മാധ്യമം ആഴ്ചപ്പതിപ്പുമായി എന്നും ഊഷ്മളബന്ധം പുലർത്തുന്ന കഥയുടെ കുലപതി തെന്റ മാധ്യമം അനുഭവങ്ങൾ പറയുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് എത്തിയിരിക്കുകയാണ്. തീർച്ചയായും, ഇത് മാധ്യമത്തെ സംബന്ധിച്ച് മാത്രമല്ല, പത്രപാരായണം ചെയ്യുന്ന എല്ലാ മലയാളികളെ സംബന്ധിച്ചും വളരെ സുന്ദരമായ ഒരു മുഹൂർത്തമാണ്.
മാധ്യമം ദിനപത്രത്തിന്റെ കാലത്തു തന്നെ എനിക്ക് മാധ്യമവുമായി ബന്ധമുണ്ട്. മാധ്യമത്തിെന്റ കണ്ണൂരിലെ പ്രതിനിധി അനിൽ കുരുടത്തായിരുന്നു. ഞാൻ പരിചയപ്പെട്ട പത്രപ്രവർത്തകരിൽ ഏറ്റവും സമർഥനും തെന്റ പ്രവൃത്തി എന്താണെന്നും അത് എങ്ങനെ ചെയ്യണമെന്നും നല്ല നിശ്ചയവുമുള്ള ഒരു ചെറുപ്പക്കാരനാണ് അനിൽ. എന്നു മാത്രമല്ല, മലയാളഭാഷയുടെ എല്ലാ ശുദ്ധിയും സൗന്ദര്യവും തെന്റ എഴുത്തിൽ ദീക്ഷിക്കുന്ന ഒരു നല്ല സഹൃദയനുംകൂടിയാണ്. ഇങ്ങനെ ഒരു ആഴ്ചപ്പതിപ്പ് മാധ്യമം ഗ്രൂപ്പിൽനിന്ന് വരാൻപോകുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ 'മാധ്യമ'ത്തിന്റെ ഭാരവാഹികൾ പറഞ്ഞതനുസരിച്ച് അനിൽ എന്നെ സമീപിച്ചിരുന്നു, ഒരു ഇന്റർവ്യൂവിനുവേണ്ടി. ഞാൻ ഒഴിഞ്ഞുമാറി. അനിൽ ഒന്നിലധികം തവണ എന്നെ സമീപിച്ചിരുന്നു. അപ്പോഴൊക്കെയും ഞാൻ ഒഴിഞ്ഞുമാറുകയാണുണ്ടായത്.
അനിൽ നിർബന്ധിച്ചപ്പോൾ ഞാൻ കാരണം പറഞ്ഞു. ഞാൻ പറഞ്ഞു, എനിക്കറിയാം. ഇത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമാണ്. ഞാൻ മൗലാനാ മൗദൂദിയിലോ അദ്ദേഹത്തിെന്റ വിശ്വാസസംഹിതകളിലോ അൽപംപോലും വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല. പിന്നെ എന്തിനാണ് ഞാൻ നിങ്ങളുടെ തുടങ്ങാൻപോകുന്ന വാരികയിൽ ഒരിന്റർവ്യൂവിന് ഇരുന്നുതരേണ്ടത്! ഞാൻ പറഞ്ഞ കാര്യങ്ങളായിരിക്കില്ല വരുന്നത്. അത് ട്വിസ്റ്റ് ചെയ്യും. ചിലത് തമസ്കരിക്കും. ചിലത് പൊലിപ്പിച്ചുകാട്ടും. വേണ്ട അനിലേ, നമുക്കിത് വേണ്ട.
ഏയ് അങ്ങനെയൊന്നും ചെയ്യില്ല എന്ന് അനിൽ പറയും. അപ്പോഴേക്കും മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തുവന്നുകഴിഞ്ഞു. അനിലിന്റെ നിർബന്ധം തുടർന്നുകൊണ്ടേയിരുന്നു. പ്രത്യേകിച്ചും അനിലിനോടുള്ള ഒരു സ്നേഹം, അനിലിെന്റ യോഗ്യതയെക്കുറിച്ചുള്ള ഒരു മതിപ്പ്, ഇതുകൊണ്ടാണ് ഞാൻ സംസാരിക്കാൻ തന്നെ അനിലിന് നിന്നുകൊടുത്തത്. ഒടുവിൽ ഒരു ഘട്ടത്തിൽ അനിലിെന്റ നിർബന്ധം സഹിക്കവയ്യാതായപ്പോൾ ഞാൻ ചോദിച്ചു:
ശരി അനിലേ, ഞാൻ നിങ്ങൾക്ക് നിന്നുതരാം. പക്ഷേ ഒരു കണ്ടീഷൻ. ഞാൻ പറഞ്ഞത് മുഴുവൻ അച്ചടിച്ചുവരണം. ഒന്നും ഡിലീറ്റ് ചെയ്യാൻ പാടില്ല. അഭിപ്രായം എേന്റതാണ്.
അനിൽ പറഞ്ഞു: നിങ്ങൾക്കെന്നെ വിശ്വസിക്കാം. അതുപോലെ തന്നെ സംഭവിക്കും. നിങ്ങൾ പറഞ്ഞത് മാത്രം, നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് അത് മുഴുവൻ മാധ്യമത്തിൽ അച്ചടിച്ചുവരും.
ഞാൻ ചോദിച്ചു: ഉറപ്പുണ്ടോ?
ഉറപ്പുണ്ട്.
ഇല്ലെങ്കിൽ?
അപ്പോൾ- അനിൽ അൽപം ഒന്നും പറയാതെ നിന്നു. പിന്നെ പറഞ്ഞു: ഞാനന്ന് രാജിവെക്കും.
അപ്പോൾ ഞാൻ അനിലിനോടു പറഞ്ഞു: അനിൽ ഇത്രാം തീയതി വന്നുകൊള്ളൂ.
അതുപ്രകാരം അനിൽ വന്നു. സുദീർഘമായ ഒരിന്റർവ്യൂ എടുത്തു. ഈ ഇന്റർവ്യൂ 'മാധ്യമ'ത്തിെന്റ പത്താം ലക്കത്തിൽ -തുടങ്ങി ഒമ്പത് ആഴ്ചയേ കഴിഞ്ഞിട്ടുള്ളൂ -കവർ സ്റ്റോറിയായി വന്നു. എെന്റ കവർഫോട്ടോയോടുകൂടി വന്നു. ഞാൻ വളരെ താൽപര്യത്തോടെ വായിച്ചു, എന്തൊക്കെയാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. യാതൊന്നുമില്ല. പറഞ്ഞത് മുഴുവൻ -ഇവർക്ക് ഹൃദ്യമാകാത്ത കാര്യങ്ങളും അതിലുണ്ട്. (ഹൃദ്യമാകാത്തത്- അതാണ് അതിെന്റ പ്രാധാന്യം).
അന്നുമുതൽ തുടങ്ങിയതാണ് എെന്റ 'മാധ്യമ'വുമായുള്ള ബന്ധം. അതിപ്പോഴും തുടരുന്നു. ആദ്യകാലത്തെ മാധ്യമത്തിെന്റ പത്രാധിപന്മാരുമായിട്ടൊന്നും എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പി.കെ. പാറക്കടവ് പത്രാധിപരായി വന്നപ്പോഴാണ് മാധ്യമം ആഴ്ചപ്പതിപ്പുമായി ഞാൻ ഏറെ അടുത്തത്. കാരണം പാറക്കടവിെന്റ കുടുംബവുമായി ദീർഘകാലത്തെ ബന്ധമാണ്. പാറക്കടവിനെ അറിയുന്നതിന് മുമ്പുതന്നെ ആ ബന്ധം തുടങ്ങിയതാണ്. 1952ൽ മദ്രാസിൽ നിയമവിദ്യാർഥിയായി പോയപ്പോൾ തന്നെ ആദ്യമായി പരിചയപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാൾ കെ.എ. കൊടുങ്ങല്ലൂരാണ്. കൊടുങ്ങല്ലൂരുമായുള്ള ബന്ധം അദ്ദേഹം മരിക്കുന്നതുവരെ പുലർത്തിയ വ്യക്തിയാണ് ഞാൻ. കൊടുങ്ങല്ലൂരിെന്റ ഏകമകൾ സെബുവിനെയാണ് പാറക്കടവ് കല്യാണം കഴിച്ചത്. അതിനുശേഷമാണ് ഞാൻ പി.കെ. പാറക്കടവിനെ ഒരെഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്ന നിലയിലൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയതും സ്നേഹിക്കാൻ തുടങ്ങിയതും. ആ ബന്ധം, ആ കുടുംബവുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. പാറക്കടവിെന്റ കഥകൾ എനിക്കിഷ്ടമാണ്. പാറക്കടവിെന്റ ലേഖനങ്ങൾ ഇഷ്ടമാണ്. പാറക്കടവിെന്റ അഭിമുഖങ്ങൾ ഇഷ്ടമാണ്. എല്ലാം വായിക്കും. പാറക്കടവ് ആവശ്യപ്പെട്ടപ്പോഴൊക്കെ ഞാൻ കഥകളോ ലേഖനങ്ങളോ എന്താ വേണ്ടത് അത് ഞാൻ ചെയ്തുകൊടുത്തിട്ടുമുണ്ട്. പാറക്കടവ് പത്രാധിപരായിരുന്ന കാലത്ത് വന്ന എല്ലാ വാർഷികപ്പതിപ്പുകളിലും ഞാൻ കഥകളെഴുതിയിട്ടുണ്ട്.
ഈ അടുത്തകാലത്ത്, ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് ഒരു വാർഷികപ്പതിപ്പിനുവേണ്ടി പതിവുപോലെ കഥ ആവശ്യപ്പെട്ടു. അയക്കാം എന്ന് ഞാൻ പറഞ്ഞു. പക്ഷേ അയക്കാൻ വൈകി. പാറക്കടവ് പറയും ഞാൻ അയക്കാമെന്നു പറയും. അതിെന്റ ഒരു കാരണം എെന്റയുള്ളിൽ കഥയുണ്ട്. കഥയുടെ ആദിമധ്യാന്തങ്ങളൊക്കെ മനസ്സിൽ നല്ലതുപോലെയുണ്ട്. പക്ഷേ ഈ കഥ എഴുതണോ വേണ്ടയോ എന്ന ഒരു മടി. കാരണം അത് ആറോ ഏഴോ വയസ്സായ അൻവർ എന്നു പറഞ്ഞ ഒരു കുട്ടിയെക്കുറിച്ചാണ്. കണ്ണൂരിലെ പ്രസിദ്ധമായ ഒരു മാളുണ്ട്. അന്ന് കണ്ണൂരിലെ ഏറ്റവും വലിയ മാൾ അതായിരുന്നു. അത് മൂന്നാംനിലയിലാണ്. വിഷമിച്ച് മുകളിൽ കയറണം. ഞാനും സഹായി രാമചന്ദ്രനും കൂടി അവിടെ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ്. അതൊരു കഥയായി എെന്റ മനസ്സിൽ കിടക്കുന്നുണ്ട്. ഒടുവിൽ ഞാൻ പാറക്കടവിനോട് പറഞ്ഞു-
പാറക്കടവേ ഒരു കഥയുണ്ട്. പക്ഷേ അതൊരു കുട്ടിയെക്കുറിച്ചാണ്. കുട്ടികളെക്കുറിച്ച് മലയാളത്തിൽ എന്നല്ല, ഒരുപക്ഷേ ലോകത്തിൽ തന്നെ, ഏറ്റവും കൂടുതൽ കഥയെഴുതിയ വ്യക്തി ഞാനാണ്. പത്തോ നാൽപതോ കഥകൾ കുട്ടികൾ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. വീണ്ടും ഒരു കുട്ടി. ഇത് വായിച്ചാൽ എെന്റ ശത്രുക്കൾ ഇവൻ ഈ പ്രവൃത്തി നിർത്തില്ലേ... ഞാനതുകൊണ്ട് പേടിച്ചിട്ടൊന്നുമല്ല. എന്നാലും വേണോ?
പാറക്കടവ് അപ്പോൾ പറഞ്ഞു- നിങ്ങളാ കഥയൊന്ന് എന്നോടു പറഞ്ഞുതാ.
ഞാനതിെന്റ തീം പറഞ്ഞുകൊടുത്തു.
അപ്പോൾ പാറക്കടവ് പറഞ്ഞു: ആ കഥയാണ് ഈ കൊല്ലത്തെ വാർഷികപ്പതിപ്പിൽ പ്രധാന കഥയായി കൊടുക്കേണ്ടത്. ഇതാണ് കഥ. എനിക്കത് കിട്ടിയാൽ മതി.
അങ്ങനെയാണ് ആ കഥയെഴുതിയത്. ചെറിയ കഥയാണ്. കഥയുടെ പേര് -കൊച്ചുചങ്ങാതി. ആ കഥയുടെ അവസാനത്തെ പാരഗ്രാഫ് മാത്രമാണ് ഭാവനയിൽനിന്ന് ഞാൻ എടുത്തെഴുതിയത്. ബാക്കി മുഴുവനും അക്ഷരംപ്രതി സത്യമാണ്. എെന്റ കഥകളിൽ ഇഷ്ടപ്പെട്ട കഥയേതാണ് എന്ന് ചോദിച്ചാൽ തീർച്ചയായും അതിൽ 'കൊച്ചുചങ്ങാതി' ഉണ്ടാവും.
'മാധ്യമ'വുമായി പാറക്കടവ് വിട്ടതിനു ശേഷവും എെന്റ ബന്ധം അഭംഗുരമായി തുടരുന്നുണ്ട്. ഇപ്പോൾ എഡിറ്റോറിയൽ െഡസ്ക് ചുമതല വഹിക്കുന്ന ആർ.കെ. ബിജുരാജ് വന്നതിനു ശേഷവും അതിനൊരു വിച്യുതിയും ഉണ്ടായിട്ടില്ല. ഒടുവിലത്തെ വാർഷികപ്പതിപ്പിൽ വരെ ഞാൻ എഴുതിയിട്ടുണ്ട്. പിന്നെ അദ്ദേഹം വന്നതിനുശേഷമാണ്, എെന്റ കഥയുടെ എഴുപത് വർഷത്തെ പ്രകീർത്തിച്ചുകൊണ്ട് 'മാധ്യമം' ഒരു പത്മനാഭൻ പതിപ്പിറക്കി- 2019ൽ. അതിൽ എെന്റ കഥകളെക്കുറിച്ച് മറ്റുള്ളവർ എഴുതിയത് ഉണ്ടായിരുന്നു. അതിൽ ഡോ. ശ്രീകല മുല്ലശ്ശേരിയുടെ സുദീർഘമായ ഒരിന്റർവ്യൂവും ഉണ്ടായിരുന്നു. ശ്രീകലയുടെ ഒപ്പം ഫോട്ടോഗ്രാഫിനായി വന്നത് അജീബ് കൊമാച്ചിയായിരുന്നു. അജീബ് കൊമാച്ചി അതിനുമുമ്പും 'മാധ്യമ'ത്തിനുവേണ്ടി എെന്റ ഫോട്ടോകൾ എടുത്തിട്ടുണ്ട്. 'മാധ്യമ'ത്തിൽ അത് വരുകയും ചെയ്തിട്ടുണ്ട്. മാധ്യമം വാരാദ്യപ്പതിപ്പിലും എെന്റ ചിത്രങ്ങൾ അജീബ് കൊമാച്ചി എടുത്തത് വന്നിട്ടുണ്ട്. ആ ലക്കത്തിൽ എെന്റയൊരു കഥയുമുണ്ടായിരുന്നു -മായാമാളവഗൗള. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയും അവളുടെ ഭർത്താവുമാണ് ആ കഥയിലെ നായികാനായകന്മാർ. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണത്. സംഗീതപ്രധാനമായ ഒരു കഥയുംകൂടിയാണത്.
ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ മൂന്നുദിവസത്തെ അതിഗംഭീരമായ ഒരു ലിറ്റററി ഫെസ്റ്റിവൽ 'മാധ്യമ'ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. അതിെന്റ സൂത്രധാരനും പാറക്കടവായിരുന്നു. എന്നെ ക്ഷണിച്ചിട്ട് ഞാൻ പോയിരുന്നു. വളരെ മനോഹരമായ അനുഭവമായിരുന്നു. ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട എത്രയോ ലിറ്റററി ഫെസ്റ്റിവലുകളിൽ ഇന്ത്യക്കകത്തും പുറത്തും പോകാനുള്ള അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽനിന്നെല്ലാം മറക്കവയ്യാത്ത അനുഭവമായി തുഞ്ചൻപറമ്പിലേത്.
മറ്റൊരു ബോണസ് കൂടി എനിക്ക് ലഭിക്കുകയുണ്ടായി. തുഞ്ചൻപറമ്പിൽ സ്വച്ഛന്ദം നടക്കാനും ആചാര്യെന്റ പാദസ്പർശമേറ്റ ആ മണ്ണിൽ ചവിട്ടിനിൽക്കാനുമൊക്കെ എനിക്കൊരവസരം ലഭിച്ചത് 'മാധ്യമ'ത്തിെന്റ അമരക്കാർ കാണിച്ച സന്മനസ്സ് കൊണ്ടാണ്.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തകപ്രസാധന സംരംഭം തുടങ്ങി. അതിെന്റ ഉദ്ഘാടനം നടന്നത് തിരുവനന്തപുരത്ത് വെച്ചായിരുന്നു. അതിെന്റ ഉദ്ഘാടനം നിർവഹിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി. അപ്പോഴും പണ്ട് അനിലിനോടു ചോദിച്ച ചോദ്യം എന്നെ ക്ഷണിച്ച ആളോട് ഞാൻ ചോദിക്കുകയുണ്ടായി -വേണോ?
കാരണം എനിക്ക് 'മാധ്യമ'ത്തിെന്റ തലപ്പത്തുള്ള ഒ. അബ്ദുറഹ്മാനുമായോ അതുപോലെയുള്ളവരുമായോ വ്യക്തിപരമായ പരിചയവുമില്ല. അന്നും ഇല്ല, ഇപ്പോഴുമില്ല. തീർച്ചയായും ഇവരൊക്കെ അവിടെയുണ്ടാവും. ഞാൻ അവർക്ക് ഹൃദ്യമല്ലാത്തതും ചിലപ്പോൾ പറഞ്ഞെന്നു വരും. എന്നെയും രാമചന്ദ്രനേയും ഏറെ കാശ് ചെലവിട്ട് ആകാശമാർഗേ അവിടെയെത്തിച്ച് മസ്കത്ത് ഹോട്ടലിൽ രണ്ടുദിവസം താമസിപ്പിച്ച് വെറുതെ വടികൊടുത്ത് അടിവാങ്ങുന്ന ഒരു പണി എന്തിന് ചെയ്യണം! എനിക്ക് പറയാനുള്ളതൊക്കെ ഞാൻ അന്നവിടെ പറയുകയുണ്ടായി. ഒരു വിഷമവും ഈ മാധ്യമത്തിെന്റ തലപ്പത്തിരിക്കുന്നവർക്ക് ഉണ്ടായിട്ടില്ല. എന്നല്ല അവരതൊക്കെ സന്തോഷപൂർവം സ്വീകരിക്കുകയാണുണ്ടായത്. ഇത് തീർച്ചയായും ഒരു നിസ്സാരകാര്യമല്ല. ഒരു പത്രം അല്ലെങ്കിൽ ഒരു ചാനൽ നടത്തുമ്പോൾ ന്യൂസ് ഒന്നും വ്യൂസ് മറ്റൊന്നും ആയിരിക്കും. ന്യൂസിനെ ഒരിക്കലും വളക്കരുത്, തമസ്കരിക്കരുത്, ന്യൂസ് ഉള്ളതുപോലെ പറയണം. വ്യൂസ് തീർച്ചയായും മാനേജ്മെന്റിന്റേതാണ്. പത്രത്തിെന്റ നടത്തിപ്പുകാരുടേതാണ്. അതിനെ എതിർത്താൽ തീർച്ചയായിട്ടും നിങ്ങൾക്ക് പത്രത്തിലൂടെ തന്നെ മറുപടി പറയാൻ കഴിയും. എതിർക്കാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കലാണ് മര്യാദ, അന്തസ്സ്. മാധ്യമം ഇപ്പോഴും അത് കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതിെന്റ തെളിവാണ് 2022 ഫെബ്രുവരി 21െന്റ മാധ്യമം ആഴ്ചപ്പതിപ്പ്. ഈ ആഴ്ചപ്പതിപ്പിൽ മാധ്യമത്തെ നഖശിഖാന്തം എതിർക്കുന്ന ഒരു കത്തുണ്ട്. ആ കത്തെഴുതിയ ആളെ എനിക്കറിയില്ല.
നിങ്ങളീ കത്ത് പബ്ലിഷ് ചെയ്യുകയില്ല എന്ന് എനിക്കറിയാം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. എന്നാലും എെന്റ സംതൃപ്തിക്കു വേണ്ടിയാണ് ഞാനിതയക്കുന്നത്. നിങ്ങളിത് ചവറ്റുകുട്ടയിൽ തള്ളും. തള്ളിക്കോളൂ. പക്ഷേ അയച്ചല്ലോ എന്ന സംതൃപ്തി എനിക്ക് കിട്ടും. പക്ഷേ മാധ്യമം ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിച്ചു, എന്ന് മാത്രമല്ല ആ കത്ത് അദ്ദേഹത്തിെന്റ കൈയക്ഷരത്തിലുള്ളപോലെ തന്നെ കവർ ചിത്രമായി കൊടുക്കുകയും ചെയ്തു. ഇത് മലയാളത്തിലെന്നല്ല ഇന്ത്യയിലെ ഏത് പത്രമാണ് ചെയ്യുക എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമാണ്. പലരും ചെയ്യുകയില്ല.
ഇപ്പോഴും ഞാൻ പറയുന്നു. ഞാൻ ജമാഅത്തെ ഇസ്ലാമിയുമല്ല, മൗലാനാ മൗദൂദിയുടെ അനുചരനുമല്ല. പക്ഷേ 'മാധ്യമം' നിലനിന്ന് കാണണം എന്ന് ഞാനാഗ്രഹിക്കുന്നു. ഇതുവരെ അവർ അനുവർത്തിച്ചുപോന്നിട്ടുള്ള മഹത്തായ പത്രധർമത്തിെന്റ വഴിയിൽനിന്നു വ്യതിചലിക്കാതെ ഇനിയും മുന്നോട്ടുപോകണം. അതിനുള്ള ശേഷി, ധൈര്യം, കഴിവ് അവർക്കുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
(മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി പതിപ്പ് 2022 പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.