തെൽ അവീവ്: ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മെതുലയിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനാണ്. മറ്റ് നാല് പേരും വിദേശികളാണ്. ചാനൽ 12 ന്യൂസായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, ദക്ഷിണ ലബനാനിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ രംഗത്തെത്തി. ബലാബേക്ക് മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്പ് ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആക്രമണം നടത്തുമെന്ന പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്പിൽ കഴിയുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണങ്ങൾ നടന്നിരുന്നു.
തലസ്ഥാനമായ ബെയ്റൂത്തിനേയും ബെക്ക താഴ്വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു.
വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.