കേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന പേരിൽ നടപ്പാക്കിയ മാലിന്യ ഡംപിങ്ങിനെതിരെ െഎതിഹാസികമായ സമരമാണ് വിളപ്പിൽശാലയിലെ ജനം നടത്തിയത്. അതുവഴി വിളപ്പിൽശാല കേരളത്തിന് മുന്നിൽ ചില വസ്തുതകൾ മുന്നോട്ടുെവച്ചു. എന്തായിരുന്നു വിളപ്പിൽശാലയുടെഅവസ്ഥ, ഇപ്പോൾ എന്താണ് മാലിന്യസംസ്കരണ രീതികൾ? അന്നത്തെ സമരനേതാവ് എസ്. ബുർഹാൻ വീണ്ടും ചില സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നു.മാലിന്യസംസ്കരണത്തിൽ ഇടതു വലതു മുന്നണികൾക്ക് ശാസ്ത്രീയമായ...
കേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന പേരിൽ നടപ്പാക്കിയ മാലിന്യ ഡംപിങ്ങിനെതിരെ െഎതിഹാസികമായ സമരമാണ് വിളപ്പിൽശാലയിലെ ജനം നടത്തിയത്. അതുവഴി വിളപ്പിൽശാല കേരളത്തിന് മുന്നിൽ ചില വസ്തുതകൾ മുന്നോട്ടുെവച്ചു. എന്തായിരുന്നു വിളപ്പിൽശാലയുടെഅവസ്ഥ, ഇപ്പോൾ എന്താണ് മാലിന്യസംസ്കരണ രീതികൾ? അന്നത്തെ സമരനേതാവ് എസ്. ബുർഹാൻ വീണ്ടും ചില സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നു.
മാലിന്യസംസ്കരണത്തിൽ ഇടതു വലതു മുന്നണികൾക്ക് ശാസ്ത്രീയമായ അജണ്ട ഉണ്ടായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിളപ്പിൽശാല. കേരളത്തിലെ മാലിന്യസംസ്കരണശാലയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഡംപിങ് യാർഡുകൾക്ക് ഒരു പാഠമാണ് എന്നും വിളപ്പിൽശാല. മന്ത്രിമാരുടെയും എം.എൽ.എമാരുടേതും ഉദ്യോഗസ്ഥരുടേതുമടക്കം തലസ്ഥാനത്തിന്റെ അഴുക്കുകൾ തള്ളാനൊരിടമായാണ് വിളപ്പിൽശാലയെ ഇടതു വലത് സർക്കാറുകൾ കണ്ടത്. ആ വഞ്ചനയുടെ നാറ്റം പേറുന്ന ചരിത്രത്തിനൊപ്പം, ജനം ഒറ്റക്കെട്ടായി പ്രതിരോധിച്ചതിന്റെയും പാഠമുണ്ട് വിളപ്പിൽശാലക്ക്. കേന്ദ്രീകൃത മാലിന്യസംസ്കരണമെന്നതിൽനിന്ന് വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെ കുറിച്ചും ഉറവിട മാലിന്യസംസ്കരണത്തെകുറിച്ചും ആലോചിക്കുകയും ആവിഷ്കരിക്കുകയും ചെയ്യാൻ ഭരണകൂടത്തെയും കോർപറേഷനെയും പ്രേരിപ്പിച്ച സമരം കൂടിയാണ് വിളപ്പിൽശാല.
തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് വിളപ്പിൽ പഞ്ചായത്ത്. നഗരത്തിനോടു ചേർന്ന് കിടക്കുന്ന മനോഹരമായ നാട്. പച്ചപ്പുകളും അരുവികളും ജൈവസമ്പത്തിനെ സമ്പുഷ്ടമാക്കിയപ്പോൾ, കാർഷികവിളകളായിരുന്നു അന്ന് ജനങ്ങളുടെ പ്രധാന സാമ്പത്തിക േസ്രാതസ്സ്. ഞങ്ങളുടെ വിപണിതന്നെ തിരുവനന്തപുരം നഗരമായിരുന്നു. ആ നഗരത്തിന്റെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഭരണകൂടം തിരഞ്ഞെടുത്തത് നഗരത്തെ ഭക്ഷിപ്പിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഗ്രാമത്തെയായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1990കളുടെ ആദ്യ കാലഘട്ടത്തിലാണ് പൂന്തോട്ടവും ഔഷധത്തോട്ടവും നിർമിക്കാനെന്ന പേരിൽ തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ ഭൂമി വാങ്ങുന്നതെങ്കിലും പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് 2000ൽ ഇടതുമുന്നണി സംസ്ഥാനവും തിരുവനന്തപുരം കോർപറേഷനും ഭരിക്കുന്ന കാലത്താണ്. മുഖ്യമന്ത്രി കസേരയിൽ ഇ.കെ. നായനാരും മേയറുടെ കസേരയിൽ ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയായ വി. ശിവൻകുട്ടിയും.
വിളപ്പിൽശാലയിലെ സമരവിജയം ആഘോഷിക്കുന്ന സമരഭടൻമാർ
മാലിന്യത്തിൽനിന്ന് ജൈവവളം സംസ്കരിക്കുകയാണ് ലക്ഷ്യമെന്നും ഒരുതരത്തിലുള്ള മലിനീകരണവും ഉണ്ടാവില്ലെന്നും ജനങ്ങളെ വിശ്വസിപ്പിച്ചാണ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. നഗരമാലിന്യം എവിടെയെങ്കിലും തള്ളണമെന്ന അജണ്ടക്കപ്പുറം മറ്റൊന്നുമില്ലായിരുന്നു. 2000 ജനുവരി 24 മുതൽ വിളപ്പിൽശാലയിലേക്ക് മാലിന്യവുമായി ആദ്യ ലോറി എത്തിയതോടെയാണ് ഞങ്ങളെ വിളപ്പിൽ പഞ്ചായത്ത് ഭരണസമിതിയും മുന്നണി വ്യത്യാസമില്ലാതെ പ്രാദേശിക പാർട്ടി നേതൃത്വങ്ങളും ചേർന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പിന്നീട് സമരങ്ങളുടെ നാളുകളായി. ഒടുവിൽ ജനം വിജയിച്ചു. ഓരോ രാത്രിയിലും ഒമ്പത് മണിയാകുമ്പോൾ മാലിന്യം നിറച്ച അമ്പതോളം ലോറികൾ വിളപ്പിൽ പഞ്ചായത്തിലേക്ക് ഇരച്ചെത്തും. ഇങ്ങനെ ഏകദേശം പന്ത്രണ്ട് ലക്ഷം ടൺ മാലിന്യമാണ് കുറഞ്ഞ കാലയളവിൽ നിക്ഷേപിച്ചതെന്നാണ് അനൗദ്യോഗിക കണക്ക്.
ജൈവവളം എന്ന നുണ
മാലിന്യസംസ്കരണ ശാലകളെന്ന ഓമനപ്പേരിട്ടാണ് മാലിന്യം വലിച്ചെറിയാനുള്ള ഡംപിങ് യാർഡുകൾ ഉണ്ടാക്കുന്നത്. ജൈവവളം ഉൽപാദിപ്പിക്കുമെന്ന വാഗ്ദാനവും ഉയർത്തും. കുറച്ചുകാലം ജൈവ വളം ഉൽപാദിപ്പിക്കും. അങ്ങനെതന്നെയായിരുന്നു വിളപ്പിൽശാലയിലെ അവകാശവാദം, ഉദ്ദേശിച്ച ഗുണനിലവാരം ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച വിൽപനയുണ്ടായില്ല. ആദ്യകാലത്ത് ഉൽപാദിപ്പിച്ച വളം കെട്ടിക്കിടന്നതോടെ ‘പ്ലാന്റ്’ നഷ്ടമെന്ന് പറഞ്ഞു പോബ്സ് പിൻവലിഞ്ഞു. അതോടെ, പ്ലാന്റിന്റെ പ്രവർത്തനം നിലച്ചെങ്കിലും തിരുവനന്തപുരത്തുനിന്ന് മാലിന്യം വിളപ്പിൽശാലയിലേക്ക് എത്തിക്കൊണ്ടിരുന്നു. കുറഞ്ഞ മാസങ്ങൾകൊണ്ട് മാലിന്യസംസ്കരണ കേന്ദ്രമെന്ന് പേരിട്ട് വിളിച്ച വിളപ്പിൽശാല മാലിന്യസംഭരണകേന്ദ്രമായി മാറി. പോബ്സ് പിന്മാറിയതോടെ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തന ചുമതല തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. എന്നാൽ, പ്രതിദിനമെത്തുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനപ്പുറമായി. സ്ഥലം തികയാതെ വന്നപ്പോൾ പല കാലഘട്ടങ്ങളിലായി സർക്കാർ കൂടുതൽ ഭൂമി ഏറ്റെടുത്ത് യാർഡ് വികസിപ്പിച്ചു. വിളപ്പിൽ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷം രൂക്ഷമായ ദുർഗന്ധംകൊണ്ട് നിറഞ്ഞു. ആശുപത്രികളിൽനിന്നുള്ള സർജിക്കൽ വേസ്റ്റും മനുഷ്യശരീരഭാഗങ്ങളും മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങളും മറ്റും കാക്കയും മറ്റു പക്ഷികളും കൊത്തി വീടുകളിലും കിണറുകളിലും വരെ കൊണ്ടിടാൻ തുടങ്ങി. ശുദ്ധവായുവിനൊപ്പം ശുദ്ധജലവും അന്യമായി. കൂടുതൽ ദുരിതത്തിലേക്ക് ജീവിതമെത്തി. സഹികെട്ടാണ് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്.
മാലിന്യസംസ്കരണ പ്ലാന്റിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും തുടക്കത്തിൽ ഇല്ലായിരുന്നു. പ്രതിഷേധങ്ങൾ ഉണ്ടായതോടെയാണ് മാലിന്യപ്ലാന്റിൽ മേൽക്കൂര നിർമിക്കുന്നത് ആലോചിക്കാൻ തുടങ്ങിയത്. എന്നാൽ, ജൈവവള ഉൽപാദനം നിലച്ചിട്ടും മാലിന്യം എന്തുചെയ്യുമെന്ന് വ്യക്തതയില്ലാതിരുന്നിട്ടും കോർപറേഷൻ ദിനംപ്രതി ലോഡ് കണക്കിന് മാലിന്യം കൊണ്ടുവന്നു തള്ളി. കെട്ടിക്കിടന്ന മാലിന്യം അഴുകി ഭൂമിയിലേക്ക് ഇറങ്ങി, ജലസ്രോതസ്സുകൾ മലിനമായതോടെ ഉപയോഗയോഗ്യമല്ലാതായി. മഴക്കാലത്ത് ഈ മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള കറുത്തജലം സമീപത്തെ ജലസ്രോതസ്സിനെപോലും മലിനമാക്കിത്തുടങ്ങി. അരുവികളിലും ചെറുതോടുകളിലുമൊക്കെ കറുത്ത ജലമായിരുന്നു. അതിനെക്കാൾ ഭീകരമായി നാറ്റം. സ്വന്തം വീട്ടിലിരുന്ന് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയായി. പെൺകുട്ടികളുടെ വിവാഹങ്ങൾപോലും നടന്നില്ല. ആശുപത്രി ചെലവിനും വിദ്യാഭ്യാസത്തിനുമായി പണം കണ്ടെത്താൻ പറമ്പുകൾ പണയംവെക്കാൻ ബാങ്കുകളിൽ ചെന്നാൽ വിളപ്പിൽ പഞ്ചായത്തിൽനിന്നാണെങ്കിൽ പുറംതള്ളും. ജീവിതം എല്ലാവിധത്തിലും വഴിമുട്ടിയപ്പോൾ കിട്ടിയ വിലയ്ക്ക് എല്ലാം വിറ്റ് പലരും പോയി. ആ ഭൂമികൾ കോർപറേഷൻതന്നെ വാങ്ങി പ്ലാന്റിന്റെ വലുപ്പം കൂട്ടി. വലുപ്പം കൂടുന്നതനുസരിച്ച് ഞങ്ങളുടെ മണ്ണും വായുവും ജലവും കൂടുതൽ മലിനമായി. ഒപ്പം, ഞങ്ങളെ തീരാരോഗികളുമാക്കി. ശുദ്ധവായുവും വെള്ളവും മണ്ണും നിഷേധിച്ച് ഭരണകൂടം ഞങ്ങളെ രണ്ടാംതരം പൗരന്മാരെ പോലെയാണ് കണ്ടത്. പ്രതിഷേധിച്ചപ്പോൾ പൊലീസിനെ ഇറക്കി അടിച്ചമർത്തി. കള്ളക്കേസുകൾ ചുമത്തി അഴികൾക്കുള്ളിലാക്കി. കുട്ടികളുടെ വിദ്യാഭ്യാസം വരെ മുടങ്ങി. വിവാഹാലോചനകൾപോലും പഞ്ചായത്ത് അതിർത്തി കടന്നുവന്നില്ല. മുഴുവൻ കുടുംബങ്ങൾക്കും രോഗാതുരമായ നാളുകൾ സമ്മാനിച്ചു. ഭരണകൂടവും ഉദ്യോഗസ്ഥരും ആദ്യകാലങ്ങളിൽ കോടതികൾപോലും നിഷേധിക്കപ്പെട്ട ഈ മനുഷ്യാവകാശങ്ങൾക്കു നേരെ മുഖം തിരിച്ചു.
സമരം കേരളത്തിന് മാതൃകയാണ്
ചരിത്രപരമായ വിജയമായിരുന്നു വിളപ്പിൽശാലയിലേത്. കക്ഷിരാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായിരുന്നു ജനകീയ സമിതിയുടെ അടിത്തറ. ശരിക്കു വേണ്ടി, ഒരു സങ്കുചിത താൽപര്യവുമില്ലാത്ത ശരിയായ നിലപാടായിരുന്നു ജനകീയ സമിതി കൈക്കൊണ്ടത്. അതും ജനാധിപത്യപരമായി തന്നെ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിളപ്പിൽശാലക്കാരുടെ സ്വാതന്ത്ര്യസമരമായിരുന്നു അത്. അവർക്ക് പല താൽപര്യങ്ങളാണ്. ജനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളുടെ പക്ഷത്ത് നിൽക്കാൻപോലും ഇവിടത്തെ നേതൃത്വങ്ങൾക്ക് കഴിയുന്നില്ല. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സമരവും അതിന്റെ വിജയവും.
ആറര പതിറ്റാണ്ട് പിന്നിട്ട കേരളത്തിൽ മാലിന്യസംസ്കരണമെന്നത്, മാറിമാറി വന്ന ഭരണകൂടങ്ങൾക്ക് തലവേദനയായിരുന്നു. നഗരങ്ങളുടെ മാലിന്യം അവർ ഗ്രാമങ്ങളിലേക്ക് കൊണ്ടുവന്ന് തള്ളിക്കൊണ്ടിരിക്കുന്നു. മാലിന്യസംസ്കരണത്തിൽ ഭരണകൂടങ്ങളും ശാസ്ത്രസംഘടനകളും സ്വീകരിച്ച നിലപാടുകൾ തെറ്റായിരുന്നുവെന്ന് തെളിയിച്ച മണ്ണാണ് വിളപ്പിൽശാല. കേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന നിലപാടിന്റെ ഇരയാണ്, വിളപ്പിൽശാല. കേരളംപോലൊരു സംസ്ഥാനത്ത് വികേന്ദ്രീകൃതരീതിയിലുള്ള മാലിന്യസംസ്കരണ രീതി മാത്രമാണ് അതിജീവിക്കുക. ചെറിയ ചെറിയ പ്ലാന്റുകളിലൂടെ സംസ്കരിക്കുക. വാർഡുകൾ കേന്ദ്രീകരിച്ചോ, അല്ലെങ്കിൽ നിശ്ചിത വീടുകൾക്ക് ഒരു പ്ലാന്റ് എന്ന രീതിയിലോ മാലിന്യസംസ്കരണ പ്ലാന്റുകളും വിജയിക്കുന്നതാണ്. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതാണ് ഏറ്റവും മികച്ച രീതി. വിളപ്പിൽശാലയിലേക്കുള്ള ചവർലോറികൾ തടഞ്ഞ ഒന്നരവർഷത്തിനിടയിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പതിനായിരത്തോളം വീടുകളും സ്ഥാപനങ്ങളുമാണ് മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചത്. വിളപ്പിൽശാല അടച്ചുപൂട്ടിയാൽ നഗരം നാറുമെന്നായിരുന്നു കോർപറേഷന്റെയും സർക്കാറിന്റെയും നിലപാട്. എന്നാൽ, അവിടത്തെ ജനംതന്നെ മാലിന്യം വലിച്ചെറിയുന്ന രീതി ഉപേക്ഷിച്ച് സ്വന്തമായി സംസ്കരിക്കാൻ തുടങ്ങി. നഗരത്തിലെ വൻകിട ഹോട്ടലുകളിലും, ആശുപത്രികളിൽപോലും മാലിന്യസംസ്കരണത്തിന് ഒരു സംവിധാനവും ഒരുക്കിയിരുന്നില്ല. എല്ലാം വിളപ്പിൽശാലയിലേക്ക് തള്ളുകയായിരുന്നു. എന്നാൽ, ഇന്നത് മാറി. കേന്ദ്രീകൃത സംസ്കരണ രീതി വേണമെന്ന് പറഞ്ഞവർ വികേന്ദ്രീകൃത സംസ്കരണരീതികളെ േപ്രാത്സാഹിപ്പിക്കുകയാണിപ്പോൾ.
വിജയത്തിനു ശേഷമുള്ള പാഠങ്ങൾ
സമരം വിജയിച്ചശേഷമാണ്, കൂടുതൽ ചെയ്യാനുണ്ടായിരുന്നത്. ജനകീയ സമിതിയുടെ പേരിലും സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലും നിരവധി കേസുകളുണ്ടായിരുന്നു. നാറ്റമില്ലാത്ത ഒരു നാടായി മാറിയിന്നത്. ഒരു കാലത്ത് മാലിന്യ പ്ലാന്റിന്റെ പേരിലായിരുന്നു അറിഞ്ഞത്. ആ സമരത്തിന്റെ ചരിത്രമടയാളപ്പെടുത്തിയ സ്മരണിക പുതുതലമുറക്ക് പകർന്ന് നൽകാൻ സ്മരണിക ഇറക്കിയിരുന്നു. ഇന്ന് ബന്ധുക്കളൊക്കെ വരാനും തങ്ങാനുമൊക്കെ തുടങ്ങിയിരിക്കുന്നു. ഭൂമി വാങ്ങി ദൂരെ സ്ഥലത്തുനിന്നുള്ളവർ വന്ന് ഭൂമി വാങ്ങി വീട് വെക്കുന്നു. വികേന്ദ്രീകരണ മാലിന്യസംസ്കരണത്തിലേക്ക് ജനങ്ങൾ തന്നെ മാറിയതോടെയാണ് കോർപറേഷന് അത് നടപ്പാക്കേണ്ടിവന്നത്. മാലിന്യസംസ്കരണം എന്നത് എന്നും ഭരണകൂടങ്ങൾക്ക് വൻ സാമ്പത്തികനേട്ടമുള്ള പദ്ധതികളാണ് എന്നും. കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് കേന്ദ്രീകൃത മാലിന്യസംസ്കരണം നടപ്പാക്കാൻ കഴിയില്ല. വിളപ്പിൽശാല സമരമാണ് കേരളത്തെ വികേന്ദ്രീകരണ മാലിന്യസംസ്കരണത്തെക്കുറിച്ച് ഗൗരവത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അതിൽ ജനകീയ സമരസമിതിക്ക് അഭിമാനമുണ്ട്. വികേന്ദ്രീകരണ മാലിന്യസംസ്കരണം വിജയിക്കണമെങ്കിലും ഭരണകൂടംതന്നെയാണ് ആത്മാർഥത കാണിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.