നാടകപ്രവർത്തകനായും ചാനൽ അവതാരകനായും നിറഞ്ഞുനിന്ന ബിയാർ പ്രസാദ് അന്തരിച്ചു. മലയാള സിനിമയിൽ ജനപ്രിയ ഗാനങ്ങൾ എഴുതിയ പ്രതിഭകളിലൊരാളായിരുന്നു അദ്ദേഹം. രോഗബാധിതനായി വിശ്രമത്തിൽ കഴിയവേ മാധ്യമം ആഴ്ചപ്പതിപ്പുമായി അദ്ദേഹം നടത്തിയ ദീർഘ സംഭാഷണമാണിത്. ലക്കം 1239 പ്രസിദ്ധീകരിച്ചത്.
‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ബിയാർ പ്രസാദ് എന്ന ഗാനരചയിതാവിനെ മലയാളികൾ അറിയുന്നത്. ‘‘കേരനിരകളാടുന്നൊരു ഹരിതചാരുതീരം’’ പോലുള്ള ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ പതിഞ്ഞു. അതിനുമുമ്പ് അദ്ദേഹം ചാനൽ അവതാരകനായും നാടകപ്രവർത്തകനായും കേരളത്തിൽ നിറഞ്ഞുനിന്നു. ‘പാതിരാമണൽ’, ‘സ്വർണം’, ‘വീരാളിപ്പട്ട്’, ‘ബംഗ്ലാവിൽ ഒൗത’, ‘ഹായ്’, ‘ക്യാംപസ്’, ‘ഞാൻ സൽപ്പേര് രാമൻകുട്ടി’, ‘വാമനപുരം ബസ്റൂട്ട്’, ‘െവട്ടം’, ‘മഹാസമുദ്രം’, ‘ഇവർ’, ‘ലങ്ക’, ‘ഒരാൾ’, ‘കുഞ്ഞളിയൻ’ തുടങ്ങിയ ചിത്രങ്ങൾക്കും നിരവധി സീരിയലുകൾക്കും ആൽബങ്ങൾക്കുവേണ്ടിയും പ്രസാദ് പാട്ടുകളെഴുതി. സിനിമാഗാനങ്ങളിലും കഥകളി സംഗീതത്തിലും മലയാളസാഹിത്യത്തിലും കർണാടക സംഗീതത്തിലെ രാഗപദ്ധതിയിലും സ്വന്തമായി നടത്തിയ ഗവേഷണങ്ങളും കണ്ടെത്തലുകളും അദ്ദേഹത്തെ അടുത്തറിയുന്ന സുഹൃത്തുക്കൾക്ക് മാത്രമേ അറിയൂ. നിരവധി മേഖലകളിൽ കൈെവച്ച്, സഹൃദയസദസ്സുകളിൽ നിറഞ്ഞുനിന്ന ബിയാർ പ്രസാദ് ഇപ്പോൾ വൃക്കരോഗം ബാധിച്ച് കുട്ടനാട്ടിലെ വീട്ടിൽ വിശ്രമത്തിലാണ്. ശരീരത്തിെൻറ അവശതകൾ മറന്ന് സംഗീത-ഗാന ഗേവഷണത്തിൽ മുഴുകി കഴിയുകയാണ് അേദ്ദഹമിപ്പോൾ.
സാഹിത്യത്തിലും സംഗീതത്തിലും ഗാനമേഖലയിലും സ്വന്തമായ ചില കണ്ടെത്തലുകൾ നടത്തുകയും ഗാനരചയിതാവായി അറിയപ്പെടുകയും ചെയ്ത താങ്കളുടെ ഇത്തരം മേഖലകളിലെ പ്രവേശനം എങ്ങനെയായിരുന്നു എന്ന് വിശദമാക്കാമോ?
അച്ഛൻ ബാലകൃഷ്ണപ്പണിക്കർ ക്ഷേത്രത്തിലെ വാദ്യകലാകാരനായിരുന്നു. സോപാനസംഗീതം പാടും, കളമെഴുത്ത് കലാകാരനുമായിരുന്നു. അതാണ് എന്നെ പാടാനറിയില്ലെങ്കിലും സംഗീതലോകത്തേക്ക് അടുപ്പിച്ചത്. വായനയും സാഹിത്യവുമായിരുന്നു എെൻറ േലാകം. അച്ഛൻ കല്യാണം കഴിച്ച ശേഷമാണ് അമ്മയെ മലയാളം വിദ്വാന് പഠിപ്പിക്കാനയച്ചത്. എനിക്കന്ന് മൂന്നരവയസ്സ് പ്രായം. അമ്മ എന്നെയുംകൊണ്ടാണ് പഠിക്കാൻ പോയിരുന്നത്. ഞാൻ അത് കേട്ടിരിക്കും. അങ്ങനെ ചെറുപ്രായത്തിൽതന്നെ മലയാളസാഹിത്യവുമായി അടുപ്പമുണ്ടായി. അന്നുതന്നെ കുമാരനാശാെൻറ ‘വീണപൂവും’ മറ്റും ചൊല്ലാൻ പഠിച്ചു. അത് പിന്നീട് വായനയെ സ്വാധീനിച്ചു. നിരന്തരമായ വായനയായിരുന്നു കുട്ടിക്കാലം മുതൽ. കുറെ വർഷങ്ങളോളം വായനതന്നെ. പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും വായിച്ചു. അതുകൊണ്ട് മനസ്സിൽ സങ്കുചിതത്വം ഉണ്ടായില്ല. പിന്നീട് ‘ബൈബിൾ’ കാര്യമായി വായിച്ചു. കാത്തലിക് ബിഷപ് കൗൺസിലിെൻറ ബൈബിൾ നാടകരചനക്കുള്ള അവാർഡ് ’94ൽ എനിക്ക് കിട്ടി. ഇൗ അവാർഡ് ലഭിക്കുന്ന ഒരു ക്രിസ്ത്യാനി അല്ലാത്തയാൾ ഞാൻ മാത്രമായിരിക്കും. വായനയാണ് ബൈബിളിലേക്ക് അടുപ്പിച്ചത്. കുറെ കാലത്തിനുശേഷമാണ് ഖുർആൻ വായിക്കുന്നത്. ആദ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ‘ഇസ്ലാമിക ദർശനം’ എന്ന പുസ്തകം വായിച്ചിട്ടാണ് ഹദീസുകളെയും ആയത്തുകളെയും കുറിച്ച് പ്രാഥമിക അറിവ് കിട്ടിയത്. മതങ്ങൾ എന്ന ചട്ടക്കൂട് അതോടെ മനസ്സിൽനിന്ന് പോയി. ഇതിനോട് യോജിക്കാൻ കഴിയാത്ത ആളുകൾ അന്ന് നാട്ടിലുണ്ടായിരുന്നു. ചാവറയച്ചനെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രസംഗിച്ചത് ഞാനാണ്. അദ്ദേഹത്തിെൻറ കവിത വായിച്ചിട്ടായിരുന്നു അത്. ഞാൻ അതേക്കുറിച്ച് പ്രസംഗിച്ചതോടെ എല്ലായിടത്തും ക്ഷണിച്ചു.
നാടകമായിരുന്നു എെൻറ മറ്റൊരു േലാകം. മലയാളമാണ് െഎച്ഛികമായി പഠിച്ചത്, ആലപ്പുഴ എസ്.ഡി കോളജിൽ. അന്ന് നാടകരചനയും സംവിധാനവും തകൃതിയായി നടത്തി. അമച്വർ നാടകങ്ങളാണ് കൂടുതലും. സംഗീത നാടക അക്കാദമിയുടെ അവാർഡ് ഒരിക്കൽ ലഭിച്ചു. ‘മഹാഭാരത’ത്തിെൻറ അവസാനഭാഗത്ത് കൃഷ്ണെൻറ വൈകാരികസംഘർഷങ്ങൾ പറയുന്നതായിരുന്നു നാടകം. കൃഷ്ണനെ സാധാരണ മനുഷ്യനായാണ് ചിത്രീകരിച്ചത്. സ്കൂൾ ഒാഫ് ഡ്രാമയിൽ പോകണമെന്ന് ആഗ്രഹിച്ചെങ്കിലും വീട്ടിൽനിന്ന് വിട്ടില്ല. ടിയാനെൻമെൻ സ്ക്വയറിലെ കൂട്ടക്കൊലയെക്കുറിച്ച് അന്നൊരു നാടകം ചെയ്തിരുന്നു. ആലപ്പുഴ വട്ടയാൽ എന്ന സ്ഥലത്തെ ആദ്യ സ്റ്റേജിൽതന്നെ കല്ലേറും ജാഥയും മറ്റുമുണ്ടായി. അത്തരം നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു.
അടുത്തകാലത്ത് ഷഡ്കാല ഗോവിന്ദമാരാരെക്കുറിച്ച് ഒരു നാടകം ചെയ്തിരുന്നില്ലേ?
ഇത് വളരെ നാളുകൾക്ക് മുേമ്പ എഴുതിയ നാടകമാണ്. അത് അടുത്തകാലത്ത് വീണ്ടും അവതരിപ്പിച്ചിരുന്നു. അരമണിക്കൂർ ദൈർഘ്യമുള്ള അമച്വർ നാടകമായിരുന്നു ആദ്യമത്. ഇൗ നാടകത്തിന് ധാരാളം സമ്മാനങ്ങൾ ലഭിച്ചു. പിന്നീട് ആ നാടകം വിപുലീകരിച്ച് രണ്ടു മണിക്കൂറാക്കി സ്വാതിതിരുനാൾ സംഗീതസഭയുടെ മത്സരത്തിൽ അവതരിപ്പിച്ചു. അതിന് സമ്മാനം ലഭിച്ചു. ഗുപ്തൻ നായർ സാറായിരുന്നു ജഡ്ജിങ് കമ്മിറ്റി ചെയർമാൻ. അദ്ദേഹം ഗോവിന്ദമാരാരെക്കുറിച്ച് എഴുതിയത് വായിച്ചിട്ടാണ് ഞാൻ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോയത്.
ഗുപ്തൻ നായർ സാർ പിന്നീട് സന്തോഷ് ശിവെൻറ അച്ഛൻ ശിവനോട് ഇതേക്കുറിച്ച് പറഞ്ഞു. അദ്ദേഹം വിളിച്ചു. ഞാൻ തിരുവനന്തപുരത്തെത്തി തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്തു. എം.ടിയെെക്കാണ്ട് തിരക്കഥ എഴുതിക്കാം എന്നു പറഞ്ഞ് അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. എന്നാൽ, സംഗീതസംബന്ധിയായതിനാൽ ഞാൻ തന്നെ എഴുതിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മ എന്തെങ്കിലുമുണ്ടെങ്കിൽ തിരുത്തിത്തരാം എന്നും എം.ടി സാർ പറഞ്ഞു. തിരക്കഥ പൂർത്തിയാക്കിയെങ്കിലും ആ സബ്ജക്ട് ഇതുവരെയും നടന്നിട്ടില്ല. സന്തോഷ് ശിവൻ ഉൾപ്പെടെ ധാരാളം പേർ പലവട്ടം അനൗൺസ് ചെയ്തു. എന്നാൽ, സിനിമാമേഖലയുമായി അതെന്നെ അടുപ്പിച്ചു.
പഠനം കഴിഞ്ഞ് ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ലേ?
ഇല്ല. സർക്കാർ ജോലി വേണ്ട എന്നായിരുന്നു എെൻറ തീരുമാനം. പി.എസ്.സി പരീക്ഷ എഴുതിയിട്ടില്ല. ഒരിക്കൽ ദേവസ്വം ബോർഡിലെ ടെസ്റ്റ് മാത്രമേ എഴുതിയിട്ടുള്ളൂ, അച്ഛെൻറ നിർബന്ധം കാരണം. അച്ഛൻ ദേവസ്വം ബോർഡിലായിരുന്നു. എനിക്ക് ടെസ്റ്റിന് നാലാം റാങ്ക് ഉണ്ടായിരുന്നു. ദേവസ്വം ബോർഡിെൻറ പ്രസിഡൻറായിരുന്ന രാമൻ ഭട്ടതിരിപ്പാടാണ് ഇൻറർവ്യൂ ചെയ്യുന്നത്. രണ്ടുദിവസം മുമ്പ് ഞങ്ങൾ രണ്ടുേപരുംകൂടി ഒരു വേദിയിൽ പ്രസംഗിക്കാനുണ്ടായിരുന്നു. അതുകൊണ്ട് ഇൻറർവ്യൂ തന്നെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സെലക്ഷൻ ശരിയായി. എന്നാൽ, ജോലിക്ക് ഞാൻ പോകുന്നില്ല എന്നു പറഞ്ഞു. വീട്ടിൽ പ്രശ്നമുണ്ടായി. വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരെ വന്നു. പിന്നീട് പാരലൽ കോളജിൽ പഠിപ്പിക്കാൻ പോയി പന്ത്രണ്ടു വർഷത്തോളം. കൂടെ നാടകവും. ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതൽ കുറെ വർഷം അവിടെ പ്രവർത്തിച്ചു. ഇടക്ക് കഥകളിഭ്രമമുണ്ടായി, ഭ്രമം എന്നാൽ കളിഭ്രാന്ത്. കഥകളിയിൽ പാട്ടിെൻറ പുഷ്കലകാലമാണന്ന്. വെൺമണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി, ശങ്കരൻ എമ്പ്രാന്തിരി എന്നീ മൂന്നുേപർ നിറഞ്ഞുനിൽക്കുന്ന കാലം. ഇവർ എവിടെയുണ്ടെങ്കിലും പോകും. ഹൈദരാലിയുമായി വലിയ ആത്മബന്ധമായി പിന്നീട്. അേദ്ദഹത്തിെൻറ മരണം എന്നെ വല്ലാതെ ഉലച്ചു.
കഥകളി കണ്ട് അതിലെ താളം, രാഗം, സാഹിത്യം, മുദ്ര ഇതൊക്കെ പഠിക്കാൻ തുടങ്ങി. സമഗ്രമായ കലയാണ് കഥകളി. ഒരു വലിയ കൾച്ചറാണത്. താളങ്ങളുടെ ഗഹനത, ഒപ്പനമട്ടിൽ താളങ്ങളുടെ മാറ്റം, മോയിൻകുട്ടി വൈദ്യരുടെ കാലത്തെ അറബി വെങ്കല ഭാഷയുടെ പ്രത്യേകത ഇതൊക്കെ വലിയ ക്രേസ് ആയി. പിന്നീട് കൂടിയാട്ടം കാണലായി. ഇൗ താളേബാധം എന്നെ പാെട്ടഴുത്തിന് സഹായിച്ചു.
സാഹിത്യരചനകൾ നടത്തിയിട്ടില്ലേ?
ചില കവിതകളൊക്കെ വെറുതെ എഴുതുമെങ്കിലും അതൊന്നും പ്രസിദ്ധീകരിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. കാരണം കാളിദാസനെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെയും വള്ളത്തോളിനെയും പോലുള്ള കവികളുടെ രചനകളാണ് വായിക്കുന്നത്. അേപ്പാ നമ്മൾ എഴുതുന്നതൊന്നും കവിതകളല്ലെന്ന തോന്നൽ. 21ാം വയസ്സിൽ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു ആട്ടക്കഥ എഴുതി അത് അരങ്ങിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥകളി ക്ലബിെൻറ സ്വീകരണമൊക്കെ ലഭിച്ചു. അധ്യാപകരുടെയൊക്കെ അംഗീകാരം നേടി. എന്നാൽ, പുസ്തകമാക്കിയില്ല. നാടകങ്ങളും പുസ്തകമാക്കിയിട്ടില്ല. പിന്നീട് വൃത്തങ്ങെളക്കുറിച്ചു പഠിച്ചു. വാശി തീർക്കാൻ സംസ്കൃതത്തിലെ ‘വംശപത്രപതിതം’ തുടങ്ങിയ വൃത്തത്തിലൊക്കെ എഴുതി ശീലിച്ചു. ഒരു ശ്ലോകമേ ഇൗ വൃത്തത്തിൽ കണ്ടെത്തിയിട്ടുള്ളൂ. സംസ്കൃതവൃത്തമറിയുക എന്നാൽ കവിത എളുപ്പമായി. കാളിദാസനെയൊെക്ക വായിക്കുേമ്പാൾ പേടിയാണ് എഴുതാൻ. നാടകം എഴുത്ത് തുടർന്നു. ’82ൽ ഒരു നോവൽ കേരളഭൂഷണം പത്രത്തിൽ പ്രസിദ്ധീകരിച്ചു.
നാടകങ്ങൾ ചെയ്യുന്ന കാലത്ത് കാവാലവുമായി ബന്ധപ്പെട്ടിരുന്നില്ലേ?
അന്ന് എനിക്ക് കാവാലം സാറിനെ നേരിട്ട് പരിചയമില്ല എന്നതാണ് സത്യം. അന്ന് കുട്ടനാട്ടിൽ യാത്ര വലിയ ദുഷ്കരമായ കാര്യമാണ്. കോളജിൽ പോകാൻ മൂന്നു ബസും മൂന്നു കടത്തും കടക്കണം. പുറംേലാകവുമായി വലിയ ബന്ധമില്ല. എന്നാൽ, കാവാലത്തിെൻറ ‘കരിങ്കുട്ടി’ എന്ന നാടകം ആദ്യം സംവിധാനംചെയ്യുന്നത് ഞാനാണ്. അനുവാദമൊന്നും ചോദിച്ചില്ല. അേദ്ദഹം മാതൃഭൂമിയിൽ നാടകം പ്രസിദ്ധീകരിച്ചു. അത് ഞാൻ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. വർഷങ്ങൾക്കുശേഷം പറഞ്ഞപ്പോൾ അദ്ദേഹത്തിന് കൗതുകമായി. അദ്ദേഹം ആ നാടകം ചെയ്യുന്നത് പിന്നീടാണ്.
ഷഡ്കാല ഗോവിന്ദമാരാരിൽനിന്ന് ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
പഴയകാല സാഹിത്യമാണ് എനിക്ക് വായിക്കാൻ ഇഷ്ടം. നിരണം കവികൾ, വെൺമണി സാഹിത്യം തുടങ്ങിയവ. ‘ഉണ്ണിയച്ചി ചരിതം’, ‘ചേന്ദ്രാത്സവം’ തുടങ്ങിയ മണിപ്രവാള സാഹിത്യം വായിച്ചപ്പോൾ മണിപ്രവാളകാലഘട്ടം െവച്ച് സ്ക്രിപ്റ്റ് ഉണ്ടാക്കിയാൽ കൊള്ളാമെന്നായി. ‘ചന്ദ്രോത്സവം’ എന്ന പേരിൽതന്നെ അത് തയാറാക്കി. ഇത് എങ്ങനെയോ അറിഞ്ഞിട്ട് പ്രൊഡ്യൂസർ ഗുഡ്നൈറ്റ് മോഹൻ എന്നെ വിളിച്ചു. ഇൗ സിനിമയെക്കുറിച്ച് സംസാരിക്കാൻ മദ്രാസിൽ വരാൻ പറഞ്ഞു. ചെന്നേപ്പാൾ പ്രിയദർശനാണ് സംവിധായകൻ. സബ്ജക്ട് അദ്ദേഹത്തിന് ഇഷ്ടെപ്പട്ടു. പക്ഷേ, ഒന്നുകിൽ ഹിന്ദിയിൽ അെല്ലങ്കിൽ ഇംഗ്ലീഷിൽ ചെയ്യണം. മലയാളത്തിന് ഉൾക്കൊള്ളാൻ പറ്റിയ സബ്ജക്ട് ആയിരുന്നില്ല അത്. ഒടുവിൽ ഇംഗ്ലീഷിൽതന്നെ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അഡ്വാൻസും തന്നു. സ്ക്രിപ്റ്റ് ഇംഗ്ലീഷിലാക്കി. എന്നാൽ, തുടർപ്രവർത്തനങ്ങൾ നടന്നില്ല.
ഇടക്ക് പാട്ടുകളെക്കുറിച്ച് പ്രിയദർശനുമായി വെറുതെ ചർച്ചചെയ്തു. ഭാസ്കരൻ മാഷിെൻറ പാട്ടുകളാണ് അദ്ദേഹത്തിന് ഇഷ്ടം. ഞാൻ അതേക്കുറിച്ചും വയലാറിെൻറ പാട്ടുകളെക്കുറിച്ചും വാചാലമായി സംസാരിച്ചു. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അടുത്ത പടത്തിൽ പാട്ട് എഴുതാമോ എന്ന് ചോദിച്ചു. ഞാൻ തമാശക്കാണെന്ന് കരുതി. എന്നാൽ, തിരിച്ചെത്തി ഒരു മാസത്തിനുശേഷം ആൻറണി പെരുമ്പാവൂർ വിളിക്കുന്നു. അദ്ദേഹം ചോദിച്ചു, കുട്ടനാട്ടിൽ മുസ്ലിംകളുണ്ടോ എന്ന്. മുസ്ലിം പശ്ചാത്തലത്തിലാണ് പ്രിയദർശെൻറ പുതിയ പടം. മാപ്പിളപ്പാട്ടിെൻറ രീതിയിലാണ് പാെട്ടഴുതേണ്ടത്. അദ്ദേഹം ക്ഷണിച്ച്, ഞാൻ ചെെന്നെയിലെത്തി. ട്യൂണിട്ട് എഴുതാമോ എന്നായി. എഴുതാം എന്ന് പറഞ്ഞു. വിദ്യാസാഗറാണ് സംഗീതസംവിധായകൻ. ട്യൂണില്ലാതെ ആദ്യമൊരെണ്ണം എഴുതാൻ പറഞ്ഞു. ചെറുപ്പത്തിൽ ഒാത്തുപള്ളിയിൽെവച്ചുള്ള പ്രണയവും മറ്റുമാണ് പ്രമേയം. വരികളെഴുതി; ‘‘ലൈലത്തുൽഖദിറിലെ നേർത്ത നിലാവലപോലെ...’’ എന്നായിരുന്നു തുടക്കം. അദ്ദേഹം പറഞ്ഞു, ഇത്രയൊന്നും അറബിസാഹിത്യം വേണ്ട, പിന്നെ ട്യൂൺ തന്നു. പുതിയ ആളായതിനാൽ വിദ്യാസാഗറിന് എന്നെ അത്ര പിടിത്തമില്ല. സംശയത്തോടെ ട്യൂണിട്ട് തന്നു. ‘‘ഒന്നാംകിളി വന്നാൺകിളി’’ എന്ന പാട്ട് എഴുതി. എഴുതാൻ ബുദ്ധിമുട്ടുള്ള ട്യൂണായിരുന്നു.
‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന പേര് െവച്ചിട്ടാണ് എഴുതിയത്. അത് പ്രിയദർശന് ഇഷ്ടമായി. ടൈറ്റിൽ സോങ് ചെയ്തപ്പോൾ ട്യൂണിടാൻ വിദ്യാസാഗറിന് സമയം കിട്ടിയില്ല. ‘‘കസവിെൻറ തട്ടമിട്ട്... വെള്ളിയരഞ്ഞാണമിട്ട്...’’ എന്ന ഗാനം താളം മാറുന്ന മാപ്പിളപ്പാട്ട് സമ്പ്രദായത്തിലാണ് എഴുതിയത്. വിനീത് ശ്രീനിവാസൻ ആദ്യമായി പാടിയ ഇൗ ഗാനവും ഹിറ്റായി. മാപ്പിളപ്പാട്ടിെൻറ ഛായയുള്ള പാട്ടു കേട്ട് പല സുഹൃത്തുക്കൾക്കും അത്ഭുതമായി. അപ്പോഴാണ് പലരും അറിയുന്നത് ഞാൻ പാെട്ടഴുതും എന്ന വിവരം. നേരത്തേ പല സിനിമാ ചർച്ചകളിലും പെങ്കടുത്തിട്ടുണ്ട്. അന്നൊന്നും ഇങ്ങനെയൊരവസരം ചോദിച്ചിട്ടില്ല. ഒരിക്കൽ കുട്ടനാടിെൻറ പശ്ചാത്തലത്തിൽ ആര് പാെട്ടഴുതുമെന്ന് ഒരു സുഹൃത്തായ തിരക്കഥാകൃത്ത് ചോദിച്ചപ്പോൾ ഞാൻ കൈതപ്രത്തിെൻറ പേരു പറയുകയും വിളിച്ചു കൊടുക്കുയും ചെയ്തു. എന്നിട്ടും ഞാൻ അവസരം ചോദിച്ചില്ല. അങ്ങനെെയാരു സ്വഭാവമില്ല.
മറ്റൊരു ശ്രേദ്ധയമായ ഗാനമായിരുന്നല്ലോ ‘ജലോത്സവ’ത്തിലെ ‘‘കേരനിരകളാടുന്നൊരു ഹരിതചാരുതീരം...’’ എന്നത്.
എെൻറ സുഹൃത്തായിരുന്നു ചിത്രത്തിെൻറ തിരക്കഥാകൃത്ത്. സംവിധാനം സിബി മലയിൽ. അദ്ദേഹം പറഞ്ഞു; നമ്മൾ ആലപ്പുഴക്കാരാണ്. സംഗീതസംവിധായകൻ അൽഫോൺസ് മാത്രമാണ് പുറത്തുള്ളയാൾ. കുട്ടനാട്ടിനെക്കുറിച്ചുള്ള ഒരു ടൈറ്റിൽ സോങ് വേണം. പുറത്തുള്ള ഒരാൾക്ക് കുട്ടനാടിനെ പരിചയപ്പെടുത്തുന്ന രീതിയിൽ. നന്നായാൽ നിങ്ങൾക്കാണ് നല്ലതെന്നും എത്രസമയം വേണമെങ്കിലും തരാം എന്നും അദ്ദേഹം പറഞ്ഞു. ഇതദ്ദേഹത്തിെൻറ രീതിയാണ്. അദ്ദേഹത്തിെൻറ പടങ്ങളിൽ പാട്ടുകൾ നന്നായതിെൻറ കാരണം ഇതാണെന്ന് ഞാൻ കരുതുന്നു. ധാരാളം വരികൾ എഴുതി, അതിൽനിന്ന് നല്ല വരികൾ മാത്രം തെരഞ്ഞെടുക്കുകയായിരുന്നു. ടൈറ്റിൽ സോങ്ങായതിനാൽ ഇത് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ, ഇതാണ് ഹിറ്റായത്. ‘‘കുളിരില്ലം വാഴും കരിമാടിക്കണ്ണാളേ...’’ എന്ന യേശുദാസിെൻറ പാട്ടുപോലും അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല.
സംഗീതം പഠിച്ചിട്ടില്ലെങ്കിലും പൊതുവെ ദുർഗ്രഹമായ രാഗപദ്ധതികെളക്കുറിച്ച് സ്വയം പഠിക്കുകയും പല കണ്ടെത്തലുകളും താങ്കൾ നടത്തുകയും ചെയ്തതായി അറിഞ്ഞിട്ടുണ്ട്. എന്തൊെക്കയായിരുന്നു സംഗീത ഗേവഷണങ്ങൾ?
സംഗീതം എനിക്കൊരു ലഹരിയാണ്. എന്നാൽ, ‘സ’ എന്നു പാടാൻപോലും അറിയില്ല. പക്ഷേ, നൂറിലേറെ രാഗങ്ങൾ തിരിച്ചറിയാനും അവയുടെ സ്വരസ്ഥാനങ്ങൾ വ്യാഖ്യാനിക്കാനും എനിക്ക് കഴിയും. 72 മേളകർത്താരാഗങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന വെങ്കടമഖിയുടെ പുസ്തകം ഞാൻ കാണാതെ പഠിച്ചു. വ്യാകരണംപോലെ ബോറ് സബ്ജക്ടായിട്ടാണ് സംഗീതവിദ്യാർഥികൾ ഇതിനെ കാണുന്നത്. എന്നാൽ, അത് രസകരമായി പറയാൻ കഴിയുന്നത് സംഗീത അധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തി. റേഡിയോയിൽ നിരന്തരമായി സംഗീതം കേൾക്കും. കന്നട, തെലുങ്ക്, തമിഴ് സ്റ്റേഷനുകളിൽ മാറിമാറി സംഗീതം േകൾക്കും. അതു കേട്ടാണ് ഉറങ്ങുന്നത്. പിന്നെ കഥകളിസംഗീതം.
കർണാടക സംഗീതത്തിൽ മുഴുനീളെ ഭക്തിയാണെങ്കിൽ കഥകളിയിൽ ഭക്തിയല്ല, വികാരമാണ്. ഡയലോഗ് പറയുന്നതിനാണ് രാഗം ഉപയോഗിക്കുന്നത്. മൂടിപ്പൊതിഞ്ഞ ശോകം, നിലവിളിക്കുന്ന രാഗം ഇങ്ങനെ പല വികാരഭാവങ്ങളാണ് കഥകളിയിൽ. പോരിനു വിളിക്കുന്നതും രാഗത്തിലാണ്. ഒരേ രാഗം വ്യത്യസ്തഭാവത്തിൽ ഉപയോഗിക്കുന്നു. ദ്വിജാവന്തി സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നതുപോലെയല്ല കർണാട്ടിക്കിൽ. അഖിലാണ്ഡേശ്വരി എന്ന ദീക്ഷിതരുടെ കൃതിയുണ്ട്. ഹിന്ദുസ്ഥാനിയിൽ ജയ്ജയ്വന്ദി എന്നാണ് ഇൗ രാഗത്തിെൻറ പേര്.
ഏഷ്യാനെറ്റിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു; കൈതപ്രം പെങ്കടുത്ത പരിപാടി. ഇരുപതോളം രാഗങ്ങൾ അദ്ദേഹം പാടും, ഞാൻ രാഗം ഏതെന്നും അതിനെക്കുറിച്ച് വിശദമായും പറയും. നെയ്യാറ്റിൻകര സാറിെൻറകൂടെയും ഇൗ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നൊരു വയലിനിസ്റ്റ് ചോദിച്ചു; ഇയാൾക്ക് പാടാൻകൂടി കഴിയുമായിരുെന്നങ്കിൽ എന്താകുമായിരുന്നു സാർ? നെയ്യാറ്റിൻകര പറഞ്ഞു; ഒരു ചുക്കുമാകില്ല. പാടാൻ കഴിവില്ലാത്തതിെൻറ വേദന എനിക്ക് അന്നാണ് മാറിയത്. പാടാൻ കഴിയാത്തതുകൊണ്ടാണ് എനിക്ക് പറയാൻ കഴിയുന്നത്.
സ്വയം അനുഭവവേധ്യമായ രാഗാനുഭവങ്ങൾ പറയാമോ?
ഒരു രാഗത്തിെൻറ ക്രേസ് കുറെക്കാലം മാത്രം നിലനിൽക്കും. നീലാംബരി വലിയ ക്രേസ് ആയിരുന്നു. കുറെക്കാലം അതിലുള്ള അന്വേഷണമായിരിക്കും. കുറെക്കാലം കഴിയുേമ്പാൾ മറ്റൊരു രാഗം. വലിയ സാധ്യതയുള്ള പ്രസിദ്ധരാഗങ്ങൾ അല്ല ആദ്യം എെൻറ മനസ്സിൽ കയറിയത്. ചില ചെറിയ ജന്യരാഗങ്ങളായിരുന്നു. ചെഞ്ചുരുട്ടി, ഹുസേനിപോലുള്ള രാഗങ്ങൾ. ദേവഗാന്ധാരിയുടെ പിറകേ നടന്നിട്ടുണ്ട് ഞാൻ. അമ്പലത്തിൽ സേവക്കും മറ്റും പാടുന്നതാണ് ഇൗ രാഗം. ‘ക്ഷീരസാഗരശയന’ പോലെയുള്ള കീർത്തനം ഉണ്ട്. ‘‘പ്രിയമാനസാ’’ എന്ന പാട്ട്, ‘‘നാഥാ...ഭവചരണം’’ എന്ന ‘സന്താനഗോപാല’ത്തിലെ പദം ഹൈദരാലി ഇൗ രാഗത്തിൽ പാടുന്നതുപോെല മറ്റാർക്കും പാടാൻ കഴിയില്ലെന്ന തോന്നൽ. ബാലമുരളിയുടെ ആലാപനം വേറെയാണ്. സന്ധ്യയുടെ രാഗമാണിത്. എന്നാൽ, സ്വാതിതിരുനാൾ പറഞ്ഞിരുന്നു, പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെളുപ്പാൻകാലത്ത് പള്ളിയുണർത്താൻ ഇൗ രാഗം നാദസ്വരത്തിൽ വായിക്കണം എന്ന്. ഇത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു.
പിന്നീട് എനിക്ക് മനസ്സിലായി ഇത് തമിഴ് കൾച്ചറിെൻറ ഭാഗമാണ്. തമിഴ്നാട്ടിൽ ദേവഗാന്ധാരി പ്രഭാതരാഗമാണ്. പ്രകൃതിയുമായി ഇതിന് ബന്ധമുണ്ട്. തമിഴ്നാട്ടിൽ സൂര്യൻ കടലിലാണ് ഉദിക്കുന്നത്. നമുക്ക് പർവതത്തിന് മുകളിലാണ് ഉദിക്കുന്നത്. സൂര്യനും സമുദ്രവും ചേരുേമ്പാഴാണ് ദേവഗാന്ധാരി വരുന്നത്. കടലിലെ തിരമാല ഉയർന്നുവീണ് നുരചിതറുന്ന ഭാവമാണ് ഇൗ രാഗത്തിന്. ‘ക്ഷീരസാഗരശയന’ എന്ന ത്യാഗരാജ കീർത്തനം കേട്ടാൽ മനസ്സിലാകും.
സംഗീതചികിത്സയൊക്കെ നടക്കുന്ന കാലമാണ്. മനുഷ്യരിൽ ശാരീരികമായി സ്വാധീനിക്കാൻ രാഗങ്ങൾക്ക് കഴിയാറുേണ്ടാ?
തീർച്ചയായും. മനസ്സിനെയും ശരീരത്തെയും സ്പർശിക്കും. ഭൂപാളവും മലയമാരുതവും പ്രഭാതരാഗങ്ങളാണ്. എന്നാൽ, എന്താണ് വ്യത്യാസം എന്നു േചാദിച്ചാൽ സംഗീതജ്ഞർ സ്വരസ്ഥാനം മാത്രമേ പറയൂ. പാഠപുസ്തകമല്ല ആസ്വാദകന് വേണ്ടത് അതിെൻറ വികാരഭാവമാണ്. ‘നാട്യശാസ്ത്രം’ പഠിച്ചിട്ടല്ല നൃത്തം കാണാൻ ആളുകൾ വരുന്നതെന്ന് ഭരതമുനി തന്നെ പറഞ്ഞിട്ടുണ്ട്. രാഗത്തിനുള്ളിലുള്ള വികാരമാണ് മ്യൂസിക് കോളജിൽ പഠിപ്പിക്കാത്തത്. എെൻറ നാട്ടിൽ സോപാനം പാടുന്ന ഒരു സ്വാമിയുണ്ടായിരുന്നു. അദ്ദേഹം ഇടക്ക് എേന്നാട് ചോദിക്കും, ഏതു രാഗത്തിൽ പാടണമെന്ന്. നാഥനാമക്രിയ എന്നുപറഞ്ഞാൽ; അത് പാടിയാൽ ഞാൻ കരഞ്ഞുപോകുമെടാ എന്നദ്ദേഹം പറയാറുണ്ട്. ദുഃഖം മനസ്സിൽ വരുത്തുന്ന രാഗമാണത്. പാടുന്നവെൻറ മനസ്സിൽ അത് വരുേമ്പാൾ കേൾക്കുന്നവനും അതുണ്ടാകും. ഭൂപാളത്തിന് മുമ്പാണ് മലയമാരുതം. അതായത് വെളുപ്പാൻകാലം. കിളികൾ കരയുന്ന നേരം. എന്നാൽ, അത് കഴിഞ്ഞുള്ള നേരമാണ് ഭൂപാളത്തിേൻറത്. സാന്ത്വനിപ്പിക്കുന്ന ഭാവമാണ് സാവേരി രാഗത്തിന്. ഭാവയാമി രഘുരാമം അതാണ് പകരുന്നത്.
രവീന്ദ്രൻ മാഷുമായും ഇത്തരം കാര്യങ്ങൾ ചർച്ചചെയ്തപ്പോൾ കേൾക്കുന്ന കാര്യം ഇങ്ങെന പറയാൻ കഴിയുന്നല്ലോ എന്ന് മാഷ് അത്ഭുതപ്പെട്ടു. ഞങ്ങൾ അക്കാദമിക്കായി പഠിക്കുേമ്പാൾ ഇങ്ങനെയൊന്നും രാഗത്തെപ്പറ്റി പറയാറുമില്ല, ചിന്തിക്കാറുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ഗുരു, ശിഷ്യെയ പഠിപ്പിച്ചാൽ അവർ തമ്മിൽ പ്രണയമുണ്ടാകുന്ന ഒരു രാഗമുണ്ട് എന്നു പറഞ്ഞപ്പോൾ മാഷിന് കൗതുകമായി. അപ്പോൾ ഞാൻ പറഞ്ഞു, അത് മാഷ് ചെയ്തിട്ടുണ്ട്; ഇതേ ഭാവത്തിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. അത് ധന്യാസി എന്ന രാഗമാണ്. ‘‘അമ്പിളിക്കല ചൂടും നിൻ തിരുജഡയിലീ...’’ എന്ന ഗാനം. കഥകളിയിലെ പ്രണയത്തിലാണ് ഇൗ രാഗം ഉപയോഗിക്കുന്നത്. സംഗീതത്തിൽ പ്രണയം വരരുത്, സർവം ഭക്തിയായിരിക്കണം എന്ന് ഉപദേശിച്ചുകൊണ്ട് ത്യാഗരാജസ്വാമി ഒരു കീർത്തനം എഴുതി ചിട്ടപ്പെടുത്തിയതും ഇൗ രാഗത്തിലാണ് എന്നതും കൗതുകം. ‘‘സംഗീതജ്ഞാനമു ഭക്തിവിനാ’’ എന്ന കീർത്തനം ധന്യാസി രാഗത്തിലാണുള്ളത്.
ഒാരോ രാഗത്തിനും ഇത്തരം വൈവിധ്യമാർന്ന ഭാവങ്ങളുണ്ട്. ഇത്തരത്തിൽ ഗവേഷണം നടക്കേണ്ടതുണ്ട്. മുഖാരി കേട്ടാൽ ഞാൻ കരയും. തീക്കനൽ ചാരം മൂടിക്കിടക്കുന്നതുപോലുള്ള ദുഃഖം കാറ്റുണർത്തി പടർത്തുന്ന രാഗമാണിത്. ‘‘അടിമലരിണതന്നെ കൃഷ്ണാ’’ എന്ന കീർത്തനം ഇതിലുള്ളതാണ്. വസന്ത എന്ന രാഗം കേൾക്കുന്നതുതന്നെ എനിക്ക് പ്രശ്നമാണ്. എനിക്ക് ബി.പി കൂടും.
ഫ്രാൻസിലെ ഒരു സംഗീതജ്ഞനുണ്ട്, ക്ലൗഡ് ആച്ലി ഡീബുസി. ഡീബുസി സ്കെയിൽ എന്നത് പ്രശസ്തമാണ്. ഇത് കേട്ടാൽ ജനങ്ങൾ ആസ്വാദനത്തിെൻറ മൂർധന്യത്തിലെത്തി ആക്രമണത്തിലേക്ക് പോകും. ഞാൻ ഇതേക്കുറിച്ച് അന്വേഷിച്ചു. കീ ബോഡിൽ ഒന്നിടവിട്ടുള്ള കീ വായിക്കുന്നതാണ് ഇതെന്ന് എെൻറ അന്വേഷണത്തിൽ മനസ്സിലായി. നമ്മുടെ 12 സ്വരസ്ഥാനങ്ങളിൽ ഇടക്ക് ഒാരോന്ന് ഒഴിവാക്കി വായിച്ചാൽ ഇൗ സ്കെയിൽ കിട്ടും. 62ാം മേളകർത്താരാഗമായ ‘ഋഷഭപ്രിയ’യിലെ പഞ്ചമം ഒഴിവാക്കിയാൽ ഇൗ രാഗം കിട്ടുമെന്ന് ഞാൻ മനസ്സിലാക്കി. അതാണ് ‘ഗോപ്രിയ’ എന്ന രാഗം. ഞാൻ പഴയ ആളുകളോട് ചോദിച്ചപ്പോൾ അവർക്ക് അത്ഭുതമായി. ഇൗ രാഗം കച്ചേരികളിൽ പാടിക്കൂടാ എന്ന് നിബന്ധനയുണ്ട്, പാടുന്നവനും കേൾക്കുന്നവർക്കും ഭ്രാന്ത് പിടിക്കുമത്രേ. ശരത്തിനോട് ഇക്കാര്യം ചർച്ചചെയ്തു. അദ്ദേഹം ഇത് ബാലമുരളി കൃഷ്ണയോട് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് അദ്ദേഹം അന്വേഷിച്ചു. സംഗീതസംവിധായകൻ ബേണിയോട് ഒരിക്കൽ വെറുെത ഇരിക്കുേമ്പാൾ ഞാൻ ഇൗ സ്കെയിൽ വായിക്കാൻ പറഞ്ഞു. വായിച്ചപ്പോൾ സുഖം തോന്നുന്നില്ല, തലേവദനയെടുക്കുന്നു എന്നൊക്കെ പറഞ്ഞു. പിന്നെ നിർത്തിക്കളഞ്ഞു. അതാണ് രാഗത്തിെൻറ അനുഭവസാധ്യത.
ദീക്ഷിതരുടെ നവരാഗ കീർത്തനങ്ങളിൽ സൂര്യനെക്കുറിച്ചുള്ളത് ‘സൗരാഷ്ട്ര’ രാഗത്തിലാണ്. അതിഗംഭീരഭാവമുള്ള രാഗമാണിത്. ഇത് കേട്ടാൽ ബി.പി ഉയരും. ഒരു സുഹൃത്തിനെ ഇത് കേൾപ്പിച്ചിട്ട് ബി.പി അളന്നു. രണ്ട് ഡിഗ്രി ഉയർന്നു. ചന്ദ്രനെക്കുറിച്ചുള്ളത് ‘‘ചന്ദ്രം ഭജമാനസ’’ അസാവേരി രാഗത്തിലാണുള്ളത്. അത് കേൾക്കുേമ്പാൾ തണുപ്പാണ് അനുഭവപ്പെടുക. ദീക്ഷിതർ ഇത് കൃത്യമായി അറിഞ്ഞിരുന്നു.
സിനിമാഗാനങ്ങളെക്കുറിച്ച് താങ്കൾ സമഗ്രമായി പഠിക്കുകയും വയലാർ ഗാനങ്ങളെ ൈവവിധ്യമാർന്ന രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ടല്ലോ..?
ഏഷ്യാനെറ്റിനുവേണ്ടി ഒ.എൻ.വിയുടെ ഇൻറർവ്യൂ ചെയ്തപ്പോൾ സിനിമാഗാനങ്ങളെ ഒരു സാഹിത്യശാഖയാക്കി മാറ്റിക്കൂടേ എന്നു ഞാൻ ചോദിച്ചു. തീർച്ചയായും അതുവേണം എന്ന് ഒ.എൻ.വി സാർ പറഞ്ഞു. വയലാറിെൻറയും ഭാസ്കരൻ മാഷിെൻറയുമൊക്കെ ഗാനങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. ഡൽഹിയിൽ ഇഗ്നോയിലെ മലയാളം എം.എ കഴിഞ്ഞ അധ്യാപകർക്ക് ഒരിക്കൽ ഞാൻ മലയാളഗാനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. അവർ ക്ഷണിച്ചതായിരുന്നു. 30 സിനിമാഗാനങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസ് ആയിരുന്നു. അവിടത്തെ പ്രിൻസിപ്പലിനോട് ഒ.എൻ.വി സാർ പറഞ്ഞിട്ടാണ് അവർ എന്നെ ക്ഷണിച്ചത് എന്ന് പിന്നീടാണ് അറിയുന്നത്. മൂന്നുദിവസത്തെ പരിപാടിയായിരുന്നു. അത് മൊത്തം ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഞാൻ കൂടുതലായി ഇത്തരം പാട്ടുകളെക്കുറിച്ച് പഠിച്ചു. ഇങ്ങനെ വയലാറിെൻറ പാട്ടുകളെ മാത്രമെടുത്ത് കൂടുതൽ ഗഹനമായി ഒരു വലിയ പ്രബന്ധം തയാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതിെൻറ പ്രസിദ്ധീകരണത്തിെൻറ ചർച്ചകൾ നടക്കുന്നുണ്ട്.
ഏതു കാലത്തും അദ്ദേഹത്തിെൻറ ഗാനങ്ങൾ പ്രസക്തമാണ്. സിനിമയിൽനിന്ന് മാറി പാട്ടിന് സ്വതന്ത്രമായ നിലനിൽപുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ് സീമന്തിനീ, സന്ന്യാസിനീ, പ്രേമഭിക്ഷുകീ എന്നൊക്കെ വയലാർ പ്രയോഗിച്ചത്. സിനിമ കഴിഞ്ഞാലും കാലങ്ങളോളം ഗാനം ആളുകൾ േകൾക്കും. അപ്പോൾ അതിന് യൂനിേവഴ്സലായ ഒരു നിലനിൽപ്പുണ്ടായിരിക്കണം എന്നു ചിന്തിച്ചിട്ടാണ്. ‘‘സംഗമം... സംഗമം...’’, ‘‘സ്വർഗപുത്രീ നവരാത്രീ...’’ തുടങ്ങിയ നമ്മുടെ സാമാന്യ ചിന്തകൾക്കപ്പുറത്തേക്ക് ഗഹനമായ വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന ഗാനങ്ങൾ നിരവധിയാണ് അദ്ദേഹത്തിനുള്ളത്. ‘‘തങ്കത്താഴികക്കുടമല്ല...’’ തുടങ്ങിയ ശാസ്ത്രീയവീക്ഷണമുള്ള ഗാനങ്ങൾ കഥാപാത്രമല്ല, കവി തന്നെയാണ് പറയുന്നത്.
ചാനൽ പ്രവർത്തനങ്ങൾ രോഗാവസ്ഥ കാരണം നിർത്തിവെച്ചതാണോ?
ഏഷ്യാനെറ്റിൽ 15 വർഷം പ്രവർത്തിച്ചു. സിനിമാഗാനങ്ങളിലേക്ക് വന്നതോടെ വിട്ടുപോരുന്നു. പ്രോഗ്രാമുകളുടെ ചീഫ് കൺസൽട്ടൻറായിരുന്നു. എല്ലാ പ്രോഗ്രാമുകളും സീരിയലുകളുമൊക്കെ കണ്ട് വിലയിരുത്തണമായിരുന്നു. അത് ധാരാളം സമയംകൊല്ലുന്ന കാര്യമായതിനാൽ പിന്നീട് നിർത്തേണ്ടി വന്നു. ആത്മീയയാത്ര, സഫാരി എന്നീ ചാനലുകളിലും വർക്ക്ചെയ്തു. ഇപ്പോൾ വിട്ടുനിൽക്കുന്നു. വായനയാണ് ഇപ്പോൾ മുഖ്യം. അടുത്തകാലത്ത് അമ്മയുെട പ്രോഗ്രാമിൽ പാെട്ടഴുതി. ശരത്തായിരുന്നു സംഗീതം. അഗ്നിയെക്കുറിച്ചായിരുന്നു ആ ഗാനം. പഞ്ചതാളങ്ങളിൽ സങ്കീർണം എന്ന ബുദ്ധിമുട്ടുള്ള താളത്തിലായിരുന്നു പാട്ട് ചിട്ടപ്പെടുത്തിയത്. ഏഴു നദികളെക്കുറിച്ചുള്ള ശോഭനയുെട ഡാൻസിനുവേണ്ടിയുള്ള പാട്ടുകളും എഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.