UAZ എന്ന് വിളിക്കുന്ന റഷ്യന്‍ വാനാണ് ഇവരുടെ ഷെയര്‍ ടാക്സി. മിലിട്ടറി ആവശ്യങ്ങള്‍ക്കായി റഷ്യയില്‍ നിർമിച്ചതാണ്. ഗ്രാമങ്ങളിലേക്ക് ഓഫ്റോഡ് ചെയ്തു പോകാന്‍ ഏറ്റവും ഉപകാരപ്രദമായത് ഈ വണ്ടിയാണ്. നമ്മുടെ ഓമ്നി വാനിനെക്കാള്‍ നീളവും വീതിയുമുള്ള ചാരനിറത്തിലെ വണ്ടി ഒറ്റനോട്ടത്തില്‍ എനിക്ക് ഇഷ്ടമായി. ഞങ്ങള്‍ ചെല്ലുമ്പോള്‍ വണ്ടിക്കാരന് സാധനങ്ങള്‍ കെട്ടിവെക്കുന്ന തിരക്കിലായിരുന്നു –മംഗോളിയയിലൂടെയുള്ള യാത്ര തുടരുന്നു. വിജനമായ സ്ഥലത്തുകൂടിയായിരുന്നു യാത്ര....
UAZ എന്ന് വിളിക്കുന്ന റഷ്യന്‍ വാനാണ് ഇവരുടെ ഷെയര്‍ ടാക്സി. മിലിട്ടറി ആവശ്യങ്ങള്‍ക്കായി റഷ്യയില്‍ നിർമിച്ചതാണ്. ഗ്രാമങ്ങളിലേക്ക് ഓഫ്റോഡ് ചെയ്തു പോകാന്‍ ഏറ്റവും ഉപകാരപ്രദമായത് ഈ വണ്ടിയാണ്. നമ്മുടെ ഓമ്നി വാനിനെക്കാള്‍ നീളവും വീതിയുമുള്ള ചാരനിറത്തിലെ വണ്ടി ഒറ്റനോട്ടത്തില്‍ എനിക്ക് ഇഷ്ടമായി. ഞങ്ങള്‍ ചെല്ലുമ്പോള്‍ വണ്ടിക്കാരന് സാധനങ്ങള്‍ കെട്ടിവെക്കുന്ന തിരക്കിലായിരുന്നു –മംഗോളിയയിലൂടെയുള്ള യാത്ര തുടരുന്നു.
വിജനമായ സ്ഥലത്തുകൂടിയായിരുന്നു യാത്ര. വല്ലപ്പോഴും മാത്രമാണ് എതിരെ വാഹനങ്ങള്‍ വന്നത്. എങ്കിലും ഇടക്കിടെയെല്ലാം വണ്ടി നിര്‍ത്തേണ്ടിവന്നു. ബ്ലോക്ക് ഉണ്ടാക്കിയത് വാഹനങ്ങളല്ല, മൃഗങ്ങളായിരുന്നു. ആട്ടിന്‍പറ്റവും കുതിരകളുമെല്ലാം ഒരു കൂസലുമില്ലാതെയാണ് റോഡ് മുറിച്ചുകടന്നത്. മുന്‍പോട്ടു പോകുംതോറും ചെറുതായി തണുപ്പ് കൂടിവന്നു. വഴിയില്‍ കടന്നുപോയ ഒരേയൊരു വലിയ പട്ടണമെന്ന് പറയാവുന്നത് ഏര്ഡ്നെറ്റ് ആയിരുന്നു. തലസ്ഥാനം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പട്ടണമായിരുന്നു അത്. ഒരുലക്ഷം പേരാണ് അവിടെ താമസമാക്കിയിരുന്നത്. ലോകത്തിലെ നാലാമത്തെ വലിയ ചെമ്പ് ഖനിയാണ് ഈ നഗരം.
പ്രതിവര്‍ഷം 22.23 ദശലക്ഷം ടണ്‍ അയിര് അവിടെ ഖനനംചെയ്യുന്നു. 1,26,700 ടണ്‍ ചെമ്പും 1954 ടണ്‍ മോളിബ്ഡിനവും ഉൽപാദിപ്പിക്കുന്നു. മംഗോളിയയുടെ ജി.ഡി.പിയുടെ 13.5 ശതമാനവും നികുതിവരുമാനത്തിന്റെ ഏഴു ശതമാനവും ഖനിയെയാണ് ആശ്രയിക്കുന്നത്. ഖനിയില്‍ ഏകദേശം 8000 പേരാണ് ജോലിചെയ്യുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറും കൂട്ടുകാരനും മാറിമാറിയാണ് വണ്ടി ഓടിച്ചത്.
ബ്രൂണോ കയറിയപ്പോള്‍ മുതല്‍ നല്ല ഉറക്കമായിരുന്നു. യാസ് എന്നോട് ഫുട്ബാളിനെ പറ്റി സംസാരിച്ചുതുടങ്ങി. എനിക്ക് വലിയ പിടിയില്ല എന്ന് പറഞ്ഞപ്പോള്‍ പാട്ടുകളെ പറ്റിയായി സംസാരം. ബോബ് മാര്‍ലിയുടെ പാട്ടുകള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി. പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്ദത്തോടെ ഒരു താളവുമില്ലാതെ പാടാന്‍ യാസിന് മടിയൊന്നും തോന്നിയില്ല. ബ്രൂണോ ഉറങ്ങുന്നതും യാസിനെ ബാധിക്കുന്ന കാര്യമായിരുന്നില്ല.
കുറച്ചുനേരം ഞാന്‍ പിടിച്ചിരുന്നു. പിന്നെ ഉറങ്ങുന്നതായി ഭാവിച്ചു. കുറേ കഴിഞ്ഞപ്പോള്‍ യാസും ഉറക്കമായി. ഞാന്‍ കണ്ണുകള്‍ തുറന്നു പുറത്തെ കാഴ്ചകള്‍ മനസ്സില്‍ നിറച്ചു. പുല്‍മേടുകള്‍ മാറി മലകള്‍ കണ്ടു തുടങ്ങി. മലകള്‍ വെറും പാറകളായിരുന്നു. പച്ചപ്പിന്റെ ഒരു പൊട്ടുപോലും അതിലില്ല. അടുത്തുണ്ടായിരുന്ന ഒരു അരുവിയുടെ അടുത്ത് വണ്ടി നിര്‍ത്തി. ഡ്രൈവര്‍ ഷര്‍ട്ട് ഊരി, വെള്ളത്തില്‍ കൈയും കാലും മുഖവുമെല്ലാം കഴുകി, പുല്‍ത്തകിടിയില്‍ വിശ്രമിക്കാന്‍ ആരംഭിച്ചു. യാസ് അരുവി കടന്നു പുല്മേട്ടില് ഉണ്ടായിരുന്ന കുതിരകളുടെ അടുത്തേക്ക് പോയി. ഞാന്‍ ഷൂ ഊരി അവിടെ വെച്ചിട്ട് യാസിന്റെ പിന്നാലെ പോയി. ബ്രൂണോ മടിപിടിച്ചു ഡ്രൈവറുടെ ഒപ്പം ഇരിപ്പായി.
ഞങ്ങള്‍ കുതിരകളുടെ അടുത്തേക്ക് ഒരു സ്റ്റെപ്പ് വെക്കുമ്പോള്‍ അത് പത്തു സ്റ്റെപ്പ് അകലേക്ക് പോകും. അടുത്തെത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. വൈകീട്ട് അഞ്ചുമണിക്കുശേഷം ഇടയന്മാര് ആടിനെയും കുതിരകളെയുമെല്ലാം തിരികെ മേയ്ച്ചു കൊണ്ടുപോകുന്ന കാഴ്ചയാണ് എങ്ങോട്ട് നോക്കിയാലും കാണുന്നത്. ന്യൂജെന്‍ ഇടയന്മാരായതുകൊണ്ട് ആട്ടിന്കൂട്ടത്തിനു പിന്നാലെ ബൈക്കിന്റെ ഹോണ്‍ അടിച്ചാണ് അവര്‍ അവറ്റകളെ തിരികെ കൂട്ടിയിരുന്നത്.
UAZ എന്ന റഷ്യന്‍ വാനും അതിലെ യാത്രികയായ സാറയും
കുറച്ചുകൂടി യാത്ര ചെയ്തപ്പോള്‍ കശ്മീരിലെത്തിയ പ്രതീതി. പൈന്മരങ്ങളും, അരുവികളും എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചകളായി. അരുവിയുടെ കരയില്‍ പലരും തമ്പടിച്ചിട്ടുണ്ട്. അവരുടെ വണ്ടിയും ടെന്റിനരികില്‍ കാണാം. ഞാന്‍ ആ കാഴ്ച ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നത് കണ്ട് ഡ്രൈവര്‍ പറഞ്ഞു, ‘‘ഇവിടങ്ങളില്‍ എല്ലാവരും അവധിദിവസങ്ങളില്‍ അവരവരുടെ വണ്ടിയുമായി ഇറങ്ങും. നഗരം വിട്ടാല്‍ പിന്നെ എല്ലാം പൊതുസ്ഥലമാണ്. ആര്‍ക്കും എവിടെയും ക്യാമ്പ് ചെയ്യാം. സുരക്ഷാപ്രശ്നങ്ങള്‍ ഒന്നുമില്ല. വെള്ളം ലഭിക്കണമെന്നുള്ളതിനാല്‍ അരുവിയുടെ അടുത്തുള്ള പ്രദേശങ്ങളിലാണ് ടെന്റ് അടിക്കുക.’’ നല്ലൊരു ഏജന്‍സി വഴിയായിരുന്നു വന്നതെങ്കില്‍ ഇതുപോലെയൊക്കെ താമസിക്കാമായിരുന്നു എന്നോര്‍ത്തു.
വഴിയരികില്‍ തട്ടുകടകളുടെ നീണ്ടനിര കണ്ടു. ഡ്രൈവര്‍ അവിടെ വണ്ടി നിര്‍ത്തി. ഞങ്ങളോട് ഐറാഗ് വേണമെങ്കില്‍ വാങ്ങിക്കോളാന്‍ പറഞ്ഞു. ഐറാഗിനെ പറ്റി കേട്ടിട്ടുണ്ടായിരുന്നു. പുളിപ്പിച്ച കുതിരപ്പാലാണ് ഐറാഗ്. മംഗോളിയക്കാരുടെ ദേശീയ പാനീയമാണ്. ഒരു ഇടത്തരം കുടുംബം ആഴ്ചയില്‍ 100-200 ലിറ്റര്‍ ഐറാഗ് കുടിക്കുമെന്നാണ് കണക്ക്. ഞങ്ങള്‍ ഒരു പെണ്‍കുട്ടി നടത്തുന്ന കടയില്‍ പോയി. വലിയ പ്ലാസ്റ്റിക് വീപ്പക്കുറ്റിയില്‍ വെച്ചിരുന്ന ഐറാഗ്, ഒരു മഗില്‍ എടുത്ത് ചെറിയ പ്ലാസ്റ്റിക് ഗ്ലാസില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് തന്നു. ഒന്നാന്തരം പുളിച്ച മോര്. കുടിച്ചു കഴിഞ്ഞു വില ചോദിച്ചപ്പോള്‍ ആറു ഡോളര്‍ എന്ന് പറഞ്ഞു. വല്ലാത്ത കഴുത്ത
റുപ്പന് വിലയായി പോയി എന്ന് മനസ്സില്‍ കരുതി. പൈസ കൊടുത്തു ഇറങ്ങാന്‍ നേരം കടക്കാരി രണ്ടു വലിയ ബോട്ടില്‍ ഐറാഗ് കൈയില്‍ പിടിപ്പിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. ചെറിയ കപ്പില്‍ കുടിച്ചത് സൗജന്യമായി ടേസ്റ്റ് ചെയ്യാന്‍ തന്നതാണ്. കുപ്പിയിലെ ഐറാഗിന്റെ പൈസയാണ് അവള് വാങ്ങിയത്. ഞങ്ങള്‍ക്ക് അത്രയും വേണ്ട എന്ന് പറഞ്ഞപ്പോള്‍ അവള് പൈസ തിരികെ തന്നു.
ഡ്രൈവര്‍ വലിയ ഒരു കുപ്പി ഐറാഗുമായി വണ്ടിയില്‍ കയറി. പിന്നീടുള്ള യാത്രയില്‍ അയാള്‍ ഇടക്കിടക്ക് അത് മോന്തിക്കൊണ്ടിരുന്നു. വൈകീട്ട് എട്ടു മണിയായിട്ടും സൂര്യന് അസ്തമിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ല. മുന്നില്‍ കറുത്തിരുണ്ട മലയായിരുന്നതിനാല് അസ്തമയം കാണാന്‍ സാധിക്കില്ല. മലയുടെ മുകളില്‍ ഓറഞ്ച് നിറം പടര്‍ന്നു. താഴെ പച്ചപ്പും, മുകളിലെ ഓറഞ്ചും ത്രിവര്‍ണ പതാകയെ പോലെ തോന്നിച്ചു.
ഒമ്പതര ആയപ്പോഴാണ് കൂറ്റാക്കൂരിരുട്ടായത്. പന്ത്രണ്ടു മണി അടുപ്പിച്ചു ഞങ്ങള്‍ മോറോണ്‍ പട്ടണത്തിലെത്തിച്ചേര്‍ന്നു. ലോഡ്ജിനു മുന്നില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ തുവശിയെ വിളിച്ചു എന്നെ സുരക്ഷിതമായി എത്തിച്ചു എന്നറിയിച്ചു. ലോഡ്ജ് നടത്തിപ്പുകാരി കേയ വാതില്‍ തുറന്നുതന്നു. ഇരുപത്-ഇരുപത്തൊന്ന് വയസ്സുള്ള സുന്ദരിയായിരുന്നു കേയ. അവള് ഒന്നാം നിലയിലെ ലോഡ്ജിലേക്ക് കൂട്ടി. ഒരു ഫ്ലാറ്റ് എടുത്ത് ലോഡ്ജാക്കി മാറ്റിയിരിക്കുകയാണ്. അഞ്ചു കട്ടിലുള്ള മുറിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. കേയ സൗകര്യങ്ങളൊക്കെ കാണിച്ചുതന്നു.
വൈഫൈ കണക്ട് ചെയ്തതും ഒരുപാടു മെസേജുകള്‍ വന്നു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് അത്യാവശ്യമായി കോണ്ടാക്ട് ചെയ്യാന്‍ പറഞ്ഞ് മെയില്‍ അയച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതുകൊണ്ട് ഒരുപൈസപോലും തരില്ലെന്നും കോടതിയില്‍ കാണാമെന്നും അനാറിന്റെ പുതിയ ഭീഷണി കണ്ടു. പിന്നെയുള്ള ഇരുപതോളം മെസേജുകള്‍ അപരിചിതരുടേതായിരുന്നു. പലവിധത്തില്‍ സഹായം വാഗ്ദാനംചെയ്തുള്ള മെസേജുകള്‍. രണ്ടു മൂന്നെണ്ണം പത്രപ്രവര്‍ത്തകരുടേതായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒരെത്തുംപിടിയും കിട്ടിയില്ല. നേരം വൈകിയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ യാത്രാ ഗ്രൂപ്പിലിട്ട മെസേജ് നോക്കി. അതിനു വലിയ പ്രതികരണം ഒന്നും കിട്ടിയിട്ടില്ല. ഒന്നുരണ്ടു പേര് അയ്യോ എന്നു പറഞ്ഞതൊഴിച്ചാല് പോസ്റ്റ് ഇട്ടിട്ടു പ്രയോജനമുണ്ടായില്ലെന്ന് മനസ്സിലായി. അപ്പോഴാണ് തുവശിയുടെ വിളി വരുന്നത്. എന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ന്യൂസ് ചാനലുകാര് അവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഒരുപാടു പേര് കാര്യങ്ങള്‍ അറിഞ്ഞു. അപ്പോള്‍ അതാണ് അത്രയും അപരിചിതര്‍ എനിക്ക് മെസേജ് അയക്കാനുള്ള കാരണം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ തുവശി ഉപദേശിച്ചു. ഞാന്‍ എല്ലാ മെസേജുകള്‍ക്കും മറുപടി അയച്ചു. ലൗറ എന്ന ഒരു പത്രപ്രവര്‍ത്തക എന്നെ വിളിച്ചു കുറേ നേരം സമാധാനിപ്പിച്ചു.
പൈസ കിട്ടുന്നതുവരെ എല്ലാ സഹായവും ചെയ്യാമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയിലെ സഞ്ജീവ് എന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അംബാസഡര്‍ വിവരങ്ങള്‍ അറിഞ്ഞു. എനിക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നറിയിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പക്ഷേ, അദ്ദേഹം ഒരു പ്രശ്നം ചൂണ്ടിക്കാട്ടി. അനാറുമായി വാക്കാല്‍ മാത്രമേ കരാര്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഫേസ്ബുക്കിലുള്ള മെസേജുകളും. പൈസ കൊടുത്തതിന്റെ തെളിവുമില്ല. നിയമപരമായി കാര്യങ്ങള്‍ നീക്കുക എളുപ്പമാകില്ല. സാഹചര്യത്തിന്റെ ഗൗരവം എനിക്കും മനസ്സിലായി. ഏതായാലും പൊലീസിനെ കണ്ടശേഷം കംപ്ലയിന്റ് കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കാന്‍ പറഞ്ഞ് ഫോണ്‍ വെച്ചു.
പൈസ കിട്ടാന്‍ സാധ്യതയില്ല. വെറുതെ പൊലീസ് സ്റ്റേഷനില്‍ പോയി സമയം കളയണമോ എന്നോര്‍ത്തു. എന്തായാലും നാളെ ഒരു പ്രശ്നമുണ്ടായാല്‍ പരാതി കൊടുത്ത പേപ്പര്‍ ഏതെങ്കിലും രീതിയില്‍ ഉപകാരപ്പെട്ടാലോ എന്ന ചിന്തയില്‍ പൊലീസിനെ കാണാമെന്ന ഉറച്ച തീരുമാനമെടുത്തു. കേയ ഉണ്ടാക്കിയ പ്രാതലും കഴിച്ചു ഞങ്ങള്‍ മൂന്നാളും ഒമ്പതരയായപ്പോള്‍ തൊട്ടടുത്തുള്ള യൂനിറ്റെല് മൊബൈല്‍ ഓഫിസില്‍നിന്ന് ലോക്കല്‍ സിം എടുത്തു. ശേഷം പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെയാര്‍ക്കും ഇംഗ്ലീഷ് അറിയില്ല. വീണ്ടും തുവശിയെ വിളിച്ചു. പൊലീസുകാര്‍ മാറിമാറി ഞങ്ങളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഓരോ തവണയും തുവശി ഇവരോട് ആദ്യം മുതല്‍ നടന്ന കഥകള്‍ മംഗോളിയന്‍ ഭാഷയില്‍ വിവരിക്കും. തുവശിയെ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടിപ്പോയേനെ എന്നോര്‍ത്തു. പന്ത്രണ്ടു മണിയായിട്ടും ഒന്നും സംഭവിക്കുന്നില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വന്നാലേ കേസ് ഫയല്‍ ചെയ്യൂ. ഇതിനോടകം ഞാന്‍ സഹായം അഭ്യർഥിച്ചിട്ട പോസ്റ്റ് പലരും കാണുകയും പൊലീസിനെ ബന്ധപ്പെടുകയുംചെയ്തു. ഉദ്യോഗസ്ഥനാകട്ടെ ഉത്സവം ഉദ്ഘാടനംചെയ്യുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു. എത്രയും പെട്ടെന്നു സ്റ്റേഷനിലേക്ക് എത്തിക്കോളാമെന്ന് അദ്ദേഹം തുവശിയെ അറിയിച്ചു.
യാത്രാവേളയിൽ സഹായഹസ്തവുമായി എത്തിയ മറ്റൊരു യാത്രികർക്കൊപ്പം,കുതിര ഒാടിക്കുന്ന ബാലനും അനിയത്തിയും^ യാത്രക്കിടെ പകർത്തിയത്
ഒന്നരയായപ്പോള്‍ അദ്ദേഹമെത്തി. യാസും ബ്രൂണോയും മുന്നില്‍ നടന്നു. ഓഫിസില്‍ കയറിയപ്പോള്‍ അവരോടു മാറിനിൽക്കാന് പറഞ്ഞിട്ട് എന്നോട് കസേരയിലിരിക്കാന്‍ നിര്‍ദേശിച്ചു. തുവശിയെ ഫോണില്‍ വിളിച്ചു. പൊലീസുകാരന് കാര്യങ്ങള്‍ തുവശിയോട് പറയും. അദ്ദേഹം അത് ഇംഗ്ലീഷില്‍ വിവര്ത്തനംചെയ്ത് എന്നെ അറിയിക്കും. തിരിച്ച് എന്റെ മറുപടി പൊലീസുകാരനോട് പറയും. പൊലീസ് പറയുന്നത്, ‘‘ഇത് രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നമല്ല. രാജ്യത്തിന്റെ പൗരന്മാരുടെ വിശ്വാസ്യതയുടെ പ്രശ്നം മാത്രമാണ്. നിങ്ങള്‍ ഇട്ട പോസ്റ്റ് എത്രയും വേഗം പിന്‍വലിക്കണം’’ എന്നായിരുന്നു. ഞാന്‍ വിസമ്മതിച്ചു. എനിക്ക് നഷ്ടപ്പെട്ട പൈസ തിരികെ ലഭിക്കുന്നതുവരെ പോസ്റ്റ് മാറ്റിെല്ലന്ന് തറപ്പിച്ചു പറഞ്ഞു. ഉദ്യോഗസ്ഥന് ഭീഷണിയുടെ സ്വരത്തിലാണ് പിന്നീട് സംസാരിച്ചത്– ‘‘അനാറിന്റെ ഫോട്ടോസഹിതം പോസ്റ്റിട്ട് നാണംകെടുത്തിയതിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ മാനഹാനിക്ക് കേസ് എടുക്കാവുന്നതേയുള്ളൂ.’’ ഞാന്‍ അങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. പുള്ളി പറഞ്ഞതു കേട്ട് ഉള്ളില്‍ ഭയം തോന്നി. അറിയാത്ത നാട്ടില്‍ കേസും വക്കാണവും ജയിലുമായി കഴിയേണ്ടിവരുമോ എന്ന് ഉത്കണ്ഠയായി. മുഖത്തിലോ സ്വരത്തിലോ ഭയത്തിന്റെ യാതൊരു ലാഞ്ഛനയും കാണിക്കാതെ ഞാന്‍ പറഞ്ഞു, ‘‘ഒരു വിദേശിക്കെതിരെ അനീതിയാണ് നടന്നിരിക്കുന്നത്. പോസ്റ്റ് ഇട്ട പേരില്‍ കേസ് എടുക്കണമെങ്കില്‍ എടുക്കാം.
എന്നാല്‍, പൈസ കിട്ടാതെ ഞാന്‍ എന്റെ പോസ്റ്റ് എടുത്തുമാറ്റില്ല. അവസാനം തുവശി ഇടനിലക്കാരനായി നിന്ന് കാര്യങ്ങള്‍ രമ്യതയില്‍ എത്തിച്ചു. പൊലീസുകാരന് ഇരിക്കുമ്പോള്‍ അനാറിനെ ഫോണില്‍ വിളിച്ച് എനിക്ക് സംസാരിക്കാന്‍ തന്നു. അനാര്‍ എന്റെ കാലുപിടിച്ചു. കംപ്ലയിന്റ് കൊടുത്താല്‍ പുള്ളിക്ക് പല പ്രശ്നങ്ങളും ഉണ്ടാകും. രണ്ടു ദിവസത്തിനകം മുഴുവന്‍ പൈസയും ഞാന്‍ പറയുന്ന അക്കൗണ്ടിലേക്ക് അനാര്‍ ഇട്ടുകൊള്ളാമെന്ന് വാക്കു തന്നു. അത് കേട്ടപ്പോള്‍ അതുവരെ പൈസ വേണ്ടെന്നുപറഞ്ഞ് മാറിനിന്ന യാസ് എന്നെ തോണ്ടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പൈസയുടെ കാര്യം കൂടി പറയുമോ എന്ന് ചോദിച്ചു. അങ്ങനെ അനാറിനോട് ആ പൈസകൂടി കിട്ടണമെന്ന് പറഞ്ഞു. ഈ പ്രശ്നവുമായി സ്റ്റേഷനില്‍ ചെന്നതായി ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ പേപ്പറുമായി ഞാനിറങ്ങി.
അനാറിനെ പരിചയപ്പെടുന്നതിനു മുമ്പ് റെയ്ന്‍ഡിയറുകളെ വളര്‍ത്തുന്ന തുവാന് വംശജര്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് പോകാനുള്ള കാര്യങ്ങള്‍ അന്വേഷിച്ചു പോസ്റ്റ് ഇട്ടപ്പോള്‍ അനൂക എന്ന ഗൈഡ് എനിക്ക് മെസേജ് അയച്ചിരുന്നു. ട്സഗന്നൂര് എന്ന ഗ്രാമത്തില്നിന്നായിരുന്നു യാത്ര തുടങ്ങേണ്ടത്. മോറോണില്നിന്ന് ട്സഗന്നൂരേക്ക് ഷെയര്‍ വാന്‍ ലഭിക്കുമെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഈ പുകിലെല്ലാം നടക്കുന്നതിനിടയില്‍ ഞാന്‍ അനൂകയെ ബന്ധപ്പെട്ടു. ഭാഗ്യവശാല്‍ അവര്‍ക്ക് ഞങ്ങള്‍ പോകുന്ന ദിവസങ്ങളില്‍ വേറെ ബുക്കിങ് ഇല്ലായിരുന്നു. ഗ്രാമത്തില്‍ എത്തിയ അന്ന് യാത്ര പുറപ്പെടാന്‍ സാധിക്കില്ല. കാര്യം എന്തെന്നാല്‍ ഗ്രാമത്തില്‍ നാദം ഉത്സവം നടക്കുകയാണ്. അതില്‍ പങ്കുകൊള്ളാനായി തുവാന് ആളുകള്‍ ഗ്രാമത്തിലേക്ക് വരും. നാദം കഴിഞ്ഞു റെയ്ന്‍ഡിയറുകളെ കാണാന്‍ പോകാം. ഞങ്ങള്‍ സമ്മതിച്ചു. അനൂക തന്നെ ടാക്സിക്കാരനെ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ ലോഡ്ജില്‍നിന്ന് സാധനങ്ങള്‍ എടുത്തു ടാക്സി സ്റ്റാന്‍ഡിലേക്ക് പോയി.
UAZ എന്ന് വിളിക്കുന്ന റഷ്യന്‍ വാനാണ് ഇവരുടെ ഷെയര്‍ ടാക്സി. മിലിട്ടറി ആവശ്യങ്ങള്‍ക്കായി റഷ്യയില്‍ നിർമിച്ചതാണ്. ഗ്രാമങ്ങളിലേക്ക് ഓഫ് റോഡ് ചെയ്തു പോകാന്‍ ഏറ്റവും ഉപകാരപ്രദമായത് ഈ വണ്ടിയാണ്. നമ്മുടെ ഓമ്നി വാനിനെക്കാള്‍ നീളവും വീതിയുമുള്ള ചാരനിറത്തിലെ വണ്ടി ഒറ്റനോട്ടത്തില്‍ എനിക്ക് ഇഷ്ടമായി. ഞങ്ങള്‍ ചെല്ലുമ്പോള്‍ വണ്ടിക്കാരന് സാധനങ്ങള്‍ കെട്ടിവെക്കുന്ന തിരക്കിലായിരുന്നു. നാല് മണിക്കേ വണ്ടി എടുക്കുകയുള്ളൂവെന്ന് പറഞ്ഞു. പന്ത്രണ്ട്-പതിമൂന്നു മണിക്കൂറിന്റെ യാത്രയുണ്ട്. വെളുപ്പിനേ ട്സഗനൂര് എത്തൂ. പത്തുപേര്‍ക്ക് യാത്രചെയ്യാവുന്ന വാനാണ്. ബാക്കി ആളുകള്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞങ്ങള്‍ മൂന്നുപേര്‍ക്കും വേണ്ടി സീറ്റ് പിടിച്ചു ഞാന്‍ വണ്ടിയിലിരുന്നു. അവര്‍ ഭക്ഷണം കഴിക്കാന്‍ പോയി.
ആ സമയം തൊപ്പിയൊക്കെ വെച്ച് ചുമന്ന ഫ്രോക്ക് ധരിച്ച ഒരു സുന്ദരി വാനില്‍ വന്നിരിപ്പായി. അവര്‍ ഒരു ടൂറിസ്റ്റാണെന്നു കരുതി അവരോടു സംസാരിച്ചു. അവര്‍ ട്സഗനൂര് ഗ്രാമവാസിയായിരുന്നു. ജോലി ഉലാന്‍ ബാത്തറിലായിരുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ എത്തിയതാണ്. ഒന്നര വയസ്സുകാരി മകള്‍ ഗ്രാമത്തില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകളെ കാണാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു സാറ. ഞങ്ങള്‍ കൂട്ടായി.
ഐറാഗ് വിൽക്കുന്ന കടകളിൽ ഒന്ന്
ഭക്ഷണം കഴിക്കാന്‍ പോയ ബ്രൂണോ അവശനായിട്ടാണ് തിരികെ എത്തിയത്. ഒരുപാടു ദൂരെയായിരുന്നുപോലും ഹോട്ടല്‍. കൈയിലെ വെള്ളം തീര്‍ന്നു. ഞാന്‍ പോയി വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞിറങ്ങി. സാറയും ഒപ്പം കൂടി. അവിടെ അടുത്തുണ്ടായിരുന്ന ചെറിയ മാര്‍ക്കറ്റിലാണ് ഞങ്ങള്‍ പോയത്. സാറ മകള്‍ക്കുവേണ്ടി മിഠായിയും മറ്റും വാങ്ങി. ഞാന്‍ ഒരു പാക്കറ്റ് വേഫേര്‍ വാങ്ങി അവളെ ഏൽപിച്ചു. പറ്റിയാല്‍ അവളുടെ കുഞ്ഞിനെ കാണാന്‍ വീട്ടിലേക്കു ചെല്ലാമെന്നും ഏറ്റു. തിരിച്ചെത്തിയപ്പോള്‍ വാന്‍ നിറയെ ആളായിരുന്നു. നാലരക്ക് വണ്ടി പുറപ്പെട്ടു. ടാര്‍ റോഡിലാണ് ആദ്യം സഞ്ചരിച്ചത്. ഇരുവശങ്ങളിലും പുല്‍മേടുകള്‍ മാത്രമായിരുന്നു. അരമണിക്കൂര്‍ യാത്ര ചെയ്തശേഷം വണ്ടി നിര്‍ത്തി. അന്വേഷിച്ചപ്പോള്‍ ഒരാള്‍കൂടി വരാനുണ്ട്. അയാള്‍ക്ക് വേണ്ടി കാക്കുകയാണെന്നു പറഞ്ഞു. കൂടെയുണ്ടായിരുന്ന ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സമയത്തിന് വലിയ മൂല്യമൊന്നുമില്ല. എപ്പോഴെങ്കിലും ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നാല്‍ മതിയെന്നേയുള്ളൂ. പുതിയ ആള് വരാന്‍ മുക്കാല്‍ മണിക്കൂറെടുത്തു.
അതിനുശേഷം യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഓഫ്റോഡ് വിട്ട് വശത്തെ പുല്‍മേടിലേക്ക് കടന്നു. വഴിയെന്നൊന്ന് അവിടെയില്ലായിരുന്നു. മുമ്പ് പോയ വണ്ടികളുടെ ടയറുകളുടെ പാട് നോക്കിയാണെന്നു തോന്നുന്നു ഡ്രൈവര്‍ വണ്ടിയോടിച്ചത്. അങ്ങോട്ടുമിങ്ങോട്ടും, വളഞ്ഞും പുളഞ്ഞും പുൽമേടിലൂടെ വണ്ടി സഞ്ചരിച്ചപ്പോള്‍ എന്റെ ദിശാബോധം പാടെ ഇല്ലാതായി. ഇരുട്ടു വീഴുന്നവരെ കണ്ണും മിഴിച്ചിരുന്നു. വണ്ടിയില്‍ നല്ല ഇമ്പമുള്ള മംഗോളിയന്‍ ഗാനങ്ങള്‍ വെച്ചിരുന്നു. പത്തര കഴിഞ്ഞപ്പോള്‍ പാട്ടും കേട്ട് ഉറങ്ങിപ്പോയി. രാവിലെ അഞ്ചുമണിക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. ഡ്രൈവര്‍ ഓരോരുത്തരെയായി അവരവരുടെ വീടുകളുടെ മുന്നില്‍ ഇറക്കി. ഞങ്ങളെ അനൂകയുടെ വീടിനു മുന്നില്‍ ആക്കി.
അനൂക ഞങ്ങളെ കാത്ത് റോഡരികില്‍ നിൽപുണ്ടായിരുന്നു. തടിപലകകൊണ്ടുണ്ടാക്കിയ വേലിയും ഗേറ്റുമായിരുന്നു. വീടും പലകകൊണ്ടായിരുന്നു നിര്‍മിച്ചത്. അവരുടെ വീടിനോട് ചേര്‍ന്നുള്ള അതിഥിമുറി ഞങ്ങള്‍ക്ക് കാണിച്ചുതന്നു. യാസിന്റെ കൈയില്‍ ടെന്റുണ്ട്. പുള്ളി കോമ്പൗണ്ടിന്റെ മൂലക്ക് ടെന്റ് അടിച്ചു താമസമായി. ഞങ്ങളുടെ മുറിയില്‍ നാല് കട്ടിലുണ്ടായിരുന്നു. കൂടാതെ, തൊട്ടടുത്ത സ്വീകരണമുറിയില്‍ മറ്റൊരു കട്ടിലും. ഞാന്‍ സ്വീകരണമുറിയിലെ കട്ടില് സ്വന്തമാക്കി. കുറച്ചുനേരം നടുവ് നിവര്‍ത്തി കിടന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.