ആഴ്ചപ്പതിപ്പിൽ (ലക്കം: 1232) നടന്ന 'ഇനിയുമെന്തിന് പ്രസാധകർ?' ചർച്ചയുടെ തുടർച്ചയാണ് ഇൗ ലേഖനം. മലയാളത്തിലെ പുസ്തക പ്രസാധന ചരിത്രത്തിൽ വിട്ടുപോകാൻ പാടില്ലാത്ത ചില കൂട്ടിച്ചേർക്കലുകൾ നിർദേശിക്കുകയാണ് ലേഖകൻ.
കൊളോണിയല്‍ ആധുനികതയിലൂടെ അതായത് അതിെൻറ ഭാഗമായ അച്ചടിയിലൂടെ രൂപപ്പെട്ട ആധുനികതയാണ് കേരളത്തില്‍ പ്രസിദ്ധീകരണങ്ങളുടെ സാധ്യത തുറക്കുന്നത്. 'രാജ്യസമാചാര'ത്തില്‍ ആരംഭിക്കുന്ന മാധ്യമ ചരിത്രം 'ഇ' വായനവരെ എത്തിനില്‍ക്കുന്ന സമകാലിക സന്ദര്‍ഭമാണിത്. സാങ്കേതിക വിദ്യയുടെ വികാസവും സോഷ്യല്‍മീഡിയയുടെ കടന്നുവരവും മാധ്യമ പ്രവര്‍ത്തനത്തെ/അച്ചടിയെ കൂടുതല്‍ സ്വതന്ത്രമാക്കിയിട്ടുണ്ട്. ഇത് എല്ലാ രംഗത്തെയും ആധിപത്യങ്ങള്ക്കേറ്റ തിരിച്ചടിപോലെ പ്രസാധകമേഖലയിലെയും കുത്തക അവസാനിക്കാന്‍ കാരണമായി. എന്നാല്‍ അച്ചടിയുടെ വികാസപരിണാമങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകങ്ങളിലൊന്നും കീഴാള സമൂഹങ്ങള്‍ നിര്‍വഹിച്ച പങ്കിനെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നില്ല. ഇത്തരത്തില്‍ അദൃശ്യമാക്കപ്പെടുന്ന ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് കീഴാള സമൂഹങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന/വരുന്ന പ്രസാധക സംരംഭങ്ങള്‍. മുഖ്യധാരയും പൊതുബോധവും ചേര്‍ന്ന് നിർമിച്ചെടുക്കുന്ന സാംസ്കാരിക പൊതുമണ്ഡലത്തെ കടന്നാക്രമിച്ചു മാത്രമേ ഇത്തരം ഒത്തുകൂടലുകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും മൂലധനകേന്ദ്രിതമായ മേഖലയാണ് പുസ്തകപ്രസാധനം എന്നതിനാല്‍ ദലിതര്‍ക്ക് ഇവിടെ രണ്ടുതരം ആധിപത്യങ്ങളെ മറികടക്കേണ്ടതുണ്ട്. ഒന്നാമത് മൂലധനം എന്ന കേന്ദ്രീകരണത്തെയാണ്. ഈ പ്രശ്നം പരിഹരിച്ചാല്‍ രണ്ടാമതായി മറികടക്കേണ്ടിവരുന്നത് വരേണ്യതയാല് വലയംചെയ്യപ്പെട്ട/ഉറപ്പിക്കപ്പെട്ട സാംസ്കാരിക മേല്‍ക്കോയ്മയെയാണ്. ഇത് രണ്ടും ഒരേപോലെ മറികടക്കാന്‍ കഴിയാത്തതിനാലാണ് അറുപതുകള്‍ മുതല്‍ രൂപംകൊണ്ട ദലിത് പ്രസാധക സംരംഭങ്ങള്‍ പലതും നിലച്ചുപോകാന്‍ കാരണമായത്. സന്ദിഗ്ധമായ ഇത്തരം സന്ദര്‍ഭങ്ങളിലും ദാര്‍ശനികമായി ഔന്നത്യത്തില്‍ എത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ ദലിത് പ്രസാധകമേഖലക്ക് സാധിച്ചിട്ടുണ്ട്/സാധിക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. സാധ്യതകള്‍ പലതുണ്ടെങ്കിലും മൂലധനം തന്നെയാണ് മുഖ്യ പ്രശ്നം എന്ന് സൂചിപ്പിക്കുന്നതാണ് സമകാലിക ദലിത് പ്രസാധക മേഖല നേരിടുന്ന വെല്ലുവിളി. ഇന്ത്യന്‍ രാഷ്ട്രീയ- സാമൂഹിക സാഹചര്യം കൂടുതല്‍ ഫാഷിസ്റ്റ്വത്കരണത്തിലേക്കു വീഴുന്ന ഘട്ടത്തില്‍ എങ്ങനെയാണ് പുസ്തക പ്രസാധനം വിപ്ലവകരമാകാതിരിക്കുക എന്ന ചിന്തയാണ് പുതിയ പ്രസാധകരുടെ പിറവിക്ക് കാരണമാകുന്നത്. മാത്രമല്ല പുസ്തകപ്രസാധനം ഒരു ആശയപ്രചാരണ ഉപാധികൂടിയാണ് എന്ന കാഴ്ചപ്പാടാണ് ഇത്തരം മേഖലയിലേക്ക് കടന്നുവരാന്‍ കീഴാള സമൂഹങ്ങളെ പ്രേരിപ്പിക്കുന്നത്. അത് അതിജീവനത്തിെൻറകൂടി കാര്യമാണ്.
കീഴാള ചരിത്രങ്ങളെ സ്വാംശീകരിക്കുകയോ അതിെൻറ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയോ ചെയ്യുന്ന തരത്തിലാണ് ഇത് സംഭവിക്കുന്നത്. എല്ലാ മേഖലയിലും ഇത്തരമൊരു പ്രവണത കണ്ടെത്താനാകും
സമാന്തര മാസിക-പ്രസാധക ചരിത്രരചനകള്‍ ധാരാളമുണ്ടായെങ്കിലും അതിലൊന്നും കീഴാള ഇടപെടലുകള്‍ ഇതുവരെ കണ്ടെത്താനായിരുന്നില്ല. പുതുതായി ഒന്നും കണ്ടെത്താതെ എക്കാലവും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും അയവിറക്കി ഭൂതകാലക്കുളിരില്‍ അഭിരമിക്കുന്നവരാണ് നമ്മുടെ ചരിത്രമെഴുത്തുകാര്‍. ഇത്തരത്തില്‍ ലളിതയുക്തികളാല് നിർമിക്കപ്പെടുന്ന ചരിത്രത്തിന് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന കാര്യം ഇത്തരക്കാര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. മുഖ്യധാരയിലേക്ക് ഇത്തരം പ്രസിദ്ധീകരണങ്ങളെ കൊണ്ടുവരാത്തതിന് കാരണം ചരിത്രമെഴുത്തുകാരുടെ അബോധത്തിലെ ആധിപത്യ ബോധമാണ്. ഇപ്പോള്‍ വരേണ്യ പൊതുമണ്ഡലത്തെ ചോദ്യംചെയ്യുന്ന തരത്തില്‍ ദലിത് പൊതുമണ്ഡലം വികസിക്കുന്നുണ്ട്. ആധിപത്യത്താലും അടിച്ചമര്ത്തലിനാലും തമസ്കരണത്തിനാലും നിർമിക്കപ്പെട്ട വരേണ്യ പൊതുമണ്ഡലത്തെ അക്കാദമികമായും അതിനുപുറത്തും സൈദ്ധാന്തികമായും ചരിത്രസ്രോതസ്സുകളുടെ അടിസ്ഥാനത്തിലും ചോദ്യംചെയ്യാനും വിമോചനാത്മകമായ പുതിയൊരു ജ്ഞാനവ്യവസ്ഥയെ സൃഷ്ടിച്ചെടുക്കാനും കീഴാള പൊതുമണ്ഡലത്തിന് സാധിക്കുന്നുണ്ട്. അതിനിടയില്‍ അനിവാര്യമായ മാറ്റങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളും ശക്തമാകുന്നുണ്ട്. കീഴാള ചരിത്രങ്ങളെ സ്വാംശീകരിക്കുകയോ അതിെൻറ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയോ ചെയ്യുന്ന തരത്തിലാണ് ഇത് സംഭവിക്കുന്നത്. എല്ലാ മേഖലയിലും ഇത്തരമൊരു പ്രവണത കണ്ടെത്താനാകും. ദലിത് പ്രസാധകരുടെ കടന്നുവരവ് ഇതിനെയൊക്കെ പ്രതിരോധിക്കാനും കേരള നവോത്ഥാന ചരിത്രത്തെ തന്നെ പുനര്‍വായനക്ക് വിധേയമാക്കാനുമുള്ള അവസരമൊരുക്കി.
രണ്ടായിരം വരെയുള്ള സാഹിത്യ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ കീഴാള ഇടപെടലുകളെ അതിനുള്ളിലൊന്നും രേഖപ്പെടുത്തിയതായി കണ്ടെത്താനാകില്ല. ആധുനികതയുടെ പിന്‍വാങ്ങലും ഉത്തരാധുനികതയുടെ ഭാഗമായി ഉയര്‍ന്നുവന്ന സംസ്കാരപഠനങ്ങളുമാണ് പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. തൊണ്ണൂറുകളുടെ ഒടുവില്‍ ദലിത് സാഹിത്യത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ സജീവമായെങ്കിലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ തിരസ്കരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാളതുവരെയുള്ള സൗന്ദര്യശാസ്ത്ര നിർമിതികളെ ചോദ്യംചെയ്യുന്ന തരത്തിലായിരുന്നു കീഴാള പഠനങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവന്നത്. ഇത്തരമൊരു സവിേശഷ സന്ദര്‍ഭം നിലനില്‍ക്കുമ്പോഴും ദലിത് ഇടപെടലുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്കാന് മുഖ്യധാര മടിച്ചുനിന്നു. 1993ലാണ് കോട്ടയത്തുനിന്നും അഗ്ര പബ്ലിക്കേഷന്‍ ടി.എം. യേശുദാസെൻറ ദലിത് പഠനങ്ങള്ക്കൊരു മുഖവുരയിലേക്ക് എന്ന പുസ്തകം പുറത്തിറക്കുന്നത്. ദലിത് സമീപനങ്ങള്‍ എന്തായിരിക്കണമെന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവെച്ച പുസ്തകമാണിത്. തൊണ്ണൂറുകളില്‍ തന്നെയാണ് അധഃസ്ഥിത നവോത്ഥാന മുന്നണി കെ.എം. സലിംകുമാറിെൻറ പരിരക്ഷാഭാവത്തെ ചെറുക്കുക, കേരളത്തിലെ അധഃസ്ഥിതര്‍ നേരിടുന്ന പ്രശ്നങ്ങളും സമീപനങ്ങളും എന്നീ പുസ്തകങ്ങള്‍ ഇറക്കുന്നത്. ഇതേ സമയത്താണ് ഡോ. ജെ.ജെ. പള്ളത്ത് എഡിറ്റ് ചെയ്ത് കണ്ണൂര്‍ സംസ്കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ദലിത് വിമോചനം: സമസ്യയും സമീക്ഷയും ഇറങ്ങുന്നതും. കേരളത്തിലെ ദലിത് സൈദ്ധാന്തികര്‍ ഈ പുസ്തകത്തിെൻറ ഭാഗമാകുന്നുണ്ട്. ഇത്തരം സംവാദങ്ങള്‍ ഭാഷാപോഷിണിയും സാഹിത്യലോകവും ദലിത് പതിപ്പുകള്‍ ഇറക്കാന്‍ സാഹചര്യം ഒരുക്കുന്നുണ്ട്.
കീഴാളപഠനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ അക്കാദമിക രംഗത്ത് സജീവമാകുന്നുണ്ടെങ്കിലും ഇതൊരു വൈജ്ഞാനിക ഇടപെടലായി അംഗീകരിക്കാന്‍ ആരും തയാറായില്ല. ദലിത് സമൂഹത്തില്നിന്നുള്ളവരുടെ എഴുത്തുകളെ ജാതി സാഹിത്യമായി വിശകലനം ചെയ്യുന്ന തരത്തിലുള്ള പാരമ്പര്യവാദങ്ങള്‍ കൂടുതല്‍ സജീവമാകുന്നത് ഈ ഘട്ടത്തിലാണ്. ഇത്തരമൊരു സാമൂഹികനില ആയതുകൊണ്ട് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ സ്വയംനിർമിതമായ കാലാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് തിരിച്ചറിയാന്‍ ദലിത് സൈദ്ധാന്തികര്‍ തയാറായി. ഇത്തരം ആലോചനകളില്‍നിന്നാണ് ദലിത് സമൂഹങ്ങളുടെ ഇടയില്‍നിന്നും മാസികകളും പത്രങ്ങളും പ്രസിദ്ധീകരണശാലകളും ഉയര്‍ന്നുവരുന്നത്. ആശയപരമായും നിലപാടിെൻറ അടിസ്ഥാനത്തിലും കൃത്യതയുള്ളതിനാല്‍ ദലിതരെക്കുറിച്ചുള്ള എഴുത്തുകള്‍ക്കും കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. മിഷനറി ആധുനികതയുടെ ഭാഗമായി ചില പുസ്തകങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനൊന്നും മുഖ്യധാരയിലേക്കു കടന്നുകയറാന്‍ സാധിക്കുന്നില്ല. അംബേദ്കറെക്കുറിച്ചുള്ളതും അദ്ദേഹം എഴുതിയതുമായ പഠനങ്ങള്‍ ആദ്യമായി കേരളത്തില്‍ സജീവ ചര്‍ച്ചയാക്കുന്നത് സീഡിയനാണ്. ഡോ. മന്മഥനെപ്പോലുള്ളവരുടെ അന്വേഷണങ്ങളാണ് അംബേദ്കറിെൻറ ജ്ഞാനമണ്ഡലത്തെ കൂടുതല്‍ മനസ്സിലാക്കിത്തരുന്നത്. കെ.കെ. കൊച്ച് എഡിറ്റ് ചെയ്ത് പറവൂര്‍ പ്രയാഗ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അംബേദ്കര്‍: ജീവിതവും ദര്‍ശനവും വരുന്നതും ഇത്തരം ഇടപെടലുകളുടെ ഭാഗമായാണ്. അക്കാലത്തിറങ്ങിയ പല ഡോക്യുമെൻറുകളും അച്ചടിച്ച് പുസ്തകരൂപത്തിലാക്കുന്നതിന് അക്കാലത്തെ ദലിത് പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. പിന്നീട് അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിെൻറ തുടര്‍ച്ചയിലാണ് ഇപ്പോള്‍ മുഖ്യധാരാ പ്രസാധകര്പോലും കീഴാള പഠനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറാകുന്നത്.
ആദ്യത്തെ പുസ്തകവും അയ്യന്‍കാളിയുടെ സാധുജനപരിപാലിനിയും
പത്തൊമ്പതാം നൂറ്റാണ്ടിെൻറ അന്ത്യപാദത്തില്‍ കോട്ടയത്തുള്ള ചാത്തന് പുത്തൂര്‍ യോഹന്നാെൻറ നേതൃത്വത്തില്‍ രൂപംകൊണ്ട തെന്നിന്ത്യന്‍ സുവിശേഷ സംഘത്തിെൻറ ആവശ്യങ്ങള്‍ക്കായി അവര്‍ അച്ചടിപ്പിച്ച പാട്ടു പുസ്തകങ്ങളാണ് കേരളത്തിലെ ദലിത് ഉടമസ്ഥതയില്‍ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം. എന്നാല്‍, 1912ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍നിന്നും ആരംഭിച്ച സാധുജനപരിപാലിനിയില്നിന്നാണ് കേരളത്തിലെ ദലിതരുടെ പ്രസിദ്ധീകരണ ചരിത്രം ആരംഭിക്കുന്നത്. തുടര്‍ച്ചയായി കുറെ ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍ സാധുജന പരിപാലിനിയാണ് കേരളത്തിലെ ആദ്യ ദലിത് മാസിക. ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കംമുതല്‍ കീഴാള വിഭാഗങ്ങളുടെ ഇടയില്‍ രൂപംകൊണ്ട രാഷ്ട്രീയ-സാമൂഹിക മുന്നേറ്റം എന്ന ലക്ഷ്യത്തിനു സ്വന്തമായി ഒരു പ്രസിദ്ധീകരണ മാധ്യമം അനിവാര്യമായിരുന്നു. നവോത്ഥാനത്തിലെ വ്യത്യസ്ത ശബ്ദമായിരുന്ന പാമ്പാടി ജോണ്‍ ജോസഫിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ചേരമര്‍ദൂതന്‍ മാസികയുടെ ഭാഗമായി നിരവധി പുസ്തകങ്ങൾ അവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ദലിത് ക്രിസ്ത്യന്‍ വിഷയങ്ങളായിരുന്നു ഈ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. സാധുജന പരിപാലിനിക്ക് ശേഷം അച്ചടി-പ്രസിദ്ധീകരണരംഗത്ത് ദലിത് ഇടപെടലുകള്‍ സജീവമാകുന്നുണ്ട്. കുറുമ്പന് ദൈവത്താെൻറ പുസ്തകങ്ങള്‍ അവര്‍ തന്നെ പുറത്തിറക്കുന്നുണ്ട്. നവോത്ഥാന ഇടപെടലുകളുടെ രേഖപ്പെടുത്തുന്ന നിരവധി ഡോക്യുമെൻറുകള്‍ പല കാലങ്ങളില്‍ ഉണ്ടാകുന്നുണ്ട്.
എണ്‍പതുകളുടെ രാഷ്ട്രീയ പാഠം
അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കിലും എണ്‍പതുകളിലാണ് കെ.കെ. കൊച്ചിെൻറയും കെ.കെ. ബാബുരാജിെൻറയും നേതൃത്വത്തില്‍ നവംബര്‍ ബുക്സ് ആരംഭിക്കുന്നത്. അന്നത്തെ ലോകരാഷ്ട്രീയ കാലാവസ്ഥയില്നിന്നാണ് അത്തരമൊരു സംരംഭത്തിന് തുടക്കമാകുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ പതിനേഴ് പുസ്തകങ്ങളാണ് നവംബര്‍ ബുക്സ് പ്രസിദ്ധീകരിച്ചത്. കെ.കെ. കൊച്ച് തെൻറ ആത്മകഥയായ ദലിതനില്‍ ഇതിനെക്കുറിച്ച് എഴുതുന്നുണ്ട്: ''നവംബര്‍ ബുക്സ് നടത്തുന്ന കാലത്ത് ഞാന്‍ സുല്ത്താന്ബത്തേരിയിലായിരുന്നെങ്കിലും, ബാബുരാജിനും മണിക്കും പുസ്തകപ്രസാധനത്തെ നല്ല നിലയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങള്‍ക്കും വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് നവംബര്‍ ബുക്ക് ക്ലബ് ആരംഭിക്കുന്നത്. നവംബര്‍ ബുക്സിെൻറയും മറ്റു പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കുറവിലും വി.പി.പി ആയും അയക്കാന്‍ കഴിഞ്ഞതോടെ കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും മാത്രമല്ല ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങി. പുസ്തകങ്ങള്‍ ഇഷ്ടപ്പെട്ട ചില വായനക്കാര്‍, പ്രോത്സാഹനമെന്ന നിലയില്‍ വില കൂടാതെ സംഭാവനകളും അയച്ചുതന്നിരുന്നു.
പുസ്തകവിൽപനയോടൊപ്പം മണി, ബുക് ക്ലബില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നതിനാല്‍ ലാഭകരമായൊരു സംരംഭമായി നവംബര്‍ ബുക്സ് മാറിയിരുന്നു. ഇതോടെ വീട്ടില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു വീട് വാടകക്കെടുത്ത് ഓഫിസായി പ്രവര്‍ത്തനം ആരംഭിച്ചു. നാലു മുറികളുള്ള വീട്ടില്‍, ജനറല്‍ മാനേജറെന്ന നിലയില്‍ എനിക്കൊരു പ്രത്യേക മുറിയുണ്ടായിരുന്നതിനാല്, സീഡിയന്‍ വാരികയുടെ എഡിറ്റിങ്ങും ഭംഗിയായി നിർവഹിക്കാന്‍ കഴിഞ്ഞു. പുസ്തകപ്രസാധനം ലാഭകരമായതോടെ വീട്ടിലെയും പെങ്ങള് ശാന്തയുടെയും സാമ്പത്തികപ്രശ്നങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞു.
നവംബര്‍ ബുക്സ് ദലിത് പ്രസാധക മേഖലയിലെ ചരിത്രപരമായ ഇടപെടലായിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയോട് സംവദിക്കുന്ന തരത്തില്‍ വളരാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
'നവംബര്‍' ബുക്സിെൻറ നാലാമത്തെ പുസ്തകം മാവോ സേ തൂങ്ങിെൻറ കവിതകളായിരുന്നു. സാഹിത്യപരമായ മൂല്യം കുറവായിരുന്നെങ്കിലും, ഒരു വിശ്വവിപ്ലവകാരിയുടെ ആത്മാവബോധത്തിെൻറ പ്രകാശനമെന്ന നിലയിലാണ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. വിവര്ത്തകന് കെ. സച്ചിദാനന്ദനായിരുന്നു. തുടര്‍ന്ന് പ്രസിദ്ധീകരിച്ചത് വി.സി. ശ്രീജെൻറ 'യാ ദേവി സര്‍വ്വ ഭൂതേഷു' എന്ന കൃതിയാണ്. അടിയന്തരാവസ്ഥക്കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പുസ്തകം, പ്രസിദ്ധീകരിക്കാനുള്ള അനുമതി കണ്ണൂരിലെ വീട്ടിലെത്തി ഞാനാണ് വാങ്ങിയത്. നിലവാരമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമെന്ന നിലയില്‍ പൂർണമനസ്സോടെയാണ് ശ്രീജന് പുസ്തകം നല്‍കിയത്. നവംബര്‍ ബുക്സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ രണ്ടാം പതിപ്പ് ഡി.സി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയമായി കരുത്തു നേടിക്കൊണ്ടിരുന്ന ഘട്ടത്തില്‍ നടന്ന ചര്‍ച്ചകളില്‍നിന്നും ഉരുത്തിരിഞ്ഞ, ഫാഷിസത്തോടുള്ള നിലപാടെന്ന നിലയിലാണ് പോള്‍ എം. സ്വീസിയുടെ ബൃഹദ്ഗ്രന്ഥത്തിലെ ഒരു ഭാഗം സാമ്രാജ്യത്വത്തിെൻറയും ഫാഷിസത്തിെൻറയും സാമ്പത്തികശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. വിവര്ത്തകന് ബാബുരാജായിരുന്നു.
മുതലാളിത്തത്തിെൻറ പരമോന്നതഘട്ടമായി ലെനിന് വിലയിരുത്തുന്ന സാമ്രാജ്യത്വത്തിെൻറ വേഷപ്പകര്ച്ചയായുള്ള ഫാഷിസത്തെ കേവലമൊരു സാമ്പത്തികപ്രശ്നം മാത്രമായാണ് ജർമനിയിലടക്കമുള്ള കമ്യൂണിസ്റ്റുകള്‍ വിലയിരുത്തിയത്. തന്മൂലം, ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുടെ രൂപവത്കരണമാണ് ദിമിത്രോവ് മുന്നോട്ടുെവച്ചത്. ഈ കമ്യൂണിസ്റ്റ് സമീപനത്തെ വിമര്‍ശനവിധേയമാക്കുന്ന പോള്സ്വീസി, മൂലധന മേധാവിത്വത്തോടൊപ്പം വംശീയാധിപത്യവുമുള്ക്കൊണ്ടാണ് ഫാഷിസം രംഗപ്രവേശം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. കമ്യൂണിസ്റ്റുകള്‍ക്ക് ഈ വംശീയാധീശത്വം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയൊട്ടാകെ ദലിതരെ എതിര്‍ക്കുന്ന ബ്രാഹ്മണിസത്തിെൻറ സംരക്ഷണമാണ് ഹിന്ദുത്വ രാഷ്ട്രീയമെന്നും ആയതിനാല്‍ ഹിന്ദുത്വത്തിനെതിരെ ബ്രാഹ്മണവിരുദ്ധ മത വംശ സാമുദായികവിഭാഗങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളണമെന്നായിരുന്നു പുസ്തകത്തിലൂടെ മുന്നോട്ടുെവച്ച രാഷ്ട്രീയം. സീഡിയെൻറയും ജാതിവിരുദ്ധ മതേതര വേദിയുടെയും കാഴ്ചപ്പാടായിരുന്നു ഈ നിഗമനത്തിന്നാധാരമായത്. ഇന്നും പ്രസക്തമായ പുസ്തകത്തിെൻറ രണ്ടു പതിപ്പുകള്‍ മറ്റൊരു പ്രസാധകന് പ്രസിദ്ധീകരിച്ചിട്ടുണ്ട് (ദലിതന്, ആത്മകഥ, കെ.കെ. കൊച്ച്). നവംബര്‍ ബുക്സ് ദലിത് പ്രസാധക മേഖലയിലെ ചരിത്രപരമായ ഇടപെടലായിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയോട് സംവദിക്കുന്ന തരത്തില്‍ വളരാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
പ്രസാധനത്തിലെ പുതുവഴികള്‍
പ്രസാധനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് 1998ല്‍ വായനയിലെ വിപ്ലവം എന്ന തലക്കെട്ടില്‍ തിരുവനന്തപുരത്തുനിന്നും മൈത്രി ബുക്സ് ആരംഭിക്കുന്നത്. ഫാഷിസത്തിനെതിരായി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന മൈത്രി മലയാളത്തിലും ഇംഗ്ലീഷിലുമായി 1300ഓളം പുസ്തകങ്ങളിറക്കി. അംബേദ്കർ, പെരിയാർ, രാം പുനിയാനി, ചെന്താരശേരി, കവിയൂര്‍ മുരളി, കല്ലറ സുകുമാരൻ എന്നിങ്ങനെ കീഴാള എഴുത്തിെൻറ സജീവ സാന്നിധ്യത്തെയാണ് മൈത്രി ബുക്സ് ഉറപ്പിക്കുന്നത്. വന്ദേമാതരം വിമര്‍ശിക്കപ്പെടുന്നു (ശ്രീനി പട്ടത്താനം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് മൈത്രി ഈ രംഗത്തേക്ക് വരുന്നത്. പൗലോഫ്രെയറുടെ മർദിതരുടെ ബോധനശാസ്ത്രം, വിദ്യാഭ്യാസത്തിെൻറ മനഃശാസ്ത്രം, ഡി.ഡി. കൊംസാബിയുടെ ഇന്ത്യാ ചരിത്രപഠനത്തിന് ഒരു മുഖവുര, രോഷജനകമായ പ്രബന്ധങ്ങള്‍ എന്നിവ ആദ്യകാല പുസ്തകങ്ങളാണ്. യുക്തിവാദം, ദലിത് പഠനങ്ങള്‍, മാര്‍ക്സിസ്റ്റ് വായനകള്‍, അംബേദ്കര്‍ ചിന്തകള്‍, മതവിമര്‍ശനം എന്നീ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് മൈത്രി പുറത്തിറക്കുന്നതിലധികവും. തുടക്കം മുതല്‍ തന്നെ ദലിത് പുസ്തകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ഉദാഹരമണമാണ് അയ്യന്‍കാളി (ചെന്താരശേരി), തിരസ്കൃതരുടെ രചനാഭൂപടം (ഒ.കെ. സന്തോഷ്), അയ്യന്‍കാളി കേരളചരിത്ര നിർമിതിയില്‍ (ജോണ്‍ കെ. എരുമേലി) എന്നീ പുസ്തകങ്ങള്‍. അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയിൽ ട്രെഡ്വെല് എഴുതിയ വിശുദ്ധനരകം എന്ന പുസ്തകം പുറത്തിറക്കിയതോടെയാണ് മൈത്രി ബുക്സ് മുഖ്യധാരയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. രണ്ട് മാസത്തിനുള്ളില്‍ നാല് പതിപ്പ് ഇറങ്ങിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേസുണ്ടായതോടെ 2014 ജൂലൈയില്‍ പത്തനംതിട്ട മുന്‍സിഫ് കോടതി പുസ്തകം നിരോധിക്കുകയും മൈത്രിയുടെ മാനേജര്‍ എ. ലാല്‍സലാമിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തു.
2007ലാണ് സബ്ജക്റ്റ് ആൻഡ് ലാംഗ്വേജ് പ്രസ് കോട്ടയത്തുനിന്നും ആരംഭിക്കുന്നത്. രണ്ടായിരത്തിന് ശേഷം കേരളത്തിലുണ്ടായ നവ രാഷ്ട്രീയബോധത്തിെൻറ പശ്ചാത്തലവും ഇന്ത്യയില്‍ ദലിത് പഠനങ്ങള്‍ സജീവമാകുന്ന ഘട്ടത്തിലുമാണ് ഇതിന് തുടക്കമാകുന്നത് എന്നതാണ് ഈ പ്രസാധക സംരംഭത്തെ കൂടുതല്‍ ജനകീയമാക്കുന്നത്. അക്കാദമിക് വരേണ്യതയെ പ്രതിരോധിച്ച് കീഴാളപഠനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്. കെ.കെ. കൊച്ച് മാനേജിങ് എഡിറ്ററായിരുന്നു. കെ.കെ. ബാബുരാജ്, പി.ബി. സുരേഷ്, പ്രകാശ് രാംദാസ്, സി.എസ്. രാജേഷ്, വി.വി. സ്വാമി, ഇ.വി. അനില്‍, ഡോ. ഒ.കെ. സന്തോഷ് തുടങ്ങി നിരവധിയാളുകള്‍ തുടക്കക്കാരും ഇതിെൻറ ഭാഗമാവുകയും ചെയ്തു. മറ്റൊരു ജീവിതം സാധ്യമാണ് (കെ.കെ. ബാബുരാജ്), ആഖ്യാനത്തിലെ അപരസ്ഥലികള്‍ (അരുണ്‍ എ.), ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും (ജെ. രഘു), തെമ്മാടികളും തമ്പുരാക്കന്മാരും (ജെനി റൊവീന) എന്നീ പുസ്തകങ്ങളാണ് പുറത്തിറക്കിയത്. അതുവരെ പുറത്തിറങ്ങിയിരുന്ന പുസ്തകങ്ങള്‍ ബദലായ രാഷ്ട്രീയം മുന്നോട്ടുവെച്ചതിനാല്‍ പുസ്തകങ്ങള്‍ക്ക് വളരെ വേഗത്തില്‍ കേരളത്തിെൻറ പൊതുമണ്ഡലത്തില്‍ സ്വീകാര്യത ലഭിച്ചു. ചില പുസ്തകങ്ങള്‍ രണ്ടാം പതിപ്പുകള്‍ വരെ എത്താന്‍ സാധിച്ചു എന്നത് വ്യത്യസ്തമായ ചിന്തകളെ വായനക്കാരന് സ്വാഗതം ചെയ്യുന്നു എന്നതിന് തെളിവാണ്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി പ്രസാധകര് രംഗത്തുവരുന്നുണ്ട്.
വി.വി. സ്വാമി, ഇ.വി. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ലെയ്റ്റ് പബ്ലിക്കേഷന്‍ പി.കെ. പ്രകാശിെൻറ കഥകള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കി. 1993ലാണ് ചങ്ങനാശേരി ടാസ്ക് പബ്ലിക്കേഷന്‍സ് വി.വി. സ്വാമി എഴുതിയ പി.ആര്.ഡി.എസ് ചരിത്രത്തില്‍ എന്ന പുസ്തകം ഇറക്കുന്നത്. 2009ല്‍ സൊസൈറ്റി ഓഫ് പി.ആര്.ഡി.എസ് സ്റ്റഡീസ് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍ പ്രധാന പുസ്തകമാണ് വി.വി. സ്വാമി, ഇ.വി. അനില്‍, വി.പി. രവീന്ദ്രന് എന്നിവര്‍ എഡിറ്റ് ചെയ്ത പ്രത്യക്ഷ രക്ഷാ ദൈവസഭ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടവിധം എന്ന പുസ്തകം. പൊയ്കയില്‍ അപ്പച്ചനെയും പി.ആര്.ഡി.എസിനെയും കേരള നവോത്ഥാന ചരിത്രത്തിെൻറ ഭാഗമാക്കി മാറ്റാന്‍ ഇത്തരം എഴുത്തുകളിലൂടെ സാധിച്ചു. ആലപ്പുഴ ജനജാഗ്രതി പ്രസാധകസംഘം ഫാ. എസ്. കാപ്പന്, ഫാ. അലോഷ്യസ് ഡി. ഫെര്‍ണാണ്ടസ് എന്നിവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പൗരോഹിത്യ ചൂഷണ നിലപാടുകളെ വിമര്‍ശിക്കുകയും കീഴാള കാഴ്ചപ്പാടുകളെ ഉയര്‍ത്തുന്നതുമായിരുന്നു ഫാ. അലോഷ്യസിെൻറ പുസ്തകങ്ങള്‍.
തിരുവനന്തപുരം ബോധി ബുക്സ് (2015) അംബേദ്കറുടെ ജാതി ഉന്മൂലനം ഉള്‍പ്പെടെ കൃതികളുടെ മലയാള പരിഭാഷയും ആര്. അനിരുദ്ധന് എഴുതിയ അംബേദ്കറുടെ ജീവചരിത്രവും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തുനിന്നും റെയ്വാന്‍ പബ്ലിക്കേഷന്‍ കേരള ചരിത്രത്തിലെ പ്രധാന ഇടപെടലുകളെ മുന്‍നിര്‍ത്തിയുള്ള പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഡോ. അജയ് ശേഖര്‍, ഡോ. എസ്.ആര്. ചന്ദ്രമോഹന് എന്നിവര്‍ എഡിറ്റ് ചെയ്ത കേരള നവോത്ഥാനം പുതുവായനകള്‍, കെ.കെ. കൊച്ചിെൻറ ദലിത് നേര്കാഴ്ചകള്, നാരായെൻറ കഥകളില്ലാത്തവര്, ആദ്യകാല ദലിത് നോവലായ ഡി. രാജെൻറ മുക്കണി എന്നിവ ഇവരുടെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്.
തിങ്കള്‍കല മാനേജിങ് എഡിറ്ററായി തിരുവനന്തപുരത്തുനിന്നും 2005ല്‍ ആരംഭിച്ച പ്രസിദ്ധീകരണശാലയാണ് കിസലയ. അയ്യന്‍കാളി, രോഹിത് വെമുല എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവര്‍ പുറത്തിറക്കി. ബാബു കെ. പന്മന എഴുതിയ അയ്യന്‍കാളി മനുഷ്യാവകാശപ്പോരാളിയും കര്‍ഷകത്തൊഴിലാളി സമരനായകനും എന്ന പുസ്തകം നിരവധി പതിപ്പുകള്‍ ഇറങ്ങി.
2016ലാണ് മാവേലിക്കരയില്‍നിന്നും പ്രകാശ് രാംദാസിെൻറ ഉടമസ്ഥതയില്‍ ക്യുവൈവ് ടെക്സ് ആരംഭിക്കുന്നത്. ജെ. രഘുവിെൻറ ഹിന്ദു കൊളോണിയലിസവും ഫാഷിസവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് അവര്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. ധനഞ്ജയ്കീര് എഴുതിയ ഡോ. അംബേദ്കര്‍: ജീവിതവും ദാര്‍ശനവും, കെ.എം. സലിംകുമാറിെൻറ വംശമേധാവിത്വത്തിെൻറ സൂക്ഷ്മതലങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ഇപ്പോള്‍ പുറത്തിറക്കി. ഇതേ കാലത്താണ് തിരുവനന്തപുരത്തുനിന്നും ഗ്രീന്‍ഗ്രാസ് പബ്ലിക്കേഷന്‍ രാജേഷ് ചിറപ്പാടിെൻറ അദൃശ്യതയുടെ ആഖ്യാനം എന്ന പുസ്തകമിറക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ലൈന്‍ പബ്ലിക്കേഷെൻറ ഒരു ഗ്രാമം നൂറ് ഓർമകള്‍ (എഡി. പി. സനല്‍ മോഹന്‍, പി. മധു, രതീഷ് പി.കെ, സോണിമ ജേക്കബ്, നീന എന്‍.എം, വിനില്‍ പോള്‍) എന്ന പുസ്തകം ശ്രദ്ധേയമായ ഇടപെടലാണ്. മഞ്ചാടിക്കരി എന്ന ഗ്രാമത്തിലെ ദലിത് ജീവിതങ്ങളുടെ തുറന്നുപറച്ചിലിെൻറ രേഖപ്പെടുത്തലാണിത്. ചരിത്രത്തില്‍ വിസ്മരിച്ചുപോകാവുന്ന സന്ദര്‍ഭങ്ങളെ പൊതു ഇടത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ അവര്‍ നിര്‍വഹിച്ചത്. ചരിത്രമെഴുത്തിലെ നിലവിലെ രീതിശാസ്ത്രത്തെ പൊളിച്ചെഴുതുന്നതാണ് ഈ പുസ്തകം.
രാജഗോപാല്‍ വാകത്താനമാണ് കോട്ടയത്തുനിന്നും രണ്ടായിരത്തില്‍ സഹോദരന് പബ്ലിക്കേഷന്സിന് തുടക്കംകുറിക്കുന്നത്. ദലിത് പഠനങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിക്കാത്ത സമയത്താണ് ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം ഇവര്‍ പ്രസിദ്ധീകരിക്കുന്നത്. വി.വി. സ്വാമിയും ഇ.വി. അനിലും എഡിറ്റ് ചെയ്ത് പൊയ്കയില്‍ അപ്പച്ചെൻറ പാട്ടുകള്‍ (1905-1939), പൊയ്കയില്‍ ശ്രീകുമാരഗുരു ചരിത്രരൂപരേഖയില്‍, അടിമവ്യാപാര നിരോധനം ചരിത്രവും പ്രാധാന്യവും (കെ.ടി. റജികുമാര്‍) എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കുന്നത് സഹോദരനാണ്. കേരളത്തിെൻറ മുഖ്യധാരയില്‍ ചര്‍ച്ചക്കു വരും മുമ്പ് രാജഗോപാല്‍ വാകത്താനം എഴുതിയ അയ്യന്‍കാളിയെക്കുറിച്ചുള്ള പഠനവും ഇവര്‍ പുറത്തിറക്കുന്നുണ്ട്.
രമേശ് നന്മണ്ട ഡയറക്ടറായി കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ച ബഹുജന്‍ സാഹിത്യ അക്കാദമി ടി.എച്ച്.പി. ചെന്താരശേരി എഴുതിയ കീഴാള നവോത്ഥാന നായകരെക്കുറിച്ചുള്ള 'കേരള നവോത്ഥാന നായകന്മാര്' എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി ദലിത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. തിരുവനന്തപുരം അംബേദ്കര്‍ മെമ്മോറിയല്‍ പ്രിൻറിങ് ആൻഡ് പബ്ലിഷിങ് സെൻറര്‍ (1988) വി.എ. ആദിച്ചെൻറ അംബേദ്കറും വട്ടമേശ സമ്മേളനവും എന്ന പുസ്തകം ഇറക്കുന്നുണ്ട്. പ്രബുദ്ധജനത പബ്ലിക്കേഷന്‍ തിരുവനന്തപുരം (2016) ബുദ്ധിസ്റ്റ് പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. അതില്‍ പ്രധാനമാണ് കുമ്പഴ ദാമോദരെൻറ ബുദ്ധിസം വിമോചനത്തിെൻറ മാര്‍ഗം എന്ന പുസ്തകം.
വൈക്കത്തെ ഹോബി പബ്ലിക്കേഷന്‍സാണ് ദലിത് ബന്ധു എന്‍.കെ. ജോസിെൻറ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. അക്കാദമിക ചരിത്രത്തിെൻറ രീതിശാസ്ത്രത്തില്നിന്നും വ്യത്യസ്തമായ സമീപനമാണ് ദലിത് ബന്ധു തെൻറ രചനകളില്‍ സ്വീകരിച്ചത്. ഇത് സവര്‍ണ എഴുത്തിന് ബദലായ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും ബഹുജന്‍വാര്‍ത്ത പബ്ലിക്കേഷന്‍ ദലിത് ബന്ധുവിെൻറ പൊയ്കയില്‍ യോഹന്നാന് ഉപദേശി എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ ഇറക്കുന്നുണ്ട്.
രണ്ടായിരത്തോടെ ദലിത് പഠനങ്ങള്‍ അക്കാദമികവും അല്ലാതെയും സംവാദമണ്ഡലത്തില്‍ സജീവമായതോടെയാണ് അത്തരം വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ എല്ലാ പ്രസാധകരും പുറത്തിറക്കിത്തുടങ്ങിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ദലിത് പഠനം-സ്വത്വം സംസ്കാരം സാഹിത്യം എന്ന പ്രദീപന് പാമ്പിരികുന്നിെൻറ പുസ്തകം പുറത്തുവരുന്നത് 2007ലാണ്. തുടര്‍ന്ന് കെ.കെ. കൊച്ച്, കെ.കെ.എസ്. ദാസ്, ഒ.കെ. സന്തോഷ്, ടി.എച്ച്.പി. ചെന്താരശേരി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലിസ പുല്‍പ്പറമ്പില്‍ ഉള്‍പ്പെടെ നിരവധി പേരുടെ പുസ്തകം പുറത്തിറക്കുന്നുണ്ട്. ഡി.സി ബുക്സ് 2011ല്‍ ദലിതം എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി എട്ട് പുസ്തകങ്ങളാണ് പുറത്തിറക്കിയത്. ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ പ്രസാധകര് ഉള്‍പ്പെടെ ദലിത് വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കുന്നുണ്ട്. കേരളചരിത്രം ദൃശ്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വിനില്‍ പോളിെൻറ അടിമത്തത്തിെൻറ അദൃശ്യചരിത്രവും സാഹിത്യവിമര്‍ശനത്തില്‍ കീഴാള കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കെ.കെ. ബാബുരാജിെൻറ അപരവിചിന്തനം, ഡോ. ഒ.കെ. സന്തോഷിെൻറ അസാന്നിധ്യങ്ങളുടെ പുസ്തകം എന്നിവ ഡി.സി ബുക്സാണ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ചത്.
തൊണ്ണൂറുകളിലാണ് ഇടുക്കി പീരുമേട്ടില്‍നിന്നും അംബേദ്കര്‍ പബ്ലിക്കേഷന്‍സ് കല്ലറ സുകുമാരെൻറ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദലിത്പക്ഷ ഗ്രന്ഥങ്ങളുമായി രംഗത്ത് വരുന്നത്. ഗാന്ധിജിയുടെ പ്രഹസനങ്ങള്‍ (പി.എസ്. ശശീന്ദ്രന്), ജാതി ഒരഭിശാപം (കല്ലറ സുകുമാരന്‍) എന്നിവ ഇവര്‍ പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങളാണ്
കൊളോണിയല്‍ ആധുനികതയെ മുന്‍നിര്‍ത്തി കേരളത്തിലെ അടിമത്തത്തെക്കുറിച്ച് വിശകലനം ചെയ്യുന്ന ഡോ. സനല്‍ മോഹെൻറ കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിെൻറ പാഠങ്ങളും പത്തനംതിട്ടയിലെ പ്രസക്തി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ചിത്രകാരന് സുരേഷ് തോലില്‍ ആരംഭിച്ച മുദ്ര ബുക്സ് കലാഭവന്‍ മണിയുടെ ജീവിതവും ചലച്ചിത്രരംഗത്തെ സാന്നിധ്യവും അടയാളപ്പെടുത്തുന്ന പുസ്തകം പുറത്തിറക്കി. തൊണ്ണൂറുകളിലാണ് ഇടുക്കി പീരുമേട്ടില്‍നിന്നും അംബേദ്കര്‍ പബ്ലിക്കേഷന്‍സ് കല്ലറ സുകുമാരെൻറ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദലിത്പക്ഷ ഗ്രന്ഥങ്ങളുമായി രംഗത്ത് വരുന്നത്. ഗാന്ധിജിയുടെ പ്രഹസനങ്ങള്‍ (പി.എസ്. ശശീന്ദ്രന്), ജാതി ഒരഭിശാപം (കല്ലറ സുകുമാരന്‍) എന്നിവ ഇവര്‍ പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങളാണ്. കോട്ടയം ഏറ്റുമാനൂരില്‍നിന്നും സുരഭി പബ്ലിക്കേഷന്‍ മാഞ്ഞൂര്‍ ഗോപാലെൻറ അംബേദ്കര്‍ ജീവചരിത്രമുള്‍പ്പെടെ നിരവധി ദലിത്പക്ഷ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ചാത്തന്തറയില്നിന്നിറങ്ങിയ ഫെഡറല്‍ ഇന്ത്യാ ബുക്സ് പ്രമുഖ കവിയും ചിന്തകനുമായ കെ.കെ.എസ്. ദാസിെൻറ ദലിത് ദേശീയത, മലനാടിെൻറ മാറ്റൊലി എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ദലിത് സെൻറര്‍ ഫോര്‍ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ ഇനിഷ്യേറ്റിവ് ഡോ. എം.ബി. മനോജും അനുരാജ് തിരുമേനിയും എഴുതിയ തിരു.പി.ജെ. സഭാരാജ് ഓർമ രാഷ്ട്രീയം അടയാളം, ദലിത് പഠനങ്ങള്‍ (എഡി. ഡോ. എം.ബി. മനോജ്) എന്നീ പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്.
ഓസോണ്‍ ബുക്സ് തിരുവല്ല (പ്രസാദ്) ഈ മേഖലയിലെ പ്രസാധകനാണ്. കലാഭവന്‍ മണിയെക്കുറിച്ച് ഒരു നോവല്‍ പ്രസാദ് എഴുതിയിട്ടുണ്ട്. സൈന്ധവമൊഴി ബുക്സ് കോട്ടയം, നവോത്ഥാനം പബ്ലിക്കേഷന്‍ തിരുവനന്തപുരം, ക്രൈസ്തവ സാഹിത്യ സമിതി തിരുവല്ല, ബി.പി.സി.ഡി മാങ്ങാനം കോട്ടയം, വിദ്യാർഥി പബ്ലിക്കേഷന്‍സ് കോഴിക്കോട്, ഡൈനാമിക് ആക്ഷന്‍ തിരുവല്ല തുടങ്ങിയ പ്രസാധക സംരംഭങ്ങളും ഈ മേഖലയില്‍ അവരുടേതായ സംഭാവനകള്‍ നല്കിയവരാണ്. ഇവിടെ പ്രതിപാദിച്ചിട്ടുള്ള പ്രസാധന സംരംഭങ്ങള്‍ ചരിത്രപരമായി അതിെൻറ ദൗത്യം നിര്‍വഹിച്ച് പിന്വാങ്ങിയവയും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയുമുണ്ട്. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ഇതില്‍ ഇനിയും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്.
സൂചിക
കെ.സി. പുരുഷോത്തമന്, ദലിത് സാഹിത്യ പ്രസ്ഥാനം, കേരള സാഹിത്യ അക്കാദമി തൃശൂര്‍ 2008
ഡോ. എ.ജി. ശ്രീകുമാര്‍, പുസ്തകങ്ങള്‍ നിർമിച്ച കേരളം, കേരള സാഹിത്യ അക്കാദമി തൃശൂര്‍ 2018
കവിയൂര്‍ മുരളി, ദലിത് സാഹിത്യം, കറൻറ് ബുക്സ് കോട്ടയം 2001
കെ.കെ. കൊച്ച്, ദലിതന്, ഡി.സി ബുക്സ് കോട്ടയം 2019
ഡോ. പ്രദീപന് പാമ്പിരികുന്ന്, ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
ഡോ. പ്രദീപന് പാമ്പിരികുന്ന്, ദലിത് സൗന്ദര്യശാസ്ത്രം, ഡി.സി ബുക്സ് കോട്ടയം
കെ.കെ.എസ്. ദാസ്, ദലിത് പ്രത്യയശാസ്ത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ടി.കെ. അനില്‍കുമാര്‍, മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം, കേരള സാഹിത്യ അക്കാദമി
കെ.കെ. കൊച്ച്, കേരള ചരിത്രവും സമൂഹ രൂപീകരണവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഡോ. എം.ബി. മനോജ്, ആഖ്യാനം സാന്നിധ്യം സൗന്ദര്യം, വിദ്യാർഥി പബ്ലിക്കേഷന്‍സ് കോഴിക്കോട്, 2013
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.