കാട്, മഴ, കാലാവസ്ഥ

ലോകത്തിൽ ആൽപ്സ് പർവതനിര കഴിഞ്ഞാൽ കടലും പർവതവും ഏറ്റവും ചേർന്നുനിൽക്കുന്ന സ്ഥലം കേരളമാണ്. ഭൂമധ്യരേഖയിൽനിന്ന് എട്ടു ഡിഗ്രി മാത്രം മാറി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ സ്വാഭാവികമായും കേരളം മരുഭൂമി ആവേണ്ടിയിരുന്ന സ്ഥലമാണ്. പിന്നെ എന്തുകൊണ്ട് മരുഭൂമി ആയില്ല എന്ന് ചോദിച്ചാൽ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സഹ്യപർവതം എന്ന് വിളിക്കുന്ന പശ്ചിമഘട്ടവും സ്ഥിതിചെയ്യുന്നതുകൊണ്ട്. വർഷംതോറും ലഭിക്കുന്ന 3000 മില്ലിമീറ്ററിൽ അധികം വരുന്ന മഴയാണ് കേരളത്തെ സസ്യ ശ്യാമള കോമളമായിട്ടുള്ള ഒരു ഭൂപ്രദേശമാക്കി മാറ്റിതീർത്തത്. കേരളത്തിൽ നമുക്ക് മൂന്ന് വിഭാഗത്തിലുള്ള മഴകളാണ് പ്രധാനമായും...

ലോകത്തിൽ ആൽപ്സ് പർവതനിര കഴിഞ്ഞാൽ കടലും പർവതവും ഏറ്റവും ചേർന്നുനിൽക്കുന്ന സ്ഥലം കേരളമാണ്. ഭൂമധ്യരേഖയിൽനിന്ന് എട്ടു ഡിഗ്രി മാത്രം മാറി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ സ്വാഭാവികമായും കേരളം മരുഭൂമി ആവേണ്ടിയിരുന്ന സ്ഥലമാണ്. പിന്നെ എന്തുകൊണ്ട് മരുഭൂമി ആയില്ല എന്ന് ചോദിച്ചാൽ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സഹ്യപർവതം എന്ന് വിളിക്കുന്ന പശ്ചിമഘട്ടവും സ്ഥിതിചെയ്യുന്നതുകൊണ്ട്. വർഷംതോറും ലഭിക്കുന്ന 3000 മില്ലിമീറ്ററിൽ അധികം വരുന്ന മഴയാണ് കേരളത്തെ സസ്യ ശ്യാമള കോമളമായിട്ടുള്ള ഒരു ഭൂപ്രദേശമാക്കി മാറ്റിതീർത്തത്.

കേരളത്തിൽ നമുക്ക് മൂന്ന് വിഭാഗത്തിലുള്ള മഴകളാണ് പ്രധാനമായും ലഭിച്ചിരുന്നത്. ഒന്നാമത്തെ വിഭാഗത്തിൽ വരുന്ന മഴയെ നമ്മൾ ‘ഹ്യുമിഡിറ്റിക് റെയിൻ’ എന്നാണ് വിളിക്കുന്നത്. ഇതാണ് കാലവർഷവും തുലാവർഷവും. രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന മഴ ‘സൈക്ലോണിക് റെയിൻ’ എന്ന് വിളിക്കുന്ന മഴയാണ്. ഇതാണ് ന്യൂനമർദംകൊണ്ടും ചുഴലിക്കാറ്റ് കൊണ്ടും ഉണ്ടാവുന്ന മഴ. മൂന്നാമത്തെ വിഭാഗത്തിലെ മഴ ‘ഓറോഗ്രാഫിക് റെയിൻ’ എന്ന് വിളിക്കുന്ന മഴയാണ്. ഇതിനെയാണ് നമ്മൾ മലയാളത്തിൽ വേനൽമഴ എന്ന് വിളിക്കുന്നത്. ഓറോഗ്രാഫി എന്ന വാക്കിനർഥം പർവതശിഖരങ്ങൾ എന്നാണ്. പശ്ചിമഘട്ടത്തിലെ മലനിരകളും അവിടത്തെ വിസ്തൃതമായ വനമേഖലകളും ഉള്ളതുകൊണ്ട് ലഭിക്കുന്ന മഴയാണ് ഓറോഗ്രാഫിക് റെയിൻ അല്ലെങ്കിൽ വേനൽമഴ.

ആനമുടി

പക്ഷേ സമീപകാലത്ത് അനിയന്ത്രിതമായ വനനശീകരണംമൂലം വേനൽമഴയുടെ ലഭ്യതയിൽ സാരമായ കുറവ് വന്നിട്ടുണ്ട്. അങ്ങനെയാണെങ്കിലും ആഗോളതാപനം മൂലം ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വേഗം ചൂടുപിടിക്കുന്ന മൂന്നു കടലുകൾ ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അറബിക്കടലും ആണ്. തന്മൂലം അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന പ്രതിഭാസങ്ങൾ പ്രത്യേകിച്ച് അവിടെ ഉണ്ടാവുന്ന ന്യൂനമർദങ്ങളും ചക്രവാതചുഴികളും കേരളത്തിലും പരിസരപ്രദേശങ്ങളിലും പ്രത്യേകിച്ച് തമിഴ്നാട്ടിലും കർണാടകയിലും ഒക്കെ വലിയ മഴയുണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിച്ചു. അറബിക്കടലിൽനിന്ന് ഉയർന്നുപൊങ്ങുന്ന ഉഷ്ണവാതത്തെ തടഞ്ഞുനിർത്തി ഫിൽറ്റർ ചെയ്ത് തണുപ്പിച്ച് കേരളത്തിന്റെ കാലാവസ്ഥയിൽ ഈർപ്പവും കുളിരും പ്രദാനംചെയ്യുന്ന ദൗത്യമാണ് പശ്ചിമഘട്ട മലനിരകൾ നിർവഹിക്കുന്നത്.

ഡെക്കാൻ പീഠഭൂമിയിൽനിന്നും ഒരു നാക്കില തുണ്ടുപോലെ ഒടിഞ്ഞ് പടിഞ്ഞാറേക്ക് അറബിക്കടലിലേക്ക് 70 ഡിഗ്രിയോളം ചരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമാണ് കേരളം. കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന, കേരളത്തിന്റെ ഇടതുവശത്ത് അന്തമാൻ നികോബാർ ദ്വീപ് സമൂഹങ്ങളും വലതുവശത്ത് ശ്രീലങ്കയും ചേരുന്ന ആ ട്രയാങ്കിളിൽ രൂപപ്പെടുന്ന ചക്രവാത ചുഴികളാണ് പലപ്പോഴും കേരളത്തിന്റെ കാലാവസ്ഥതന്നെ നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമായി മാറുന്നത്. പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന 41 പുഴകളെയും കിഴക്കോട്ട് ഒഴുകുന്ന മൂന്ന് പുഴകളെയും സ്വന്തം സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റിയ നാടാണ് കേരളം. കാലത്തിന്റെ അങ്ങേ തലക്കലെങ്ങോ ഉറവുപൊട്ടി ഒഴുകി തുടങ്ങിയ ഈ പുഴകളുടെ സാന്നിധ്യത്തിലാണ് കേരളം അതിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ വിത്തുകൾ പാകിയത്. ചരിത്രസ്പന്ദനങ്ങൾക്ക് കാതോർത്ത് അവ അനുസ്യൂതം ഒഴുകുകയായിരുന്നു. എന്നാൽ, നമ്മുടെ ഭാവിക്ക് സാക്ഷ്യം വഹിക്കാൻ ഈ പുഴകളിൽ എത്രയെണ്ണം കേരളത്തിൽ ഉണ്ടാകുമെന്ന ചോദ്യം ആശങ്ക ഉയർത്തുന്നു.

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ ആനമുടി ഭാഗത്ത് ഉണ്ടാവുന്ന ഏതൊരു വ്യതിയാനവും കേരളത്തിന്റെ മൊത്തം കാലാവസ്ഥയിൽ പ്രകടമായ മാറ്റം വരുത്തുവാൻ കഴിയുന്നതാണ്. പ്രത്യേകിച്ച് ആനമുടി മേഖല ഉൾക്കൊള്ളുന്ന ഇടുക്കി ജില്ലയിൽ എട്ടോളം വ്യത്യസ്ത കാലാവസ്ഥകളാണുള്ളത്. ഇവിടെ മുമ്പ് 40ാം നമ്പർ മഴ എന്ന് വിളിക്കുന്ന ഒരു മഴ ഉണ്ടായിരുന്നു. വളരെ നേർത്ത നൂല് പോലെ മഴപെയ്യുന്നത് ഒരു അനുഭവംതന്നെ ആയിരുന്നു. ഇടുക്കിയുടെ കാലാവസ്ഥയിൽ ഭക്ഷ്യവിള കൃഷിക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും അനുയോജ്യമായ ഒരു കാലാവസ്ഥയാണ് പ്രദാനംചെയ്തിരുന്നത്. ലോകത്തിലെതന്നെ ഏറ്റവും ഗുണമേന്മയുള്ള നിരവധി വിഭവങ്ങളാണ് ഈ കേരള പശ്ചിമഘട്ടത്തിന്റെ ആനമുടി മേഖലയിൽ വിളഞ്ഞുകൊണ്ടിരുന്നത്. ഏറ്റവും നല്ല ഏലം ആലപ്പി ഗ്രീൻ ഗോൾഡ് എന്ന് വിളിക്കുന്ന ഏലമാണ്. അത് ഈ പ്രദേശത്ത് വിളയുന്നതാണ്. അതുപോലെ ലോകത്തിലെ ഏറ്റവും നല്ല ഗുണമേന്മയുള്ള കുരുമുളക്, ഈ പ്രദേശത്തിന്റെ സംഭാവനയാണ്. അതുപോലെ ലോകത്തിലെ ഏറ്റവും ഗുണമേന്മയേറിയ ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ പശ്ചിമഘട്ടത്തിലെ ഈ പർവതനിരകളിലാണ്.

കൊളുക്കുമലയിലെ തേയിലത്തോട്ടം

ലോകത്തിലെ ഏറ്റവും നല്ല തേയിലയായ കൊളുക്കുമല തേയില ഇവിടെയാണ് വിളയുന്നത്. വിസ്തൃതമായ വനമേഖലയും വിശാലമായ പുൽമേടുകളും അടങ്ങുന്ന വ്യത്യസ്തമായ കാലാവസ്ഥകളുള്ള ഈ ഭൂപ്രദേശത്ത് കോടമഞ്ഞുകളും ചൂളക്കാറ്റുകളും സവിശേഷതയാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ പ്രദേശം അത്യപൂർവങ്ങളായ ജന്തു ജീവജാതികളുടെ ആവാസവ്യവസ്ഥയും സഞ്ചാരപഥവും പ്രജനന കേന്ദ്രവുമാണ്. ലോകശ്രദ്ധ ആകർഷിച്ച നീലക്കുറിഞ്ഞിയുടെ താവളമാണ് പളനി ഹിൽസും മൂന്നാറും ഉൾപ്പെടുന്ന പശ്ചിമഘട്ടം. ഇവിടെയാണ് അത്യപൂർവമായ വംശനാശഭീഷണി നേരിടുന്ന വരയാടുകൾക്കായി ഒരു പ്രത്യേക പ്രദേശംതന്നെ നാം രൂപവത്കരിച്ചിട്ടുള്ളത്. നിരവധി ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എല്ലാം ഈ മേഖലയിലുണ്ട്. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ തേയിലത്തോട്ടവും മൂന്നാർ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.

സമുദ്രനിരപ്പിൽനിന്നും വളരെ ഉയരെയുള്ള ഈ പ്രദേശങ്ങളിൽ മൈനസ് ഡിഗ്രി വരെയുള്ള തണുപ്പ് ഉണ്ടാവാറുണ്ട്. ഉയരം കൂടുന്തോറും തേയിലയുടെ ഗുണമേന്മ വർധിക്കും എന്നാണ് പറയുന്നത്. അങ്ങനെ മറ്റെവിടെയും കാണാനില്ലാത്ത അത്യപൂർവങ്ങളായ ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ പ്രദേശത്ത് വ്യത്യസ്തമായ രീതിയിലുള്ള മഴയുമാണ് ലഭിക്കുന്നത്. മൂന്നാറിന്റെ മറുവശത്ത് മറയൂർ, കാന്തല്ലൂർ, വട്ടവട തുടങ്ങിയ മേഖലകൾ മഴനിഴൽ പ്രദേശങ്ങളാണ്. ഒരു വർഷത്തിൽ 18 മുതൽ 28 സെന്റിമീറ്റർ വരെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവിടെ. കേരളത്തിൽ ഇടുക്കി ജില്ലയിൽ 300നും 350നും ഇടയിൽ സെന്റിമീറ്റർ മഴ ലഭിക്കുമ്പോഴാണ് ഈ പ്രദേശങ്ങളിൽ ഇത്രയും കുറവ് മഴ കിട്ടുന്നത്. മലയാറ്റൂർ റിസർവിൽനിന്ന് തുടങ്ങി പൂയംകുട്ടി വനമേഖലകളിലൂടെ വളരുന്ന പർവതം അതിന്റെ ഏറ്റവും ഉന്നതിയിലേക്ക് എത്തുന്നതുവരെയുള്ള വിവിധ തലങ്ങളിൽ വ്യത്യസ്ത മഴയും വ്യത്യസ്ത കാലാവസ്ഥയും സംഭാവനചെയ്യുന്നു. ഏതാണ്ട് 5400 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ഇടുക്കി ജില്ലയുടെ വൃഷ്ടിപ്രദേശം നിരവധി ഡാമുകൾകൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ്.

ദുർബലമായ ഭൂഗർഭ ഘടനയും അണക്കെട്ടുകളുടെ ആധിക്യവും ഇവിടെ നിരന്തരമായി പ്രകൃതിദുരന്തങ്ങൾക്കും ഉരുൾപൊട്ടലിനും കാരണമായിത്തീരുന്നുണ്ട്. മലകളെ വെട്ടിപ്പിളർന്ന് ആനമുടിയുടെ ഉച്ചിയിൽ വരെ റോഡുകൾ ഉണ്ടാക്കിയതുമൂലവും റിസോർട്ടുകൾ അടക്കമുള്ള വൻകിട നിർമിതികൾ മൂലവും മലയിടിച്ചിലും ഉരുൾപൊട്ടലും എല്ലാ മഴക്കാലത്തും നിത്യസംഭവം ആയിട്ടുണ്ട്. പാലക്കാട് ഗ്യാപ്പിന് വടക്കുഭാഗം രൂപാന്തരപ്പെട്ടതിനു ശേഷം 300 കോടി വർഷങ്ങൾക്ക് ശേഷമാണ് തെക്കോട്ടുള്ള വിഭാഗം രൂപാന്തരപ്പെട്ടത് എന്നുള്ള പുതിയ ഒരു കണ്ടെത്തൽ ഉണ്ടായിട്ടുണ്ട്. എന്ന് പറഞ്ഞാൽ വടക്കുഭാഗത്തേക്കാൾ എളുപ്പമുള്ള മൂപ്പു കുറവുള്ള ദുർബലമായ ഭൂഗർഭ ഘടനയുള്ള പ്രദേശമാണ് ഈ മേഖല എന്നാണ് സൂചിപ്പിക്കുന്നത്.

വട്ടവട

പ്രകൃതിക്ക് ആഘാതം ഏൽപിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ പോലും പ്രകൃതി സ്വയമേവ ഇടിഞ്ഞുതാഴ്ന്ന് മലയിടിച്ചിൽ ഉണ്ടാവുന്ന, ഉരുൾപൊട്ടൽ ഉണ്ടാകുന്ന മേഖലകളാണ് ഇവിടെയെല്ലാം. അത്തരം ഒരു ഭൂപ്രദേശത്താണ് നിരവധി അണക്കെട്ടുകളും റോഡുകളും കെട്ടിടങ്ങളും നിർമിച്ചിട്ടുള്ളത്. ഇതുകൂടാതെയാണ് അനധികൃത കരിങ്കൽ ക്വാറികളും നടത്തുന്നത്.

പശ്ചിമഘട്ടത്തിന്റെ ആരോഗ്യം ക്ഷയിച്ചതോടുകൂടി തീവ്രമായ മഴയെ താങ്ങുന്നതിനുള്ള അതിന്റെ ശേഷി ഇല്ലാതായതിന്റെ പ്രതിഫലനമാണ് ചെറിയ മഴകൾക്കുപോലും വലിയ ഉരുൾപൊട്ടൽ ഉണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഉഷ്ണമേഖല മഴക്കാടുകളിൽ വർഷത്തിന്റെ മിക്ക ദിവസങ്ങളിലും മഴ ലഭിക്കാറുണ്ട്. ഇടുക്കിയുടെ വിസ്തൃതമായ വനമേഖലകളിൽ മഴ മുൻകാലങ്ങളിൽ നിത്യസംഭവമായിരുന്നു. പ്രത്യേകിച്ച് നാൽപതാം നമ്പർ മഴ ഇല്ലാതായത് അനിയന്ത്രിതമായ വനനശീകരണത്തെ തുടർന്നാണ്. വനനശീകരണത്തിനുശേഷം കൃഷിയുടെ പാറ്റേൺ തന്നെ മാറി. ഏലം കൃഷി ചെയ്തിരുന്നിടത്ത് പിന്നീട് കുരുമുളക് വരുകയും ലോകത്തിലെ ഏറ്റവും കൂടുതൽ മണ്ണൊലിപ്പ് നടക്കുന്ന സ്ഥലമായി ഹൈറേഞ്ച് മാറുകയും ചെയ്തപ്പോൾ കുറെ കാലത്തെ കൃഷിക്കുശേഷം മേൽമണ്ണ് നഷ്ടപ്പെട്ട് ചെടികൾക്ക് ആരോഗ്യത്തോടെ നിലനിൽക്കാനുള്ള സാഹചര്യം ഇല്ലാതായി. പിന്നീട് വന്ന കൃഷികളെല്ലാം പലവിധ കീടരോഗ ബാധയാൽ നശിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

പെരിയാർ

പെരിയാർ നദിയുടെ ഉദ്ഭവം ഇടുക്കി ജില്ലക്ക് സമീപമുള്ള തമിഴ്നാട്ടിലെ ശിവഗിരിയിൽനിന്നാണ്. കേരളത്തിൽ ഇന്ന് ജീവനുള്ള ഏക നദി എന്ന് വിളിക്കാവുന്നത് പെരിയാറിനെയാണ്. ഏറ്റവും കൂടുതൽ ദൈർഘ്യമുള്ളതും ഏറ്റവും കൂടുതൽ വെള്ളമുള്ളതും ഇന്ന് പെരിയാറിൽതന്നെയാണ്. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിട്ടുള്ളതും പെരിയാർ നദിക്ക് കുറുകെയാണ്. ആയിരക്കണക്കിന് ചെറിയ അരുവികളാണ് പെരിയാറിന്റെ കൈവഴികളായി ഉള്ളത്. തമിഴ്നാട്ടിലെ ശിവഗിരി മലയിൽനിന്ന് ആരംഭിക്കുന്ന പെരിയാർ വേമ്പനാട്ടുകായലിൽ എത്തിച്ചേരുന്നത് 244 കിലോമീറ്റർ ഒഴുകി ആലുവ വഴിയാണ്. ആയിരക്കണക്കായ മലനിരകളും പതിനായിരക്കണക്കിന് മലമടക്കുകളും നിറഞ്ഞതാണ് ഇടുക്കിയുടെ ഭൂപ്രകൃതി, ഓരോ മലഞ്ചെരുവിനും ഓരോ പ്രത്യേക കാലാവസ്ഥയും സവിശേഷമായ ഭൂഗർഭ ഘടനയുമാണ് ഇടുക്കിക്ക് ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ ഇവിടെ പെയ്യുന്ന മഴകൾക്കും അത്തരം പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒരു മലക്ക് അപ്പുറത്ത് മഴപെയ്യുമ്പോൾ ഇപ്പുറത്ത് മഴയില്ലാതായിരിക്കുക, ഇപ്പുറത്ത് ശക്തമായ മഴ പെയ്യുമ്പോൾ അപ്പുറത്ത് മഴ ഇല്ലാതിരിക്കുക തുടങ്ങി പ്രതിഭാസങ്ങളും പരസ്പരം കൂട്ടിമുട്ടിയാൽ അറിയില്ലാത്ത തരത്തിലുള്ള കട്ട കോടമഞ്ഞുമായിരുന്നു ഈ മേഖലയുടെ പ്രധാന സവിശേഷത. മഞ്ഞിൽ വിരിയുന്ന പൂക്കൾ എന്ന് പറയുന്നതുപോലെ ലക്ഷക്കണക്കായ പൂക്കളുടെ ഒരു പറുദീസ ആയിരുന്നു. അത്തരമൊരു ദൃശ്യവിസ്മയമായിരുന്നു ഈ നൂൽമഴ ഉണ്ടായിരുന്ന കാലത്ത് ഹൈറേഞ്ചിൽ നിലനിന്നിരുന്നത്. ക്രമേണ നൂൽമഴ നഷ്ടപ്പെട്ടതോടുകൂടി പ്രകൃതിയുടെ ആ ചാരുത ഇല്ലാതാവുകയും വൈവിധ്യമാർന്ന, വൈജാത്യമാർന്ന ആ പുഷ്പങ്ങൾ വംശനാശം നേരിടുകയുമാണ് ചെയ്തത്.

അതിശൈത്യംമൂലം, ഉഷ്ണമേഖലയിലുള്ള വിഷപ്പാമ്പുകളോ പക്ഷികളോ ഒന്നും മുമ്പ് ഉണ്ടായിരുന്നില്ല. വനനശീകരണവും നഗരവത്കരണവുംമൂലം ഇന്ന് കിടന്നുറങ്ങാൻ ഫാനും എ.സിയും വേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിപ്പോയി. മാത്രമല്ല ഉപ്പനും കാക്കയും ഉൾപ്പെടെയുള്ള പക്ഷികളും വിഷപ്പാമ്പുകളും ഒക്കെ ഇവിടെ സർവസാധാരണമായി. ഇപ്പോൾ പെയ്യുന്ന മഴക്കുപോലും ഒരുതരം ചൂടാണ് അനുഭവപ്പെടുന്നത്. മഴ മാറുമ്പോൾ തന്നെ വീണ്ടും വിയർത്തുതുടങ്ങുന്ന കാലാവസ്ഥയിലേക്ക് ഇടുക്കിയിലെ ഭൂപ്രകൃതി മാറിക്കഴിഞ്ഞിരിക്കുന്നു.

മഞ്ഞിൽ കുളിച്ചുനിന്നിരുന്ന ഇടുക്കി എന്ന മിടുക്കിക്ക് മഴ ഒരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. മിന്നൽചുഴലുകൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഒരു ഭൂപ്രദേശമൊട്ടാകെ തന്നെ തരിപ്പണമാവുകയാണ് ചെയ്യുന്നത്. അതുപോലെ ലോകത്തിലെ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകുന്ന പ്രദേശമായി ഹൈറേഞ്ച് മാറിയതോടുകൂടി ജനവാസംതന്നെ അത്യന്തം ദുഷ്കരവും അപകടഭീഷണി നിറഞ്ഞതുമായ ഒരു ഭൂപ്രദേശമായി ഈ മേഖല മാറിക്കഴിഞ്ഞു. ശാന്തസുന്ദരമായ കാലാവസ്ഥ ഉണ്ടായിരുന്ന, കുളിരുള്ള മഴ ലഭിച്ചിരുന്ന ഈ പ്രദേശത്ത് സംഭവിച്ചിട്ടുള്ള കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തഭീഷണിയാണ് ഇന്ന് ഉയർത്തിയിട്ടുള്ളത്.

ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ

മാനവരാശിയുടെ ജീവന്റെ നിലനിൽപിന്റെ അടിസ്ഥാനഘടകങ്ങളെ നിർണയിക്കുന്ന ധർമമാണ് വിശാല അർഥത്തിൽ വനങ്ങൾ നിർവഹിക്കുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷക്കും ജലസുരക്ഷക്കും കാലാവസ്ഥ സുരക്ഷക്കും വേണ്ടി വനസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ആഗോളതാപനം ദുരന്തഭീഷണി ഉണർത്തുന്ന ഈ കാലഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും ദുരന്തങ്ങളിൽനിന്നും മരുവത്കരണത്തിൽനിന്നും ഭക്ഷ്യക്ഷാമത്തിൽനിന്നും ജലക്ഷാമത്തിൽനിന്നും ലോകത്തെ രക്ഷിക്കുവാൻ വനവിസ്തൃതി വർധിപ്പിക്കുക മാത്രമേ മാർഗമുള്ളൂ. ഇന്നു നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഷികവിളകളുടെ വിത്തിനങ്ങൾ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടുപോയാൽ നമുക്ക് വീണ്ടും ആശ്രയിക്കാവുന്നത്. അവയുടെയൊക്കെ പൂർവ ജനുസുകൾ സ്ഥിതിചെയ്യുന്ന വനങ്ങളെ മാത്രമാണ്. ഈ കാടുകളിൽ ഉൾക്കൊണ്ട ഊർജവും ജൈവകാർബണും നൈട്രജനും കാരണമാണ് ഭൂമിയിൽ സംഭവിച്ച ജൈവമണ്ഡലത്തിലെ മാറ്റങ്ങൾ ഒക്കെയും.

ജീവികളുടെ ലോകത്ത് സംഭവിച്ച എല്ലാ പരിണാമ വികാസങ്ങളും കാടുകളുടെ വളർച്ച മൂലമുണ്ടായതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഉദ്ഭവത്തോടെ സസ്യവൈവിധ്യം വളരെയേറെ വർധിക്കുകയും ജീവിവംശങ്ങളുടെ പരിണാമമാറ്റങ്ങൾക്ക് ഏറെ വേഗത കൂടുകയുംചെയ്തു. പുല്ലുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതും സസ്യഭുക്കുകളായ സസ്തനികളുടെ വിസ്ഫോടനകരമായ പരിണാമ വളർച്ചയും പരസ്പരം ആശ്രിതമാണ്. ജീവശാസ്ത്രമോ, പരിസ്ഥിതി ശാസ്ത്രമോ ജന്മം കൊടുത്തൊരു വാക്കല്ല കാട്, കാടിനെ തിരിച്ചറിയാൻ മനുഷ്യന്റെ കാഴ്ചപ്പാട് പ്രധാനമാണ്. കാടെന്ന നിർവചനത്തിൽപെടാൻ സസ്യസമൂഹത്തിൽ നിബിഡത വളരെ പ്രധാനപ്പെട്ട ഘടകമാണ്. പെരുപ്പമാണ് നിബിഡത സൃഷ്ടിക്കുന്നത്. പെരുപ്പമാണ് പ്രകൃതിയുടെ രീതി. ഇതാണ് കാടിന്റെ ആവിർഭാവം. സസ്യങ്ങളുടെ നിബിഡതകൊണ്ട് ആ സമൂഹത്തിലെ എണ്ണിയാൽ തീരാത്ത ജീവഘടകങ്ങളുടെ പരസ്പരപൂരക ബന്ധങ്ങളുടെ ശക്തികൊണ്ട് ജൈവമണ്ഡലത്തിലെ മിക്കവാറും എല്ലാ രാസപ്രവർത്തനങ്ങളെയും സ്വാധീനിച്ച് നിയന്ത്രിച്ചിരുന്ന ആയിരക്കണക്കിന് ലക്ഷം വർഷങ്ങളുടെ പരിണാമ ചരിത്രമുള്ള കാടുകളെയാണ് മനുഷ്യൻ ചുരുങ്ങിയ കാലംകൊണ്ട് ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയത്.

കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് പ്രകൃതി രൂപപ്പെടുത്തിയ പ്രകൃതിയുടെ തിരുശേഷിപ്പുകളായ പർവതങ്ങളും മലനിരകളും വനങ്ങളും നീരുറവകളും ജലസ്രോതസ്സുകളും നശിപ്പിക്കുന്ന പ്രകൃതിയെ കൊള്ളയടിക്കൽ എന്ന വികസന വീക്ഷണം ഭൂമിയിലെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെ മാത്രം സഹായിക്കാനാണ്. ആഗോളതാപനംപോലുള്ള കെടുതികൾ മനുഷ്യർക്ക് സുവ്യക്തമാക്കുന്ന ചില വസ്തുതകൾ ഉണ്ട്. ഒരു മനുഷ്യജീവിയുടെ പ്രവൃത്തിപോലും മുഴുവൻ പ്രകൃതിയെയും ബാധിക്കുന്നു എന്നതാണ് അതിൽ ഒന്ന്. മറ്റൊന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾക്കുപോലും മുഴുവൻ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്. ഇവ രണ്ടും മനുഷ്യന്റെ പ്രകൃതിയുമായുള്ള നാഭീനാള ബന്ധമാണ് സൂചിപ്പിക്കുന്നത്. എന്നാൽ, പ്രകൃതിയെ മുടിക്കുന്ന, അപരനെ ചൂഷണംചെയ്യുന്ന മാർഗമാണ് മനുഷ്യൻ ഇന്ന് പിന്തുടരുന്നത്. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ് വ്യക്തിപരമായും സാമൂഹികമായും പാരിസ്ഥിതികമായുമെല്ലാം നാം അനുഭവിക്കുന്ന വൈരുധ്യങ്ങളുടെ ഉറവിടം.

സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയിൽ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി 455 കോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ് ഭൂമിയെന്ന അത്ഭുതഗ്രഹം; പ്രപഞ്ചത്തിലെ ജീവന്റെ അറിയപ്പെടുന്ന ഏകഗോളം. മഞ്ഞുപാടങ്ങളെന്നറിയപ്പെടുന്ന ഗ്ലേസിയറുകൾ, ചൂടുനീരുറവകളായ ഗെയ്സറുകൾ, മേഘങ്ങൾ, വേലിയേറ്റങ്ങൾ തുടങ്ങിയ ഭൂമിയിലെ വൈവിധ്യങ്ങളാൽ അനന്തമല്ലെങ്കിലും അജ്ഞാതമായ ഭൂമി മനുഷ്യന്റെ തീരാത്ത അത്ഭുതങ്ങളിൽ ഒന്നാണ്.

ആമസോൺ മഴക്കാടുകൾ

കോടി കോടി ജീവജാലങ്ങൾ, കൂറ്റൻ പർവതങ്ങൾ, എണ്ണമറ്റ പുഴകൾ, കരകാണാ കടലുകൾ, ഇരുണ്ട വനങ്ങൾ, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും, എല്ലാമെല്ലാം അവനെ ആലോചിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അനാദികാലം മുതൽ അവയുടെ രഹസ്യങ്ങളിലേക്ക് മനുഷ്യൻ തുടങ്ങിയ അന്വേഷണ സഞ്ചാരം ഇപ്പോഴും തുടരുന്നു.

ഈ അന്വേഷണയാത്രയിൽ വെളിപ്പെട്ട കാര്യങ്ങളേക്കാളേറെ ഇരുളിലാണ് എന്നത് നമ്മുടെ കാൽക്കീഴിൽ കറങ്ങുന്ന ഈ ഗോളത്തെക്കുറിച്ചുള്ള അത്ഭുതത്തിന്റെ തരംഗദൈർഘ്യം കൂട്ടുന്നു. ഭൂമിയുടെ പല പ്രതിഭാസങ്ങൾക്കും ഇന്നും പൂർണമായ ഉത്തരമില്ല. ഒരു സൂനാമി വരുമ്പോൾ, ഭൂകമ്പം വരുമ്പോൾ, അഗ്നിപർവതം പൊട്ടിയൊലിക്കുമ്പോൾ, അമ്ലമഴ പെയ്യുമ്പോൾ, അതിവർഷവും അൽപവർഷവും വരുമ്പോൾ, കൊടും വരൾച്ചക്ക് പുറമെ വൻ വെള്ളപ്പൊക്കം വന്നുകയറുമ്പോൾ നാം അഹങ്കരിച്ചിരുന്ന അറിവുകൾ പലപ്പോഴും മതിയാവുന്നില്ല. അപൂർണതയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട് മനുഷ്യപ്രതിഭ അന്വേഷണം തുടരുന്നു. ജലഗ്രഹമായ ഭൂമിയിൽ 70 ശതമാനവും ജലമാണെങ്കിലും മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ശുദ്ധജലം 3 ശതമാനം മാത്രമാണ്. ഇതിൽ 2 ശതമാനം ധ്രുവപ്രദേശങ്ങളിൽ മഞ്ഞുപാളികളായി സ്ഥിതിചെയ്യുകയാണ്. മനുഷ്യൻ ഉപയോഗിക്കുന്ന ഒരു ശതമാനം ശുദ്ധജലം കാടുകളുടെ സംഭാവനയാണ്. കാടുകളിൽനിന്ന് ഉദ്ഭവിക്കുന്ന നദികളാണ് നമുക്ക് നൽകുന്നത്.

മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും അന്നദാതാക്കൾ സസ്യങ്ങളാണ്. എല്ലാ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സായ കാർബോഹൈഡ്രേറ്റ് പ്രകൃത്യാ നിർമിക്കാൻ കഴിയുന്നത് സസ്യങ്ങൾക്കു മാത്രമാണ്. ജീവവളർച്ച സാധ്യമാക്കുന്ന പ്രോട്ടീൻ, കൊഴുപ്പ്, വിറ്റമിൻ എന്നീ പോഷകഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും സസ്യങ്ങളാണ്, സസ്യവേരുകളുമായുള്ള സഹജീവനത്തിലൂടെ മണ്ണിന്റെ ഘടനയും സസ്യപോഷകമൂലകങ്ങളുടെയും വെള്ളത്തിന്റെയും സ്വാഭാവികമായ ലഭ്യതയും മെച്ചപ്പെടുത്തി ആത്യന്തികമായി വിള ഉൽപാദനം വർധിപ്പിക്കുന്നു. ആരോഗ്യമുള്ള മണ്ണ് കാലാവസ്ഥാവ്യതിയാനത്തെ തടസ്സപ്പെടുത്തുകയും കാർബണികാംശത്തിനെ നിലനിർത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

ജീവശാസ്ത്രപരമായ മാർഗങ്ങളിലൂടെ നൈട്രജൻ ലഭ്യത വർധിപ്പിക്കുക, സസ്യവളർച്ചാ നിരക്കിന് വിഘാതമാകുന്ന തോതിലുള്ള കുറവ്, പോഷകമൂലക ലഭ്യതക്ക് സംഭവിക്കാതിരിക്കാൻ കാടിന്റെ സൂക്ഷ്മാണുജീവികളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. പ്രപഞ്ചത്തിലെവിടെയുമുള്ള ഏതൊരു ദ്രവ്യരൂപത്തെയുംപോലെ എല്ലാ ജീവജാലങ്ങളുടെയും ശരീരവും ആറ്റങ്ങൾ ചേർന്നുണ്ടായിട്ടുള്ള തന്മാത്രകൾകൊണ്ട് തന്നെ നിർമിക്കപ്പെട്ടവയാണ്. തന്മാത്രകളാകട്ടെ, നിശ്ചിത അനുപാതത്തിൽ മൂലകങ്ങളുടെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ തനതു ഗുണങ്ങളുള്ള രാസപദാർഥങ്ങൾ മാത്രവുമാണ്. അതായത് എല്ലാ ജീവശരീരവും വൈവിധ്യമാർന്ന, തനതു പ്രത്യേകതകളുള്ള, ഒട്ടനേകം രാസപദാർഥങ്ങളാൽ നിർമിക്കപ്പെട്ടവയാണ്.

ഇതുതന്നെയാണ്, സസ്യങ്ങളിൽ നടക്കുന്ന ജീവൽപ്രവർത്തനങ്ങൾ അടിസ്ഥാനപരമായി പ്രകാശസംശ്ലേഷണം, ഉപാപചയം എന്നിങ്ങനെയുള്ള രാസപ്രവർത്തനങ്ങൾ ആയിരിക്കുന്നതിന്റെ കാരണവും. ഏതൊരു സസ്യത്തിന്റെയും ശരീരഭാരത്തിന്റെ 94 ശതമാനവും കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നീ മൂലകങ്ങളും, 3.5 ശതമാനം പ്രാഥമിക പോഷകങ്ങൾ എന്നറിയപ്പെടുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും. ഒരു ശതമാനം ദ്വിതീയ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നിവയും ബാക്കി 15 ശതമാനം സൂക്ഷ്മ മൂലകങ്ങൾ എന്നറിയപ്പെടുന്ന ഇരുമ്പ്, ചെമ്പ്, നാകം, മാംഗനീസ്, മോളിബ്ഡിനം, ബോറോൺ തുടങ്ങിയവയുമാണ്. ഇതിൽ കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നീ മൂന്ന് പ്രാമാണിക മൂലകങ്ങൾ കാർബൺ ഡയോക്സൈഡിന്റെ രൂപത്തിൽ വാതകമായിട്ടും ജലം എന്ന രൂപത്തിലും മണ്ണിലും ഭൂമിയിലെവിടെയും യഥേഷ്ടമായി ലഭ്യമാണെന്നതുകൊണ്ടാണ്, ജീവന്റെ പ്രകൃതിയിലെ ഏകതുരുത്തായി ഭൂമി മാറിയതും 350 കോടി വർഷം മുമ്പ് ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചതും ക്രമമായ വികാസ പരിണാമത്തിലൂടെ ഇന്ന് 3 കോടിയോളം ജീവിവർഗങ്ങളും ശതകോടികളുടെ അംഗബലവുമായി പടർന്ന് പന്തലിച്ച് വിലസുന്നതും.

ഒരു ജീവിക്ക് വംശനാശ ഭീഷണി കൂടാതെ ഭൂമുഖത്ത് നിലനിൽക്കുവാൻ ഏതാണ്ട് അമ്പതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഒരു ഹോം റേഞ്ച് ആവാസവ്യവസ്ഥ ഉണ്ടായിരിക്കണമെന്നാണ് അന്തർദേശീയ ശാസ്ത്രമതം. 33 ദശലക്ഷത്തിലധികം വരുന്ന ജൈവരാശിയുടെ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. മനുഷ്യന് മുമ്പ് ജന്മംകൊണ്ടവയാണ് ഈ ഭൂമിയിലെ മുഴുവൻ ജന്തുജീവജാതികളും സസ്യലതാദികളും. ആഹാരം തേടുന്നതിൽ തുടങ്ങി നാഗരിക സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും കാടുകളെ നശിപ്പിക്കുകയായിരുന്നു നാം. ആധുനിക ലോകത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്ന പരിസ്ഥിതി മലിനീകരണവും ചുറ്റുപാടുകളെ മാറ്റിമറിക്കാൻ നാം ശ്രമിക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ദുരന്തഭീഷണിയുമാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും.

ഓരോ പ്രദേശത്തും ലഭ്യമായ സൗരോർജം, ആർദ്രത, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിലെ ധാതുലവണ സ്വഭാവം ഇവയാണ് മുഖ്യമായും അവിടത്തെ ജീവസമൂഹങ്ങൾ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിർജീവ ഘടകങ്ങൾ. ഭൂമിയുടെ ഉപരിതലത്തിലെ സസ്യനിബിഡമായ സ്ഥലത്ത് മണ്ണിലെത്തുന്ന സൗരോർജത്തെയും അവിടെ അന്തരീക്ഷത്തിൽ വാതകരൂപത്തിലും മണ്ണിൽ ഖരരൂപത്തിലും എത്ര ആർദ്രത നിലനിൽക്കുന്നുവെന്നും വെള്ളവും ഊർജവും എത്രവേഗം ചലിച്ചുകൊണ്ടിരിക്കണമെന്നും തീരുമാനിക്കുന്നത് കാടാണ്. ഊർജത്തിന്റെ അളവും ജലലഭ്യതയുമാണ് ഭൂമുഖത്തെ എല്ലാ ചാക്രിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഈ ചാക്രികതകളുടെ സന്തുലിതാവസ്ഥയിലേ ജീവപരിണാമ തുടർച്ച നിലനിൽക്കുകയുള്ളൂ. കേരളം ഭൂമധ്യരേഖയിൽനിന്നും 8 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ട് ഇവിടെ ഊർജലഭ്യത വളരെ കൂടുതലാണ്. അത് ഏറ്റുവാങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് കാലാവസ്ഥയെ നിയന്ത്രിക്കാൻ മഴക്കാടുകൾക്കേ കഴിയൂ.

ഒരു ജീവിക്കുപോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കാനുള്ള ഭൂവിസ്തൃതിയില്ലാത്ത കേരളത്തിൽ നാൽപതിനായിരത്തിലധികം ജന്തു-സസ്യ ജീവജാതികൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന അത്യപൂർവമായ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഒരു ജീൻപൂളാണ് കേരള പശ്ചിമഘട്ടം. പശ്ചിമഘട്ടം കേവലം കുറെ മലനിരകളുടെ കൂട്ടമല്ല. ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന മേഖലയായതുകൊണ്ട് മൺസൂൺ വാതങ്ങളുടെ ഗതിമാർഗത്തിൽ നിലകൊള്ളുന്നതുകൊണ്ടും അനന്തമായ സസ്യജാലവൈവിധ്യംകൊണ്ടും, അവയിൽനിന്നുരുത്തിരിഞ്ഞ സൂക്ഷ്മ കാലാവസ്ഥ വൈവിധ്യംകൊണ്ടും ആവാസവ്യസ്ഥയുടെ സങ്കീർണതകൾകൊണ്ടും, ആഗോള കാലാവസ്ഥ സന്തുലനത്തിൽതന്നെ അദ്വിതീയസ്ഥാനമാണ് പശ്ചിമഘട്ടത്തിനും നമ്മുടെ സഹ്യപർവത നിരകൾക്കുള്ളത്. കേരളീയരെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിൽ നിന്നുദ്ഭവിക്കുന്ന നൂറുകണക്കിന് ചെറുപ്രവാഹങ്ങളാണ് നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്നതും അതുവഴി നമ്മെ നിലനിർത്തുന്നതും. ഈ സത്യം വിസ്മരിച്ചുകൊണ്ട് നമുക്ക് ഇനി അധികദൂരം പോകാനാവില്ല. ഇവിടെ തർക്കമില്ലാത്ത ഒരു വസ്തുതയുണ്ട്.


മനുഷ്യനിർമിതമായ പല കാരണങ്ങളാൽ പശ്ചിമഘട്ടം ഇന്ന് നാശത്തിന്റെ വക്കിലാണ്. കാലങ്ങളായി നടക്കുന്ന ആക്രമണോത്സുകമായ വനം ​ൈകയേറ്റങ്ങളും വനം നശീകരണവും ഈ മേഖലയെ തകർത്തുകൊണ്ടിരിക്കുന്നു. കാട്ടുതീ, വൻകിട ഏകവിളത്തോട്ടങ്ങൾ, ടൂറിസം അധിനിവേശങ്ങൾ, അണക്കെട്ടുകൾ, പാറമടകൾ, ഇതര ഖനനങ്ങൾ, തലങ്ങും വിലങ്ങുമുള്ള റോഡുകൾ, രാസകേന്ദ്രീകൃതമായ കൃഷിരീതികൾ ഇങ്ങനെ പോകുന്നു പശ്ചിമഘട്ടത്തിന്റെ നാശത്തിന് കളമൊരുക്കുന്ന പ്രവർത്തനങ്ങൾ. ഈ കാര്യത്തിൽ ആർക്കും തർക്കമുന്നയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

കാടുകളുടെ നാശം ഊർജപ്രവാഹത്തിന്റെ താളംതെറ്റിക്കും. ഈ താളംതെറ്റലുകൾ നാം ഏറ്റവും വ്യക്തമായി അറിയുന്നത് ജലചംക്രമണത്തിൽ വരുന്ന മാറ്റങ്ങളിലൂടെയാണ്. പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആർദ്രത വളരെവേഗം കുറയുകയാണ്. ഉണങ്ങിയ വായു മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളിൽനിന്ന് വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നതിന് വേഗത കൂടുന്നു. പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് ആറായിരം മില്ലീമീറ്റർ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ് കുറഞ്ഞ് ഈ പ്രദേശങ്ങൾ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ ശ്വാസകോശവും പ്രകൃതിയുടെ ഹൃദയവുമായ കാടുകളുടെ സംരക്ഷണം ഭൂമിയെയും അതിലെ വിഭാഗങ്ങളെയും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ സഹായിക്കും. കൃത്രിമമായി വളർത്തിയ കാടുകൾക്കും പാരിസ്ഥിതിക പ്രാധാന്യമുണ്ടെങ്കിലും സ്വാഭാവിക വനങ്ങൾക്ക് അവ ഒരിക്കലും തുല്യമാകില്ല. അതുകൊണ്ടുതന്നെ കാടുകൾ നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്. ഒരു ഹെക്ടർ ഹരിതവനത്തിന് രണ്ടരലക്ഷം ലിറ്റർ വെള്ളം സംഭരിച്ചുവെക്കാൻ കഴിയും, ഇത് ഭൂഗർഭ ജലസമ്പത്ത് വർധിപ്പിക്കും. നിത്യഹരിത വനങ്ങൾ, അർധ നിത്യഹരിത വനങ്ങൾ, ആർദ്ര ഇലപൊഴിയും കാടുകൾ, വരണ്ട ഇലപൊഴിയും കാടുകൾ, പുൽമേടുകൾ, ചോലവനങ്ങൾ, കണ്ടൽക്കാടുകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട കാടുകൾ. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കാൻ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം വനഭൂമിയായി സംരക്ഷിക്കേണ്ടതാണ്. നിർഭാഗ്യവശാൽ കേരളത്തിൽ കാടിന്റെ ധർമങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള കാടുകളുടെ വിസ്തൃതി ആറു ശതമാനം മാത്രമാണ്.

മൺസൂൺ വായുപ്രവാഹം കാരണം മഴ കിട്ടുന്നതുകൊണ്ടാണ് കേരളം പച്ചപിടിച്ചുനിൽക്കുന്നത്. ഭൗമാന്തരീക്ഷത്തിലെ മാറുന്ന വായുപ്രവാഹങ്ങളും കടൽ ഒഴുക്കുകളും മൺസൂൺ കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി പറയാനാവില്ല. ഭൂമധ്യരേഖ പസഫിക് സമുദ്രത്തിലെ എൽനിനോ പ്രവാഹവും മറ്റും ദുരന്തസൂചകങ്ങളെയാണ് കാണിക്കുന്നത്. വനനശീകരണം എല്ലായിടത്തേക്കും വ്യാപിച്ചു. മെഡിറ്ററേനിയൻ കടലിനു ചുറ്റും പശ്ചിമ ഏഷ്യയിലേക്കും, വടക്ക് കിഴക്ക് കാസ്പിയൻ കടൽ വരെ നീണ്ടുകിടക്കുന്ന സമശീതോഷ്ണാവസ്ഥ പ്രദേശത്തെ കാടുകളെയാണ് നാം ആദ്യം ഉന്മൂലനം ചെയ്തത്. ലോകത്ത് വ്യാപകമായി നിലനിൽക്കുന്നത്, ഉത്തരാർധ ഗോളങ്ങളെ ചുറ്റിയുള്ള സൂചിയില വൃക്ഷങ്ങളുടെ ബോറിയൻ കാടുകളാണ്. അലാസ്ക, കാനഡ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, റഷ്യ, സൈബീരിയ എന്നിവിടങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.

മഞ്ഞുപാളികൾ മൂടിയിരുന്ന പ്രദേശങ്ങളിലെ മഞ്ഞ് ഉരുകിമാറിയതിനുശേഷം പരിണമിച്ചുണ്ടായതാണീ കാടുകൾ. ഇന്നിതു പൂർണമായും നാശത്തിന്റെ വക്കിലാണ്. 1500 ലക്ഷം വർഷം പഴക്കമുള്ള ഉഷ്ണമേഖല മഴക്കാടുകളായ ആമസോൺ കാടുകളുടെ നാശം ലോകത്തിന്റെ കാലാവസ്ഥയെതന്നെ തകിടംമറിക്കുന്നു. മനുഷ്യപ്രവൃത്തികൊണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥാ മാറ്റവും അതിരൂക്ഷമായ അന്തരീക്ഷമലിനീകരണവും ഒക്കെ കാരണം ഇനി സംരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ട വനങ്ങൾതന്നെ നിലനിൽക്കുമോ എന്ന ഭയാശങ്കയിലാണ് ശാസ്ത്രജ്ഞന്മാർ. നോർവേ, ഫിൻലൻഡ് പോലുള്ള നാടുകളിലെ സൂചിയില കാടുകൾ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ വ്യവസായകേന്ദ്രങ്ങൾ പുറത്തുവിടുന്ന വാതകങ്ങൾ മൂലമുള്ള അമ്ലമഴയിൽ കരിഞ്ഞുണങ്ങി കാട്ടുതീക്ക് വിധേയമായി നശിച്ചുകൊണ്ടിരിക്കുന്നു. അതിസങ്കീർണമായ ഘടനയിൽ അനന്യസാധാരണമായ ജൈവവൈവിധ്യവും ആഗോളവ്യാപകമായ പാരിസ്ഥിതിക ധർമങ്ങളുമുള്ള ഉഷ്ണമേഖല മഴക്കാടുകളെ ഒട്ടും പരിചയമില്ലാത്ത, പഠിച്ചിട്ടില്ലാത്ത വെള്ളക്കാരന്റെ 19ാം നൂറ്റാണ്ടിലെ വനശാസ്ത്ര കാഴ്ചപ്പാട് കാടിനെ സംരക്ഷിക്കാൻ മതിയാവില്ല.

കാടും വനവും ഒന്നല്ല. ഭൂമധ്യരേഖയിൽനിന്നും 28 ഡിഗ്രി വരെയുള്ള പ്രദേശത്ത് വളരുന്ന വെജിറ്റേഷനെ കാടെന്നും അതിനപ്പുറത്ത് വളരുന്ന വെജിറ്റേഷനെ വനമെന്നും വിളിക്കാവുന്നതാണ്. കാട് എന്ന ആവാസവ്യവസ്ഥ ആയിരക്കണക്കായ സസ്യജന്തുജീവജാതികളും കോടിക്കണക്കായ സൂക്ഷ്മ ജീവജാലങ്ങളും സജീവമായ പ്രകൃതിയുടെ ജൈവകലവറയാണ്. 28 ഡിഗ്രിക്ക് അപ്പുറത്ത് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വനങ്ങളിൽ കുറച്ചിനം മരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ലോകത്തിന്റെ നിലനിൽപ് നിർണയിക്കുന്നത് ജൈവവൈവിധ്യസമൃദ്ധിയാണ്. കാട് എന്നതിന് അർഥം പരസ്പരാശ്രിത പരസ്പര പൂരക ജൈവബന്ധങ്ങളുടെ ഒരു സാന്ദ്രശൃംഖല എന്നാണ്. കാലത്തിന്റെ അങ്ങേ തലക്കലെന്നോ ഉരിത്തിരിഞ്ഞ് ഇതിന്റെ പൂർണതയിൽനിന്ന് നമുക്ക് കൂടുതലൊന്നും എടുത്തുമാറ്റാനോ കൂട്ടിച്ചേർക്കാനോ ആവില്ല.

Tags:    
News Summary - Climate Change Indicators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-10-08 08:28 GMT