൊക്കുരുമ്മുന്നു. ഇരുട്ടിൽ തെളിയുന്ന കാഴ്ചയിൽ ഒരുണർവ്. ഇണകളെ ശല്യപ്പെടുത്താതെ ഇലപ്പടർപ്പുകളുടെ മറവിലൂടെ അവൻ മുന്നോട്ടു നീങ്ങി.
പൂപ്പരത്തികൾ മറയൊരുക്കിയ കർമലിയുടെ വീടൊരു പറവക്കൂടായി. മുനിഞ്ഞു കത്തുന്ന പാട്ടവിളക്ക് കടവിലേക്ക് എത്തുന്നതും കാത്ത് അവന്റെ ഉള്ളനടി വെള്ളത്തിൽ കുതിർന്നു. തണുത്തു വിറക്കുന്നൊരു ആൺനോട്ടം ശരീരത്തെ ഉരുമ്മുന്നതറിയാതെ പെണ്ണ് വെള്ളത്തിലേക്ക് ഇറങ്ങി. ഇരുട്ടിൽ അവളുടെ ദേഹക്കാഴ്ചകളുടെ അവ്യക്തതകളെ ഉള്ളിലൊളിപ്പിച്ച സ്നേഹത്താൽ കുഞ്ഞാപ്പി പൊലിപ്പിച്ചുകൊണ്ടിരുന്നു.
നാലാം ദിവസമാണ് വലയിൽ കുടുങ്ങിയത്.
തന്തേം മോളും കൂടി പിടിച്ചു കേറ്റി ചിമിട്ടായൊന്നു പൊട്ടിച്ചു. ചീത്തവിളിയും അടിയും കൊണ്ടെങ്കിലും മറുത്തൊന്നും പറയാതെ ചുണ്ടിലെ ചോരയും തുടച്ച് കുഞ്ഞാപ്പി അവരുടെ മുറ്റത്ത് കുത്തിയിരുന്നു. മകളെ ശല്യപ്പെടുത്തുന്നവനെ പിടിക്കാൻ, വീശുവലയുമായി കിളവൻ ഇരുട്ടത്ത് കാത്തിരിപ്പു തുടങ്ങിയിട്ട് മൂന്നാലു ദിവസം കഴിഞ്ഞിരുന്നു.
"നീയാ വിളക്കിങ്ങെടുത്തേ."
ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ നിസ്സഹായതയുടെ മുന്നിൽ ദുമ്മിനിക്കൊരു അയവു വന്നു. കർമലി തടസ്സം പറഞ്ഞിട്ടും അയാൾ അഴയിൽനിന്നും കളമുണ്ടെടുത്ത് അവനു കൊടുത്തു. ചിറിയിലെ ചോര കീറതോർത്തിനു തുടയ്ക്കുമ്പോൾ നിഷ്കളങ്കത നിറയുന്ന ഒരു പിടച്ചിൽ അയാളവന്റെ കണ്ണിൽ കണ്ടു. വരാന്തയിലേക്ക് പിടിച്ചിരുത്തി, കാര്യങ്ങൾ അന്വേഷിച്ചു. നാടുവിട്ടുപോയതു മുതലുള്ള സംഭവങ്ങളെല്ലാം പറയുന്നതിനിടയിൽ കുഞ്ഞാപ്പിയുടെ വാക്കുകൾ ഇടറി. ഈശോയുടെ മകനാണെന്ന് അറിഞ്ഞതും, അയാൾക്ക് അവനോടൊരു സ്നേഹം തോന്നി.
പുഴ കടന്നെത്തിയവന്റെ വരവോടെ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളൊന്നും അറിയാതെ അയാൾ പലകത്തട്ടിൽ വെച്ചിരുന്ന ചാരായക്കുപ്പിയെടുത്തു.
തടിമില്ലിലെ പണിക്കാരനായിരുന്നു ദുമ്മിനി. മരം അറുപ്പിനു കുഞ്ഞാപ്പിയുടെ അപ്പൻ ഈശോയെയാണ് കൂടെക്കൂട്ടിയിരുന്നത്. പണിക്കുപോകാൻ മടിയനായിരുന്ന 'പറവ' ദുമ്മിനി വിളിക്കുമ്പോഴെല്ലാം അനുസരണയോടെ ചെല്ലും. പറവയുമായി ദുമ്മിനിക്ക് നല്ല അടുപ്പമായിരുന്നു. താങ്ങുവെട്ടിലേക്ക് കയറ്റുന്ന വലിയ തടിയുരുളുകൾ അറക്കവാളുകൊണ്ട് രണ്ടാളും കൂടിയാണ് നെടുകെ പൊളക്കുക. പറവയെപ്പോഴും മുകളിലും ദുമ്മിനി താഴെയുമിരുന്നാണ് മരം അറുത്തിരുന്നത്. ചിറകു വിരിച്ചവനെപ്പോലെ മരത്തടിക്കു മുകളിൽ നിൽക്കാറുള്ള പറവയുടെ പാട്ട് അയാൾ ഉറക്കെ പാടി. കുഞ്ഞാപ്പിയുടെ വിരലുകളിലേക്ക് പിതൃതാളത്തിന്റെ ചൂരിറങ്ങി. പെണ്ണിന്റെ ദേഷ്യത്തോടെയുള്ള നോട്ടം ഗൗനിക്കാതെ അവനും കൊട്ടിപ്പാടാൻ തുടങ്ങി.
തളപ്പില്ലാതെ ഞാറയിലേക്ക് കയറുന്ന പറവ മുന്നിലിരുന്ന് കൊട്ടിപ്പാടുന്നപോലെ ദുമ്മിനിക്ക് തോന്നി. ഒഴിച്ചുവെച്ചത് ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ മുന്നോട്ട് ആഞ്ഞിരുന്നു.
"വലേ കുടുങ്ങിയപ്പ തന്നെ ഈശോടെ മോനാന്ന് നിനക്ക് പറഞ്ഞൂടായിരുന്നോ."
അപ്പന്റേം മോളുടേം തല്ല് കുഞ്ഞാപ്പിയോർത്തു. നിർത്താതെയുള്ള കീറിൽ ഒന്നു ഞരങ്ങാനുള്ള നേരം കൂടി കിട്ടിയില്ല. കിറിയിലെ ചോരയൊപ്പിയുള്ള അവന്റെ നോട്ടം കണ്ട് പെണ്ണ് അകത്തേക്ക് കയറി.
പാട്ടവിളക്ക് ഉയർത്തി ദുമ്മിനി അവന്റെ ചുണ്ടിലെ മുറിവ് നോക്കി.
"പല്ല് കോർത്തതാ."
കുടിച്ചിരുന്ന ഗ്ലാസിൽ വിരൽ മുക്കി അയാൾ മുറിവിൽ തേച്ചു കൊടുത്തു.
വിറ്റുതുലയ്ക്കുമെന്ന പേടിയിലാണ് കുഞ്ഞാപ്പിയുടെ അപ്പാപ്പൻ വീടും പറമ്പും മകന്റെ പേരിൽ എഴുതാതെ അച്ചമ്മക്ക് തീറെഴുതിയതെന്ന് അയാൾ പറഞ്ഞു.
"കാലിനു സ്വാധീനക്കുറവുള്ളവളല്ലേ. പെരുവഴിയിലാകരുതെന്ന് നിന്റെ അപ്പാപ്പൻ വിചാരിച്ചിട്ടുണ്ടാവും."
ഗ്ലാസിലുള്ളത് അണ്ണാക്കിലേക്ക് കമഴ്ത്തിയിട്ട് ദുമ്മിനി സംസാരം തുടർന്നു.
"കോളനിയിൽനിന്നും നിന്റെ അച്ചമ്മയാ ഒടുക്കം കുടിയിറങ്ങിയത്. ഫിലിപ്പ് കൊടുത്ത കാശു മുഴുവൻ വടക്കെങ്ങാണ്ടുള്ള മഠത്തിലമ്മമാർക്ക് കൊടുത്തു. മരണം വരെ നോക്കിക്കൊള്ളാമെന്നും പറഞ്ഞാണ് കന്യാസ്ത്രീകൾ പണം കൈപ്പറ്റിയത്. പയറുപോലെ നടന്നുപോയവളാ. ഒരാണ്ടുപോലും തികയ്ക്കാണ്ടല്ലേ
ചത്തുപോയത്."
അയാളതും പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി. കുഞ്ഞാപ്പി ഇരുട്ടിലേക്ക് നോക്കിയിരുന്നു. പാലത്തിനടിയിലെ എടുപ്പ് അവ്യക്തമായി കാണാം. തെങ്ങിൻതടത്തിലേക്ക് ഓല വീഴുന്ന ഒച്ച. അക്കരക്കടവിലെ പട്ടികൾ അപ്പോൾ നീട്ടി ഓരിയിട്ടു.
പൂപ്പരുത്തിയുടെ നിഴലിൽനിന്ന് ദുമ്മിനി കൈലി പൊക്കിപ്പിടിച്ചു. മൂത്രച്ചൂടിന്റെ ഉറവ ഇറ്റിറ്റുനിന്നതോടെ അയാൾ കളമുണ്ട് കുടഞ്ഞുടുത്തു.
"നിന്റെ കൈയില് പൈസ വല്ലതുമുണ്ടോ."
വീണുപോയ വീട് പുതുക്കി പണിയാനും, അച്ചമ്മക്ക് കോഴികളെ വാങ്ങിക്കൊടുക്കാനുമായി കരുതിയ കുറച്ചു പണം കൈയിലുണ്ടെന്ന് കുഞ്ഞാപ്പി പറഞ്ഞു. അതു കേട്ടതും ദുമ്മിനിക്ക് അവനോടു സ്നേഹം കൂടി. ഗ്ലാസിലേക്ക് ഒരെണ്ണം കൂടി ഒഴിച്ചു.
"നമുക്കൊരു കട തുടങ്ങിയാലോ."
ഉത്സാഹത്തോടെ ചായ്പിലേക്ക് കയറി കറിച്ചട്ടി അങ്ങനെ തന്നെ അയാൾ എടുത്തോണ്ടു വന്നു. അതിന്റെ വക്കിൽ മീൻചാറ് ഉണങ്ങിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ കാറ്റിൽ ചാഞ്ഞുപോയ വീട് അവന് ഓർമ വന്നു. വിളക്കും പിടിച്ചു ഇരുട്ടിലൂടെ ഏന്തിവലിഞ്ഞു പോകുന്നൊരു നിഴലവന്റെ കണ്ണിൽ തെളിഞ്ഞു. ചരിഞ്ഞ വീടിന്റെ ഇളംതിണ്ണയിലിരുന്ന് കഞ്ഞി വിളമ്പുമ്പോഴുള്ള അച്ചമ്മയുടെ നീട്ടിവിളി.
അവന്റെ സംസാരം കേട്ട് അകത്തെ മുറിയിൽ കിടന്നിരുന്ന പെണ്ണെഴുന്നേറ്റ് കഞ്ഞിക്കലം കൂടി എടുത്തുകൊടുത്തു.
"തിന്നേച്ചുടനെ പൊക്കോണം."
അവളുടെ ദേഷ്യമൊന്നും കാര്യമാക്കാതെ ദുമ്മിനി ഉറക്കെ ചിരിച്ചു.
''ഇത് നമ്മുടെ കൊച്ചനാടീ. ഈശോടെ മോൻ.''
''എന്നാപ്പിന്നെ അപ്പനയാളെ രൂപക്കൂട്ടിലേക്ക് വെയ്ക്ക്.''
39
സന്ധ്യക്ക് ദുമ്മിനിയെ കാണാൻ പോകുന്നത് കുഞ്ഞാപ്പിക്കൊരു പതിവായി. അടുക്കളപ്പണിയിൽ ആയിരിക്കുമ്പോഴും ഇറയത്തെ സംസാരം കർമലി ശ്രദ്ധിക്കും. കുഞ്ഞാപ്പിയുമായുള്ള അടുപ്പത്തോടെ അപ്പനൊരു മാറ്റം വന്നിട്ടുണ്ട്. പഴയപോലെ ചീത്തവിളിയും ബഹളവുമൊന്നുമില്ല.
കുഞ്ഞാപ്പി കൊണ്ടുവരുന്ന അന്തിക്കള്ളും കുടിച്ചിരിക്കും. ഷാപ്പിലേക്ക് പോകുന്ന പതിവ് അയാൾ ഉപേക്ഷിച്ചു. വീശുവലയിൽ ബ്രാലുകൾ കുടുങ്ങിയതുപോലൊരു ഉണർവ് അയാളുടെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
"നീയീ കൊതുകു കടീം കൊണ്ടെങ്ങനാ പാലത്തിനടീല്."
അയാളുടെ പതിവു ചോദ്യങ്ങളെ ഗൗനിക്കാതെ അവൻ മുറ്റത്തേക്കിറങ്ങി. അഴിഞ്ഞു തുടങ്ങിയ ഉടുമുണ്ട് കേറ്റിയുടുത്ത് ദുമ്മിനി പിന്നാലെ ചെന്നു.
"എന്താ നിനക്കൊരു ആലോചന."
"കട തുടങ്ങാനുള്ള പൈസ രായൻ ചോദിച്ചു. അവനൊരു സ്ഥലം കണ്ടുവെച്ചിട്ടുണ്ട്."
പാലത്തിനിറക്കത്തെ പുറമ്പോക്കിലാണ് ചായക്കട തുടങ്ങുന്നതെന്ന് പറഞ്ഞപ്പോൾ ദുമ്മിനിക്ക് സംശയം.
''പള്ളിവക സ്ഥലമല്ലേ. അച്ചനോട് ചോദിക്കേണ്ടിവരുമല്ലോ.''
കുഞ്ഞുന്നാളു മുതലേ കുഞ്ഞാപ്പിക്ക് ചായക്കട ഇഷ്ടമായിരുന്നു. ചന്തക്കടവിലെ മാധവന്റെ ചായപ്പീടികയിലാണ് രായനെയും കുഞ്ഞാപ്പിയെയും അച്ചമ്മ കൂട്ടിക്കൊണ്ടുപോയിരുന്നത്. അവിടത്തെ പൊരിമണവും ചായമട്ടിന്റെ വേവുഗന്ധവും അവന്റെ മൂക്കിലെത്തി. ചില്ലലമാര നിറയെ എണ്ണ പലഹാരങ്ങളുണ്ടാവും. അരിതരം, ബോണ്ട, മടക്ക്, സവാളബജി, കുഴലപ്പം, അവുലോസുണ്ട, അവല് വിളയിച്ചത്, പഴംപൊരി, പരിപ്പുവട, ഉണ്ണിയപ്പം, മുറുക്ക്, പക്കാവട, ഉള്ളിവട, നെയ്യപ്പം, സുഖിയൻ, ഉണ്ടംപൊരി, അങ്ങനെ എത്രയെത്ര പലഹാരക്കൂട്ടങ്ങൾ.
മാധവന്റെ ഭാര്യയായിരുന്നു ചായയടിക്കാരി. ദേഹമിളക്കിയുള്ള ചായയടി കാണുമ്പോൾ കടയിലെത്തുന്നവരുടെ മനസ്സും പതഞ്ഞു പൊങ്ങും.
അരയണയായിരുന്നു ഒരു കണ പുട്ടിനും കടലക്കറിക്കും. അതു വാങ്ങി അച്ചമ്മ പകുത്തു തരും. മൂന്നുകഷണമാണ് ഒരു കണ. ഓരോന്നിനും ഇടയിൽ ഏലക്ക പൊടിച്ചു പഞ്ചാര ചേർത്ത തേങ്ങാപ്പീര കാണും. ഒരു കഷണം രായനു കൊടുക്കും. ഒരെണ്ണം കുഞ്ഞാപ്പിക്കും. പിള്ളേരുടെ വെപ്രാളം പിടിച്ചുള്ള തീറ്റി കാണുമ്പോൾ തനിക്കുള്ളതുകൂടി കുട്ടികളുടെ വാഴയിലയിലേക്ക് അച്ചമ്മ എടുത്തുവെക്കും. ഇല കാലിയാകുമ്പോഴേ രായൻ തലപൊക്കൂ. അപ്പോഴേക്കും കാലിച്ചായയും കുടിച്ച് അവരെഴുന്നേറ്റ് ഒരു പൊതിമുറുക്കാൻ വാങ്ങും.
ചന്തക്കടവിൽ ചായക്കട തുടങ്ങാനായിരുന്നു കുഞ്ഞാപ്പിക്ക് ഇഷ്ടം. രായനാണ് പാലത്തിന്റെ വളവിൽ മതിയെന്ന് വാശി പിടിച്ചത്. പുഴക്കടവിലേക്ക് ചേർന്നുള്ള കടയാണെങ്കിൽ വെപ്പും കഴുകലുമൊക്കെ എളുപ്പമായിരുന്നു. പുട്ടും കടലേം, വെള്ളേപ്പവും മുട്ടറോസ്റ്റുമൊക്കെയായി ചായക്കടമണങ്ങൾ കടവിൽ നിറയും. ചരക്കുമായി ആളുകൾ എത്തുന്നതിനാൽ കച്ചവടവും നന്നായി നടന്നേനെ.
"നീയെന്തിനാ എപ്പോഴും രായനെ താങ്ങി നടക്കുന്നേ."
"അവനില്ലാതെ പറ്റില്ല."
ദുമ്മിനി അതു കേട്ടിട്ട് കുറച്ചുനേരം മിണ്ടാതിരുന്നു. കുഞ്ഞാപ്പി അയാളുടെ ഒഴിഞ്ഞ ഗ്ലാസിലേക്ക് കള്ളൊഴിച്ചു കൊടുത്തു.
"ഒരു ഷെഡ് പണിതിട്ട് പടുതകൊണ്ടു തൽക്കാലം മറയ്ക്കാം. അതിനുള്ള പൈസയെ കൈയിലുള്ളൂ."
''അതു മതി. പള്ളീടെ പിന്നാമ്പുറത്ത് കുറച്ച് പഴയ ബഞ്ചു കിടപ്പുണ്ട്. അനുവാദത്തിനു മേടയിലേക്ക് ചെല്ലുമ്പോൾ നീയതുകൂടി അച്ചനോട് ചോദിച്ചു നോക്ക്.''
''കിട്ടുവോ.''
''മാമ്പള്ളിയച്ചനോട് ഞാൻ പറയാം. എന്റെ മോൾക്ക് അവിടല്ലേ പണി.''
കുശിനിയിലെ പണിക്കാരിയാണ് കർമലിയെങ്കിലും മാമ്പള്ളിയച്ചന് അവളുടെ അപ്പൻ ദുമ്മിനിയെ അത്ര പിടുത്തമല്ല. ഒന്നാമത് ഞായറാഴ്ചപോലും അയാൾ പള്ളിയിൽ കയറില്ല. ഇടക്ക് മകളെ കാണാൻ കുശിനിയിൽ ചെല്ലുമ്പോഴൊക്കെ കുടിക്കാൻ അച്ചനോടും കാശു ചോദിക്കും.
അച്ചനെ കാണാൻ വരാമെന്നു ദുമ്മിനി സമ്മതിച്ചതിന്റെ സന്തോഷത്തോടെ കുഞ്ഞാപ്പി കർമലിയുടെ വീട്ടിൽനിന്നിറങ്ങി.
രണ്ടു ദിവസം കഴിഞ്ഞിട്ടും കൂട്ടുവരാമെന്നു പറഞ്ഞ ആളെ കാണാതായപ്പോൾ തെക്കേച്ചിറ ചുറ്റി കുഞ്ഞാപ്പി ദുമ്മിനിയുടെ വീട്ടിലെത്തി. ആളനക്കമുള്ള ലക്ഷണമില്ല. വീടിനു ചുറ്റും നടന്നു. പിന്നാമ്പുറത്തെ പലകത്തട്ടിൽ അയാളുടെ വീശുവലയും ഒറ്റാലുമില്ല. മീൻപിടിക്കാൻ പോയിട്ടുണ്ടാവും. തിരിച്ചു നടക്കുമ്പോൾ അകത്തൊരു അനക്കം കേട്ടു. അവൻ വാതിലിൽ ഒന്നുകൂടി മുട്ടി.
''നിങ്ങള് പള്ളീലോട്ട് ചെല്ലാൻ അച്ചൻ പറഞ്ഞു.''
വാതിൽ തുറന്ന് അതും പറഞ്ഞിട്ട് കർമലി പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി. സാധാരണ സന്ധ്യയാകുമ്പോഴാണ് കർമലി പള്ളിയിൽനിന്നെത്താറുള്ളത്. അവളുടെ വെപ്രാളവും മുടി ഉയർത്തിക്കെട്ടിയുള്ള പോക്കും കണ്ടിട്ട് എന്തോ കുഴപ്പമുള്ളതുപോലെ കുഞ്ഞാപ്പിക്ക് തോന്നി. ഇത്തിരിനേരം കൂടി മുറ്റത്തുനിന്നിട്ട് അവൻ അക്കരക്കു മടങ്ങി.
പള്ളിയിലേക്ക് ഒറ്റക്ക് പോകാനൊരു പേടി. രായനെക്കൂട്ടാമെന്നു വെച്ചാൽ മൂന്നാലു ദിവസമായി അവനെക്കുറിച്ച് ഒരു വിവരവുമില്ല. എന്തിനാവും അച്ചൻ മേടയിലേക്ക് വിളിപ്പിക്കുന്നത്. ഇനി കർമലി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ.
സന്ധ്യമണി അടിക്കുന്നതു വരെ കടവത്ത് കുത്തിയിരുന്ന കുഞ്ഞാപ്പി എഴുന്നേറ്റ് പള്ളിപ്പറമ്പിലേക്ക് നടന്നു. സെമിത്തേരി കഴിഞ്ഞുള്ള നടവഴിയിലേക്ക് കയറുമ്പോൾ എതിരെ സൈക്കിളുമായി മാമ്പള്ളിയച്ചൻ. പൊക്കം കുറഞ്ഞ്, തടിച്ച് വെളുത്തൊരാൾ. കഷണ്ടി കേറിയിട്ടുണ്ട്. കട്ടിെഫ്രയിമിന്റെ കണ്ണട ഉയർത്തിയുള്ള നോട്ടത്തിൽ കുഞ്ഞാപ്പി പരുങ്ങി. അനുവാദം ചോദിക്കാൻ വന്നതൊക്കെ മറന്ന് അവൻ പെട്ടെന്ന് കടവിലേക്ക് തിരിച്ചുപോന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.