കമ്പ്യൂട്ടര്‍ പ്രോഗ്രാമറില്‍ നിന്ന് ഐ.എസ് തീവ്രവാദത്തിലേക്ക്

വാഷിങ്ടണ്‍: ബ്രിട്ടനിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്ന മുഹമ്മദ് എംവാസി ജിഹാദി ജോണിലേക്കുള്ള പരിവര്‍ത്തനം ഏറെ നാടകീയത നിറഞ്ഞതാണ്. 1988ല്‍ കുവൈത്തിലാണ് മുഹമ്മദ് എംവാസി ജനിച്ചത്. ആറു വയസ്സുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. വടക്കന്‍ ലണ്ടനിലെ സെന്‍റ് ജോണ്‍സ് വുഡിലെ കൈ്വന്‍റിന്‍ കിനാസ്റ്റന്‍ കമ്യൂണിറ്റി അക്കാദമിയിലായിരുന്നു വിദ്യാഭ്യാസം. അന്നത്തെ ലജ്ജാലുവായ വിദ്യാര്‍ഥി ഇത്രയേറെ കുപ്രസിദ്ധിയാര്‍ജിച്ചത് ചിന്തിക്കാന്‍പോലും കഴിയുന്നില്ളെന്ന് അധ്യാപികയായിരുന്ന ജോ ഷട്ടര്‍ ഓര്‍ക്കുന്നു.

ബ്രിട്ടനിലെ മണ്ണില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും തടവുള്ളിയെ പോലെയാണെന്ന് തോന്നിയിരുന്നുവെന്ന് എംവാസി പറയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് വെസ്റ്റ്മിന്‍സ്റ്റര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍പഠനം പൂര്‍ത്തിയാക്കി. 2009ലാണ് ആദ്യമായി പൊലീസിന്‍െറ കണ്ണ് പതിയുന്നത്. രണ്ടു സുഹൃത്തുക്കളോടൊപ്പം താന്‍സാനിയയിലേക്ക് യാത്ര ചെയ്ത എംവാസി പൊലീസിന്‍െറ പിടിയിലാവുകയായിരുന്നു. സോമാലിയയിലെ അല്‍ ശബാബ് എന്ന തീവ്രവാദസംഘത്തില്‍ ചേരാനാണ് സംഘം എത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു.

ഒരാഴ്ചക്കാലം ആഫ്രിക്കന്‍ പൊലീസിന്‍െറ കസ്റ്റഡിയില്‍. വെസ്റ്റ്മിന്‍സ്റ്ററിലെ പഠനകാലത്താണ് ഈ സംഘത്തിലെ ആളുകളുമായി ബന്ധപ്പെടുന്നത്. ഇവര്‍ പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിതനായശേഷം ബ്രിട്ടനില്‍ എത്തിയ എംവാസി ജന്മനാടായ കുവൈത്തിലേക്ക് പോയി. കുറച്ചുകാലം അവിടെ കഴിഞ്ഞു. 2010 ജൂലൈയില്‍ ബ്രിട്ടനില്‍ മടങ്ങിയത്തെി കമ്പ്യൂട്ടര്‍പഠനം തുടര്‍ന്നു.

പഠനത്തിനുശേഷം കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി നോക്കി. ടീച്ചിങ് ട്രയ്നിങ് കൂടി ലഭിച്ചതോടെ പതിയെ ബ്രിട്ടന്‍ വിട്ടു. മുഹമ്മദ് അല്‍ അയാന്‍ എന്ന് പേര് മാറ്റി. കുവൈത്തിലേക്ക് പോവാന്‍ വീണ്ടും ശ്രമംനടത്തിയെങ്കിലും വിസ നിഷേധിക്കപ്പെട്ടതിനാല്‍ നടന്നില്ല. മകനെ കാണാനില്ളെന്നുകാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. നാലുമാസത്തെ അന്വേഷണത്തിനുശേഷം മകന്‍ സിറിയയിലത്തെിയതായി പൊലീസ് അവരോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.