“I guess there are never enough books.”-John Steinbeck
(American author and the 1962 Nobel Prize in Literature winner)
വായിക്കുന്നവര്‍ക്ക് ഒരിക്കലും മതിയാവാറില്ല. നല്ല വായനക്കാരാകട്ടെ ഒരിക്കലും തൃപ്തരാവുകയുമില്ല. ഭക്ഷണംപോലെയല്ല വായന. മതിയെന്ന് നല്ല വായനക്കാര്‍ ഒരു വേളപോലും പറയില്ല. ആര്‍ത്തിയോടെ, കൊതിയോടെ അവര്‍ വായന തുടരും. പന്തികള് മാറിമാറി അവര്‍ പ്രയാണം തുടരും.
മാധ്യമത്തിന്റെ എക്കാലത്തെയും ഭാഗ്യം നല്ല വായനക്കാരാണ്. എഴുത്തിനെയും പ്രസാധനത്തെയുംപോലും മാറ്റിത്തീര്‍ക്കാന്‍ കരുത്തുള്ളവരാണ് വായനക്കാര്‍. ചെറിയ വീഴ്ചകള്‍, അതെന്തുമാകട്ടെ, ഓരോ നിമിഷവും പങ്കുവെക്കും. തെറ്റുകള്‍ക്ക് നേരെ നിശിതവിമര്‍ശനം ഉന്നയിക്കും. നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകാന്‍ എപ്പോഴും ഞങ്ങള്‍ക്ക് പ്രേരണ വായനക്കാരാണ്.
അതേസമയം, വായനക്കാര്‍ തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്. അവരുടെ വായനയെ മാധ്യമം പല രീതിയില്‍ മാറ്റിത്തീര്‍ത്തിരിക്കുന്നുവെന്ന്. ഒരുപക്ഷേ, പൈങ്കിളിയിലോ ജനപ്രിയ സാഹിത്യങ്ങളിലോ, അതുമല്ലെങ്കില്‍ വായന തന്നെ നിലക്കുന്ന അവസ്ഥയിലേക്കോ നയിക്കുമായിരുന്ന തങ്ങളെ മറ്റൊരു തരത്തില്‍ ഗൗരവമുള്ള ജനകീയ വായനയിലേക്ക് പരിവര്‍ത്തിപ്പിച്ചത് മാധ്യമമാണെന്ന്. ആ അഭിമാനം ചെറുതല്ല. ഈ സൂക്ഷ്മബുദ്ധിയുള്ള വായനക്കാര്‍ എഴുത്തിനെ മാറ്റിത്തീര്‍ത്തു. പുതിയ എഴുത്തുകാരുടെ കടന്നുവരവിനും കാരണമായി. ആത്യന്തികമായി നമ്മുടെ ഈ യാത്ര പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയായിരുന്നു. നമ്മള് ഇതില്‍ ബൗദ്ധികമായി നേട്ടങ്ങളുണ്ടാക്കി.
ഓണപ്പതിപ്പുകളുടെ ധാരാളിത്തത്തിലേക്കാണ് പരിമിതികളുടെ നടുവില്‍നിന്ന് മാധ്യമം രണ്ട് വോള്യങ്ങളില്‍, നാനൂറോളം പേജുകളില്‍ വാര്‍ഷികപ്പതിപ്പ് പുറത്തിറക്കുന്നത്. നമുക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ഇനിയുള്ള വഴികളും ലളിതമോ അനായാസമോ അല്ല. ഈ വാര്‍ഷികപ്പതിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് തന്നെയാണ് വിശ്വാസം. ഇഖ്റ ഹസന് ചൗധരി, ഡോ. പരകാല പ്രഭാകര്‍, കുടമാളൂര്‍ ജനാര്ദനന്, സച്ചിദാനന്ദന്, ശ്യാമപ്രസാദ് എന്നിവരുടെ സംഭാഷണം, സംവിധായകനും നടനുമായ മധുപാലിന്റെയും ഇന്ത്യന്‍ ഫുട്ബാളര്‍ എന്‍.പി. പ്രദീപിന്റെയും ആത്മഭാഷണം, ആര്‍ട്ടിസ്റ്റ് ഗോപാലന്റെ ജീവിതവരകള്, അയ്മനം ജോണ്‍ മുതല്‍ മനോജ് വെങ്ങോല വരെയുള്ളവരുടെ കഥകള്‍, കെ.ജി.എസ് മുതല്‍ പുതുതലമുറയിലെ കവികളുടെ കവിതകള്‍, ചരിത്രം, യാത്ര എന്നിങ്ങനെ വിഭവങ്ങള്‍ക്ക് ഒരു കുറവുമില്ല. വായനയുടെ നല്ലൊരു വര്‍ഷം ആശംസിക്കുന്നു. വായന തുടരട്ടെ..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.