ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ഐസ് പാളി

ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ഐസ് പാളി

ടാക്‌സിക്കാരന്‍ കൃത്യസമയത്ത് എത്തി. അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ഡാലാൻസഗഢ് പട്ടണത്തിലാണ് എനിക്ക് എത്തേണ്ടത്. അവിടെനിന്ന് ടൂറിനൊപ്പം ചേരാനായിരുന്നു പദ്ധതി. ഓംനോഗോവിയുടെ തലസ്ഥാനമാണ് ഡാലാൻസഗഢ് –മംഗോളിയൻ യ​ാത്ര തുടരുന്നു. 11മംഗോളിയയിലെ പ്രശസ്തമായ ഗോബി മരുഭൂമി കാണാനാണ് ഇനി പോകേണ്ടത്. പേര് ഡെസേര്‍ട് എന്നാണെങ്കിലും മണലാരണ്യവും കല്ല് മലകളും മലയിടുക്കുകളും അടങ്ങുന്ന വ്യത്യസ്ത ഭൂപ്രകൃതിയാണ്. അഞ്ചു ദിവസമെങ്കിലും വേണം അത് കാണാന്‍. ടൂര്‍ ഏജന്‍സി വഴിയേ പോകാന്‍ സാധിക്കൂ. പൊതുഗതാഗതം കാര്യക്ഷമമല്ല. ഞാന്‍ പല ഏജന്‍സികളെയും മെയില്‍ വഴി ബന്ധപ്പെട്ടു. നൂറ്റിപ്പത്ത് ഡോളറായിരുന്നു ഒരു ദിവസത്തെ റേറ്റ്....

ടാക്‌സിക്കാരന്‍ കൃത്യസമയത്ത് എത്തി. അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ഡാലാൻസഗഢ് പട്ടണത്തിലാണ് എനിക്ക് എത്തേണ്ടത്. അവിടെനിന്ന് ടൂറിനൊപ്പം ചേരാനായിരുന്നു പദ്ധതി. ഓംനോഗോവിയുടെ തലസ്ഥാനമാണ് ഡാലാൻസഗഢ് –മംഗോളിയൻ യ​ാത്ര തുടരുന്നു.

11

മംഗോളിയയിലെ പ്രശസ്തമായ ഗോബി മരുഭൂമി കാണാനാണ് ഇനി പോകേണ്ടത്. പേര് ഡെസേര്‍ട് എന്നാണെങ്കിലും മണലാരണ്യവും കല്ല് മലകളും മലയിടുക്കുകളും അടങ്ങുന്ന വ്യത്യസ്ത ഭൂപ്രകൃതിയാണ്. അഞ്ചു ദിവസമെങ്കിലും വേണം അത് കാണാന്‍. ടൂര്‍ ഏജന്‍സി വഴിയേ പോകാന്‍ സാധിക്കൂ. പൊതുഗതാഗതം കാര്യക്ഷമമല്ല. ഞാന്‍ പല ഏജന്‍സികളെയും മെയില്‍ വഴി ബന്ധപ്പെട്ടു. നൂറ്റിപ്പത്ത് ഡോളറായിരുന്നു ഒരു ദിവസത്തെ റേറ്റ്. എന്തു ചെയ്യണം എന്ന് ആലോചിച്ചിരുന്നപ്പോള്‍ ഒരു ഏജന്‍സി എന്നെ സമീപിച്ചു.

ഗോബി ഡെസേര്‍ട്ടും ഞാന്‍ അത് കഴിഞ്ഞുപോകാന്‍ ഉദ്ദേശിച്ച കാരക്കോറം, ഓര്‍ഖോന്‍ വാലിയും എല്ലാംകൂടി എട്ടുദിവസത്തെ ടൂര്‍. ടൂര്‍ യഥാർഥത്തില്‍ അന്ന് ആരംഭിച്ചു കഴിഞ്ഞിരുന്നു. അടുത്തദിവസം അവരുടെ വണ്ടിയില്‍ ടൂറില്‍ പങ്കെടുക്കുന്ന ബാക്കിയുള്ളവരുടെ അടുത്തെത്തിക്കാം എന്നായിരുന്നു കരാർ. റേറ്റ് കൂടുതലായിരുന്നു. വിലപേശി പേശി അവസാനം എന്റെ റേറ്റിന് അവര്‍ സമ്മതിച്ചു. അന്ന് രാത്രി ടൂര്‍ കമ്പനിക്കാര്‍ അവർതന്നെ നടത്തുന്ന ഹോസ്റ്റലില്‍ താമസവും ഏര്‍പ്പാടാക്കിത്തന്നു.

വൈകീട്ട് ആറുമണി കഴിഞ്ഞു നഗരത്തിലെത്തി. ബ്രൂണോ താമസിക്കുന്ന ലോഡ്ജില്‍ ബ്രൂണോയെ ഇറക്കി. ശേഷം എന്റെ ഹോസ്റ്റലിലേക്ക് പോയി. തലേന്ന് രാവിലെ കുതിരസവാരിയില്‍ തുടങ്ങിയ അലച്ചിലാണ്. നടുവൊന്നു നിവര്‍ത്തിയിട്ട് മുപ്പത്തിയാറു മണിക്കൂറായി. ഹോസ്റ്റലില്‍ ചെന്നതും ചൂടുവെള്ളത്തില്‍ നല്ലൊരു കുളി കുളിച്ചു. ഡോര്‍മില്‍ ജർമനിയിൽനിന്നുള്ള ഒരു കാരണവര്‍ ഫോണില്‍ കുത്തിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. ഒരു ഹലോ പറഞ്ഞിട്ട് പുള്ളി വീണ്ടും കുത്ത് തുടര്‍ന്നു. ബാഗെല്ലാം ഒതുക്കി, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നോക്കിയപ്പോള്‍ ചാര്‍ജ് ആകുന്നില്ല. കാരണവരോട് അത് പറഞ്ഞപ്പോള്‍ അയാള്‍ എന്നെ രൂക്ഷമായി നോക്കി, എന്നിട്ട് പറഞ്ഞു, ‘‘ഞാന്‍ ചെസ് കളിക്കുകയാണ്. എന്നെ ആരും ശല്യംചെയ്യുന്നത് എനിക്കിഷ്ടമല്ല.’’ ഞാന്‍ ചമ്മിപ്പോയി.

കിടക്കുന്നതിനു മുമ്പ് ഡയറി എഴുതി തീര്‍ക്കാമെന്ന് കരുതി ഡയറിയുമായി മുറിക്കു പുറത്തു ഹാളില്‍ ഉണ്ടായിരുന്ന മേശപ്പുറത്തു ചെന്നിരുന്നു. എഴുതിക്കൊണ്ടിരുന്നപ്പോള്‍ കാരണവര്‍ പുറത്തുവന്നു.

‘‘നിങ്ങള്‍ എത്രദിവസം ഇവിടെ കാണും.’’

‘‘ഇന്ന് മാത്രം. നാളെ ഗോബി ഡെസേര്‍ട് കാണാന്‍ പോകും.’’

ടൂറിന്റെ വിശദാംശങ്ങള്‍ ഒന്ന് പറഞ്ഞുതരുമോ. എനിക്കും പോകണം. എത്ര ദിവസമാണ്? എങ്ങോട്ടൊക്കെ പോകും? ഭക്ഷണം എന്തായിരിക്കും? ചോദ്യങ്ങൾ തുരുതുരാ വന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയത്ത് വിദേശകാര്യ മന്ത്രി ജയശങ്കര്‍ നടത്തിയ പ്രസ്താവന ഓർമവന്നു –വെന്‍ ഇറ്റ് ഈസ് യൂറോപ്‌സ് പ്രോബ്ലം ഇറ്റ് ഈസ് വേള്‍ഡ്സ് പ്രോബ്ലം ആന്‍ഡ് വെന്‍ ഇറ്റ് ഈസ് വേള്‍ഡ്സ് പ്രോബ്ലം ഇറ്റ് ഈസ് നോട്ട് യൂറോപ്‌സ് പ്രോബ്ലം. അതായത് എനിക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് ലോകത്തിന്റെ പ്രശ്നമാണ്. ലോകത്തിനു പ്രശ്നമുണ്ടെങ്കില്‍ അതെന്റെ പ്രശ്നമല്ല എന്നതാണ് യൂറോപ്പിന്റെ നിലപാട്. കാരണവരുടെ ഇടപെടലും അത്തരത്തില്‍ തന്നെയായിരുന്നു. ഞാന്‍ ഡയറി എഴുതുന്നതില്‍ വ്യാപൃതയാണെന്നത് അയാള്‍ വ്യക്തമായി കണ്ടതാണ്. അയാള്‍ എന്നെ ശല്യപ്പെടുത്തുകയാണ് എന്ന കാര്യം പുള്ളിക്കാരൻ സൗകര്യപൂര്‍വം മറന്നു. നേരത്തേ അയാളുടെ ചെസുകളി ശല്യംചെയ്തതിനു മുഷിഞ്ഞു വര്‍ത്തമാനം പറഞ്ഞതും അയാള്‍ മറന്നു. നീരസം പ്രകടിപ്പിക്കാതെ അറിയാവുന്ന കാര്യങ്ങള്‍ ഞാൻ പങ്കുവെച്ചു. ഡയറി എഴുതിത്തീര്‍ത്തശേഷം നേരെ പോയി കിടന്നുറങ്ങി.

അഞ്ചുമണിക്ക് വണ്ടി വരുമെന്നുള്ളതിനാല്‍ നാലുമണിക്ക് എഴുന്നേറ്റു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുളിക്കാനും ഫോണ്‍ ചാര്‍ജ് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ കുറവായിരിക്കും എന്ന് ടൂര്‍ കമ്പനിയില്‍നിന്നറിയിച്ചിരുന്നു. അതിനാല്‍ രാവിലെ വിസ്തരിച്ചു കുളിച്ചു. റൂമില്‍ എല്ലാവരും ഉറങ്ങുകയായിരുന്നതിനാല്‍ ബാഗ് എടുത്ത് പുറത്തുണ്ടായിരുന്ന ഹാളില്‍ കൊണ്ടുവെച്ച് സാധനങ്ങള്‍ അടുക്കിപ്പെറുക്കി. ഹോസ്റ്റല്‍ നടത്തിപ്പുകാരി ഇറങ്ങിവന്നു.

 

കരിങ്കല്ലുകൊണ്ട് നിർമിച്ച ശിൽപങ്ങളും സുവനീറും 

‘‘രാവിലെ പോകാന്‍ തയാറെടുക്കുവാണോ?’’

‘‘അതെ... വണ്ടി അര മണിക്കൂറിനുള്ളില്‍ എത്തും.’’

‘‘ഞാന്‍ പെട്ടെന്ന് പ്രാതല്‍ തയാറാക്കി തരാം.’’

പ്രാതല്‍ സൗജന്യമുള്ള പല ഇടങ്ങളിലും താമസിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളില്‍നിന്നും അതിരാവിലെ ഇറങ്ങുന്നതുകൊണ്ട് കഴിക്കാന്‍ നില്‍ക്കാറില്ല. ആ ഹോസ്റ്റലിലും പ്രാതല്‍സമയം ഏഴു മുതല്‍ ഒമ്പതു വരെ എന്നെഴുതിവെച്ചിരുന്നു. അതുകൊണ്ട് അവര്‍ക്ക് അതിരാവിലെ ഭക്ഷണം ഉണ്ടാക്കിത്തരേണ്ട കാര്യമില്ല. കരുതലുള്ള സ്ത്രീയായതുകൊണ്ടാകാം അവരെനിക്ക് കാപ്പിയും ബ്രെഡും മുട്ടയും പഴവുമൊക്കെ റെഡിയാക്കി തന്നത്. രാവിലെതന്നെ പോസിറ്റിവ് എനര്‍ജി മനസ്സില്‍ നിറഞ്ഞു. നല്ല പേരെടുത്ത ടൂര്‍ കമ്പനിയുടെ ഒപ്പം ടൂര്‍ ബുക്ക് ചെയ്തതുകൊണ്ട് ഒന്നും ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. മംഗോളിയയില്‍ എത്തിയിട്ട് പത്തു ദിവസമായി. ആദ്യമായി മനസ്സിന്റെ പിരിമുറുക്കം പൂര്‍ണമായും മാറി.

ടാക്‌സിക്കാരന്‍ കൃത്യസമയത്തെത്തി. അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ഡാലാൻസഗഢ് പട്ടണത്തിലാണ് എനിക്ക് എത്തേണ്ടത്. അവിടെനിന്ന് ടൂറിനൊപ്പം ചേരാനായിരുന്നു പദ്ധതി. ഓംനോഗോവിയുടെ തലസ്ഥാനമാണ് ഡാലാൻസഗഢ്. ഒരു മില്യണ്‍ കിലോമീറ്റർ ചതുരശ്രയടിയിൽ പടര്‍ന്നുകിടക്കുന്ന ഗോബി ഡെസേര്‍ട് ഓംനോഗോവി, ഉംനുഗോബി എന്നീ രണ്ടു പ്രൊവിന്‍സുകളിലായിട്ടാണ് ഉള്ളത്. മംഗോളിയന്‍ സംസ്ഥാനങ്ങളെ പ്രൊവിന്‍സ് എന്നാണ് പറയുന്നത്. ലോകത്തിലെ ആറാമത്തെ വലിയ മരുഭൂമിയാണ് ഗോബി.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നുള്ള മഴമേഘങ്ങളെ ഗോബി മേഖലയിലേക്ക് എത്തുന്നതില്‍നിന്ന് ഹിമാലയന്‍ പര്‍വതങ്ങള്‍ തടയുന്നു. വേനല്‍ക്കാലത്തു നാൽപതു ഡിഗ്രി വരെ പോകുന്ന ചൂടും മഞ്ഞുകാലത്ത് 40 ഡിഗ്രി വരെ എത്തുന്ന തണുപ്പും ഇവിടത്തെ പ്രത്യേകതയാണ്. അഞ്ചു ശതമാനം സ്ഥലത്താണ് മണലാരണ്യങ്ങള്‍ കാണുന്നത്. ബാക്കിയിടങ്ങളില്‍ കൂടുതലും പാറക്കല്ലുകളുടെ മലകളും, വരണ്ട സമതല പ്രദേശങ്ങളുമാണ്. വെള്ളമില്ലാത്ത സ്ഥലം എന്നർഥത്തിലാണ് ഈ പ്രദേശത്തെ ‘ഗോബി’ എന്ന് വിളിക്കുന്നത്. ഇവിടെ മനുഷ്യരും മൃഗങ്ങളും പക്ഷിലതാദികളും ജീവിക്കുന്നു എന്നത് അതിശയമുള്ള കാര്യംതന്നെ. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അവര്‍ അതിജീവിക്കുന്നു എന്നത് കാണുകയായിരുന്നു എന്റെ ഗോബി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

യാത്ര തുടരുംതോറും നീണ്ടുകിടന്ന ടാര്‍റോഡിന് ഇരുവശവുമായി ഉണ്ടായിരുന്ന പച്ചപ്പ് കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചു. പച്ച പുല്‍മേടുകള്‍ക്ക് പകരം വരണ്ടുണങ്ങിയ ഭൂമി. അവിടവിടെ ചെറിയ പച്ചപ്പുകള്‍ മാത്രം. വളരെ അപൂര്‍വമായി മാത്രം ആട്ടിന്‍കൂട്ടങ്ങളെ കണ്ടു. ഇടക്കൊക്കെ ഒട്ടകക്കൂട്ടങ്ങളെയും കണ്ടു. കഴുത്തില്‍ എന്തെങ്കിലും കെട്ടിയിട്ടുള്ളവ ആരെങ്കിലും വളര്‍ത്തുന്നതും കെട്ടുപാടുകളില്ലാതെ സ്വതന്ത്രമായി നടക്കുന്നവ കാട്ട് ഒട്ടകവുമാണെന്നു ഡ്രൈവര്‍ പറഞ്ഞു. സതീഷിന്റെ മെസേജ് വന്നു. മോള്‍ടെ ഡാന്‍സ് പരിപാടി മൂകാംബിക നടക്കുന്നതുകൊണ്ട് എല്ലാവരും അവിടെയായിരുന്നു. മംഗോളിയ യാത്രയുടെ ഫ്ലൈറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാണ് അമ്മ പരിപാടിയുടെ കാര്യം അറിയിക്കുന്നത്. പരിപാടി മാറ്റിവെക്കാന്‍ അമ്മ തയാറല്ലായിരുന്നു.

അമ്മയുടെ ആഗ്രഹത്തിനെതിരു നിൽക്കാന്‍ എനിക്കാകില്ല. ക്രമീകരണങ്ങള്‍ എല്ലാം ചെയ്തുകൊടുത്തു. ചേട്ടനും കുടുംബവും സതീഷും നാരായണനും എല്ലാവരും അവിടെയുണ്ടായിരുന്നു. പലരുടെയും മുറുമുറുക്കല്‍ എനിക്ക് മനസ്സിലാക്കാമായിരുന്നു.ഭൂരിപക്ഷവും യാത്രകള്‍ അനാവശ്യമാണെന്ന് കരുതുന്ന സമൂഹത്തില്‍, യാത്ര ചെയ്യുന്നതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. എന്റെ യാത്രകള്‍കൊണ്ട് വീട്ടില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്ന് മാത്രമേ നോക്കാറുള്ളൂ. കാര്യങ്ങള്‍ നന്നായി പോകുന്നെങ്കില്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് കഴമ്പില്ല. എന്റെ മനസ്സാക്ഷിയോട് മാത്രമാണ് എനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളത്.

ഞാന്‍ മാനുമൊത്തു നില്‍ക്കുന്ന ഒരു ഫോട്ടോ അയച്ചുകൊടുത്തു. മോള്‍ കൃത്യമായി റെയിന്‍ഡിയറിനെ തിരിച്ചറിഞ്ഞു എന്ന് മറുപടി വന്നപ്പോള്‍ വല്ലാത്തൊരു സങ്കടമാണ് വന്നത്. അവളെ യാത്രകളില്‍ ഒപ്പംകൂട്ടാന്‍ പറ്റാത്തതില്‍, കാഴ്ചകള്‍ കാണിക്കാന്‍ പറ്റാത്തതില്‍ എന്റെ മനസ്സ് വേദനിക്കാറുണ്ട്. നാരായണനെ ലോകംചുറ്റി കാണിക്കുന്നപോലെ അവളെയുംകൊണ്ട് യാത്രചെയ്യാന്‍ അവളുടെ ശാരീരിക പ്രശ്നങ്ങള്‍ അനുവദിച്ചില്ല. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ദുബൈയില്‍ കൊണ്ടുപോയെങ്കിലും അഞ്ചുദിവസത്തില്‍ നാല് ദിവസവും അവള്‍ വയ്യായ്ക കാരണം മുറിയില്‍തന്നെ ഇരിപ്പായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം വീട്ടില്‍ അവൾക്കിഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള സിനിമയും കണ്ട്, പാട്ടും കേട്ടിരിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നിലും കിട്ടില്ല.

അവളുടെ സന്തോഷം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അത് ഞാന്‍തന്നെ കൊടുക്കണം എന്നൊരു പിടിവാശിയില്ല. നാലുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് വയറ്റിലുള്ള കുഞ്ഞിന് വയ്യായ്കയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചത്. അബോര്‍ഷന്‍ ആയിരുന്നു എന്റെ മുന്നില്‍വെച്ച നിർദേശം. ഒരു ജീവന്‍ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നുറച്ചു വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ ആ നിർദേശം തള്ളി. അവള്‍ക്ക് ജന്മം നല്‍കി. അന്നുമുതല്‍ ഇന്നുവരെ ഒറ്റ കാര്യം മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അവള്‍ സുരക്ഷിതയായിരിക്കണം, സന്തോഷത്തോടെ കഴിയണം. വയ്യാത്ത കുട്ടിയെ ഇട്ടിട്ടു കറങ്ങിനടക്കുന്ന അമ്മ എന്ന വിമര്‍ശനം ഞാന്‍ ഹൃദയത്തിലോട്ടെടുക്കാറില്ല. ആളുകള്‍ക്ക് എന്തും പറയാനും ചിന്തിക്കാനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അത് ഉള്‍ക്കൊള്ളണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ തീരുമാനം മാത്രം.

 

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള മൃഗത്തോലുകൾ

വഴിയില്‍ ഒരു വണ്ടി നിര്‍ത്തിയിട്ടിരുന്നു. അതിന്റെ അടുത്ത് നിന്നിരുന്ന ആള്‍ ഞങ്ങളുടെ വണ്ടിക്ക് കൈകാണിച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ആ വണ്ടിയില്‍നിന്ന് രണ്ടു പെണ്‍കുട്ടികള്‍ ചാടി പുറത്തുവന്ന് വാതില്‍ തുറന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ ആകെ പകച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അവരുടെ പിന്നാലെ വന്ന മറ്റൊരു പെണ്‍കുട്ടി എന്നോട് പറഞ്ഞു, ‘‘ഞാന്‍ ബിബിറ്റോ. നിങ്ങളുടെ ഗോബി ടൂറിന്റെ ഗൈഡ് ആണ്. ഈ രണ്ടു പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കൊപ്പം ടൂറിനുള്ളത്.’’ ഞാന്‍ പൊട്ടിച്ചിരിച്ചു. എത്രയോ യാത്രകള്‍ ചെയ്തിരിക്കുന്നു, എത്രയോ അപരിചിതരെ കണ്ടുമുട്ടിയിരിക്കുന്നു. ഇത്രയും ഹൃദ്യമായ അനുഭവം ആദ്യമായിട്ടാണ്. ഞാന്‍ ബാഗുമായി വണ്ടി മാറിക്കയറി. അഞ്ചു മണിക്കൂറായി യാത്ര തിരിച്ചിട്ട്.

പുതിയ യാത്ര റഷ്യന്‍ വാനിലായിരുന്നു. ഇതിനകം മംഗോളിയന്‍ യാത്ര എന്നാല്‍ റഷ്യന്‍ വാന്‍ എന്ന ചിത്രം മനസ്സില്‍ പതിഞ്ഞു. ഞാൻ കുട്ടികളെ പരിചയപ്പെട്ടു. ഇരുപത്തിയൊന്നുകാരിയായ കോകോ ഹോങ്കോങ്ങിൽനിന്നായിരുന്നു വന്നത്. സിന്‍ഡിക്ക് ഇരുപത്തിയേഴു വയസ്സായിരുന്നു. അവളുടെ വീട് തായ്വാനില്‍ ആയിരുന്നു. വാനില്‍ മൊത്തം പൊട്ടിച്ചിരിയും ബഹളവുമായിരുന്നു. കോകോക്ക് എല്ലാവരുടെയും മുടി പിന്നാന്‍ ആഗ്രഹം തോന്നി. അവള്‍ ഞങ്ങളെ മൂന്നുപേരെയും പിടിച്ചിരുത്തി രണ്ടു സൈഡിലും പിന്നി അവളുടെ ബാന്‍ഡ് ഉപയോഗിച്ചലങ്കരിച്ചു. അവര്‍ക്കൊപ്പംകൂടി എനിക്കും ഒരു ഇരുപതു വയസ്സ് കുറഞ്ഞപോലെ തോന്നി. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിച്ചും സമയം പോയതറിഞ്ഞില്ല.

മണി ഒന്നായപ്പോള്‍ ഡാലാൻസഗഢ് പട്ടണത്തിലെ ഹോട്ടലിനു മുന്നിലെത്തി. ഉച്ചയൂൺ അവിടന്നായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളുടേതും തുറന്ന പെരുമാറ്റമായിരുന്നു. പ്രായംകൊണ്ട് നമുക്ക് വരുന്ന പല ഉൾവലിവുകളും ചെറുപ്പക്കാരുടെ കൂടെ നടക്കുമ്പോള്‍ നമ്മള്‍ മറക്കും. ഞാന്‍ കഴിക്കാന്‍ താൽപര്യപ്പെടാതെ മാറ്റിവെച്ച ഉരുളക്കിഴങ്ങ് കോകോ ചോദിച്ചു വാങ്ങി കഴിച്ചു. മാത്രവുമല്ല യാത്രയിലുടനീളം എന്റെ പ്ലേറ്റിലുള്ള ഉരുളക്കിഴങ്ങിന്റെ അവകാശി അവളാണെന്നു സ്വയം പ്രഖ്യാപിച്ചു. മട്ടന്‍കറി ആയിരുന്നു ഞാന്‍ വാങ്ങിയത്. എല്ലുഭാഗം കഴിക്കാതെ വെച്ചതു കണ്ട് സിന്‍ഡി ചാടിവീണു.

ഇവരില്ലായിരുന്നെങ്കില്‍ ഭക്ഷണം കളഞ്ഞതിന്റെ കുറ്റബോധത്തിലാകും ഞാന്‍ എഴുന്നേൽക്കേണ്ടി വരിക. അപരിചിതരായിട്ടു കൂടി എല്ലാവരും എല്ലാവരുടെയും പ്ലേറ്റില്‍നിന്ന് കഴിച്ചതോടെ തമ്മിലുണ്ടായിരുന്ന അതിര്‍വരമ്പുകളെല്ലാം ഇല്ലാതായി. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബിബിറ്റോ പോയപ്പോള്‍ ഞങ്ങളും കൂടി. മരുഭൂമിയില്‍ ഭക്ഷണം കിട്ടാന്‍ നിവര്‍ത്തിയില്ല. ബിബിറ്റോ ഗൈഡ് മാത്രമല്ല കുക്ക് കൂടിയായിരുന്നു. ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലത്തു ഞങ്ങളുടെ ഭക്ഷണം അവള്‍ പാകംചെയ്യും. അതിനുള്ള സ്റ്റൗവും പാത്രങ്ങളും വണ്ടിക്കകത്തു കണ്ടിരുന്നു.

 

മംഗോളിയൻ കാഴ്​ച

വലിയ ഒരു ഹാളിലാണ് സൂപ്പര്‍മാര്‍ക്കറ്റ്. ഉയരംകൂടിയ ഭിത്തികളായിരുന്നതിനാല്‍ ഗോഡൗണ്‍പോലെയാണ് തോന്നിച്ചത്. സാധനങ്ങളില്‍ ചൈനീസ് അല്ലെങ്കില്‍ റഷ്യന്‍ ലേബലായിരുന്നു. മിക്ക സാധനങ്ങളും ഈ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുകാലമായതുകൊണ്ട് കൃഷിക്ക് പരിമിതികളുണ്ട്. പച്ചക്കറിക്ക് നല്ല വിലയായിരുന്നു. അതുപോലെ കോഴിമുട്ടക്കും. തണുപ്പില്‍ കോഴികളെ വളര്‍ത്താന്‍ പറ്റാത്തതുകൊണ്ട് മുട്ടയും പുറംരാജ്യങ്ങളില്‍നിന്നാണ് കൊണ്ടുവന്നിരുന്നത്. ഒരു റാക്ക് നിറയെ ചെങ്കിസ് എന്ന പേരുള്ള വോഡ്കയായിരുന്നു. കുപ്പികളില്‍ ചെങ്കിസ്ഖാന്റെ പടമായിരുന്നു ചിത്രീകരിച്ചിരുന്നത്. സിന്‍ഡി ഓടിവന്ന് ഒരു ബോട്ടില്‍ വോഡ്ക എടുത്തു. ‘‘ഇന്ന് രാത്രിയില്‍ നമ്മള്‍ അടിച്ചു പൊളിക്കും. നീയും ഞങ്ങള്‍ക്കൊപ്പം കൂടണം.’’ ഇതിനകം ഞാന്‍ അവരുടെ സമപ്രായക്കാരിയായി മാറിയിരുന്നു.

അവിടന്ന് ഗുര്‍ബന്‍ സൈഖന്‍ പാര്‍ക്ക് കാണാനാണ് പോയത്. പ്രധാന റോഡ് വിട്ട് മരുഭൂമിയിലെ വരണ്ട മണ്‍പാതയിലൂടെ ഞങ്ങളുടെ വാന്‍ പാഞ്ഞു. ഇടക്ക് വണ്ടി ചാടുന്നതിനൊപ്പം ഞങ്ങളും ചാടി. ഓരോ ചാട്ടം ചാടുമ്പോഴും നടുവിന്റെ വേദന കൂടും. ഒരുതവണ എന്റെ തല മുകളില്‍ തട്ടി. സ്പീഡില്‍ ഓഫ് റോഡ് പോകുന്നതാണ് ഇവിടങ്ങളിലെ പതിവെന്ന് തോന്നുന്നു. എല്ലാ വണ്ടികളും അമിത വേഗത്തിലായിരുന്നു പോയിരുന്നത്. ഞങ്ങള്‍ കല്ല് മലകള്‍ക്കിടയിലൂടെ സഞ്ചരിച്ചു ഒരു താഴ്വാരത്തെത്തി. അവിടെ പച്ചപ്പായിരുന്നു. ബിബിറ്റോ ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചു. കുറേ അധികം പരുന്തുകള്‍ വട്ടംചുറ്റുന്നുണ്ടായിരുന്നു. ‘‘ഈ പ്രദേശത്തെ യോളിന്‍ ആം എന്നാണ് വിളിക്കുന്നത്. പരുന്തുകളുടെ താഴ്വര എന്നാണ് അര്‍ഥം. മുകളില്‍ പറക്കുന്നത് ഒരു പ്രത്യേകതരം പരുന്താണ്. ഇവക്ക് ചെറിയ താടിയുണ്ട്’’, ബിബിറ്റോ വിശദീകരിച്ചു. ഒരുപാടുയരെ പറക്കുന്നതുകൊണ്ട് താടിയൊന്നും തിരിച്ചറിയാന്‍ പറ്റിയില്ല.

മുന്നോട്ടു പോയപ്പോള്‍ ധാരാളം വണ്ടികള്‍ പാര്‍ക്ക് ചെയ്തിരുന്നതു കണ്ടു. ഞങ്ങളെ ഡ്രൈവര്‍ അവിടെ ഇറക്കി. പുറത്തു നല്ല പൊള്ളുന്ന ചൂട്. കുറച്ചു കുതിരകളും കുതിരക്കാരും അവിടെ നിൽപുണ്ട്.

‘‘ഇവിടെ മലകള്‍ക്കിടയില്‍ ഇടുങ്ങിയ ഒരു സ്ഥലമുണ്ട്. നല്ല ഭംഗിയാണ്. നമ്മള്‍ അങ്ങോട്ടാണ് നടക്കുന്നത്. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഐസ് പാളി കാണാന്‍ സാധിക്കും.’’

‘‘ഇത്രയും ചൂടത്ത് ഐസോ?’’

ഞങ്ങള്‍ക്ക് അതിശയമായി. ഐസ് കാണാനുള്ള ആവേശത്തില്‍ ഞങ്ങള്‍ സ്പീഡില്‍ നടന്നു. നടക്കുന്തോറും മലയിടുക്കില്‍ വീതി കുറഞ്ഞു വന്നു. അതിനൊപ്പം ചൂടും കുറഞ്ഞു. ശീതീകരിച്ച മുറിയില്‍ക്കൂടി നടക്കുന്നപോലെ തോന്നി. അത്യാവശ്യം തണുപ്പുണ്ടായിരുന്നു. പത്തു മിനിറ്റ് അകലെ ചൂടും, ഞങ്ങള്‍ നിന്നിടത്തു തണുപ്പും. പ്രകൃതി ഒരു ജാലവിദ്യക്കാരിതന്നെ. കരിങ്കല്ലുകൊണ്ട് ശിൽപങ്ങളും സുവനീറും ഉണ്ടാക്കി വില്‍ക്കുന്ന ഒരാളെ കണ്ടു. അയാള്‍ക്ക് ചുറ്റുമായി ടൂറിസ്റ്റുകള്‍ വളഞ്ഞുനിന്നു.

കുറച്ചുകൂടി പോയപ്പോള്‍ നടത്തം അൽപം വിഷമകരമായി. വലിയ പാറയുടെ ഇടയില്‍ക്കൂടി പിടിച്ചുനടക്കുന്നതിനിടയില്‍ വിരലുരഞ്ഞു ചോര വന്നു. ഞാന്‍ അത് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും സിന്‍ഡി സമ്മതിച്ചില്ല. അവളുടെ ബാഗിലുണ്ടായിരുന്ന ബാന്‍ഡേജ് എന്റെ വിരലില്‍ ഒട്ടിച്ചുതന്നു. വീണ്ടും നടന്നപ്പോള്‍ വലിയൊരു ഐസ് പാളിക്കരികിലെത്തി. കരിങ്കല്‍മലകള്‍ക്കിടയില്‍ വെള്ള പരവതാനി വിരിച്ചപോലെ തോന്നിച്ചു. ഞാനും സിന്‍ഡിയും മാറിമാറി നിന്ന് കുറേ ഫോട്ടോ എടുത്തു. കോകോക്ക് പ്രായത്തില്‍ കവിഞ്ഞ ഒരു പക്വതയുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നതിനേക്കാള്‍ അവള്‍ ഇഷ്ടപ്പെട്ടത് കാഴ്ചകള്‍ കണ്ണുകൊണ്ട് ഒപ്പിയെടുക്കാനായിരുന്നു.

കുറച്ചുസമയം ചെലവഴിച്ച് ഞങ്ങള്‍ തിരിച്ചുനടന്നു. വാനില്‍ കയറിയശേഷം കുറച്ചകലെയുള്ള ചെറിയൊരു മ്യൂസിയം കാണാനാണ് പോയത്. അവിടെ മരുഭൂമിയില്‍ കാണുന്ന പലതരം മൃഗങ്ങളെ സ്റ്റഫ് ചെയ്തുവെച്ചിരുന്നു. രണ്ടു കൂനുള്ള ഒട്ടകം, ഗോബിയില്‍ മാത്രം കാണുന്ന പ്ര​േത്യകതരം കരടി, കുറുക്കന്റെ വകഭേദങ്ങള്‍ അങ്ങനെ പലതും. ഇതില്‍ ഗോബി കരടി അപൂര്‍വ ഇനത്തില്‍പെട്ടതാണ്. ആകെ മുപ്പത്തിയൊന്നെണ്ണമേ ബാക്കിയുള്ളൂ. കക്ഷി കൂടുതല്‍ സമയവും വെജിറ്റേറിയനാണ്. വല്ലപ്പോഴും എലിയെ പിടിച്ചു തിന്നാലായി. രസം തോന്നിയത് ഗോബിയിലെ ഊശാന്‍ താടിവെച്ച പരുന്തിനെ കണ്ടപ്പോഴാണ്.

തുമേ എന്ന് പേരുള്ള എഴുപതു വയസ്സുകാരി നടത്തിയിരുന്ന ടൂറിസ്റ്റ് ഗെറിലായിരുന്നു ഞങ്ങളുടെ താമസം. നേരത്തേ കണ്ട മ്യൂസിയത്തിന്റെ അടുത്തായിട്ട് ഇവര്‍ സുവനീര്‍ കട നടത്തുന്നുണ്ട്. അവിടന്ന് താക്കോല്‍ വാങ്ങിയാണ് ഞങ്ങളുടെ കൂടാരത്തില്‍ എത്തിയത്. ഗെറിനകത്ത് അഞ്ചു കട്ടിലുകള്‍ വട്ടത്തില്‍ സജ്ജീകരിച്ചിരുന്നു. ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ളത് വലിയ ആശ്വാസമായി. കുളിക്കാന്‍ സംവിധാനമില്ല. മംഗോളിയന്‍ സ്‌റ്റൈല്‍ ടോയ്‌ലറ്റ് കുറച്ചു മാറിയാണ് പണിതിരുന്നത്.

 

പ്രഭാത ഭക്ഷണവുമായി ഗൈഡ്

ബിബിറ്റോ അത്താഴമുണ്ടാക്കുന്ന തിരക്കിലായി. സൂപ്പര്‍മാര്‍ക്കറ്റിൽനിന്ന് വാങ്ങിയ ഒട്ടകത്തിന്റെ ഇറച്ചി നുറുക്കി, ഉരുളക്കിഴങ്ങും കാരറ്റും ചേര്‍ത്ത് വേവിച്ചെടുക്കുന്ന ഒരുതരം കറിയും പച്ചരിച്ചോറുമായിരുന്നു രാത്രിഭക്ഷണം. താമസസ്ഥലത്തെത്തിയപ്പോള്‍ മുതല്‍ കോകോക്ക് വയ്യാതായി. പൊടിയുടെ അലര്‍ജി കാരണം കണ്ണും മൂക്കും ചുമന്നു. ചെറുതായി പനിക്കുന്നുമുണ്ടായിരുന്നു. അവൾക്ക് എന്റെ മോളേക്കാള്‍ മൂന്നു വയസ്സുമാത്രമേ കൂടുതലുള്ളൂ. എനിക്ക് അവളോട് ആദ്യം മുതലേ ഒരു ചെറിയ മമതയുണ്ടായിരുന്നു. അവള്‍ക്ക് വയ്യാതായതോടെ അവളെ ശുശ്രൂഷിക്കാനായി എന്റെ ശ്രമം. എന്നാല്‍, അവള്‍ പ്രതിരോധിച്ചു.

ചൂടുവെള്ളം ഉണ്ടാക്കി കൊടുക്കാന്‍പോലും സമ്മതിച്ചില്ല. അവള്‍ തനിയെ അടുക്കളയില്‍ പോയി വെള്ളം ചൂടാക്കി കുടിച്ചു. മരുന്നും കഴിച്ച് കിടന്നുറങ്ങി. പൊതുവെ ഒറ്റക്ക് യാത്രചെയ്യുന്നവര്‍ മറ്റുള്ളവരെ ആശ്രയിക്കാറില്ല. അവളുടെ പ്രായം കണക്കിലെടുത്താണ് ഞാന്‍ സഹായിക്കാന്‍ തുനിഞ്ഞത്. താങ്ങാന്‍ ആളുണ്ടെങ്കില്‍ തളര്‍ച്ച കൂടും എന്നവള്‍ ചെറുപ്രായത്തിലേ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഇതിനകം അവള്‍ അഞ്ചു രാജ്യങ്ങള്‍ ഒറ്റക്ക് സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു. അവളുടെ പ്രായത്തില്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെ കോളജ് വരെ മാത്രമേ ഞാന്‍ ഒറ്റക്ക് യാത്ര ചെയ്തിട്ടുള്ളൂ എന്നോര്‍ത്തു. അവള്‍ക്ക് വയ്യാഞ്ഞതുകൊണ്ട് വോഡ്ക കുപ്പി പൊട്ടിക്കാന്‍ നിന്നില്ല. അത്താഴം കഴിഞ്ഞു നേരത്തേ കിടന്നുറങ്ങി.

(തുടരും)

Tags:    
News Summary - Mongolia travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.