നെതർലൻഡ്സിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിങ്ങനിൽ പി.എച്.ഡി പ്രവേശനം നേടിയ ആദിവാസി സമുദായാംഗം ബിനേഷ് ബാലൻ തന്റെ ജീവിതവും നിലപാടുകളും പങ്കുവെക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1166 പ്രസിദ്ധീകരിച്ച അഭിമുഖം
ബിനേഷ് ഒരു ട്രൈബല്‍ ഐഡൻറിറ്റിയില്നിന്നാണ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. മലയാളംപോലും അന്യമായ ഭാഷയില്‍. എങ്ങനെയാണ് ‘കേരള മോഡല്‍’ വിദ്യാഭ്യാസവുമായി ചേർന്നുപോയത്?
ഞാന്‍ ഒരു സെമി അർബന്‍ ഏരിയയില്‍ ആണ് ജനിച്ചത്. കാസർകോട് ജില്ലയിലെ കോഴിച്ചാല്‍ ആണ് ജനനസ്ഥലം. അവിടെനിന്ന് മുപ്പതു കിലോമീറ്റര്‍ പോയാല്‍ കർണാടകയാണ്. കുടക്, സുള്ള്യ എന്നീ മേഖലകളെല്ലാം എെൻറ സ്ഥലത്തിന് അടുത്താണ്. തുളു ഭാഷയുടെ സ്വാധീനമുള്ള ഒരു സ്ഥലംകൂടി ആണത്. മാവിലാ എന്ന സമുദായത്തിലാണ് ഞാന്‍ ജനിച്ചത്. ഇത് ആദ്യം പട്ടികജാതി വിഭാഗം ആയിരുന്നു, പിന്നീട് പട്ടികവർഗ വിഭാഗത്തിലേക്ക് മാറ്റി. 1980, 90കളിൽ അഖില കേരള മാവില സമുദായം എന്ന ഒരു സംഘടന ഉണ്ടായിരുന്നു. എെൻറ അമ്മാവന് അതിെൻറ ഭാരവാഹി ആയിരുന്നു. ഭാഷാപരമായ പിന്നാക്കാവസ്ഥ കാരണം ഈ സമുദായത്തിനെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉയർന്നു. 2002ൽ നിയമ ഭേദഗതി നടത്തി സമുദായത്തെ പട്ടികവർഗത്തിലേക്ക് മാറ്റി. ഞങ്ങളുടെ സമുദായത്തില്‍ ഒരുപാട് കുടുംബങ്ങള്‍ ഉണ്ട്. അച്ഛന് ബാലന് നാലാം ക്ലാസ് വരെ പഠിച്ചു. അമ്മ ഗിരിജക്ക് വിദ്യാഭ്യാസം ഒന്നുമില്ല. ചേട്ടന് പത്താം ക്ലാസ് വരെ പഠിച്ചു. ഇപ്പോള്‍ ഒരു ഹോം സ്റ്റേ നടത്തുന്നു.
നാല്, അഞ്ച് ക്ലാസ് മുതല്‍തന്നെ ഞാന്‍ കൂലിപ്പണി ചെയ്തുതുടങ്ങിയിരുന്നു. സംസാരിക്കുന്ന ഭാഷ വളരെയധികം വ്യത്യാസം ആയതുകൊണ്ട് സ്കൂളില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ബാക്കിയുള്ള കുട്ടികള്‍ ഭാഷാ വിഷയങ്ങളില്‍ നാൽപതും നാൽപത്തി അഞ്ചും വാങ്ങുമ്പോള്‍ ഏഴാം ക്ലാസ് വരെ എനിക്കു കിട്ടിയിരുന്നത് മൂന്നും നാലും മാർക്കാണ്. മലയാള ഭാഷ എന്നു പറയുന്നത് സംസ്കൃതവുമായി വളരെയധികം സാമ്യമുള്ളതാണല്ലോ. അതുകൊണ്ടുതന്നെ അത് പഠിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. എസ്.കെ. പൊറ്റെക്കാട്ടും വി.ടി. ഭട്ടതിരിപ്പാടും പട്ടിണി കിടന്നതും അവരുടെ വിഷുവും ഓണക്കാലവും മറ്റുമാണ് അതിനോട് ഒരു ബന്ധവും ഇല്ലാത്ത ഞങ്ങള്‍ പഠിക്കുന്നത്. ഞങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത പഠനങ്ങള്‍. അവരുടെ കുട്ടിക്കാലങ്ങളിലെ അനുഭവങ്ങളിലെ കാലവും ഞങ്ങളുടെ കുട്ടിക്കാലങ്ങളിലെ അനുഭവങ്ങളിലെ കാലവും വ്യത്യസ്തമാണ്. ഞങ്ങളുടെ കുട്ടിക്കാലത്തെ പട്ടിണി ആധുനിക കേരളത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സംഭവിക്കുന്നതാണ്. ആ പട്ടിണി കാരണമാണ് ചെറുപ്പത്തില്‍തന്നെ എനിക്കു ജോലിക്കു പോകേണ്ടതായി വന്നത്. വി.ടി. ഭട്ടതിരിപ്പാടിെൻറ പട്ടിണിയുടെ ചരിത്രം ഞാന്‍ പഠിക്കുന്നത് പട്ടിണി കിടന്നുകൊണ്ടാണ്. അവരുടെ പട്ടിണിയെക്കുറിച്ച് പഠിച്ച് ഞങ്ങളുടെ പട്ടിണിയെ നിർവചിക്കുക എന്നതൊക്കെ തമാശയാണ്. ഇങ്ങനെയുള്ള സംശയങ്ങളും വിരുദ്ധാഭിപ്രായങ്ങളും ഉള്ളതുകൊണ്ടുതന്നെ ക്ലാസില്‍ ഞാന്‍ എപ്പോഴും ബിലോ ആവറേജ് ആയിരുന്നു.
കാര്യവട്ടം കാമ്പസിൽവെച്ചാണ് ജാതിയും വംശീയതയുമെല്ലാം അതിെൻറ മൈന്യൂട്ട് ലെവലില്‍ ബിനേഷ് മനസ്സിലാക്കുന്നത് എന്നു പറയുന്നു. എന്തായിരുന്നു അനുഭവങ്ങള്‍?
കേരള യൂനിവേഴ്സിറ്റിക്ക് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറില്‍ ആയിരുന്നു എം.ബി.എ ചെയ്തത്. പാളയത്ത് ആയിരുന്നു ആദ്യം ആ ഇൻസ്റ്റിറ്റ്യൂട്ട്. പിന്നീട് അത് കാര്യവട്ടം കാമ്പസിലോട്ട് മാറ്റി. സാമ്പത്തിക ബാധ്യതകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ സാധ്യത ഞാന്‍ നോക്കിക്കൊണ്ടേ ഇരുന്നു. ഇക്കണോമിക്സിൽ ട്യൂഷന് എടുത്തുകൊണ്ട് ഞാന്‍ എം.ബി.എ പൂർത്തിയാക്കാൻ ശ്രമിച്ചു. കാര്യവട്ടം കാമ്പസ് ഹോസ്റ്റലിലായിരുന്നു താമസം.
കാമ്പസിലെ ജാതിയുടെ ഒരു സാഹചര്യം എനിക്കു മനസ്സിലായിരുന്നു. ട്രൈബല്‍ സമൂഹങ്ങളില്നിന്നുള്ളവര് എപ്പോഴും മാറണം എന്നാണ് കേരളം പറയുക. എന്നാല്‍ കേരളമാണ് മാറേണ്ടത് എന്നാണ് എനിക്കു തോന്നിയത്. മാനസികാവസ്ഥകളിലൂടെയാണ് പലപ്പോഴും കേരളം വംശീയത പ്രയോഗിക്കുക. ഞാന്‍ പഠിച്ചത് കേരളത്തിലെതന്നെ ഏറ്റവും കോമ്പിറ്റേറ്റിവ് ആയ ഒരു ഇൻസ്റ്റിറ്റ്യൂട്ടില്‍ ആണ്. ആറോളം സബ് സെൻററുകള്‍ ഉള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്. 1500 വിദ്യാർഥികൾ എൻട്രൻസ് എഴുതിയാൽ അമ്പത് േപർക്കാണ് സെലക്ഷൻ കിട്ടുക. ആ അമ്പത് പേരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. ഞാന്‍ ജോലി ചെയ്തു പഠിച്ചുകൊണ്ടാണ് ഈ അമ്പതു പേരില്‍ ഉൾപ്പെട്ടത്. എൻട്രൻസിൽ ട്രൈബല്‍ വിഭാഗത്തില്‍ ആദ്യത്തെ റാങ്കുകാരനായി ഞാന്‍.
അവിടെ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. പക്ഷേ, എനിക്കു അവിടെ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ജാതീയതയാണ് പ്രധാനമായും നേരിടേണ്ടിവന്നത്. ഞങ്ങൾക്ക് ഓപറേഷന് റിസർച്ച് എന്ന ഒരു വിഷയം പഠിക്കാനുണ്ടായിരുന്നു. സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട വിഷയം ആണ്. ഒരു സുഹൃത്ത് ഞാന്‍ എഴുതിയത് കോപ്പി അടിച്ചാണ് പരീക്ഷ എഴുതിയത്. രസകരമായ കാര്യം സുഹൃത്ത് പരീക്ഷ പാസായി, ഞാന്‍ തോറ്റു. എെൻറ സുഹൃത്തായ പട്ടികജാതി വിഭാഗത്തില്‍പെട്ട ഒരാളും തോറ്റു. അവിടെ ഏറ്റവും കൂടുതല്‍ സപ്ലിമെൻററി പരീക്ഷകള്‍ കിട്ടുക പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്നിന്നുള്ളവർക്കാണ്. അപ്പോള്‍ എനിക്കെന്തൊക്കെയോ സംശയം വന്നുതുടങ്ങി. നന്നായി പഠിക്കുന്ന പട്ടികവിഭാഗത്തില്‍പെട്ട എെൻറ കൂട്ടുകാരന് ഒരു വിഷയത്തില്‍ തോറ്റു. അപ്പോഴാണ് സംശയം വന്നുതുടങ്ങിയത്. ഒരു തരത്തിലും തോൽക്കാൻ സാധ്യതയില്ലാത്ത ആളായിരുന്നു അവന്. ഇൻസ്റ്റിറ്റ്യൂട്ടിെൻറ സബ് സെൻററുകളില്‍ ഉള്ളവര്‍ പരീക്ഷകളില്‍ തോൽക്കുന്നുവെന്നും കാര്യവട്ടത്തെ മെയിൻ സെൻററില്‍ ഉള്ളവര്‍ വിജയിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ആ സമയത്ത് കേരള കൗമുദിയില്‍ വന്നിരുന്നു. അതിനുശേഷം മെയിന്‍ സെൻററിലുള്ള പട്ടികവിഭാഗങ്ങളില്‍ ഉള്ളവരെ തോൽപിക്കുകയായിരുന്നു. ഫീസ് അടയ്ക്കുന്നവര്‍ പരീക്ഷയില്‍ തോറ്റാല്‍ കുഴപ്പമാണ്, സംവരണ വിഭാഗങ്ങളില്‍ ഉള്ളവര്‍ തോറ്റാലും കുഴപ്പമില്ല എന്നൊരു ധാരണയാണ് അവിടെ ഉണ്ടായിരുന്നത്.
ഞങ്ങളൊക്കെ സർക്കാര്‍ താലോലിച്ചു വളരെ ഈസി ആയി പഠിക്കുന്നവരാണ് എന്നതാണ് അധ്യാപകരുടെ ധാരണ. ആ സമയത്ത് അഖിലേന്ത്യാ തലത്തില്‍ ഒരു അമ്പതു പേർക്ക് കിട്ടുന്ന ഒരു സ്കോളർഷിപ്പ് എനിക്കു കിട്ടിയിരുന്നു. അത് പട്ടികവിഭാഗങ്ങൾക്ക് കൊടുക്കുന്ന സ്കോളർഷിപ്പ് ആണ്. സുഹൃത്തായ പട്ടികവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിക്ക് ഒ.എന്‍.ജി.സിയുടെ സ്കോളർഷിപ്പ് കിട്ടിയിരുന്നു. പക്ഷേ, പട്ടികവിഭാഗങ്ങളുടെ സ്റ്റൈപെൻഡ് കിട്ടുന്നു എന്നുള്ളതുകൊണ്ട് ഈ പെണ്‍കുട്ടിയുടെ സ്കോളർഷിപ്പ് തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയും ചെയ്തു. എനിക്ക് യു.ജി.സിയുടെ സ്കോളർഷിപ്പാണു കിട്ടിയത്. സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് അതിനു വേണ്ട രേഖകള്‍ പഠനവകുപ്പില്‍നിന്ന് ഒപ്പിട്ടു കൊടുക്കണം എന്നു ഞാന്‍ ആവശ്യപ്പെട്ടു. എനിക്കു സർക്കാറിെൻറ കൺസെഷന് കിട്ടുന്നതുകൊണ്ട് സ്കോളർഷിപ്പ് തരാൻ പറ്റില്ലായെന്നും അതിനാൽ രേഖകള്‍ കൊടുക്കാന്‍ പറ്റില്ല എന്നും ആ വകുപ്പില്‍ ഇരിക്കുന്ന രവി എന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സ്റ്റൈപെൻഡും കൺസെഷനും സ്കോളർഷിപ്പും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് കേരളത്തിലെ യൂനിവേഴ്സിറ്റികളിലെ അധ്യാപകരും ഉദ്യോഗസ്ഥരും എന്നത് ഇപ്പോഴും തമാശയുള്ള കാര്യമാണ്. സ്റ്റേറ്റിെൻറ സ്റ്റൈപെൻഡ് കിട്ടുന്നതുകൊണ്ട് സ്കോളർഷിപ്പ് വാങ്ങാന്‍ പറ്റില്ലായെന്ന നിയമം ഒന്നുമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. സ്കോളർഷിപ്പ് എന്നത് ഒരു മെറിറ്റ് സ്കീം ആണെന്നാണ് മനസ്സിലാക്കിയത് എന്നു ഞാന്‍ തുറന്നടിച്ചു. ഞാന്‍ എസ്.ടി ഡയറക്ടറേറ്റിലേക്ക് പോയി വിദ്യാഭ്യാസത്തിെൻറ അസിസ്റ്റൻറ് ഡയറക്ടറെ കണ്ടു കാര്യം പറഞ്ഞു. എനിക്കു അന്ന് ഒരു മാസം നൂറ്റമ്പതു രൂപയായിരുന്നു സ്റ്റൈപെൻഡ് കിട്ടിക്കൊണ്ടിരുന്നത്. പക്ഷേ, ഈ സ്കോളർഷിപ്പ് മാസം മൂവായിരം രൂപ ഉണ്ടായിരുന്നു. എനിക്കു സ്റ്റൈപെൻഡ് വേണ്ട സ്കോളർഷിപ്പ് മതി എന്ന രീതിയില്‍ ഞാന്‍ സംസാരിച്ചു. അദ്ദേഹം അന്നുതന്നെ ഈ സ്കോളർഷിപ്പ് വാങ്ങാവുന്നതാണ് എന്ന ഉത്തരവ് എഴുതിതന്നു. പക്ഷേ ഒ.എന്‍.ജി.സിയുടെ എൺപതിനായിരം രൂപയുടെ സ്കോളർഷിപ്പ് സുഹൃത്തായ പെണ്‍കുട്ടിക്ക് വന്നത് അർഹയല്ല എന്നു പറഞ്ഞു ആ കത്ത്, വന്ന അന്ന് ഉച്ചക്ക് തന്നെ എെൻറ ഡിപ്പാർട്മെൻറ് തിരിച്ചയച്ചു.
എങ്ങനെയാണ് വിദേശത്തു ഉപരിപഠനം നടത്തുന്നതിനുള്ള സാധ്യത അന്വേഷിച്ചുതുടങ്ങുന്നത്?
എം.ബി.എ കഴിയുന്ന സമയത്ത്, മതപരമായ കാര്യങ്ങള്‍ മാർക്കറ്റിങ്ങില്‍ എങ്ങനെയാണ് സ്വാധീനിക്കുക എന്ന വിഷയത്തില്‍ ഞാന്‍ ഒരു പഠനം നടത്തി. ആ പഠനത്തിനും എെൻറ ഡിപ്പാർട്െമൻറിൽനിന്ന് പിന്തുണയൊന്നും കിട്ടിയില്ല. ആ സമയത്ത് മനസ്സിലാക്കിയത് എെൻറ ഒരു ജീവിത പശ്ചാത്തലത്തില്‍നിന്നുള്ള പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുക്കാനുള്ള ഒരു സാഹചര്യം കേരളത്തില്‍ ഇല്ല എന്നതായിരുന്നു. നമുക്ക് ഒരു വിധത്തിലുള്ള പിന്തുണകളും ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള വിവേചനപരമായ ഒരു സാഹചര്യത്തില്‍നിന്നാണ് 2014 മുതൽ വിദേശത്തു പോയി പഠിക്കാനുള്ള സ്കോളർഷിപ്പുകൾക്ക് വേണ്ടി ശ്രമം തുടങ്ങിയത്.
വിദേശത്തു പഠിക്കാന്‍ വേണ്ടി ആദ്യം കേരള സംസ്ഥാനത്തിെൻറ സ്കോളർഷിപ്പിനു വേണ്ടി ആയിരുന്നു ഞാന്‍ ശ്രമിച്ചത്. 2014ൽ രഞ്ജിത് ബാലാജി എന്ന ഒരു പട്ടികവർഗ വിദ്യാർഥിക്ക് മാസ്റ്റേഴ്സ് ഇന്‍ ഇൻറർനാാഷനല് ബിസിനസില്‍ ഉപരിപഠനത്തിന് ഫ്രാൻസിൽ പോകാന്‍ സ്കോളർഷിപ്പ് കിട്ടി. അദ്ദേഹം മലയരയ സമുദായത്തില്‍ പെട്ട ആളായിരുന്നു. ഇതിനെ അടിസ്ഥാനമാക്കി എനിക്കും സ്കോളർഷിപ്പിന് അർഹതയുണ്ട് എന്നു മനസ്സിലാക്കിയിരുന്നു. രഞ്ജിത് വലിയ സ്ഥാനമുള്ള ഒരു സർക്കാര്‍ ഉദ്യോഗസ്ഥെൻറ മകന് ആയിരുന്നു. അയാൾക്ക് സ്കോളർഷിപ്പ് കിട്ടുന്നുണ്ടെങ്കില്‍ എനിക്കെന്തുകൊണ്ട് കിട്ടിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിച്ചു. ആ സമയത്ത് രാജേഷ് കുമാര്‍ എന്നൊരു അണ്ടര്‍ സെകട്ടറി ഉണ്ടായിരുന്നു. എെൻറ അപേക്ഷയില്‍ ഒരു തീരുമാനവും ഇല്ലാത്തതുകൊണ്ട് ഞാന്‍ അണ്ടർ സെക്രട്ടറിയെ പോയി കണ്ടു. അദ്ദേഹം എന്നോടു വളരെ ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. കൂടാതെ ബീന മോള് എന്നോ മറ്റോ പേരുള്ള മറ്റൊരു അണ്ടർ സെക്രട്ടറിയും എനിക്കു ബുദ്ധിമുട്ടുണ്ടാക്കി. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ കിട്ടാന്‍ അർഹതയില്ല എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ രഞ്ജിത്തിന് ഇരുപതു ലക്ഷം രൂപ കൊടുത്തിട്ടുണ്ടല്ലോ എന്നു ചോദിച്ചു. ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഓഫ് സസെക്സില്‍ എം.എ ആന്ത്രപ്പോളജി ഇൻ ഡവലപപ്പ്മെൻറ് ആൻഡ് സോഷ്യല്‍ ട്രാൻസ്ഫർമേഷൻ എന്ന കോഴ്സിനായിരുന്നു എനിക്ക് ആ സമയത്ത് അഡ്മിഷന് കിട്ടിയത്. ഈ കോഴ്സ് ഇവിടെ ഉണ്ട് എന്നു പറഞ്ഞാണ് ഇവര്‍ എെൻറ അപേക്ഷ നിരസിച്ചത്. രഞ്ജിത്ത് പഠിക്കുന്ന കോഴ്സ് ഇവിടെ ഉണ്ടല്ലോ എന്നു ഞാന്‍ വീണ്ടും തിരിച്ചടിച്ചു. പിന്നെ എന്നെ ചോദ്യം ചെയ്യലായി. ഡെവലപ്മെൻറ് എന്താണ് എന്ന് എന്നോടു ചോദിച്ചു. ഏത് തരത്തിലുള്ള ഡെവലപ്മെൻറ് ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. സോഷ്യല്‍ ഡെവലപ്മെൻറ് ആണോ ഇക്കണോമിക് ഡെവലപ്മെൻറ് ആണോ എന്നു ഞാന്‍ തിരിച്ചും മറിച്ചും ചോദിച്ചു. അതൊന്നും ഈ രാജേഷ് കുമാറിന് ഒരു എത്തും പിടിയും കിട്ടിയില്ല. അട്ടപ്പാടിയിലെ ആദിവാസി ജീവിതങ്ങളെക്കുറിച്ച് നിങ്ങള്‍ എന്താണ് മനസ്സിലാക്കുന്നത് എന്നായി അടുത്ത ചോദ്യം. എനിക്കെേൻറതായിട്ടുള്ള പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് അട്ടപ്പാടിയിലെ ആദിവാസികളെക്കുറിച്ച് മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍ ഉള്ളതെന്ന് മറുപടി പറഞ്ഞു. അയാള്‍ എന്നെ അധിക്ഷേപിച്ചതുകൊണ്ട് തന്നെ ഞാന്‍ വളരെയധികം മാനസികമായി തളർന്നു. ഇത്തരത്തിലുള്ള വിവേചനം നേരിട്ട സമയത്താണ് ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതുന്നത്. പിന്നീട് ഞാന്‍ എസ്.സി-എസ്.ടി കമീഷണർക്ക് പരാതി കൊടുത്തു. അപ്പോള്‍ ഈ അണ്ടര്‍ സെക്രട്ടറി നീ എസ്.സി എസ്.ടി കമീഷണർക്ക് പരാതി കൊടുത്തു അല്ലേ, അവർക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന രീതിയിലും സംസാരിച്ചു.
ജീവിതാനുഭവംവെച്ച് ഒരു കാര്യം മനസ്സിലാക്കി. ഇവിടത്തെ ഉദ്യോഗസ്ഥതലത്തില്‍ ജാതി വംശീയത പ്രവർത്തിക്കുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ഹോമം നടത്തിയതും ദലിത് ഉദ്യോഗസ്ഥന് പിരിഞ്ഞുപോയപ്പോള്‍ ചാണകം തളിച്ച സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ പോകുമ്പോള്‍ വയനാട്ടില്‍നിന്നും സ്റ്റൈപെൻഡുമായി ബന്ധപ്പെട്ട് നാനൂറും അഞ്ഞൂറും രൂപക്ക് വേണ്ടി വരുന്ന ആദിവാസികള്‍ അവിടെനിന്നും കരഞ്ഞിറങ്ങി പോകുന്നത് കണ്ടിട്ടുണ്ട്.
പിന്നെ ഞാന്‍ അന്നത്തെ പട്ടികവർഗ വികസന മന്ത്രി ജയലക്ഷ്മിയെ കണ്ടു. അവരുടെ പേഴ്സനൽ അസിസ്റ്റൻറ് ഷിബുവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എെൻറ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു അറിയാമായിരുന്നു. ഈ അണ്ടര്‍ സെക്രട്ടറിമാര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് തുടക്കത്തില്‍ എനിക്കു സഹായം ഒന്നുംതന്നെ കിട്ടിയില്ല.
പിന്നെയും കുറെ കാലം ഞാന്‍ അലഞ്ഞു. അതിനു ശേഷം തിരുവനന്തപുരത്തെ സ്റ്റേറ്റ് ലൈബ്രേറിയനായ ശോഭന പടിഞ്ഞാട്ടിലിെൻറ നിർദേശപ്രകാരം ഇപ്പോഴത്തെ മന്ത്രി വി.എസ്. സുനിൽകുമാറിനെ, എം.എല്‍.എ ഹോസ്റ്റലില്‍ പോയി കണ്ടു. വിദ്യാഭ്യാസത്തിെൻറ കാര്യത്തിനായതുകൊണ്ട് അദ്ദേഹം പിന്തുണച്ചു. അന്ന് നിയമസഭ സമ്മേളനം നടക്കുന്ന സമയമായിരുന്നു. അദ്ദേഹം ഒരു ഓട്ടോറിക്ഷ പിടിച്ച് നിയമസഭയിലേക്ക് എന്നെയും കൊണ്ട് പോയി. അന്ന് മന്ത്രി തിരക്കിലായതുകൊണ്ട് സുനില്‍ കുമാര്‍ മന്ത്രിക്ക് ഒരു കത്തെഴുതി കൊടുത്തു. മന്ത്രിയോട് ഈ വിഷയം സംസാരിക്കാം എന്നും പറഞ്ഞു. അദ്ദേഹം മന്ത്രിയോട് സംസാരിച്ചതിന് ശേഷമാണ് ഇത് കാബിനറ്റില്‍ ചർച്ചക്കെടുക്കുന്നത്. ഇതിനിടയിൽ ഞാൻ മന്ത്രി എ.കെ. ബാലെൻറ ഒാഫിസിൽ എത്തിയപ്പോൾ മണിഭൂഷൺ എന്ന ഉദ്യോഗസ്ഥൻ മന്ത്രിയെ കാണാൻ അനുവദിക്കാതെ അധിക്ഷേപിക്കുകയാണ് ചെയ്തത്. സുനിൽ കുമാർ ഇടെപട്ടതോടെ 27 ലക്ഷം രൂപ പാസാക്കി. പക്ഷേ, എനിക്കു 2015 സെപ്റ്റംബറില്‍ കോഴ്സിന് ജോയിന്‍ ചെയ്യണമായിരുന്നു. മന്ത്രിസഭാ തീരുമാനം എടുക്കുന്നത് ഒക്ടോബറിലും അതിെൻറ ഉത്തരവ് ഇറങ്ങിയത് നവംബറിലും ആയിരുന്നു. അതുകൊണ്ട് എനിക്കു ആ കോഴ്സിന് ചേരാന്‍ പറ്റാതെയായി. അതുപോലെ ആ ഉത്തരവ് ഇറങ്ങിയത് മലയാളത്തിലും ആയിരുന്നു. അത് എനിക്ക് യൂനിവേഴ്സിറ്റിയില്‍ സമർപ്പിക്കാനും പറ്റില്ല.
രാജേഷ് കുമാര്‍ എന്ന അണ്ടര്‍ സെക്രട്ടറി അവിടെ ഇരിക്കുന്നിടത്തോളം കാലം എനിക്കു സ്കോളർഷിപ്പ് കിട്ടില്ല എന്നു മനസ്സിലായി. അതോടെ ഞാന്‍ കേന്ദ്രസർക്കാറിെൻറ സ്കോളർഷിപ്പിന് അപേക്ഷിച്ചു. നൂറ്റമ്പതോളം പേരെ അഭിമുഖം ചെയ്തു. ഇരുപതു പേരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഞാനായിരുന്നു. പിന്നീടാണ് എം.എസ്സി സോഷ്യല്‍ ആന്ത്രപ്പോളജിയിൽ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ സെലക്ഷൻ കിട്ടുന്നത്. പക്ഷേ, ഐ.ഇ.എല്‍.ടി.എസില്‍ അര ശതമാനം മാർക്ക് എനിക്കു കുറവായിരുന്നു. ഐ.ഇ.എല്‍.ടി.എസ് എഴുതാന്‍ വീണ്ടും പൈസ വേണം. അപ്പോഴേക്കും ഇടതുപക്ഷ സർക്കാര്‍ അധികാരത്തില്‍ വന്നു. മന്ത്രി ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറി ഷിബു ഒരു മാധ്യമപ്രവർത്തകന് കൂടി ആയിരുന്നു. എെൻറ പ്രശ്നങ്ങള്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് വാർത്തയായി. പുതിയ സർക്കാർ എെൻറ യാത്രാചെലവിനും െഎ.ഇ.എൽ.ടി.എസ് നേടിയെടുക്കുന്നതിന് വേണ്ടിയുമുള്ള ഫണ്ട് ഒന്നരലക്ഷം രൂപ അനുവദിച്ചു ഉത്തരവിറക്കി.
പിന്നീട് ബിനേഷ് യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് സസക്സിലാണ് പി.ജിക്കു ചേരുന്നത്. താങ്കളുടെ ഉപരിപഠനം കേരളത്തില്‍ ചില രാഷ്ട്രീയ വിവാദങ്ങളൊക്കെ ഉണ്ടാക്കി. എന്തായിരുന്നു അത്?
2017ലാണ് ഞാൻ അവിടെ കോഴ്സിന് ചേർന്നത്. ഞാന്‍ പോകുമ്പോള്‍ കേരള സർക്കാറിെൻറ 27 ലക്ഷം രൂപ സഹായത്തോടെ ആണ് പഠിക്കാന്‍ പോകുന്നത് എന്ന് ദേശാഭിമാനി വാർത്ത അടിച്ചിറക്കി. ഞാന്‍ ശരിക്കും കേന്ദ്രസർക്കാറിെൻറ സ്കോളർഷിപ്പോടുകൂടി ആണ് പോയത്. ഞാന്‍ യു.കെയിലേക്ക് വിമാനം കയറാന്‍ ഡൽഹി വിമാനത്താവളത്തിൽ ഇരിക്കുേമ്പാഴാണ് ഈ വാർത്ത സുഹൃത്തുക്കള്‍ അയച്ചുതരുന്നത്. ഞാന്‍ ആ വാർത്ത നിഷേധിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എനിക്കു കേരളസർക്കാര്‍ ഒന്നരലക്ഷം രൂപ മാത്രമായിരുന്നു അനുവദിച്ചുതന്നത്.
യൂനിവേഴ്സിറ്റി ഓഫ് സസക്സിലെ പി.ജി പഠനകാലഘട്ടം എങ്ങനെ ആയിരുന്നു?
യു.കെയില്‍ വിമാനം ഇറങ്ങുേമ്പാൾ മുഴുവന്‍ അനിശ്ചിതത്വം ആയിരുന്നു. ഞാന്‍ കോഴ്സിന് ജോയിന്‍ ചെയ്തതിന് ശേഷം അവിടത്തെ മലയാളി അസോസിയേഷന്, ശ്രീനാരായണ ഗുരുവിെൻറ പേരിലുള്ള ഒരു ഗ്രൂപ്പ്, കൗമുദിയിലെ സുരേഷ് മണമ്പൂര്‍ എന്നിവരൊക്കെ നല്ല രീതിയില്‍ എന്നെ പിന്തുണച്ചിരുന്നു. ഞാന്‍ താമസിക്കുന്ന ഇടത്തെ വാടക കൂടുതല്‍ ആയിരുന്നു. 825 പൗണ്ട് ആയിരുന്നു എനിക്കു സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരുന്നത്. ശരിക്കും എനിക്കു കിട്ടേണ്ടിയിരുന്നത് 1115 പൗണ്ട് ആയിരുന്നു. ഇരുനൂറിലധികം പൗണ്ടിെൻറ കുറവ്. അതില്‍ 550 പൗണ്ട് വാടക തന്നെ ആകും. പിന്നെ ഭക്ഷണം അടക്കം എല്ലാം ബാക്കിയുള്ള പൈസകൊണ്ട് നിർവഹിക്കണം. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ ജോലി ചെയ്യേണ്ട അവസ്ഥയിലെത്തി. ഞാന്‍ യൂനിവേഴ്സിറ്റി ഓഫ് സസക്സില്തന്നെ ഒരു ക്ലീനര്‍ ആയി പുലർച്ചെ നാല് മുതല്‍ എട്ട് മണി വരെ ജോലിചെയ്യാന്‍ ആരംഭിച്ചു. മന്ത്രി എ.കെ. ബാലന് ലണ്ടനിലേക്ക് വന്നിരുന്നു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. പി.ജി കഴിഞ്ഞു പിഎച്ച്.ഡിക്കു പോകുന്ന സമയത്ത് സ്കോളർഷിപ്പ് ശരിയാക്കിത്തരാം എന്നു മന്ത്രി ഉറപ്പ് പറഞ്ഞു. അദ്ദേഹം ലണ്ടനില്‍ വന്നു പോയതിന് ശേഷമാണ് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയിട്ടുള്ള വിദേശ പഠനങ്ങൾക്കുള്ള സ്കീമുകള്‍ വരുന്നത്.
എനിക്കു അയർലൻഡിലെ ഡബ്ലിനിലെ ട്രിനിറ്റി കോളജിലും ഫ്രീ യൂനിവേഴ്സിറ്റി ആംസ്റ്റർഡാമിലും എം.ഫിലിന് ഒരേസമയം അഡ്മിഷന് കിട്ടി. ട്രിനിറ്റി കോളജിലെ എം.ഫിലിന് വേണ്ടി കേരളസർക്കാറിെൻറ സ്കോളർഷിപ്പിന് ഞാന്‍ അപേക്ഷിച്ചു. പക്ഷേ, 2015ൽ ഇറങ്ങിയ ഒരു സ്കോളർഷിപ്പിെൻറ ഉത്തരവ് സർക്കാര്‍ മാറ്റി എഴുതുക മാത്രമാണ് ചെയ്തത്. അന്ന് നീക്കിവെച്ച ഫണ്ട് ആയിരുന്നു റിലീസ് ചെയ്തത്. അത് സ്കോളർഷിപ്പ് ആയിരുന്നില്ല, വെറും സാമ്പത്തിക സഹായം മാത്രമായിരുന്നു. സാമ്പത്തിക സഹായവും സ്കോളർഷിപ്പും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് രക്ഷപ്പെടാനാണ് വിദേശ യൂനിവേഴ്സിറ്റികളില്‍ ബിനേഷ് ചേർന്ന് പഠിക്കുന്നത്. അവിടെയുള്ള പഠനരീതികള്‍ എങ്ങനെ ആയിരുന്നു?
ഞാന്‍ അംബേദ്കറിെൻറയും ഗ്രാംഷിയുടെയും ജീവിതം മാതൃകയാക്കി അക്കാദമിക് ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആന്ത്രപോളജിയുടെ പഠനത്തില്‍ പുതിയ ഒരു മാതൃക ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. വളരെ കുറച്ചു സംസാരിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു എേൻറത്. സാമൂഹികവത്കരണം എന്നത് എെൻറ കാര്യത്തില്‍ ചില പ്രത്യേക സന്ദർഭങ്ങളിലാണ് നടക്കുന്നത്. ഫുട്ബോള്‍ കളിക്കുന്ന സമയങ്ങളില്‍, ജോലി ചെയ്യുന്ന സമയങ്ങളില്‍ എല്ലാമാണ് എെൻറ സാമൂഹികവത്കരണം നടന്നിരുന്നത്. അവിടെ എനിക്കു മെക്സികോയില്‍നിന്നുള്ള കറുത്ത വർഗക്കാരനായ സുഹൃത്തുണ്ടായിരുന്നു. ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ സ്വത്വങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. നമ്മള് സംസാരിക്കുന്ന വിവിധ തലത്തിലുള്ള സ്വത്വ രാഷ്ട്രീയം ഈ യൂനിവേഴ്സിറ്റികളില്‍ മനസ്സിലാക്കപ്പെടും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവിടങ്ങളിലെ അവസ്ഥയും പ്രതീക്ഷക്ക് വിപരീതമായി സങ്കീർണമാണ് എന്നു ഞാന്‍ പിന്നീട് മനസ്സിലാക്കി. ഉദാഹരണത്തിന് അൽപാ ഷാ, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ആന്ത്രപോളജിയിൽ ഗവേഷണം ചെയ്യുന്ന വ്യക്തിയാണ്. അവരുടെ നൈറ്റ് മാർച്ച് എമങ് ഇന്ത്യാസ് റെവലൂഷനറി ഗറിലാസ് (Nightmarch among India’s Revolutionary Guerillas) എന്ന പുസ്തകം ഝാർഖണ്ഡിലെ മാവോവാദികളെക്കുറിച്ചുള്ള പഠനമാണ്. അതേപോലെ മുത്തങ്ങ സമരത്തെക്കുറിച്ച് പഠിച്ച ആംസ്റ്റർഡാം യൂനിവേഴ്സിറ്റിയിലെ ലൂയിസ് സ്ട്യൂറിെൻറ പഠനങ്ങള്‍. ഇതൊക്കെ ജേണലുകളിലും അക്കാദമിക് മേഖലകളിലും ചർച്ചകൾക്ക് വരുന്ന കാര്യങ്ങളാണ്. ഇവരുടെ പഠനങ്ങളിലെ യാഥാർഥ്യം അതല്ല എന്നു എനിക്കു മനസ്സിലാകുന്നുണ്ട്. ആദിവാസി എന്ന ഒരു വാക്ക് ആണ് അവര്‍ ഉപയോഗിക്കുന്നത്. ആദിവാസി എന്ന വാക്ക് തന്നെ സംസ്കൃത പദം ആണ്. ആദിവാസികളെക്കുറിച്ചുള്ള ഇവരുടെ പഠനങ്ങളും ഒരു വൈറ്റ് മാൻസ് റീഡിങ് തന്നെ ആയിരുന്നു. ആദിവാസികള്‍ പ്രാകൃതരും ആധുനികര്‍ അല്ലാത്തവരുമാണ് എന്ന രീതിയിലായിരുന്നു അവര്‍ വായിച്ചെടുത്തത്. ഡാർവിെൻറ പരിണാമ സിദ്ധാന്തത്തിലെ ആദ്യത്തെ മനുഷ്യര്‍ എന്ന രീതിയിലാണ് ട്രൈബല്‍ സമൂഹങ്ങളെ അവർ കണ്ടത്. കേരള മോഡല്‍ വികസനത്തെ പറ്റിയും മുത്തങ്ങ സമരത്തെ പറ്റിയും ലൂയിസ് സ്ട്യൂറിെൻറ പഠനം ട്രൈബല്‍ സമൂഹങ്ങളെ, വൈവിധ്യങ്ങളെ നിരാകരിക്കുന്നതായിരുന്നു. സ്വാതന്ത്ര്യ സമരത്തിെൻറ കാര്യംതന്നെ എടുത്തുനോക്കൂ. ഇന്ത്യാ ചരിത്രത്തില്‍ ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹം, കുറിച്യ കലാപം, മാപ്പിളലഹള എന്നു പറഞ്ഞാണ് പഠിക്കുന്നത്. ഈ മൂന്നു സമരങ്ങളും ബ്രിട്ടീഷുകാർക്കെതിരെ ആണ്. പക്ഷേ, ഗാന്ധിയുടേത് മാത്രം സ്വാതന്ത്ര്യ സമരവും കുറിച്യരുടേത് കലാപവും മാപ്പിളമാരുടേത് ലഹളയും ആയി മാറുന്നു. ചരിത്രപഠനത്തില്തന്നെ ഇത്തരത്തിലുള്ള വിവേചനം ഉണ്ടാകുന്നുണ്ട്. ആദിവാസികളെ വൃത്തിയില്ലാത്തവരും പാവപ്പെട്ടവരുമായി ആണ് ചരിത്രം വായിച്ചെടുക്കുന്നത്. അതുകൊണ്ടാണ് ആദിവാസികള്‍ മാവോയിസത്തോട് ആകർഷിക്കപ്പെടുന്നത് എന്ന രീതിയിലാണ് ലൂയിസ് സ്ട്യൂര് പഠനത്തില്‍ എഴുതിയിരിക്കുന്നത്. ആദിവാസികളുടെ ഏജൻസികളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള പഠനങ്ങളാണ് നടക്കുന്നത്. ദലിത് എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാറില്ല. ദലിത് എന്നത് സംസ്കൃതവത്കരിക്കപ്പെട്ട വാക്കാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അടിയില്‍ കിടക്കുന്നവര്‍ എന്ന അർഥമാണ് ആ വാക്കിന് വരുന്നത്. അംബേദ്കര്‍ ഈ സമൂഹങ്ങളെ മൂൽനിവാസികള് അഥവാ ഒറിജിനല്‍ പോപുലേഷന്‍ എന്ന അർഥത്തിലാണ് അഡ്രസ്സ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.