കേരളത്തിൽ എത്ര ബാങ്കുകളാണ് ഇപ്പോഴുള്ളത്? മുമ്പ് എത്രയുണ്ടായിരുന്നു? അത് എന്തുകൊണ്ടാണ്? -േചാദ്യങ്ങൾ പലേപ്പാഴും നമ്മെ കുഴക്കും. നമ്മെക്കാൾ അധികാരികളെ. അൽപം മുമ്പ് സംസ്ഥാനത്തുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിന്റെ കാര്യമെടുക്കാം. 2015 മാർച്ച് 31ലെ കണക്കനുസരിച്ച് എസ്.ബി.ടിക്ക് 1157 ശാഖകളും 1602 എ.ടി.എമ്മുകളും ഉണ്ടായിരുന്നു. 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇടപാടുകൾ നടത്തിയിരുന്ന എസ്.ബി.ടി 2017 ഫെബ്രുവരി 15ൽ എസ്.ബി.െഎയിൽ ലയിച്ചു. കൂടെ മറ്റ് നാല് ബാങ്കുകളും. 1945 മുതൽ പ്രവർത്തിച്ചിരുന്നതാണ് എസ്.ബി.ടി. ഇൗ ലയനം ജനത്തിന് പലതരത്തിൽ ദോഷകരമായി. എ.ടി.എം സേവനം കുറഞ്ഞതും ശാഖകൾ അടച്ചതുമടക്കമുള്ള പ്രതിസന്ധികൾ സൃഷ്ടിക്കപ്പെട്ടു.
ബാങ്കുകളുടെ എണ്ണം കുറയുന്നതിന് ന്യായങ്ങൾ നിരവധി നിരത്താൻ കേന്ദ്ര ഗവൺമെന്റിനും റിസർവ് ബാങ്കിനും കഴിയും. എന്നാൽ, വ്യക്തമായി പറയുന്ന ന്യായങ്ങളല്ല ഇൗ നടപടികളുടെ യഥാർഥ പ്രചോദനം. പൊതുമേഖലയിലെ ബാങ്കിങ് സംവിധാനം തകർക്കുകയും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. വൻകിട സ്വകാര്യ ബാങ്കുകൾക്കു വേണ്ടിയുള്ളതാണ് ബാങ്ക് സംയോജനം.
ഇപ്പോഴിതാ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ബാങ്കുകൾ ഒന്നിപ്പിക്കാൻ ആർ.ബി.െഎ തീരുമാനിച്ചിരിക്കുന്നു. നിലവിലെ 43 ബാങ്കുകൾ 28 ആയി കുറക്കാനാണ് ശ്രമം. ‘ഒരു സംസ്ഥാനം, ഒരു ഗ്രാമീണ ബാങ്ക്’ എന്ന ആശയത്തിന്റെ ഭാഗമായാണ് സംയോജനം. കേന്ദ്രസർക്കാറും അതത് സംസ്ഥാന സർക്കാറുകളും സ്പോൺസർ ചെയ്യുന്ന പൊതുമേഖല ബാങ്കും ചേർന്ന് നിയന്ത്രിക്കുന്ന ഗ്രാമീണ ബാങ്കുകളുടെ ഭരണപരമായ ചെലവ് കുറക്കൽ, സാങ്കേതിക സംവിധാനങ്ങളുടെ ചെലവ് ചുരുക്കൽ എന്നിവയാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. 2004-05 മുതൽ 2020-21 വരെ മൂന്നു ഘട്ടങ്ങളിലായി 196 ബാങ്കുകളെ സംയോജിപ്പിച്ച് 43 ആക്കി കുറച്ചിട്ടുണ്ട്.
പല പൊതുമേഖല ബാങ്കുകളും സ്വകാര്യവത്കരണ പട്ടികയിലാണ്. അതിനാൽതന്നെ ആ ബാങ്കുകൾ സ്പോൺസർ ചെയ്യുന്ന ഗ്രാമീണ ബാങ്കുകളുടെ ഭാവിയും അപകടത്തിലാകും. നിലവിൽ 43 ഗ്രാമീണ ബാങ്കിൽ എട്ട് എണ്ണത്തിന്റെ സ്പോൺസറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പുതിയ സംയോജനത്തോടെ ഒന്നിന്റെ മാത്രം സ്പോൺസറാക്കുന്നത് എന്തുകൊണ്ടാവും? കേരളത്തിൽ സംയോജനം നടന്നിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും മലപ്പുറം ആസ്ഥാനമായ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും സംയോജിപ്പിച്ചാണ് 2013 ജൂലൈ എട്ടിന് കേരള ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്. കനറാ ബാങ്കാണ് സ്പോൺസർ.
വാസ്തവത്തിൽ, ഗ്രാമീണ ബാങ്കുകളും വികേന്ദ്രീകരിക്കപ്പെട്ട ബാങ്കുകളുടെ ശൃംഖലകളുമാണ് സംസ്ഥാനതലത്തിലും പ്രാദേശികവുമായും ഗുണങ്ങൾചെയ്യുക. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെട്ടല്ലായാണ് പലപ്പോഴും ഇൗ വികേന്ദ്രീകൃത ബാങ്ക് സംവിധാനം പ്രവർത്തിക്കുന്നത്. കേരളത്തിൽ സഹകരണ ബാങ്കുകൾ സൃഷ്ടിക്കുന്നത് തദ്ദേശീയമായ സാമ്പത്തിക ക്രമത്തെക്കൂടിയാണ്. സഹകരണ ബാങ്ക് ശൃംഖലയെ ഇല്ലാതാക്കാനും കൈയടക്കാനും നിയന്ത്രിക്കാനും വളരെ മുന്നേ ശ്രമങ്ങൾ കേന്ദ്രതലത്തിലും റിസർവ് ബാങ്ക് തലത്തിലും ആസൂത്രണംചെയ്യപ്പെട്ടിരുന്നു.
വികേന്ദ്രീകൃതമായ സമ്പദ് ഘടനയെ ഇല്ലാതാക്കി മൂലധനം മൊത്തത്തിൽ കൊള്ളയടിക്കാനുള്ള നീക്കമാണ് ബാങ്ക് സംയോജനം. കേരളത്തിന്റെയടക്കമുള്ള മൂലധനം പുറത്തേക്ക് പോകുന്നതിനും ഇത് കാരണമാകും. ബാങ്കുകൾ ഒന്നിപ്പിക്കുകയും അത് അവസാനം സ്വകാര്യവത്കരിക്കുകയും ചെയ്യുകയാണ് കേന്ദ്ര നീക്കത്തിന്റെ യഥാർഥ താൽപര്യമെന്ന് ബാങ്കിങ് വിദഗ്ധർ തന്നെ മുന്നറിയിപ്പു നൽകുന്നു. ചെറിയ വായ്പകൾക്കുപോലും വൻകിട-സ്വകാര്യ ബാങ്കുകൾക്ക് മുന്നിൽ കാത്തുകെട്ടിക്കിടക്കുകയും അവരുടെ ഷൈലോക്ക് വ്യവസ്ഥകൾക്ക് വിധേയമാകാനുമാകും ഇനി ജനങ്ങളുടെ വിധി. അതുണ്ടാവാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.