കെ.പി രാമനുണ്ണി

''മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കവും അതിനുശേഷവുമുള്ള അനുഭവങ്ങളും''; കെ.പി. രാമനുണ്ണി എഴുതുന്നു

കാശത്തുനിന്ന് ജീവിതക്കവലയിലേക്ക് ഇടിച്ചിറങ്ങി മുന്‍ഗതിക്ക് മാർഗനിർദേശങ്ങള്‍ നല്‍കിയ സൈന്‍ബോര്‍ഡായിരുന്നു മാധ്യമം ആഴ്ചപ്പതിപ്പിലെ എന്‍റെ എഡിറ്റര്‍ഷിപ്പ്.

മിനിമം പെന്‍ഷന് ആവശ്യമുള്ള ഇരുപത് വര്‍ഷം പൂര്‍ത്തീകരിച്ച ഉടന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വളന്ററി റിട്ടയര്‍മെന്‍റ് എടുക്കണമെന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറും എഴുതിക്കളയാമെന്ന മൂച്ചുകൊെണ്ടാന്നുമല്ല. കുറെ വായിച്ചും എഴുതിയും ഹിതത്തിനൊത്ത് ജീവിക്കണമെന്ന മോഹം കൊണ്ടുമാത്രം.

1997 മാര്‍ച്ച് മുപ്പത്തിയൊന്നാം തീയതി തിങ്കളാഴ്ച. റിട്ടയര്‍മെന്‍റ് പാര്‍ട്ടി കഴിഞ്ഞ് മൃതനെ സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുന്ന ചടങ്ങ് പൂര്‍ത്തീകരിച്ചതും കേരള സാഹിത്യ അക്കാദമി അവാര്‍ഡിന്‍റെ പേരില്‍ ലഭിച്ച പുതിയ ലാന്‍ഡ് ഫോണിലേക്ക് തുരുതുരാ കാളുകള്‍ വന്നു. എന്താ ഇനി പരിപാടി, എഴുത്തോടെഴുത്ത് തന്നെയാണോ, മറ്റു വല്ല ജോലിയിലും കയറുന്നുണ്ടോ. നിന്‍റെ, തന്‍റെ, നിങ്ങളുടെ, താങ്കളുടെ, ഉണ്ണിയുടെ, സാറിന്‍റെ, ചങ്കൂറ്റം സമ്മതിക്കണം. ഹൗസിങ് ലോണും കാര്‍ ലോണും അണ്‍ലിമിറ്റഡ് മെഡിക്കല്‍ എയ്ഡുമുള്ള ബാങ്ക് ഓഫിസര്‍ ജോലി ഇങ്ങനെ വേണ്ടാന്ന് വെക്കേ... തുടങ്ങിയ ആച്ഛാദിത അധിക്ഷേപങ്ങള്‍ നിരന്തരം ഉച്ചരിക്കപ്പെട്ടു. മുക്കിയും മൂളിയും ചിരിച്ചും ചിലപ്പോള്‍ തര്‍ക്കുത്തരങ്ങള്‍ കാച്ചിയും ഫോണ്‍ തലക്കല്‍ ഞാന്‍ ബന്ധിതനായി. ആത്മാർഥമായ അന്വേഷണങ്ങള്‍ക്ക് മാത്രം എന്‍റെ മനസ്സ് ഇപ്രകാരം തുറന്നു.

''കുറെ വായിക്കണം, എഴുതാന്‍ തോന്നുമ്പോള്‍ എഴുതണം. ഫുള്‍ടൈം എഴുത്തെന്ന വാശിയൊന്നുമില്ല... ങ്ഹാ, എഴുത്തും വായനയുമായി ബന്ധപ്പെട്ട എന്തെങ്കിലും പണിക്ക് അവസരം കിട്ടിയാല്‍ അതും നോക്കാം.''

മേൽപറഞ്ഞ പ്രതികരണം നടത്തിയവരില്‍ എ.പി. കുഞ്ഞാമുവും പെട്ടിട്ടുണ്ടാകണം. മൂന്നാം ദിവസം അദ്ദേഹം എന്നെ വിളിച്ച് 'മാധ്യമ'ത്തിന് ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ ഉദ്ദേശ്യമുണ്ട്, എഡിറ്ററായി ക്രിയേറ്റിവ് റൈറ്ററെ കിട്ടാന്‍ താല്‍പര്യമുണ്ട്, ഉണ്ണിക്ക് വിരോധമില്ലെങ്കില്‍ ഞാനൊന്ന് മുട്ടട്ടെയെന്ന് ചോദിച്ചു.

ഗംഭീരന്‍ വാര്‍ഷികപ്പതിപ്പിന് വേണ്ടി വര്‍ഷാവര്‍ഷം ജമാല്‍ കൊച്ചങ്ങാടി രചനകള്‍ ആവശ്യപ്പെടുന്ന പ്രസിദ്ധീകരണമല്ലേ, ഓ, ഒരു വിരോധവുമില്ലെന്ന് ഞാന്‍ മറുപടിയും നല്‍കി.

പിന്നീട് അതിവേഗമായിരുന്നു കാര്യങ്ങള്‍ മുന്നേറിയത്. പിറ്റേന്ന് തന്നെ എന്നേയും കൂട്ടി കുഞ്ഞാമു 'മാധ്യമ'ത്തില്‍ ചെന്നു. എഡിറ്റര്‍ ഇന്‍ ചാർജ് ഒ. അബ്ദുറഹ്മാന്‍റെ മുന്നിലുള്ള രണ്ടു കസേരകളില്‍ ഞങ്ങള്‍ ഇരുന്നു. കൂടുതല്‍ ചോദ്യോത്തരങ്ങളൊന്നുമുണ്ടായില്ല.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ ചർച്ചാ സദസ്സ്

''എന്നാണ് ആഴ്ചപ്പതിപ്പ് ഇറക്കുക എന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും കുറെ ഗ്രൗണ്ട് വര്‍ക്ക് ചെയ്യാനുണ്ടല്ലോ. രാമനുണ്ണി ഉടനെ ജോയന്‍റ് ചെയ്തോളൂ.''

മുന്നില്‍ കൊണ്ടുവെച്ച ചായ കുടിച്ചോളൂ എന്ന് പറയുന്ന ലാഘവത്തോടെ അബ്ദുറഹ്മാന്‍ സാഹിബ് പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടുപോയി.

''അയ്യായിരം ഉറുപ്പികവരെയൊക്കെ ഞങ്ങള്‍ക്ക് ശമ്പളം തരാന്‍ പറ്റും.''

ഉള്‍വെളുപ്പ് വെളിപ്പെടുത്തുന്ന ചിരിയോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവായിരം രൂപ പെന്‍ഷനുമായി ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്ത എനിക്ക് അയ്യായിരം ഭേദപ്പെട്ട സംഖ്യയായും തോന്നി.

അപ്പോയന്‍റ്മെന്‍റ് മാത്രമല്ല സസ്പെന്‍ഷനും ഡിസ്മിസലുമടക്കം വീട്ടുകാര്യംപോലെയാണ് 'മാധ്യമ'ത്തില്‍ നടക്കുന്നതെന്ന് മടക്കത്തില്‍ കുഞ്ഞാമു സൂചിപ്പിച്ചു. സഹികെട്ടതിനാല്‍ ഏതോ ജീവനക്കാരനെ പത്രം പിരിച്ചുവിട്ടത്രെ. ഞാന്‍ പോവില്ല, എനിക്ക് ജീവിക്കാന്‍ വേറെ മാർഗമില്ലെന്ന് അയാള്‍ കരഞ്ഞു പറഞ്ഞുവത്രെ. പിന്നേയും 'മാധ്യമ'ത്തിലെത്തി ജോലിയെടുത്തുവത്രെ. എന്നാ ശരി, പിരിച്ചുവിട്ട കാര്യം മാനേജ്മെന്‍റും വിട്ടുവേത്ര. ഒന്നും സംഭവിക്കാത്തപോലെ അയാള്‍ക്കുള്ള ശമ്പളവും തുടര്‍ന്നത്രെ.

നല്ല ദിവസം നോക്കി അടുത്തയാഴ്ച ജോയന്‍റ് ചെയ്ത ഞാന്‍ മാഗസിന്‍ എഡിറ്ററുടെ കസേരയില്‍ ചെന്നിരുന്ന് ഒന്നാമതായി ചെയ്തത് ആഴ്ചപ്പതിപ്പിലേക്ക് കഥ ചോദിച്ച് എം.ടിക്ക് എഴുതുകയായിരുന്നു. ഇതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് എം.ടി. വാസുദേവന്‍ നായരുടെ കൈവര്‍ക്കത്തിനെക്കുറിച്ചുള്ള വിശ്വാസം തന്നെ. അദ്ദേഹം നടത്തിയ എന്‍റെ ആദ്യത്തെ പുസ്തകപ്രകാശനമാകട്ടെ, അദ്ദേഹം പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ നോവലാകട്ടെ ശരിക്കും ക്ലച്ചുപിടിച്ചിരുന്നു. അനുഷ്ഠാനംപോലെ എം.ടിക്കുള്ള കത്തെഴുതി പോസ്റ്റ് ചെയ്തുവന്ന ഉടന്‍ ഇറങ്ങാനിരിക്കുന്ന ആഴ്ചപ്പതിപ്പിലേക്ക് രചനകള്‍ ചോദിച്ചുകൊണ്ട് സീനിയേഴ്സും ജൂനിയേഴ്സുമായ മറ്റു എഴുത്തുകാര്‍ക്കും ഞാന്‍ കത്തയച്ചു. കത്ത് കിട്ടാനുള്ള ഏതാനും ദിവസം അനുവദിച്ചശേഷം പിറകെപ്പിറകെ ഓരോരുത്തരെയായി ഫോണ്‍വിളിയും തുടങ്ങി. പുതിയൊരു രംഗത്തേക്കുള്ള ചുവടുവെപ്പാണല്ലോ. എന്നിലെ ടെന്‍ഷനും ബദ്ധപ്പാടും ഇരിക്കപ്പൊറുതിയില്ലായ്മയും 'മാധ്യമം' കുടുംബാംഗങ്ങളെ കൗതുകപ്പെടുത്തിയെന്ന് തോന്നി. എഡിറ്റോറിയല്‍ ഹാളിലേക്ക് കടക്കുമ്പോഴേക്ക് അബ്ദുറഹ്മാന്‍ സാഹിബ് പാല്‍പ്പുഞ്ചിരിയൊഴുക്കി. അസോസിയേറ്റ് എഡിറ്ററുടെ കാബിനിലേക്ക് വിളിച്ചുവരുത്തി ഒ. അബ്ദുല്ല സാഹിബ് തമാശകള്‍ പൊട്ടിച്ചു. ഇരട്ടപെറ്റ സോദരനെപ്പോലെയായിരുന്നു സദാസമയവും പാറക്കടവിന്‍റെ കൂട്ട്. ജമാല്‍ കൊച്ചങ്ങാടിയാണെങ്കിലും ടി.പി. ചെറൂപ്പയാണെങ്കിലും എന്നോട് പ്രോത്സാഹനവചനങ്ങളോതി. യാസീന്‍ അശ്റഫ്, അസൈന്‍ക്ക തുടങ്ങിയവരും കാണുന്ന മാത്രയില്‍ പ്രസന്നവദനരായി. ഏതോ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വി.കെ. ഹംസ സാഹിബ് നിര്‍ത്താത്ത ചിരിയോടെയാണ് എന്നെ കെട്ടിപ്പിടിച്ചത്. പുതുപെണ്ണിന്‍റെ സുഖവിവരമന്വേഷിക്കാന്‍ കെട്ടിച്ചുകൊടുത്ത വീട്ടിലേക്ക് വരുന്ന വല്യുപ്പയെ അനുസ്മരിപ്പിച്ച് കുഞ്ഞാമുവും ഇടക്കിടെ ഓഫിസില്‍ വന്നു കണ്ടു.

മാധ്യമം പത്രത്തിന്‍റെ സവിശേഷതകളും ജമാല്‍ക്കയും പാറക്കടവും കൂടി പുറത്തിറക്കിയിരുന്ന ഇടിവെട്ട് വാര്‍ഷികപ്പതിപ്പുകളും ഭാഗ്യവശാല്‍ എനിക്ക് നല്ല മൂലധനമായി ഭവിച്ചു. ഒ.വി. വിജയന്‍, എം. മുകുന്ദന്‍, ആനന്ദ്, സേതു എന്നിങ്ങനെ ആധുനികരില്‍നിന്നും എന്‍റെ തലമുറയില്‍നിന്നും പുതുമുറക്കാരില്‍നിന്നും വലിയ പ്രതികരണങ്ങളും സഹായവാഗ്ദാനങ്ങളുമാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിൽ കവിഞ്ഞ ചില കാര്യങ്ങളും മാധ്യമം ആഴ്ചപ്പതിപ്പിന് കിട്ടിയ പരിഗണനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പിറകെ ഞാന്‍ മനസ്സിലാക്കി. ഓഫിസ് വിട്ട് ചേവായൂരിലേക്ക് മടങ്ങുമ്പോള്‍ ഒരു ദിവസം തിക്കോടിയന്‍ മാഷുടെ വീട്ടില്‍ കയറിച്ചെന്നതായിരുന്നു. എന്‍റെ കത്ത് നേരത്തേ കിട്ടിയ അദ്ദേഹം പരിഭ്രമത്തോടെയാണ് പെരുമാറിയത്. റിട്ടയര്‍മെന്‍റ് തന്നെയാണോ താന്‍ എടുത്തത് അതോ ലോങ് ലീവോ എന്ന് കനത്ത ശബ്ദത്തില്‍ ചോദിച്ചു. റിട്ടയര്‍മെന്‍റ് തന്നെയെന്ന് ഉറപ്പിച്ചതും ആ മുഖം കുറച്ചുകൂടി ഇരുണ്ടു. ചായ തന്ന്, തനിക്ക് വേണ്ടി ഒരു സാധനം എഴുതാന്‍ കലശലായി ചിന്തിക്കുകയാണെന്ന് പറഞ്ഞ്, പുറത്തുഴിഞ്ഞ് എന്നെ പറഞ്ഞയച്ചു. അച്ഛനില്ലാത്ത, ഉപദേശിക്കാന്‍ കൂടപ്പിറപ്പില്ലാത്ത, ഞാന്‍ നല്ലൊരു ജോലി കൊണ്ടക്കളഞ്ഞ് ജീവിതം ദുരന്തത്തിലാഴ്ത്തുമോയെന്ന് തിക്കോടിയന്‍ മാഷ് വല്ലാതെ ഭയപ്പെട്ടിരുന്നുവത്രെ. അങ്ങനെ ദുരന്തനിവാരണാർഥം, ആഴ്ചപ്പതിപ്പ് പൂട്ടിപ്പോയി എന്‍റെ പുതുജോലി കൂടി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അദ്ദേഹം എടുത്ത പണിയാണ് 'മടക്കയാത്ര' എന്ന നോവലായി പിന്നീട് 'മാധ്യമ'ത്തില്‍ പ്രത്യക്ഷപ്പെട്ടത്.

മാധ്യമം വാരിക എന്നാക്കാം പുത്തന്‍ പ്രസിദ്ധീകരണത്തിന്‍റെ പേരെന്ന് ഓഫിസിലെ പലരും അഭിപ്രായപ്പെട്ടെങ്കിലും മാധ്യമം ആഴ്ചപ്പതിപ്പ് എന്ന നാമധേയത്തോട് കടുത്ത ആസക്തി എനിക്ക് അനുഭവപ്പെട്ടു. എഴുതിത്തുടങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിനോടുള്ള കാമുകഭാവത്താലാകാം.

''ആഴ്ചപ്പതിപ്പ് എന്നാണോ രാമനുണ്ണി പറയുന്നത്, എന്നാല്‍ ആഴ്ചപ്പതിപ്പാക്കിക്കളയാം.''

അതിലളിതം തീരുമാനമെടുത്ത അബ്ദുറഹ്മാന്‍ സാഹിബിന്‍റെ നെറ്റിയിലെ നിസ്കാരത്തഴമ്പ് ഇതൊന്നുമല്ല വലിയ കാര്യമെന്നും മന്ത്രിച്ചു.

പേരല്ലല്ലോ, ഉള്ളടക്കമാണല്ലോ ഒരു പ്രസിദ്ധീകരണത്തിന്‍റെ പെരുമ. മാധ്യമം ആഴ്ചപ്പതിപ്പിനെ വേറിട്ടതാക്കാന്‍ മാധ്യമം കുടുംബം മൊത്തത്തില്‍ തല പുകച്ചു. ആ ചൂടും ശ്വാസംമുട്ടും സർവാത്മനാ ഞാന്‍ ഏറ്റെടുത്തു. രാത്രി വൈകുംവരെ ഓഫിസിലിരുന്ന് എഴുത്തുകാരെ ബന്ധപ്പെട്ടു. വീട്ടിലെത്തിയാലും ആലോചിച്ചാലോചിച്ച് നടന്നു. അല്ലാ, ബാങ്കില്‍നിന്ന് പോന്നിട്ട് ആവലാതി കൂടുകയാണല്ലോ ചെയ്തതെന്ന് അമ്മയും രാജിയും അസ്വസ്ഥരായി.

മാതൃഭൂമി, കലാകൗമുദി, ഭാഷാപോഷിണി, ദേശാഭിമാനി, മനോരമ, മംഗളം തുടങ്ങിയ വാരികകള്‍ കാണാതെപോകുന്ന വിഷയങ്ങള്‍ ആവിഷ്കരിക്കലാണ് മാധ്യമം ആഴ്ചപ്പതിപ്പിനെ വേറിട്ടതാക്കാനുള്ള ഒരു വഴിയെന്ന പൊതുസമീപനം എല്ലാവരും അംഗീകരിച്ചിരുന്നു. അങ്ങനെയാണ് പരിസ്ഥിതി, കീഴാളജീവിതം, സാമ്രാജ്യത്വവിരുദ്ധത, പൈങ്കിളിവിരുദ്ധത, ശരീര അഴകിന് പകരം മനസൗന്ദര്യം എന്നീ മുന്‍ഗണനകളിലേക്ക് ആനുകാലികം എത്തിച്ചേര്‍ന്നത്. സാഹിത്യത്തിലെ ലൈംഗികതയെ എന്തുചെയ്യുമെന്ന പൊതിയാത്തേങ്ങ പലപ്പോഴും ചര്‍ച്ചക്കിടയില്‍ ഉരുണ്ടുകളിച്ചു. ജമാഅത്തെ ഇസ്‍ലാമിയാണല്ലോ 'മാധ്യമ'ത്തിന്‍റെ മുരട്. പ്രശ്നമുയരുമ്പോഴെല്ലാം അബ്ദുറഹ്മാന്‍ സാഹിബും ഇംഗ്ലീഷ് പ്രഫസറായ യാസീന്‍ അശ്റഫും രസച്ചിരി തൂകി. ഇസ്‍ലാം ലൈംഗികവിരുദ്ധ പ്രസ്ഥാനമല്ലല്ലോ എന്ന ചിന്തയായിരിക്കാം അവരുടെ ചിരിയെ നുരപ്പിച്ചത്.

ഏതോ ദിവസം എഡിറ്റോറിയല്‍ ഹാളിലൂടെ കുതിക്കുമ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബ് എന്നെ കൈയുയര്‍ത്തിക്കാണിച്ച് വിളിച്ചു. എഴുത്തുകുത്തുകളെല്ലാം മാറ്റിവെച്ച് സ്വസ്ഥമായി ഇരുന്നു. ചായ പറഞ്ഞു. മാഗസിന്‍ എഡിറ്റര്‍ക്ക് പുറമെ ആഴ്ചപ്പതിപ്പിന് ഒരു ചീഫ് എഡിറ്റര്‍ നല്ലതായിരിക്കില്ലേയെന്ന ആലോചന വന്നിട്ടുണ്ടെന്നും രാമനുണ്ണിയുടെ അഭിപ്രായം എന്താണെന്നും ചോദിച്ചു. മാതൃഭൂമിയെ എം.ടി. വാസുദേവന്‍ നായര്‍, കലാകൗമുദിയെ ജയചന്ദ്രന്‍ നായര്‍ എന്നീ ഘടാഘടിയന്മാര്‍ നയിക്കുമ്പോള്‍ വെറും നാല്‍പതു വയസ്സുള്ള ജൂനിയര്‍ തത്തുല്യമായ ഞാൻ ആഴ്ചപ്പതിപ്പിന്‍റെ സാരഥ്യം വഹിക്കുന്നത് കടുപ്പമല്ലേ. മാധ്യമം ആഴ്ചപ്പതിപ്പിന് ചീഫ് എഡിറ്റര്‍കൂടി ഉണ്ടാകുന്നതാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ ഞാന്‍ വളരെ നല്ല ആശയമെന്ന് പ്രതികരിച്ചു.

''എന്നാല്‍ രാമനുണ്ണി തന്നെ പറ്റിയ ചീഫ് എഡിറ്ററെ കണ്ടുപിടിച്ചാട്ടെ. മാഗസിന്‍ എഡിറ്ററുമായി ഒത്തുപോകുന്ന ചീഫ് എഡിറ്ററാകണമല്ലോ.''

ഒരു പേഴ്സനല്‍ അസിസ്റ്റന്‍റിനെയോ പ്യൂണിനെയോ കണ്ടുപിടിക്കാന്‍ ആവശ്യപ്പെടുന്നവിധത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ് സംസാരിച്ചു. എന്‍റെ കണ്ണു തള്ളിപ്പോയി. ജേണലിസരംഗത്ത് പുതുക്കക്കാരനാണെങ്കിലും ഇരുപത് വര്‍ഷം സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്ത എനിക്ക് സ്ഥാപനങ്ങളിലെ നിയമനശാസ്ത്രത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. കീഴ് ജീവനക്കാരെയല്ലാതെ മേലുദ്യോഗസ്ഥരെ തിരഞ്ഞെടുക്കാന്‍ ഭൂലോകത്ത് ഒരു സ്ഥാപനവും ഏത് സ്ഥാനത്തുള്ളവര്‍ക്കും സ്വാതന്ത്ര്യം നല്‍കാറില്ല. ഇത് ലെവല് വേറെയാണെങ്കില്‍ അതിനെ ഗുണപ്രദമായി ഉപയോഗിക്കാന്‍ വേണ്ടി ഞാന്‍ എം.വി. ദേവന്‍റെ പേര് നിർദേശിച്ചു. അബ്ദുറഹ്മാന്‍ സാഹിബിന് നന്നായി ബോധിച്ചു. പക്ഷേ ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന ദേവന്‍ മാഷ് പത്രത്തിന്‍റെ ക്ഷണം നിരസിക്കുകയാണുണ്ടായത്. പുതിയ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ തരിമ്പും അനുവദിച്ചിരുന്നില്ല. പത്ത് പ്രാവശ്യമെങ്കിലും ഫോണിലും രണ്ടു തവണയെങ്കിലും നേരിട്ടുചെന്നും കൈയും കാലും പിടിച്ചെങ്കിലും എന്‍റെ ദൗത്യം വിജയിച്ചില്ല. എം.വി. ദേവന്‍ വഴങ്ങുന്നില്ലെന്ന വിഷയം അബ്ദുറഹ്മാന്‍ സാഹിബിന്‍റെയും ഹംസ സാഹിബിന്‍റെയും അടുക്കലെത്തി. അപ്പോഴാണ് എന്നാല്‍ സി. രാധാകൃഷ്ണനായാലോ എന്ന് ഹംസ സാഹിബ് ചോദിച്ചത്. ഞാന്‍ പൂർണമായി യോജിച്ചു. ഒട്ടും വൈകാതെയായിരുന്നു ഞാനും പാറക്കടവുംകൂടി സി. ആറിനെ ചമ്രവട്ടത്ത് പോയിക്കണ്ടതും കത്തുകൊടുത്തതും ആഴ്ചപ്പതിപ്പിന്‍റെ ചീഫ് എഡിറ്ററായി അദ്ദേഹം ചാർജെടുത്തതും.

ആഴ്ചപ്പതിപ്പ് ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിച്ച സമയം അടുത്തടുത്ത് വന്നതിനാല്‍ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും മുറുകിത്തുടങ്ങി. പല എഴുത്തുകാരുടെയും മാറ്ററുകള്‍ കിട്ടിക്കൊണ്ടിരുന്നു. ആദ്യ ലക്കത്തിലേക്ക് തന്നെ എം.ടി കഥ തരാമെന്ന് ഏറ്റുകഴിഞ്ഞു. തിക്കോടിയന്‍ മാഷുടെ 'മടക്കയാത്ര' എന്ന നോവല്‍ അതിവേഗം പൂര്‍ത്തീകരിക്കപ്പെടുന്ന വിവരം ലഭിച്ചു. അലി സര്‍ദാര്‍ ജാഫരി, അക്കിത്തം, റഫീക്ക് അഹമ്മദ് എന്നിങ്ങനെ വ്യത്യസ്ത പരിതോവസ്ഥകളിലുള്ള കവികളുടെ രചനകളും ആദ്യ ലക്കത്തിനായി എടുത്തുവെച്ചു. എൻറോണിനെക്കുറിച്ച് അനില്‍ കുരുടത്തിന്‍റെയും ആംഗ്യഭാഷയെക്കുറിച്ച് മേതിലിന്‍റെയും ലേഖനങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തു. മാധവിക്കുട്ടിയുടെ സ്മരണക്കും സുന്ദര്‍ സരുക്കായിയുമായി എം.വി. നാരായണന്‍ നടത്തിയ അഭിമുഖത്തിനും പ്രഥമ പരിഗണന കൊടുത്തു. ആനുകാലിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ആശയവും സ്വീകരിക്കപ്പെട്ടിരുന്നു. പിന്നെ സിനിമ, കലാരംഗം, കുറച്ച് പംക്തികള്‍ എല്ലാം വേണം. ഓരോ ലക്കത്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടായിരിക്കണമെന്ന് ചീഫ് എഡിറ്റര്‍ നിർദേശിച്ചു. വിവിധ അഭിരുചികള്‍ തൃപ്തിപ്പെടുത്തുന്ന പാചകകലകൂടിയാണല്ലോ പീരിയോഡിക്കല്‍ ജേണലിസം.

മാധ്യമം ആഴ്ചപ്പതിപ്പ് ഇതാ മഷിപ്പെടാന്‍ പോകുന്നു എന്ന അവസരത്തില്‍ എഡിറ്റോറിയല്‍ ടീമിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. മൊയ്തു വാണിമേല്‍, കമല്‍റാം സജീവ്, ഫൈസ് ബാബു, ദേവദാസ് എന്നിവര്‍ എനിക്കും പാറക്കടവിനും ഒപ്പം വന്നുചേര്‍ന്നു. വ്യത്യസ്ത വീക്ഷണഗതികളും ആശയങ്ങളും വേവുന്ന ചുട്ടുപഴുത്ത അടുക്കളയായി വീക്കിലി എഡിറ്റോറിയല്‍ പരിണമിച്ചു. എഴുത്തുകാരുടെയും വായനക്കാരുടെയും ഭാഗത്തുനിന്ന് കഠിനമായ ആശയസമ്മർദങ്ങള്‍ സംജാതമായി. കടുത്ത സമരകാലത്ത് പോലും ബാങ്കില്‍ സംഭവിക്കാത്തവിധം വീക്കിലിയുടെ മേന്‍ഡെ ബുക്ക് സദാസമയവും ടാലിയാകാതെ കിടക്കുന്നത് കണ്ട് മാഗസിന്‍ എഡിറ്ററായ ഞാന്‍ പരിഭ്രാന്തനായി. എല്ലാ ചിന്താഗതികളെയും തുറസ്സായും നിസ്സംഗമായും പരിചരിച്ച് വേണ്ടത് വേണ്ട അളവില്‍ സ്വീകരിക്കാന്‍ കറുപ്പും വെളുപ്പുമായി മാത്രം കാര്യങ്ങള്‍ കണ്ട് ശീലിച്ച എന്നിലെ ട്രേഡ് യൂനിയനിസ്റ്റിന് പ്രയാസമായിരുന്നു.

വീക്കിലി ലോഞ്ചിങ് ഡേ എത്തിയപ്പോഴേക്ക് ഞാന്‍ പനി പിടിച്ചപോലെ പരവശനായി കാണപ്പെട്ടു. ഒടുക്കം വി.കെ. ഹംസയുടെ 'അര്‍പ്പണ'ത്തോടെയും സി. രാധാകൃഷ്ണന്‍റെ 'തുടക്ക'ത്തോടെയും മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങി. എന്നാല്‍ ഉള്ളടക്കം വിടരും മുമ്പ് തന്നെ വേറിടലിന്‍റെ ഇടിമുഴക്കം സഹൃദയലോകത്ത് കേള്‍പ്പിച്ചത് റസാഖ് കോട്ടക്കല്‍ സമ്മാനിച്ച മുഖചിത്രമായിരുന്നു. വൃദ്ധ ദൈന്യത്തിന്‍റെ മൂന്ന് കാതരഭാവങ്ങള്‍ പ്രോജ്ജ്വലിപ്പിച്ച, ഇന്നേവരെ വീക്കിലി ജേണലിസത്തിന് സങ്കല്‍പ്പിക്കാനാകാത്ത ഫ്രണ്ട് കവര്‍. കവറിന് പുറത്ത് എം.ടിയുടെയും തിക്കോടിയന്‍റെയും സുകൃതചിത്രങ്ങള്‍, മാധവിക്കുട്ടി, മേതില്‍, ജാഫരി എന്നീ സുവർണലിഖിതങ്ങള്‍, കാലികത വിളിച്ചോതുന്ന തിരഞ്ഞെടുപ്പിനെയും എൻറോണിനെയും അധികരിച്ച ശീര്‍ഷകങ്ങള്‍, ഹാ, ഒരു മാഗസിന്‍ എഡിറ്റര്‍ക്ക് ആനന്ദലബ്ധിക്കിനി എന്തുവേണം. ചീഫ് എഡിറ്റര്‍ സി. രാധാകൃഷ്ണനും സംതൃപ്തനായിരുന്നു.

ഊഷ്മളപ്രതികരണങ്ങളില്‍ കുറച്ചുനേരം രമിച്ചിരുന്നെങ്കിലും പൊടുന്നനെ ഞാന്‍ ഞെട്ടിവിറച്ചു. അല്ലാ, അടുത്താഴ്ചയും പോരാ എല്ലാ ആഴ്ചയും ഈ സാധനം പുറത്തിറക്കേണ്ടേ? തീപ്പിടിച്ചപോലെ അയച്ചുകിട്ടിയ മാറ്ററുകളുടെ എഡിറ്റിങ്ങിലേക്ക് എടുത്തുചാടി. ദിവസങ്ങളെ പിരിച്ചുമുറുക്കിക്കൊണ്ട് ഓരോ ലക്കവും സൃഷ്ടിക്കപ്പെട്ടു. പാറക്കടവ്, മൊയ്തു വാണിമേല്‍, ഫൈസ് ബാബു തുടങ്ങിയവരുടെ സജീവ സഹകരണമില്ലായിരുന്നെങ്കില്‍ തകര്‍ന്ന് തരിപ്പണമാകുന്ന അവസ്ഥയിലായിരുന്നു മാഗസിന്‍ എഡിറ്റര്‍. അഞ്ചെട്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. എന്നെപ്പോലെ ഒരുവന് ആഴ്ചപ്പതിപ്പിന്‍റെ മാഗസിന്‍ എഡിറ്ററും കഥാകാരനുമായി ഒന്നിച്ച് തുടരാന്‍ സാധ്യമല്ല. ബാങ്ക് ഓഫിസറും എഴുത്തുകാരനുമായി ഒന്നിച്ച് തുടരാന്‍ സാധ്യമല്ലാതിരുന്ന തരത്തില്‍തന്നെ.

നിമിത്തമെന്നപോലെ എം.ടിയെ കാണാന്‍ പെട്ടെന്ന് അവസരം വന്നുചേര്‍ന്നു. കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കിയപ്പോള്‍ എം.ടി ഇങ്ങനെ പറഞ്ഞു:

''തുഞ്ചന്‍ സ്മാരകത്തിന് അഡ്മിനിസ്ട്രേറ്ററായി എനിക്ക് ഒരാളെ ഉടനെ വേണം. രാമനുണ്ണി വന്ന് ജോയന്‍റ് ചെയ്യൂ. അവിടെ ഇത്ര ടെന്‍ഷന്‍ ഉണ്ടാവില്ലല്ലോ.''

നാവനങ്ങിയില്ലെങ്കിലും ഇപ്പൊ വരാം എന്ന ശരീരഭാഷയോടെ ഞാന്‍ കൊട്ടാരം റോട്ടിലെ സിത്താരയില്‍നിന്നിറങ്ങി. ഓട്ടോ പിടിച്ച് നേരെ ചേന്ദമംഗലൂരിലേക്ക് വിട്ടു. കഴിയുംവേഗം ആഴ്ചപ്പതിപ്പില്‍നിന്ന് പിരിഞ്ഞുപോകണമെന്ന എന്‍റെ ആവശ്യം കേട്ട് അബ്ദുറഹ്മാന്‍ സാഹിബ് അത്ഭുതപ്പെട്ടു. രണ്ടു വര്‍ഷംകൂടിയെങ്കിലും രാമനുണ്ണിക്ക് തുടര്‍ന്നൂടേയെന്ന് വാത്സല്യപൂർവം അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ വിതുമ്പി. പിന്നെ ചീഫ് എഡിറ്റര്‍ സി. രാധാകൃഷ്ണന്‍റെയും സഹ എഡിറ്റര്‍ സുഹൃത്ത് പാറക്കടവിന്‍റെയും മുന്നില്‍ വിഷയം അവതരിപ്പിച്ചു.

തിരക്കുപിടിച്ച താവഴിവീട്ടില്‍നിന്ന് സ്വന്തക്കാരനെ തറവാട്ടുസ്വസ്ഥതയിലേക്ക് യാത്രയാക്കുന്ന സ്നേഹോഷ്മളതയായിരുന്നു 'മാധ്യമ'ത്തില്‍നിന്ന് എനിക്ക് ലഭിച്ച യാത്രയയപ്പിന്. അതെ, ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാളത്തിന്‍റെ അക്ഷരത്തറവാട് തുഞ്ചന്‍ പറമ്പാണല്ലോ. ചടങ്ങില്‍ പങ്കെടുത്ത സകലരും എന്നെ ഹൃദയത്തോട് ചേർത്തുപിടിച്ച് സംസാരിച്ചു.

ആഴ്ചപ്പതിപ്പില്‍ എന്‍റെ കൈകാര്യസ്ഥാനത്ത് പിന്നീട് കമല്‍റാം സജീവ്, പി.ടി. നാസർ, കെ. കണ്ണൻ, വി.എ. കബീര്‍, പി.കെ. പാറക്കടവ്, മുസഫര്‍ അഹമ്മദ്, ആര്‍.കെ. ബിജുരാജ് എന്നിവരാണ് വന്നുചേര്‍ന്നത്. പി.ഐ. നൗഷാദ് ഇപ്പോള്‍ മൊത്തം പീരിയോഡിക്കല്‍സിന്‍റെ സാരഥ്യവും വഹിക്കുന്നു. 'മാധ്യമ'ത്തിലെ വിവിധ സാരഥികള്‍ സ്വന്തക്കാരനോടുള്ള അവകാശവീറോടെയാണ് എന്നോട് എഴുത്തുകള്‍ ആവശ്യപ്പെടാറുള്ളത്. കഥകളും സ്മരണകളും ലേഖനങ്ങളും നോവലുമായി ഞാന്‍ 'മാധ്യമ'ത്തിന്‍റെ താളുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയില്‍ പി.കെ. പാറക്കടവ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ദൈവത്തിന്‍റെ പുസ്തകം -നബിഭാഗവും വി.എം. ഇബ്രാഹീം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്‍ലിംകളോടും ഒരു വിശ്വാസി'യും പ്രത്യേകം ഓര്‍ക്കേണ്ടതാണെന്ന് തോന്നുന്നു. നബിയുടെ ജീവിതം ആവിഷ്കരിക്കുന്ന, അങ്ങേയറ്റം വിവാദസാധ്യതയുള്ള ദൈവത്തിന്‍റെ പുസ്തകം വി.എ. കബീറിന്‍റെയും മറ്റും മാർഗോപദേശത്തോടെ അത്യന്തം സൂക്ഷ്മത പുലര്‍ത്തിയാണ് പാറക്കടവ് പ്രസിദ്ധീകരിച്ചത്. സഹ എഴുത്തുകാരോട് എഡിറ്റര്‍, എഴുത്തുകാരന്‍ പുലര്‍ത്തേണ്ട സ്നേഹപരിഗണനകള്‍ക്ക് മാതൃകയായിരുന്നു 'മാധ്യമ'ത്താളിലെ ദൈവത്തിന്‍റെ പുസ്തകത്തിന്‍റെ കിടപ്പ്. വളരെ ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ ഭാഗത്തിന് ലഭിച്ച പ്രതികരണങ്ങളെല്ലാം പരമാവധി ഉച്ചത്തില്‍ പാറക്കടവ് കൊടുക്കുകയും ചെയ്തു. മുന്‍കൂര്‍ പരസ്യത്തോടെ എഡിറ്റ് പേജില്‍ വി.എം. ഇബ്രാഹീം പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്‍ലിംകളോടും ഒരു വിശ്വാസി' എന്ന ലേഖനം വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചു. ഭീഷണിക്കത്തിലും തുടര്‍ന്നുള്ള പൊലീസ് െപ്രാട്ടക്ഷനിലും അത് കലാശിച്ചു. ഇബ്രാഹീമും മൊത്തം 'മാധ്യമ'വും എന്‍റെ കൂടെനിന്നു. പൊലീസ് സുരക്ഷാനുഭവത്തെക്കുറിച്ച് മുസഫര്‍ അഹമ്മദ് ഒരു ലേഖനം ചോദിച്ചുവാങ്ങി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സത്യത്തില്‍ ഞാന്‍ എന്താണ് 'മാധ്യമ'ത്തിന് കൊടുത്തത്, 'മാധ്യമം' എന്താണ് എനിക്ക് നല്‍കിയത്? ആത്മാർഥത മാത്രമാണ് 'മാധ്യമ'ത്തിന് കൊടുക്കാന്‍ എന്‍റെ പക്കല്‍ ഉണ്ടായതെങ്കില്‍ അക്ഷരലോകപ്രകൃതത്തെക്കുറിച്ച് ആഴമുള്ള പഠിപ്പ് 'മാധ്യമം' എന്നിലേക്ക് പകര്‍ന്നു. ബാങ്കിലേത് പോലെയല്ല കാര്യം, ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടല്ല ഇവിടെ ഉത്തരമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എഴുത്തുകാരോടും ജേണലിസ്റ്റുകളോടും വായനക്കാരോടും സാംസ്കാരിക പ്രവര്‍ത്തകരോടും വിവേകപൂർവം ഇടപഴകാന്‍ ആകാശത്തുനിന്ന് ഇടിച്ചിറങ്ങിയ ആ സൈന്‍ബോര്‍ഡ് എന്നെ പരമാവധി സഹായിച്ചിട്ടുണ്ട്.

Tags:    
News Summary - kp ramanunni about madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.