‘‘മിത്ര അങ്ങോട്ട് നോക്കിക്കേ. അത് ഗരുഡനാണ്.’’ അനു എന്നോട് പറഞ്ഞു. ‘‘വേണമെങ്കില്‍ ഞാന്‍ നിങ്ങളെ പരിചയപ്പെടുത്താം.’’ അത്യാവശ്യം പൊക്കവും വണ്ണവുമുള്ള ഒരാളുടെ അടുത്തേക്കാണ് എന്നെ കൂട്ടിയത്. നീളമുള്ള തവിട്ടുനിറത്തിലെ ഡീലും ചതുരത്തൊപ്പിയുമാണ് വേഷം.
ലോകം വാഴ്ത്തുന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ളതിനേക്കാള്‍ നാലിരട്ടി സ്ഥലം ചെങ്കിസ്ഖാന് തന്റെ ഭരണത്തിന് കീഴില്‍ കൊണ്ടുവന്നു. റോമാക്കാരുടെ കൈവശമുണ്ടായിരുന്നതിനേക്കാള്‍ രണ്ടിരട്ടിയും. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ഭൂപ്രദേശത്തുനിന്ന് എങ്ങനെയാണ് ഒരു സാധാരണക്കാരന് ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
ഒരുപാടു ഘടകങ്ങള്‍ അനുകൂലമായി പ്രവര്‍ത്തിച്ചു. അതില്‍ പ്രധാനം അദ്ദേഹത്തിന്റെ കുതിരപ്പോരാളികളായിരുന്നു. മംഗോളിയക്കാരെ സംബന്ധിച്ചിടത്തോളം കുതിരകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഭക്ഷണത്തിനും യാത്രക്കും എല്ലാം അവര്‍ കുതിരയെ ആശ്രയിച്ചു. യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഭക്ഷണം എന്നത് വലിയൊരു വെല്ലുവിളിയല്ലായിരുന്നു. കുതിരകൾ അവയുടെ ഭക്ഷണം സ്വയം കണ്ടെത്തി.
സൈനികര്‍ കുതിരപ്പാല് കുടിച്ചും, ഇടക്ക് കുതിരയെ കശാപ്പ് ചെയ്തും ഭക്ഷണ ആവശ്യങ്ങള്‍ നിറവേറി. എന്നും കുതിരയെ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് അനായാസം യുദ്ധം ചെയ്യാൻ സാധിച്ചു. അതിവേഗം ശത്രുനിരകളെ കീറിമുറിച്ച് പാഞ്ഞെത്തുന്ന കുതിരമേലിരുന്ന് ഉന്നംതെറ്റാതെ അമ്പുകൾ പായിക്കാനും വാളുകൾ ഉപയോഗിക്കാനും പ്രത്യേക പരിശീലനമൊന്നും വേണ്ടിവന്നിരുന്നില്ല.
ചെങ്കിസ്ഖാന്റെ കാലം തൊട്ട് നിലവിലുണ്ടായിരുന്ന കളികളാണ് കുതിരപ്പന്തയവും ഗുസ്തിയും അമ്പെയ്ത്തും. ഇത്തരം കളികള്‍ നടത്തുമ്പോഴാണ് തന്റെ മികച്ച സൈനികരെ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് ചെങ്കിസ്ഖാന്റെ നേതൃത്വത്തില്‍ ‘ഖുര്ത്താല്’ സംഘടിപ്പിക്കുമായിരുന്നു. തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്നവരുടെ കൂട്ടായ്മയായിരുന്നു ഖുര്ത്താല്. അങ്ങനെയുള്ള സമയങ്ങളിലും മൂന്നു കളികളടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ഈ കളികള്‍ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു തുടങ്ങി. അങ്ങനെയാണ് നാദം എന്ന ഉത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് രാജ്യത്തിന്റെ ഓരോ കോണിലും വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. പുരുഷന്മാരുടെ മൂന്നു കളികള്‍ എന്ന അർഥത്തില്‍ ‘എറിന് ഗുര്‍വന്‍ നാദം’ എന്നാണ് ഇതിനെ വിളിക്കുക. ദേശീയതലത്തിലെ മത്സരവിജയികള്‍ക്ക് വലിയ ആദരവാണ് ലഭിക്കുക.
ഗ്രാമത്തിന്റെ ഭരണാധികാരി മേയറാണ്. അദ്ദേഹമാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്. ശേഷം ഗ്രാമത്തിലെ ഗായകര്‍ ഗാനങ്ങളവതരിപ്പിച്ചു. പ്രശസ്തമായ ‘ഉര്ട്ടിന് ഡു’ ഗാനങ്ങള്‍ അങ്ങനെ ആദ്യമായി കേട്ടു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടില്‍ പത്തു വാക്കുകളെ ഉണ്ടാകൂ. മന്ദഗതിയിലുള്ള ടെമ്പോ, നീണ്ട ഇടവേളകള്‍, നിശ്ചിത താളം എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. എത്രത്തോളം പാട്ടിനെ നീട്ടുന്നുവോ അത്രത്തോളം കഴിവ് ഗായകനുള്ളതായി അംഗീകരിക്കും.
പാട്ടിന്റെ ഇടയില്‍ രണ്ടു മൂന്നു സംഘനൃത്തവും അവതരിപ്പിക്കപ്പെട്ടു. എല്ലാവരും അവിടവിടെ വര്‍ത്തമാനം പറഞ്ഞുനിന്നപ്പോഴാണ് അനൂക ഞങ്ങളെയുംകൂട്ടി മറ്റൊരു ഭാഗത്തേക്ക് ഓടിയത്. കുതിരപ്പന്തയത്തിന്റെ ഫിനിഷിങ് ലൈന്‍ ആയിരുന്നു. ദൂരെനിന്ന് ലൈറ്റ് ഇട്ട ജീപ്പ് വരുന്നത് കണ്ടു. പിറകിലായി പൊടിപടലമായിരുന്നു. കുതിരകളുടെ കുളമ്പടിയില്‍ ഉയര്‍ന്ന പൊടി ജീപ്പിന്റെ വാല് പോലെ ഒപ്പം പോന്നു. ഏഴും പന്ത്രണ്ടും വയസ്സിനിടയിലുള്ള കൊച്ചു കുട്ടികളായിരുന്നു സവാരിക്കാര്‍. അവരുടെ മുഖത്തെ പേശികള്‍ വലിഞ്ഞിരുന്നു.
കുതിരകൾ കുതിച്ചുപാഞ്ഞാണ് എത്തിച്ചേര്‍ന്നത്. സെക്കൻഡുകളുടെ വ്യത്യാസത്തില്‍ ഏഴെട്ടു കുതിരകള്‍ ഫിനിഷിങ് ലൈന്‍ കടന്നുപോയി. ആളുകള്‍ അവര്‍ക്കു പിന്നാലെ പോയി. വിജയികളെ അഭിനന്ദിക്കാനാണെന്നാണ് ഞാന്‍ കരുതിയത്. ‘‘വരൂ ഒരു കാര്യം കാണിച്ചുതരാം’’ അനൂക ജയിച്ച കുതിരയുടെ അടുക്കലേക്ക് പോയി. നോക്കുമ്പോള്‍ ആളുകളെല്ലാം അതിന്റെ വിയര്‍പ്പ് തൊട്ട് തലയില്‍ വെക്കുകയും മണ്ണെടുത്തു ദേഹത്തു തൊടുകയും ചെയ്യുന്നു. ജയിച്ച കുതിരയുടെ വിയര്‍പ്പും, അത് നിന്ന സ്ഥലത്തെ മണ്ണും ഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം.
നാദം ഫെസ്റ്റിവലിൽ മിത്ര സതീഷ്
‘‘നമ്മള് ഇപ്പോള്‍ കണ്ടത് രണ്ടു വയസ്സുള്ള കുതിരകള്‍ മത്സരിക്കുന്നതാണ്. ഇതിനെ ദാഗ എന്നാണ് വിളിക്കാറ്. ദാഗയുടെ പ്രത്യേകത എന്തെന്നാല്‍ സാധാരണ ആദ്യമെത്തുന്ന അഞ്ചു കുതിരകളെയാണ് ആദരിക്കുക. എന്നാല്‍, ഈ പന്തയത്തില്‍ അവസാനം വന്ന കുതിരക്കും സമ്മാനമുണ്ട്.’’ കുറേ ഏറെ നേരം കഴിഞ്ഞാണ് അവസാനത്തെ കുതിര എത്തിയത്. അത് നടക്കാന്‍പോലും കഷ്ടപ്പെട്ടു.
അതിന്റെ പുറത്തിരുന്ന കുട്ടി കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. അവന് കുതിരയെ ഓടിക്കാന്‍ ആകുന്നത് നോക്കിയിട്ടും കുതിര മെല്ലെയുള്ള നടത്തം തുടര്‍ന്നു. ‘‘രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു മത്സരങ്ങള്‍കൂടി നടക്കും. മൂന്ന്, നാല്, അഞ്ചു വയസ്സുള്ള കുതിരകള്‍ പതിനാല്, പതിനെട്ട്, ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടത്. ഷണ്ഡീകരിച്ചതും അല്ലാത്തതുമായ മുതിര്‍ന്ന കുതിരകളുടെ മത്സരം വേറെയുമുണ്ട്.’’
സമയം മൂന്ന് മണിയായി. ബ്രൂണോക്ക് ക്ഷീണമായതുകൊണ്ട് അനുവിന്റെ അച്ഛന് കാറില്‍ വന്നു കൂട്ടിക്കൊണ്ടുപോയി. തലേന്ന് രാത്രി വാനിലിരുന്നുള്ള ഉറക്കം അത്ര ശരിയായില്ല. കുറച്ചു നേരം നടുവ് നിവര്‍ത്തി കിടന്നുറങ്ങാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, കാഴ്ചകള്‍ നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ വയ്യ. ഞാനവിടെ തുടര്‍ന്നു. ഓരോ പരിപാടിക്കും ഇടയില്‍ നീണ്ട ഇടവേളയാണ്. അവിടെയുള്ളവര്‍ ആ സമയം ബന്ധുമിത്രാദികളുമായി സ്നേഹം പങ്കിട്ടു.
പലരും വര്‍ഷത്തില്‍ ഒരിക്കലാണ് ജനിച്ചുവളര്‍ന്ന നാട്ടിലേക്ക് വരുന്നത്. ആദ്യം ഒന്ന് രണ്ടു സ്റ്റാളുകള്‍ മാത്രമുള്ളയിടത്ത് ഇപ്പോള്‍ ധാരാളം കടകള്‍ ആയി. തുണിത്തരങ്ങള്‍, ചെരിപ്പ്, മാല തുടങ്ങിയ പലതും അവിടെ വിൽപനക്കുണ്ടായിരുന്നു. കൊക്കകോള മാത്രം വില്‍ക്കുന്ന കടയും അവിടെ കണ്ടു. ബലൂണ്‍ ഷൂട്ടിങ് സ്ഥലത്തും, ബിന്ഗോ കളി നടക്കുന്നിടത്തും ധാരാളം കുട്ടികള്‍ കൂടിനിന്നു. കുറച്ചുനേരം അവിടെ ചുറ്റിക്കറങ്ങി തിരികെ എത്തിയപ്പോഴേക്കും ഗുസ്തി ആരംഭിച്ചിരുന്നു.
ഗുസ്തി എന്നാല്‍ മംഗോളിയക്കാര്‍ക്ക് ഒരു പ്രത്യേക വികാരമാണ്. മക്കള്‍ ഗുസ്തിക്കാരനാകണമെന്നാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. നാദം ഉത്സവസമയത്ത് ദേശീയതലത്തില്‍ അവര്‍ വിജയിക്കണം എന്നുള്ളത് ഒരു സ്വപ്നവും. ശരീരഭാരമനുസരിച്ചുള്ള കാറ്റഗറികൾ ഒന്നുമില്ല എന്നതാണ് മംഗോളിയന്‍ ഗുസ്തിയുടെ പ്രത്യേകത. ആര്‍ക്കും ആരോടും മത്സരിക്കാം.
പ്രായപൂര്‍ത്തിയായ പുരുഷന് ആയിരിക്കണം എന്നുമാത്രം. ഗുസ്തിയില്‍ എല്ലാവരും തുല്യരാണ്. തടിച്ചവര്‍, മെലിഞ്ഞവര്‍, കുറിയവര്‍, പൊക്കമുള്ളവര്‍ എന്നൊന്നും വേര്‍തിരിവില്ല. ശക്തി മാത്രം പോരാ ബുദ്ധിയും വേഗതയുമുണ്ടെങ്കിലേ ജയിക്കാന്‍ സാധിക്കൂ. ഞങ്ങള്‍ എത്തിയപ്പോള്‍ മൈതാനത്തില്‍ മൂന്നു ഗുസ്തി മത്സരങ്ങള്‍ ഒരുമിച്ചു നടക്കുകയായിരുന്നു. ‘ബോഹ്ക്’ എന്നാണ് ഗുസ്തിയെ വിളിക്കുക.
ചിത്രത്തുന്നലുകള്കൊണ്ടലങ്കരിച്ച ചുമപ്പ് നിറത്തിലെ ജാക്കറ്റും നീല ഷഡിയുമാണ് ഗുസ്തിക്കാരുടെ വേഷം. രണ്ടു കൈകളും പുറംഭാഗവുമാണ് ജാക്കറ്റ് മറച്ചത്. നെഞ്ച് മറച്ചിട്ടില്ല. ഏതോ മത്സരത്തില്‍ സ്ത്രീ പങ്കെടുത്തതിനുശേഷം വന്ന മാറ്റമാണത്രെ നെഞ്ച് മറക്കാതുള്ള ജാക്കറ്റ്. തലയില്‍ ചതുരാകൃതിയിലെ തൊപ്പി. കാലില്‍ തുകല്‍കൊണ്ടുണ്ടാക്കിയ ബൂട്സ്.
പരസ്പരം അഭിമുഖമായിനിന്ന് കൈകള്‍കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ് ഗുസ്തിക്കാര്‍. രണ്ടു മിനിറ്റോളം ഈ നിൽപങ്ങനെ തുടര്‍ന്നു. ഇവരെന്താ അനങ്ങാത്തത് എന്നാലോചിക്കുമ്പോഴേക്കും ഒരാള്‍ അയാളുടെ എതിരാളിയെ നിലത്തടിച്ചു കഴിഞ്ഞിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്.
തോറ്റ മനുഷ്യന്, ജയിച്ചയാളുടെ കൈയുടെ അടിയില്‍ക്കൂടി നടന്നുപോയി. വിജയി രണ്ടു കൈകളും വശത്തേക്ക് നിവര്‍ത്തിപ്പിടിച്ചു പ്രത്യേകരീതിയിൽ ചുവടുവെച്ചു. പരുന്തിന്റെ നൃത്തം എന്നാണ് അതിനെ വിളിക്കുന്നത്. അടുത്ത ഗുസ്തിക്കാര്‍ വന്നപ്പോഴാണ് അവര്‍ക്കൊപ്പം എത്തിയ രണ്ടുപേരെ ശ്രദ്ധിച്ചത്. സാസുല് എന്നാണ് അവരെ പറയുക. ഗുസ്തി തുടങ്ങുന്നതിനു മുമ്പ്, ഗുസ്തിക്കാരന് തന്റെ തൊപ്പിയൂരി കൂടെ വന്നയാളെ ഏൽപിക്കും. ഗുസ്തി നടക്കുമ്പോള്‍ അവരാണ് ഗുസ്തിക്കാരെ വാശി പിടിപ്പിക്കുന്നത്. മത്സരം കഴിയുമ്പോള്‍ തൊപ്പി തിരികെ നല്‍കും.
നാദം ഫെസ്റ്റിവൽ -മറ്റൊരു കാഴ്ച
‘‘മിത്ര അങ്ങോട്ട് നോക്കിക്കേ. അത് ഗരുഡനാണ്’’ അനു എന്നോട് പറഞ്ഞു. ‘‘വേണമെങ്കില്‍ ഞാന്‍ നിങ്ങളെ പരിചയപ്പെടുത്താം.’’ അത്യാവശ്യം പൊക്കവും വണ്ണവുമുള്ള ഒരാളുടെ അടുത്തേക്കാണ് എന്നെ കൂട്ടിയത്. നീളമുള്ള തവിട്ടു നിറത്തിലെ ഡീലും, ചതുരത്തൊപ്പിയുമാണ് വേഷം.
‘‘ഇത് എന്ബിഷ്. ഇദ്ദേഹമാണ് കഴിഞ്ഞ വര്‍ഷത്തെ ഗരുഡന്. എട്ട് റൗണ്ട് ഗുസ്തി ജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗരുഡന് എന്ന പദവി ലഭിച്ചത്.’’ അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഹസ്തദാനം ഒന്നും മര്യാദയായിട്ട് കണക്കാക്കാറില്ല. ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അൽപം മാറിയാണ് അദ്ദേഹം നിന്നത്. യാസും ഒപ്പമെത്തി.
യാസ് അദ്ദേഹത്തോട് ഫോട്ടോക്ക് പോസ് ചെയ്യാന്‍ തൊപ്പി തരുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നിരസിച്ചു. പിന്നീട് അനു പറഞ്ഞു, ഗുസ്തിക്കാരന് ഏറ്റവും വിലമതിക്കുന്നത് അവന്റെ തൊപ്പിയാണ്. അതുകൊണ്ട് അത് ഗുസ്തിസമയത്തല്ലാതെ തലയില്നിന്നെടുക്കില്ല. ഗരുഡന് കൂടാതെ മറ്റെന്തൊക്കെ പദവികളുണ്ടെന്നു ചോദിച്ചപ്പോള്‍ പരുന്ത്, ആന, സിംഹം തുടങ്ങിയവയൊക്കെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. രണ്ടു പ്രാവശ്യം വിജയിച്ചാല്‍ ജയന്റ് പദവിയും നാലു തവണ വിജയിച്ചാല്‍ ഇന്‍വിന്‍സിബിള്‍ പദവിയും ലഭിക്കും.
‘‘ഇവിടെയാകെ നാൽപതു പേരേ മത്സരിക്കുന്നുള്ളൂ. നിങ്ങള്‍ തലസ്ഥാനത്തെ നാദം കാണാന്‍ പോയിരുന്നെങ്കില്‍ ഗുസ്തി പൂരം കാണാമായിരുന്നു. അവിടെ 1024 മത്സരാർഥികള്‍ മല്ലിടും. പത്തുലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക. നിങ്ങള്‍ക്കറിയുമോ ജപ്പാനിലെ സുമോ ഗുസ്തി മത്സരങ്ങളില്‍ മംഗോളിയക്കാര്‍ സ്ഥിരം വിജയികളാണ്.
20 കൊല്ലമേ ആയുള്ളൂ മംഗോളിയക്കാര്‍ സുമോ ഗുസ്തിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടത്. ഹക്കൂഹോ ഷു 45 സുമോ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഗുസ്തിയില്‍ മുന്നൂറോളം ടെക്നിക്കുകള്‍ ഞങ്ങളുടെ ഗുസ്തിക്കാരുടെ പ്രത്യേകതയാണ്.’’ ഒരു സ്ത്രീ ഗുസ്തിയെ പറ്റി ആവേശത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ രസമായിരുന്നു. ഇതിനിടയില്‍ അമ്പെയ്ത്ത് തുടങ്ങാൻ സമയമായി എന്നാരോ പറയുന്നതു കേട്ട് ഞങ്ങള്‍ മൈതാനത്തിന്റെ മറ്റൊരു വശത്തേക്ക് പോയി.
കാണികള്‍ കുറവായിരുന്നു. ഞങ്ങള്‍ ഉൾപ്പെടെ ഇരുപതു പേരെയേ അവിടെ കണ്ടുള്ളൂ. ചിലര്‍ കുതിരപ്പുറത്തിരുന്നാണ് കളി കണ്ടത്. അമ്പെയ്ത്ത് മത്സരത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. തടികൊണ്ടുള്ള ഉരുണ്ടുനീണ്ട വസ്തുവാണ് ടാര്‍ഗറ്റ്. അത്തരം 33 സിലിണ്ടറുകള്‍ പ്രത്യേകരീതിയില്‍ അടുക്കി ഒരു ചെറിയ മതിലുപോലെയാക്കിവെച്ചിരുന്നു. സ്ത്രീകള്‍ 65 മീറ്റര്‍ അകലെനിന്നും പുരുഷന്മാര് 75 മീറ്റര്‍ അകലെനിന്നുമാണ് അമ്പെയ്യേണ്ടത്. ഓരോരുത്തര്‍ക്കും നാല് അമ്പു വീതം എയ്യാന്‍ അവസരം ലഭിക്കും.
കുറച്ചുനേരം കണ്ടുനിന്ന ശേഷം തിരികെ പോയി. ഒരു ടെന്റിനു ചുറ്റും കുറേ ആളുകള്‍ കൂടിയിരുന്നു. ഞങ്ങളും നുഴഞ്ഞുകയറി. ആടിന്റെ കണങ്കാല് അസ്ഥികള്‍ ഉപയോഗിച്ച് കളിക്കുന്ന ഷാഗൈ മത്സരം നടക്കുകയായിരുന്നു. ചെറിയ തടിമേശയില്‍ കുറേ അസ്ഥികള്‍ നിരത്തിവെച്ചിരുന്നു.
മത്സരാർഥി 10 മീറ്റര്‍ അകലെനിന്ന് ഒരു മാര്‍ബിള്‍ കഷ്ണം എറിഞ്ഞു, നിരത്തിവെച്ച അസ്ഥികളില്‍ കൊള്ളിക്കണം. ‘‘കണങ്കാല് അസ്ഥികള്‍കൊണ്ട് പലതരം കളികള്‍ ഞങ്ങള്‍ കളിക്കാറുണ്ട്. പക്ഷേ, ഈ ഒരു കളിമാത്രമാണ് നാദം സമയത്ത് മത്സരം സംഘടിപ്പിക്കുന്നത്.’’ മനുഷ്യരേക്കാള്‍ മുപ്പത്തിയഞ്ചിരട്ടി ആടുകള്‍ ഉള്ള രാജ്യത്ത് ഇത്തരം കളികള്‍ ആവിഷ്കരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
നല്ല ക്ഷീണം തോന്നിയതിനാല്‍ തിരികെ പോകാമെന്നു അനുവിനോട് പറഞ്ഞു. തണുപ്പും കൂടി വരുന്നുണ്ടായിരുന്നു. ഏഴു മണിയായിട്ടും നല്ല വെളിച്ചമായിരുന്നു. വീട്ടിലെത്തിയതും വെള്ളംകൊണ്ട് ദേഹം തുടച്ചെടുത്തു. അനു ഞങ്ങള്‍ താമസിക്കുന്ന മുറിയിലുള്ള ഇരുമ്പടുപ്പില്‍ വിറകു കത്തിച്ചു തന്നു. നൂഡില്‍ സൂപ്പ് കുടിച്ചു, ചൂട് കാഞ്ഞ് അവിടെയിരുന്നു. ‘‘നിങ്ങളുടെ നാട്ടിലല്ലേ ബുദ്ധന് ജനിച്ചത്. പിന്നെന്താ നിങ്ങള്‍ ബുദ്ധമതം പിന്തുടരാത്തത്’’, ഓര്‍ക്കാപ്പുറത്തായിരുന്നു അനുവിന്റെ ചോദ്യം.
ഇന്ത്യയില്‍ ബുദ്ധമതം കൂടുതലും മഠങ്ങളില്‍ അധിഷ്ഠിതമായതിനാല്‍ സാധാരണക്കാര്‍ ഹിന്ദു മതത്തെ പിന്തുടരാന് താൽപര്യപ്പെടുന്നു എന്നൊക്കെ പറഞ്ഞു ഞാന്‍ തടിതപ്പി. അനൂക വാ തോരാതെ സംസാരിച്ചു. ബാഹുബലിയോടുള്ള ഇഷ്ടം, ചിമ്മി ചിമി എന്ന ഹിന്ദി ഗാനത്തോടുള്ള പ്രണയം, കൈ നിറയെ മൈലാഞ്ചിയും വലിയ പൊട്ടും വെച്ച ഇന്ത്യന്‍ സ്ത്രീകളോടുള്ള ആകര്‍ഷണം, സല്മാന് ഖാനെ വിവാഹം ചെയ്യാനുള്ള മോഹം അങ്ങനെ ഒരുപാടു കാര്യങ്ങള്‍... മംഗോളിയന്‍ ടെലിവിഷനില്‍ പണ്ട് തൊട്ടേ ഹിന്ദി സിനിമ സ്ഥിരമായി കാണിക്കാറുണ്ടു പോലും.
അങ്ങനെയാണ് ഇന്ത്യയോടും ഇന്ത്യന്‍ സംസ്കാരത്തോടും അനുവിന് ഇഷ്ടം തോന്നിയത്. അവളുടെ ഏറ്റവും വലിയ സ്വപ്നം അവള് പങ്കുവെച്ചു. ‘‘എനിക്ക് ഇന്ത്യയില്‍ വരണം. താജ്മഹല്‍ കാണണം. കുറേക്കാലം ഇന്ത്യയിലെവിടെയെങ്കിലും ജോലി നോക്കണം.’’ മംഗോളിയയിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന അവളുടെ ഇന്ത്യന്‍ സ്വപ്നങ്ങൾ എന്നെ ആശ്ചര്യഭരിതയാക്കി.
യാക്കിന്റെ നറുംപാലും മാർേമാട്ടും
രാവിലെ അഞ്ചരയായപ്പോള് ഞാനും ബ്രൂണോയും തയാറായി. അനൂക ഞങ്ങളെ അവളുടെ കാറില്‍ യാക്കുകളുടെ ഫാം കാണിക്കാൻ കൂട്ടിക്കൊണ്ടു പോയി. അവളുടെ വണ്ടി 2010 മോഡല്‍ ടൊയോട്ട യാരിസായിരുന്നു. ജപ്പാനില്‍നിന്നും ഇറക്കുമതി ചെയ്തതാണ്. പഴയ കാറുകളുടെ നല്ലൊരു മാര്‍ക്കറ്റാണ് മംഗോളിയ. അത്തരം കാറുകള്‍ക്ക് വിലയും തീരുവയും കുറവാണ്.
ജപ്പാനിലൊക്കെ പഴകുംതോറും വണ്ടി പരിചരിക്കാന്‍ നല്ല പൈസ ചെലവാകും. നന്നായി പരിചരിക്കുന്ന വണ്ടികൾക്കു മാത്രമേ നികുതിയടക്കാന്‍ അനുമതിയുള്ളൂ. അതുകൊണ്ടു പഴയ കാറുകള്‍ ആരും ഉപയോഗിക്കാറില്ല. അവരത് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. കൊറിയയില്‍നിന്നും ജപ്പാനില്‍നിന്നും മറ്റു പല രാജ്യങ്ങളില്‍നിന്നും പഴയ കാറുകള്‍ മംഗോളിയയില്‍ വിൽപനക്ക് എത്താറുണ്ട്.
ഇന്ധനലാഭവും പ്രവര്‍ത്തനക്ഷമതയും കാരണം എല്ലാവർക്കും താൽപര്യം ജപ്പാന് കാറുകളോടാണ്. അനൂകയുടെ അച്ഛന് വണ്ടി വാങ്ങിയിട്ട് രണ്ടുകൊല്ലമേ ആയുള്ളൂ. പുല്മേടുകളില്കൂടിയായിരുന്നു അനു വണ്ടിയോടിച്ചത്. ഒരു ഓഫ് റോഡിങ് വണ്ടി അല്ലാഞ്ഞിട്ടുകൂടി ചെറിയ അരുവി മുറിച്ചുകടക്കാനും മറ്റുമൊക്കെ അവള് ആ വണ്ടി ഉപയോഗിച്ചു.
എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘ഞങ്ങള്‍ ഇങ്ങനെയൊക്കെ വണ്ടി ഉപയോഗിക്കുന്നത് കണ്ടാല്‍ ജപ്പാന്‍കാര്‍ ഞെട്ടുമായിരിക്കും അല്ലേ?’’ വഴിയില്‍ വെച്ച് വലിയൊരു ട്രക്ക് കടന്നുപോയി. ചെറിയ സാധനങ്ങളൊക്കെ ഞങ്ങള്‍ വന്ന റഷ്യന്‍ വാനില്‍ കൊണ്ടുവരാന്‍ സാധിക്കും. വീട്ടുപകരണങ്ങള്പോലുള്ള വലിയ സാധനങ്ങള്‍ ആ ട്രക്കിലാണ് എത്തിക്കുന്നത്. മാസത്തില്‍ മൂന്നോ നാലോ തവണയാണ് ട്രക്ക് വരിക.
അരമണിക്കൂറോളം പുല്മേടുകളിലൂടെ സഞ്ചരിച്ചശേഷം യാക്കുകളെ വളര്‍ത്തുന്ന അയോണ എന്ന സ്ത്രീയുടെ ഫാമില്‍ എത്തിച്ചേര്‍ന്നു. അധികം പൊക്കമില്ലാത്ത മെലിഞ്ഞ സ്ത്രീയായിരുന്നു അയോണ. അവർ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്ക്കുകയായിരുന്നു. കൈയിലൊരു ചെറിയ അലൂമിനിയം പാൽപാത്രമുണ്ട്. എനിക്ക് യാക്കിനെ കറക്കുന്നത് കാണണം എന്ന് അനുവിനോട് ആവശ്യപ്പെട്ടത് അനു അവരെ അറിയിച്ചിരുന്നു.
ഞങ്ങളെത്താന്‍ വൈകിയെങ്കിലും അവര്‍ കാത്തുനില്ക്കുകയും പുഞ്ചിരിയോടെ വരവേല്ക്കുകയുംചെയ്തു. തടിപ്പലകകൊണ്ടുണ്ടാക്കിയ ചെറിയൊരു വേലിക്കെട്ടില്‍ അഞ്ച് യാക്കും അവയുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
അയോണ വേലിക്കുള്ളില്‍ കയറി അമ്മയുടെ പാൽ കുടിച്ചുകൊണ്ടു നിന്ന കുഞ്ഞിനെ അവിടന്ന് മാറ്റിക്കെട്ടി. എന്നിട്ട് ചെറിയൊരു തടി സ്റ്റൂളില്‍ ഇരുന്നു പാല് കറക്കാന്‍ ആരംഭിച്ചു. ഒരു വഴക്കുമില്ലാതെ അമ്മ യാക്ക് അനങ്ങാതെ നിന്നുകൊടുത്തു. ബ്രൂണോ അവരോടു റഷ്യനില്‍ സംസാരിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു. മാത്രവുമല്ല റഷ്യന്‍ സംസാരിക്കാന്‍ പറ്റിയതില്‍ അവര്‍ സന്തുഷ്ടയായിരുന്നു.
1920 കാലഘട്ടത്തില്‍ ചൈനയായിരുന്നു മംഗോളിയ ഭരിച്ചത്. 1924ല്‍ റഷ്യയുടെ സഹായത്തോടെ മംഗോളിയന്‍ വിപ്ലവകാരികള്‍ ഭരണംപിടിച്ചെടുത്തു. സ്വതന്ത്ര രാഷ്ട്രമായ പീപ്ള്‍സ് റിപ്പബ്ലിക് ഓഫ് മംഗോളിയ നിലവില്‍ വന്നു. എന്നാല്‍, സ്വാതന്ത്ര്യം നാമമാത്രമായിരുന്നു. പൂര്‍ണമായും റഷ്യയുടെ അടിമത്തത്തിലായിരുന്നു രാജ്യം. അക്കാലത്ത് റഷ്യന്‍ പഠനം സ്കൂളുകളില്‍ നിര്‍ബന്ധമായിരുന്നു. മംഗോളിയയിലുണ്ടായിരുന്ന മുതിര്‍ന്ന ആളുകള്‍ക്കെല്ലാം റഷ്യന്‍ ഭാഷ വശമുണ്ട്. മംഗോളിയന്‍ സംസ്കാരം നശിപ്പിക്കാന്‍ റഷ്യ ആഞ്ഞു പരിശ്രമിച്ചിരുന്നു.
ചെങ്കിസ്ഖാന് രാജ്യദ്രോഹിയെന്ന നിലയില്‍ പ്രചാരമഴിച്ചുവിടുകയും അദ്ദേഹത്തിന്റേതായ സാധനങ്ങള്‍ എല്ലാം നശിപ്പിക്കുകയുംചെയ്തു. ഉയിഗൂര്‍ എന്ന ലിപിയാണ് ചെങ്കിസിന്റെ കാലംതൊട്ട് പിന്തുടര്ന്ന് വന്നത്. വിലങ്ങനെയായിരുന്നു അത് എഴുതിയിരുന്നത്. റഷ്യക്കാര്‍ അത് മാറ്റി സിറിലിക് അക്ഷരമാല പ്രചാരത്തില്‍ കൊണ്ടുവന്നു. എഴുപതു വര്‍ഷത്തെ അവരുടെ വിളയാട്ടം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു മടങ്ങിയപ്പോഴേക്കും മംഗോളിയക്കാര്‍ അവരുടെ പഴയ ലിപി പാടെ മറന്നുകഴിഞ്ഞിരുന്നു. പഴയ ലിപി വീണ്ടെടുക്കാനും പ്രചാരത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല എന്ന് അനു പറഞ്ഞു.
നാദം ഫെസ്റ്റിവൽ കാഴ്ചകൾ
അയോണക്ക് മുപ്പതു യാക്കുകളായിരുന്നു ഉള്ളത്. പതിനൊന്ന് പെണ്യാക്കുകളില് അെഞ്ചണ്ണത്തിന് കറവയുണ്ടായിരുന്നു. ആണ് യാക്കും പശുവും ചേര്‍ന്നുള്ള സങ്കര ഇനമായ സോമോ എന്നൊരിനത്തെ കണ്ടു. പശുവിനെപ്പോലെ തോന്നിക്കുമെങ്കിലും നീണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു വാലില്‍ ഉണ്ടായിരുന്നത്. വേലിക്ക് ചുറ്റുമുണ്ടായിരുന്ന തുറസ്സായ സ്ഥലത്തായിരുന്നു അവര്‍ മേഞ്ഞിരുന്നത്.
ചില ആണ് യാക്കുകള്‍ ആജാനുബാഹുക്കളായിരുന്നെങ്കിലും നമ്മള് അടുത്തേക്ക് ചെല്ലുന്നു എന്ന് കണ്ടാല്‍ അവര്‍ ഓടിമാറും. പല യാക്കുകളുടെയും ദേഹത്തെ രോമം കാണാനില്ല. ലഡാക്കിലൊക്കെ യാക്കുകളുടെ രോമംകൊണ്ട് കൂടാരത്തിന്റെ ചട്ടയും മറ്റും ഉണ്ടാക്കാറുണ്ട്. അവിടെയുണ്ടായിരുന്ന യാക്കുകൾക്ക് ചൂട് കൂടിയിട്ട് രോമം കൊഴിഞ്ഞതാണെന്ന് അയോണ പറഞ്ഞു.
അരമണിക്കൂറുകൊണ്ട് നാല് ലിറ്റര്‍ പാല് കറന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു പാല്. പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത പത്തൊമ്പത് ആണ് യാക്കുകളെ വളര്‍ത്തുന്നത് എന്തിനാണെന്ന് സംശയം തോന്നി. അനുവിനോട് ചോദിച്ചു. ‘‘നഗരത്തിലുള്ളവര്‍ എല്ലാം ലാഭ നഷ്ട കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രാമങ്ങളില്‍ അങ്ങനെയല്ല. ചുറ്റും ധാരാളം മൃഗങ്ങള്‍ ഉള്ളത് അവര്‍ക്ക് സന്തോഷമാണ്. അഭിമാനമാണ്. അവയില്‍നിന്ന് എന്ത് ആദായം കിട്ടും എന്നുള്ളതിനെ പറ്റിയൊന്നും ആരും ചിന്തിക്കാറില്ല.’’ എന്റെ ചിന്താഗതി ഒരുപാടു നവീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അനു നൽകിയത്.
കറന്ന പാലില്നിന്നൽപം എനിക്ക് കുടിക്കാന്‍ തന്നു. ഇളംചൂടുള്ള പാലിന് നല്ല രുചിയായിരുന്നു. കുട്ടിക്കാലത്ത് അപ്പൂപ്പന്റെ വീട്ടില്‍ പോയി നില്ക്കുമ്പോള് അവിടത്തെ പശുവിനെ കറക്കുന്നത് കാണാന്‍ പോയി നില്ക്കുമായിരുന്നു. സിര്‍ സിര്‍ എന്ന ശബ്ദത്തില്‍ പാല് വന്നു പാൽപാത്രത്തില് വീഴുന്നത് കേള്‍ക്കാനായിരുന്നു ആ നില്പ്.
കറന്നുകഴിഞ്ഞു അപ്പൂപ്പന് അൽപം പാല് എന്റെ വായിലൊഴിച്ചു തരുമായിരുന്നു. അയോണ പാല്‍പാത്രവുമായി വീട്ടിലേക്ക് നടന്നു. ‘‘അവരുടെ കാര്യം കഷ്ടമാണ്. അവരുടെ ഭര്‍ത്താവ് മദ്യപിച്ച് ഒരാളുമായി അടിപിടി കൂടി. മറ്റെയാള്‍ മരിച്ചു പോയി. ഭര്‍ത്താവ് ജയിലിലുമായി. കുടിയന്മാരായ രണ്ടു മക്കളും വീട്ടിലെ കാര്യങ്ങള്‍ നോക്കാറില്ല. ഞങ്ങളുടെ നാടിന്റെ ഏറ്റവും വലിയ ശാപം കുടിയന്മാരാണ്. എനിക്ക് വെറുപ്പാണ് കുടിക്കുന്നവരെ കണ്ടാല്‍.’’ അനു ഞങ്ങളോട് പറഞ്ഞു
‘‘നിന്റെ ഭര്‍ത്താവ് കുടിക്കില്ലേ.’’
‘‘വല്ലപ്പോഴും കുടിക്കും. അന്ന് ഞാന്‍ അവനെ പൊതിരെ തല്ലും. കുടിക്കില്ല എന്ന് വാക്കു തന്നിട്ടാണ് ഞാന്‍ അവനൊപ്പം കഴിയാന്‍ തുടങ്ങിയത്. കുടിക്കുമോ എന്ന് ഭയമുള്ളതുകൊണ്ട് ഞാന്‍ ആദ്യം വിവാഹം ചെയ്യാന്‍ വിസമ്മതിച്ചു. രണ്ടു കുട്ടികളായശേഷം കഴിഞ്ഞ കൊല്ലമാണ് ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷമാണ് അവന് ഇടക്ക് കുടിക്കാന്‍ ആരംഭിച്ചത്. ഇനി കുടിച്ചാല്‍ ഞാന്‍ അവനെ ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ കുട്ടിക്കാലം മൊത്തം കുടിയനായ അച്ഛന് നശിപ്പിച്ചു. രാത്രിയില്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. ഇടക്കിടക്ക് വിളിച്ചു ഓരോന്ന് കൊണ്ടുവരാന്‍ പറയും. എടുത്തു കൊടുക്കാന്‍ വൈകിയാല്‍, ഞാന്‍ ഏങ്ങലടിച്ചു കരയുന്ന വരെ ശകാരിക്കും.
രാത്രിയിലത്തെ നാടകം കഴിഞ്ഞ് സ്കൂളില്‍ ചെന്നിരുന്ന് ഞാന്‍ ഉറങ്ങും. അപ്പോൾ അധ്യാപകരുടെ വക അടി കിട്ടും. ഓര്‍ക്കുമ്പോള്‍ എനിക്ക് നിരാശയും ദേഷ്യവുമാണ്.’’ ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത് മംഗോളിയയിലാണെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് മദ്യത്തെ ആശ്രയിക്കുന്ന മംഗോളിയക്കാര്‍ യൂറോപ്പിലുള്ളവരേക്കാള് മൂന്നിരട്ടി കൂടുതലാണ്. ഇരുനൂറ്റി എഴുപത് പേര്‍ക്ക് ഒന്ന് എന്ന നിരക്കിലുള്ള മദ്യശാലകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.
മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും വോഡ്കക്ക് വേണ്ടിയുള്ള ഒരു വലിയ ഭാഗംതന്നെയുണ്ട്. ഇരുപത്തിയഞ്ചിലേറെ തരം മദ്യം അവിടെ ലഭിക്കും. പല രാഷ്ട്രീയക്കാരും മദ്യവ്യവസായത്തില്‍ പങ്കാളികളാണ്. മദ്യനികുതിയും ലൈസന്‍സുകളും സര്‍ക്കാറിന് വലിയ വരുമാനം ഉണ്ടാക്കുന്നു. നിലവില്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ ഇരുപതു ശതമാനത്തിലധികം, മദ്യ ഉപയോഗവും വിൽപനയുമായി നേരിട്ട് ബന്ധപ്പെട്ട നികുതികളില്നിന്നാണ്. റഷ്യക്കാര്‍ മംഗോളിയയില്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് വോഡ്ക ജനപ്രിയമായത്.
അതുവരെ വലിയ വീര്യമില്ലാത്ത ഐറാഗ് ആയിരുന്നു നാടോടികള്‍ കുടിച്ചിരുന്നത്. സോവിയറ്റ് കാലഘട്ടത്തില്‍ നാട്ടിലേക്ക് വോഡ്ക കയറ്റുമതിചെയ്യാന്‍ ഇരുനൂറോളം ഡിസ്റ്റിലറികള്‍ സ്ഥാപിക്കപ്പെട്ടു. അതോടെ വോഡ്ക സുലഭമായി. സോവിയറ്റുകാര്‍ പോയെങ്കിലും മംഗോളിയക്കാരുടെ കുടി തുടര്‍ന്നു. രാത്രിയായാല്‍ കുടിച്ചു ബോധംകെട്ട് റോഡിലുറങ്ങുന്നവരെ കാണാം. തണുത്തുറഞ്ഞു ചത്തുപോകാതിരിക്കാന്‍ അത്തരക്കാരെ പാര്‍പ്പിക്കാന്‍ പൊലീസ് സ്റ്റേഷനിലെ നിലവറയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഉടുതുണി എല്ലാം മാറ്റിയാണ് സെല്ലില്‍ കൊണ്ടിടുക. ചെങ്കിസ്ഖാന് വളരെ മിതമായേ മദ്യപിക്കാറുള്ളായിരുന്നു. മദ്യം തന്റെ ബോധത്തെ ബാധിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിനുശേഷം അധികാരത്തിലെത്തിയ ഒഗോടി ഖാന് കുടിച്ചു കുടിച്ചാണ് മരണപ്പെട്ടത്. ഒരിക്കല്‍ ഒഗോടിയുടെ അനിയന് അദ്ദേഹത്തോട് കുടിക്കുന്നതിന്റെ അളവ് കുറക്കാന്‍ അഭ്യർഥിച്ചു. ഒഗോടി കുടിച്ചിരുന്ന പാത്രങ്ങളുടെ എണ്ണം കുറച്ചു പകരം അതിന്റെ വലിപ്പം ഇരട്ടിയാക്കി എന്നൊരു കഥ അനു പറഞ്ഞാണ് അറിഞ്ഞത്.
തിരികെ പുൽമേടുകള്‍ക്കിടയിലൂടെ വണ്ടിയില്‍ പോകുമ്പോള്‍ എലിയെപ്പോലെ തോന്നിക്കുന്നതും എന്നാല്‍ അണ്ണാനെപ്പോലെ രൂപമുള്ളതുമായ ജീവി പൊത്തിലേക്ക് വേഗത്തിൽ ഓടിമറയുന്നതു കണ്ടു. അനുവിനോട് ചോദിച്ചപ്പോഴാണ് അത് മാര്‍മോട്ട് ആണെന്ന് മനസ്സിലായത്. യാത്രക്കുമുന്പ് മംഗോളിയയെയും ചെങ്കിസ്ഖാനെയും പറ്റി വായിച്ചവേളയിൽ ഇവയുടെ പേരും കടന്നുവന്നിട്ടുണ്ടായിരുന്നു. ഒരുകാലത്ത് ചെങ്കിസ്ഖാന് ഇവയെ ഭക്ഷിച്ചാണ് ജീവന് നിലനിര്‍ത്തിയത്. ടെമിജിന് എന്നായിരുന്നു ചെങ്കിസിന്റെ കുട്ടിക്കാലത്തെ പേര്. അദ്ദേഹത്തിന്റെ പിതാവ് യെസുഗെയെ ശത്രുക്കള്‍ വിഷം കൊടുത്തു കൊന്നു.
വിധവയായ അമ്മയെയും സഹോദരങ്ങളെയും ബന്ധുക്കള്‍ ഓടിച്ചുവിട്ടു. അന്ന് കുടുംബത്തിന്റെ ഭക്ഷണം എലികളും മാര്മോട്ടുകളുമായിരുന്നു. അധികാരത്തില്‍ വന്നശേഷവും ചെങ്കിസ് മാര്മോട്ടുകളെ ഭക്ഷിക്കുമായിരുന്നു. അങ്ങനെയത് മംഗോളിയക്കാരുടെ ഭക്ഷണമായി മാറി. ഇന്നിപ്പോള്‍ നിയമപരമായി ഇവയെ ഭക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
കാരണം, ചില മാര്‍മോട്ടുകള്‍ പ്ലേഗ് പടര്‍ത്തുന്ന അണുക്കളുടെ വാഹകരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചത് മംഗോളിയന്‍ സൈന്യം ഭക്ഷിക്കാന്‍ കൂടെ കരുതിയ മാര്‍മോട്ടുകൾ കാരണമാണെന്ന് ചില ചരിത്രകാരന്മാരും സംശയിക്കുന്നു. പക്ഷേ, ഉള്‍ഗ്രാമങ്ങളില്‍ പല സ്ഥലങ്ങളിലും ആളുകള്‍ ഇതിനെ ഭക്ഷിക്കാറുണ്ട്.
‘‘ഇതിനെ നിങ്ങള്‍ ഭക്ഷിക്കാറുണ്ടോ?’’ ഞാന്‍ ചോദിച്ചു.
‘‘രണ്ടുതരം മാര്മോട്ടുകളുണ്ട്. ചെറുതിനെ ഭക്ഷിക്കാറില്ല. ആ കാണുന്നതിന്റെ അഞ്ചിരട്ടി വലുപ്പമുള്ള മാര്‍മോട്ടുകള്‍ കാട്ടിലുണ്ട്. അതിനെയാണ് ഭക്ഷിക്കുന്നത്. പ്രത്യേകരീതിയിലാണ് അതിനെ പാചകംചെയ്യുന്നത്. ‘ബാവ് ദുഗ്’ എന്നാണ് പാചകരീതിയെ വിളിക്കുന്നത്. മാര്മോട്ടിന്റെ പള്ളഭാഗത്ത് നീളത്തിൽ മുറിക്കും. എന്നിട്ട് അകത്തുള്ള മാംസം പുറത്തെടുത്ത് വൃത്തിയാക്കി ഉപ്പു പുരട്ടി തിരിച്ചു നിറക്കും. മാംസത്തിനൊപ്പം ചൂടാക്കിയ കരിങ്കല്ലുകൂടി വെക്കും. എന്നിട്ട് തുന്നിക്കെട്ടി ബാര്‍ബിക്യൂ രീതിയില്‍ പാചകംചെയ്യും. ചിലപ്പോള്‍ ആടുകളെയും ഇങ്ങനെ പാചകം ചെയ്യാറുണ്ട്. ഇതൊക്കെ ചെങ്കിസിന്റെ കാലത്തു തൊട്ടുള്ള പാചകരീതിയാണ്. യുദ്ധത്തിന് പോകുമ്പോള്‍ പാത്രങ്ങള്‍ ഒന്നും കൊണ്ടുപോകേണ്ട ആവശ്യമില്ല.’’
പോകുന്നവഴിക്ക് ദൂരെ ഒരു കുന്നു കാണിച്ചു തന്നിട്ട് അനു പറഞ്ഞു, ‘‘അവിടെയാണ് ആളുകളെ അടക്കംചെയ്യുന്നത്. മരിച്ചു കഴിഞ്ഞാല്‍ ആ കുന്നിലൊരു നിരപ്പായ സ്ഥലത്ത് ശരീരം ഉപേക്ഷിക്കും. ഇപ്പോൾ ആളുകള്‍ ബുദ്ധാചാരപ്രകാരം അടക്കം ചെയ്യാറുണ്ട്. പക്ഷേ ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം കുന്നില്‍ ഉപേക്ഷിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ഐ ഹാവ് ഡിസ്ട്രോയ്ഡ് ലോട് ഓഫ് സോയില്‍ ഓള്‍റെഡി. ഡോണ്ട് വാണ്ട് ടു ഡിസ്ട്രോയ് എനിമോര്‍ ലാന്‍ഡ്.’’ അവളുടെ പ്രകൃതിബോധം എന്നേ അത്ഭുതപ്പെടുത്തി.
തിരികെ വീട്ടില്‍ പോയി കുളിച്ച് റെഡിയായി ഉച്ചയോടെ നാദം നടക്കുന്ന സ്ഥലത്തു വീണ്ടും പോയി. ഗുസ്തിമത്സരങ്ങളുടെ അവസാന റൗണ്ട് നടക്കുന്നതുകൊണ്ട് ധാരാളം കാണികളുണ്ട്. മത്സരത്തിനുശേഷം മംഗോളിയന്‍ വേഷത്തില്‍ വന്നിട്ടുള്ള ദമ്പതികളുടെയും കുടുംബങ്ങളുടെയും പ്രത്യേകം സൗന്ദര്യമത്സരം നടന്നു. ഗ്രാമത്തിലെ ഓരോരുത്തരുടെയും കൊച്ചു കൊച്ചു നേട്ടങ്ങള്‍ക്ക് ചെറിയ മെഡല്‍ കൊടുത്ത് ആദരിച്ചു. സ്ഥലത്തെ മേയര്‍ അറുപത്, എഴുപത്, എണ്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഡല്‍ കുത്തിക്കൊടുത്തു.
ഏറ്റവും രസം കുതിരപ്പന്തയത്തില്‍ ജയിച്ച കുതിരകള്‍ക്ക് മെഡല്‍ കൊടുക്കുന്നത് കാണാനായിരുന്നു. റിബണില്‍ കെട്ടിത്തൂക്കിയ ചതുരാകൃതിയിലെ മെഡല്‍ അണിയിക്കാന്‍ മേയര്‍ ശ്രമിച്ചപ്പോള്‍ മിക്ക കുതിരകളും കുതറിമാറി. പക്ഷേ മേയര്‍ കുതിരയുടെ പിന്നാലെ ഓടി വല്ലവിധേനയും അതിനു മെഡല്‍ അണിയിച്ചു കൊടുത്തു. ശേഷം കുതിരക്കാരന് ഒരു കോപ്പയില്‍ ഐറാഗ് നല്കി. അയാള്‍ അതില്‍ കുറച്ചു കുടിച്ചശേഷം ബാക്കി കുതിരയുടെ കഴുത്തിലും പുറത്തുമായി ഒഴിച്ചു. അയാള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും കൈയില്‍ കിട്ടി.
രണ്ടു ദിവസം കഴിഞ്ഞാല്‍ ബ്രൂണോയുടെ പിറന്നാളായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡിവോഴ്സ് വാങ്ങി കുട്ടികളെയുംകൊണ്ട് അവളുടെ നാടായ മെക്സികോയില്‍ പോയി. മക്കളെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം ഞങ്ങളോട് പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെ പിറന്നാള്‍ ചെറിയ രീതിയിലെങ്കിലും ആഘോഷിക്കണമെന്ന് തോന്നി. അവിടന്നിറങ്ങിയശേഷം ബ്രൂണോയെ കാറില്‍ ഇരുത്തി ഞാനും അനുവും പിറന്നാള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി.
നാദം ഫെസ്റ്റിവലിലെ അെമ്പയ്ത്ത് മത്സരം
രണ്ടു മൂന്നു കടകള്‍ കയറി ഇറങ്ങി തൊപ്പിയും മിഠായിയും ബിസ്കറ്റും ജ്യൂസും വാങ്ങി. കേക്ക് എവിടെയും കിട്ടാനില്ലായിരുന്നു. അവസാനം അനൂക വട്ടത്തിലുള്ള ബ്രഡ് ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു. അത് അലങ്കരിക്കാനായി ന്യുട്ടല്ല ക്രീമും ചെറിയും കടയില്‍നിന്ന് വാങ്ങി. പിറ്റേന്ന് വെളുപ്പിനേ യാത്രതിരിക്കണം എന്നുള്ളതുകൊണ്ട് ഞങ്ങള്‍ വൈകിട്ടോടെ തിരികെ മടങ്ങിയെത്തി.
ടെന്റടിച്ചു താമസിക്കുന്നതിന് യാസിന്റെ കൈയില്‍നിന്ന് അനു തുച്ഛമായ പൈസയേ വാങ്ങിയിരുന്നുള്ളൂ. ഭക്ഷണം അതിൽ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഞങ്ങളുടെ ഭക്ഷണ സമയമാകുമ്പോള്‍ യാസ് കൃത്യമായി അനുവിന്റെ കുട്ടികളുമായി കളികളില്‍ ഏര്‍പ്പെടും. ഞങ്ങള്‍ക്ക് വിളമ്പുന്നതിന്റെ പങ്ക് യാസും വാങ്ങി കഴിക്കും. ഇതു രണ്ടു ദിവസമായി തുടരുന്ന പതിവായിരുന്നു.
പാവം ഗ്രാമീണരുടെ നല്ല മനസ്സിനെ ചൂഷണം ചെയ്യുന്നതായി തോന്നിയെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍, അന്നേ ദിവസം ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ബ്രൂണോ യാസിനോട് ചൂടായി. ‘‘ഞങ്ങള്‍ ഭക്ഷണത്തിനു പൈസ കൊടുത്തിട്ടാണ് കഴിച്ചത്. നിനക്ക് നാണമില്ലേ ആ സമയത്തു വന്നിരുന്നു സൗജന്യ ഭക്ഷണം കഴിക്കാന്‍.’’ യാസിന്റെ മറുപടി എന്നെ നിരാശപ്പെടുത്തി. ‘‘വെറുതെയല്ലല്ലോ ഞാന്‍ അവരുടെ കുട്ടികളുമായി കളിക്കുന്നില്ലേ.
എന്റെ മൊബൈലില്‍ അവരെ വിഡിയോ കാണിക്കുന്നില്ലേ. അതിന്റെ കടപ്പാടുകൊണ്ടാണ് അവര്‍ എനിക്ക് ഭക്ഷണം തരുന്നത്.’’ എത്ര യാത്രകള്ചെയ്താലും ചിലരുടെ അടിസ്ഥാനസ്വഭാവങ്ങൾ മാറ്റമില്ലാതെ നിലകൊള്ളുമെന്ന് യാസിന്റെ വാക്കുകള്‍ എന്നെ ഓര്‍മിപ്പിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.