ഒന്നര മാസത്തിനിടെ 73 കൂട്ട വെടിവെപ്പ്; നിർത്താനായില്ലേയെന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിൽ ഈ വർഷം ഇതുവരെയുണ്ടായത് 73 കൂട്ട വെടിവെപ്പ്. കഴിഞ്ഞ വർഷം 647 കൂട്ട വെടിവെപ്പാണുണ്ടായത്. മിസിസിപ്പിയിൽ വെള്ളിയാഴ്ച ആറുപേർ വെടിയേറ്റു മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആവർത്തിക്കുന്ന വെടിവെപ്പുകൾ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നാണ് കരുതുന്നത്.

മിസിസിപ്പി വെടിവെപ്പിനുശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ശക്തമായി പ്രതികരിച്ചു. ‘‘48 ദിവസത്തിനിടെ 73 കൂട്ട വെടിവെപ്പാണുണ്ടായത്. ചിന്തയും പ്രാർഥനയും മതിയാകില്ല. തോക്ക് ആക്രമണങ്ങൾ പടരുകയാണ്, നിർത്താനായി. പ്രതിനിധിസഭ ഇപ്പോൾ ഉണർന്നു പ്രവർത്തിക്കണം’’ -ബൈഡൻ പറഞ്ഞു.

കൊലപാതകവും ആത്മഹത്യയും ഉൾപ്പെടെ തോക്കുമായി ബന്ധപ്പെട്ട 44000 മരണമാണ് കഴിഞ്ഞ വർഷം രാജ്യത്തുണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് 1968നും 2017 നുമിടക്ക് അമേരിക്കയിൽ തോക്കേന്തിയ ഭീകരർ കൊലപ്പെടുത്തിയവരുടെ എണ്ണം 15 ലക്ഷം വരും. പകുതിയിലധികം ആത്മഹത്യയാണ്. അമേരിക്കയിൽ വർഷംതോറും വർധിച്ചുവരുന്ന ആത്മഹത്യകളിലധികവും തോക്ക് ഉപയോഗിച്ചുള്ളതാണ്. ലോകത്ത് തോക്ക് കൈവശംവെക്കുന്നത് ഭരണഘടനാവകാശമായി നിശ്ചയിച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് യു.എസ്.

തോക്ക് നിയന്ത്രിക്കണമെന്ന ആവശ്യം രാജ്യത്ത് ഏറെനാളായി ഉയരുന്നുണ്ട്. കൂട്ട വെടിവെപ്പുകൾ വർധിച്ചതിനെ തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡൻ തോക്കുനയം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചർച്ച സജീവമാക്കി. 2021 മാർച്ചിൽ ജനപ്രതിനിധി സഭ, ലൈസൻസില്ലാത്തവരെയും സ്വകാര്യ കച്ചവടക്കാരെയും നിയന്ത്രിക്കാനും അംഗീകൃത കച്ചവടക്കാർക്കുതന്നെ കർക്കശ ചട്ടങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ച് നിയമനിർമാണം പാസാക്കിയെങ്കിലും സെനറ്റിൽ മുടങ്ങിക്കിടക്കുകയാണ്. സെനറ്റംഗങ്ങളിൽ വലിയൊരു ഭാഗം തോക്കവകാശം നിയന്ത്രിക്കുന്നതിന് എതിരാണ്.

Tags:    
News Summary - 73 Mass Shootings In US This Year, Joe Biden Says "Enough"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.