കേന്ദ്രസർക്കാർ പുറത്തിറക്കിയ യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം എന്താണ് ലക്ഷ്യംവെക്കുന്നത്. 50 മീറ്ററിലധികം നീളമുള്ള വൻകിട യാനങ്ങൾ നമ്മുടെ ആഴക്കടലിലേക്ക് കൊണ്ടുവന്നാൽ എന്തുസംഭവിക്കും?ഇന്ത്യയുടെ പൂർണ നിയന്ത്രണാധികാരമുള്ള 200 നോട്ടിക്കൽ മൈലിനു വെളിയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം നിർണയിച്ച് ഒരു ഗൈഡ്ലൈൻ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് ജോ. സെക്രട്ടറി ബാലാജിതന്നെ ബന്ധപ്പെട്ടവരുടെ ആേലാചനായോഗം കഴിഞ്ഞ 17ന് വിളിച്ചുചേർത്തു. ആഴക്കടൽ മേഖലയിലേക്ക് വൻകിട യാനങ്ങളെ കൊണ്ടുവരാനുള്ള നടപടി പരസ്യമായിതന്നെ...
കേന്ദ്രസർക്കാർ പുറത്തിറക്കിയ യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം എന്താണ് ലക്ഷ്യംവെക്കുന്നത്. 50 മീറ്ററിലധികം നീളമുള്ള വൻകിട യാനങ്ങൾ നമ്മുടെ ആഴക്കടലിലേക്ക് കൊണ്ടുവന്നാൽ എന്തുസംഭവിക്കും?
ഇന്ത്യയുടെ പൂർണ നിയന്ത്രണാധികാരമുള്ള 200 നോട്ടിക്കൽ മൈലിനു വെളിയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം നിർണയിച്ച് ഒരു ഗൈഡ്ലൈൻ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് ജോ. സെക്രട്ടറി ബാലാജിതന്നെ ബന്ധപ്പെട്ടവരുടെ ആേലാചനായോഗം കഴിഞ്ഞ 17ന് വിളിച്ചുചേർത്തു. ആഴക്കടൽ മേഖലയിലേക്ക് വൻകിട യാനങ്ങളെ കൊണ്ടുവരാനുള്ള നടപടി പരസ്യമായിതന്നെ അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ആഴക്കടൽ മേഖലയിൽ തൊള്ളായിരത്തോളം യാനങ്ങൾ പ്രവർത്തിക്കുന്നു. അവയെല്ലാംതന്നെ 20-21 മീറ്റർ മാത്രം നീളമുള്ളവയാണ്. കേരളത്തിന്റെ തൊട്ടുകിടക്കുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തുത്തൂർ മേഖലയിൽപെട്ട തൊഴിലാളികളാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഇവയിലെ 500ലധികം യാനങ്ങളും തോപ്പുംപടി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവയാണ്.
ചൂണ്ട, ഗിൽനെറ്റ് തുടങ്ങിയ പരിസ്ഥിതി സൗഹൃദപരമായ മത്സ്യബന്ധന സംവിധാനമാണ് ഇവർ ഉപയോഗിക്കുന്നത്. ഇന്ത്യൻ ഓഷ്യൻ ട്യൂണ കമീഷന്റെ കണക്കുകൾ പ്രകാരം ഇവർ ഒരുവർഷം 2,07,000 ടൺ ചൂര ഇനങ്ങളാണ് പിടിക്കുന്നത്. ഈ യാനങ്ങൾക്കു പകരം 50 മീറ്ററിലധികം നീളമുള്ള വൻകിട യാനങ്ങൾ കൊണ്ടുവരാനാണ് നീക്കം. 24 മീറ്ററിലധികം നീളമുള്ള യാനങ്ങൾക്കുള്ള ലൈസൻസ് ഫീസ് മൂന്നു ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യയുടെ കടൽമേഖലയിലേക്ക് വൻകിട കപ്പലുകൾ വരുകയും തദ്ദേശീയ യാനങ്ങൾ പുറംതള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഇന്ത്യൻ മത്സ്യമേഖലയുടെ സവിശേഷത അതിലെ പരമ്പരാഗത ചെറുകിട മേഖലയുടെ പ്രാമുഖ്യമാണ്. ഈ രംഗത്തേക്ക് വൻകിടക്കാരെയും വിദേശക്കപ്പലുകളെയും കൊണ്ടുവരാനുള്ള എല്ലാ നീക്കത്തെയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ചെറുത്തു പരാജയപ്പെടുത്തിയ പാരമ്പര്യവും നമുക്കുണ്ട്. 1991ൽ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ‘പുത്തൻ ആഴക്കടൽ മത്സ്യബന്ധന’ നയത്തിന്റെ ഭാഗമായി നൂറുകണക്കിന് വിദേശ മത്സ്യബന്ധനയാനങ്ങൾക്കായി നമ്മുടെ കടലുകൾ തുറന്നിടുകയുണ്ടായി. സ്വാതന്ത്ര്യസമര കാലത്തുപോലും ദർശിക്കാത്ത ഐക്യത്തോടെയും ആർജവത്തോടെയും മത്സ്യബന്ധന മേഖല ഉണർന്നെണീക്കുകയും അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭങ്ങൾ വികസിപ്പിക്കുകയുംചെയ്തു. തുടർന്ന്, ഈ വിഷയം പരിശോധിക്കാനായി കേന്ദ്രസർക്കാർ പി. മുരാരി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചു. വിദേശക്കപ്പലുകൾ നമുക്കാവശ്യമില്ലെന്നും പകരം നമ്മുടെ നാട്ടിലെ പരമ്പരാഗത യാനങ്ങളെ നവീകരിക്കുകയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. 1996ലെ ദേവഗൗഡ സർക്കാർ മുരാരി കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. വിദേശ കപ്പലുകളുടെ ലൈസൻസ് നിരോധിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യൻ കുത്തകകൾ വെറുതെയിരുന്നില്ല.
2008ൽ അയ്യപ്പൻ കമ്മിറ്റിയിലൂടെയും 2013ൽ ഡോ. ബി. മീനാകുമാരിയിലൂടെയും കപ്പലുകളെ കൊണ്ടുവരാനുള്ള നീക്കം അവർ നടത്തി. 2014ൽ മോദിസർക്കാർ മീനാകുമാരി റിപ്പോർട്ട് അംഗീകരിച്ചു. ആഴക്കടൽ മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്ന തൊള്ളായിരേത്താളം തദ്ദേശീയ യാനങ്ങൾക്കു പുറമെ 278 പുതിയ മത്സ്യക്കപ്പലുകളെ നിയോഗിക്കണമെന്നതായിരുന്നു മീനാകുമാരി റിേപ്പാർട്ടിലെ ശിപാർശ. നമ്മുടെ വിലപ്പെട്ട മത്സ്യസമ്പത്ത് വിദേശ ശക്തികൾക്ക് കൊള്ളയടിക്കാനായി വിട്ടുകൊടുക്കുന്ന നടപടിക്കെതിരെ പ്രധാനമായും കേരളത്തിലായിരുന്നു സമരത്തിനു തുടക്കം കുറിച്ചത്. കാസർകോടു മുതൽ തിരുവനന്തപുരം വരെ തീരദേശ മനുഷ്യച്ചങ്ങല സൃഷ്ടിക്കപ്പെട്ടു. കേരള ഹർത്താലും മീനാകുമാരിയുടെ വസതിയിലേക്ക് മാർച്ചും സംഘടിപ്പിക്കപ്പെട്ടു. ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചു. വിദേശ കപ്പലുകളുടെ ലൈസൻസും റദ്ദുചെയ്തു. 2017 ഫെബ്രുവരിയിൽ അവസാന വിദേശ കപ്പലും രാജ്യംവിട്ടു.
തുടർന്ന്, കേന്ദ്രസർക്കാർ മേഖലയിലെ നയരൂപവത്കരണത്തിന് ഒരു കമ്മിറ്റി രൂപവത്കരിച്ചു. കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ കേന്ദ്രീകരിച്ചു രൂപവത്കരിച്ച കമ്മിറ്റിയുടെ ശിപാർശ 2017ൽ പുറത്തുവന്നു. ആഴക്കടൽ മേഖലയിലെ യാനങ്ങളെ നവീകരിക്കണമെന്നും കൃത്യമായ വാർത്താവിനിമയ സംവിധാനത്തിലേക്ക് (വി.എം.എസ്) ഇവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണമെന്നും മേഖലയിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്നതുമായിരുന്നു ദേശീയ ഫിഷറീസ് മാനേജ്മെന്റ് നയം ശിപാർശ ചെയ്തത്. നയം അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ അത് പബ്ലിഷ്ചെയ്തെങ്കിലും ആഴക്കടൽ രംഗത്തേക്ക് കുത്തകകളെ കടത്തിെക്കാണ്ടുവരുന്ന ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട് ഏഴ് രേഖകളും ഈ സമയത്തുതന്നെയാണ് പുറത്തുവന്നത്. ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കേരളത്തിന്റെ കടൽമണലും കരിമണലും ഖനനംചെയ്യാൻ കുത്തകകളെ അനുവദിക്കുന്ന പബ്ലിക് നോട്ടീസും അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.
പാർലമെന്റിനെ ഇരുട്ടിൽ നിർത്തിയാണ് പല ആഗോളീകരണ പദ്ധതികളും കേന്ദ്രസർക്കാർ നടപ്പിൽവരുത്തുന്നത്. കേരളത്തിലെ കടൽമണൽ ഖനനനീക്കം ഇതിൽ പ്രധാനമാണ്. ആഴക്കടൽ മേഖലയിൽതന്നെ ഒരു ഇന്ത്യൻ മറൈൻ ഫിഷറി ബിൽ നേരത്തേ തയാറാക്കപ്പെട്ടതാണ്. മൂന്നു തവണയും അത് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടില്ല. പുതിയ ഗൈഡ്ലൈൻ ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്.
പുതിയ കപ്പലുകൾക്ക് ആഴക്കടലിൽ അനുവാദം നൽകുമ്പോൾ കണക്കിലെടുക്കേണ്ട ചില പ്രധാന വിഷയങ്ങളുണ്ട്. ആഴക്കടലിലെ മത്സ്യസമ്പത്ത്, നിലവിലുള്ള യാനങ്ങൾ തുടങ്ങിയ വസ്തുതകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന സംഘടനയായ സീഷെൽസ് കേന്ദ്രീകരിച്ച് ഇന്ത്യൻ ഓഷ്യൻ ട്യൂണ കമീഷൻ (ഐ.ഒ.ടി.സി) ഇതുസംബന്ധമായ പ്രധാന നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അവരുടെ നിരീക്ഷണപ്രകാരം സ്കിപ്ജാക്ക് ട്യൂണ എന്ന വരയൻ കേര മാത്രമാണ് സുസ്ഥിരമായി പിടിക്കുന്നത്. യെലോഫിൻ ട്യൂണ കഴിഞ്ഞയാണ്ടിൽ 4,23,815 ടൺ പിടിച്ചു. പരമാവധി പിടിക്കാവുന്ന അളവ് 4,03,000 മാത്രമാണ്. അമിത ചൂഷണം നടന്നുവെന്നും അത് തുടരുന്നുവെന്നുമാണ് ഐ.ഒ.ടി.സിയുടെ കണക്ക്. സ്വേർഡ് ഫിഷ്, തള, കട്ടക്കൊമ്പൻ, ഓലക്കൊടി, കണൻ കേര തുടങ്ങിയ ഇനങ്ങളൊക്കെയും അമിതചൂഷണത്തിന് വിധേയമാണ്. ഇന്ത്യ കഴിഞ്ഞ വർഷം 2,08,928 ടൺ മത്സ്യം പിടിച്ചേപ്പാൾ ചൈന കേവലം 13,146 ടൺ ചൂര ഇനങ്ങളാണ് പിടിച്ചത്. കഴിഞ്ഞയിടെ കറാച്ചിയിൽ ചേർന്ന ഐ.ഒ.ടി.സിയുടെ ആലോചനായോഗം വർധിച്ചുവരുന്ന ട്യൂണ ചൂഷണത്തെ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തുകയും 28ഓളം വരുന്ന അംഗരാജ്യങ്ങളോട് കർശന നടപടിയെടുക്കാൻ ശിപാർശ നടത്തുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യയിലെ തുത്തൂർ മത്സ്യെത്താഴിലാളികൾ അഞ്ഞൂറോളം ബോട്ടുകളിൽ കഴിഞ്ഞ 50 വർഷമായി െകാച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ചൂണ്ടയും ഗിൽനെറ്റും ഉപേയാഗിച്ച് സുസ്ഥിരമായ മത്സ്യബന്ധനമാണ് അവർ നടത്തുന്നതും. ഈ രംഗത്തേക്കാണ് വൻകിട കപ്പലുകളെ കൊണ്ടുവരാൻ നീക്കം നടക്കുന്നത്.
തങ്ങളുടെ രാജ്യത്തെ മത്സ്യസമ്പത്തിന്റെ തകർച്ചയെത്തുടർന്ന് തൊഴിൽരഹിതരായ ആസ്ട്രേലിയയുടെയും കൊറിയയുടെയും യൂറോപ്യൻ യൂനിയന്റെയും കപ്പൽ സമൂഹത്തിന്റെ സമ്മർദം ഇതിനു പിന്നിലുണ്ട്.
കേരളം ദേശീയ ഫിഷറി നയ പ്രഖ്യാപനത്തിനുശേഷം നമ്മുടെ സംസ്ഥാനത്തെ ആഴക്കടൽ പ്രവീണരായ 14 മത്സ്യഗ്രാമങ്ങളിലെ െതാഴിലാളികളുടെ സഹകരണ സംഘങ്ങൾക്കായി 44 യാനങ്ങളുടെ ഒരു നിർദേശം ബ്ലൂ റെവലൂഷൻ പദ്ധതിപ്രകാരം കേന്ദ്രസർക്കാറിന് സമർപ്പിച്ചു. ഒരു ബോട്ടിന് ഒന്നേകാൽ കോടിരൂപ വരുന്ന ഈ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചു. റെഫ്രിജറേഷൻ, ഐസ്മേക്കിങ് യൂനിറ്റടക്കമാണ് ഒന്നേകാൽ കോടി രൂപ. അതേസമയം, ഇതേ തുകക്ക് 26 യാനങ്ങൾ തമിഴ് നാടിന് കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നും നിർമിച്ചു നൽകുകയും ചെയ്തു. ഇപ്പോൾ ‘പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന’ പദ്ധതിപ്രകാരം 200 ബോട്ടുകൾക്ക് നാം അപേക്ഷിച്ചതിൽ 10 ബോട്ടുകൾക്ക് അടുത്തിടെ അനുവാദം കിട്ടിയതും വിവാദമായിട്ടുണ്ട്. കേരളത്തിന് രണ്ട് മദർഷിപ്പുകൾ നൽകുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രഖ്യാപനവും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മദർവെസലുകളെ സംബന്ധിച്ച രേഖയിൽ വിശദീകരണമൊട്ടില്ലതാനും. ഇവ മത്സ്യബന്ധനയാനമാണോ, സംസ്കരണ കപ്പലാേണാ, മത്സ്യം സമാഹരിക്കുന്ന യാനമാണോ എന്നൊന്നും വിശദീകരിക്കപ്പെട്ടിട്ടുമില്ല.
മേഖലയിലെ ചെറുകിട മത്സ്യബന്ധനത്തെ ആധുനീകരിക്കണമെന്നും മേഖലയെ സമഗ്രമായി സഹകരണവത്കരിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. പക്ഷേ, കോഓപറേറ്റൈസേഷനെന്ന നിലപാടിനു പകരം കോർപറേറ്റൈസേഷനെന്നതാണ് കേന്ദ്ര നിലപാട്. ഈ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.