കൊച്ചിക്കാരേ, ബ്രഹ്മപുരം മാലിന്യം തള്ളൽ കേന്ദ്രത്തിൽ തീപിടിച്ചത് വഴി (തീയിട്ടതുമാകാം) ‘അവർ’ നമുക്ക് നേരുന്നത് ‘ആദരാഞ്ജലികൾ’ തന്നെയാണ്. ‘അവർ’ എന്ന് വിശേഷിപ്പിച്ചതിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കൊച്ചിയുടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടരുതെന്ന് ശപഥമെടുത്ത രാഷ്ട്രീയക്കാരുണ്ട്. ഏത് മുന്നണി വിജയിച്ചാലും ഭരണ നേതൃത്വത്തിൽ എത്തുന്നവരുണ്ട്. കൊച്ചിക്കാർ കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ കടുംവെട്ട് അഴിമതി നടത്തേണ്ടി വന്നാലും കീശയും പള്ളയും വീർപ്പിക്കുന്ന ഉദ്യോഗസ്ഥ മാഫിയകളുമുണ്ട്. ഹൈകോടതി ഇപ്പോഴാണ് ഗ്യാസ് ചേംബറെന്ന് കൊച്ചി നഗരത്തെ വിശേഷിപ്പിച്ചതെങ്കിലും വർഷങ്ങളായി ഈ നഗരവാസികൾ കോൺസൺട്രേഷൻ ക്യാമ്പിൽ എന്ന പോലെയാണ് കഴിയുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ തത്സമയ വായു മലിനീകരണ തോത് അറിയിക്കുന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അന്തരീക്ഷ വായു നിലവാര സൂചികപ്രകാരം (AQI) വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലെ ഉച്ഛാസ വായുവിലെ കണിക ദ്രവ്യത്തിന്‍റെ അളവ് 442 ആണ്. അളവ് 200 കവിഞ്ഞാൽ തന്നെ ശ്വാസകോശ, ആസ്ത്മ, ഹൃദ്രോഗ ബാധിതർക്ക് അസ്വസ്ഥതകൾ ഏറുമെന്നതാണ് യാഥാർഥ്യം. 400നു മേൽ മലിനീകരണ തോത് ഉയർന്നാൽ മികച്ച ആരോഗ്യമുള്ളവർക്ക് പോലും ദോഷം ചെയ്യും. നിലവിൽ ശ്വാസകോശ രോഗം ബാധിച്ചവർക്ക് അപകടകരവുമാകും.
രാജ്യത്തെ വിവിധ ഏജൻസികളുടെ വായു നിലവാര പരിശോധന സംവിധാനങ്ങളുടെ കണക്ക് അനുസരിച്ച് ദിവസങ്ങളായി കൊച്ചിയുടെ അന്തരീക്ഷ വായു അപകടകരമായ നിലയിലാണ്. വായുവിലെ കണിക ദ്രവ്യത്തിന്‍റെ ആരോഗ്യകരമായ അളവ് (PM 2.5 -particulate matter) ഒരു ക്യുബിക് മീറ്റർ വായുവിൽ 12 മൈക്രോഗ്രാം മലിനീകരണമേ പാടുള്ളൂ. ഇത് 35 മൈക്രോഗ്രാം ആയാൽ അപകടകരവും അനാരോഗ്യകരവുമായി. കൊച്ചിയിൽ ഇത് ബുധനാഴ്ച 44 മൈക്രോഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് കൊച്ചിയുടെ അന്തരീക്ഷത്തിൽ മലിനീകരണത്തിന്‍റെ തോത് അനുവദനീയമായതിന്‍റെ 2.9 ഇരട്ടിയായി മാറിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് രണ്ടിന് വൈകുന്നേരം നാലരക്കാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൂർണമായി പുക ഉയരുന്നത് തടയാൻ കഴിഞ്ഞിട്ടില്ല. മാലിന്യത്തിന്‍റെ രാസവിഘടന പ്രക്രിയയിൽ ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങാണ് പ്രധാനമായും പ്ലാന്‍റിൽ ഉണ്ടായതെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യം തീപിടുത്തത്തിന്‍റെ ആക്കം കൂടുകയും ചെയ്തു.
അതിവേഗം മെട്രോപൊളിറ്റൻ മഹാനഗരമായി വളരുന്ന കൊച്ചിയുടെ ഏറിയ ഭാഗങ്ങളും വർഷങ്ങളായി അന്തരീക്ഷ, ജല മലിനീകരണത്തിന്‍റെ പിടിയിലാണ്. ഏലൂർ വ്യവസായ മേഖലയിൽ കൃത്യമായ മലിനീകരണ നിയന്ത്രണ, നിരീക്ഷണ സംവിധാനം ഇനിയും നിലവിലില്ലാത്തതിനാൽ പെരിയാറിലേക്ക് വിവിധ കമ്പനികൾ മലിന ജലം ഒഴുക്കുന്നു. പുഴയിൽ വെള്ളത്തിന്‍റെ നിറം മാറുമ്പോഴോ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോഴോ മാത്രം ‘സാമ്പിൾ’ ശേഖരിക്കലാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ പണി. അമ്പലമേട് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ വായു മലിനീകരണം നിലവിൽ ചെന്നൈ ഹരിത ട്രിബ്യൂണലിന്‍റെ പരിഗണനയിലാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ അഗ്നിബാധ ദോഷം വിതക്കുന്നത് എറണാകുളം ജില്ലയിലെ പകുതിയോളം ഭാഗത്തിനാണ്. വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് എന്നീ മുനിസിപ്പാലിറ്റികൾ, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ലക്ഷക്കണക്കിന് മനുഷ്യർ എന്നിവർ നേരിട്ട് ദുരിതം പേറുന്നു.
നൂറ് ഏക്കർ ഭൂമി വരുന്ന ബ്രഹ്മപുരം പ്ലാന്‍റിൽ ബയോമൈനിങ് നടത്തേണ്ടിവരുമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നത്. കെട്ടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യത്തിലെ പ്ലാസ്റ്റിക് പദാർഥങ്ങൾ നീക്കിയ ശേഷം ബാക്കിയുള്ളവ കുഴിച്ചുമൂടുകയാണ് (കാപ്പിങ്) ലക്ഷ്യം. ഇതിന് ടെണ്ടര്‍ സ്വീകരിച്ചത് സംസ്ഥാന സർക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സി വഴിയാണ്. 54 കോടി രൂപയുടെ ബയോമൈനിങ് ടെണ്ടറാണ് അവര്‍ അംഗീകരിച്ചത്.
ജൈവം, അജൈവമെന്ന് വേര്‍തിരിക്കാതെ മലകൾ പോലെയാണ് ബ്രഹ്മപുരത്ത് മാലിന്യം കെട്ടിക്കിടന്നിരുന്നത്. അതില്‍ നിന്നും മീഥേന്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് എളുപ്പത്തിൽ തീപടർന്ന് നിയന്ത്രണാതീതമാകുന്ന അവസ്ഥയാകും. ഇവിടെ 2013ല്‍ മാലിന്യം സാനിറ്ററി ലാൻറ് ഫില്ലിങ് നടത്തി കുഴിച്ചുമൂടിയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇവിടെ കൊണ്ടുവന്ന മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം ജില്ലയിൽ നിന്ന് ശേഖരിച്ച മാലിന്യമെല്ലാം ബ്രഹ്മപുരത്താണ് നിക്ഷേപിച്ചത്. അതിൽ കുറെ കുഴിച്ചുമൂടിയെങ്കിലും പിന്നെയും ടൺകണക്കിനായി മാലിന്യ ശേഖരം.
മാലിന്യം ഉറവിടത്തില്‍ അതായത് വീടുകളിലും ഹോട്ടലുകളിലും തന്നെ വേര്‍തിരിച്ച് സംസ്കരിക്കുന്നതിന് നവീനമായ സംവിധാനങ്ങൾ ഒരുക്കുക തന്നെയാണ് ഈ മഹാദുരന്തത്തിൽ നിന്ന് കരകയറുവാനുള്ള പോംവഴി. ഇനി മുതൽ പ്ലാസ്റ്റിക്കുകൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് ഹരിതകർമ സേനകൾ വഴി ശേഖരിച്ച് സംസ്കരണത്തിനായി മാറ്റുമെന്നാണ് അറിയിപ്പ്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന് നിർദേശവുമുണ്ട്.
ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങുമ്പോഴെങ്കിലും ഈ നിർദേശങ്ങൾ നടപ്പാക്കാൻ നടപടികൾ തുടരുമെന്ന് പ്രത്യാശിക്കാം. മാലിന്യ ശേഖരണത്തിനായി കൊച്ചിയിൽ ഓടുന്ന നൂറുകണക്കിന് വണ്ടികളിൽ നിന്നും കരാർ കമ്പനികളിൽ നിന്നും ലഭിക്കുന്ന കമീഷൻ ലക്ഷ്യമിട്ട് രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയകൾ തീരുമാനങ്ങൾ അട്ടിമറിക്കാതിരിക്കാൻ വേണ്ടത് ആർജ്ജവമുള്ള നടപടികളാണ്. അല്ലെങ്കിൽ അടുത്ത തീപിടുത്തത്തിലൂടെ ‘കൊച്ചിക്ക്’ തന്നെ ആദരാഞ്ജലി നേരേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.