കേരള സാഹിത്യ അക്കാദമി ഭാരവാഹിത്വം പ്രതിഷേധ സൂചകമായി രാജിവെക്കുകയും എമർജിങ് പോയട്രി എന്ന സേങ്കതത്തിനായി പോരാടുകയും ചെയ്യുന്ന കവി എസ്. ജോസഫ് തന്റെ നിലപാടുകളെക്കുറിച്ചും കവിതകളെക്കുറിച്ചും ഒ.കെ. സന്തോഷുമായി സംസാരിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1302 പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നുള്ള ഭാഗം.
ഐഡന്റിറ്റി എന്ന് പറയുന്നത് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ല മറിച്ച്; ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരുപാട് ഭയസംഘര്ഷങ്ങളുണ്ട്. അടുത്തകാലത്ത് താങ്കള്‍ എഴുതിയ ഒരു കുറിപ്പില്‍ അതിന്റെ പ്രതിഫലനവും തീക്ഷ്ണതയും കണ്ടു. സാമൂഹിക-സാംസ്കാരിക ഒറ്റപ്പെടലില്നിന്നാണോ അത്തരം എഴുത്തുകളിലേക്ക് വരുന്നത്? പ്രത്യേകിച്ച് ദലിത് വാദത്തെക്കുറിച്ച്. മുമ്പുതന്നെ ദലിത് വാദത്തിന്റെ ഹിന്ദു മേധാവിത്വത്തെക്കുറിച്ച്, സാംസ്കാരിക-രാഷ്ട്രീയ പക്ഷപാതിത്വത്തെക്കുറിച്ച് എഴുതിയും പറഞ്ഞും നില്ക്കുന്ന ഒരാളെന്നനിലക്കാണ് ഈ ചോദ്യമുന്നയിക്കുന്നത്. എന്താണ് യഥാർഥത്തിലുള്ള വിമര്‍ശനം?
അതായത് സാഹിത്യ അക്കാദമിയില്‍നിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ട് എന്നെ അത്ഭുതപ്പെടുത്തിയ കാര്യം പറയാം. ഞാന്‍ ഒരു ജാതിയിലാണ് ജനിച്ചത്. പക്ഷേ, അതിനപ്പുറത്തേക്കു പോയി. പോയി എന്നു പറഞ്ഞാൽ ആളുകൾ പറയുന്നത് പോയില്ലാ എന്നാണ്. പോയില്ലെന്നു പറഞ്ഞാല്‍ ആളുകൾ പറയും പോകണമെന്ന്. അതായത് നമ്മള് എവിടെനിന്നാലും മാറിനില്‍ക്കെടാ എന്ന രീതിയിലുള്ള പൊലീസുകാരുടെ പറച്ചിലുണ്ടല്ലോ. നിന്ന സ്ഥാനത്തുനിന്ന് അവനെ തെന്നിമാറ്റുകയെന്ന് കെ.എം. വേണുഗോപാല്‍ ഒരിക്കൽ പറയുകയുണ്ടായി. എവിടെ നിര്ത്തപ്പെടുന്നുവോ അവിടെനിന്ന് എപ്പോഴും മാറ്റിനിര്‍ത്തപ്പെടും. ഇപ്പോള്‍ ഇന്ത്യയിലെ പ്രശ്നങ്ങളെന്നു പറയുന്നത് അതിസങ്കീർണമാണ്. കേരളത്തിലുമുണ്ട്. ഇന്ത്യയിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ പാകത്തിലുള്ള വിപുലമായ ഇന്ത്യന്‍ അനുഭവം നമുക്കില്ല. നമ്മുടെ അനുഭവങ്ങള്‍ കേരളത്തില്‍മാത്രം പരിമിതപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെമ്പാടും സഞ്ചരിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കേരളത്തില്‍ ജാതിസംഘര്ഷങ്ങളില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവുമില്ല.
എന്റെ രാജിവെപ്പുമായി ബന്ധപ്പെട്ട്, എന്തിനാണ് രാജിവെച്ചത് എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. രാജിവെച്ച് ഒളിച്ചോടിപ്പോകുന്നത് ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. എന്താണ് അങ്ങനെ ശരിയല്ലെന്ന് പറയുന്നത്? ഞാന്‍ എന്നെ അങ്ങോട്ട് കയറ്റണമെന്ന് പറയുന്നില്ലല്ലോ. ഞാന്‍ അവിടെനിന്നു പോവുകയാണ് ചെയ്തത്. ഇന്നത്തെ കാലത്തെ അധികാരവുമായി ബന്ധപ്പെട്ട് വിപരീതമായ ധാരയാണ് പോവുകയെന്നുള്ളത്. എങ്ങനെയെങ്കിലും എവിടെയെങ്കിലും കയറിപ്പറ്റാൻ വേണ്ടി ഉന്തിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പണ്ടൊക്കെ മനുഷ്യർ ധാർമികതയുടെ പേരിൽ രാജിവെക്കുമായിരുന്നു. ഇന്ന് എങ്ങനെയെങ്കിലും കയറുക മാത്രമേയുള്ളൂ. എന്‍ട്രന്‍സ് മാത്രമേയുള്ളൂ. എക്സിറ്റ് ഇല്ല. ഇവിടെ എന്റെ കാര്യത്തില്‍ എക്സിറ്റ് ചെയ്തതുപോലും കുറ്റമായി മാറുകയാണ്. അയാൾ രാജിവെച്ചു പോയാല്പോകട്ടെ, സമാധാനമായി കവിതയെഴുതട്ടെ എന്നു പറഞ്ഞാല്‍ മതി. കവികളെ സംബന്ധിച്ച് അധികാരവുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കേണ്ട കാര്യമില്ല. അതെനിക്ക് മനസ്സിലായത് എന്തെന്നുവെച്ചാൽ ഞാൻ ഈ സ്ഥാനത്ത് ഇരുന്നപ്പോൾ എന്നെ കവിയല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിൽ കിട്ടിയിരുന്ന ഒരു അംഗീകാരവും പല സ്ഥലത്തും കവിതകൾ അവതരിപ്പിക്കാൻ കിട്ടിയ അവസരവും ഇല്ലാതായി.
സംസാരിക്കാനും കവിതകൾ അവതരിപ്പിക്കാനും കേരളത്തിൽ ഒട്ടുമിക്കയിടങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഒരു മനുഷ്യനാണ് ഞാന്‍. അതൊക്കെ മാറിയിട്ട് ഞാൻ ഒരു അധികാര കസേരയില്‍ പോയിരുന്നാൽ, ‘പിന്നെ നീ അവിടെ ഇരുന്നോ ’ എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു. അപ്പോൾ എനിക്കതിന്റെ ആവശ്യമില്ല. കേരളത്തില്‍ എന്നെപ്പോലെ ഒരാളെ ഈ സ്ഥലത്ത് ഇങ്ങനെ വെച്ചിരിക്കുന്നത് ഒരുതരം ഉപേക്ഷിക്കലാണ്. അത് എനിക്ക് മനസ്സിലായി. കേരളത്തിൽ നൂറുകണക്കിന് സാഹിത്യകാരന്മാർ ഉണ്ടെങ്കിലും പ്രശസ്തി മുഴുവനും സവർണര്‍ക്കാണ്.അതിപ്രശസ്തനായ ഒരു അവര്‍ണ എഴുത്തുകാരനെ നിങ്ങള്‍ക്ക് കാണിച്ചുതരാമോ? മൈക്കിള്‍ ജാക്സൺ ലോകപ്രശസ്തനാണ്. ബോബ് മാര്‍ലി ലോകപ്രശസ്തനാണ്. ടോണി മോറിസന്, ആലീസ് വാക്കര്‍, മായ എയ്ഞ്ചലോ, വില്‍സ്മിത്ത് അങ്ങനെ ലോകപ്രശസ്തരായ എത്രയോ പേര്. അപ്പോള്‍ ലോകത്ത് എല്ലായിടത്തും ഏതൊരു വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്കും വലിയ നിലയിൽ എത്താനുള്ള സാഹചര്യമുണ്ട്. ഇവിടെ അതില്ല. എല്ലാവരും ഒരുപോലെ ആദരിക്കുന്ന അവര്‍ണ വിഭാഗത്തില്‍പ്പെട്ട ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ പറ്റുമോ? അതൊക്കെ നമ്മള് നോക്കുമ്പോൾ ഒന്നുകിൽ മേല്‍ജാതി-മതവിഭാഗത്തില്‍പ്പെട്ടവർ ആയിരിക്കും. സി. അയ്യപ്പന് വലിയ എഴുത്തുകാരനാണ് ഞാന്‍ സമ്മതിച്ചു. പക്ഷേ, പുള്ളിക്ക് എന്തുകിട്ടി? എഴുത്തിന്റെ പേരില്‍ ജനങ്ങളുടെ സ്നേഹം കിട്ടിയോ? ജനങ്ങളുമായി സംവദിച്ചോ? ആ പേരില്‍ അദ്ദേഹം ബഹുമാനിക്കപ്പെട്ടോ? ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഈ ഉത്തരം കൃത്യമായോ എന്ന് എനിക്കറിയില്ല.
ഉത്തരം വളരെ വ്യക്തമാണ്. അപ്പോള്‍ വിവാദങ്ങളിലേക്ക് വന്നതുകൊണ്ടുതന്നെ അതിന്റെ തുടര്‍ച്ചയെന്നനിലയിൽ ചില വിശദീകരണംകൂടി ആവശ്യമുണ്ടെന്നു തോന്നുന്നു. കാരണം മാധ്യമതാൽപര്യങ്ങളും സമൂഹമാധ്യമ ഇടപെടലുകളും അവ്യക്തതകളും ആവേശങ്ങളും ഉണ്ടാക്കുന്നതില്‍ വിദഗ്ധരാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കുന്നത് സാഹിത്യ അക്കാദമിയുടെ പരിധിയില്‍പ്പെട്ട കാര്യമല്ലല്ലോ എന്ന യുക്തിയിലൂന്നിയ വിമര്‍ശനമാണ് പലരും ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇംഗ്ലീഷിലേക്കുള്ള താങ്കളുടെ കവിതകളുടെ നിരവധി വിവര്‍ത്തനമുള്‍പ്പെടെ ചെയ്യുകയും ഒട്ടേറെ സ്ഥലങ്ങളിൽ കവിതകളെക്കുറിച്ച് എഴുതുകയും ചെയ്ത സച്ചിദാനന്ദനാണ് കെ.എല്‍.എഫിന്റെ ഡയറക്ടര്‍. അതുകൊണ്ട് ഇപ്പോൾ സംഭവിച്ച പ്രശ്നങ്ങൾ ഒരു വ്യക്തിയോടുള്ള പ്രതിഷേധമായി ചുരുക്കുന്നത് എത്രത്തോളം ശരിയാണ്? അതോ അക്കാദമിപോലുള്ള സര്‍ക്കാർ സ്ഥാപനവത്കൃത ഘടനയോടുള്ള വിയോജിപ്പാണോ?
സച്ചിദാനന്ദന് എന്നെക്കുറിച്ച് നിരവധി എഴുതിയിട്ടുള്ളയാളാണ്. പുതിയ തലമുറയിലുള്ള കവികളില്പ്പെട്ട എന്നെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും കൂടുതൽ എഴുതിയിട്ടുള്ളതും അദ്ദേഹമാണെന്ന് പറയാം. അദ്ദേഹവുമായി എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട്. പക്ഷേ, ഈ ഒരു സന്ദര്‍ഭത്തില്‍ ഒറ്റക്കാരണംമൂലം രാജിവെക്കുക എന്നതല്ല; പല കാരണങ്ങള്‍മൂലം രാജിവെക്കുക എന്നു കാണുന്നതാണ് ശരി. ഡി.സി ബുക്സ് നടത്തിയ ഈ പരിപാടിയിൽ രണ്ടുമൂന്ന് വര്‍ഷമായി എന്നെ പങ്കെടുപ്പിക്കാറില്ല. ഏഴെട്ട് പുസ്തകങ്ങള്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചതിലൂടെ അവരുടെ മുഖ്യ എഴുത്തുകാരില്‍ ഒരാളായാണ് ഞാൻ മനസ്സിലാക്കുന്നത്...............................
അഭിമുഖത്തിന്റെ പൂർണരൂപം മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീനിൽ വായിക്കാം -കവിതയിലും സംസ്കാരത്തിലും ജാതി പ്രവര്‍ത്തിക്കുന്നത് അദൃശ്യമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.