തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കൽപ്പറ്റ: തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് ആന ചരിയാനുള്ള കാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നു. ആനയുടെ ദേഹത്തെ മുഴയിൽ പഴുപ്പുണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

മയക്കുവെടിയേറ്റതിന് ശേഷം മണിക്കൂറുകളോം ആന വെള്ളം കിട്ടാതെ നിന്നിരുന്നുവെന്നും ഇതേ തുടർന്ന് നിർജലീകരണം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെ ബന്ദിപ്പൂരിൽ വെച്ചാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ടതായിരുന്നു.

ഇന്നലെ രാത്രി ബന്ദിപ്പൂരിൽ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നടുക്കമുണ്ടാക്കുന്ന വാർത്തയാണിതെന്നും എല്ലാ കാര്യങ്ങളും സുതാര്യമായാണ് ഇന്നലെ മാനന്തവാടിയിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാന ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് ‍അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വനം മന്ത്രി അറിയിച്ചിരുന്നു.

കർണാടകയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ എത്തിയ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽനിന്നാണ് ഇന്നലെ പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്. ഇന്നലെ രാവിലെ മുതൽ 15 മണിക്കൂറോളം മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും ഭീതിവിതച്ചു. കണിയാരം, പായോട് ഭാഗങ്ങളിൽ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. ഒമ്പതോടെ കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്പടിച്ചു. ഇടക്ക് ഒച്ചയുണ്ടാക്കിയതല്ലാതെ ആന അതിക്രമമൊന്നും കാട്ടിയില്ല.

ഒടുവിൽ ആനയെ രാത്രിയാണ് മയക്കുവെടി വെച്ച് ദൗത്യസംഘം പിടികൂടിയത്. റാപിഡ് റെസ്‌പോൺസ് ടീമിന്റെ സഹായത്തോടെ 5.30നും കുറച്ചുനേരം കഴിഞ്ഞ് പിന്നെയും വെടിവെച്ചു. 6.20 ഓടെ മൂന്നാമത്തെ വെടിവെച്ചു. മയങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി ആനയെ കർണാടക വനംവകുപ്പിന് കൈമാറി ബന്ദിപൂർ വനമേഖലയിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - wild elephant thanneer komban dies due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.