ഞങ്ങള്‍ വരണ്ട പ്രദേശത്തുകൂടിയുള്ള സാഹസിക യാത്ര പുനരാരംഭിച്ചു. ചുറ്റും അനന്തതയെയും അപാരതയെയും ഓർമിപ്പിക്കുന്ന ദൃശ്യങ്ങള്‍. നോക്കെത്താദൂരത്തോളം വരണ്ട ഭൂമി. അവക്ക് കാവലായി കരിങ്കല്‍ മലകള്‍. റോഡ് ഒന്നുമില്ല. എങ്ങനെയാണ് ഡ്രൈവര്‍ ദിശതെറ്റാതെ വണ്ടി ഓടിക്കുന്നത് എന്നൊരു പിടിയുമില്ല –യാത്ര തുടരുന്നു.
മൂത്രശങ്ക കാരണം അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വന്നു. കൊടും തണുപ്പായിരുന്നു പുറത്ത്. കൈയൊക്കെ തിരുമ്മി പുറത്തിറങ്ങി. കിടുകിടാ വിറച്ചുകൊണ്ട് മൂത്രമൊഴിച്ചു തിരിച്ചുവന്നു. അപ്പോഴാണ് ആകാശം ശ്രദ്ധിച്ചത്. നിറയെ നക്ഷത്രങ്ങള്‍. ഈ ഭാഗങ്ങളില്‍ ഒട്ടും വായു മലിനീകരണം ഇല്ലാത്തതിനാലും മേഘങ്ങള്‍ ഇല്ലാത്തതുകൊണ്ടും ആകാശത്തിനു നല്ല തെളിമയാണ്. അതുകൊണ്ടാണ് നക്ഷത്രങ്ങളെ ഇങ്ങനെ മനോഹരമായി കാണാന്‍ പറ്റുന്നത്. കറുത്ത ഉടുപ്പില്‍ കല്ലുകള്‍ പതിപ്പിച്ചപോലെ അവ തിളങ്ങി. ഇടക്ക് ചില കൊള്ളിമീനുകളും.
നക്ഷത്രങ്ങള്‍ തമ്മില്‍ ഓടിപ്പിടിത്തം കളിക്കുകയാണോ എന്ന് തോന്നി. ആദ്യമായിട്ടാണ് നക്ഷത്രങ്ങളെ ഇത്രയും അടുത്ത് കാണുന്നത്. ടൈം ലാപ്‌സ് വിഡിയോ പിടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ ഇനി പോകുന്ന സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ എന്നൊന്നും അറിയാത്തതുകൊണ്ട് അതിന് മുതിര്‍ന്നില്ല. മൊബൈല്‍ ഉപയോഗിച്ച് ചെറിയ ഒരു ടൈം ലാപ്‌സ് എടുത്തു.
ആ സമയം സിന്‍ഡി പുറത്തുവന്നു. ആകാശം കണ്ട് അവള്‍ തുള്ളിച്ചാടി. അവളുടെ മൊബൈലില്‍ ഏതോ ആപ്പ് എടുത്ത് നോക്കി ചില നക്ഷത്രങ്ങളുടെ പേര് പറഞ്ഞു. ബഹളം കേട്ട് ബിബിറ്റോയും ഇറങ്ങിവന്നു. ആകാശത്തേക്ക് നോക്കിയതും അവള്‍ നിലത്തോട്ടു തുപ്പി. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. ‘‘ഞാന്‍ ഒരു കൊള്ളിമീനിനെ കണ്ടു. ഞങ്ങള്‍ക്ക് അത് മരണത്തിന്റെ സൂചകമാണ്.
ഓരോ നക്ഷത്രവും ഊര്‍ജരേഖയാണ്. കത്തിയെരിഞ്ഞ് അപ്രത്യക്ഷമാകുന്ന കൊള്ളിമീൻ ആ കാഴ്ച കാണുന്നയാളുടെ ഊര്‍ജം ചോര്‍ത്തി കൊണ്ടുപോകും. ദുശ്ശകുനം നീക്കാനാണ് ഞാന്‍ തുപ്പിയത്.’’ ബിബിറ്റോയുടെ മറുപടി ഞാൻ കൗതുകത്തോടെയാണ് കേട്ടത്. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കൊക്കോയെ ശല്യംചെയ്യണ്ട എന്ന് കരുതി ഞങ്ങള്‍ സംസാരം നിര്‍ത്തി വീണ്ടും പോയി കിടന്നുറങ്ങി.
ഏഴു മണിക്ക് പ്രാതല്‍ തയാറാക്കി ബിബിറ്റോ ഞങ്ങളെ ഉണര്‍ത്തി. ബ്രെഡും മുട്ടയും, സലാഡും പഴങ്ങളുമായിരുന്നു അന്നത്തെ പ്രാതല്‍. ഭക്ഷണം കഴിഞ്ഞു പാത്രങ്ങളെല്ലാം അടുക്കി പെറുക്കി വെച്ചശേഷം ബിബിറ്റോ ഫ്രീ ആയപ്പോള്‍, ഞാന്‍ അവളെ കൂട്ടി തുമെയുടെ ഗെറിലേക്ക് പോയി. ഒരു ചെറിയ വീടിനു വേണ്ട എല്ലാ സാധനങ്ങളും അവിടെയുണ്ടായിരുന്നു.
സോഫയും കട്ടിലും മേശയും കസേരയും അടുപ്പും എന്തിനു ചെറിയൊരു ഫ്രിഡ്ജ് വരെ അവിടെ കണ്ടു. ഒറ്റക്കായിരുന്നു തുമെ അവിടെ കഴിഞ്ഞിരുന്നത്. അവരോടു സംസാരിക്കാന്‍ ചെന്നു എന്നുള്ളതുകൊണ്ട് അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങള്‍ക്കുണ്ടാക്കിയ പ്രാതലിന്റെ ഒരു പങ്ക് ബിബിറ്റോ അവര്‍ക്കു കൊടുത്തത് മേശപ്പുറത്തിരിപ്പുണ്ടായിരുന്നു.
‘‘നിങ്ങള്‍ എത്ര കൊല്ലമായി ഇവിടെ ടൂറിസ്റ്റ് ഗെര്‍ നടത്തുന്നു.’’
‘‘സ്ത്രീകള്‍ക്ക് അമ്പത്തിയഞ്ചാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യാം. അതിനുശേഷമാണു ഞാന്‍ ഈ പരിപാടി ആരംഭിച്ചത്, ഇപ്പോൾ പതിനഞ്ചു വര്‍ഷമായി. സൗകര്യങ്ങള്‍ പരിമിതമാണ്. മുമ്പിവിടെ കറന്റ് പോലുമില്ലായിരുന്നു. രണ്ടു വര്‍ഷമേ ആയുള്ളൂ കറന്റ് ലഭിച്ചുതുടങ്ങിയിട്ട്. കുറച്ചുമാറി ഒരരുവിയുണ്ട്. അവിടന്നാണ് വെള്ളം എടുക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ കന്നാസുമായി എന്റെ കാറില്‍ പോയി വെള്ളമെടുത്തിട്ട് വരും. ചിലപ്പോള്‍ ടൂറിസ്റ്റുകളെ കൊണ്ടുവരുന്ന വാനിന്റെ ഡ്രൈവര്‍ വെള്ളമെടുത്തു കൊണ്ടുവരാന്‍ സഹായിക്കും.’’
‘‘നിങ്ങള്‍ക്ക് ഒറ്റക്കിവിടെ ജീവിക്കാന്‍ പേടിയില്ലേ?’’
‘‘ഏയ്... ഞാന്‍ ഇവിടെ ജനിച്ചു വളര്‍ന്നതാണ്. എനിക്ക് പേടിയില്ല. മാത്രവുമല്ല ഈ സ്വാതന്ത്ര്യം ഞാന്‍ വളരെ ആസ്വദിക്കുന്നു. കെട്ടുപാടുകളില്ലാതെ ജീവിക്കാന്‍ പറ്റുന്നതാണ് ഏറ്റവും സന്തോഷം.’’
‘‘മഞ്ഞുകാലത്ത് ടൂറിസ്റ്റുകള്‍ വരില്ലല്ലോ. അപ്പോള്‍ എന്ത് ചെയ്യും?’’
‘‘വേനല്‍ക്കാലത്തു മാത്രമേ ഞാന്‍ ഇങ്ങോട്ടു വരൂ. അല്ലാത്തപ്പോള്‍ ഉലാന്‍ ബാത്തറിലുള്ള മക്കളുടെ വീട്ടിലേക്ക് പോകും. അവിടെ ഇരുന്നു ഞാന്‍ കമ്പിളി നൂലുപയോഗിച്ചു ഓരോ സാധനങ്ങള്‍ ഉണ്ടാക്കും. ഈ കാണുന്നതെല്ലാം ഞാന്‍ ഉണ്ടാക്കിയതാണ്.’’
അവരുണ്ടാക്കിയ ഒട്ടകവും ബാഗും മാറ്റും എല്ലാം കാണിച്ചു തന്നു. ഞങ്ങള്‍ മൂന്നാളും അതോരോന്നും എടുത്തു നോക്കി. ഞാൻ അവരുടെ പക്കല്‍നിന്ന് ചെറിയൊരു ബാഗ് വാങ്ങി. ഡ്രൈവര്‍ പോകാന്‍ സമയമായി എന്ന് തിരക്കുകൂട്ടിയതുകൊണ്ട് ഞങ്ങളിറങ്ങി. വിശാലമായി പരന്നുകിടക്കുന്ന പുല്‍മേട്ടില്‍ ഒറ്റക്ക് താമസിക്കുന്നു എന്നത് അതിശയംതന്നെ. ഏകാന്തത ഇവരെ വേട്ടയാടില്ലേ? ഒരുപക്ഷേ പ്രകൃതിയുമായി അടുത്തിടപഴകി ജീവിക്കുന്നതുകൊണ്ട് ഒറ്റക്കെന്ന തോന്നല്‍ ഉണ്ടാകില്ലായിരിക്കും.
ഞങ്ങള്‍ വരണ്ട പ്രദേശത്തുകൂടിയുള്ള സാഹസിക യാത്ര പുനരാരംഭിച്ചു. ചുറ്റും അനന്തതയെയും അപാരതയെയും ഓർമിപ്പിക്കുന്ന ദൃശ്യങ്ങള്‍. നോക്കെത്താദൂരത്തോളം വരണ്ട ഭൂമി. അവക്ക് കാവലായി കരിങ്കല്‍ മലകള്‍. റോഡ് ഒന്നുമില്ല. എങ്ങനെയാണ് ഡ്രൈവര്‍ ദിശതെറ്റാതെ വണ്ടി ഓടിക്കുന്നത് എന്നൊരുപിടിയുമില്ല. മംഗോളിയയില്‍ സ്വന്തമായി വണ്ടി ഓടിച്ചു യാത്ര ചെയ്യണം എന്നൊരാഗ്രഹം ആദ്യമുണ്ടായിരുന്നു. എന്നാല്‍ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ അത് അസാധ്യമാണെന്ന് മനസ്സിലായി. ജി.പി.എസിനു സിഗ്‌നലില്ല. മര്യാദക്കുള്ള വഴി ഇല്ലാത്തതുകൊണ്ട് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാന്‍ പറ്റില്ല. വെള്ളം, ഇന്ധനം, ഭക്ഷണം എല്ലാം പ്രശ്‌നമാണ്. പരിചയസമ്പന്നനായ ഡ്രൈവറെ കൂടെക്കൂട്ടിയാല്‍ മാത്രമേ യാത്ര നടക്കൂ.
ഞങ്ങള്‍ ഒരു ചെറിയ പട്ടണം കടന്നുപോയി. അവിടത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബിബിറ്റോ പതിവുപോലെ ഇറച്ചിയും പച്ചക്കറികളും വാങ്ങി. ഒപ്പം ഞങ്ങള്‍ക്ക് ഐസ് ക്രീമും. രാവിലെതന്നെ ചൂട് തുടങ്ങിയതിനാല്‍ ഐസ് ക്രീം കിട്ടിയത് വലിയ ആശ്വാസമായി. അഞ്ചു മണിക്കൂര്‍ യാത്രചെയ്തു ഞങ്ങള്‍ ഒടുവില്‍ മണലാരണ്യത്തിലെത്തി.
മലകള്‍ക്കിടയില്‍ വരണ്ട തരിശായ പ്രദേശത്തുകൂടി യാത്രചെയ്തപ്പോള്‍ പെട്ടെന്ന് പൊട്ടിമുളച്ച പോലെ മണലാരണ്യം കണ്ടുതുടങ്ങി. ഖോങ്ഗോര്‍ സാന്‍ഡ് ഡ്യൂണ്‍സ് എന്നാണ് ഇതിനെ വിളിക്കുക. ഗോബി മരുഭൂമിയുടെ തെക്കേ അറ്റത്താണ് ഇത് കാണപ്പെടുന്നത്. മണലാരണ്യത്തിനു വലംവെച്ച് ഞങ്ങള്‍ ന്യംദരയുടെ ഗെര്‍ അന്വേഷിച്ചുപോയി. അദ്ദേഹം ഒരു നാടോടിയായിരുന്നു. അവരുടെ ഗെറിലായിരുന്നു ഞങ്ങളുടെ താമസം പറഞ്ഞുവെച്ചിരുന്നത്. വൃത്താകൃതിയിലുള്ള കൂടാരവീടുകളെ ‘ഗെര്‍’ എന്നാണ് വിളിക്കുന്നത്.
ഏറ്റവും കൂടുതല്‍ നാടോടികള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് മംഗോളിയ. മുപ്പതു ലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് നാടോടികളാണ്. പത്തു ലക്ഷം നാടോടികള്‍ ചേര്‍ന്ന് മേയ്ക്കുന്നതാകട്ടെ അറുനൂറ്റിയമ്പത് ലക്ഷം മൃഗങ്ങളെയാണ്. ആട്, ചെമ്മരിയാട്, പശു, ഒട്ടകം, കുതിര, യാക്ക് എന്നിവയാണ് ഇവരുടെ വളര്‍ത്തു മൃഗങ്ങള്‍. ഈ മൃഗങ്ങള്‍ക്കാവശ്യമായ പുല്‍മേടുകള്‍ തേടിയുള്ള നിരന്തരമായ യാത്രക്ക് പ്രകൃതിയെക്കുറിച്ച് നല്ല ധാരണ ആവശ്യമാണ്. ഒട്ടകങ്ങളെ വളര്‍ത്തുന്ന നാടോടി കുടുംബമാണ് ന്യംദരയുടേത്.
ഗെറിന്റെ മുന്നില്‍ ഞങ്ങളുടെ വാന്‍ നിര്‍ത്തിയതും ന്യംദര, ഭാര്യ ചിമുഗക്കൊപ്പം ഞങ്ങളെ വീട്ടിലേക്ക് കൂട്ടി. ഗെറിനു തെക്കോട്ട് അഭിമുഖമായി തടിവാതിലുണ്ടായിരുന്നു. അകത്തു കടന്നതും നല്ല അടുക്കും ചിട്ടയോടും കൂടിയുള്ള കൊച്ചു വീടാണ് കണ്ടത്. ഒത്ത നടുവിലുള്ള മച്ച് തടികൊണ്ടുള്ള ഒരു വട്ടമായിരുന്നു. അതിനെ താങ്ങിനിര്‍ത്തുന്നത് രണ്ടു ചെറിയ തൂണുകളും. വൃത്താകൃതിയിലുള്ള മച്ചില്‍ പിടിപ്പിച്ചിരുന്ന ഓറഞ്ച് നിറത്തിലെ തടി കഷ്ണങ്ങള്‍ സൂര്യന്റെ കിരണംപോലെ തോന്നിച്ചു. അതിന്റെ പുറത്തായിരുന്നു മേല്‍ക്കൂരയുടെ കാന്‍വാസ് വിരിച്ചത്. ഗെറിന്റെ വൃത്താകൃതിയിലുള്ള ഭിത്തി മരത്തിന്റെ ചട്ടക്കൂട് കൊണ്ടായിരുന്നു ഉണ്ടാക്കിയത്.
മേല്‍ക്കൂര താങ്ങിനിര്‍ത്തിയത് ഈ ചട്ടക്കൂട് ആയിരുന്നു. അതിന്റെ അകത്തും പുറത്തും ആടിന്റെ രോമംകൊണ്ടുണ്ടാക്കിയ ഫെല്‍റ്റ് തുണി പിടിപ്പിച്ചിരുന്നു. കൂടാരത്തിന്റെ നടുക്കുള്ള ഇരുമ്പ് അടുപ്പിന്റെ ചിമ്മിനി മച്ചിലൂടെ പുറത്തേക്ക് തള്ളിനിന്നു. വെറും നാൽപതു ചതുരശ്രയടിക്കകത്ത് ഒരു വീട് മൊത്തത്തില്‍ ഒരുക്കിയിരുന്നത് അത്ഭുതപ്പെടുത്തി. കൂടാരം മാറ്റിപ്പണിയാന്‍ മൂന്നു മണിക്കൂര്‍ സമയം മതിയെന്ന് ബിബിറ്റോ പറഞ്ഞു. വെള്ളത്തിന്റെയും പുല്ലിന്റെയും ലഭ്യതയും കാറ്റിന്റെ ദിശയുമെല്ലാം നോക്കിയാണ് ഗെര്‍ പണിയാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത്.
കയറിച്ചെല്ലുന്നതിന്റെ ഇടതുവശത്താണ് അതിഥികള്‍ ഇരിക്കേണ്ടതെന്ന് ബിബിറ്റോ ഓർമിപ്പിച്ചു. ഉയരം നന്നേ കുറഞ്ഞ ചെറിയ തടിയുടെ സ്റ്റൂളിലാണ് ന്യംദര ഇരുന്നത്. ഞങ്ങള്‍ മൂന്നുപേരും കൂടി അവിടെയുണ്ടായിരുന്ന സോഫയില്‍ ഞെരുങ്ങിയിരുന്നു. ന്യംദര എനിക്ക് ചുവന്ന അടപ്പുള്ള ഒരു പളുങ്കു കുപ്പി നീട്ടി. അതില്‍ പുകയില പൊടിയായിരുന്നു. കുപ്പിയുടെ അടപ്പില്‍ ചെറിയ സ്പൂണ്‍ പിടിപ്പിച്ചിരുന്നു. കുറച്ചു പൊടിയെടുത്ത് എന്റെ വലതു തള്ളവിരലിന്റെ അറ്റത്ത് വെച്ചു വലിക്കാന്‍ പറഞ്ഞു.
ഞാന്‍ വലിച്ചതും തുമ്മാന്‍ തുടങ്ങി. എല്ലാവരും ചിരിച്ചു. മൂക്കിപ്പൊടി കൊടുത്താണത്രെ വിരുന്നുകാരെ സ്വീകരിക്കുക. നാടോടികളാണ് വിരുന്നുകാരെങ്കില്‍ അവരുടെ പക്കലും പുകയില കുപ്പിയുണ്ടാകും. ഇതു പരസ്പരം കൈമാറി ഉപയോഗിക്കും. ഹസ്തദാനത്തിനു പകരം ഇതാണ് അവരുടെ രീതി. ചിമുഗ ഒരു കുഴിഞ്ഞ പാത്രത്തിലുണ്ടായിരുന്ന െബ്രഡും ചീസും നീട്ടി. എല്ലാം അവരുണ്ടാക്കിയതാണ്. ബ്രെഡിനൊപ്പം വെട്ട്‌കേക്കിന്റെ മധുരം കുറഞ്ഞ വകഭേദവും ഉണ്ടായിരുന്നു. ഒപ്പം ഓരോ ബൗള്‍ ഉപ്പു ചായയും തന്നു. ഞാന്‍ ചുറ്റും കണ്ണോടിച്ചു.
മിത്ര സതീഷ് യാത്രക്കിടെ
കൂടാരത്തില്‍ പല വലുപ്പത്തിലുള്ള തടിയുടെ പെട്ടികള്‍ അടുക്കിവെച്ചിരുന്നു. ഓറഞ്ചു നിറത്തിലെ പെട്ടികള്‍ പലതരം ഡിസൈനുകള്‍കൊണ്ടായിരുന്നു അലങ്കരിച്ചത്. അതിലായിരുന്നു അവരുടെ തുണിയും മറ്റും വെച്ചിരുന്നത്. വാതിലിനു നേരെ എതിര്‍വശത്തുള്ള ഭാഗത്തുവെച്ചിരുന്ന പെട്ടിക്കു മുകളില്‍ ബുദ്ധന്റെ പ്രതിമ കണ്ടു. കുടുംബാംഗങ്ങളുടെ ചില്ലിട്ട ഫോട്ടോകളും അതിനൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ഇരുന്നത് പടിഞ്ഞാറു ഭാഗത്താണ്. അത് ആണുങ്ങള്‍ക്കും അതിഥികള്‍ക്കും ഇരിക്കാനുള്ള സ്ഥലമാണ്. സ്ത്രീകള്‍ കിഴക്കു വശത്താണ് ഇരിക്കുക. ആ ഭാഗത്താണ് പാത്രങ്ങളും മറ്റും െവച്ചിരുന്നത്. തൊട്ടടുത്ത ഗെര്‍ ആയിരുന്നു ഞങ്ങള്‍ക്കായി ഒരുക്കിയത്.
ആ കൂടാരത്തില്‍ കട്ടിലുകളും ചെറിയ മേശയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ വിശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ബിബിറ്റോ വന്നു വിളിച്ചത്. ന്യംദര ഞങ്ങള്‍ക്കുവേണ്ടി അവരുടെ വാദ്യോപകരണമായ ‘മോരിന്‍ ഖനുര്‍’ വായിക്കാന്‍ തയാറെടുക്കുന്നു എന്ന് കേട്ടതും ഞങ്ങള്‍ അപ്പുറത്തെ ഗെറിലേക്ക് പോയി. വയലിനിനോട് സാമ്യമുള്ള ഒരു വാദ്യോപകരണം. നീളം കൂടുതലാണ്. ഇരുന്നുകൊണ്ട് രണ്ടു കാലുകള്‍ക്കുമിടയിൽ പ്രത്യേകതരം രീതിയില്‍ വെച്ചാണ് അത് വായിക്കുന്നത്. തന്ത്രികള്‍ കുതിരയുടെ വാലില്‍നിന്നുള്ള മുടികൊണ്ടായിരുന്നു ഉണ്ടാക്കിയത്. കുറച്ചുനേരം അദ്ദേഹം വായിക്കുന്നത് കേട്ടിരുന്നു. ആ ഉപകരണത്തിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
സുഹോ എന്ന ആണ്‍കുട്ടിയാണ് ഇത് കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. ഒരു ദുഷ്ടനായ പ്രഭു അവന്റെ വെള്ളക്കുതിരയെ കൊന്നു. അന്ന് രാത്രി കുതിരയുടെ ആത്മാവ് സുഹോയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ശരീരത്തില്‍നിന്ന് ഒരു ഉപകരണം നിർമിക്കാന്‍ നിർദേശിച്ചു, അങ്ങനെയാകുമ്പോള്‍ രണ്ടാളും ഒറ്റപ്പെടില്ലല്ലോ. അങ്ങനെ കുതിരയുടെ അസ്ഥികളും മുടിയും തലയോട്ടിയുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ആദ്യത്തെ മോരിന്‍ ഖനുര്‍ ഉണ്ടാക്കിയത്.
ന്യംദര പാടുമോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഇെല്ലന്നാണ് പറഞ്ഞത്. എന്നാല്‍ വീണ്ടും എടുത്തു ചോദിച്ചപ്പോള്‍ ഇടക്കൊക്കെ പാടും എന്നുപറഞ്ഞു. കൊക്കോയും സിന്‍ഡിയും പാടണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. ‘‘ന്യംദര, ന്യംദര, ന്യംദര, ന്യംദര’’ എന്നവര്‍ കൂക്കിവിളിച്ചു. ശല്യം സഹിക്കാന്‍ വയ്യാതെ അവസാനം പുള്ളി പാടാമെന്നു സമ്മതിച്ചു. അങ്ങനെ ഒരു മംഗോളിയന്‍ പാട്ടും കേള്‍ക്കാന്‍ പറ്റി. അവിടെയുണ്ടായിരുന്ന ഗിത്താര്‍ എടുത്ത് കൊക്കോ വായിച്ചു. അവള്‍ ഒരു ചൈനീസ് പാട്ടാലപിച്ചു. സംഗീതസാന്ദ്രമായ അന്തരീക്ഷം. പാട്ട് സെഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ന്യംദരയോട് വിശേഷങ്ങള്‍ ചോദിച്ചു.
‘‘എത്ര മാസമായി നിങ്ങള്‍ ഇങ്ങോട്ട് വന്നിട്ട്?’’
‘‘എല്ലാ കൊല്ലവും ഏപ്രില്‍ മാസത്തിലാണ് ഇങ്ങോട്ട് മാറുന്നത്.’’
‘‘ഇതേ സ്ഥലത്താണോ തമ്പടിക്കുക?’’
‘‘അതേ. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ഞങ്ങള്‍ ഇവിടെ തന്നെയാണ് വരിക.’’
‘‘ഇതു നിങ്ങളുടെ സ്വന്തം ഭൂമിയാണോ?’’
‘‘നാടോടികള്‍ക്ക് സ്വന്തം എന്നൊരു ഭൂമിയില്ല. എല്ലാ നാടോടികളെയും ബന്ധിപ്പിക്കുന്ന ഒരു അലിഖിത പെരുമാറ്റച്ചട്ടമുണ്ട്. തലമുറകളായി ഞങ്ങള്‍ മേയ്ക്കുന്ന സ്ഥലം മറ്റൊരാള്‍ കൈയേറില്ല. എല്ലാവർക്കും എല്ലാവരുടെ സ്ഥലം ഏതാണെന്ന് നല്ല ബോധ്യമുണ്ട്.’’
‘‘നിങ്ങള്‍ക്ക് എത്ര വളര്‍ത്തു മൃഗങ്ങളുണ്ട്?’’
‘‘ഞാന്‍ ഏകദേശ കണക്കു പറയാം. കൃത്യം കണക്കു പറയുന്നത് ഞങ്ങളുടെ വിശ്വാസപ്രകാരം തെറ്റാണ്. അറുപതു ഒട്ടകവും മുപ്പതു കുതിരകളുമുണ്ട്. കറവയുള്ള ഒമ്പത് ഒട്ടകങ്ങളുണ്ടെങ്കിലും അവയെ കറക്കാന്‍ ആരംഭിച്ചിട്ടില്ല. കാര്യമായിട്ട് മഴ പെയ്യാഞ്ഞതുകൊണ്ട് ചൂട് ഇത്തവണ വളരെ കൂടുതലാണ്. ഒട്ടകത്തിന്റെ ആരോഗ്യം നോക്കി മാത്രമേ പാലെടുക്കൂ.’’
‘‘നിങ്ങള്‍ മഞ്ഞുകാലത്ത് ഈ മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കും?’’
‘‘ഒക്ടോബര്‍-നവംബര്‍ ആകുമ്പോള്‍ തണുപ്പുകാലം ആരംഭിക്കും. ഞാന്‍ മലമുകളിലേക്ക് താമസം മാറും. കുറച്ചു ഉണക്കപ്പുല്ല് വാങ്ങിവെക്കും. ഇടക്ക് അത് കൊടുക്കും. മൃഗങ്ങള്‍ക്കും അറിയാം പഞ്ഞമാസക്കാലമാണെന്ന്. കുതിര മഞ്ഞ് തോണ്ടിക്കളഞ്ഞു പുല്‍നാമ്പുകള്‍ തപ്പിപ്പെറുക്കി കഴിക്കും. വേനലാകുമ്പോള്‍ വീണ്ടും പുല്‍മേട്ടിലേക്ക് താമസം മാറും. കുറച്ചു മൃഗങ്ങളേയുള്ളൂ എന്നതിനാല്‍ എനിക്ക് അവയെ നോക്കാനും സംരക്ഷിക്കാനും എളുപ്പമാണ്.’’
‘‘അറുപത് ഒട്ടകവും മുപ്പതു കുതിരയും ചെറിയ സംഖ്യയാണോ?’’
‘‘അതെ... ഇവിടെ ചില വീട്ടുകാര്‍ക്ക് ആയിരവും രണ്ടായിരവും ഒക്കെ മൃഗങ്ങളുണ്ട്. 1990 കാലഘട്ടം വരെ സോവിയറ്റ് സ്വാധീനമുള്ളതിനാല്‍ മൃഗങ്ങള്‍ എല്ലാം സര്‍ക്കാറിന്റെ സ്വത്തായിരുന്നു. അക്കാലത്ത് രാജ്യത്ത് മൊത്തം മൃഗങ്ങളുടെ എണ്ണം ഇരുനൂറ്റിയമ്പതു ലക്ഷമായി നിജപ്പെടുത്തിയിരുന്നു. അതുകൊണ്ട് മൃഗങ്ങളെ മേയ്ക്കാന്‍ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. എന്നാല്‍, സോവിയറ്റ് പൊളിഞ്ഞതോടെ ഇവിടെ ജനാധിപത്യം നിലവില്‍ വന്നു. മൃഗങ്ങളെ എല്ലാവരും വീതിച്ചെടുത്തു.
മൃഗങ്ങളുടെ എണ്ണം സമൂഹത്തിലെ പദവിക്ക് നിര്‍ണായകമായി. മുപ്പതു വര്‍ഷംകൊണ്ട് മൃഗങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. അതുകൊണ്ടെന്താ? ഇത്രയും മൃഗങ്ങളെ മേയ്ക്കാനുള്ള സ്ഥലമൊന്നും രാജ്യത്തില്ല. ആടുകളെപ്പോലുള്ള മൃഗങ്ങള്‍ വേരോടെ പുല്ലു തിന്നുന്നതിനാല്‍ പല പുല്‍മേടുകളും ഇപ്പോള്‍ മരുഭൂമിയായിക്കൊണ്ടിരിക്കയാണ്. എത്രകാലം ഇങ്ങനെ തുടരാനാകുമെന്നതില്‍ എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് രണ്ടു മക്കളെയും തലസ്ഥാനത്തെ സ്‌കൂളില്‍ പഠിക്കാന്‍ വിട്ടിരിക്കുന്നത്.’’
ന്യംദരയുടെ ഭാര്യ ചിമുഗാ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അവരുടെ പ്രധാന ജോലി പാൽ കറക്കലും അതില്‍ പലതരം പാലുൽപന്നങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു. പുറത്തു വില്‍ക്കാറില്ല. വീട്ടിലെ ആവശ്യത്തിനുപോലും പലപ്പോഴും തികയാറില്ല. ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്നത് അവരുടെ വരുമാന മാര്‍ഗമാണ്. ടൂറിസ്റ്റുകളെ ഒട്ടകത്തിന്റെ പുറത്തു കറക്കാന്‍ കൊണ്ടുപോകുകയും, ഗെറില്‍ താമസിപ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് നല്ലൊരു വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട് കുട്ടികളെ പട്ടണത്തിലേക്ക് അയച്ചു പഠിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. അവര്‍ക്ക് പുറംപണികള്‍ ചെയ്യാന്‍ സമയമായതുകൊണ്ട് ഞങ്ങളിറങ്ങി. കുളിക്കാന്‍ സ്ഥലം അന്വേഷിച്ചപ്പോള്‍ കുളിമുറി കാണിച്ചുതന്നു. ചെറിയൊരു മുറിക്ക് മുകളിലായി ഒരു പ്ലാസ്റ്റിക് ടാങ്കുണ്ടായിരുന്നു. അടുത്തുള്ള ഒരു അരുവിയില്‍നിന്ന് വെള്ളം കൊണ്ടുവന്നാണ് അത് നിറക്കുക. കുളിക്കാന്‍ കയറിയപ്പോള്‍ നൂലുപോലെ നേര്‍ത്തായിരുന്നു വെള്ളം വന്നത്. വല്ലവിധേനയും ദേഹം നനച്ചിറങ്ങി.
ന്യംദരക്കൊപ്പമായിരുന്നു താമസമെങ്കിലും ഞങ്ങളുടെ ഭക്ഷണമെല്ലാം ബിബിറ്റോ ആയിരുന്നു ഉണ്ടാക്കിയത്. ഭക്ഷണം പാകം ചെയ്യാനായി പ്രത്യേകം ഗെര്‍ ഉണ്ടായിരുന്നു. അവിടെ ചെറിയ രണ്ടു മൂന്നു ചെറിയ തീന്മേശകളും കസേരകളുമുണ്ട്. ഞങ്ങള്‍ കിടക്കുന്ന ഗെറില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പറ്റില്ല. അതിന് അടുക്കള ഗെര്‍ തന്നെയായിരുന്നു ആശ്രയം. വൈകിട്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. അവിടെ അപ്പൊ ഒരു ബഹളം നടക്കുകയായിരുന്നു.
ബിബിറ്റോയുടെ മൂക്കില്‍നിന്ന് ധാരയായി രക്തം ഒഴുകുന്നു. അവളെ സഹായിക്കാന്‍ മൂന്നാലുപേര്‍ അവള്‍ക്ക് ചുറ്റും നില്‍ക്കുന്നു. കണ്ടുനില്‍ക്കുന്നവര്‍ക്ക് പരേവശമുണ്ടെങ്കിലും ബിബിറ്റോ വളരെ കൂളായി കാര്യങ്ങള്‍ കൈകാര്യംചെയ്തു. പഞ്ഞികൊണ്ട് തിരിയുണ്ടാക്കി മൂക്കിലേക്ക് തിരുകിക്കയറ്റി. പഞ്ഞി വെള്ളത്തില്‍ മുക്കി മൂക്കിനു പുറത്തായിട്ട് ഇടുകയുംചെയ്തു. ചൂട് കൂടുമ്പോള്‍ ഇങ്ങനെ ഉണ്ടാകുന്നത് സാധാരണമാണെന്നും ആരും പേടിക്കേണ്ടെന്നും പറഞ്ഞ് അത്താഴം ഉണ്ടാക്കുന്ന പണിയിലേക്ക് തിരികെ പോയി. ഞാന്‍ സഹായിക്കാന്‍ ചെന്നെങ്കിലും അവള്‍ വിലക്കി.
ആ സമയം അവിടെയുണ്ടായിരുന്ന ജര്‍മന്‍ സ്ത്രീകളെ പരിചയപ്പെട്ടു. യൂഡിടും സഹോദരി മിറിയവും രണ്ടാഴ്ചത്തെ മംഗോളിയന്‍ പര്യടനത്തിനു വന്നെത്തിയതാണ്. ഇരുപത്തിയെട്ടും മുപ്പത്തിയൊന്നും വയസ്സുണ്ടെങ്കിലും കണ്ടാല്‍ ഇരുപത്തിയഞ്ചില്‍ കൂടുതല്‍ പറയില്ല. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൊക്കോയും അവിടെ എത്തി. ഞങ്ങള്‍ നാലുപേരും കൂടി ‘പുന്റോ’ എന്ന കളി കളിച്ചു. അതിനുള്ള കാര്‍ഡുകള്‍ ജർമനിയില്‍നിന്ന് കൊണ്ടുവന്നതാണ്. കളിയുടെ ഇടയില്‍ കാര്യങ്ങളും സംസാരിച്ചു. ഒരാള്‍ ലൈേബ്രറിയനായി ജോലിചെയ്യുന്നു.
മറ്റേ ആള്‍ ഒരു പ്രൈവറ്റ് കമ്പനിയിലും. പൈസ സമ്പാദിച്ചുവെച്ച് രണ്ടാളുംകൂടി ആദ്യമായിട്ട് വിദേശയാത്രക്ക് പുറപ്പെട്ടതാണ്. യാത്രകൾ ഓരോരുത്തരുടെയും വ്യക്തിത്വ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇന്നും നമ്മുടെ നാട്ടില്‍ ആരും കരുതുന്നില്ല. കാശു കളയാനുള്ള പരിപാടിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. മറ്റു രാജ്യങ്ങളില്‍ യാത്രകളുടെ ആവശ്യകത മനസ്സിലാക്കി ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ആളുകള്‍പോലും പൈസ കൂട്ടിവെച്ച് യാത്രകള്‍ ചെയ്യുന്നു. ലൗകിക സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതിലല്ല, മറിച്ച് നല്ല ജീവിതാനുഭവങ്ങള്‍ക്കാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്.
അവരുടെ കൂടെ വന്ന ഗൈഡ് ആയിരുന്നു ബട്ജര്‍ഗാല്‍. ബാട്ടു എന്ന് വിളിച്ചാല്‍ മതിയെന്ന് പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു. ബാട്ടു ഞങ്ങളെ മംഗോളിയന്‍ കളികള്‍ പഠിപ്പിച്ചു. ആടിന്റെ മുട്ടിലെ എല്ലുകൊണ്ടാണ് കളികള്‍ കളിക്കുന്നത്. ഷാഗ്ഗയ് എന്നാണ് കളിയുടെ പേര്. എല്ലിന് നാല് വശങ്ങള്‍ ഉണ്ട്. ഓരോ വശവും ആട്, ഒട്ടകം, കുതിര, പശു എന്നീ മൃഗത്തിനെയാണ് പ്രതിനിധാനംചെയ്യുന്നത്. ആദ്യം ഞങ്ങള്‍ കുതിരയോട്ടമാണ് കളിച്ചത്. കുറേ എല്ലുകള്‍ നീളത്തിന് അടുക്കിവെക്കും. അതാണ് ട്രാക്ക്. നാല് എല്ലുകള്‍ കുലുക്കി ഇടണം. എത്ര കുതിരകള്‍ വീഴുന്നോ അത്രയും ചുവട് മുന്നോട്ടു വെക്കാം.
ഞങ്ങള്‍ എല്ലാവരും ഓട്ടം തുടങ്ങിയപ്പോഴും കൊക്കോ കുതിരയൊന്നും വീഴാത്തതുകൊണ്ട് പുറത്തുനിന്നു. ഞങ്ങള്‍ പകുതിയായപ്പോഴേക്കും കൊക്കോക്ക് അടുപ്പിച്ചു കുതിരകള്‍ മാത്രം വീഴാന്‍ തുടങ്ങി. അവസാനം അവളാണ് കളി ജയിച്ചത്. അടുത്ത കളിയില്‍ കുറേ എല്ലുകള്‍ കുലുക്കി മേശപ്പുറത്തിട്ടു. വിരലുകൊണ്ട് ഒരെല്ലു തട്ടി ബാക്കി എല്ലുകള്‍ തെറിപ്പിക്കണം. ഒരു വ്യവസ്ഥയേ ഉള്ളൂ, കുതിരയെ കുതിരകൊണ്ടും ഒട്ടകത്തെ ഒട്ടകംകൊണ്ടും മാത്രമേ തട്ടാന്‍ സാധിക്കൂ. അവസാനത്തെ പീസ് തട്ടി ഇടുന്ന ആളാണ് വിജയി. കുറേ കൂടി ബുദ്ധിമുട്ടായിരുന്ന ആ കളി ബാട്ടുവാണ് ജയിച്ചത്.
മണലാരണ്യത്തില്‍ സൂര്യാസ്തമയം കാണാന്‍ പോകുന്നവര്‍ നേരത്തേ ഭക്ഷണം കഴിച്ചു ഏഴു മണിയാകുമ്പോള്‍ തയാറാകണമെന്ന് ബിബിറ്റോ പറഞ്ഞു. രാജസ്ഥാനിലും ദുൈബയിലും സൂര്യാസ്തമയം കണ്ടിട്ടുള്ളതുകൊണ്ട് ഞാന്‍ അൽപം മടിച്ചു. കൊക്കോയും സിന്‍ഡിയും സമ്മതിച്ചില്ല. അങ്ങനെ അവര്‍ക്കൊപ്പം ഏഴരക്ക് ഞാനിറങ്ങി. ഒമ്പതു മണിക്കുള്ള സൂര്യാസ്തമയത്തിനു ഇത്ര നേരത്തേ പോകേണ്ടതുണ്ടോ എന്ന് മനസ്സില്‍ കരുതി. പത്തു മിനിറ്റു ഡ്രൈവിനുശേഷം കുറേ വണ്ടികള്‍ കിടക്കുന്നിടത്ത് ഞങ്ങളുടെ വണ്ടിയും പാര്‍ക്ക് ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ സൂര്യനെ കാണാനില്ല. മുന്നിലുണ്ടായിരുന്ന വലിയൊരു മണ്ണിന്റെ കൂനയുടെ പിറകിലാണ് സൂര്യനുള്ളത്.
സൂര്യാസ്തമയം കാണണമെങ്കില്‍ ആ കൂന കയറി മുകളിലെത്തണം. എന്റെ ചങ്കൊന്നു കാളി. ഇരുനൂറ്റിയമ്പതടിയേ ഉള്ളൂ. വേഗം കയറിയില്ലെങ്കില്‍ സൂര്യാസ്തമയം കാണാന്‍ സാധിക്കില്ല എന്ന് ബിബിറ്റോ തിരക്കുകൂട്ടി. നേരെയുള്ള പ്രതലമാണെങ്കില്‍ എത്ര കിലോമീറ്റര്‍ വേണമെങ്കിലും നടക്കാം. ഇതിപ്പോ കയറ്റമാണ്. ഏകദേശം ഇരുപത്തിയഞ്ചു നിലയുള്ള കെട്ടിടത്തിന്റെ പൊക്കം.
മുന്നേ കയറി മുകളില്‍ എത്തിയവരെ പൊട്ടു പോലെയാണ് കാണാന്‍ സാധിക്കുന്നത്. എന്തായാലും ഒരു കൈ നോക്കാമെന്ന് കരുതി. മണലില്‍കൂടി കയറ്റം കയറുക നിസ്സാരമല്ല എന്ന് മനസ്സിലായി. രണ്ടു ചുവട് മുന്നോട്ടു വെച്ചാല്‍ ഒരു ചുവട് പിന്നോട്ടു നീങ്ങും. കുറച്ചു പോയപ്പോള്‍ തന്നെ കാലു കഴയ്ക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ പറ്റുന്നില്ല. ഞാന്‍ എന്റെ കാമറ സിന്‍ഡിയെ ഏൽപിച്ചു. ഞാന്‍ കയറുന്നില്ല എന്ന് പറഞ്ഞു അവിടെ ഇരിപ്പായി.
അവര്‍ പോയശേഷം അവിടിരുന്ന് ആലോചിച്ചപ്പോള്‍ ഇനി അങ്ങനെയൊരു അവസരം ജീവിതത്തില്‍ കിട്ടുമോയെന്നു സംശയംതോന്നി. ലോകത്തിലെ ആറാമത്തെ വലിയ മരുഭൂമി. പറ്റുന്നിടം വരേ കയറാം എന്ന് തീരുമാനിച്ചു വീണ്ടും കയറ്റം കയറിത്തുടങ്ങി. വഴിയില്‍ വെച്ച് പണി മതിയാക്കിയ പലരെയും കണ്ടു. അപ്പോഴെല്ലാം എനിക്കും അവര്‍ക്കൊപ്പം ചേരാന്‍ തോന്നി.
ഞാൻ നടത്തം തുടരാന്‍ സ്വയം പ്രോത്സാഹിപ്പിച്ചു. കിതച്ച് കിതച്ച് വീണ്ടും മുന്നോട്ട്. കുറേ കഴിഞ്ഞപ്പോള്‍ എല്ലാവരും ഒന്നുങ്കില്‍ ബഹുദൂരം മുന്നില്‍ അല്ലെങ്കില്‍ പിന്നില്‍. ഒറ്റക്ക് മുന്നേറുമ്പോള്‍ കിട്ടുന്ന അനുഭൂതി വേറെതന്നെയാണ്. താങ്ങാന്‍ ആരുമില്ല എന്ന് മനസ്സിലാക്കുമ്പോള്‍ കിട്ടുന്ന ഒരു പ്രത്യേക ഊർജമുണ്ട്. ആ ബലത്തില്‍ കയറ്റം കയറിക്കൊണ്ടിരുന്നു.
അവസാനത്തെ അമ്പത് മീറ്റര്‍ നല്ല കുത്തനെയുള്ള ഭാഗമായിരുന്നു. നാൽക്കാലിയായിട്ടാണ് അത് കയറിപ്പറ്റിയത്. സൂര്യാസ്തമയം കഴിഞ്ഞിരുന്നു. പക്ഷേ ഗോബി കാഴ്ച അതിമനോഹരമായിരുന്നു. സൂര്യന്‍ അസ്തമിച്ച ദിശയില്‍ നോക്കെത്താ ദൂരത്തോളം ചെറിയ മണൽക്കൂനകളായിരുന്നു. ത്രിസന്ധ്യയുടെ വർണങ്ങളില്‍ മണൽക്കൂനകള്‍ തിളങ്ങി.
ഞങ്ങള്‍ ഓടിയും ചാടിയും ഫോട്ടോ പിടിച്ചു. ബിബിറ്റോ ഞങ്ങള്‍ക്കുവേണ്ടി ബിയര്‍ കാന്‍ കരുതിയിരുന്നു. അത് പൊട്ടിച്ചു ഞങ്ങള്‍ ആഘോഷിച്ചു. അവിടെയുണ്ടായിരുന്ന ആളുകള്‍ ഓരോരുത്തരായി തിരികെ ഇറങ്ങാന്‍ ആരംഭിച്ചു. ചിലര്‍ സ്‌കേറ്റ് ബോര്‍ഡ് കൊണ്ടുവന്നിരുന്നു. അതില്‍ നിരങ്ങിയിറങ്ങി. മറ്റു ചിലര്‍ പ്ലാസ്റ്റിക്കിന്റെ തൊട്ടില്‍പോലൊരു സാധനത്തിലിരുന്ന് താഴോട്ട് ഉരസിനീങ്ങി. ഞങ്ങള്‍ കാറ്റുംകൊണ്ട് അവിടെത്തന്നെയിരുന്നു. മനസ്സില്‍ സന്തോഷമായിരുന്നു. സംഭവം പലര്‍ക്കും നിസ്സാരമായിരിക്കാം. പക്ഷേ ചെയ്യാന്‍ പറ്റില്ല എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ജീവിതത്തിലെ വിരസത മാറ്റുന്നതും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നതും.
നേരം ഇരുട്ടുന്നതു വരെ ഞങ്ങളവിടെ കൂടി. അവസാനം ഞങ്ങള്‍ മാത്രമായി. ബിബിറ്റോ എല്ലാവരെയും വിളിച്ചെഴുന്നേൽപിച്ചു. സിന്‍ഡിയും കൊക്കോയും ബിബിറ്റോയും മത്സരിച്ച് ഓടി താഴോട്ട് പോയി. ഞാന്‍ തനിച്ചാണ് ഇറങ്ങിയത്. ചന്ദ്രന്റെ നിലാവ് മാത്രമായിരുന്നു വഴികാട്ടി. ഒരു പ്രത്യേക സംതൃപ്തി മനസ്സില്‍ പടര്‍ന്നു. എത്ര ഒറ്റപ്പെടുത്താന്‍ ആളുകള്‍ ശ്രമിച്ചാലും ഒറ്റപ്പെട്ടാലും നമുക്ക് നമ്മളുണ്ട് എന്നത് ഒരു ധൈര്യമാണ്. പ്രതിസന്ധികളെ നേരിടാന്‍ നമ്മളെ സജ്ജമാക്കുന്നത് നമുക്ക് നമ്മളില്‍തന്നെയുള്ള വിശ്വാസമാണ്.
തിരിച്ചു ക്യാമ്പിലെത്തിയപ്പോള്‍ ബാക്കി എല്ലാവരും നൂലു പോലുള്ള വെള്ളത്തില്‍ കുളിക്കാന്‍ പോയി. ക്ഷീണം കാരണം ഞാന്‍ കുളിക്കാന്‍ മടിച്ചു. നേരെ പോയി കിടന്നുറങ്ങി. രാത്രി ഉറക്കത്തിലും തലയിൽ നല്ല ചൊറിച്ചിലായിരുന്നു. മര്യാദക്ക് കുളിച്ചിരുന്നെങ്കില്‍ എന്നപ്പോള്‍ ഓര്‍ത്തു. രാവിലെ ഒരു രസമുണ്ടായി. കക്കൂസ് ദൂരെയാണല്ലോ. ഞങ്ങടെ കൂടാരത്തില്‍നിന്ന് നോക്കിയാല്‍ അതിന്റെ വശമാണ് കാണുക, ഒപ്പം കതകു തുറന്നാണോ അടച്ചാണോ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാം. തുറന്നിരിക്കുന്നത് കണ്ട് ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ സിന്‍ഡി ബഹളംവെച്ചു.
‘‘നിനക്ക് കതകടച്ചിരുന്നൂടേ...’’ ഞാന്‍ വിളിച്ചു ചോദിച്ചു.
‘‘എന്തിന്... കക്കൂസിലിരുന്നു ഇത്ര മനോഹരമായ കാഴ്ച കാണാമെങ്കില്‍ ഞാന്‍ എന്തിനു വേണ്ടെന്നുവെക്കണം.’’
അവള്‍ പറഞ്ഞത് ശരിയാണ്. വിജനമായ സ്ഥലത്താണ് കക്കൂസ്. അവിടന്ന് പുറത്തേക്ക് നോക്കിയാല്‍ അനന്തമായി നീളുന്ന പുല്‍മേടുകളും കണ്‍നിറയെ നീലാകാശവും കാണാം. പിന്നീട് മംഗോളിയയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഞാന്‍ സിന്‍ഡിയുടെ മാതൃക അനുകരിച്ചു. തിരിച്ചു നാട്ടിലെത്തിയിട്ടും ഏറ്റവും മിസ്ചെയ്ത കാര്യങ്ങളില്‍ ഒന്നായിരുന്നു കക്കൂസില്‍നിന്നുള്ള പ്രകൃതിദര്‍ശനം.
പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ന്യംദരയോടും കുടുംബത്തിനോടും വിട പറഞ്ഞു. വീണ്ടും ഊഷരമായ പ്രദേശങ്ങളിലൂടെയായി യാത്ര. കൂട്ടിന് അസഹ്യമായ ചൂടും. മരുഭൂമിയുടെ വന്യവിശാലതയില്‍ അങ്ങിങ്ങായി മരീചികകള്‍ കണ്ടു തുടങ്ങി. കൊക്കോക്ക് വയ്യാത്തതുകൊണ്ട് അവള്‍ കിടന്നുറങ്ങി. ഞാനും സിന്‍ഡിയും മരീചികകള്‍ കണ്ടെത്താനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടു. പോകുന്ന വഴിക്ക് കല്ല് കൂട്ടിവെച്ചിരിക്കുന്നത് കണ്ടു. വണ്ടി നിര്‍ത്തിച്ചിറങ്ങി. കൂടെ ബിബിറ്റോയും വന്നു. കല്ലുകള്‍ മാത്രമായിരുന്നില്ല ചില വിചിത്രമായ വസ്തുക്കളും ആ കൂട്ടത്തില്‍ കാണാന്‍ പറ്റി. മൃഗങ്ങളുടെ തലയോട്ടിയും കൊമ്പും സ്‌ക്രൂഡ്രൈവര്‍, സ്പാനര്‍, പാത്രം തുടങ്ങിയവയും ഉണ്ടായിരുന്നു. ‘‘ദൈവികശക്തിയുള്ള ഓവൂ ആണിത്.
പ്രകൃതിയെയും അലഞ്ഞുതിരിയുന്ന ആത്മാക്കളെയും പ്രീതിപ്പെടുത്താന്‍ നാടോടികള്‍ ഉണ്ടാക്കിവെച്ചിട്ടുള്ളതാണ്. ഇതുവഴി കടന്നു പോകുമ്പോള്‍ മൂന്നുവട്ടം പ്രദക്ഷിണംചെയ്യണം. ഓരോ പ്രാവശ്യവും ഒരു കല്ല് വീതം ഈ കൂട്ടത്തില്‍ വെക്കണം. പ്രത്യേകിച്ചെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അതിനനുസരിച്ചു സാധനങ്ങള്‍ ഇവിടെ ഉപേക്ഷിക്കും. ഇഷ്ടപ്പെട്ട മൃഗം ചത്തുപോയാല്‍ അതിന്റെ തലയോട്ടി ഈ കൂട്ടത്തില്‍ വെക്കും. വണ്ടി കേടായാല്‍ അതിന്റെ ഭാഗങ്ങള്‍ ഇവിടെ സമര്‍പ്പിക്കും. വിശേഷ ദിവസങ്ങളില്‍ വോഡ്കയും ഐരാഗും എല്ലാം ഈ കല്ലുകളുടെ മുകളില്‍ ഒഴിക്കാറുണ്ട്.’’ ഞങ്ങള്‍ മൂന്നു വലംവെച്ച ശേഷം യാത്ര തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.